Thursday, June 14, 2007

Deja vu

ഇന്ന് വൈകുന്നേരം ആടിപ്പാടിനിന്ന ഇലകളില്‍ തട്ടി വെയില്‍ മറിഞ്ഞ് വീണത് കണ്ട് ദൂരേന്നൊരു വിന്‍ഡ് ചൈം പൊട്ടിചിരിച്ചു. ഒന്നുമറിയാതെ നീയുറങ്ങി. ഇലകളുടെ തിളക്കം കോരിയെടുത്ത്, പൈന്മരങ്ങളുടെ മണം പിഴിഞ്ഞെടുത്ത്, വിന്‍ഡ് ചൈമിന്റെ ചിരി പറിച്ചെടുത്ത് ഞാന്‍ ഫോണ്‍ ബുക്കിനുള്ളില്‍ ഉണങ്ങാന്‍ വെക്കാം, നാളെ നീയും ഞാനും ഇന്നത്തെ ആകാശം നോക്കി കിടക്കുമ്പോള്‍ നാവിലിട്ട് അലിയിക്കാന്‍. നീല മനസ്സിലടങ്ങുന്നത് വരെ, കണ്ണുകളടങ്ങുന്നത് വരെ. പിന്നെ, തല ചെരിച്ച് കാലു വീശി നീയൊരു ചവിട്ട്. അത് കണ്ട് ഞാനും. നമ്മെ നോക്കി നിന്ന മരങ്ങള്‍ കുലുങ്ങിചിരിച്ചൊരു ചിത്രം പൊഴിക്കും. നോക്ക് മമ്മാ, ഇതില്‍ നമ്മളാ നീ അതിശയിക്കും. ചിത്രത്തില്‍ ആടിപ്പാടുന്ന ഇലകളില്‍ തട്ടി വെയില്‍ വീഴുന്നത് കണ്ട് ദൂരേന്നൊരു വിന്‍ഡ് ചൈം പൊട്ടിചിരിച്ചോടി വരുന്നതും നോക്കി ആകാശത്തിന് കീഴെ നമ്മള്‍. എനിക്കും അതിശയം തോന്നും.