Saturday, September 01, 2007

പയങ്കഥ

കിട്ടുന്ന മിട്ടായിയെല്ലാം ബീമ ഒരു പിഞ്ഞാണത്തിലിട്ട് ജനല്‍പ്പടിമേല്‍ വെക്കും. അസര്‍ കഴിഞ്ഞ് നിസ്ക്കാരപ്പടം മടക്കുമ്പോളായിരിക്കും ബീവിയേ, ഇനിക്ക് മധുരണ്ടോന്നും ചോദിച്ച് ഉപ്പാപ്പ കേറി വരുക. വാപ്പക്കിങ്ങനെ ഷുഗറ് കേറ്റലീ ഉമ്മാ, പയേ പോലാണോന്ന് മക്കള്‍ പിരുസം കൊണ്ട് ഒച്ചയിടുമ്പം ഉപ്പാപ്പ ചിരിക്കും. ഒക്കെ പടച്ചോന്റെ കൈക്കലല്ലേ.

ബീവി ഉമ്മേം ഉപ്പാപ്പേം. ബീമേം ഉപ്പാപ്പേം. ബീമേപ്പാപ്പേം. ബീമയും ഉപ്പാപ്പയും മരിക്കുമെങ്കില്‍ ലോകത്തുള്ളതെല്ലാം മരിക്കുമെന്ന് പടാപ്പറത്തെ ഉരുണ്ട തൂണില്‍ ഒരു കൈ ചുറ്റി വട്ടം കറങ്ങിയിരുന്ന ട്രൌസറുകാരന് തോന്നി. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മരുഭൂമിയിലെ ഓയല്‍ റിഫൈനറയില്‍ പൈപ്പുകള്‍ക്കിടയില്‍ ഇരുന്ന് കൊണ്ടവന്‍ തന്നെ കാത്തിരിക്കുന്നവള്‍ക്കെഴുതും, ഉപ്പാപ്പ ബീമയെ നീ എന്ന് പോലും വിളിച്ച് കേട്ടിട്ടില്ല. ഞാനും അങ്ങനെയാവാന്‍ ആഗ്രഹിക്കുന്നു.

ചുക്കപ്പത്തിനായി മാവ് കൈകളില്‍ ഉരുട്ടിയുരുട്ടിയെടുക്കുന്ന നേരങ്ങളില്‍ ബീമയുടെ പയങ്കഥകളും അതൃപ്പത്തില്‍ മുറത്തിലേക്ക് വീഴും. മൂപ്പര് പന്ത് കളിക്ക്ണേട്ത്ത് ചെന്നല്ലേ ന്റെ അമ്മോന്‍ കണ്ടുറപ്പിച്ചത്? അന്ന് ഇനിക്ക് ദാ ഇത്ര ഒയരം. മൂപ്പരന്നെ കട്ടിന്മേല്‍ കേറ്റിതരലൈന്നും. ബീമ ചിരിക്കുമ്പോള്‍ കഴുത്തിലെ മടക്കുകള്‍ കൊസറ കളിക്കും. മാപ്ലേം ബീടര്‍ക്കുമിടയില്‍ നിരുമ്പും കള്ളത്തരം പാടില്ലാന്ന് ബീമ ഉരുട്ടിയിട്ടത് അപ്പുറത്ത് ഫസ്റ്റ് ലോ ഓഫ് തെര്‍മോഡൈനാമിക്സിന് മുന്‍പില്‍ വായും പൊളിച്ചിരുന്ന പേരകുട്ടിയുടെ ഉള്ളിലേക്ക് ഉരുണ്ട് വീണ്, അവിടെ അതില്‍ കുറഞ്ഞതൊന്നും നല്‍കാനുമാവില്ല, സ്വീകരിക്കാനുമാവില്ലെന്ന ചിന്തയായി മുളച്ച് വന്നു.

രണ്ടൌസം കിടന്നിട്ട് ബീമ മരിച്ചു. റബ്ബ് സ്വീകരിക്കട്ടെ. വരുന്നവരും പോകുന്നവരും പടാപ്പര്‍ത്ത് കൂ‍നിയിരിക്കുന്ന വയസ്സനെ നോക്കിയുരുകി, പത്തറുപത് കൊല്ലായില്ലേ? അധികം വൈകാതെ ആ വയസ്സന്‍ തകര്‍ന്നടിഞ്ഞു പോകുമെന്ന് അവരുടെ മനസ്സുകള്‍ പിടച്ചു.

ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞ് ലീവില്‍ വന്ന പഴയ ട്രൌസറുകാരന്‍, കൊച്ചുമക്കളോടൊപ്പം ഹരാവരം കൂട്ടികളിക്കുന്ന ഉപ്പാപ്പനെ നോക്കി മറവി ഒരനുഗ്രഹമാണെന്ന് പറഞ്ഞപ്പോഴും, കടപ്പുറത്ത് ഒരടയാളമായി എന്നെന്നും ഉണ്ടാകുമെന്ന് കരുതിയിരുന്ന കടല്‍പ്പാലത്തിന്റെ ജീര്‍ണ്ണിച്ച തൂണുകള്‍ കണ്ടപ്പോഴുണ്ടായ തളര്‍ച്ചയാണവന് തോന്നിയത്. സലാം പറഞ്ഞിറങ്ങുമ്പോള്‍ അവന്റെ കൈ തന്റെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ഉപ്പാപ്പ പറഞ്ഞു എല്ലാ ഓത്തിനും ബീമക്ക് വേണ്ടി ദുആര്ക്കണേ.