Tuesday, July 03, 2007

ഒരു തെരുവ്

അന്നും തെരുവ് തുടങ്ങുന്നയിടത്ത് തന്നെ ഓട്ടോ നിര്‍ത്തിച്ച് സുധ ഇറങ്ങിനടന്നു. ഈ തെരുവ് അവള്‍ക്കൊരു ലഹരിയാണെന്നാണ് ഉണ്ണിയേട്ടന്‍ പറയാറ്. ശരിയാണ്. കുഴഞ്ഞ്മറിഞ്ഞ് നില്‍ക്കുന്ന നിറങ്ങള്‍, ഗന്ധങ്ങള്‍ , ശബ്ദങ്ങള്‍, തലങ്ങും വിലങ്ങും നടക്കുന്ന ജനം, ഇടയിലൂടെ തിരക്കിനെ പ്രാകിപ്രാകി കടന്നു പോകുന്ന വാഹനങ്ങള്‍, പിന്നെയുമെന്തൊക്കെയോ ചേര്‍ന്ന് ഒന്നായി ഒഴുകുന്ന തെരുവ്- ആ ഒഴുക്കില്‍ അലിഞ്ഞ് ചേരുന്നത് ഒരു ലഹരി തന്നെയാണ്.

കുടകളും ബാഗുകളും തൂക്കിയിട്ട സുഹറ ഫൂട്ട് വേര്‍സിനോട് ഒട്ടി കൊണ്ട് കുട്ടിയുടുപ്പുകളുമായി കിഡ്ഡീസ് കോര്‍ണര്‍. അതിനപ്പുറത്തെ മലബാര്‍ സ്വീറ്റ്സിലെ കണ്ണാടിക്കൂടുകളിലെ ഹല്‍വകള്‍ക്കിടയില്‍ മത്ത് പിടിച്ച് വട്ടം കറങ്ങുന്ന ഈച്ച- ഉയര്‍ത്തിവെച്ച കാറ് ഗ്ലാസ്സിനുള്ളിലൂടെ ഈ തെരുവ് കടന്നുപോകുന്നത് നോക്കിയിരുന്ന കാലത്ത് ഇതിന് ഹലുവയുടെ രുചിയായിരിക്കുമെന്നാണ് കരുതിയിരുന്നത്. മടുപ്പിക്കുന്ന കട്ടിമധുരം.മധുരമേയല്ല! അറപ്പ് തോന്നും വിധം വലിയുന്ന പ്ലാസ്റ്റിക് തവളകളെ വില്‍ക്കുന്ന തെരുവ്കച്ചവടക്കാരന്റെ വാചക കസര്‍ത്തില്‍, കൌണ്ടറില്‍ ഷിഫോണ്‍ സാരികള്‍ മയില്‍പ്പീലികളെ പോലെ വിരിച്ചു വെക്കുന്ന സെയിത്സ്മാന്മാരുടെ ചലനങ്ങളില്‍, ഈ തെരുവിലൂടെ നടന്നു പോകുന്നവരുടെ താളത്തിന്- മധുരമേയല്ല. മടുപ്പിക്കാത്ത മറ്റെന്തോ ആണ്.

തൊട്ടു പിറകില്‍ സ്കൂട്ടറിന്റെ ഹോണടി. സുധ ജാള്യതയോടെ ഒതുങ്ങി നിന്നു. ഒരുപക്ഷെ ജ്യോതിക്ക് അറിയാനായേക്കും. ജ്യോതി. ഇരുപതിലേറെ വര്‍ഷങ്ങളായി. എവിടെയായിരിക്കും അവളിപ്പോള്‍? ദേഷ്യം വരുമ്പോള്‍ ഇപ്പോഴും അവളുടെ കണ്ണുകള്‍ ചെറുതാകുമോ? ചെറുതാകുന്ന കണ്ണുകളും, വിറക്കുന്ന മൂക്കും, ഇതൊന്നും കാണാനാവാത്തവര്‍ ജ്യോതിയുടെ സൌമ്യപ്രകൃതത്തെ അഭിനന്ദിച്ചിരുന്നു. അതുകൊണ്ട് തന്നെയാവണം സ്കൂളിന്റെ സ്വാതന്ത്ര്യദിന റ്റാബ്ലോകളില്‍ മദര്‍ ഇന്‍ഡ്യയാവാന്‍ തുടര്‍ച്ചയായി അവളെ തെരഞ്ഞെടുത്തിരുന്നത്. ചുവന്ന തുണി വിരിച്ച സ്റ്റൂളി‍ന്മേല്‍ വെള്ള പട്ട് സാരിയും, ഗില്‍റ്റ് അരപ്പട്ടയുമൊക്കെയായി വെളിച്ചതില്‍ മുങ്ങി ജ്യോതി. ഒന്‍പതാം ക്ലാസ്സില്‍ വെച്ച് ഇനി മദര്‍ ഇന്‍ഡ്യയാവാന്‍ തനിക്ക് പറ്റില്ലെന്ന് അറിയിച്ചപ്പോള്‍ അവള്‍ സുധയോട് മാത്രമായി പറഞ്ഞ കാരണം സ്റ്റൂളില്‍ നിന്നിറങ്ങിയാലും ആളുകളുടെ കണ്ണുകള്‍ തന്നെ കെട്ടിയിടുന്നു എന്നായിരുന്നു. റ്റാബ്ലോയിലെ മരവും പാറയും അനങ്ങിയാലും കാണികള്‍ പൊറുത്തേക്കും, സുധ ഓര്‍ത്തു.

അനാര്‍ക്കലി ഫാന്‍സി. ഇതായിരിക്കും ജയ പറഞ്ഞ പുതിയ കട. “എന്താ വേണ്ടത് ചേച്ചി?”, പയ്യന്‍ ഓടി വന്നു. “ഞാനൊന്നു നടന്നു നോക്കട്ടെ”. വളകള്‍, മാലകള്‍, കമ്മലുകള്‍. “ഈ രണ്ടു ഷേഡിനും ഇടയിലുള്ള പച്ച തന്നെ വേണം” രണ്ടു കൈകളിലും പച്ച കുപ്പിവളകള്‍ ഉയര്‍ത്തി കാണിച്ച് ഒരു കൌമാരക്കാരി. അവളുടെ കണ്ണുകളിലുണ്ട്, ശബ്ദത്തിലുണ്ട്, ഇടിയാത്ത ചുമലുകളിലുണ്ട്, തനിക്കെന്താണ് വേണ്ടതെന്ന ബോധം, അത് നേടുമെന്ന ഉറപ്പ്. സുധ കടയില്‍ നിന്നിറങ്ങി നടന്നു. മോളൂന്റെ ചുമ മാറിയിട്ടുണ്ടാവുമോ? ഈ വീക്കെന്‍ഡ് ഒന്ന് വന്നു പോകാന്‍ പറയണം. മോളൂന് മനസ്സിലാവില്ല ഈ തെരുവിന്റെ ലഹരി. തിക്കും തിരക്കും ബഹളവുമാണ് അവളിവിടെ കാണാറ്. തങ്ങള്‍ തമ്മിലുള്ള അന്തരം തുടങ്ങുന്നത് അവിടെ നിന്നാണോ? നുഴഞ്ഞ് പോകുന്ന ഓട്ടോയുടെ പിറകില്‍ കിച്ചു & മിച്ചു. അയാളുടെ കുട്ടികളായിരിക്കും. സുധക്ക് പെട്ടെന്ന് ജയയെ കാണണമെന്ന് തോന്നി. ഒരിക്കല്‍ കൂടി പാലൊലിപ്പിച്ചിരിക്കുന്ന അവളെ വാരിയെടുത്ത് പിന്‍ കഴുത്തില്‍ അവളുടെ തുപ്പല്‍ തരുന്ന നനഞ്ഞ ചൂടറിയണമെന്നും.

തെരുവിലെ തിരക്ക് കൂടുന്നുണ്ട്. ഈ പി. കെ ബ്രദേര്‍സ് ബുക് സ്റ്റാളില്‍ നിന്നാണ് ചെട്ടന്റെ കൈ പിടിച്ച് എല്ലാ വര്‍ഷവും നോട്ട് ബുക്കുകള്‍ വാങ്ങിയിരുന്നത്. ആദ്യത്തെ ഡിക്ഷണറിയും. അന്ന് ഈ കടക്കുള്ളിലെ ഇരുട്ടിന് പ്രൌഡഭാവമായിരുന്നു. ഇന്നതിന് മുഷിപ്പ് മാത്രം. പഴകിയ ഫോട്ടോയിലെന്ന പോലെ ഈ സ്റ്റോറിന് മേലെയും സെപിയ നിറം ഒരു പാടയായി വന്നു തുടങ്ങിയിരിക്കുന്നു. സുധക്ക് സാരിത്തലപ്പ് കൊണ്ട് ആ പാടയൊന്നു തുടച്ച് മാറ്റാന്‍ തോന്നി.“കോട്ടണ്‍ മാക്സി, ചുരിദാര്‍, കേറി നോക്കീന്‍, കേറി നോക്കിന്‍” അടുപ്പിച്ചുള്ള കൊച്ചുകൊച്ചു തുണിക്കടകളില്‍ നിന്നും മല്‍സരിച്ചുള്ള വിളികള്‍. മുഖം കൊടുക്കാതെ നടന്നുപോകണം. “മന്‍മദ രാസാ, മന്‍മദ രാസാ” തിരക്കിനിടയില്‍ നിന്നൊരു പരുക്കന്‍ ശബ്ദം. പാത്തുവാണ്. ഒരു നിമിഷം സ്തംഭിച്ചു നിന്ന ആള്‍ക്കുട്ടത്തിനിടയിലൂടെ പാത്തുവിന്റെ സീക്വിന്‍സ് പിടിപ്പിച്ച മജന്താ പാവാട ഉയര്‍ന്ന് താഴുന്നത് കണ്ടു. ഈ തെരുവിന്റെ പതിവ് കാഴ്ചയാണ് പാത്തുവും, പാത്തുവിന്റെ പാവാടയും. ചെറുതായി വെട്ടിയിട്ട മുടി, മുഷിഞ്ഞ ബ്ലൌസ്, തിളങ്ങുന്ന പാവാട. എന്നും ഒരേ വേഷമാണ് പാത്തുവിന്, എന്നും പുതിയ ചുവടുകളും. ഉയര്‍ന്ന് താഴുന്ന മജന്താ പാവാടയുടെ ചുറ്റുമായി തോളില്‍ കൈയിട്ട് പരസ്പരം ചാരിനില്‍ക്കുന്ന ചെക്കന്മാരുടെ മുഖത്തെ ചിരി- സുധ നടന്നു നീങ്ങി.

ബാറ്റ കണ്ടപ്പോഴാണ് ഉണ്ണിയേട്ടന്റെ ബ്രൌണ്‍ സോക്സില്‍ തുള വീണതോര്‍മ്മ വന്നത്. “മെന്‍സ് സോക്സ്, ബ്രൌണ്‍”. കവറും പിടിച്ചിറങ്ങുമ്പോള്‍ അവളോര്‍ത്തു പുതിയ സോക്സ്, എണ്ണയില്ലാതെ ചുട്ടെടുത്ത ചപ്പാത്തി, ഒരു മുഴം മുല്ല- ഇതാണോ താന്‍? പാറികളിക്കുന്ന മുടിയിഴയെ ഒതുക്കുന്ന വേഗതയില്‍ ആ ചിന്തയെ ഒതുക്കി വെച്ച് എതിര്‍വശത്തുള്ള കാപ്പികടയില്‍ നിന്നും വരുന്ന മണം ആവോളം വലിച്ചെടുത്ത് സുധ നടന്നു. എന്നും പുതിയ ചുവടുകളുമായി പൊട്ടിമുളക്കുന്ന പാത്തുവില്ലാതെ ആ തെരുവ് പൂര്‍ണ്ണമാവുകയില്ലെന്ന് തോന്നി സുധക്ക്. പാത്തുവിന് തന്റേതായ നൃത്തം ചെയ്യാന്‍ ആ തെരുവ് വേണ്ടെന്നും. കൊടുംകാട്ടിലും, കടലിലും മരുഭൂമിയിലുമൊക്കെ ഭ്രാന്തമായ ചുവടുകള്‍ക്കൊത്ത് പാവാട വീശി നൃത്തം ചെയ്യുന്ന പാത്തുവിനെ സുധ കണ്ടു.

ഇനിയങ്ങോട്ട് തിരക്ക് കുറയും. റ്റോപ് ഫോം ഹോട്ടലിലെ പൊറോട്ടയടി ബഹളം കൂടികഴിഞ്ഞാല്‍ പിന്നെ അനക്കമില്ലാതെ കിടക്കുന്ന തെരുവ് കെ. ശങ്കരന്‍ ബേക്കറിയില്‍ നിരത്തിവെച്ച ഹല്‍വകള്‍ക്ക് മുന്‍പില്‍ പ്രത്യേകിച്ചൊരു ഭാവമാറ്റവുമില്ലാതെ രണ്ടു വഴിക്ക് പിരിഞ്ഞു പോകും. മധുരമേയല്ലയിതിന്! സുധയ്ക്ക് കൈ നീട്ടി ആരെയെങ്കിലും സ്പര്‍ശിക്കണമെന്ന് തോന്നി- ഇപ്പോള്‍, ഈ തെരുവില്‍ തങ്ങള്‍ പങ്കിട്ടതിനെ തൊട്ടറിയാനായി.