Monday, May 29, 2006

തിരുത്തലുകള്‍ കാത്ത്

ശവപ്പെട്ടിയെ ഓര്‍മ്മിപ്പിക്കാറുള്ള ചാര നിറത്തിലുള്ള ക്യുബിക്കല്‍ അവള്‍ക്കന്നാദ്യമായി സുരക്ഷിതത്വം നല്‍കി. തിരുത്തലുകള്‍ കാത്ത് മേശപ്പുറത്ത് കിടന്ന പേപ്പറുകളില്‍ മുഖം പൂഴ്ത്തി അവള്‍ മനസ്സിലൂടെ ചുവന്ന പേനയോടിച്ചു.

ഇങ്ങനെയൊന്നും സംഭവിക്കരുതായിരുന്നു. ഒരു പക്ഷെ ഒരഞ്ചു മിനിറ്റ് മുന്‍പ് ഇറങ്ങിയിരുന്നെങ്കില്‍. ഇനി എഴുതപ്പെട്ടതായിരുന്നെങ്കില്‍ തന്നെ ഇങ്ങനെയല്ലായിരുന്നു നടക്കേണ്ടിയിരുന്നത്. സ്വന്തത്തെ പറ്റിയുള്ള ധാരണകള്‍ ഇളക്കാതെ കഴിഞ്ഞുപോകുന്ന മറ്റൊരു കൂട്ടം സംഭവങ്ങള്‍.
*താന്‍ മറ്റവനെക്കാള്‍ കേമനാണെന്നു സ്ഥാപിക്കേണ്ടതു് ജീനുകളുടെ ആവശ്യമാകുന്നു. ബോധപൂര്‍വ്വം മാത്രമേ അതിനെ മറികടക്കാന്‍ കഴിയൂ. എവിടെയാണ് വായിച്ചത്? പാട്ടിന്റെ വരികള്‍ പോലെ, സ്വപ്നങ്ങള്‍ പോലെ എവിടെ നിന്നെന്നോ മനസ്സിലേക്കൊഴുകി വന്ന വാക്കുകള്‍.

എട്ട് മണിക്കാണ് ക്ലാസ്സ്. വൈകി. ട്രാഫിക് സിഗ്നലുകള്‍ നിറഞ്ഞ മെയിന്‍ റോഡുപേക്ഷിച്ച് അവള്‍ കുറുക്ക് വഴികള്‍ തേടുകയായിരുന്നു. ട്രാഫിക് തീരേയില്ല. അവള്‍ക്കെന്തന്നില്ലാത്ത ആഹ്ലാദം തോന്നി. കാര്‍ നിരത്തിലൂടെ ഒഴുകുന്നതാസ്വദിച്ച് ഒറ്റക്ക് യാത്ര ചെയ്യുമ്പോളെല്ലാം തോന്നുന്ന ആവേശം.

ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങള്‍ നിറഞ്ഞ ഈ റോഡ് ചെന്നവസാനിക്കുന്നത് യൂനിവേയ്സിറ്റിയിലേക്കുള്ള മെയിന്‍ റോഡില്‍. ഗതി മുട്ടിയാലല്ലാതെ അവള്‍ ഈ വഴി പോകാറില്ല. ആരും തന്നെ. പെയിന്റടര്‍ന്ന് വികൃതമായ മതിലുകളും ഇരുട്ടിലേക്കുള്ള ക്ഷണവുമായി തൂങ്ങിയാടുന്ന വാതിലുകളും ഉള്ള ഈ കെട്ടിടങ്ങള്‍ക്ക് ഒരേ ഭാവമാണ്; പൊരുതി തോറ്റ ഭാവം. മേല്‍ക്കൂരകള്‍ തള്ളിനില്‍ക്കുന്ന ഈ കെട്ടിടങ്ങളെ അനുകരിച്ച് ഇവിടങ്ങളിലെ മനുഷ്യര്‍ തല താഴ്ത്തി, ചുമലുകള്‍ മുന്നോട്ടാഞ്ഞ് നടക്കുന്നത് ഏറ്റവും ലോലമായിടം സംരക്ഷിക്കാനാണോ?

ചുവപ്പ് ലൈറ്റിനായി നിര്‍ ത്തുമ്പോള്‍ ജങ്ങ്ഷനില്‍ കൂട്ടം കൂടി നിന്നവരെ അവള്‍ കണ്ടിരുന്നു. ഒരു പക്ഷെ മറുഭാഗത്തെ കെട്ടിടത്തിന്മേല്‍ കണ്ട ഗ്രാഫിറ്റി ഒപ്പിയെടുക്കാന്‍ ശ്രമിക്കാതെ കരുതലോടെ ഇരുന്നിരുന്നെങ്കില്‍…

A graffiti artist is out there to prove something to the world. The apparently meaningless images say I was here and I am ******* alive. എന്നോ വായിച്ച് തള്ളിയ വാക്കുകള്‍.

അയാളുടെ തടിച്ച വിരലുകളാണ് അവള്‍‌ ആദ്യം കണ്ടത്. നഖങ്ങള്‍ക്കുള്ളിലെ കറുത്ത ചളിയും. മുഷിഞ്ഞ തുണി കൊണ്ട് അവളുടെ കാറിന്റെ വിന്ഡ്ഷീല്‍ഡ് തുടക്കുകയാണയാള്‍. തുണിയില്‍ നിന്നുള്ള എണ്ണക്കറ ഗ്ലാസ്സില്‍. അനുവാദം ചോദിക്കാതെ, മുഖത്ത് നോക്കാതെ.
എന്തതിക്രമമാണിത്!
Hey hey stop it! പാസഞ്ചര്‍ ‌ സൈഡിലെ വിന്‍ഡോ താഴ്ത്തി അവള്‍ വാക്കുകള്‍ എറിഞ്ഞു.
കേള്‍ക്കാത്ത ഭാവത്തില്‍ അയാള്‍ തുടച്ച്കൊണ്ടിരുന്നു.
ആ കറുത്ത കൈകള്‍!വൃത്തികെട്ട ആ തുണി!തികഞ്ഞ ധാറ്ഷ്ട്യം!
I said stop it! I’ll get the police. Stop. I’m not going to pay you anything! സിമന്റ് തറയിലേക്കെറിഞ്ഞ കരിങ്കല്ലുകള്.അയാള്‍ മുഖമുയര്‍ത്തി . അവളെ നോക്കി വികൃതമായി പല്ലിളിച്ച് പിന്നെ പിറകോട്ടൊന്നാഞ്ഞ് കാര്‍ക്കിച്ച് തുപ്പി. വിന്‍ഡ്ഷീല്‍ഡില്‍.

കുട്ടിക്കാലത്ത് കൂട്ടുകാരെ കാണിക്കാനായി മരക്കൊമ്പുകളില്‍ നിന്ന് ചാടി താഴെ പതിക്കുമ്പോള്‍ കാല്പാദങ്ങളില്‍ നിന്ന് മുകളിലേക്ക് കുതിക്കുന്ന ഷോക്ക്, നിമിഷ നേരത്തേക്ക് ബോധം ഇല്ലാതാക്കുന്ന അലകള്‍.കാല്‍ ആക്സിലേറ്ററില്‍ അമര്‍ന്നതും, റെഡ് ലൈറ്റ് വകവെക്കാതെ ചെവി തുളക്കുന്ന കരച്ചിലോടെ കാര്‍ ചീറിപാഞ്ഞതും , വൈപ്പറും വിന്‍ഡ്ഷീല്‍‌ഡ് സോപ്പും വാശിയില്‍ തിരിച്ച് കട്ടിയില്‍ ഒലിച്ചിറങ്ങുന്ന കഫം കലര്‍ന്ന തുപ്പല്‍ മായ്ച്ചതും സ്വപ്നത്തില്‍ എന്ന പോലെ.

എന്റെ വിന്ഡ്ഷീല്‍ഡ്. എന്റെ കാര്‍. എന്റെ ലോകം. മേലെ ഒലിച്ചിറങ്ങുന്ന കഫം കലര്‍ന്ന തുപ്പല്‍.
എന്തൊരതിക്രമമാണിത്!

താന്‍ മറ്റവനെക്കാള്‍ കേമനാണെന്നു സ്ഥാപിക്കേണ്ടത് ജീനുകളുടെ ആവശ്യമാകുന്നു. ബോധപൂര്‍വ്വം മാത്രമേ അതിനെ മറികടക്കാന്‍ കഴിയൂ. എവിടെയാണ് വായിച്ചത്?

ശവപ്പെട്ടിയെ ഓര്‍‌മ്മിപ്പിക്കാറുള്ള ചതുര ക്യൂബിക്കല്‍ അവള്‍ക്കന്നാദ്യമായി സുരക്ഷിതത്വം നല്‍കി. തിരുത്തലുകള്‍ കാത്ത് മേശപ്പുറത്ത് കിടന്ന പേപ്പറുകളില്‍ മുഖം പൂഴ്ത്തി അവള്‍ മനസ്സിലൂടെ ചുവന്ന പേനയോടിച്ചു.
---
* ബെന്നിയുടെ പോസ്റ്റില്‍ നളന്റെ കമന്റ്.

വാമിങ്ങ് അപ്പ്

ഒരു മണിക്കൂര്‍ നടന്നിട്ട് തന്നെ കാര്യം.
വില്ല് പവര്‍. അതാണ് വേണ്ടത്.
കണ്ണടച്ച് പാട്ടിന്റെ താളത്തില്‍
15 മിനിറ്റ്
ഇനി കുറച്ചൂടെ വേഗത്തില്‍
വിയര്‍ത്തു തുടങ്ങി. മതിയിനി
ഇനിയും മുപ്പത് മിനിറ്റ് ബാക്കി
ഈ പാട്ടും കൂടെ. ദാ ഇങ്ങനെ കണ്ണും പൂട്ടി
ഒഴിഞ്ഞ കടപ്പുറമാണെന്ന് ആലോചിച്ചോ
ആകാശത്ത് നിറങ്ങള്‍ വാരിയെറിഞ്ഞ് താഴ്ന്ന് തുടങ്ങുന്ന സൂര്യന്‍
അലകള്‍ക്കു മീതെ പാഞ്ഞു നടക്കുന്ന സ്വര്‍ണ്ണ വെളിച്ചം
മതി ഇനി നിര്‍ത്താ‍ാം
ഇതും കൂടെ. തിരകളുടെ സംഗീതം കേട്ട് ഓടുന്നത്…
10 മിനിറ്റ് മാത്രം
ഇനി വയ്യ. കാലുകള്‍ നീങ്ങുന്നില്ല
ബിസ്മിയും ചൊല്ലി. ഇതും കൂടെ
പറ്റൂല
ഒരു അഞ്ച് മിനിറ്റ് മാത്രം.പതുക്കെ, ഒന്ന് തണുക്കാന്‍
കടല്‍കാറ്റേറ്റ്
നിര്‍ത്തി. മതിയായി.
ഞാന്‍ ചത്ത്.

ഇത്ര ജീവനോടെ ഞാനുണ്ടായിട്ടില്ല.