Wednesday, December 28, 2005

Pathetic Fallacy*

മഞ്ഞ് മൂടിയ മരങ്ങൾക്കിടയിലൂടെ അവർ‍ ഇരുവരും നടന്നു. എത്ര ശൂന്യമാണ് ഈ മഞ്ഞെന്ന് ഒരാൾ.‍ ചിതറികിടക്കുന്ന ഇത്തിരി പച്ചപ്പിനേയും ശ്വാസം മുട്ടിച്ച് കൊന്നിട്ട്, തികഞ്ഞ നിസ്സംഗതയോടെ അതു പരന്നു കിടക്കുന്നു. തിരിച്ചൊന്നും നൽകാനില്ലാത്തതു പോലെ; ശൂന്യമായ വെണ്മയല്ലാതെ.

എന്ത് ഭംഗിയാ ഈ തൂവെള്ള മഞ്ഞിനെന്നു മറുമൊഴി. ഭൂമിയുടെ നിറങ്ങളെയെല്ലാം സ്നേഹത്തോടെ അടക്കിപിടിച്ചിരിക്കുക്കയാണ് ഈ വെളുപ്പ്. വെയിൽ ഒന്ന് തൊടുമ്പോഴേക്കും –ആയിരം മിന്നാമിനുങ്ങുകളെ സമ്മാനിക്കുന്ന മഞ്ഞ്.

അവർ‍ മറഞ്ഞുകഴിഞ്ഞിട്ടും മഞ്ഞ് പെയുതുകൊണ്ടിരുന്നു, അവർക്കന്യമായ പാട്ടിന്റെ താളത്തിൽ.


(* ഇതിന്റെ മലയാളപദം എനിക്കറിയാം, നിങ്ങൾക്കറിയാമോന്ന് നോക്കട്ടേ;)

Thursday, December 22, 2005

കൈക്കോട്ട്

ഒരു കൈക്കോട്ട് വേണം, വഴി വെട്ടാനാ.

ചിന്തക്ക് നാട്ടിലെ ചന്തയിൽ‍ പോയി മുല്ലപ്പൂന്റെ മണമുള്ള വാക്കും, കണ്ണിൽ വെള്ളം വെര്ത്തിക്കുന്ന എരിമൊളക് വാക്കും പിന്നേം കൊറേ വാക്കൊക്കെ വാങ്ങി തിന്നണംന്ന്ണ്ട്.
പക്ഷെ വഴി അടഞ്ഞ് കെടക്കാ.

അക്കരെയുള്ള അങ്ങാടീ പോയി തിന്നാ മതീന്നും പറഞ്ഞ് ചിന്തേന്റെ തോളിൽ ബാഗും കേറ്റി പണ്ടേ പറഞ്ഞയച്ചതാ. ദാ, ആ കാണ്ന്ന പാലല്ല്യേ? ചിന്തക്ക് അക്കരെ കടക്കാൻ വേണ്ടി ഉണ്ടാക്കീതാ. പാലം പണി കൊറേ ദെവസം ഉണ്ടായിര്ന്നു. അക്കരെയുള്ള അങ്ങാടീന്നും സ്നേഹം പൊരട്ടിയ ചൂട് വാക്കൊക്കെ കിട്ടിയപ്പൊ നാട്ടിലെ അങ്ങാടി മറന്ന്. അതാ പറ്റിയേ.

ഇപ്പൊ നോക്കുമ്പൊ നാട്ടിലെ ചന്തയിൽ പോണ് വഴി അടഞ്ഞ് കെടക്കാ.
ചിന്തക്കാണേൽ രണ്ടിടത്തേം വാക്കുകൾ തിന്നണം.

അതിനാ കൈക്കോട്ട്, വഴി വെട്ടാൻ.

Monday, December 19, 2005

അമ്മുവും , അമ്മൂന്റെ അമ്മയും

(അതുല്യയുടെ അപ്പൂന് ഒരു കൂട്ടായി,
സൂ വിന്റെ
കാഞ്ചനയോട് കടപ്പാടോടെ)

അമ്മേ, കരയല്ലേ! എനിക്ക് നോവുന്നു
ചോരമണം മാറാത്ത എന്നെ നോക്കി
നാളെ അമ്മ ചിരിക്കില്ലേ? കരയല്ലേ!

എന്തിനെന്നോട് മിണ്ടുന്നു?
നിന്റെ വിളിക്കുത്തരം നൽകാൻ എനിക്കാവില്ല.
ലോകത്തോട് പൊരുതി നിന്നെ- വയ്യ
ആർക്കും വേണ്ടാത്തവളായി, ഭാരമായി
എന്തിനു നിന്നെ ഈ ഭൂമിയിലേക്ക് പെറ്റിടണം?
വേണ്ട- നീ ഒരു കിനാവായിരുന്നെന്ന്...

കിനാവല്ല ഞാൻ; അമ്മയുടെ ഉള്ളിൽ
അള്ളിപിടിച്ചിരിക്കുന്ന സത്യമല്ലേ?
എനിക്കു കൊതിയായി പ്രകാശം കാണാൻ,
കൊതിയായി, അമ്മ കാണുന്ന കാഴ്ചകൾ കാണാൻ!
അമ്മയുടെ വിരലിനെ എന്റെ കുഞ്ഞുവിരലുകൾ
പുണരുന്നതു കാണണ്ടേ എന്റമ്മക്ക്?
നാളെ അമ്മ ഒറ്റക്കാകുമ്പോൾ‍
ഞാൻ ഉണ്ടാവില്ലേ അമ്മയുടെ കൈ പിടിക്കാൻ?
അമ്മയുടെ പാൽ കുടിച്ച്, ചൂടേറ്റ് വളർന്നു
നാളെ ഞാൻ അമ്മക്കൊപ്പം നടക്കില്ലേ?
പിന്നെ, എന്നിലൂടെ മറ്റൊരെന്നെ അമ്മക്ക് കിട്ടില്ലേ?


ഇരുട്ടിൽ കിടക്കുന്ന നിനക്കെന്തറിയാം?
എന്തിനെന്നെ ഇങ്ങനെ- വേണ്ട
എനിക്ക് നോവില്ലെന്നാണോ?
നീ ഒരു അപ്പു ആയിരുന്നെൻകിൽ!

വേണ്ട – നീ ഇല്ല!

അമ്മേ ! കണ്ണു തുറക്കമ്മേ!
എന്നെ പിഴുതുകളയരുതെന്ന് പറ
എന്നെ ഒന്നു കരയാനനുവദിക്കൂ
എണീക്കമ്മേ
അമ്മൂന്റെ അമ്മേ
അമ്മേ!
-----

(മൂഡ് മാറ്റാൻ :
‘അമ്മൂന്റെ അമ്മ =അമ്മൂമ്മ’ എന്ന് തിളക്കം വാലാ ദിലീപ്)

Wednesday, December 14, 2005

വെയിലിലെ ഇത്തിരിവട്ടങ്ങൾ

പഴയ മാളികവീട്ടിലായിരുന്നു അവളുടെ കുട്ടിക്കാലം. ഒന്നാം നിലയിലുള്ള കുത്തനെയുള്ള ഏണി കേറുന്നത് നാലോ അഞ്ചോ വയസ്സുള്ള അവൾക്കൊത്തിരി പ്രയാസമായിരുന്നു, പോരാത്തതിനു ആടുന്ന കൈവരികളും. എങ്ങെനെയെങ്കിലും കേറിച്ചെന്നാൽ‍ നട്ടുച്ചക്കും ഇരുട്ട് നിറയുന്ന വലിയ മുറി; അവളുടെ രാജ്യം. അവിടെ കൂട്ടിയിട്ടിരിക്കുന്ന പൊളിഞ്ഞ ഫർണ്ണിച്ചറുകൾ കൊട്ടാരവും, ഗുഹയുമൊക്കെയായി മാറും; എപ്പോഴെങ്കിലും കേറിവരുന്ന പൂച്ച, ചങ്ങാതിപുലിയും. ‘ഏകാന്തത‘, ‘ബോറടി‘ ഈ വാക്കുകൾ അവൾക്കന്യമായിരുന്നു. ആ രാജ്യത്ത് സമയം വെയിലിന്റെ പതുക്കെയുള്ള നിറവ്യത്യാസം മാത്രമായി ഒതുങ്ങി നിന്നു. വൈകുന്നേരം ജനലിലൂടെ ചെരിഞ്ഞു വീഴുന്ന വെയിലിൽ കാക്കാത്തൊള്ളായിരം ഇത്തിരി വട്ടങ്ങൾ - ഒരു കണ്ണടച്ചു പിടിച്ചിരുന്നാൽ ആ വട്ടങ്ങൾ വലുതായി മാഞ്ഞു പോകുന്നതും, പിന്നെയും ഇത്തിരിവട്ടങ്ങൾ ആയി വരുന്നതും അവൾക്കു കാണാം.

വൈകാതെ എനിക്കവളെ കാണാൻ പോണം. അവൾ എന്നോട് പറയുന്ന പോലെ വെയിലിലെ ഇത്തിരി വട്ടങ്ങൾ വലുതാകുമോന്നു ഒറ്റക്കണ്ണിലൂടെ നോക്കിക്കാണണം. പിന്നെ അവൾക്കന്യമായ വാക്കുകൾ മറക്കാനും പഠിക്കണം.

Saturday, December 10, 2005

Reading : വായന

Reading* you is like gazing at the stars-
distant, ethereal stars.
I close my eyes, and one or two twinkle within.

(*reading English)
--------

നിന്നെ* ഞാൻ വായിക്കുന്നത്
പ്രിയപ്പെട്ടവന്റെ നെഞ്ചിൽ ചെവി ചേർ‍ത്ത് വെച്ച്, അവന്റെ നെഞ്ചിടിപ്പുകൾ വായിച്ചെടുക്കുന്നതു പോലെയാണ്. വായനക്കിടയിൽ എവിടെയോ വെച്ച് അവ എന്റെ നെഞ്ചിടിപ്പുകളാകുന്നു.

(*മലയാളത്തെ )

Tuesday, December 06, 2005

ഒരുത്തന്റെ യൂറിനൽ മറ്റൊരുത്തന്റെ കല

വെള്ള മതിൽ. ഒത്ത നടുക്കായി വലിയ ക്യാനുവാസ് നിറച്ചും നീല നിറം. കടും നീല നിറം മാത്രം. വേറെ ഒരെണ്ണം കറുപ്പ്. ഇടതു വശത്തു ഒരു ചുവന്ന വെട്ട്.
മനസ്സിനു ഒരു പിടിയും തരാതെ കലപില കൂട്ടി കൂട്ടമായിരിക്കുന്ന നിറങ്ങളും വരകളും ഏറെ. അന്തം വിട്ട്, നിലത്തു തട്ടിയ താടിയെല്ല് തിരിച്ചു വെക്കാനാവുന്നതിനു മുൻപു വേറെ ഒന്ന് – കറുത്ത കുത്തുകൾ കൊണ്ടൊരു ആഫ്രിക്കൻ യുവതിയുടെ ചിത്രം; മതിലിൽ തറച്ചിട്ടില്ല, താഴെ ചാരിവെച്ചതാണു- രണ്ട് കട്ട ആനപിണ്ടത്തിന്മേൽ.
ഒരു മുറിയിൽ തൂക്കിയിട്ടിരിക്കുന്ന ഇളം നീല നിറമുള്ള നേരിയ തുണി. താഴെ കറങ്ങുന്ന ഫാൻ. മുറിയിലാകെ നീല അലകൾ.

മടിച്ചു നിന്ന ദ്രാവിഡപുത്രനേയും വലിച്ചു, വാശി പിടിച്ച് ഒരു മോഡേൺ ആർട്ട് മ്യൂസിയം കാണാൻ പോയതായിരുന്നു. കലയെ പറ്റിയുള്ള മുൻ‍ധാരണകൾ എല്ലാം ചുരുട്ടിയെറിയപ്പെടും എന്നുറപ്പിച്ചു തന്നെയാണ് സാഹസത്തിനു മുതിർന്നത്. എന്നിട്ടും, കണ്ണുകൾ ഒപ്പിയെടുക്കുന്ന നിറങ്ങളും വരകളും എന്റെ മനസ്സിന് ഒപ്പിയെടുക്കാനാവുന്നില്ലല്ലോ. ലോകം മുഴുവൻ വാഴ്ത്തപ്പെട്ട സൃഷ്ടികൾ എന്റെ മനസ്സിൽ ‘ഇതെന്തോന്നാപ്പാകൾ‘ അല്ലാതെ ഒന്നും ഉണർത്തുന്നില്ലല്ലോ! പൈസ കൊടുത്തു പിരാന്തൻ നായയെ വാങ്ങിയ പോലെ ആയാ? ദ്ര.പു. നെ പാളിനോക്കി. കലയുടെ നിർവചനങ്ങൾ പൊളിച്ചെഴുതുന്ന വേദനയൊന്നും ആ മുഖത്തില്ല. കിട്ടിയ എയർഫോണിന്റെ പരിപ്പെടുക്കുന്നതിന്റെ ആനന്ദം മാത്രം. ഹൈറൻ! രണ്ടു പേരുടെ പ്രവേശനഫീസ് കൊണ്ട് രണ്ടാഴ്ച്ച വെപ്പും, തീനും, കുടിയും, കുളിയും കഴിക്കാമായിരുന്നു. അപ്പോഴാണു കണ്ടത് – ഒരു മുറിയുടെ ഒത്ത നടുക്കായി മനോഹരമായ സ്റ്റാന്റിൽ, വശ്യമായ വടിവുകളോടെ തിളങ്ങുന്ന തൂവെള്ള യൂറിനൽ. ഡൂ ഷാന്റെ സ്വന്തം യൂറിനൽ. കുറേ കാലമായി കേൾക്കുന്നു, ഒന്നു കാണാനായല്ലോ! ഓടി അടുത്തു ചെന്നു, പാത്തുനടക്കുന്ന മ്യൂസിയം സൂക്ഷിപ്പുകാരെ വെട്ടിച്ചു മെല്ലെ ഒന്നു തൊട്ടു. ഹാവൂ!


ഡൂ ഷാന്റെ യൂറിനൽ പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു , "കലയുടെ പോക്കിൽ നീ ബേജാറാവുന്നതെന്തിനു? ഒരുത്തന്റെ യൂറിനൽ മറ്റൊരുത്തന്റെ കല. ആസ് സിൻപിൾ ആസ് ദാറ്റ്!"

--------

ps : 'urinal' , 'portrait' , 'ear phone' 'snow flake' എന്നിവയുടെ മലയാള പദങ്ങൾ അറിയാമോ? ഈ പോസ്റ്റിലെ കല്ലുകടി തെറ്റുകൾ കാണിച്ചുതരാമെൻകിൽ വല്യ ഉപകാരം ആവുമായിരുന്നു, സമയം ഉണ്ടെൻകിൽ.


Sunday, December 04, 2005

കൂടു മാറ്റം

സ്വന്തം ഭാഷ കൈവിട്ടു പോകാതിരിക്കാനായി, മുഴച്ചു നിൽക്കുന്ന തെറ്റുകൾ തിരുത്തി കിട്ടാനായി, എഴുതി എഴുതി ഇത്തിരിയെൻകിലും തെളിയാനായി പുതിയ കൂട്. ഈ ഭാഷയിലെ സാധ്യതകൾ കാണിച്ചു തരുന്നതിനു ബൂലോഗത്തിലെ എല്ലാവർ‍ക്കും നന്ദി; മഹാവൃക്ഷങ്ങളുടെ തണലിലെ നനവിൽ ഇത്തിരി പോന്ന പുൽകൊടികളും മുളക്കുമല്ലോ.

എന്നേയും നിന്നേയും പടച്ചവനിൽ നിന്നുള്ള സമാധാനവും, സ്നേഹവും എന്നും!