Tuesday, January 31, 2006

കണക്കെടുപ്പ്

നാലു വർഷങ്ങൾ ഈ രാജ്യത്ത്, എന്നിട്ടും ഒരു ടൂറിസ്റ്റിനെ പോലെയേ തോന്നുന്നുള്ളൂ; ഒരു ടൂറിസ്റ്റിന്റെ വിസ്മയത്തോടെ പുത്തൻ അനുഭവങ്ങൾ ഒപ്പിയെടുത്ത്, നഗരങ്ങളുടെ ആഘോഷങ്ങളെ ഇത്തിരി അകലെ നിന്ന് നോക്കി കണ്ട്, ഒരു ടൂറിസ്റ്റിന്റെ ലാഘവത്തോടെ ഈ നാടിന്റെ ദുഖങ്ങളെ അറിയാതെ നഗരങ്ങളും ഗ്രാമങ്ങളും കറങ്ങി, ലൈബ്രറികളും മ്യൂസിയങ്ങളും കയറിയിറങ്ങി നാല് വർഷങ്ങൾ.

വിറങ്ങലിച്ച് നിന്ന ഭൂമിയിൽ നിന്ന് പച്ചപ്പായി പൊട്ടിമുളച്ച്, പിന്നെ മത്ത് പിടിപ്പിക്കുന്ന നിറങ്ങളായി , ഒടുവിൽ എല്ലാ നിറങ്ങളേയും അടക്കിപിടിക്കുന്ന വെള്ളയായി കടന്നു പോകുന്ന നാലു ഋതുക്കളുടേയും വശ്യത ഞാനറിയുന്നു. അറിയാത്തത് , ലൈബ്രരികളും മ്യൂസിയങ്ങളും പറഞ്ഞ് തരാത്തതും, എന്നെ കാണുമ്പോൾ ‘നല്ല ദിവസം’ നേർന്ന് കൊണ്ടെന്റെ അയൽ‍വാസി നടത്തത്തിന്റെ വേഗത കുട്ടുന്നത് എന്തിനെന്നും, സൂപ്പർമാർക്കറ്റിൽ കൌണ്ടറിനു പിറകിലെ പെൺകുട്ടിയുടെ മസ്കാര പുരട്ടിയ കണ്ണുകളിലെന്തേ ഇത്ര്യയും ദു:ഖമെന്നും.

ഒരു ടൂറിസ്റ്റിനെ പോലെ കാഴ്ചകൾ ഒപ്പിയെടുത്ത്, അറിയാതെ, അറിയപ്പെടാതെ നാലു വർഷങ്ങൾ.എന്നിട്ടതിനെ പറ്റി സ്വന്തം ഭാഷയിൽ എഴുതാനിരുന്നപ്പോ വാക്കുകൾ മറുഭാഷയുടെ ഇടയിലെവിടെയോ മറഞ്ഞും കിടക്കുന്നു.ഇതെന്തോരു കഷ്ടാണിഷ്ടാ!

Wednesday, January 25, 2006

ഫ്രോസൻ കേരളം

...ഇതൊന്നും കൊണ്ടായില്ല... ഫ്രോസൻ ഇലയട, നെല്ലിക്ക, വെള്ളാപ്പം, തട്ട് ദോശ...

You've got 9 new messages എന്ന് കണ്ട് ഓടിച്ചെന്ന് മെയിൽ തുറന്ന് ലൈബ്രരിയിൽ നിന്നുള്ള ഓവർഡ്യൂ നോട്ടീസ് ഒന്നും, മിസ്സിസ്.മിരിയം അബാച്ചയുടേയും കുടുംബക്കാരുടേയും വക എട്ടും കാണുമ്പോ തോന്നുന്ന അതേ കുളിർമ്മ തന്നെയാ ഇതിലേതെൻകിലും വാങ്ങി, ചൂടാക്കി കഴിക്കാൻ നിന്നാൽ തോന്നുക.
എന്നാലും മരവിച്ചു തുടങ്ങിയ ഓർ‍മ്മകളെ ചൂടാക്കിയെടുക്കാൻ ഈ ഫ്രോസൻ സംഭവങ്ങൾ മതി.

Tuesday, January 24, 2006

ഹാഡൂഡൂഡൂ

വഴിയിൽ വെച്ച് കണ്ടുമുട്ടിയാൽ ചുണ്ടുകൾ വശങ്ങളിൽ മേലോട്ട് വലിച്ച് ഞങ്ങൾ മെസ്സേജ് പ്ലേ ചെയ്യും
HiHowdoyoudo
Goodthankshowareyou
പിന്നെ ധൃതിയിൽ സ്വന്തം മാളങ്ങളിലേക്ക് കയറി വാതിൽ‍ വലിച്ചടക്കും.
ഞങ്ങൾ അയൽവാസികൾ‍, പേരുകൾ streetno.123, 456, 789...

Tuesday, January 17, 2006

പ്ലാസ്റ്റിക് പൂക്കൾ: ഒരു കഥയില്ലാ കഥ

തുടച്ച് മിനുക്കിയ ജനൽചില്ലിലൂടെ സൂര്യപ്രകാശം കോഫി ടേബിളിലെ പ്ലാസ്റ്റിക് പൂക്കളിൽ
പ്ലാസ്റ്റിക് പൂക്കൾ-ഒരിക്കൽ ഞാനവയെ വെറുത്തിരുന്നു
മഞ്ഞുതുള്ളിയുടെ തലോടൽ അറിയാതെ, വിരിയാതെ, കൊഴിയാനാവാതെ വിറങ്ങലിച്ച് നിൽക്കുന്ന,

ജീവിതം എന്തെന്നറിയാതെ തന്നെ മരിച്ച മരവിപ്പിന്റെ
പൂക്കളിൽ ചെരിഞ്ഞു വീണ്, എന്റെ കൈകൾക്ക് പകരുന്ന താളത്തിനൊത്ത് സൂചി തുണിയുടെ നെയ്ത്തിലൂടെ
നെയ്തിരിക്കുക്കയാണ്- ആരൊക്കെയോ ചേർന്ന് എന്നേയും
ഭാര്യ-മകൾ- അമ്മ-ഭാര്യ-സഹോദരി
അഴിച്ചെടുക്കാനാവാത്ത വിധം
തുണിയുടെ നെയ്ത്തിൽ പറന്നിറങ്ങുമ്പോൾ ഇളം തവിട്ട് തുണിയിൽ ചുവന്ന പൂക്കൾ കൊണ്ടൊരു ബാനർ തെളിയുന്നു, ‘Home Sweet Home’ . ഫ്രെയിം ചെയ്ത് തൂക്കാൻ. ഈ പൂക്കളുടെ ചോരചുവപ്പും, കുഷ്യന്റേയും, പ്ലാസ്റ്റിക് പൂക്കളുടേയും ചുവപ്പും എല്ലാം ഈ മുറിയുടെ തവിട്ട് ബാക്ഗ്രൌണ്ടിൽ ഭംഗിയായിരിക്കും. ഇതെത്രയും പെട്ടെന്ന് തീർത്തിട്ട് വേണം ആ തക്കാളികൾ കൊണ്ട് സോസുണ്ടാക്കി വെക്കാൻ- ക്ലാസ്സ് കഴിഞ്ഞ് കുട്ടികൾ മടങ്ങിയെത്തുന്നതിനും മുൻപേ. എന്നും രാവിലെ നനച്ച് വളർത്തിയ ചുവന്ന്, തുടുത്ത തക്കാളികൾ
വീഴ്ച കൂടാതെ എല്ലാ ദിവസവും എല്ലാ വർഷവും
മഞ്ഞു കാലം കഴിഞ്ഞ് മണ്ണിനെ കിളച്ച് വിത്തുകൾ പാകി, നനച്ച്, പരിപാലിച്ച്
ആ കൊച്ചുവട്ടത്തിൽ നിറുത്താതെ
അല്ലെൻകിൽ
വെള്ളത്തിനായുള്ള നിലവിളികൾ എന്നോ നിലച്ച
വിറങ്ങലിച്ച ഉള്ളിനെ കിളക്കാനാവാതെ
ചുവന്ന് തുടുത്ത തക്കാളികൾ.തൊലി കളഞ്ഞ്, ഉടച്ച് സോസുണ്ടാക്കി വെക്കണം. കുട്ടികൾ വരുന്നതിനു മുൻപേ-തലങ്ങും, വിലങ്ങും ഷൂവും, ബാഗും എറിഞ്ഞവരെത്തിയാൽ പിന്നെ വെറേ ഒന്നും ചെയ്യാനാവില്ല. ഇന്നാണെൻകിൽ വലിയ കുട്ടിക്ക് ഇത്തിരി മധുരം വേണ്ടി വരും, രാവിലത്തെ ആ കയ്പ്പ് മറക്കാൻ-
“പാന്റ്സ് തേക്കാൻ നീ ഒരിക്കലും പഠിക്കില്ലേ?”
ശബ്ദ്ധത്തിലെ കയ്പ്പ്- സമയമില്ല
ചീഞ്ഞളിഞ്ഞ മുറിവിനെ ഉണക്കാൻ സമയമില്ല
എന്നും വലുതാകുന്ന വെട്ടിനെ തുന്നിചേർക്കാന്ന് സമയമില്ല

ഓരോ കാലിനും നീളത്തിൽ ഒറ്റ വര, അളന്ന് വരച്ച ഒറ്റ വര.അങ്ങനെയാണ് തേക്കേണ്ടിയിരുന്നത്. ഇന്നത് രണ്ടായി. ചില ദിവസങ്ങളിൽ ഇങ്ങനെയാ- വാച്ചിലെ സൂചികൾ എനിക്കോടി എത്താവുന്നതിലും വേഗത്തിൽ കറങ്ങുന്ന ദിവസങ്ങൾ. കുട്ടികളെ എണീപ്പിച്ച്, പല്ല് തേപ്പിച്ച്, കുളിപ്പിച്ച്, ഭക്ഷണം കൊടുത്ത്- സ്ക്കുൾ ബസ്സ് മിസ്സായാൽ പിന്നെ പുകിലാവും. ഇതിനിടയിൽ പാന്റ്സ് തേച്ചതും, ചായ കാച്ചിയതും ഇഷ്ടം പോലെയായില്ല
അദ്ദേഹത്തിന്റെ ഇഷ്ടം പോലെ’ പരസ്യത്തിലെ സുന്ദരി മൊഴിയുന്നു
‘എന്റെ ഇഷ്ടം നോക്കുന്ന ഭാര്യ’യെന്ന മുദ്ര കുത്തപ്പെട്ട നാൾ മുതൽ ഇഷ്ടങ്ങൾ നോക്കി

ചായ അദ്ദേഹത്തിന്റെ ഇഷ്ടം പോലെയായില്ല. ജാക്കറ്റുമെടുത്ത് വാതിൽ വലിച്ചടച്ച് ഒന്നും പറയാതെ ഇറങ്ങിപ്പോയി. തൊടാത്ത ഉപ്പുമാവും, തൊട്ടറിയാവുന്ന ദേഷ്യവും, കുട്ടികളുടെ പിറകേ ഓടുന്ന എനിക്ക് ബാക്കിവെച്ചിട്ട്. എന്തായാലും ഇന്ന് അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഗുലാബ് ജാമുൻ ഉണ്ടാക്കണം. ബാത്ത് റൂം വൃത്തിയാക്കാനുമുണ്ട്.പൊടി പിടിച്ച ഒരിത്തിരി സ്ഥലം പാടില്ല എന്റെയീ വീട്ടിൽ .പാടില്ല.എല്ലാം അതിന്റെ സ്ഥലത്ത് വൃത്തിയായി, വെടിപ്പായി -ചുറ്റുമുള്ളതെല്ലാം തിളങ്ങി
എനിക്കുള്ളിലുളളതെല്ലാം ഭ്രാന്തമായ വേഗതയിൽ കലങ്ങി മറിഞ്ഞ് ഇരുണ്ട്
എല്ലാം വലിച്ചെടുക്കുന്ന ഇരുട്ടിൽ നിന്ന് കണ്ണുകൾ പറിച്ചെടുത്ത്
കാർപെറ്റിൽ നിന്നാ നൂൽകഷ്ണം പെറുക്കിയെടുക്കാം. അദ്ദേഹത്തിന്റെ കൂട്ടുകാരും അവരുടെ ഭാര്യമാരും വരുമ്പോൾ ചുറ്റും നോക്കി അഭിമാനത്തോടെ അദ്ദേഹത്തിന്റെ കണ്ണുകൾ തിളങ്ങാനായി എല്ലാം മിനുക്കി- ചൂടു സമൂസയും, ചായയും, പുഞ്ചിരിയും വിളമ്പി ഞാനും.‘എന്തു തണുപ്പാ ഈ പ്രാവശ്യം…കഴിഞ്ഞ കൊല്ലത്തേക്കാൾ…അറിഞ്ഞില്ലേ കാലഫോൺ പാത്രങ്ങൾ സേലിൽ…’ പുതിയ കാർപെറ്റിൽ കണ്ണോടിച്ച് അവളും, അവളുടെ പേൾ മോതിരത്തിൽ നോക്കി ഞാനും ഇടമുറിയാതെ
ഒരിക്കൽ-ഒരിക്കൽ മാത്രം ചോദിക്കാനാഞ്ഞതാ
എന്നെ പോലെ തന്നെയാണോ നീയും
പുറത്തൊരു ജീവിതവും അകത്ത് വേറെയൊന്നുമായി
എന്നെ പോലെ തന്നെയാണോ നീയും
അല്ലെൻകിൽ എനിക്കെന്തോ…ആണെൻകിൽ ഞങ്ങൾക്കെന്തൊ…
ഉത്തരം കേൾക്കാനാവില്ലെന്നറിഞ്ഞ നിമിഷം വീണ്ടും

‘ലീനയുടെ അമ്മായി ഒത്തിരി കടുപ്പാ…നാട്ടിലിപ്പോൾ സ്വർണ്ണത്തിന്…’
ഓരോന്നാലോചിച്ച് സമയം പോയതറിഞ്ഞില്ല. ഈ സോസ് ഉണ്ടാക്കിയിട്ട് വേണം-
പതുക്കെ തിളക്കുന്ന കൊഴുത്ത ചുവന്ന നിറം
അതിലലിഞ്ഞു തീരാനായുള്ള ക്ഷണവുമായി
ഇത് കഴിഞ്ഞ് വേണം ഗുലാബ് ജാമുൻ - കുട്ടികൾ വരുന്നതിനു മുൻപേ.ഫോൺ. അദ്ദേഹമാണ്’ വരുന്ന വഴി എന്തെൻകിലും വാങ്ങണോ?ഇല്ല. ഒന്നുമില്ല.ഒകെ. നീ പറഞ്ഞ ചന്ദനത്തിരി കൊണ്ട്വരാ’
മേശപ്പുറത്ത് വെച്ച പ്ലാസ്റ്റിക് പൂക്കളിൽ ഒന്നായി ഞാൻ തല ഉയർത്തി നിന്നാൽ
നിങ്ങൾ എന്നെ തിരിച്ചറിയുമോ?

ഉം. ഗുലാബ് ജാമുനും, ചന്ദനത്തിരിയും-നന്നായി. Home, Sweet Home ബാനറ് തൂക്കി കോണ്ട് ഞാൻ.
ഒരിക്കൽ നിന്റെ ജീവിതത്തിലേക്ക് ആർത്തുവന്ന സൂര്യപ്രകാശം ഇന്ന്
ജനൽചില്ലിനു മേലെ തന്നെ പറ്റിപിടിക്കുന്ന,
ചൂട് നഷ്ടപ്പെട്ട, നേർത്ത രശ്മിയായി തീരുന്നത് കാണുന്നുണ്ടോ നീ?

Thursday, January 12, 2006

കൊല്ലാത്ത ഭക്ഷണം - ചില ചോദ്യങ്ങൾ

പുഴു പോലും തിരിഞ്ഞ് നോക്കാത്ത പച്ചക്കറികളും ധാന്യങ്ങളും( ആദ്യമൊക്കെ യാന്കീനാട്ടിലെ
പുഴുക്കുത്തേല്ക്കാത്ത തക്കാളിയും ആപ്പിളും രോമാഞ്ചമായിരുന്നു, പിന്നയല്ലേ പുഴൂനെ ന്യൂക് അടിച്ച സാധനാന്ന് മനസ്സിലായേ) എന്നോ അറുത്ത് ഐസാക്കിയ ഇറച്ചിയും- മനുഷ്യത്തിക്ക് മനസ്സമാധാനത്തോടെ തിന്നാൻ പറ്റാണ്ടായി. കീടനാശിനികളുടെ ദോഷങ്ങൾ, ജൈവകൃഷി (organic farming അല്ലേ ഇത്?) എന്നിവയെ പറ്റിയൊക്കെ പ്രാഥമിക അറിവിനായി ഗൂഗിൾ ചെയ്തപ്പോ Information explosion എന്താന്ന് മനസ്സിലായി. (വിക്കീപ്പിഡിയ ലേഖനങ്ങൾ ഉപയോഗപ്രദം :ജൈവ കൃഷി, GM food) അവിടെ നിന്നു തന്നെ ജൈവകൃഷിക്കെതിരായ വാദവും കേൾക്കാനായി. ജൈവകൃഷിയിലൂടെ ആവശ്യത്തിന് ഭക്ഷണം ഉല്പാദിപ്പിക്കാമോ?

വിഷം തളിക്കാതെയും ഹോറ്മോൺ കയറ്റാതേയും ഉണ്ടാക്കിയ ഭക്ഷണം ഇവിടെ കിട്ടില്ല, പാൽ അല്ലാതെ. അപ്പോ വേറെ വഴി നോക്കണാല്ലോ. തമ്മിൽ ഭേദന്മാരെ നോക്കി.
കീടനാശിനിയുടെ അളവ് കുറഞ്ഞ പഴങ്ങൾ:(source :http://www.healingdaily.com/detoxification-diet/pesticides.htm)
1.കൈതചക്ക 2.നേന്ത്രപ്പഴം 3. മാങ്ങ 4.പഴം 5.തണ്ണിമത്തൻ/വത്തക്ക 6.പ്ലം 7.കിവി 8 ബ്ലൂ ബെരീസ് 9. പപ്പായ 10.ഗ്രേപ്പ് ഫ്രൂട്ട്

പച്ചക്കറികൾ:
1.അവകാഡോ/ബട്ടർ ഫ്രൂട്ട് 2. കോളിഫ്ലവർ 3. ബ്രസ്സൽ സ്പ്പൌട്ട്സ് 4. ആസ്പരാഗസ് 5.മുള്ളൻകി 6.ബ്രോക്കൊലി 7.ഉള്ളി 8.വെണ്ടക്ക 9.കാബേജ് 10. വഴുതിനിങ്ങ.

ഇത്തരം ലിസ്റ്റുകൾ എത്രത്തോളം വിശ്വസനീയം എന്നത് പടച്ചവനറിയാം. പഴവും, ഏത്തക്കായും ഒഴിവാക്കേണ്ടതാണെന്ന് ചന്ദ്രേട്ടൻ പറഞ്ഞു.ബട്ടർ ഫ്രൂട്ടിൽ കൊഴുപ്പും, വഴുതിനിങ്ങായിൽ നിക്കോട്ടിനും.കതിരും പതിരും വേർതിരിച്ചെടുക്കാൻ പറ്റാതായി.
വിഷവസ്തുക്കൾ ഒരു പരിധിവരെ കുറക്കാൻ പച്ചക്കറികളും പഴങ്ങളും തണുത്ത വെള്ളത്തിൽ ഒരു മണിക്കൂർ വരെ കുതിർത്ത ശേഷം നന്നായി കഴുകി ഉപയോഗിക്കാൻ ഉമ്മ പറയുന്നു. അറിയാവുന്നവർ ഇത്തരം പൊടികൈകൾ പന്കിടുമല്ലോ? വീട്ടിനുള്ളിൽ വളർത്താവുന്ന പച്ചക്കറികളെ പറ്റിയും വിവരം കിട്ടിയാൽ ഉപകാരമായിരുന്നു.

വായനക്കിടയിൽ കിട്ടിയ തുണ്ട് : നോർത്ത് അമേരിക്കയിൽ 32 മില്ല്യൺ ഏക്കറുകളിലായി $ 775 മില്ല്യൺ ചെലവിൽ പുല്ല് വളർത്തുന്നു. വെറും പുല്ലെന്ന് തള്ളിക്കളയാൻ വരട്ടേ, മാനിക്യൂർ ചെയ്ത് മനോഹരമാക്കിയ അതിരുകൾ ഇല്ലാത്ത പച്ചതുണ്ടിൽ ജനാധിപത്യവും, കുലീനത്വവും വാഴുന്നുണ്ടത്രേ.

Wednesday, January 11, 2006

മായുന്ന മൈലാഞ്ചിയും മായാത്ത ഓർമ്മകളും

രണ്ടു ദിവസം കഴിഞ്ഞാൽ‍ ഇതും മാഞ്ഞുപോകും, അതു വരെ കണ്ണുകളെ ഇടക്കിടക്ക് ഈ ചുവപ്പ് പിടിച്ച് നിർത്തും. നൊടിയിടയിൽ‍, നേർത്ത തുണിയിലൂടെ മൈലാഞ്ചി അരിച്ച് നീരെടുക്കുന്ന ഉമ്മാന്റെ അടുത്ത് ഒരു പലക വലിച്ചിട്ടിരുന്ന് രണ്ടു കൈയും നീട്ടികാണിക്കാം. കൂർപ്പിച്ച ഈർക്കിൽ‍ കൊണ്ട് ഉമ്മ കൈനിറയെ കുഞ്ഞിപ്പൂക്കളും വള്ളികളും വരക്കുമ്പോൾ അടക്കിപിടിക്കുന്ന ഇക്കിളിയും, സന്തോഷവും പിറ്റേന്ന് രാവിലെ ചുവപ്പായി വിരിഞ്ഞിരിക്കും.‘എന്റേതോ നിന്റേതോ നല്ല ചോപ്പെന്ന്’ കൂട്ടുകാരികളുടെ കൈകളുമായി ചേർത്തുപിടിച്ച് നോക്കി… തരം കിട്ടിയാൽ ഇന്നലെകളെ നോക്കിയിരിക്കുന്ന മനസ്സിനെ പിടിച്ച് വലിച്ച് നാളെക്കുള്ള ഒരുക്കങ്ങളിലേക്ക് കൊണ്ടുവരാൻ പ്രയാസാ, ഈ ചുവപ്പ് മായുന്നത് വരെ.

ഞാൻ കാണാതെ കാണുന്ന, കേൾക്കാതെ കേൾക്കുന്ന ബ്ലോഗ് സഹോദരീസഹോദരന്മാർക്ക് ഞങ്ങളുടെ പെരുന്നാൾ ആശംസകൾ.

Tuesday, January 03, 2006

മൈ ചട്ടി ഓഫ് ചിട്ട

എല്ലാ കാര്യവും അതിന്റേതായ സമയത്ത്, ചിട്ടയിലും വൃത്തിയിലും വേണമെന്ന് എനിക്കു കൊച്ചുന്നാൾ മുതൽ നിർ‍ബന് ധമുണ്ട്. അതുകോണ്ട് പരീക്ഷകളും, പേപ്പർ ചത്തവരകളും അടുത്താൽ അന്നേ വരെ തിരിഞ്ഞു നോക്കാത്ത സ്റ്റോറേജ് പൊടിതട്ടി തുടച്ച് മിനുക്കി വെച്ചിട്ട് അയലത്തേത് കൊതിയോടെ നോക്കും. പരീക്ഷ കഴിഞ്ഞാൽ, വായിക്കനുണ്ടായിരുന്നത് രാത്രി ഉറക്കമിളച്ചിരുന്ന് വായിക്കും, എന്നും രാവിലെ ചായ തിളച്ചു വീണുണ്ടായ സ്റ്റൌവ്റ്റോപ്പിലെ ഡിസൈൻ ആസ്വദിക്കും, തീന്മേശയിൽ തല വെച്ചുറങ്ങും, കട്ടിലിൽ കിടന്നു തിന്നും.

പതിവായി പാലിക്കുന്ന ഈ ചിട്ടകൾക്ക് എനിക്കു ചുറ്റുമുള്ളവർ പൊട്ടിയ ചട്ടിയുടെ വില കൊടുക്കാറില്ല.ഇറാക്കിൽ പോണതിനു മുൻപ് wmd , democracy, axis of evil എന്നൊക്കെ ഉരുവിട്ട് നടന്ന ബുഷിനെ പോലെ , systematic planning, efficiency, order എന്നൊക്കെ ഞാൻ കെട്ടിയവൻ, കെട്ടപ്പെട്ട നാൾ മുതൽ ഉരുവിടാറുണ്ട്. പുതുവർഷമൊക്കെയല്ലേ, ചേയ്ഞ്ചിനോരു മാറ്റം വേണമല്ലൊ, ഒന്നു നന്നായി കളയാം എന്ന് തീരുമാനിച്ചു.

പതച്ച് മറയുന്നതിനു മുൻപു ചായയെ രക്ഷിച്ച്, കുന്നു കൂടിയ അഴുക്കു വസ്ത്രങ്ങൾ അലക്കാനിട്ട്, ഫ്രിഡ്ജിൽ വരിയൊത്ത് നിന്ന ഡബ്ബകളിൽ നിന്നു വർണ്ണശബളിമയാർന്ന ജീവികൾക്ക് ചവറ്റ്കുട്ടയിലേക്ക് പ്രൊമോഷൻ കൊടുത്ത് – രണ്ട് ദിവസം ഇവിടെ മാറ്റത്തിന്റെ കൊടുൻകാറ്റ് ആഞ്ഞുവീശി. അടുക്കും ചിട്ടയും ആണ് സൌന്ദര്യം: എന്റെ ജീവിതം സുന്ദരം. രാത്രി രണ്ട് സിനിമ കൈയിൽ കിട്ടിയപ്പോൾ ഈ പുതിയ ഫിലോസഫിക്ക് ഒരു ഇളക്കം... അല്ല, സൌന്ദര്യം ഒരു റ്റൈം റ്റേബിളിൽ ആണെന്ന് പറയുന്നത് മണ്ടത്തരമല്ലേ? ഒരു ചിട്ടയുമില്ലെന്ന് തോന്നിപ്പിക്കുന്നതിലും ചിട്ടയുണ്ടെന്നല്ലേ? അല്ലെൻകിൽ (മറ്റേ ഇൻക എവിടെപ്പോയി?) ചിട്ടയില്ലാഴ്മയിൽ ചിട്ട കണ്ടെത്തുന്നതല്ലേ മിടുക്ക്? തന്നെ തന്നെ! മനസ്സാ പുറത്ത് ഭേഷ് ഭേഷ് അടിച്ച് ചായ 1/3 സ്റ്റൌവിനും, 1/3എനിക്കും, 1/3 കാർപെറ്റിനും എന്ന കണക്കിൽ തട്ടികൂട്ടി, നട്ടപ്പാതിര വരെ സിനിമ കണ്ട്. ഇനി ബ്ലോഗ് വായനയും, ലൂഡോ കളിയും കഴിഞ്ഞ് നേരം പുലർന്നിട്ട് സുഖമായി ഉറങ്ങാം. ന്യൂ യേർ രെസെല്യൂഷൻ ആദ്യ ആഴ്ചയിൽ തന്നെ തെറ്റിക്കുന്ന പതിവും തെറ്റിച്ചില്ല!
ജൈ പിച്ചചട്ടി, അല്ല ജൈ ചിട്ടപട്ടി.