Thursday, January 12, 2006

കൊല്ലാത്ത ഭക്ഷണം - ചില ചോദ്യങ്ങൾ

പുഴു പോലും തിരിഞ്ഞ് നോക്കാത്ത പച്ചക്കറികളും ധാന്യങ്ങളും( ആദ്യമൊക്കെ യാന്കീനാട്ടിലെ
പുഴുക്കുത്തേല്ക്കാത്ത തക്കാളിയും ആപ്പിളും രോമാഞ്ചമായിരുന്നു, പിന്നയല്ലേ പുഴൂനെ ന്യൂക് അടിച്ച സാധനാന്ന് മനസ്സിലായേ) എന്നോ അറുത്ത് ഐസാക്കിയ ഇറച്ചിയും- മനുഷ്യത്തിക്ക് മനസ്സമാധാനത്തോടെ തിന്നാൻ പറ്റാണ്ടായി. കീടനാശിനികളുടെ ദോഷങ്ങൾ, ജൈവകൃഷി (organic farming അല്ലേ ഇത്?) എന്നിവയെ പറ്റിയൊക്കെ പ്രാഥമിക അറിവിനായി ഗൂഗിൾ ചെയ്തപ്പോ Information explosion എന്താന്ന് മനസ്സിലായി. (വിക്കീപ്പിഡിയ ലേഖനങ്ങൾ ഉപയോഗപ്രദം :ജൈവ കൃഷി, GM food) അവിടെ നിന്നു തന്നെ ജൈവകൃഷിക്കെതിരായ വാദവും കേൾക്കാനായി. ജൈവകൃഷിയിലൂടെ ആവശ്യത്തിന് ഭക്ഷണം ഉല്പാദിപ്പിക്കാമോ?

വിഷം തളിക്കാതെയും ഹോറ്മോൺ കയറ്റാതേയും ഉണ്ടാക്കിയ ഭക്ഷണം ഇവിടെ കിട്ടില്ല, പാൽ അല്ലാതെ. അപ്പോ വേറെ വഴി നോക്കണാല്ലോ. തമ്മിൽ ഭേദന്മാരെ നോക്കി.
കീടനാശിനിയുടെ അളവ് കുറഞ്ഞ പഴങ്ങൾ:(source :http://www.healingdaily.com/detoxification-diet/pesticides.htm)
1.കൈതചക്ക 2.നേന്ത്രപ്പഴം 3. മാങ്ങ 4.പഴം 5.തണ്ണിമത്തൻ/വത്തക്ക 6.പ്ലം 7.കിവി 8 ബ്ലൂ ബെരീസ് 9. പപ്പായ 10.ഗ്രേപ്പ് ഫ്രൂട്ട്

പച്ചക്കറികൾ:
1.അവകാഡോ/ബട്ടർ ഫ്രൂട്ട് 2. കോളിഫ്ലവർ 3. ബ്രസ്സൽ സ്പ്പൌട്ട്സ് 4. ആസ്പരാഗസ് 5.മുള്ളൻകി 6.ബ്രോക്കൊലി 7.ഉള്ളി 8.വെണ്ടക്ക 9.കാബേജ് 10. വഴുതിനിങ്ങ.

ഇത്തരം ലിസ്റ്റുകൾ എത്രത്തോളം വിശ്വസനീയം എന്നത് പടച്ചവനറിയാം. പഴവും, ഏത്തക്കായും ഒഴിവാക്കേണ്ടതാണെന്ന് ചന്ദ്രേട്ടൻ പറഞ്ഞു.ബട്ടർ ഫ്രൂട്ടിൽ കൊഴുപ്പും, വഴുതിനിങ്ങായിൽ നിക്കോട്ടിനും.കതിരും പതിരും വേർതിരിച്ചെടുക്കാൻ പറ്റാതായി.
വിഷവസ്തുക്കൾ ഒരു പരിധിവരെ കുറക്കാൻ പച്ചക്കറികളും പഴങ്ങളും തണുത്ത വെള്ളത്തിൽ ഒരു മണിക്കൂർ വരെ കുതിർത്ത ശേഷം നന്നായി കഴുകി ഉപയോഗിക്കാൻ ഉമ്മ പറയുന്നു. അറിയാവുന്നവർ ഇത്തരം പൊടികൈകൾ പന്കിടുമല്ലോ? വീട്ടിനുള്ളിൽ വളർത്താവുന്ന പച്ചക്കറികളെ പറ്റിയും വിവരം കിട്ടിയാൽ ഉപകാരമായിരുന്നു.

വായനക്കിടയിൽ കിട്ടിയ തുണ്ട് : നോർത്ത് അമേരിക്കയിൽ 32 മില്ല്യൺ ഏക്കറുകളിലായി $ 775 മില്ല്യൺ ചെലവിൽ പുല്ല് വളർത്തുന്നു. വെറും പുല്ലെന്ന് തള്ളിക്കളയാൻ വരട്ടേ, മാനിക്യൂർ ചെയ്ത് മനോഹരമാക്കിയ അതിരുകൾ ഇല്ലാത്ത പച്ചതുണ്ടിൽ ജനാധിപത്യവും, കുലീനത്വവും വാഴുന്നുണ്ടത്രേ.

22 comments:

സു | Su said...

വീട്ടിനുള്ളില്‍ പച്ചക്കറികള്‍ വളരുമോന്ന് സംശയമാണ്. വെയില്‍ ഉണ്ടെങ്കില്‍ വീട്ടിനുള്ളില്‍ കറിവേപ്പില, പച്ചമുളക്, തക്കാളി, വഴുതനങ്ങ, വെണ്ടയ്ക്ക വളരും. വീട്ടില്‍ കുറച്ച് മുറ്റം ഉണ്ടെങ്കില്‍ ഇതൊക്കെ വളര്‍ത്താമല്ലോ. മുറ്റമില്ലെങ്കില്‍, വെയിലുണ്ടെങ്കില്‍, വീട്ടിനുള്ളില്‍ പരീക്ഷിക്കൂ. ഇല്ലെങ്കില്‍ ഒക്കെ വാങ്ങിക്കൊണ്ടു വരൂ. ഹി ഹി .

വെള്ളത്തില്‍ അരമണിക്കൂറെങ്കിലും ഇട്ടു വെക്കുന്നത് കുറച്ച് ഗുണകരമാണ്. മുകളിലുള്ള വിഷത്തിന്റെ തോത് കുറഞ്ഞു കിട്ടും എന്നു വിശ്വസിക്കാം.

സു | Su said...

പാചകത്തില്‍ മഞ്ഞള്‍ ഉപയോഗിക്കുന്നത് വിഷം കുറയ്ക്കാന്‍ തന്നെയാണ്. പക്ഷേ പച്ചയ്ക്ക് തിന്നുമ്പോള്‍ മഞ്ഞള്‍ തിന്നാന്‍ പറ്റുമോ :)

വക്കാരിമഷ്‌ടാ said...

ഓർഗാനിക്ക് ഫുഡ് കച്ചവടം ചെയ്യുന്ന ധാരാളം പെട്ടിക്കടകളുണ്ടല്ലോ രേഷ്മേ, അവിടെ. അവിടുത്തെ ഫലവർഗ്ഗപച്ചക്കറിയാദികളിലും കീടവും കീടനാശിനികളും തന്നേ....

ഒന്നും ബാധിക്കാതെ ജീവിക്കണമെങ്കിൽ ഫ്ലോറിഡായിൽ പോയി നാസക്കാരുടെ സ്പേസ് സ്യൂട്ട് രണ്ടുമൂന്നെണ്ണം പഴവിലയ്ക്ക് മേടിക്കേണ്ടി വരും. പിന്നെ ഒരു ഗ്ലാസ്സ് ഹൌസും പണിയിക്കണം. ഏറ്റവും കുറച്ച് എങ്ങിനെ എന്നുള്ള രീതിയായിരിക്കും പ്രായോഗികം. ദേവേട്ടൻ പറഞ്ഞതുപോലെ അഞ്ചാറുമാസം ചീയിച്ച് വിഷപ്പിച്ച ഇറച്ചി, അതുപോലത്തെ ഫലവർഗ്ഗാദികൾ, എണ്ണയിൽ പൊരിയിച്ചു മൊരിയിച്ച ഭക്ഷണാദികൾ ഇവയുടെ ഉപയോഗം ഒഴിവാക്കുകയോ കുറഞ്ഞപക്ഷം കുറയ്ക്കുകയോ ചെയ്യാം. സൂ പറഞ്ഞതുപോലെ വീട്ടിന്നുള്ളിൽ കൃഷി പ്രായോഗികമാണെങ്കിൽ (അമരിഗോ വെസ്‌പുചിയിൽ അതെത്രകണ്ട് പ്രായോഗികമാണെന്നൊരാശങ്ക) അതുമടിപൊളി.

പണ്ടെങ്ങോ പെരിങ്ങോടരോ വിശ്വപ്രഭയോ പറഞ്ഞതുപോലെ ഒന്നുകിൽ കഴിക്കാതിരിക്കുക, അല്ലെങ്കിൽ കഴിച്ചിട്ട് കഴിച്ചല്ലോ എന്നോർത്ത് ദുഃഖിക്കാതിരിക്കുക..... അതും മനഃസമാധാനത്തിന് നോബൽ പ്രൈസു തരുന്ന ടെക്നോളജിയാണത്രേ..

Reshma said...

മാർച്ച് വരെ എല്ലാ ജീവജാലങ്ങളേയും വീട്ടിനുള്ളിലേ പോറ്റാനാവൂ സൂ. തണുപ്പേ...വെയിലും കണക്കാ. ഒരു കറിവേപ്പില ചെടി ഉള്ളത് ഇപ്പോ സമരത്തിലാ:(
വക്കാരി, തന്നെ തന്നെ കഴിച്ചിട്ട് കരയാതിരിക്കുക തന്നേ പറ്റൂ ഇനി.

അതുല്യ said...

എന്തു എങ്ങനെ കഴിച്ചാലും വിഷം. ചാവും നമ്മള്ളൊക്കെ ഒരു സംശയമില്ലാത്ത കാര്യം. വിഷമില്ലാത്ത ഒരു സാധനത്തിന്റെ പേരു പറയൂന്ന് ആരെങ്കിലും പറഞ്ഞാൽ........ഉത്തരമില്ലാത്ത ചോദ്യം ചോദിച്ചതിനു കോടതി കയറ്റാം വേണമെങ്കിൽ. ക്യാൻസറു വേണോ, കോളറ വേണോ, ഹാർട്ട്‌ അറ്റാക്ക്‌ വേണോ എന്നോക്കെ തീരുമാനിക്കാം എന്നല്ലാതെ. ഒരു പോംവഴി, വക്കാരി പറഞ്ഞതു മാത്രമാണു. അല്ലെങ്കിൽ എന്റെ അപ്പു ചെയ്യണ പോലെ, കിറ്റ്‌ കാറ്റ്‌ തിന്നാ പല്ലിൽ പുഴു വരുമ്മ്ന്ന് പറഞ്ഞാ, അവൻ പറയും, കിറ്റ്‌ കാറ്റ്‌ തിന്നിട്ടു, പെപ്സി കുടിച്ചാ മതി, നല്ല പെസ്റ്റിസൈടാ ന്നു ടിവിയിലു കാണിച്ചൂന്ന്.

പിന്നെ പുരാണങ്ങളിൽ പറയുന്നുണ്ട്‌, ലങ്കണം സിദ്ധൌഷധം ന്ന്... കലേഷ്‌ വേണമെങ്കിൽ ഒന്ന് ശ്രമിക്കൂ.. ദേവന്റെ സ്വപ്നം പൂവണിയട്ടെ......

ഒന്നും രക്ഷയില്ലാ. മരണം ഉറപ്പ്‌. 25 കൊല്ലമായി മുടങ്ങാതെ വ്യായാമം എടുത്തു കൊണ്ടിരുന്ന 70 വയസ്സുള്ള ഡോക്ടർ, ഇടപ്പള്ളിയിൽ രാവിലെ നടക്കാൻ പോയപ്പ്പ്പോ, പാൽ വണ്ടിയിടിച്ചു മരിച്ചു. വീടിന്റെ ഗേറ്റിൽ സംസാരിച്ചു കൊണ്ടിരുന്ന ഒരു വ്യക്തി, ഇന്നലെ ആ വഴി വന്ന ഒരു ആന ചവിട്ടി മരിച്ചു!

അയ്യോ, ഈ മേൽ പറഞ്ഞ വരികളിൽ ഒരു കുട്ടി കഥയ്കുള്ള വകുപ്പുണ്ടല്ലോ? അൽപം തിരക്കൊന്ന് തീർന്നോട്ടെ ട്ടോ.

ഒരു കറിവേപ്പില "രെ ഴി സി പ്പി".. പാലക്കാട് അയ്യരു സ്പെഷൽ ആ....)

വേണ്ടത്ര കറിവേപ്പില എടുത്ത്‌, നല്ലവണ്ണം കഴുകി, ഒരു ടവ്വലിൽ തൊടയ്കുകയോ, ഫാനിൻ കീഴിൽ ഉണക്കുകയോ ചെയ്ത്‌, ചീനച്ചട്ടി വച്ച്‌ ചൂടാവുമ്പോൾ, കറിവേപ്പില ഇട്ട്‌, ചെറുചൂടിൽ വറുത്ത്‌ എടുക്കുക. എന്നിട്ട്‌, ആ ചീനച്ചട്ടിയിൽ, (രണ്ട്‌ ഗ്ലാസ്‌ കറിവേപ്പില ഉണ്ടെങ്കിൽ, 1/4 ഗ്ലാസ്‌ ഉഴുന്ന് പരിപ്പ്‌, 2 സ്പ്പൂൺ കുരുമുളക്‌,ഒരു കഷ്ണം കായം എന്നിവ ചുവന്ന് നിറത്തിൽ വറുത്ത്‌ കോരുക. എല്ലാം കൂടെ മിക്സിയിൽ ഉപ്പു ചേർത്ത്‌ പൊടിക്കുക. ചൂട്‌ ചോറിനോപ്പം എന്നും രണ്ടു സ്പ്പൂൺ കഴിക്കുക. വയർ, ലിവർ, തൊണ്ട, എന്നിവയ്കോക്കെ സിദ്ധൌഷധം എന്ന് പഴമക്കാർ. (ആരോഗ്യ സ്ഥിതി അനുവദനീയമെങ്കിൽ, അൽപം നെയ്യോ, നല്ലണ്ണയോ ചേർക്കാവുന്നതാണു) പക്ഷെ, കലോറി കണക്കൊന്നും എനിക്കു നിരത്താൻ അറിയില്ലെങ്കിലും സംഗതി, അതീവ സ്വാദിഷ്ടമാണു.

വക്കാരി... നെയ്യും, കുരുമുളകു പൊടിയും, ഉപ്പും, പപ്പടവും കൂട്ടി, ചൂടു ചോറുണ്ണന്നത്‌ ഒന്നു ആലോച്ചിച്ചേ.....

ദേവന്‍ said...

ഓർഗാനിക്ക് പച്ചക്കറി മാത്രമല്ല ഗ്രാസ്ഫെഡ് ബീഫും ഫ്രീ റാഞ്ച് കോഴിയും അവിടെ കിട്ടുമെന്നാണ് കേട്ടത് രേഷ്മേ.. വില കൂടുതലായിരിക്കും-അതങ്ങനെയേ വരൂ, ചന്ദേട്ടന്റെ സ്ഥലത്ത് വിഷം ഫ്രീയായിട്ടു കിട്ടും ഒരു ഗ്ലാസ്സ് നാരങ്ങാവെള്ളം കിട്ടുമോ അതുപോലെ?

അതുല്യേ,
1. പുകവലിക്കാത്ത എന്റെ അപ്പച്ചി ലങ് ക്യാൻസർ വന്നാണു മരിച്ചത്. അതുകൊണ്ട് സർജ്ജൻ ജനറൽ ഓരോ സിഗറട്ട് കവറിലും തച്ചിനു എഴുതുന്നത് അബദ്ധം തന്നെ.

2. ഒരായുസ്സു മുഴുവൻ നല്ല വാക്കു മാത്രം പറഞ്ഞ രമണമഹർഷി തൊണ്ടയിൽ ക്യാൻസർ വന്ന്നു മരിച്ചു അതുകൊണ്ട് നമുക്ക് വാ തുറന്നാൽ തെറി മാത്രം പറയാം, ഇല്ലെൻകിൽ ക്യാൻസർ വരുമേ

3. സേലത്ത് വീട്ടിൽ കിടന്നുറങ്ങിയ രണ്ടാളിന്റെ മേൽ നിയന്ത്രണം വിട്ട പാണ്ടിലോറി പാഞ്ഞുകേറി, അതുകൊണ്ട് മേലാൽ ആരും വീട്ടിൽ കിടന്നുറങ്ങല്ലേ, ചത്തുപോകും.

എന്നൊക്കെ ആരെൻകിലും വിശ്വസിക്കുമോ? പിന്നെയെന്തിനാ ആളുകളിങ്ങനെ പറയുന്നതെന്നല്ലേ?

കൈക്കൂലിക്കാരൻ - “ഞാൻ ഒരാളു വിചാരിച്ചാൽ നാടു നന്നാവില്ല” എന്നു സ്വന്തം മന:സ്സാക്ഷിയെ വഞ്ചിക്കുന്നതുപോലെയാണത്. “എനിക്കു പ്രലോഭനങ്ങൾക്കു വഴങ്ങാതെ വയ്യാ, ഞാൻ പട്ടയടിക്കും , കൈക്കൂലി വാങ്ങ്നും, കഞ്ച്ചാവു വലിക്കും എന്റെ ജീവിതം എനിക്കവകാശപ്പെട്ടതാണ് ആരാ ചോദിക്കാൻ“ എന്ന സത്യസന്ധമായ മറുപടി പറഞ്ഞാൽ അവനവനു കുറച്ചിലാണ്. എനിക്കു കെന്റക്കിക്കടയിലെ മണം വരുമ്പോ ചത്താലും വേണ്ടില്ലാ അതു തിന്നാമതീ എന്നു വായിൽ വെള്ളം വരും എന്നതിനെക്കാൾ ജാഡയല്ലേ വറുത്ത കോഴിയെ തിന്നാത്ത ഗാന്ധി വെടികൊണ്ടു മരിച്ചു എന്നൊരു തീയറിയുണ്ടാക്കി അവനവനെ തന്നെ വഞ്ചിക്കൽ..”

അതുല്യ said...

ദേവാ തർക്കിക്കാനില്ലാ ഞാൻ (നന്നായി വരുന്നു). പക്ഷെ Destiny എന്നൊരുവൻ എവിടെയോ ചുറ്റി കറങ്ങുന്നില്ലേ? പിന്നെ വയറിനു വേണ്ടങ്കിലും, ബുദ്ധിയ്കു നിരക്കാത്ത വിഷമെങ്കിലും, നാവിനു ഇതൊക്കെ പറഞാ മനസ്സിലാവുമോ? ശുദ്ധ സസ്യ ഭുക്കായ എനിക്ക് കെണ്ടെക്കീന്ന് കേക്കുമ്പോ കൊതിവരിലെങ്കിലും, വെളിച്ചെണ്ണ ഊറിയ ഉള്ളി ചമ്മന്തിയും ചൂടു ചോറും കാണുമ്പോ സകല കണ്ട്രൊളും പോകും. ഇന്നലെ കഴിച്ച വയറിന്റെ കാന്തൽലും, നാലു സ്പൂൺ പഞ്ചസാർ തിന്നതും ഒന്നും ഓർമ്മ വരില്ല് അപ്പോ. നമ്മുടെ ഈ നാവാണു വില്ലൻ അല്ലെ? ടേയ്സ്റ്റ് ബട്സ് ഒക്കെ കുത്തി പൊട്ടിക്കണം ആദ്യം, എന്നാ രക്ഷപെട്ടു നമ്മൾ.

ദേവന്‍ said...

ഞാനും നന്നായി.
ഡെസ്റ്റിനി മുതൽ ഡാകിനി വരെയുണ്ട്. ഞാൻ കഷ്ടപ്പെട്ട് ഒരു വാൻ കോഴീടെ മുട്ട ഇല്ലാത്ത വിലകൊടുത്ത് വാങ്ങി അടവച്ചു. വിരിഞ്ഞില്ല ചീഞ്ഞു പോയേയുള്ളു. എന്നുവച്ച് അടുത്ത തവണ കടക്കാരൻ ഫ്രീയായിട്ടു തരുന്ന ചീമുട്ട വാങ്ങി പൊരുന്നക്കോഴിക്ക് താഴെ വയ്ക്കുമോ?

ഒരു റ്റേസ്റ്റ് ബഡ്ഡ് കുത്തിപ്പൊട്ടിക്കണ്ടാ, വിഷം തിരിച്ചറിയാൻ നമുക്കൊരു സ്വാഭാവിക കഴിവുണ്ട്, അതിനെ നശിപ്പിക്കാതിരുന്നാൽ മാത്രം മതി. ഒരുകാലത്ത് എന്റെ ഏറ്റവും വലിയ വീക്നെസ്സ് തട്ടുകടയിൽ വർഷാ വർഷമായി കിടന്നു തിളച്ച എണ്ണയിൽ വറുത്ത ബീഫും - തട്ടുകടയിൽ കിട്ടുന്നത് കൊല്ലം-ചെൻകോട്ട റോഡിൽ നാലു ദിവസം നടന്ന് വാഹനപ്പുക കൊണ്ടു കണ്ണ് അളിഞ്ഞു പോയ, തൂക്കം കൂടാൺ ഇറച്ചിവെട്ടുകടക്കാരൻ നവസാരം തീറ്റിയ, വണ്ടി വലിച്ച് വലിച്ച് കഴുത്തിൽ വൃണം വന്നു അവസാനം ഒന്നിനും കൊള്ളാതെ റിട്ടയർ ആയ “വന്ധ്യ”വയോവൃദ്ധൻ കാളയുടെ ഇറച്ചി പഴഞ്ച്ചൻ സസ്യയെണ്ണയിൽ വറുത്തത് ഖുമു ഖുമാ എന്നു പൊറോട്ടയോടൊപ്പം കഴിച്ചിരുന്ന ഞാൻ ഇന്ന് നല്ലപോലെ ശ്രമിച്ചാൽ പരമാവധി കഴിക്കാൻ പറ്റുന്നത് ഗ്രില്ലു ചെയ്ത കുക്കുടത്തിന്റെ ഒരു കഷണമാണ്. ഓരോന്നു കഴിക്കാതാകുംതോറും വേണ്ടാതെയും പറ്റാതെയും ആയി വരും. എന്റെ ചേച്ചി പഠിക്കാൻ കുറച്ചുകാലം വക്കാരിമഷ്ടായുടെ നാട്ടിൽ പോയിരുന്നു. എരിവില്ലാതെ ഒന്നും താഴോട്ടിറങുന്നില്ല എന്നു പറഞ്ഞ് കണ്ണിമാങ്ങാ അച്ചാറും കൊണ്ടു പോയി ആദ്യ ലീവിൽ നാട്ടിൽ വന്നിട്ട്. ഒരു കഷണം സ്വാദു നോക്കിയ ഒരു ജപ്പാൻകാരനും ഭാര്യയും ആശുപത്രിയിൽ അഡ്മിറ്റ് ആയി (തമാശയല്ല, സത്യത്തിൽ )ഡോക്റ്റൻ പറഞ്ഞത്രേ, നിരന്തരമായ പ്രാക്റ്റീസ്കൊണ്ട് ഈ വൃത്തികെട്ട സാധനം കഴിക്കാൻ നീ ശീലിച്ചു. 3 മാസം ഇതു കഴിക്കാതെ നോക്കുക, പിന്നെ നിനക്കിതു തിന്നാൽ ശർദ്ദിക്കാൻ വരും.. സത്യമാണ്, ഇന്നു ചേച്ചിക്ക് കണ്ണിമാങ്ങാ കണ്ണെടുത്താൽ കണ്ടൂടാ..

(ഉള്ളി, തേങ്ങാ, വെളിച്ചെണ്ണ.. ചൂടാകാത്തിടത്തോളം കാലം വലിയ ദോഷം ചെയ്യില്ല എന്നാണ് അറിവ്. ഡോ നീൽ പിൻകിനിയോട് സംശയം ചോദിച്ചാൽ എണ്ണ വിഷം, തേങ്ങാ ചീത്ത ഭക്ഷണം ഉള്ളി വേണേൽ ഇഷ്ടമ്പോലെ കഴിച്ചോ എന്നു പറയും)

സിദ്ധാര്‍ത്ഥന്‍ said...

ദേവന്‍ പറഞ്ഞതു മൂന്നര തരം. എന്റെ ചില അനുഭവപാഠങ്ങള്‍ പറയാം.

അനുഭവം 1)പിതൃപ്രേരണയാല്‍ ( കക്ഷിക്കു തീന്‍ മേശപ്പുറത്തു ലവണം അവശ്യഘടകം. ഉപ്പോളം വരില്ലെങ്കിലും ഉപ്പിലിട്ടതാല്ലേ ഞാനും എന്ന ദുരഹങ്കാരം ആയിരിക്കണം യഥാര്‍ത്ഥ പ്രേരണ) ഉപ്പു്‌ തീറ്റ വല്ലാതെ അതിക്രമിച്ചു എന്നു കണ്ടപ്പോല്‍ ഞാനൊരു തീരുമാനമെടുത്തു. അടുത്ത ഒരാഴ്ച്ച ഒരു ഭക്ഷണത്തിലും ഉപ്പു്‌ ചേര്‍ക്കുകയില്ല. അന്നൊക്കെ പാചക വകുപ്പില്‍ ഞാനുമുള്ളതു കൊണ്ടു സംഗതി നടപ്പിലാക്കാനും ബുദ്ധിമുട്ടിയില്ല. ആഴ്ച്ചപ്പതിപ്പു കഴിഞ്ഞു പഴയ അളവില്‍ ഉപ്പു ചേര്‍ത്തു നോക്കിയപ്പോള്‍ കയ്ക്കുന്നു.

അനുഭവം 2)ഭക്ഷണം കഴിച്ചു കഴിഞ്ഞു്‌ കുറച്ചു കഴിഞ്ഞാല്‍ കൂനിക്കൂടിയിരിക്കേണ്ടി വരുമെന്നു്‌ വന്നപ്പോള്‍ ഡാക്കിട്ടനെ സന്ദര്‍ശിച്ചു. പെപ്റ്റിക്‌ അള്‍സര്‍ എന്നു നിര്‍ണ്ണയം. Omiprazole, Ranitidine മുതലായവ വിധിയായി. അതിലും വലിയ വിധി മുകളിലുള്ളവന്റേതായതു കൊണ്ടു ഒന്നൊന്നര മാസം കഴിച്ചിട്ടും സംഗതി മാറിയില്ല. സാധനമെന്താണെന്നന്വേഷിച്ചറിഞ്ഞപ്പോള്‍ ഒന്നു തീരുമാനിച്ചു. ഏതാണ്ടതേ കാലയളവിലേക്കു മുളകു പുളി മസാല മുതലായവ നിര്‍ത്തലാക്കി. കഞ്ഞിയെന്നു ആളുകളാല്‍ വിളിക്കപ്പെടുന്നതു വരേക്കും കഞ്ഞി കുടിച്ചു. ഗുളികനില്ലാതെ തന്നെ അള്‍സര്‍ മരിച്ചു. പിന്നവനിങ്ങോട്ടു വരാനിട വന്നിട്ടില്ല.

പാഠം 1) രുചി ചിന്ത മുതലായ പലതും ഇങ്ങനെ ശീലം കൊണ്ടും സംസര്‍ഗ്ഗം കൊണ്ടും നഷ്ടപ്പെട്ടേക്കവുന്ന അല്ലെങ്കില്‍ സ്ഥാനം മാറിക്കിടന്നേക്കവുന്ന സാധന സാമഗ്രികളാകുന്നു.

പാഠം 2) വ്രതം അഥവാ ഉപവാസം ഇത്തരം നഷ്ടപ്പെട്ടു പോകുന്ന സാധനസാമഗ്രികളെ ( രുചി തന്തുക്കളെയടക്കം) തിരിച്ചു കൊണ്ടു വരാന്‍ പര്യാപ്തമാകുന്നു.

പാഠം 3) ഇത്തരം വൃതങ്ങള്‍ 40 ദിവസത്തേക്കു നിലനിറുത്തിയാല്‍ അത്രയും മുളകു ചേര്‍ക്കാതെ തന്നെ ഉള്ളിച്ചമ്മന്തിക്കു പഴയ രുചി കാണും. നാലു സ്പൂണ്‍ പഞ്ചസാരയും വേണ്ട പിറ്റേ ദിവസത്തെ ബുദ്ധി മുട്ടലുകളുമില്ല.

പാഠം 4) ഇങ്ങനെയൊക്കെ ചെയ്താലും മരിച്ചു പോകും കേട്ടോ

അതുല്യ said...

പാഠം 4: ഇങ്ങനെയൊക്കെ ചെയ്താലും മരിച്ചു പോകും കേട്ടോ ...

എന്നാ പിനെ ഇത്തിരി ഉള്ളി ചമ്മന്തി നാക്കിലോട്ട് തോണ്ടിയിട്ട് വിശാലന്റെ “ഠേ” കേപ്പിച്ചിട്ട് സുഖിച്ചു മരിച്ചാ പോരെ?

വ്രതം അഥവാ ഉപവാസം,നേർച്ച, വേണ്ടാന്ന് വയ്കൽ, അസുഖം വരുമോ എന്നുള്ള പേടി ഒക്കെ, ആത്മാവിനോട് കാട്ടുന്ന പീഡനമാണു. തിന്നണം, തായോ, തായോ ന്ന് വയറും നാവും പറയുമ്പോ, തരില്ല തരില്ലാ ന്ന് മനസ്സ് പറയും. പിന്നെ അവിടെ നടക്കുന്നത് ഒരു പിരിമുറക്കം. നെഞ്ചു ചതിക്കാൻ ഇതിൽ കൂടുതൽ എന്തു വേണം?

സിദ്ധാര്‍ത്ഥന്‍ said...

വേണ്ടെന്നു വെക്കാന്‍ തോന്നിയിട്ടെ വേണ്ടെന്നു വെക്കാവൂ. അഥവാ നഷ്ടപ്പെടുന്നതിലും കൂടുതല്‍ നേടുമെന്നുറപ്പുണ്ടാവണം. അതില്ലാത്ത വ്രതം ചതിക്കും അതുല്ല്യേ. നെഞ്ചിനേയും ശരീരത്തേയും മാത്രമല്ല ആത്മാവിനേയും. പിന്നെ, തിന്നണം കെന്റക്കിയും മുളകു ചമ്മന്തിയും തായോ എന്നു പറയുന്നതു വയറും നാവുമല്ല മനസ്സു തന്നെയാണു്‌. ദാഹം മാറ്റാനുള്ള വെള്ളം കുടിക്കു ഭക്ഷണം കഴിഞ്ഞു വയറിനേം കുടലിനേം പ്രേരിപ്പിക്കുന്നതും നേരത്തേ മനസ്സു പറഞ്ഞ സാധനങ്ങള്‍ തന്നെ.

വ്രതവും മനസ്സിനു തന്നെയാണു വേണ്ടതു്‌.മുഹമ്മദു്‌ നബി പറയുന്നതു കേള്‍ക്കുക.

നിങ്ങളില്‍ നോമ്പു നോല്‍ക്കുന്ന എത്രയോപേരുണ്ടു, ഭക്ഷണവും പാനീയവും വര്‍ജ്ജിച്ചു എന്നല്ലതെ ഒരു പ്രയോജനവും ലഭിക്കാത്തവര്‍.

പെരിങ്ങോടന്‍ said...

സിദ്ധാര്‍ത്ഥന്റെ ആദ്യം മൂന്നു പാഠങ്ങള്‍ വായിച്ച് നന്നാവാന്‍ തീരുമാനിച്ച ഞാന്‍ നാലാമത്തെ പാഠം വായിച്ച് വീണ്ടും പഴയ പോലെ “തിരിയെ കടിക്കാത്ത” എന്തിനെയും തിന്നുന്ന ആദിമനുഷ്യനാവാന്‍ തീരുമാനിച്ചിരിക്കുന്നു.

ദേവന്‍ said...

ചുരുക്കിപ്പറഞ്ഞാൽ അതുല്യക്കും പെരിങ്ങോടനും മരണഭയമാണോ പ്രശ്നം?

ജനിമൃതികൾ
മരണം ഒരസുഖമല്ല (ഒട്ടും സുഖവുമല്ല എന്ന കാര്യം വേറേ). മരണത്തിനു കാരണം അറിവാണ് (ഒന്നും അറിഞ്ഞില്ലെൻകിൽ മരണവും അറിയില്ല.. അറിവുകെട്ട മുണ്ടം, ആൾക്കാരെ പലരേയും കാണാനില്ലാ, ഇവന്മാർ എവിടെ പോയി എന്നാലോചിച്ച് നടന്നോളും.. അവനവന്റെ മരണം ഒട്ടും അറിയില്ല.) അറിവിന്റെ പഴം പിച്ചിത്തിന്നാല് മരണത്തെക്കുറിച്ചറിഞ്ഞ് നശ്വരനാകും നരാധമാ എന്ന് ആദിയാദത്തിനു വല്യ മൂപ്പർ വാണിങ് കൊടുത്തിരുന്നതാ, കേട്ടില്ല.

തിരിയെക്കടിക്കാത്ത എന്തിനെയും തിന്നിരുന്ന ആദിമനുഷ്യൻ ഒന്നാന്തരം ആരോഗ്യവാനായിരുന്നു (കഷ്ടകാലേൽ പാമ്പുകടി, അപ്പനും മോനും പരസ്പരം കൊല, പുലിപിടി ഒക്കെ കലശലായിരുന്നെന്നും, 95% അപകടമരണമുള്ള കാലത്ത് ടോട്ടൽ ആയുസ്സു തീരെക്കുറവായിരുന്നെന്നും വേറേ.)

മൂപ്പർ വൃത്തികേടൊന്നും കഴിച്ചിരുന്നില്ല. കണ്ണിക്കണ്ട ഓറ്ഗാനിക് പച്ചക്കറി ഗ്രീൻ സലാഡാക്കി കഴിച്ചു. ഗ്രാസ് ഫെഡ് ബൈസണെ ഓടിച്ചു തല്ലിക്കൊന്നു ചുട്ടു തിന്നു. ഫ്രിഡ്ജില്ല, മൈക്രോവേവില്ല, എണ്ണയിൽ വേവിക്കലില്ല, സോഡിയം മര്യാദക്ക്, മിനറലുകൾ ആവശ്യത്തിനു, പച്ചവെള്ളം ചവച്ചു കുടിക്കയാൽ ഡിസ്സോൾവ്ഡ് മെറ്റത്സ് ഇഷ്ടമ്പോലെ.. ആദിയേട്ടനു പ്രത്യേകിച്ചൊരസുഖവും വരാറില്ലായിരുന്നു.. മൂപ്പർ പശു വളർത്തൽ പഠിച്ചയന്ന് രോഗിയായി.. ഗോപാല ബോലോ എന്നൊക്കെ പറഞ്ഞ് നമ്മളെ ലല്ലൂപ്രസാദ് യാദവ ഹരതി വിഷാദം പറ്റിച്ചു..
(സിദ്ധാർത്ഥാ, ഫയൽ‍വാൻ ഹോട്ടലിലെ വിളമ്പുകാരൻ സലീം നൊയമ്പുകാലത്ത് കഴുത്തറ്റം ബിരിയാണീലും ആടുകറിയിലും നിന്നുകൊണ്ടാണു നൊയമ്പ് എടുക്കുന്നത്- ഉമേഷ് പറഞ്ഞ അസിധാരാവൃതമെന്നാൽ അതാണ്. ഇവിടെ നൊയമ്പെന്നു പറഞ്ഞ് ആളുകൾ വലിയ പുകിലൊക്കെ കാട്ടുമ്പോ ഞാൻ സലീമിനെയോർക്കും)

കണ്ണൂസ്‌ said...

ഈ എന്തും തിന്നുന്ന അതുല്യ സ്റ്റയ്‌ലിനും ഒന്നും തിന്നാത്ത ദേവന്‍ സ്റ്റയ്‌ലിനും ഇടക്ക്‌ ഒരു വഴി ഉണ്ടാവില്ലേ? അല്‍പം വിഷം ബുദ്ധിയെ ഉത്തേജിപ്പിക്കും എന്ന് ഔസേപ്പ്‌ മാപ്ല പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ടല്ലോ!!

വക്കാരിമഷ്‌ടാ said...

..ൻ‌ന്റെ കമന്റൊന്നും പഞ്ചായത്തിൽ വരുന്നില്ലല്ലോ... ന്തായിരിക്കുമോ പ്രച്ചിനം....

അതുല്ല്യേച്ച്യേ.... വായിൽ‌ക്കൂടി കപ്പലോടിപ്പിക്കാനുള്ള ടെക്നോളജി നല്ല വശമാണല്ലേ.. ചോറും നെയ്യും ഉപ്പും പപ്പടോം... ഇടയ്ക്കിത്തിരി നാരങ്ങാ അച്ചാറും... നിക്കാരെങ്കിലും ഒരു സദ്യ തായോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

നാലുകാലുള്ളതിൽ കട്ടിലൊഴിച്ചും പറക്കുന്നതിൽ വിമാനമൊഴിച്ചും എന്തും ഇക്കാലത്ത് കഴിക്കാൻ പോയാൽ.... കണ്ട്രോളു വേണം. പിന്നെ നമുക്കു തന്നെ തോന്നണം ഇതൊക്കെ വേണമെന്ന്. വേണമെങ്കിൽ ചക്ക പ്ലാവേലും കായ്ക്കുമെന്നാണല്ലോ.. സീയെസ്സ് പറഞ്ഞ യോഗായും ഇതിന്റെ കൂടെ പരിശീലിച്ചാൽ നന്നായിരിക്കും...

ദേവേട്ടൻ - സിദ്ധാർത്ഥൻ പറഞ്ഞതു ശരിയാ.. പണ്ട് പ്ലാച്ചിമട ഒരു ദിവസം നാലഞ്ചു ലിറ്റർ അകത്താക്കിക്കൊണ്ടിരുന്നു, ഞാൻ. ദാഹം പോകാൻ പ്ലാച്ചിമടയേ പറ്റൂ എന്നൊരു മിഥ്യാധാരണയായിരുന്നു. പിന്നെവിടെയോ വായിച്ചു, പ്ലാച്ചിമടയടിച്ചാൽ പല്ലൊക്കെ പുല്ലാകുമെന്ന്. നിർത്തി. കുറെക്കഴിഞ്ഞപ്പോൾ പ്ലാച്ചിമട കണ്ടാൽ എന്തോ പോലെ. നല്ല ഉപ്പിട്ട സോഡാനാരങ്ങാ തന്നെ എസ്സെൻഡീപ്പി.. എല്ലാം നമ്മളുടെ ശീലങ്ങൾ... പാലിച്ചതേ ശീലിക്കൂ...

ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണാന്നുമാണല്ലോ...... ദാഹിച്ചാൽ പച്ചവെള്ളമോ, ഉപ്പിട്ട ഒരു നാരങ്ങാ വെള്ളമോ അകത്താക്കുക.

സൂഫി said...

സംഭവം സിദ്ധാർത്ഥൻ പറഞ്ഞ പാഠങ്ങൽ പോലെയൊക്കെ തന്നെയാണു. എന്നാലും നല്ല പഞ്ഞി പോലെ വേവിച്ച കപ്പയും, മുളകിട്ടു വെച്ച മത്തിക്കറിയും കണ്ടാല് കണ്ട്രോളു പോകുന്നു….
പിന്നെ വായു ഭഗവാ‍ന്റെ തിരുവിളയാട്ടമാണു. ചങ്കും വിലങ്ങി, വയറും തള്ളി ഓട്ട് കമ്പനിയിലെ സൈറൻ പോലെ ഉച്ചത്തിൽ പത്തിരുനൂറു ഏമ്പക്കവും വിട്ടു കിടക്കുമ്പോൾ എന്തിനീ കടും കൈ ചെയ്തു എന്നോർത്തു പരിതപിക്കും.
ഇഷ്ട ഭോജ്യങ്ങളായ പരിപ്പ്, പയറ്, കിഴങ്ങ്, ചേന, ചേമ്പ്, മധുരക്കിഴങ്ങ് ഒന്നും കഴിക്കാനാവുന്നില്ല.
കഴിച്ചാൽ ഈ ദുരവസ്ഥയാണു പരിണതഫലം, പിന്നെ പുദിൻഹാര, ജെലൂസിൽ, രാന്റാക്, തുടങ്ങിയ ഗുളിഹ പ്രയോഗങ്ങളും,
ജീരകം, ചുക്കു, ഇഞ്ചി, വെളുത്തുള്ളി ഒക്കെ ക്കൂട്ടിയുള്ള നാട്ടു മരുന്നു പ്രയോഗങ്ങളും!

എങ്കിലും… കപ്പയും, മുളകിട്ടു വെച്ച മത്തിക്കറിയും കണ്ടാല് ഇപ്പഴും കണ്ട്രോളു പൊയ്‌പ്പോകുന്നു….

സൂഫി

Adithyan said...

തിരിച്ചു കടിക്കാത്ത എന്തിനെയും കഴിക്കുന്ന വർഗത്തിലാണു ഞാൻ.... എല്ലാ നേരവും നോൺ, വക്കാരി പറഞ്ഞപോലെ ‘പ്ലാച്ചിമട’ ആവശ്യത്തിനു... തട്ടിപ്പോകുന്നത്‌ എത്രാം വയസിലാണെന്നു ബ്ലൊഗിൽ എഴുതാൻ ആരെയെങ്കിലും ഏർപ്പെടുത്താം.. :-) അതു എല്ലാരും നോക്കി വെച്ചോ! ;-)

ദേവന്‍ said...

സൂഫി,
വായുകോപത്തിനെ ദമ്പിടീം പേടിക്കേണ്ടാ. ഒരു പോത്തിൻഹാരയും കഴിക്കുകയും വേണ്ടാ..
ആദ്യത്തേ ഏമ്പക്കമോ വേദനയോ തോന്നുമ്പോ തന്നെ മലർ (അരി പോപ്പ് കോൺ പോലെ വറുത്ത “പോപ്പ് റൈസ്”) ഇട്ടു തിളപ്പിച്ച ചെറു ചൂടു വെള്ളം ഒരു ഗ്ലാസ് കുടിക്കുക.. ഏത് കൊമ്പൻ ഗ്യാസും പറക്കും..
കപ്പയുടെ ഗ്യാസ് മഞ്ഞളും, കപ്പയിലെ സൈനൈഡ് സോഡിയവും പിടിച്ചു കെട്ടും അപ്പോ കപ്പ+മത്തി വലിയ പ്രശ്നം ഉണ്ടാക്കാൻ പാടില്ലാത്തതാണല്ലോ)

ഗുരുതരമായ പ്രശ്നമാണെൻകിൽ ജീരകവെള്ളത്തിനു പകരം മലരിട്ടു വെള്ളം ഒരു ചരുവം തിളപ്പിച്ചു വച്ചിട്ടു ദാഹിക്കുമ്പോഴെല്ലാം ഓരോ കോപ്പ കോരിയടിച്ചോ.. വയറ് കേരളാ ഖജനാവു പോലെ ക്ലീൻ ആവും

ദേവന്‍ said...

സോറി മുകളിലെ കെമിസ്ട്രിയിൽ ഒരു തെറ്റ്:
കപ്പയിലെ ഗ്യാസ് മഞ്ഞളും സൈനൈഡ് മത്തിയിലെ അയഡിനും പിടിച്ചുനിർത്തുമെന്ന് തിരുത്തി വായിക്കാനപേക്ഷ

സൂഫി said...

ഇഞ്ഞി ദേവൻ ബൈദ്യരു തന്നെ ശരണം.
ഇതും നോക്കിക്കളയാം എന്താപ്പാ..
സങ്കതി ഫലിച്ചാലു, ദേവാ ഒരു ബൈദ്യസകായം ബൂലോകം തന്നെ ഇങ്ങക്കു തൊടങ്ങാ..
എന്തേയ്…..

ദേവന്‍ said...

സൂഫിയേ എനിക്കൊരു ഫീഡ്‌ ബാക്ക്‌ തായോ. മലര്‍വെള്ളം ഫലിച്ചോ?

സൂഫി said...

ദേവാ.. പറയാന്‍ വിട്ട് പോയി

ഗിടിലന്‍ ബൈദ്യം...ടാങ്ക്സ്..
സങ്കതി കൊള്ളാമെന്നു തോന്നുന്നു.
ഇപ്പോൾ രാത്രി ഏമ്പക്കവും വേദനയും കുറവുണ്ടു.
പകല് ഓഫീസില് വരുമ്പോൾ വെള്ളമൊക്കെ കൊണ്ടുനടക്കാന് ഒരു ബുദ്ധിമുട്ട്
ഫീല്ഡ് ടെസ്റ്റ് നടത്തി നോ‍ക്കാ‍ന്‍ പിന്നീട് കപ്പ കിട്ടിയില്ല :)