Tuesday, January 17, 2006

പ്ലാസ്റ്റിക് പൂക്കൾ: ഒരു കഥയില്ലാ കഥ

തുടച്ച് മിനുക്കിയ ജനൽചില്ലിലൂടെ സൂര്യപ്രകാശം കോഫി ടേബിളിലെ പ്ലാസ്റ്റിക് പൂക്കളിൽ
പ്ലാസ്റ്റിക് പൂക്കൾ-ഒരിക്കൽ ഞാനവയെ വെറുത്തിരുന്നു
മഞ്ഞുതുള്ളിയുടെ തലോടൽ അറിയാതെ, വിരിയാതെ, കൊഴിയാനാവാതെ വിറങ്ങലിച്ച് നിൽക്കുന്ന,

ജീവിതം എന്തെന്നറിയാതെ തന്നെ മരിച്ച മരവിപ്പിന്റെ
പൂക്കളിൽ ചെരിഞ്ഞു വീണ്, എന്റെ കൈകൾക്ക് പകരുന്ന താളത്തിനൊത്ത് സൂചി തുണിയുടെ നെയ്ത്തിലൂടെ
നെയ്തിരിക്കുക്കയാണ്- ആരൊക്കെയോ ചേർന്ന് എന്നേയും
ഭാര്യ-മകൾ- അമ്മ-ഭാര്യ-സഹോദരി
അഴിച്ചെടുക്കാനാവാത്ത വിധം
തുണിയുടെ നെയ്ത്തിൽ പറന്നിറങ്ങുമ്പോൾ ഇളം തവിട്ട് തുണിയിൽ ചുവന്ന പൂക്കൾ കൊണ്ടൊരു ബാനർ തെളിയുന്നു, ‘Home Sweet Home’ . ഫ്രെയിം ചെയ്ത് തൂക്കാൻ. ഈ പൂക്കളുടെ ചോരചുവപ്പും, കുഷ്യന്റേയും, പ്ലാസ്റ്റിക് പൂക്കളുടേയും ചുവപ്പും എല്ലാം ഈ മുറിയുടെ തവിട്ട് ബാക്ഗ്രൌണ്ടിൽ ഭംഗിയായിരിക്കും. ഇതെത്രയും പെട്ടെന്ന് തീർത്തിട്ട് വേണം ആ തക്കാളികൾ കൊണ്ട് സോസുണ്ടാക്കി വെക്കാൻ- ക്ലാസ്സ് കഴിഞ്ഞ് കുട്ടികൾ മടങ്ങിയെത്തുന്നതിനും മുൻപേ. എന്നും രാവിലെ നനച്ച് വളർത്തിയ ചുവന്ന്, തുടുത്ത തക്കാളികൾ
വീഴ്ച കൂടാതെ എല്ലാ ദിവസവും എല്ലാ വർഷവും
മഞ്ഞു കാലം കഴിഞ്ഞ് മണ്ണിനെ കിളച്ച് വിത്തുകൾ പാകി, നനച്ച്, പരിപാലിച്ച്
ആ കൊച്ചുവട്ടത്തിൽ നിറുത്താതെ
അല്ലെൻകിൽ
വെള്ളത്തിനായുള്ള നിലവിളികൾ എന്നോ നിലച്ച
വിറങ്ങലിച്ച ഉള്ളിനെ കിളക്കാനാവാതെ
ചുവന്ന് തുടുത്ത തക്കാളികൾ.തൊലി കളഞ്ഞ്, ഉടച്ച് സോസുണ്ടാക്കി വെക്കണം. കുട്ടികൾ വരുന്നതിനു മുൻപേ-തലങ്ങും, വിലങ്ങും ഷൂവും, ബാഗും എറിഞ്ഞവരെത്തിയാൽ പിന്നെ വെറേ ഒന്നും ചെയ്യാനാവില്ല. ഇന്നാണെൻകിൽ വലിയ കുട്ടിക്ക് ഇത്തിരി മധുരം വേണ്ടി വരും, രാവിലത്തെ ആ കയ്പ്പ് മറക്കാൻ-
“പാന്റ്സ് തേക്കാൻ നീ ഒരിക്കലും പഠിക്കില്ലേ?”
ശബ്ദ്ധത്തിലെ കയ്പ്പ്- സമയമില്ല
ചീഞ്ഞളിഞ്ഞ മുറിവിനെ ഉണക്കാൻ സമയമില്ല
എന്നും വലുതാകുന്ന വെട്ടിനെ തുന്നിചേർക്കാന്ന് സമയമില്ല

ഓരോ കാലിനും നീളത്തിൽ ഒറ്റ വര, അളന്ന് വരച്ച ഒറ്റ വര.അങ്ങനെയാണ് തേക്കേണ്ടിയിരുന്നത്. ഇന്നത് രണ്ടായി. ചില ദിവസങ്ങളിൽ ഇങ്ങനെയാ- വാച്ചിലെ സൂചികൾ എനിക്കോടി എത്താവുന്നതിലും വേഗത്തിൽ കറങ്ങുന്ന ദിവസങ്ങൾ. കുട്ടികളെ എണീപ്പിച്ച്, പല്ല് തേപ്പിച്ച്, കുളിപ്പിച്ച്, ഭക്ഷണം കൊടുത്ത്- സ്ക്കുൾ ബസ്സ് മിസ്സായാൽ പിന്നെ പുകിലാവും. ഇതിനിടയിൽ പാന്റ്സ് തേച്ചതും, ചായ കാച്ചിയതും ഇഷ്ടം പോലെയായില്ല
അദ്ദേഹത്തിന്റെ ഇഷ്ടം പോലെ’ പരസ്യത്തിലെ സുന്ദരി മൊഴിയുന്നു
‘എന്റെ ഇഷ്ടം നോക്കുന്ന ഭാര്യ’യെന്ന മുദ്ര കുത്തപ്പെട്ട നാൾ മുതൽ ഇഷ്ടങ്ങൾ നോക്കി

ചായ അദ്ദേഹത്തിന്റെ ഇഷ്ടം പോലെയായില്ല. ജാക്കറ്റുമെടുത്ത് വാതിൽ വലിച്ചടച്ച് ഒന്നും പറയാതെ ഇറങ്ങിപ്പോയി. തൊടാത്ത ഉപ്പുമാവും, തൊട്ടറിയാവുന്ന ദേഷ്യവും, കുട്ടികളുടെ പിറകേ ഓടുന്ന എനിക്ക് ബാക്കിവെച്ചിട്ട്. എന്തായാലും ഇന്ന് അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഗുലാബ് ജാമുൻ ഉണ്ടാക്കണം. ബാത്ത് റൂം വൃത്തിയാക്കാനുമുണ്ട്.പൊടി പിടിച്ച ഒരിത്തിരി സ്ഥലം പാടില്ല എന്റെയീ വീട്ടിൽ .പാടില്ല.എല്ലാം അതിന്റെ സ്ഥലത്ത് വൃത്തിയായി, വെടിപ്പായി -ചുറ്റുമുള്ളതെല്ലാം തിളങ്ങി
എനിക്കുള്ളിലുളളതെല്ലാം ഭ്രാന്തമായ വേഗതയിൽ കലങ്ങി മറിഞ്ഞ് ഇരുണ്ട്
എല്ലാം വലിച്ചെടുക്കുന്ന ഇരുട്ടിൽ നിന്ന് കണ്ണുകൾ പറിച്ചെടുത്ത്
കാർപെറ്റിൽ നിന്നാ നൂൽകഷ്ണം പെറുക്കിയെടുക്കാം. അദ്ദേഹത്തിന്റെ കൂട്ടുകാരും അവരുടെ ഭാര്യമാരും വരുമ്പോൾ ചുറ്റും നോക്കി അഭിമാനത്തോടെ അദ്ദേഹത്തിന്റെ കണ്ണുകൾ തിളങ്ങാനായി എല്ലാം മിനുക്കി- ചൂടു സമൂസയും, ചായയും, പുഞ്ചിരിയും വിളമ്പി ഞാനും.‘എന്തു തണുപ്പാ ഈ പ്രാവശ്യം…കഴിഞ്ഞ കൊല്ലത്തേക്കാൾ…അറിഞ്ഞില്ലേ കാലഫോൺ പാത്രങ്ങൾ സേലിൽ…’ പുതിയ കാർപെറ്റിൽ കണ്ണോടിച്ച് അവളും, അവളുടെ പേൾ മോതിരത്തിൽ നോക്കി ഞാനും ഇടമുറിയാതെ
ഒരിക്കൽ-ഒരിക്കൽ മാത്രം ചോദിക്കാനാഞ്ഞതാ
എന്നെ പോലെ തന്നെയാണോ നീയും
പുറത്തൊരു ജീവിതവും അകത്ത് വേറെയൊന്നുമായി
എന്നെ പോലെ തന്നെയാണോ നീയും
അല്ലെൻകിൽ എനിക്കെന്തോ…ആണെൻകിൽ ഞങ്ങൾക്കെന്തൊ…
ഉത്തരം കേൾക്കാനാവില്ലെന്നറിഞ്ഞ നിമിഷം വീണ്ടും

‘ലീനയുടെ അമ്മായി ഒത്തിരി കടുപ്പാ…നാട്ടിലിപ്പോൾ സ്വർണ്ണത്തിന്…’
ഓരോന്നാലോചിച്ച് സമയം പോയതറിഞ്ഞില്ല. ഈ സോസ് ഉണ്ടാക്കിയിട്ട് വേണം-
പതുക്കെ തിളക്കുന്ന കൊഴുത്ത ചുവന്ന നിറം
അതിലലിഞ്ഞു തീരാനായുള്ള ക്ഷണവുമായി
ഇത് കഴിഞ്ഞ് വേണം ഗുലാബ് ജാമുൻ - കുട്ടികൾ വരുന്നതിനു മുൻപേ.ഫോൺ. അദ്ദേഹമാണ്’ വരുന്ന വഴി എന്തെൻകിലും വാങ്ങണോ?ഇല്ല. ഒന്നുമില്ല.ഒകെ. നീ പറഞ്ഞ ചന്ദനത്തിരി കൊണ്ട്വരാ’
മേശപ്പുറത്ത് വെച്ച പ്ലാസ്റ്റിക് പൂക്കളിൽ ഒന്നായി ഞാൻ തല ഉയർത്തി നിന്നാൽ
നിങ്ങൾ എന്നെ തിരിച്ചറിയുമോ?

ഉം. ഗുലാബ് ജാമുനും, ചന്ദനത്തിരിയും-നന്നായി. Home, Sweet Home ബാനറ് തൂക്കി കോണ്ട് ഞാൻ.
ഒരിക്കൽ നിന്റെ ജീവിതത്തിലേക്ക് ആർത്തുവന്ന സൂര്യപ്രകാശം ഇന്ന്
ജനൽചില്ലിനു മേലെ തന്നെ പറ്റിപിടിക്കുന്ന,
ചൂട് നഷ്ടപ്പെട്ട, നേർത്ത രശ്മിയായി തീരുന്നത് കാണുന്നുണ്ടോ നീ?

18 comments:

സു | Su said...

പ്ലാസ്റ്റിക് പൂക്കള്‍ :) അതുമതി പുഞ്ചിരിക്ക്. പക്ഷേ കഴുകിത്തുടച്ച് വെക്കുമ്പോള്‍ അല്പം സ്നേഹത്തിന്റെ ജീവന്‍ അതിനു മുകളില്‍ ഒഴിക്കൂ.

ഉപ്പുമാവ് :) അതുമതി ഇടയ്ക്ക്. സ്റ്റൌവില്‍ നിന്ന് വാങ്ങുന്നതിനു മുന്‍പ് ഇത്തിരി സ്നേഹം മേമ്പൊടിയായി വിതറൂ മുകളില്‍.

ഗുലാബ് ജാമൂന്‍ കുറച്ച് കാലാ ജാമൂന്‍ ആയിക്കോട്ടെ.എന്നാലും സാരമില്ല. ഉരുട്ടി നെയ്യിലേക്കിടുന്നതിനു മുന്‍പ് ഉള്ളില്‍ ഒരു ഉണക്കമുന്തിരിയും അല്പം സ്നേഹവും കൂടെ വെക്കൂ.

പാന്റ് ചുളിച്ച് മറിച്ച് ഇസ്തിരിവെച്ചൂന്ന് വരുത്തിത്തീര്‍ക്കൂ. എന്നിട്ട് കൊടുക്കുമ്പോള്‍ ഒരു കള്ളപ്പുഞ്ചിരി ചുണ്ടില്‍ വെക്കൂ. പാന്റ് കാണില്ല ( ഈശ്വരാ... ചേട്ടന്‍ കാണണ്ട. ഹി ഹി ഹി )


സ്നേഹത്തിന്റെ കൊച്ചു കൊച്ചു നുറുങ്ങുകളാണ് ഒരു ഹൌസിനെ “ഹോം സ്വീറ്റ് ഹോം” ആക്കുന്നത്.

കഥയില്ലാക്കഥ നന്നായി :)

Anonymous said...

എന്നേയും ഒൻപതു കൊല്ലമായി ഒരാൽ പാന്റു തേയ്ക്കാൻ പഠിപ്പിക്കുന്നു, വല്ലപ്പോഴുമാണെങ്കിൽ സു പറഞ്ഞ സൂത്രം നടക്കും, എന്നും ............ രക്ഷയില്ല

ബിന്ദു

Anonymous said...

when he growls to her "dinner tastes horrible" he means - "I dont really appreciate your presence in the house"

when she says "you always spill tea in sofa" she means "it is no fun when you are around here"

when the child says "moma & papal quarell toomuch" it means
" im sick of being born in the house"

life sometimes stinks badly. may be god added bad times to realise how precious were those lovely moments that lasted only nanoseconds.

Good story reshma

സുധ said...

രേഷ്മയുടെ വരികളില്‍ എവിടെയൊക്കെയോ എന്നെക്കണ്ടു.

Anonymous said...

രേഷ്മാ...വളരെ നന്നായിരിക്കുന്നു! വാചാലമായ മനസ്സിന്റെ വേവലാതികള്‍ മനസ്സില്‍ തട്ടി...

Kumar Neelakandan © (Kumar NM) said...

മനോഹരം!
(കുറേ മഹിളകളുടെ കമന്റുകളുടെ ഇടയിൽ ഇരുന്നോട്ടെ എന്റെ ഈ കമന്റ്)

രാജ് said...

ഇന്നലെയേ പറയാന്‍ വന്നതായിരുന്നു, ഈ കഥയില്ലായ്മയാണു് കഥയെന്നുള്ള തിരിച്ചറിയലിനു് അഭിനന്ദനം.

Visala Manaskan said...

രേഷ്മാ,
നല്ല കഥ.

സ്വാര്‍ത്ഥന്‍ said...

അത്‌ ശരി,
അപ്പൊ സൂ , താനായിരുന്നല്ലേ എന്റെ പെണ്ണിന്‌ ഈ പാന്റ്‌ തേക്കുന്ന സൂത്രം പറഞ്ഞു കൊടുത്തത്‌! ഇനി നാട്ടീ ചെല്ലട്ടെ...

രേഷ്മാ, നന്നായിട്ടുണ്ട്‌ ട്ടോ :)

ചില നേരത്ത്.. said...

പൂക്കളായാലും പ്ലാസ്റ്റിക് പൂക്കള്‍ ആയാലും എടുത്ത് മേശപ്പുറത്ത് വെയ്ക്കുന്നതെന്തിനാ?
വിരിയാതെ കൊഴിയാതെ അല്ലെങ്കില്‍ നീരുവറ്റി ഇതള്‍ പൊഴിഞ്ഞ് അരോചകമാകുന്ന പൂക്കള്‍..
കഥയാസ്വദിച്ചു.

Adithyan said...

നല്ല കഥ!

വര്‍ണ്ണമേഘങ്ങള്‍ said...

നന്നായി..!

reshma said...

സ്നേഹത്തിന്റെ കൊച്ച്കൊച്ച് നുറുങ്ങുകൾ അല്ലേ ഈ ദുനിയാവിനെ തന്നെ ഹോം സ്വീറ്റ് ഹോം ആക്കുന്നേ സൂ?ന്നാലും ഈ കഥയില്ലാത്തവളുടെ കഥയില് അത്ര സ്വീറ്റ്നസ്സ് ഒന്നും എനിക്ക് കാണുന്നില്ല ട്ടോ. എന്റെ കാഴ്ചയുടെ കുഴപ്പായിരിക്കും ല്ലേ?

ബിന്ദു, സാരിയോ ചുരിദാറോ തേക്കാൻ‍ അങ്ങോട്ടും പഠിപ്പിക്കൂ. അറിവ് പൻകിടണമെന്നല്ലേ;)

Narada, you said it!

അനോണിമസ്, നന്ദിയുണ്ട്.

സുധ ...ആ പറഞ്ഞത് കേട്ടിട്ട് സന്തോഷിക്കണോ വിഷമിക്കണോ എന്ന...

ഇബ്രു, തന്നെ തന്നെ! ഭംഗിയുള്ള പൂക്കൾ പറിച്ചോണ്ട് വന്ന് അഭംഗിയാക്കുന്ന സൂക്കേട് എനിക്കുണ്ടായിരുന്നു.
കുമാറ്, പെരിങ്ങോടർ, വിശാലൻ‍,സ്വാർത്ഥന്, ആദിത്യൻ, വർ‍ണ്ണമേഘങ്ങൾ :)

Anonymous said...

സാരിയും ചുരിദാറും , ഞൻ സഹിച്ചാൽ മതിയല്ലൊ (അതിലും ഞാൻ തന്നെശിഷ്യ) പിന്നെ ഒരു സമാധാനം ഉള്ളതു ദാംബ്ബത്യമെന്നാൽ "ഇരട്ട വര" എന്നു പണ്‌ട്‌ കുഞ്ഞുണ്ണി മാഷു പറഞ്ഞിട്ടുണ്‌ട്‌െന്നു പറയുക , ജീവിച്ചു പൊകണ്‌ടെ.......
:))

ബിന്ദു

സു | Su said...

രേഷ്, (ഇങ്ങനെ വിളിക്കുന്നതില്‍ എന്റെ സ്വാര്‍ത്ഥത ഉണ്ടുട്ടോ.പിന്നെപ്പറയാം)

കഥ എന്ന നിലയ്ക്ക് നന്നായീന്നാ ഞാന്‍ പറഞ്ഞത്. അല്ലാതെ ജീവിതംന്നുള്ള നിലയ്ക്ക് ഈയൊരു അവസ്ഥയെപ്പറ്റി എനിക്കു വല്യ പിടിയില്ല. രേഷ് എഴുതിയപോലെയും നാരദന്‍ പറഞ്ഞപോലെയും ഉള്ള ജീവിതം ഇല്ല ഇവിടെ. പിന്നെ ചിലപ്പോള്‍ ഇന്ത്യ-പാക്കിസ്താന്‍ യുദ്ധം ഉണ്ടാവും. അതൊന്നും ഡിന്നറിനെപ്പറ്റിയോ പാന്റ് ഇസ്തിരിയിട്ടത് നേരെയാവാത്തതിനെപ്പറ്റിയോ ഒരിക്കലും ആവില്ല.

പിന്നെ സിനിമയില്‍ പറഞ്ഞത് കേട്ടിട്ടില്ലേ യുദ്ധത്തിലും വിവാഹജീവിതത്തിലും ഉള്ള ഒരു വ്യത്യാസം വിവാഹത്തില്‍ ശത്രുവിന്റെ കൂടെ ഉറങ്ങാം എന്നുള്ളതാണ് എന്ന്? ഹി ഹി ഹി

സൂഫി said...

ജീവിത്തിൽ തുടക്കക്കാരനായതു കൊണ്ടാണോ എന്നറിയില്ല.
ജോലിക്കു ശേഷം ലഭിക്കുന്ന അളന്നു മുറിച്ച നിമിഷങ്ങളിൽ ‘ഞങ്ങൾ സന്തുഷ്ടരാണ്‘.
പിന്നെ പിണക്കങ്ങളും ഇണക്കങ്ങളും ഇല്ലെങ്കിൽ ജീവിതത്തിനു തന്നെ ഒരു ഒഴുക്കുണ്ടാവുമോ?

reshma said...

സൂഫി, ഒടുക്കം വരെ അങ്ങനെന്നെ ഇരിക്കട്ടെ. ഇവിടെ വന്നതിൽ‍ സന്തോഷണ്ണ്ട്.
സൂ,സ്വാര്‍ത്ഥത ക്യോം?
ബിന്ദു, നമ്മക്കും ഒരു ബ്ലോഗ് ഒക്കെ തുടങ്ങണ്ടേ?:)

Anonymous said...

എനിക്കെന്തിനാ ഒരു ബ്ലോഗ്‌... നിങ്ങളുടെയെല്ലാം ബ്ലോഗ്‌ എന്റേതും കൂടിയല്ലേ (നിർബന്ധിക്കല്ലേ, ലോല മനസ്സാണ്‌) ;)

ബിന്ദു