Tuesday, January 03, 2006

മൈ ചട്ടി ഓഫ് ചിട്ട

എല്ലാ കാര്യവും അതിന്റേതായ സമയത്ത്, ചിട്ടയിലും വൃത്തിയിലും വേണമെന്ന് എനിക്കു കൊച്ചുന്നാൾ മുതൽ നിർ‍ബന് ധമുണ്ട്. അതുകോണ്ട് പരീക്ഷകളും, പേപ്പർ ചത്തവരകളും അടുത്താൽ അന്നേ വരെ തിരിഞ്ഞു നോക്കാത്ത സ്റ്റോറേജ് പൊടിതട്ടി തുടച്ച് മിനുക്കി വെച്ചിട്ട് അയലത്തേത് കൊതിയോടെ നോക്കും. പരീക്ഷ കഴിഞ്ഞാൽ, വായിക്കനുണ്ടായിരുന്നത് രാത്രി ഉറക്കമിളച്ചിരുന്ന് വായിക്കും, എന്നും രാവിലെ ചായ തിളച്ചു വീണുണ്ടായ സ്റ്റൌവ്റ്റോപ്പിലെ ഡിസൈൻ ആസ്വദിക്കും, തീന്മേശയിൽ തല വെച്ചുറങ്ങും, കട്ടിലിൽ കിടന്നു തിന്നും.

പതിവായി പാലിക്കുന്ന ഈ ചിട്ടകൾക്ക് എനിക്കു ചുറ്റുമുള്ളവർ പൊട്ടിയ ചട്ടിയുടെ വില കൊടുക്കാറില്ല.ഇറാക്കിൽ പോണതിനു മുൻപ് wmd , democracy, axis of evil എന്നൊക്കെ ഉരുവിട്ട് നടന്ന ബുഷിനെ പോലെ , systematic planning, efficiency, order എന്നൊക്കെ ഞാൻ കെട്ടിയവൻ, കെട്ടപ്പെട്ട നാൾ മുതൽ ഉരുവിടാറുണ്ട്. പുതുവർഷമൊക്കെയല്ലേ, ചേയ്ഞ്ചിനോരു മാറ്റം വേണമല്ലൊ, ഒന്നു നന്നായി കളയാം എന്ന് തീരുമാനിച്ചു.

പതച്ച് മറയുന്നതിനു മുൻപു ചായയെ രക്ഷിച്ച്, കുന്നു കൂടിയ അഴുക്കു വസ്ത്രങ്ങൾ അലക്കാനിട്ട്, ഫ്രിഡ്ജിൽ വരിയൊത്ത് നിന്ന ഡബ്ബകളിൽ നിന്നു വർണ്ണശബളിമയാർന്ന ജീവികൾക്ക് ചവറ്റ്കുട്ടയിലേക്ക് പ്രൊമോഷൻ കൊടുത്ത് – രണ്ട് ദിവസം ഇവിടെ മാറ്റത്തിന്റെ കൊടുൻകാറ്റ് ആഞ്ഞുവീശി. അടുക്കും ചിട്ടയും ആണ് സൌന്ദര്യം: എന്റെ ജീവിതം സുന്ദരം. രാത്രി രണ്ട് സിനിമ കൈയിൽ കിട്ടിയപ്പോൾ ഈ പുതിയ ഫിലോസഫിക്ക് ഒരു ഇളക്കം... അല്ല, സൌന്ദര്യം ഒരു റ്റൈം റ്റേബിളിൽ ആണെന്ന് പറയുന്നത് മണ്ടത്തരമല്ലേ? ഒരു ചിട്ടയുമില്ലെന്ന് തോന്നിപ്പിക്കുന്നതിലും ചിട്ടയുണ്ടെന്നല്ലേ? അല്ലെൻകിൽ (മറ്റേ ഇൻക എവിടെപ്പോയി?) ചിട്ടയില്ലാഴ്മയിൽ ചിട്ട കണ്ടെത്തുന്നതല്ലേ മിടുക്ക്? തന്നെ തന്നെ! മനസ്സാ പുറത്ത് ഭേഷ് ഭേഷ് അടിച്ച് ചായ 1/3 സ്റ്റൌവിനും, 1/3എനിക്കും, 1/3 കാർപെറ്റിനും എന്ന കണക്കിൽ തട്ടികൂട്ടി, നട്ടപ്പാതിര വരെ സിനിമ കണ്ട്. ഇനി ബ്ലോഗ് വായനയും, ലൂഡോ കളിയും കഴിഞ്ഞ് നേരം പുലർന്നിട്ട് സുഖമായി ഉറങ്ങാം. ന്യൂ യേർ രെസെല്യൂഷൻ ആദ്യ ആഴ്ചയിൽ തന്നെ തെറ്റിക്കുന്ന പതിവും തെറ്റിച്ചില്ല!
ജൈ പിച്ചചട്ടി, അല്ല ജൈ ചിട്ടപട്ടി.

18 comments:

ദേവന്‍ said...

ഈ ലോകത്ത് രണ്ടു തരം വീടുകളേയുള്ളു. വെടിപ്പും ചിട്ടയുമായി സൂക്ഷിച്ചിരിക്കുന്നവ, മനുഷ്യനു "മനോ നിമ്മിതിയായി" കയറിച്ചെന്ന് ടെൻഷനില്ലാതെ ഇരിക്കാൻ പറ്റുന്നവ.

ആദ്യത്തേതിനു ന്യൂ ഈയർ അലൻകാരം തൂക്കിയ പോലീസ് സ്റ്റേഷന്റെ സൌന്ദര്യം. ഒരു വീട്ടിൽ കയറിച്ചെന്ന് സോഫയിലെ ബിസ്കറ്റിന്റെ പൊടിയും നിലത്തിട്ട പത്രവും റ്റീപ്പോയിൽ രണാഴ്ച് മുന്നേ വച്ച ഒരു എച്ചിൽ ഗ്ലാസ്സും കാണുംന്നേരം ഉണ്ടാകുന്ന “അറ്റ് ഹോം” വികാരത്തിനു എന്താവോ നമ്മ മലയാളത്തിൽ പേർ?

Anonymous said...

ഷീഷേ കാ ഘര്‍ നാ രഹേഗ

അതുല്യ said...

ഞാൻ ദേവന്റെ ചിട്ടയുള്ള "അറ്റ്‌ ഹോം" വീടിന്റെ കൂടെ. അപ്പുന്റെ അഛൻ പറയും, വീടെന്നാൽ, ഒരു വിധം വൃത്തി വേണം എന്നല്ലാതെ, വൃത്തി മാത്രം ആയാൽ അതു ഒരു ഹോട്ടലു പോലെയാവും. കുട്ടിയുള്ള വീടുകളിൽ, ചില അമ്മമ്മാർ, കുട്ടികളെ ചൂരലു കാട്ടി, കളിപാട്ടങ്ങൾ ചാക്കിനുള്ളില്ലാക്കിക്കും, പിന്നെ ആ വീട്‌ ശ്മശാന തുല്യം. ഞാനും അറിവില്ല്ലായ്മ കൊണ്ട്‌ അപ്പുവിനെ തല്ലിയിരുന്നു. പിന്നെ അപ്പു ആസ്പത്ര്യിലായി 3 മാസം. അപ്പറിഞ്ഞു, ചിതറി കിടക്കുന്ന കളിപ്പാട്ടവും, മൂത്ര മണമുള്ള പുതപ്പിന്റെയും വില.

ചിട്ട നല്ലതു തന്നെ, പക്ഷെ ചിട്ട മാത്രമായാൽ, ജീവിതം ഉണ്ടാവില്ലാ, ചിട്ടയേ കുറിച്ചു ചിന്തിച്കു മാത്രം അതു തീരും. ഞാനെഴുതിയ വിശാല മാമിയുടെ കഥ പോലെയാവും. ഫിനോയിലു കുടിച്ച പോലും അഴുക്കു മാറാത്ത ഒരു മനസ്സിന്റെ ഉടമയാവും നമ്മൾ, വീടു ഒരുപാട്‌ വൃത്തിയോയി കിടക്കും.

ഞാനിടയ്കു പറയാറുണ്ട്‌, എന്റെ സൊഫയുടെ സീറ്റിംഗ്‌ മാത്രം മാറ്റി വൃത്തിയാക്കി ഇന്ത്യയിലേയ്ക്‌ അയച്ചു കൊടുത്ത, 50% ദാരിദ്യ്‌രം തീരും അവിടെത്തെ. എന്റെ വീട്ടിലെ കഴിഞ്ഞ ഒരു മാസത്തെ മെനു എന്താണെന്നും അറിയാം, അതു വഴി!!

വക്കാരിമഷ്‌ടാ said...

പ്രോത്സാഹനങ്ങള്‍ക്ക്‌ പെരുത്ത്‌ നന്ദി. ഒരു വക്കം ക്ലീനര്‍ മേടിക്കണോ വേണ്ടയോ എന്നു വര്‍ണ്ണ്യത്തിലാശങ്കയുമായി കഴിഞ്ഞ ഒരു കൊല്ലമായി ഇരിക്കുകയായിരുന്നു. ഇനിയിപ്പോ മേടിക്കുന്ന പ്രസ്ഥാനമേ ഇല്ലഹേ. അങ്ങിനെ വെടിപ്പും വൃത്തിയുമായി മാത്രം ജീവിച്ചിട്ട്‌ എന്തു കാര്യം? മനസ്സു നന്നായിരിക്കണം. അല്ലെങ്കില്‍പ്പിന്നെ ഒന്നും നന്നായിട്ട്‌ കാര്യമില്ല.

രേഷ്മേ, ദേവേട്ടോ, തുളസീ, അതുല്ല്യേച്ചീ, പെരുത്ത്‌ നന്ദി.

പക്ഷേ ഈ പറഞ്ഞതിന്റെയൊക്കെ ഒരു ജാപ്പനീസ്‌ തര്‍ജ്ജിമ തരപ്പെടുത്തിത്തരാമോ? അഡ്വാന്‍സ്‌ കൊടുത്ത ഒരുമാസത്തെ വാടക തിരിച്ചു തരണമെങ്കില്‍ വീട്ടില്‍ കുറച്ച്‌ ചിട്ടയും ചട്ടിയും വേണമെന്നാണ്‌ ഇവിടുത്തെ നിയമം... ഹൌസോണറെ ഒന്നുദ്ബോധിപ്പിക്കണ്ടെ....

അതുല്യ said...

വക്കാരി, ഇനി ഹൌസ്‌ ഓണർ വരുമ്പോ ആ സോക്സ്‌ ഒന്നു ഊരി കാട്ടി കൊട്‌.... പിന്നെ ഒരു പ്രശ്നത്തിനും അങ്ങേരു വരില്ലാ, പത്തു തരം!!

വക്കാരിമഷ്‌ടാ said...

അങ്ങിനെയാണെങ്കില്‍ അവര്‍ പിന്നെ വരില്ലാന്ന് എനിക്കും ഉറപ്പ്‌. സോക്സു പോലും ഊരേണ്ട കാര്യമില്ല. എന്റെ റൂമിന്റെ കതകൊന്ന് അവര്‍ തുറന്നാല്‍ മാത്രം മതി. പക്ഷേ, അവര്‍ പോകുന്നതിനു പുറകേ, ആദ്യം ഒരു ഫയര്‍ എഞ്ചിന്‍, പിന്നെ ഒരു ആംബുലന്‍സ്‌, അതിനു പിന്നാലേ പോലീസേമാന്മാര്‍...ജാപ്പനീസിന്റെ ഒരു പെരുമഴക്കാലവും.....അതാണ്‌ ഇവിടുത്തെ ഒരു രീതി..

സാക്ഷി said...

അതെ, മനസ്സിന്‍റെ വൃത്തിയാണ് എറ്റവും പ്രധാനം.

viswaprabha വിശ്വപ്രഭ said...

രേഷ്മ,

പഴയ വേര്‍ഷന്‍ വരമൊഴിയില്‍,
allengkil അല്ലെങ്കില്‍
allenkil അല്ലെന്‍‌കില്‍

‘ക’ keymaappil
allenkil അല്ലെങ്കില്‍
allen_kil അല്ലെന്‍‌കില്‍


(This is when you use the Dictionary disabled Version of Varamozhi! If you use the proper (Normal) varamozhi 1.3.3, then
'allenkil' should be automatically converted to അല്ലെങ്കില്‍.


അതായത്,
In Varamozhi 1.3.3 ( Proper Normal Version),

allenkil = അല്ലെങ്കില്‍
allenkil# = അല്ലെന്‍‌കില്‍ ( The trailing # symbol removes the 'intelligent' conversion feature for that word!)

Also
allen_kil = അല്ലെന്‍‌കില്‍


Therefore,
If you are using Varamozhi 1.3.3 and you still get അല്ലെന്‍‌കില്‍ for ‘allenkil',

Then,
It is likely that there is something wrong with the installation!

Please check! Please Uninstall and reinstall Varamozhi with a new copy if needed!

Link: വരമൊഴി ഇവിടെ

(Cibu, Pls correct me if I am wrong!)

സു | Su said...

:)

വിശാല മനസ്കന്‍ said...

തന്നെ തന്നെ!
സ്മാർട്ട്‌ പോസ്റ്റിങ്ങ്‌.

Reshma said...

ഹി ഹി. അപ്പോ ദേവരാഗവും, അതുല്യയും, സാക്ഷിയും (ഒരു പക്ഷവും പിടിക്കാത്തതു കോണ്ട് സൂ നേയും വിശാലനേയും വെറുതെ വിടുന്നു )എന്നെങ്കിലും ഇതു വഴി വന്നാൽ‍ ആ ‘അറ്റ് ഹോം’ അന്തരീക്ഷം ഉണ്ടാക്കി തരാ ട്ടോ.

തുളസി , ഹിന്ദി പറഞ്ഞ് പേടിപ്പിച്ചാൽ ഞാൻ സ്വഹീലി പറയുമേ!

വക്കാരി, ഞങ്ങൾ ഇങ്ങനെ പലതും പറയും. അതു കേട്ടു വക്കാരി ‘വക്കം ക്ലീനറിന്റെ’ കാശ് ലാഭിച്ചാ, ഹൌസ് ഓണർ അഡ്വാൺസും ലാഭിക്കും ട്ടോ. ജാപ്പനീസ് ഒടുക്കത്തെ വൃത്തിയാന്നാ കേട്ടത്.

വിശ്വം, നന്ദി!

വര്‍ണ്ണമേഘങ്ങള്‍ said...

ചായ 1/3 സ്റ്റൌവിനും, 1/3എനിക്കും, 1/3 കാർപെറ്റിനും എന്ന കണക്കിൽ തട്ടികൂട്ടി,
കൊള്ളാം..!
അതും ചിട്ട...!

Adithyan said...

സധാമാനമായി...

ഞാൻ ഇപ്പൊ താമസിക്കുന്ന മുറി കണ്ടിട്ട്‌ ‘ദെന്താടാ തൊഴുത്തോ?’ എന്നു കസിൻസ് ഒക്കെ ചോദിക്കുന്നതിന്റെ വിഷമം ഇപ്പൊളാ തീർന്നത്‌...

രേഷ്മേച്ചി കീ.... :-)

ഹോസ്റ്റലിൽ എന്റെ ഒരു ക്ലാസ്‌മേറ്റിന്റെ മുറി വൃത്തികേടായി കിടക്കുന്നതു കണ്ട്‌ വാർഡനച്ചൻ ചൂലെടുത്തു. ചിലന്തിവല ഒക്കെ തൂക്കാൻ പോകുന്നതു കണ്ട എന്റെ സ്നേഹിതൻ ചാടി വീണു.”കൊല്ലരുതച്ചാ... ഈ ചിലന്തീനെ ഒക്കെ ഞാൻ വളത്തുന്നതാ” :-)

സ്വാര്‍ത്ഥന്‍ said...

എന്താ രേഷ്മാ ഇത്‌? അല്‍പം വൃത്തിയൊക്കെ ആവാം ട്ടോ, എന്നേപ്പോലെ!

ഡ്രിസില്‍ said...

ഇതൊക്കെ വായിച്ചപ്പോ.. വൃത്തികള്‍ക്ക്‌ മാത്രമായി ഒരു സൂപ്പര്‍മാര്‍ക്കറ്റ്‌ തുടങ്ങിയാല്ലോ എന്നാണു എന്റെ ചിന്ത.. എന്തും കമ്പോളവല്‍കരിക്കണമല്ലോ.. ആയ്‌.. അതാണല്ലോ ബിസിനസ്സ്‌..

കലേഷ്‌ കുമാര്‍ said...

ലോകത്ത് ഉം അൽ കുവൈനിൽ മാത്രമല്ല, അമേരിക്കയിലും, ഖത്തറിലും, ബാംഗ്ലൂരുമൊക്കെ എന്നെപ്പോലെ “ചിട്ടയില്ലായ്മയിൽ ചിട്ട കണ്ടുപിടിക്കുന്നവർ” ഉണ്ടെന്നറിഞ്ഞതിൽ ബഹുത്ത് സന്തോഷം!!!
പക്ഷേ, എന്റെ ഓഫീസ് ടേബിൾ ഭയങ്കര ചിട്ടയിൽ തന്നെയാ‍ ഞാൻ മെയിന്റേൻ ചെയ്യുന്നത്- അല്ലേൾ ശ്രമിക്കുന്നത്. പിന്നെ ഇടയ്ക്ക് എനിക്ക് തോന്നുമ്പോൾ ബോസ്സിനെ കാണിക്കാൻ വേണ്ടി ഞാ‍ൻ വലിച്ചുവാരിയൊക്കെ ഇടും - ജോലി കൂടുതലാണെന്ന് പുള്ളിക്ക് തോന്നാ‍ൻ.

Jo said...

:-)

സു | Su said...

പെരുന്നാൾ ആശംസകൾ :)