Monday, May 29, 2006

തിരുത്തലുകള്‍ കാത്ത്

ശവപ്പെട്ടിയെ ഓര്‍മ്മിപ്പിക്കാറുള്ള ചാര നിറത്തിലുള്ള ക്യുബിക്കല്‍ അവള്‍ക്കന്നാദ്യമായി സുരക്ഷിതത്വം നല്‍കി. തിരുത്തലുകള്‍ കാത്ത് മേശപ്പുറത്ത് കിടന്ന പേപ്പറുകളില്‍ മുഖം പൂഴ്ത്തി അവള്‍ മനസ്സിലൂടെ ചുവന്ന പേനയോടിച്ചു.

ഇങ്ങനെയൊന്നും സംഭവിക്കരുതായിരുന്നു. ഒരു പക്ഷെ ഒരഞ്ചു മിനിറ്റ് മുന്‍പ് ഇറങ്ങിയിരുന്നെങ്കില്‍. ഇനി എഴുതപ്പെട്ടതായിരുന്നെങ്കില്‍ തന്നെ ഇങ്ങനെയല്ലായിരുന്നു നടക്കേണ്ടിയിരുന്നത്. സ്വന്തത്തെ പറ്റിയുള്ള ധാരണകള്‍ ഇളക്കാതെ കഴിഞ്ഞുപോകുന്ന മറ്റൊരു കൂട്ടം സംഭവങ്ങള്‍.
*താന്‍ മറ്റവനെക്കാള്‍ കേമനാണെന്നു സ്ഥാപിക്കേണ്ടതു് ജീനുകളുടെ ആവശ്യമാകുന്നു. ബോധപൂര്‍വ്വം മാത്രമേ അതിനെ മറികടക്കാന്‍ കഴിയൂ. എവിടെയാണ് വായിച്ചത്? പാട്ടിന്റെ വരികള്‍ പോലെ, സ്വപ്നങ്ങള്‍ പോലെ എവിടെ നിന്നെന്നോ മനസ്സിലേക്കൊഴുകി വന്ന വാക്കുകള്‍.

എട്ട് മണിക്കാണ് ക്ലാസ്സ്. വൈകി. ട്രാഫിക് സിഗ്നലുകള്‍ നിറഞ്ഞ മെയിന്‍ റോഡുപേക്ഷിച്ച് അവള്‍ കുറുക്ക് വഴികള്‍ തേടുകയായിരുന്നു. ട്രാഫിക് തീരേയില്ല. അവള്‍ക്കെന്തന്നില്ലാത്ത ആഹ്ലാദം തോന്നി. കാര്‍ നിരത്തിലൂടെ ഒഴുകുന്നതാസ്വദിച്ച് ഒറ്റക്ക് യാത്ര ചെയ്യുമ്പോളെല്ലാം തോന്നുന്ന ആവേശം.

ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങള്‍ നിറഞ്ഞ ഈ റോഡ് ചെന്നവസാനിക്കുന്നത് യൂനിവേയ്സിറ്റിയിലേക്കുള്ള മെയിന്‍ റോഡില്‍. ഗതി മുട്ടിയാലല്ലാതെ അവള്‍ ഈ വഴി പോകാറില്ല. ആരും തന്നെ. പെയിന്റടര്‍ന്ന് വികൃതമായ മതിലുകളും ഇരുട്ടിലേക്കുള്ള ക്ഷണവുമായി തൂങ്ങിയാടുന്ന വാതിലുകളും ഉള്ള ഈ കെട്ടിടങ്ങള്‍ക്ക് ഒരേ ഭാവമാണ്; പൊരുതി തോറ്റ ഭാവം. മേല്‍ക്കൂരകള്‍ തള്ളിനില്‍ക്കുന്ന ഈ കെട്ടിടങ്ങളെ അനുകരിച്ച് ഇവിടങ്ങളിലെ മനുഷ്യര്‍ തല താഴ്ത്തി, ചുമലുകള്‍ മുന്നോട്ടാഞ്ഞ് നടക്കുന്നത് ഏറ്റവും ലോലമായിടം സംരക്ഷിക്കാനാണോ?

ചുവപ്പ് ലൈറ്റിനായി നിര്‍ ത്തുമ്പോള്‍ ജങ്ങ്ഷനില്‍ കൂട്ടം കൂടി നിന്നവരെ അവള്‍ കണ്ടിരുന്നു. ഒരു പക്ഷെ മറുഭാഗത്തെ കെട്ടിടത്തിന്മേല്‍ കണ്ട ഗ്രാഫിറ്റി ഒപ്പിയെടുക്കാന്‍ ശ്രമിക്കാതെ കരുതലോടെ ഇരുന്നിരുന്നെങ്കില്‍…

A graffiti artist is out there to prove something to the world. The apparently meaningless images say I was here and I am ******* alive. എന്നോ വായിച്ച് തള്ളിയ വാക്കുകള്‍.

അയാളുടെ തടിച്ച വിരലുകളാണ് അവള്‍‌ ആദ്യം കണ്ടത്. നഖങ്ങള്‍ക്കുള്ളിലെ കറുത്ത ചളിയും. മുഷിഞ്ഞ തുണി കൊണ്ട് അവളുടെ കാറിന്റെ വിന്ഡ്ഷീല്‍ഡ് തുടക്കുകയാണയാള്‍. തുണിയില്‍ നിന്നുള്ള എണ്ണക്കറ ഗ്ലാസ്സില്‍. അനുവാദം ചോദിക്കാതെ, മുഖത്ത് നോക്കാതെ.
എന്തതിക്രമമാണിത്!
Hey hey stop it! പാസഞ്ചര്‍ ‌ സൈഡിലെ വിന്‍ഡോ താഴ്ത്തി അവള്‍ വാക്കുകള്‍ എറിഞ്ഞു.
കേള്‍ക്കാത്ത ഭാവത്തില്‍ അയാള്‍ തുടച്ച്കൊണ്ടിരുന്നു.
ആ കറുത്ത കൈകള്‍!വൃത്തികെട്ട ആ തുണി!തികഞ്ഞ ധാറ്ഷ്ട്യം!
I said stop it! I’ll get the police. Stop. I’m not going to pay you anything! സിമന്റ് തറയിലേക്കെറിഞ്ഞ കരിങ്കല്ലുകള്.അയാള്‍ മുഖമുയര്‍ത്തി . അവളെ നോക്കി വികൃതമായി പല്ലിളിച്ച് പിന്നെ പിറകോട്ടൊന്നാഞ്ഞ് കാര്‍ക്കിച്ച് തുപ്പി. വിന്‍ഡ്ഷീല്‍ഡില്‍.

കുട്ടിക്കാലത്ത് കൂട്ടുകാരെ കാണിക്കാനായി മരക്കൊമ്പുകളില്‍ നിന്ന് ചാടി താഴെ പതിക്കുമ്പോള്‍ കാല്പാദങ്ങളില്‍ നിന്ന് മുകളിലേക്ക് കുതിക്കുന്ന ഷോക്ക്, നിമിഷ നേരത്തേക്ക് ബോധം ഇല്ലാതാക്കുന്ന അലകള്‍.കാല്‍ ആക്സിലേറ്ററില്‍ അമര്‍ന്നതും, റെഡ് ലൈറ്റ് വകവെക്കാതെ ചെവി തുളക്കുന്ന കരച്ചിലോടെ കാര്‍ ചീറിപാഞ്ഞതും , വൈപ്പറും വിന്‍ഡ്ഷീല്‍‌ഡ് സോപ്പും വാശിയില്‍ തിരിച്ച് കട്ടിയില്‍ ഒലിച്ചിറങ്ങുന്ന കഫം കലര്‍ന്ന തുപ്പല്‍ മായ്ച്ചതും സ്വപ്നത്തില്‍ എന്ന പോലെ.

എന്റെ വിന്ഡ്ഷീല്‍ഡ്. എന്റെ കാര്‍. എന്റെ ലോകം. മേലെ ഒലിച്ചിറങ്ങുന്ന കഫം കലര്‍ന്ന തുപ്പല്‍.
എന്തൊരതിക്രമമാണിത്!

താന്‍ മറ്റവനെക്കാള്‍ കേമനാണെന്നു സ്ഥാപിക്കേണ്ടത് ജീനുകളുടെ ആവശ്യമാകുന്നു. ബോധപൂര്‍വ്വം മാത്രമേ അതിനെ മറികടക്കാന്‍ കഴിയൂ. എവിടെയാണ് വായിച്ചത്?

ശവപ്പെട്ടിയെ ഓര്‍‌മ്മിപ്പിക്കാറുള്ള ചതുര ക്യൂബിക്കല്‍ അവള്‍ക്കന്നാദ്യമായി സുരക്ഷിതത്വം നല്‍കി. തിരുത്തലുകള്‍ കാത്ത് മേശപ്പുറത്ത് കിടന്ന പേപ്പറുകളില്‍ മുഖം പൂഴ്ത്തി അവള്‍ മനസ്സിലൂടെ ചുവന്ന പേനയോടിച്ചു.
---
* ബെന്നിയുടെ പോസ്റ്റില്‍ നളന്റെ കമന്റ്.

17 comments:

കണ്ണൂസ്‌ said...

ജീനുകള്‍ ചിലപ്പോള്‍ ഉണര്‍ത്തുന്നത്‌ മാത്‌സര്യമാണ്‌. മത്‌സരിക്കാന്‍ ഇഷ്ടമില്ലാത്തതോ, കഴിവില്ലാത്തതോ ആയ ജീനുകളെ പുച്ഛത്തോടെ നോക്കാനും അവ പ്രേരിപ്പിക്കും.


നന്നായിരിക്കുന്നു രേഷ്മാ.. ബുദ്ധിയുടെ വിലാസമുള്ള ഒരു കമന്റ്‌ ഉണര്‍ത്തിയ, പ്രതിഭ തുടിച്ചു നില്‍ക്കുന്ന ഒരു കഥ..

സു | Su said...

ജീനുകളുടെ പ്രശ്നം ആയതുകൊണ്ട് ഞാന്‍ ഒന്നും പറയുന്നില്ല.

ചില നേരത്ത്.. said...

ജീനുകള്‍ ചിലപ്പോള്‍ ഉണര്‍ത്തുന്നത്‌ മാത്‌സര്യമാണ്‌. മത്‌സരിക്കാന്‍ ഇഷ്ടമില്ലാത്തതോ, കഴിവില്ലാത്തതോ ആയ ജീനുകളെ പുച്ഛത്തോടെ നോക്കാനും അവ പ്രേരിപ്പിക്കും.

ഈ കമന്റ് കഥയുടെ ഓരോ തന്മാത്രയിലും ജീവസ്സുറ്റ് നില്‍ക്കുന്നു. മൈലാഞ്ചി പ്രതിഭാധനമാം ചുവപ്പണിഞ്ഞിരിക്കുന്നു..
(കണ്ണൂസെ കമന്റ് കലക്കി)

പെരിങ്ങോടന്‍ said...

രേഷ്മ കഥകളെ വിട്ടു് അടുക്കളഭരണം മാത്രമാക്കി എന്നു കരുതി വിഷമിച്ചിരിക്കുകയായിരുന്നു. കണ്ണൂസിന്റെ കമന്റിനോടു ഞാനും യോജിക്കുന്നു. മികച്ച ഒരു കഥ തന്നെ ഇതും.

Kuttyedathi said...

രേഷ്മാ, മനോഹരമായിരിക്കുന്നു ഇത്‌. ക്യൂബിക്കിള്‍ ഒരു ശവപ്പെട്ടിയാണെന്നു തോന്നാറുണ്ടല്ലേ ?

ബിന്ദു said...

രേഷ്മാ.. വളരെ വളരെ ... നന്നായി ഇത്‌. :)

ഉമേഷ്::Umesh said...

നല്ല കഥ, രേഷ്മ!

വല്ലപ്പോഴും മതി, പക്ഷേ ഇതുപോലെയുള്ളവ എഴുതൂ.

സാക്ഷി said...

രേഷ്മാ,
കഥ പറഞ്ഞവസാനിപ്പിയ്ക്കും വരെ ജീവന്‍ കാത്തുസൂക്ഷിക്കുക (ലൈവായി നിര്‍ത്തുക) എന്നുള്ളതാണ് ഒരു കഥാകാരന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
മനോഹരമായിട്ടുണ്ട് രേഷ്മാ. കഥ വായിച്ചു കഴിയും വരെയല്ല മറ്റൊരു വായനയിലേക്കു തിരിഞ്ഞാലും പിന്നേയും ലൈവായി തന്നെ നില്ക്കുന്നുവെന്നതാണ് സത്യം.

Reshma said...

കണ്ണൂസേ, ഇങ്ങളും ഈ ജീന്‍-ജിന്നിന്റെ ആളാ?ജീനുകളുടെ മത്സരത്തെ പറ്റി കൂടുതല്‍ അറിഞ്ഞാല്‍ കൊള്ളാന്നുണ്ട്...

പെരിങ്ങ്സെ, അടുക്കളഭരണം(ഇവിടെ അത് അനാറ്‌ക്കിയാണെങ്കിലും) ചില്ലറ കാര്യല്ലട്ടോ. ഒരു അടുക്കളേല്‍ തന്നെ എത്രെ ലോകങ്ങളാന്നോ? അടുത്ത പ്രാവശ്യം സാമ്പാര്‍ വെക്കുമ്പോ ഒന്ന് നോട്ട് ദ പോയിന്റ് ട്ടോ.പ്രോത്സാഹനങ്ങള്‍ക്ക് നന്ദി, ചമ്മലുകള്‍ വകവെക്കാതെ ഇനിയും എഴുതാന്‍...

കുട്ട്യേട്ത്തിക്കും?

ഉമേഷ്ജി, തെറ്റുകള്‍ ‘തിരുത്തലുകള്‍ കാത്ത്’ ഇവിടെ...

സൂ, ഇബ്രു, ബിന്ദു, സാക്ഷീ, സന്തോഷം!

പെരിങ്ങോടന്‍ said...

അടുക്കളയില്‍ എനിക്കു രണ്ടുലോകമേയുള്ളൂ. അടുപ്പിനു മുകളിലുള്ള ലോകവും അതിനു താഴെയുള്ള ലോകവും. മുകളിലുള്ള ലോകത്തില്‍ ശുദ്ധിയുണ്ടു് താഴെയുള്ളതിനു് അതില്ല എന്നൊരു വ്യത്യാസം മാത്രം :)

btw ഞാനുദ്ദേശിച്ചതു പാചകബ്ലോഗില്‍ മാത്രമായോ ആക്റ്റിവിറ്റി എന്നാണു്.

പരസ്പരം said...

രേഷ്മയുടെ കഥയിലെപ്പോലെയൊരു കാരക്റ്റര്‍ ഞങ്ങളുടെ നാട്ടിലുമുണ്ടായിരുന്നു.ഒരിക്കലും കുളിക്കാതെ വിക്രിതരൂപമുള്ള കണ്ണനെന്നയിയാള്‍ കുഞ്ഞുനാളുകളില്‍ ഞങ്ങള്‍ക്കെല്ലാം പേടിസ്വപ്നമായിരുന്നു.കാറുകള്‍ റോഡില്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവറെ സലൂട്ടടിച്ച് കാണിക്കുക എന്നത് ഇദ്ദേഹത്തിന്റെ ഒരു വിനോദമായിരുന്നു.മനൊരോഗിയാവുന്നതിനുമുന്‍പ് മിലിറ്ററിയില്‍ ഉദ്യോഗസ്ഥനായിരുന്നതിനാലാണ് ഇത്തരം സലൂട്ടടി.മറ്റുപദ്രവങ്ങളൊന്നുമില്ലെങ്കിലും ഇത്തരതിലുള്ള വണ്ടി തടയല്‍ ചില സന്ദര്‍ഭങ്ങളില്‍ അരോചകമായിരുന്നു.ഒരു നാള്‍ നാല്‍കവലയില്‍ വച്ച് ഇത്തരത്തിലരോചകമായി തടഞ്ഞ വണ്ടിയുടെ ഡ്രൈവര്‍ ഇറങ്ങിവന്നു കണ്ണന്റെ മുഖത്ത് നല്ലയൊരു പ്രഹരമേല്‍പ്പിച്ചു.പ്രതീക്ഷിച്ചതിനു വിപരീതമായി ആ ഡ്രൈവറുടെ കൈയില്‍ കടന്നു പിടിച്ചിട്ട് കണ്ണനിങ്ങനെ പറഞ്ഞു, “എനിക്കു സുഖിച്ചു,ഇനി നിനക്ക് പോകാം”.അന്നു മുതലെനിക്ക് കണ്ണനെകാണുമ്പോളുള്ള ആ ഭയം മാറി.

Anonymous said...

രേഷ്മക്കുട്ടീ,
വളരെ നന്നായിരിക്കുന്നു. ജീവന്‍ തുടിക്കുന്ന കഥ

യാത്രാമൊഴി said...

രേഷ്മാ,
നല്ല കഥ.

കൂമന്‍ said...

രേഷ്മയുടെ ബ്ലോഗൊന്നു കാണാനിറങ്ങിയതാ. കഥ മനസ്സില്‍ തട്ടി. കാല്‍ അക്സിലറേറ്ററില്‍ അമര്‍ത്തി എന്നു വായിച്ചപ്പോള്‍ “അയ്യൊ” എന്നു ഒരു നിമിഷം വിചാരിച്ചു. വിന്ഡ് ഷീല്‍ഡ് തുടയ്ക്കുന്നവനെ തട്ടിത്തെറിപ്പിച്ചോ? കഥാകാരി ഒന്നും പറയാതെ വായിക്കുന്നവനു വിട്ടു കൊടുത്തിട്ട് മാറി നില്‍ക്കുന്നു. വാക്കുകളിലെ മിതത്വം വളരെ നന്നായിരിക്കുന്നു.

ചോദ്യം: ജീനുകളുടെ മത്സരത്തെ പറ്റി പറഞ്ഞതാരാ?

Reshma said...

കൂമന്‍-ജി (കൂമാന്ന് എങ്ങനെ വിളിക്കും?കൂമന്‍-ജി ആണേല്‍...ചിരിയും വരുന്നു)

ജീന്‍-മത്സരത്തെ പറ്റി എനിക്ക് ഇപ്പോഴും കണ്ടം വെച്ച അറിവേ ഉള്ളൂ:D

ബെന്നിയുടെ ബ്ലോഗിലെ സംവരണചര്‍ച്ചയില്‍ നളന്റെ കമന്റിലൂടെ ആണ് ഞാന്‍ ജീനുകളുടെ മത്സരത്തെ പറ്റി കേള്‍ക്കുന്നത്. http://cachitea.blogspot.com/2006/05/blog-post.html

നളന്റെ പ്രൊഫൈല്‍ : http://www.blogger.com/profile/13998922

“ജാതി കിടക്കുന്നത് മനസ്സിലാണു. താന്‍ മറ്റവനെക്കാള്‍ കേമനാണെന്നു സ്ഥാപിക്കേണ്ടതു് ജീനുകളുടെ ആവശ്യവുമാകുന്നു. ബോധപൂര്‍വ്വം മാത്രമേ അതിനെ മറികടക്കാന്‍ കഴിയൂ. സര്‍വൈവല്‍ ഓഫ് ദ് ഫിറ്റസ്റ്റിലെ സര്‍വൈവല്‍ തന്നെയണിത്. സംസ്കാരം ആരംഭിക്കുന്നതും ഇതിനു മുകളിലാണു. കാട് അവസാനിക്കുന്നിടത്താണു സംസ്കാരം ആരംഭിക്കുന്നത്. ചിലപ്പോള്‍ ജീനുകളെ തോല്‍പ്പിക്കേണ്ടത് സാംസ്കാരികമായ ആവശ്യകതയായിരിക്കാം.“ ഇത് നളന്റെ കമന്റില്‍ നിന്ന്.

വിക്കിയില്‍ http://en.wikipedia.org/wiki/Gene-centered_view_of_evolution എന്നൊരു ലേഖനവും കണ്ടിരുന്നു.

നിങ്ങടെ വരവു കണ്ട് നമ്മ വെരിവെരി ഹാപ്പി.

പരസ്പരം, യാത്രമൊഴി, എല്‍ജി:)

മേരി വാനാ::Mary Vana said...

Richard Dawkins-ന്റെ The Selfish Gene എന്ന പുസ്തകത്തിലാണ്‍ ജീനുകളുടെ മത്സരബുദ്ധിയെപ്പറ്റി പറയുന്നത്. രേഷ്മയുടെ പുസ്തകലിസ്റ്റ് എതോ പൊസ്റ്റില്‍ കണ്ടു. ആ ലിസ്റ്റില്‍ ചെര്‍ക്കാവുന്ന ഒരു ബുക്ക് ആണ്‍ അത്. It is quite an interesting book (Dawkins has a knack for explaining science in simple terms, probably like Wakari though Dawkin's jokes are definitely better), though some of the readers have lamented that they lost their religion after reading it. Reader beware! :)

nalan::നളന്‍ said...

രേഷ്മ,
ഇപ്പൊഴാ കണ്ടത്. അവതരണം ഭംഗിയായിട്ടുണ്ട.
നിത്യ സംഭാഷണങ്ങളില്‍ പോലും അബോധമായീ മാത്സര്യം കടന്നുവരാറുണ്ടെന്നു തോന്നിയിട്ടുണ്ട.
പേരെന്താ ? മുഴുവന്‍ പേരെന്താ ?...