Wednesday, March 01, 2006

പഠനം

ഞങ്ങള്‍ മീരാന്റിയെ കാണാന്‍ വന്നതാണ്. കവിളില്‍ നുള്ളിയിട്ട് ‘ചബ്ബി ചീക്ക്സ്’ എന്ന് വിളിക്കാത്തത് കൊണ്ട് എനിക്ക് മീരാന്റിയെ ഇഷ്ടമാണ്.മമ്മക്കും. മമ്മയും മീരാന്റിയും കുഷ്യന്‍ വലിച്ചിട്ട് നിലത്ത് കിടക്കുകയാണ്.
‘ശനിയാഴ്ചകള്‍ എത്ര സുന്ദരം. ശാന്തം. തിങ്കള്‍ ഒരു യുഗം അകലേയും’ മമ്മ വെറുതെ പുഞ്ചിരിച്ചു.

മീരാന്റി മമ്മയുടെ ആത്മമിത്രമാണെന്നാ മമ്മ പണ്ടൊരിക്കല്‍ പറഞ്ഞത്. ആത്മമിത്രം എന്നാല്‍ ഏറ്റവും അടുത്ത സുഹൃത്ത്. ആത്മമിത്രത്തിന്റെ മുന്‍പില്‍ നമ്മുക്ക് നാമായി തന്നെ നില്‍ക്കാമത്രെ. ഒരാള്‍ക്ക് മറ്റൊരാളാകാന്‍ പറ്റുന്നതെങ്ങെനെയെന്ന് എനിക്ക് മനസ്സിലായില്ല. ‘നീ പഠിച്ചോളും’ മമ്മ പറഞ്ഞു.

കണ്ണുകള്‍ വിടര്‍ത്തി മീരാന്റി പറഞ്ഞു “ എന്നിട്ട് അവര്‍ പറയാ ‘മീരാ, യുവര്‍ ഹൌസ് ഡസന്റ് സ്മെല്ല് ഓഫ് സ്പൈസസ്’'. സ്റ്റീരിയോറ്റൈപ്പ്സിനും അപ്പുറം ലോകമുണ്ടെന്ന് ഈ മനുഷ്യര്‍ എന്നാ മനസ്സിലാക്കുക?”

“ഉം. അവര്‍ നമ്മെ നോക്കുമ്പോള്‍ കാണുന്നത് കറികളും, ആനകളും, പാമ്പുകളും അര്‍ദ്ധനഗ്നരായ ഫക്കീരുകളും’. മമ്മ ചിരിച്ചു. ചിരിക്കുമ്പോള്‍ മമ്മ സുന്ദരിയാണ്.

‘ഞാന്‍ കളിക്കാന്‍ പോട്ടെ?” ആകാശ് ചോദിച്ചു.
‘ഇന്ന് വേണ്ട മോനെ , നീതയേയും കൂട്ടി കാറ്ട്ടൂണ്‍ കണ്ടോളൂ’

ആകാശ് വലുതാണ്, അവന് ഒമ്പത് വയസ്സായി. കാര്‍ട്ടൂണ്‍ കാണുമ്പോഴും മമ്മയുടെ ചിരി എനിക്ക് കേള്‍ക്കാമായിരുന്നു. ആകാശിനോട് പറയണമെന്നുണ്ടായിരുന്നു, അവന്റെ മമ്മി എന്റെ മമ്മയുടെ ആത്മമിത്രമാണെന്നും, പിന്നെ ഒരാള്‍ക്ക് തന്നെ മറ്റൊരാളാകാന്‍ പറ്റുമെന്നും.പറഞ്ഞില്ല. പെണ്‍ക്കുട്ടികള്‍ ഇള്ളക്കുട്ടികള്‍ ആണെന്നാ അവന്‍ പറയാറുള്ളത്. മാത്രല്ല, അവന്‍ ഒമ്പത് വയസ്സായി.

ഞാന്‍ കളറിംഗ് ബുക്കെടുത്ത് മമ്മയെ ചാരിയിരുന്നു. ‘നിനക്ക് കാറ്ട്ടൂണ്‍ കാണണ്ടേ?” മമ്മ ചോദിച്ചു. തലയിളക്കി കൊണ്ട് ഞാന്‍ ചിത്രങ്ങളില്‍ ശ്രദ്ധിച്ച് നിറങ്ങള്‍ ചേര്‍ക്കാന്‍ തുടങ്ങി. വരക്കുമ്പോള്‍ അവര്‍ പറയുന്നത് എനിക്ക് കേള്‍ക്കാനാവില്ലെന്നാ വലിയവര്‍ വിചാരിക്കുന്നത്. അവരറിയാതെ അവരുടെ ലോകത്തെത്തുന്നത് എനിക്കും ഇഷ്ടമാണ് .

ഒരു കുട്ടി വന്ന്. കൈയ്യില്‍ ബാസ്കറ്റ്ബോള്‍.
‘മിസ്സിസ് സുരേഷ്, കാന്‍ ആകാശ് പ്ലേ വിത്ത് മീ?”
“നോ ഡിയര്‍. വീ ആര്‍ ഹാവിങ്ങ് കമ്പനി റ്റുഡേ. താങ്ക്സ് ഫോ ആസ്ക്കിങ്ങ്”
‘ഐ വോണ്ട് റ്റു പ്ലേ വിത്ത് ബെന്നി’ ആകാശ് ഓടി വന്നു.
“ലിസന്‍ റ്റ് മീ ആകാശ്, ഇറ്റ്സ് റൂഡ് റ്റു ലീവ് വെന്‍ യൂ ഹാവ് ഗസ്റ്റ്സ്’. മീരാന്റിയുടെ ശബ്ദത്തിന് അപ്പോള്‍ പര്‍പ്പിള്‍ നിറമായിരുന്നു.
ബെന്നി ആകാശിനെ നോക്കി, പിന്നെ പുറത്തേക്ക് പോയി.

‘അടുത്ത വീട്ടിലേ കൊച്ചാ’ മീരാന്റി പറഞ്ഞു. ‘ആകാശിനെ ഞാന്‍ കഴിയുന്നത്ര അവിടേക്ക് വിടാറില്ല. കറുമ്പന്മാരല്ലേ, കുട്ടി എന്തോക്കെയാ അവിടെന്നും കാണാ‍ന്ന്’ മീരാന്റിയുടെ ശബ്ദം ഇളം വയലറ്റ് നിറമായി.
“ഉം. കുട്ടികള്‍ അല്ലേ. വേണ്ടാത്തത് എന്തെന്ന് അറിയില്ലല്ലോ?” മമ്മ പറഞ്ഞു.

മീരാന്റി ആകാശിനെ കളിക്കാന്‍ വിട്ടാല്‍ മതിയെന്നായി എനിക്ക്. ഇനിയവന്‍ പെണ്‍കുട്ടികള്‍ ഇള്ളകുട്ടികളും മണ്ടികളുമാണെന്ന് പറയോ?

26 comments:

Anonymous said...

കള്ളിപൂച്ച !! :)

ബിന്ദു

ഇന്ദു | Preethy said...

'അവരറിയാതെ അവരുടെ ലോകത്തെത്തുന്നത് എനിക്കും ഇഷ്ടമാണ് '.
പക്ഷേ ശബ്ദത്തിന്‌ ഇളം വയലറ്റ് നിറം വരുന്നതെങ്ങന്യാ, രേഷ്മാ??

ശനിയന്‍ \OvO/ Shaniyan said...

രേഷ്മ, കഥക്കൊരു പൂര്‍ണ്ണത വന്നില്ലല്ലോ? പാതി പറഞ്ഞു നിര്‍ത്തിയ പോലെ.. (സിനിമ ഇന്റര്‍വെല്‍ ആയപ്പോള്‍ കറണ്ട്‌ പോയ പോലെ എന്നും പറയാം)... ശബ്ദത്തിനു നിറമുണ്ടെന്നത്‌ ഒരു വേറിട്ട കാഴ്ച്ചയാണ്‌.. നന്നായിട്ടുണ്ട്‌..

ശനിയന്‍ \OvO/ Shaniyan said...

വിട്ടുപോയ ഒരു വരികൂടി..

ഇങ്ങനെ ചെയ്യ്നുന്ന കാര്യങ്ങളിലെ സൂക്ഷ്മമായ കാര്യങ്ങളെ ചുറ്റും നടക്കുന്നതുമായി ബന്ധപ്പെടുത്തുന്നവര്‍ വലുതാവുമ്പോള്‍ എങ്ങനെ ആവും?

സു | Su said...

രേഷ് :)രേഷ്മയുടെ മുന്നില്‍ എനിക്ക് ഞാനായിത്തന്നെ നില്‍ക്കാമെന്നു കരുതിക്കൊണ്ട് പറയുന്നു. അക്ഷരത്തെറ്റുകള്‍ തിരുത്തൂ.

സൂഫി said...

ഒരാള്‍ക്ക് മറ്റൊരാളാകാതെ പറ്റില്ല...
എന്നാല്‍ ഒരാളും മറ്റൊരാളല്ല തന്നെ....
ഒരാള്‍ക്ക് ഒരാളായിത്തന്നെ നില്‍ക്കാന്‍ കഴിയുമോ?
എങ്കില്‍ അയാളാരായിരിക്കും...
ആത്മമിത്രമോ…...അങ്ങനെയൊന്നുണ്ടോ?
എല്ലാ അര്‍ത്ഥത്തിലും നമുക്കു നാമായി പ്രത്യക്ഷപ്പെടാന്‍…...
ഒരു പ്രേക്ഷകന്‍ അല്ലെങ്കില്‍ പ്രേക്ഷക?

viswaprabha വിശ്വപ്രഭ said...

ഇള്ളക്കുട്ടീ, നീ വരച്ചിട്ട ചിത്രങ്ങളിലും മീരാന്റി പടര്‍ന്നൊഴുകിയോ?

രാജ് said...

രേഷ്മാ,
വളരെ നന്നായിരിക്കുന്നു. ഒരു പക്ഷെ ഞാന്‍ വായിച്ചിട്ടുള്ള തന്റെ കഥകളില്‍ നിന്നേറ്റവും ഹൃദ്യമായതു്, സുന്ദരമായതു്. ഞാനിതു സേവ് ചെയ്യുന്നു..

ചില നേരത്ത്.. said...

ഇതെഴുതുമ്പോള്‍ വാക്കുകള്‍ക്ക് പീത നിറമാകുന്നു..
(മോണിറ്ററില്‍ നിങ്ങളതെങ്ങിനെ കാണുന്നതെങ്ങിനെയാണെന്നെനിക്കറിയില്ല)..മനോഹരമായി അക്ഷരങ്ങള്‍ നിരത്തി വെക്കുന്നതിനിടയില്‍ പാതി നിര്‍ത്തിയതിനാല്‍ കറുത്ത പ്രതലത്തിലെ കറുത്ത വാക്കുകളെ പോലെ വായിക്കാനാകാ‍തെ നഷ്ടമാകുന്നു.
നിശ്ശബ്ദത വെള്ള നിറമാണെന്നും ശബ്ദാനമയം ചുവപ്പ് നിറമാണെന്നും പറഞ്ഞ് തുടങ്ങുന്നത് ഞാന്‍ ഇത് മുതലാണ്.

Anonymous said...

നന്ദി. ഒരിക്കലും ഇല്ലെന്നു കരുതിയിരുന്ന,കാണാന്‍ ശ്രമിക്കാതിരുന്ന, നിറങ്ങളുടെ സാന്നിദ്ധ്യത്തെ കുറിച്ചു പറഞ്ഞു തന്നതിന്‌.

വര്‍ണ്ണമേഘങ്ങള്‍ said...

ആർക്കും ആരുടെ മുന്നിലും ആരായും നിൽക്കാം..
അറിയുന്നവൻ മിത്രം..
അറിയാത്തവൻ ആരുമാകാം..!

രാജീവ് സാക്ഷി | Rajeev Sakshi said...

ഇതിനു വേണ്ടിയായിരുന്നോ ഈ മൌനം.
നന്നായി പറഞ്ഞിരിക്കുന്നു.
എന്തിനിങ്ങനെ കരിഞ്ഞ പടങ്ങളുടെ പിന്നാലെ പോകുന്നു. സ്വയം തിരിച്ചറിയൂ. കൂടുതലെഴുതൂ.

സിദ്ധാര്‍ത്ഥന്‍ said...

ശബ്ദത്തിനു്‌ നിറം ചാര്‍ത്തിയ പരിപാടി ല 'ക്ലീഷെ'യായ പദം വച്ചു പറഞ്ഞാല്‍, നവ്യാനുഭവമായി. ഇള്ളക്കുട്ടികളാണെന്നിനിയാരെങ്കിലും പറയട്ടെ. ചട്ടുകം പഴുപ്പിച്ചു....... ഹാ!

Anonymous said...

രേഷ്മാ, എവിടെ പോയി?

ബിന്ദു

reshma said...

ഇന്ദു, നിറങ്ങള്‍ കോണ്ട് കളിക്കുന്ന ഒരു കുട്ടിക്ക് മുതിര്‍ന്നവരുടെ tone എങ്ങെനെ അനുഭവപ്പെടും എന്നോര്‍ത്ത് കാച്ചിയതാ അത്.

ശനിയന്‍, എന്റെ കുറവാണ് ട്ടോ. ഞാന്‍ രണ്ടു ദിവസം അലോചിച്ചിരുന്നു, ഇതിനെ എങ്ങെനെ കറണ്ടു പോയ തീയേറ്ററില്‍ നിന്നും രക്ഷിക്കാന്ന്,നമ്മക്ക് പറ്റിയ പണിയല്ലാന്ന് മനസ്സിലായി:)

സൂ, ഞാന്‍ കണ്ട തെറ്റുകള്‍ തിരുത്തി:) ഇനിയും ഉണ്ടെങ്കില്‍...മലയാളം വായിച്ചാല്‍ entrance കടക്കുമോന്ന് ചോദിച്ചിരുന്നു എന്നോടൊരാള്‍,entrance കയ്യില്‍ കിട്ടിയുമില്ല, വായന ഇല്ലാത്തതിന്റെ സകല തകരാറും അനുഭവിക്കുന്നു.

സൂഫി,ഇത്രേം ചോദ്യങ്ങള്‍ എനിക്കോ! അതും ഫ്രീയായി?!!

വിശ്വം, പെരിങ്ങ്സ്, തുളസി, വര്‍ണ്ണമേഘങ്ങള്‍, സാക്ഷി, സിദ്ധാര്‍ത്ഥന്‍ ...വായിക്കുന്നു എന്നറിഞ്ഞത് തന്നെ സന്തോഷം.

ഇബ്രു, പീതം..എതാ നിറം?എനിക്കറിയാം, നിങ്ങള്‍ക്കറിയാമോന്ന്... പാതി വഴിയില്‍ മനപ്പൂര്‍വ്വം നിര്‍ത്തിയതല്ല, പറഞ്ഞത്തിന്റെ കുറവാ:)

ബിന്ദു, കഴിഞ്ഞാഴ്ച ഇവിടെ spring breakആയിരുന്നു. ഇന്ദുന്റെ ബ്ലോഗ് വായിക്കാന്‍...

ശനിയന്‍ \OvO/ Shaniyan said...

:-)
സാരമില്ല രേഷ്മ, എല്ലാവരും ഇവിടെ വിദ്യാര്‍ത്ഥികളല്ലെ? മറ്റുള്ളവരുടെ കൈ പിടിച്ചാണ്‌ നമ്മളെല്ലവരും നടക്കാന്‍ പഠിച്ചത്‌, അല്ലെ?

"കണ്ണുനീരില്ലാതൊരു പുഞ്ചിരിക്കും
മാധുര്യമുണ്ടാവതില്ല വേണ്ടുവോളം.
ഉരഞ്ഞിടാത്തൊരു കല്ലിനൊട്ടും
തിളക്കമുണ്ടാവതില്ലതു വജ്രമെങ്കിലും.."

ഇനിയും പോരട്ടെ!

വാല്‍ക്കഷണം : പീതത്തിനൊരു 'കുളു' - പീതാംബരന്റെ 'ബായ്കു'- മുമ്പിലത്തെ ഭാഗം ;-)

സു | Su said...

രേഷ് :) തെറ്റു തിരുത്തിയതില്‍ സന്തോഷം.ഇനീം ഉണ്ട് :| ശബ്ദം.

അല്ലെങ്കിലും ഇതൊക്കെ ഞാന്‍ എന്തിനാ പറയുന്നത്? ഞാന്‍ ആരാ ഇതൊക്കെപ്പറയാന്‍? എല്ലാരും എഴുതിയത് വായിച്ച് മിണ്ടാണ്ടിരുന്നാല്‍പ്പോരേ? തെറ്റൊക്കെ തിരുത്താന്‍ ഇതെന്താ ഉത്തരപ്പേപ്പറോ? വേറെ ജോലിയൊന്നുമില്ലെങ്കില്‍ ആര്‍ക്കും ഇഷ്ടപ്പെടാത്ത സ്വന്തം ബ്ലോഗില്‍ ഒരു പോസ്റ്റ് കൂടെ പടച്ച് വിട്ടാല്‍പ്പോരേ?

(രേഷ്,
രേഷ് എന്നു വിളിക്കുന്ന ആ ഒരു സ്വാതന്ത്ര്യം വെച്ച് കൊണ്ട് ഇതൊക്കെ വേറെ ആരെങ്കിലും ചോദിക്കുന്നതിനു മുന്‍പ് ഞാന്‍ തന്നെ ചോദിച്ചതാ കേട്ടോ.)

ശനിയാ ഫിഫി ആണോ?

ശനിയന്‍ \OvO/ Shaniyan said...

ഫിഫി?

സു | Su said...

ഫിലോസഫി

ശനിയന്‍ \OvO/ Shaniyan said...

:-) ഞമ്മളൊരു പാവാണേ.. ജീവിച്ചു പൊക്കോട്ടെ.. ;-) (ബേഡാ, ബേഡാ.. ;-) )

myexperimentsandme said...

കൊള്ളാം;

Anonymous said...

reshma, as peringodans said, this story is a good one. your way of narration is great.. [an influence of western style writing.. u must be a good reader]

രാജ് said...

ഈ കഥ ഒരിക്കല്‍ കൂടി വായിച്ചു. അന്നു സേവ് ചെയ്തു എന്നു പറഞ്ഞതു നുണയായിരുന്നില്ല, പിന്നെ വായിക്കാന്‍ മറന്നുവെന്നുമാത്രം. ഇപ്പോള്‍ ഈ ബ്ലോഗില്‍ പുതിയ ഒരു എന്‍‌ട്രി വന്നതിന്റെ കൂടെ ഇതൊരിക്കല്‍ കൂടി വായിക്കുവാന്‍ അവസരം കിട്ടി.

നേരത്തെ പറഞ്ഞതു തന്നെ, ബൂലോഗത്തില്‍ ഇതുവരെ പ്രസിദ്ധപ്പെടുത്തിയ കഥകളില്‍ ഏറ്റവും മികച്ച കഥയിലൊന്നാണിതു്. ഒരിക്കല്‍ കൂടി ഞാനിതു സേവ് ചെയ്യുന്നു ;)

Kumar Neelakandan © (Kumar NM) said...

ഈ കഥ ഞാന്‍ മിസ്ചെയ്തിരുന്നു. വീണ്ടും കാട്ടിത്തന്ന പെരിങ്ങോടനും കമന്റിനും നന്ദി.

രേഷ്മ, നല്ല പക്വതയുള്ള എഴുത്ത്.

തണുപ്പന്‍ said...

രേഷ്മ, ഇപ്പോഴാണ് ഇത് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ഒഴുക്കുള്ള ശൈലി.ഇനിയും പറയാനൊരുപാടുണ്ട്, അല്ലേ ?

Anonymous said...

reshma iniyum than enthezhuthum ennu kaathirikkunnu,valare nannaittundu,shabadathinu niramundennu enikku thonniyittund,athippol urappai,thudarum ennu karuthunnu.