Tuesday, December 05, 2006

യാത്ര

‘82


ഓടി വന്നിട്ടും ജനല്‍ സീറ്റ് കിട്ടാത്തതുകൊണ്ട് മുഖം വീര്‍പ്പിച്ചിരിക്കുകയാണ് അനിയന്‍. അവനെ ദേഷ്യം പിടിപ്പിക്കാനായി ഞാന്‍ ജനലഴികളില്‍ മുഖമമര്‍ത്തിയിരുന്നു.

ഡ്രിങ് ഡ്രിങ്
നിരത്തി വെച്ച കുപ്പികളില്‍ ഓപ്പ്ണര്‍ ഓടിച്ച് കൊണ്ട് വണ്ടിക്കാരന്‍ വന്നു.

“ഉമ്മാ, ഗോള്‍ഡ് സ്പോട്ട്.”
“അടങ്ങിയിരി. വണ്ടീ കേറീല്ല, അപ്പോളെക്കും തൊടങ്ങി.”
“കുട്ടികള്‍ അങ്ങനെയാ. വീട്ടിന്നും ഇറങ്ങിയാ വഴിയില്‍ കാണുന്നതൊക്കെ വേണം.” മുന്നിലെ സീറ്റിലെ നീല സാരിയുടുത്ത ആന്റി പറഞ്ഞു.

ചട്ക്കു പട്ക്കു ചട്ക്കു പട്ക്കു
വണ്ടി നീങ്ങി തുടങ്ങി.

“ഇങ്ങക്ക് കുട്ട്യോളുണ്ടോ” ഉമ്മ ചോദിച്ചു.
“മൂന്നാളുണ്ട്, വെക്കേഷനു എന്റെ അമ്മേടെ വീട്ടില്‍ താമസിക്കാന്‍ പോയിരിക്കാ, ഞങ്ങള്‍ അവിടേക്കാ.”

ചട്ക്കുപട്ക്കു ചട്ക്കുപട്ക്കു ചട്ക്കുപട്ക്കു
തെങ്ങുകളും വീടുകളും പിറകോട്ട് പാഞ്ഞു കൊണ്ടിരുന്നു.
കമ്പികളുടെ തുരുമ്പ് മണം മടുത്ത് തുടങ്ങിയപ്പോ ഞാന്‍ അനിയനെ നോക്കി. തല കുനിച്ച് നിലം നോക്കിയിരിക്കാണ്.

“മക്കള്‍ക്ക് കടലമിട്ടായി ഇഷ്ടമാണോ?” ആന്റി പ്ലാസ്റ്റിക് കവര്‍ കീറി ഞങ്ങള്‍ക്ക് നേരെ നീട്ടി.
മിട്ടായി വായിലിട്ടപ്പോ അവന്റെ കവിള്‍ പിന്നേം വീര്‍ത്തു.

“കൊറച്ച് വറ്ത്തായാണ്” ഉമ്മ ബാഗില്‍ നിന്ന് പൊതിയെടുത്ത് തിരിച്ചും നീട്ടി.

“ഈരണ്ടു കൊല്ലം കൂടമ്പോഴല്ലെ ഇപ്പോ ഇലക്ഷന്‍” ആന്റിയുടെ അടുത്തിരുന്ന അങ്കിള്‍ പേപ്പര്‍ മടക്കി വെച്ചു.

“ കോഴിക്കോടന്‍ ചിപ്സിനെ പറ്റി അച്ഛന്‍ എപ്പോഴും പറയും.”
ആന്റി പൊതി അങ്കിളിനും കൊടുത്തു. തിരിച്ച് ഉമ്മാക്ക് കൊടുത്തപ്പോ ഉമ്മ വാങ്ങിയില്ല.
“അത് വെച്ചോളീ, അച്ഛന് ഇഷ്ടല്ലേ.” ഇനി ഉപ്പുമ്മാക്ക് കൊടുക്കാന്‍ വറുത്തായി ഇല്ല.

എനിക്ക് ബോറടിച്ച് തുടങ്ങി. ഉപ്പയും അങ്കിളും പേപ്പറിലെ കാര്യങ്ങള്‍ പറയാണ്. അങ്കിളിന്റെ അടുത്തായി ഒരു വയസ്സന്‍ ഉറക്കം തൂങ്ങിയിരിക്കുന്നു. അയാളുടെ പുരികങ്ങള്‍ക്കിടയില്‍ നിന്നും രണ്ട് നരച്ച മുടി നീളത്തില്‍ താഴോട്ട്.
എനിക്ക് ചിരി വന്നു.
“നോക്ക് നോക്ക്” ഞാന്‍ അനിയനെ തോണ്ടി.
വാ പൊത്തിപിടിച്ച് അവനും ചിരിക്കാന്‍ തുടങ്ങി.




’92.

നല്ല തിരക്കുണ്ട് ഇന്ന് ട്രെയിനില്‍. ജനല്‍ സീറ്റിന് വേണ്ടി ഓടാതെ ഞാന്‍ അനിയന്റേയും ഉമ്മാന്റേയും ഇടയിലിരുന്നു. എനിക്കായുള്ള അതിരുകള്‍ തിരിച്ചറിയാറായിരിക്കുന്നു. ഞങ്ങളെ എത്തിനോക്കി ഉപ്പയും ഒരറ്റത്തായി ഒതുങ്ങി. ചൂടും വിയര്‍പ്പ് മണവും കട്ടപിടിച്ച ഓരോ ശ്വാസവും മടുപ്പിച്ച്കൊണ്ടിരുന്നു. വണ്ടി ഒന്ന് നീങ്ങിതുടങ്ങിയിരുന്നെങ്കില്‍. മുന്നിലിരുന്ന മധ്യവയസ്ക വായിച്ചുകൊണ്ടിരുന്ന മാസിക താഴെ വെച്ചു. എനിക്ക് സിഗ്നല്‍ മനസ്സിലായി. ഇനി വിസ്താരം തുടങ്ങും. ഉപ്പാന്റെ അടുത്ത് നിന്നും സണ്ഡേ സപ്പ്ലിമന്റ് വാങ്ങി ഞാന്‍ അതിന് പിന്നില്‍ ഒളിച്ചു.

“ഏതു ക്ലാസിലാ മോള്‍ പഠിക്കുന്നത്?”
“പത്തിലേക്കാ.” ഉമ്മ പറഞ്ഞു.
“ആഹാ. ഏതു ഗ്രൂപ്പെടുക്കാനാ മോള്‍ക്കിഷ്ടം.” ഇത്തവണ ചോദ്യം നേരിട്ടാണ്.
“കണക്ക്”
“ഓ ഇഞ്ചിനിയറിങ്ങ് അല്ലേ.”
ഒരു നിമിഷം കഴിഞ്ഞില്ല. “മെഡിസന്‍ അല്ലേ പെണ്‍കുട്ടികള്‍ക്ക് ഒന്നൂടെ നല്ലത്?”

അവര്‍ പറഞ്ഞ് നിര്‍ത്തുന്നതിന് മുന്‍പേ ഉമ്മയും തുടങ്ങി, “അതന്നെ. ഞാനെപ്പോളും പറഞ്ഞു കൊട്ക്കും ഓള്‍ക്ക്, പെണ്ണുങ്ങക്ക് പറ്റിയ പണി ഡോക്ടര്‍ ഭാഗം തന്നാന്ന്.”

പേപ്പറിന് പിറകിലിരുന്നു ഞാന്‍ വെന്തു.

പുറത്തുള്ളവരുമായി സംസാരിക്കുമ്പോഴെങ്കിലും വീട്ടിലെ ഭാഷ മാറ്റികൂടെ ഉമ്മാക്ക്? വിദ്യാഭ്യാസവും സംസ്കാരവും ഇല്ലാത്തവരെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണോ? ഒരു പരിചയവുമില്ലാത്ത ആ സ്ത്രീയുടെ മുന്നില്‍ ചെറുതായപോലെ. ഞാന്‍ ബാഗില്‍ നിന്നൊരു ഇംഗ്ലീഷ് നോവല്‍ വലിച്ചെടുത്ത് അവര്‍ക്ക് കാണാവുന്ന തരത്തില്‍ തുറന്ന് പിടിച്ചിരുന്നു.

അനിയന്‍ തട്ടുപൊളിപ്പന്‍ ഹിന്ദിപാട്ട് പാടാന്‍ തുടങ്ങി.
“ഒന്നു മിണ്ടാണ്ടിരുന്നൂടെ.”
“നിനക്കെന്താ ഞാന്‍ പാടിയാല്‍.”
അച്ചടിച്ച് വാക്കുകള്‍ എന്നോടൊന്നും മിണ്ടാതെയിരിക്കുന്നു.

ഉപ്പയും കൂടെയിരിക്കുന്നവരും കാര്യമായ ചര്‍ച്ചയിലാണ്. മന്ദിര്‍-മസ്ജിദ്.
“എല്ലാം ഈ രാഷ്ട്രീയക്കാരുടെ കളികളല്ലെ?”
“ഉം. ഇനിയെങ്ങോട്ടാ നമ്മുടെ രാജ്യം പൊവ്വാ”
“ഇതൊക്കെ അങ്ങ് വടക്കേന്ത്യയിലേ നടക്കൂ. നമ്മുടെ കേരളത്തില്‍ അഴിമതിയും സമരങ്ങളുമൊക്കെ തഴച്ച് വളര്‍ന്നാലും, വര്‍ഗ്ഗീയത ഇവിടെ പിടിക്കില്ല”.

വര്‍ഗ്ഗീയ വികാരം വേര് പിടിക്കാത്ത് മണ്ണ്: രാഷ്ട്രീയ പ്രബുദ്ധതയുടെ നാട്: മതസൌഹാര്‍ദ്ദത്തിന്റെ ഉത്തമ മാതൃക: വായിച്ചും , കേട്ടും മനസ്സില്‍ പതിഞ്ഞ ക്ലീഷേകള്‍ പകരുന്ന അഹങ്കാരം രഹസ്യമായി നുകര്‍ന്ന് ഞാനുമിരുന്നു.

വണ്ടി ഒരു സ്റ്റേഷനില്‍ നിന്നു.
“ഉമ്മാ ഞാനൊന്ന് നടന്നിട്ട് വരാം” അനിയന്‍ പുറത്തേക്കിറങ്ങി.
എന്നെ കാത്തുനില്ക്കേണ്ടതില്ല എന്ന് അവനുമറിയാം. ഡോക്ടറായാല്‍ എനിക്ക് വിലക്കപ്പെട്ട ഇടങ്ങളിലും പ്രവേശനം കിട്ടോ? നിര്‍ത്തിയിട്ട വണ്ടിയില്‍ വായു പിന്നേയും കട്ടപിടിച്ചു. വിക്റ്റോറിയന്‍ ഇംഗ്ലണ്ടിന്റെ തണുപ്പ് തേടി ഞാന്‍ കൈയിലിരുന്ന നോവലിലേക്കിറങ്ങി ചെന്നു.




‘02

തൊട്ടുരുമ്മി ഇരിക്കേണ്ടി വരുമ്പോഴും നമുക്കിടയിലെ ദൂരങ്ങള്‍ എത്ര സൂക്ഷ്മമായാണ് നമ്മള്‍ നിലനിര്‍ത്തുന്നത്? വണ്ടി നീങ്ങി തുടങ്ങിയപ്പോള്‍ ചാരിയിരുന്ന് മുന്നിലെ മുഖങ്ങള്‍ വായിച്ചെടുക്കാന്‍ ശ്രമിച്ചു. മുഖങ്ങള്‍ക്കെല്ലാം ഒരേ ഭാവം. തൊട്ടുതൊട്ടു നില്‍ക്കുന്ന മുഖങ്ങളെ നനഞ്ഞ കൊമ്പില്‍ പറ്റിപിടിച്ചിരിക്കുന്ന ഇതളുകളായി കവിക്ക് തോന്നിയത് ഇങ്ങനെയൊരു വിരസമായ യാത്രയിലായിരിക്കുമോ?


ഉമ്മ പുതിയ വനിത അരച്ചുകലക്കുന്ന തിരക്കിലാണ്. ഉപ്പയിരുന്ന് ഉറക്കം തൂങ്ങുന്നു. കണ്ടു മടുത്ത വഴിയിലൂടെയുള്ള രണ്ടു മണിക്കൂ‍ൂര്‍ യാത്ര അറ്റമില്ലാതെ നീണ്ടു കിടക്കുകയാണ്. ആരെങ്കിലും എന്തെങ്കിലും സംസാരിച്ചിരുന്നെങ്കില്‍. അല്ലെങ്കിലും പൊതുസ്ഥലങ്ങളില്‍ സംസാരിക്കണമെങ്കില്‍ നമുക്കിപ്പോള്‍ മൊബൈല്‍ വെണമല്ലോ.


ബോറടി മാറ്റാന്‍ ഞാന്‍ പഴയ കളിയിലേക്ക് തിരിഞ്ഞു.

ചട്ക്കു പട്ക്കു ചട്ക്കുപട്ക്കുചക്കുപക്കു

“ഒരു ചോദ്യണ്ട്’” അനിയന്‍ സ്പോര്‍റ്റ്സ്റ്റാര്‍ മാറ്റിവെച്ചു.
അവനും ബോറടിച്ച് തുടങ്ങിയിട്ടുണ്ടാവും. കേട്ടും പറഞ്ഞും മടുത്ത ആനയും ഉറുമ്പും കഥകള്‍ മത്സരിച്ചിറക്കി ഞങ്ങള്‍. അറിയാവുന്ന ചളിയെല്ലാം വാരിയെറിഞ്ഞിട്ടും ഇനിയും ഒരു പാട് ദൂരം.
അപ്പുറത്ത് നിന്ന് സംഭാഷണശകലങ്ങള്‍ കാറ്റ് കൊണ്ടു വരുന്നുണ്ട്: സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍, ജനാധിപത്യ രീതികള്‍- വണ്ടിയുടെ ശബ്ദത്തില്‍ പെട്ട് മുങ്ങിയും മുറിഞ്ഞും. എനിക്കവിടെ ചെന്നിരുന്ന് മുഴുവന്‍ കേട്ടാല്‍ കൊള്ളാമെന്നുണ്ട്. ചില ദൂരങ്ങള്‍ കടക്കാന്‍ ഇപ്പോഴും എനിക്കാവില്ലെന്ന തിരിച്ചറിവോടെയിരുന്നു.

“പോയിട്ടും പോയിട്ടും എത്തുന്നില്ലല്ലോ” അനിയന്‍ പറഞ്ഞു.
“ഉം. പോക്ക് കണ്ടാ തോന്നും ഇപ്പോ പാകിസ്ഥാന്‍ ബോര്‍ഡര്‍ എത്തുംന്ന്.”
“ഹ ഹ. സ്റ്റോപ്. പാക്കിസ്ഥാന്‍. ആളിറങ്ങാനുണ്ടേ.” അവനും വളിപ്പടി മൂഡില്‍ തന്നെ.

പെട്ടന്ന് ഉപ്പ തലയുയര്‍ത്തി നോക്കി, അരുതെന്ന് കണ്ണുകള്‍ കൊണ്ട്.

ഓ.
ഓ മാറാട്.

പാക്കിസ്ഥാന്‍ ഇനി മുതല്‍ ഇന്ത്യന്‍ ടീമുമായി പൊരിഞ്ഞ ക്രിക്കറ്റ് കളിക്കുന്ന ഒരു രാജ്യം മാത്രല്ല. ജനലഴികളുടെ തുരുമ്പ് രുചി നാവില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പോലെ. പരസ്പരം കണ്ണുകളില്‍ നോക്കാതിരിക്കാന്‍ ശ്രദ്ധിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു.

മുന്നോട്ട് പോകും തോറും ഈ നശിച്ച ദൂരം കൂടി വരാണാല്ലോ.

50 comments:

Paul said...

ഓടിയെത്താനാവാത്ത ദൂരങ്ങള്‍, കിതച്ച് കിതച്ചോടുന്ന വണ്ടികള്‍...
രേഷ്, നന്നായിരിക്കുന്നു.

Adithyan said...

ആരാധകന്‍ ഒരു ഒപ്പ് വെച്ചോട്ടെ :)

മനോഹരം...

ദിവാസ്വപ്നം said...

ഇഷ്ടപ്പെട്ടു

രാധ said...

കൊള്ളാം!

ടി.പി.വിനോദ് said...

വളരെ നന്നായിരിക്കുന്നു...കാലുഷ്യത്തിന്റെയും അധികാരത്തിന്റെയും കരുണയറ്റ വേഗങ്ങള്‍ നമ്മുടെ മനുഷ്യപ്പറ്റിനെ ഓവര്‍ടേക്ക് ചെയ്തതിനെ സൂക്ഷ്മവും സുതാര്യവുമായി അടയാളപ്പെടുത്തിയിരിക്കുന്നു...

സുല്‍ |Sul said...

നന്നായിരിക്കുന്നു.

-സുല്‍

Anonymous said...

കടല്‍ക്കരയിലൂടെ കാറ്റേറ്റ് ,ചന്ദ്രഗിരിപ്പുഴ താണ്ടി, വയലിലൂടെ, തലയുയര്‍ത്തി പിടിച്ചിരിക്കുന്ന മുസ്ലീം പള്ളികളുടേയും ഓടിട്ട മുസ്ലീം തറവാടുകളുടേയും മുറ്റത്തുകൂടിയും ഓടി ഓടി മലബാര്‍ എക്സ്പ്രസ്സ് മംഗലാപുരത്തെത്തും.

ഇന്ന് മലബാര്‍ എക്സ്പ്രസ്സ് കൊടികളും തോരണങ്ങളും മുദ്രാവാക്യങ്ങളും പേരു വിളിച്ചറിയിക്കുന്ന “ഗ്രീന്‍ സിറ്റി” യും “ഹനുമാന്‍ നഗറും’ ഒക്കെ താണ്ടി കിതച്ച് കിതച്കാണ് മംഗലാപുരത്തെത്തുക.

പതിവുപോലെ മനോഹരം.

Anonymous said...
This comment has been removed by a blog administrator.
സു | Su said...

ദൂരങ്ങള്‍ താണ്ടുന്ന മനുഷ്യരുടെ മനസ്സുകള്‍ തമ്മില്‍ ദൂരം വര്‍ദ്ധിച്ചിരിക്കുന്നു.

സ്വാര്‍ത്ഥന്‍ said...

മുന്നോട്ട് പോകും തോറും ഈ നശിച്ച ദൂരം കൂടി വരാണാല്ലോ
മനോഹരം

Mrs. K said...

മനോഹരം.... മനോഹരം....

ആദ്യ വനിതാ ബ്ലോഗറാണെന്നൊക്കെ വായിച്ചറിഞ്ഞു. അഭിനന്ദനങ്ങള്‍.

Mrs. K said...

"മലയാളി" വനിതാ ബ്ലോഗര്‍ എന്ന് തിരുത്തിവായിക്കൂ‍ൂ :D

Kumar Neelakandan © (Kumar NM) said...

വല്ലാത്തൊരു ദൂരം. എന്നാല്‍ മനോഹരമായ ദൂരം.

ഓ ടോ: അപ്പോള്‍ നമ്മളാണോ ആ ആദി വനിതാ ബ്ലോഗിണീ? :)

തണുപ്പന്‍ said...

ഭക്ഷണത്തിന്‍റെയെന്നപോലെ മൈലാഞ്ചിയുടെ കഥകളുടേയും കടുത്ത ആരാധകനാണ് ഞാന്‍ .

മുസാഫിര്‍ said...

കാലങ്ങളിലൂടെ ഒരു തീവണ്ടി യാത്ര.ഓരോ യാത്രയിലും മാറുന്ന കാഴ്ച്ചകള്‍.
നല്ല എഴുത്ത്.

reshma said...

നന്ദി.

കുമാര്‍, ഈ ദൂരങ്ങളില്‍ എങ്ങെനെയാ മനോഹാരിത കണ്ടെത്തിയതെന്ന് പറഞ്ഞ് തരാമോ?

Kumar Neelakandan © (Kumar NM) said...

നല്ല ചോദ്യം!
മനോഹരമായത് ഈ എഴുത്തിന്റെ ദൂരം എന്നു ഞാന്‍ പറഞ്ഞാല്‍?

P Das said...

നന്നായിരിക്കുന്നു..

Inji Pennu said...

രേസ്ഷ്മാ‍ാസ്സ്സ്സ്

ഞാന്‍ കുറച്ച് നേരം സ്തുതി പാടട്ടെ, പ്ലീസ് എന്നെ വഴക്ക് പറ്യരുത്.

രേഷ്മേന്റെ എഴുത്തൊക്കെ വായിക്കുമ്പൊ ഞാന്‍ എപ്പോഴും വിചാരിക്കും,you are too intelligent in your writing എന്ന്. അപ്പൊ ഞാന്‍ കരുതും ഈ കുട്ടി ഒന്നില്ലെങ്കില്‍ മാത്തമാറ്റിക്സ് മേജര്‍ അല്ലെങ്കില്‍ എഞ്ചിനീയറിങ്ങ് എന്ന്...ചോദിക്കണമെന്നുണ്ടായിരുന്നു എന്റെ ഗസ്സ് ശരിയാണോയെന്ന്, പിന്നെ വേണ്ടാന്ന് കരുതി...
പക്ഷെ ചോദിക്കാണ്ട് തന്നെ പലതും പറയുന്നതാണ് രേഷ്മ. ആരും കാണാത്തത് കാണാനും, വരികള്‍ എല്ലാവരും വായിച്ചെടുത്ത് വീതിച്ച ശേഷവും പിന്നേയും വരികള്‍ കാണാനും ഈ കുട്ടിക്ക് കഴിയുന്നു..പേരെടുത്ത എഴുത്തുകാരിയേക്കാള്‍ മനസ്സില്‍ നില്‍ക്കുന്ന എഴുത്തുകാരിയാവും എന്ന് മനസ്സ് പറയുന്നു.
രേഷ്മ എഴുതിയ വരികളെല്ലാം എനിക്ക് ഓര്‍മ്മയുണ്ട്.

ഈ അമ്മാമ്മയുടെ എല്ലാ അനുഗ്രഹങ്ങളും രേഷ്മക്കുട്ടിക്ക് എക്കാലവും:)

(ശ്ശൊ! ഇനി അതു രണ്ടുമല്ല സബ്ജെക്റ്റ്, സോഷ്യോളജിയാണെന്ന് പറഞ്ഞ് എന്നെ ചമ്മിപ്പിചാല്‍ ഇടി)

സ്തുതിപാടല്‍ കഴിഞ്ഞു. ഇനി വിമര്‍ശിക്കട്ടെ.‘92 എന്ന് എഴുതരുത്. 1992 എന്ന് എഴുതണം :):)

(ഹഹ..എന്റെ അമ്മയും അപ്പനും പറഞ്ഞ അതേ വാചകങ്ങള്‍. ഇപ്പോഴും അവര‍തു പറയും, പെമ്പിള്ളെര് ഡോക്ട്രാവുന്നതാ നല്ലതെന്ന്) :)

Siju | സിജു said...

രേഷ്മാ..
നന്നായിരിക്കുന്നു
പക്ഷേ, ഒരു തമാശ പറയാന്‍ പാടില്ലാത്തത്ര വര്‍ഗ്ഗീയതയൊക്കെ നമ്മുടെ നാട്ടിലുണ്ടോ

Kuttyedathi said...

രേഷ്മയുടെ ഭാഷയ്ക്കെന്താ ഭംഗി! ‘ചില ദൂരങ്ങള്‍ കടക്കാന്‍ ഇപ്പോഴും എനിക്കാവില്ലെന്ന തിരിച്ചറിവോടെയിരുന്നു.‘ ഇങ്ങനെയൊരു വാചകമെഴുതാന്‍ ഈ ജന്മത്തൊരിക്കലുമെനിക്കു സാധിക്കില്ല . വളരെ വളരെ മനോഹരം.

ഓഫ് : ‘തെങ്ങുകളും വീടുകളും പിറകോട്ട് പാഞ്ഞു കൊണ്ടിരുന്നു.‘ ഈ വണ്ടിയിലിരിക്കുമ്പോള്‍, തെങുകളും വീടുകളും പുറകോട്ടു പോകുന്ന ആ ഒരു ഫീലിങ്ങ്, എന്തേ നമുക്കിപ്പോള്‍ കിട്ടാത്തത് ? അങ്ങനെയൊന്നു കാണാന്‍ ഞാന്‍ കഷ്ടപ്പെട്ടു ശ്രമിച്ചിട്ടും പറ്റണില്ല. എത്ര മസിലു പിടിച്ചിട്ടും ആ വിഷ്വലൈസേഷന്‍ എനിക്കു പിടി തരണില്ല. എന്റെ മാത്രം കുഴപ്പാണോ ? എല്ലാര്‍ക്കും, വലുതായി കഴിഞ്ഞും അങ്ങനെ കാണണുണ്ടോ ? അതോ അതു കുട്ടിയായിരിക്കുംബോള്‍ മാത്രം സാധിക്കുന്ന, നമ്മുടെ ആ സമയത്തെ കണ്ണിന്റെ എന്തെങ്കിലും പ്രത്യേകത്കള്‍ കൊണ്ടാവുമോ ?

Inji Pennu said...

ഏ? എനിക്കിപ്പോഴും ഒരു രണ്ടരകൊല്ലം മുന്‍പ്യ് വരെ കാണാന്‍ പറ്റണുണ്ടല്ലൊ അങ്ങിനെ. തെങ്ങും കുറ്റിപ്പടര്‍പ്പും പുഴയുമൊക്കെ പുറകോട്ട് പോണ പോലെ തോന്നാറുണ്ടല്ലൊ, ഞാനന്നിട്ട് എപ്പോഴും ഈ ഓടിപ്പോണതിനെ ഒക്കെ ഇങ്ങിനെ കണ്ണുകൊണ്ട് എത്തിപ്പിടിക്കാന്‍ മൂക്കൊക്കെ ഇരുമ്പുകമ്പിയില്‍ ചേര്‍ത്ത് വെച്ച് നോക്കിക്കോണ്ടേയിരിക്കും...അയ്യൂ! നാട്ടീ പോവുമ്പൊ ഒന്നൂടെ നോക്കണല്ലൊ..

ഇനി കുട്ട്യേട്ടത്തി വേറെ ഡൈറക്ഷനില് വല്ലോം പോണാണ്ടായിരിക്കുമൊ?

Unknown said...

ആ ട്രാന്‍സിഷന്‍ എനിക്ക് നന്നേ ബോധിച്ചു...!

ഒമ്നിപ്പൊട്ടന്‍റ്...

വല്യമ്മായി said...

നല്ല ചിന്ത രേഷ്മാ,പെണ്ണുങ്ങള്‍ എങിനീയറിംഗിന്‌ പോകുന്നതില്‍ എന്റെ വീട്ടിലും തീരെ താലപര്യമില്ലായിരുന്നു :)

ലിഡിയ said...

വളരെ മനോഹരം, സൂക്ഷ്മം, തീവ്രം..

അഭിനന്ദനങ്ങള്‍.

-പാര്‍വതി.

വേണു venu said...

മുന്നോട്ട് പോകും തോറും ഈ നശിച്ച ദൂരം കൂടി വരാണാല്ലോ.
ദൂരം. ദൂരം.
അനുമോദനങ്ങള്‍. ഒത്തിരി ഇഷ്ടപ്പെട്ടു.

reshma said...

കുട്ട്യേട്ത്തി,
ബാലരമ കയ്യില്‍ കിട്ടിയാ അതു തീരുന്ന വരെ ശ്വാസം എടുക്കാന്‍ പോലും മടികാണിച്ചിരുന്ന ഒരു കാലം കുട്ട്യേട്ത്തിക്കും ഉണ്ടായികാണല്ലോ? ഇപ്പോ മായവി പോലും ഒരു പേജ് പോലും വായിക്കാനാവില്ല എനിക്ക്. ചില കാര്യങ്ങള്‍ കാലത്തിന് അങ്ങ് വിട്ട്കൊടുക്കേണ്ടി വരുംന്ന് തോന്നുന്നു:)

സിജു, വര്‍ഗ്ഗീയത ഞാനളക്കുന്നില്ല:) ചില ‘ഒതുങ്ങികൂടലുകള്‍’കാണാതെയിരിക്കാനാവില്ല. ആ വളിച്ച ത്മാശയും അതിന് ഉപ്പാന്റെ റിയാക്ഷനും ഭാവനയല്ല. കുടുംബത്തെ നോക്കി ബാക്കി സമയം മറ്റുള്ളോര്‍ക്കും ഉപകാരമുള്ള എന്തെങ്കിലുമൊക്കെ ആയി നടക്കുന്ന ഒരു സാദാമലയാളി തന്നെ ഉപ്പ.

നന്ദി.

reshma said...

ഇഞ്ചി, കാര്യായിട്ട് ‘92 എന്നെഴുതുന്നെ തെറ്റാ? എനിക്കറിയില്ലാരുന്നു.
ആശംസകള്‍ തിരിച്ചെടുത്ത് എനിക്ക് മുരിങ്ങയില വിത്ത് മുളപ്പിച്ചെടുക്കാനുള്ള ബെസ്റ്റ് വഴി പറഞ്ഞു തരോ? നാട്ടിന്നും നാലേ നാല് വിത്ത് സ്മഗ്ഗിള്‍ഡ്;)(ഒറ്റികൊടുക്കല്ലേ മോളേ:D). പിന്നെ, അതു മൂന്നുമല്ല, സായിപ്പിന്റെ ഭാഷയും സാഹിത്യവും പഠിച്ച് ഇപ്പോ പണിയില്ലാതെ, വിസയുമില്ലാതെ കണവനേം പ്രേമിച്ച്, കോമിക്സും വായിച്ച് നടപ്പാന്ന് പറഞ്ഞാ...?

qw_er_ty

Siji vyloppilly said...

രേഷ്മയുടെ കഥകള്‍ വായിക്കുമ്പോള്‍ എസ്‌.സിത്താര എന്ന മലയാളത്തിലെ ഇപ്പോഴത്തെ നല്ലൊരു കഥയെഴുത്തുകാരിയുടെ കഥ കളാണ്‌ എനിക്ക്‌ ഓര്‍മ്മവരിക.നിങ്ങളുടെ എഴുത്തുകള്‍ക്കുതമ്മില്‍ വളരെയധികം സാമ്യമുണ്ട്‌.(എനിക്ക്‌ തോന്നുന്നതാണോ എന്നറിയില്ല.)കഥ എനിക്കിഷ്ടായി അതിലുപരി ആ വിഷയവും

K.V Manikantan said...
This comment has been removed by a blog administrator.
K.V Manikantan said...

ദൂരം താണ്ടിയത് കാലമോ, നിങ്ങളോ?

2002 അപ്പുറത്തെ സീറ്റില്‍ സൈഡ് സീറ്റ് കിട്ടാതെ മുഖം വീര്‍പ്പിച്ചിരുന്ന കുട്ടിയും ചേച്ചിയും ഉണ്ടാകില്ലേ?

82ല്‍ ചിലപ്പോള്‍ അപ്പുറത്ത് അടിയന്തിരാവസ്ഥയും മറ്റും കണ്ടു ദൂരങ്ങള്‍ താണ്ടിയ നിരാശര്‍ ഉണ്ടായിരുന്നിരിക്കില്ലെ???

അച്ചടിച്ച് വാക്കുകള്‍ എന്നോടൊന്നും മിണ്ടാതെയിരിക്കുന്നു.
മുന്നോട്ട് പോകും തോറും ഈ നശിച്ച ദൂരം കൂടി വരാണാല്ലോ -പ്രയോഗങ്ങള്‍ കലക്കി.

-സങ്കുചിതന്‍

Inji Pennu said...

ഹഹഹ..എന്റെ രേഷ്മൂസ്. ഞാന്‍ വേറുതെ പറഞ്ഞതല്ലേ? ഹയ്..അതിന് എനിക്കറിയൊ തെറ്റാണൊ ശരിയാണൊയെന്ന്? ഞാന്‍ നമ്മുടെ കമ്പ്യൂട്ടറുകാര്‍ക്ക് ഇങ്ങിനെ 92 എന്ന് പണ്ട് കുറച്ച് സായിപ്പ് എഴുതിയതുകൊണ്ടാണ് ഇത്രേം ജോലി കിട്ടിയത് എന്ന് വെച്ച് ചുമ്മാ തമാശിച്ചതാണ്. Y2K യെ പറ്റി കേട്ടിട്ടില്ലേ?

മുരിങ്ങക്കാ സ്മഗിള്‍ ഒന്നും ചെയ്യണ്ടാ. നമ്മുടെ ആമസോണില്‍ വരെ കിട്ടും. ഞാന്‍ ഇഞ്ചിമാങ്ങേല്‍ എവിടേയോ ഒരു പോസ്റ്റിട്ടിണ്ട് അതിന്റെ ലിങ്ക്..തപ്പി തരാം. അല്ലെങ്കില്‍ ആമസോണില്‍ പോയി ഡ്രംസ്റ്റിക് സീഡ്സ് എന്ന് തപ്പിയാല്‍ മതി. മുരിങ്ങ ഒരു 8 മണിക്കൂര്‍ നേരം വെള്ളത്തില്‍ ഇട്ടിട്ട് പിന്നെ നല്ലോണം ഇച്ചിരെ കമ്പോസ്റ്റോ അല്ലെങ്കില്‍ ചാണകപ്പൊടിയിലോ ചെറിയ ഒരു ചെടിച്ചട്ടിയില്‍ വെച്ച് മുളപ്പിക്കുക. നാട്ടീന്ന്‍ ഞാന്‍ പണ്ട് മേടിച്ചോണ്ട് വന്ന വിത്തൊന്നും മുളച്ചില്ല. എവിടുന്നാ മേടിച്ചേ? കാര്‍ഷിക സര്‍വകലാശാലേന്നാണെങ്കില്‍ നല്ലതാ..അല്ലെങ്കില്‍ ഫുള്‍ പറ്റിക്കത്സ് ആന്റ് വെട്ടിക്ക്ല്സ് ആണ്. അതിനു ഇപ്പൊ അവിടെ തണുപ്പല്ലെ, ഇപ്പൊ ഒന്നും ചെയ്യണ്ടാ. ഏപ്രില്‍ ആവട്ടെ. നമ്മുടെ ഗ്രീന്‍ ബ്ലോഗ് പ്രോജെക്റ്റിന്റെ സമ്മര്‍ റൌണ്ട് അപ്പ് കണ്ടായിരുന്നൊ? 40 കൃഷിക്കാരി പെണ്ണുങ്ങള്‍ ഉണ്ടായിരുന്നുട്ടൊ.

ഈ കൊരട്ടി ഇടുന്ന കാ‍രണം ഞാന്‍ കമന്റ്സൊന്നും കാണുന്നില്ല. പേടിക്കണ്ട, രേഷ്മ പോയ നേരത്ത് ഏവൂര്‍ജി സെര്‍വറൊക്കെ അടിപൊളിയാക്കി എത്ര കമന്റ്സ് വേണേലും ഇട്ടൊ എന്ന് അനുഗ്രഹം തന്നിട്ടുണ്ട്. സൊ, ഡോണ്ട് വറി.

ബിന്ദു said...

ഓരോ യാത്രയിലും നിങ്ങളുടെ തൊട്ടടുത്ത സീറ്റില്‍ ഞാനും ഉണ്ടായിരുന്നു, അവസാനത്തേതില്‍ ഒഴികെ. അപ്പോഴേക്കും എന്നെ കെട്ടിച്ചു വിട്ടു.:)
നല്ല എഴുത്ത്.

Unknown said...

മനുഷ്യര്‍ക്കും മനസ്സുകള്‍ക്കും മതങ്ങള്‍ക്കുമിടയില്‍ ദൂ‍രം പെരുകിക്കൊണ്ടേയിരിക്കുന്നു. ഒരു വണ്ടിക്കും ഓടിയെത്താനാവാത്ത, ഒരിക്കലും ഒടുങ്ങാത്ത ദൂരം!
സംഘടിത മതങ്ങള്‍ക്ക് ചോരയുടെ മണവും രുചിയും പിടിച്ചുപോയി. അതുകൊണ്ട് തന്നെ ദൂരങ്ങള്‍ നിലനിര്‍ത്തിയേ മതിയാകൂ.

തികച്ചും ശ്രദ്ധേയമായ രചന!

reshma said...

പ്രതികരണങ്ങള്‍ക്ക് നന്ദി. ദൂരങ്ങള്‍ എല്ലാ കാലത്തും ഉണ്ടായിരുന്നെന്ന സങ്കുചിത സമാധാനം , ദൂരങ്ങള്‍ പെരുകിയേതീരൂന്ന മൊഴിയില്‍ തകര്‍ന്നല്ലോ:)

qw_er_ty

രാജ് said...

സോറി ഇത് വായിച്ചിരുന്നില്ല, അങ്ങിനെയായിരുന്നു ഈയടുത്തൊന്നും എഴുതുന്നില്ലേ എന്ന സാധാരണ കുശലം പറച്ചില്‍ സംഭവിച്ചതു്. ‘ഇക്കഥ’ വളരെ നന്നായി.

കൈയൊപ്പ്‌ said...

മാറാട്‌, പാകിസ്ഥാന്‍... മുന്നോട്ടു പോകുന്തോറും ദൂരം കൂടി വരികയാണല്ലോ. അല്ല, കുറയുന്നുണ്ട്‌! ചില ദൂരങ്ങള്‍ അങ്ങനെയാണു!

മാവേലികേരളം(Maveli Keralam) said...

അതിമനോഹരമായ ആഖ്യായന ശൈലി. ഇതു കളഞ്ഞുപോകാതെ ശ്രദ്ധയോടെ കാത്തു സൂക്ഷിയ്ക്കു‍

reshma said...

കൈയൊപ്പ് ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായില്ല, ട്ടോ:)

qw_er_ty

Anonymous said...

ചില അകലങ്ങള്‍ അങ്ങനെയാണു. ഒരു റോഡിന്റെ വേര്‍തിരിവാണു അവര്‍ക്കിടയില്‍ ഉണ്ടായിരുന്നത്‌. ഒരു വശത്ത്‌ 191 മുസ്ലിം കുടുംബങ്ങള്‍. മറുവശത്ത്‌ 275 അരയ കുടുംബങ്ങള്‍. അവര്‍ക്കിടയില്‍ സിറിള്‍ റാഡ്‌ ക്ലിഫിന്റെ വര പോലെ ഒരു റോഡ്‌...

എല്ലാ അകലവും മനസ്സിലാണു ആദ്യം കുറിക്കുന്നത്‌. ദുരന്തപൂര്‍ണമായ പകലുകള്‍ക്കു ശേഷം കുടിയൊഴിപ്പിക്കപ്പെട്ടവര്‍ പിന്നെ ഉറങ്ങിയത്‌ അന്യസമുദായാംഗങ്ങളുടെ സംരക്ഷണത്തില്‍. വേര്‍തിരിവുകളൊന്നും വെച്ചു പൊറുപ്പിക്കില്ലെന്ന പുരോഗമന പ്രസ്ഥാനങ്ങളുടെ ഉറച്ച നിലപാട്‌ അകലങ്ങള്‍ കുറയ്ക്കുക തന്നെ ചെയ്യുന്നു!

Anonymous said...

anony 'kaiyoppu'
(javascript error)
-കൈയൊപ്പ്

Anonymous said...

രേഷ്മാ, തങ്കളുടെ കഥയെക്കുറിച്ചുള്ള്‌ ഒരു കമന്റ്‌, അല്‍പം വലുതായിപ്പോയതുകൊണ്ട്‌ എന്റെ 'കേരള ശബ്ദത്തില്‍' ഒരു പോസ്റ്റിങ്ങായി കൊടുത്തിട്ടുണ്ട്‌! അഭിനന്ദനങ്ങള്‍!
http://keralasabdham.blogspot.com/
സന്ദര്‍ശിക്കുക, കമന്റുകള്‍ രേഖപ്പെടുത്തുക!
സസ്നേഹം,
ഷാനവാസ്‌,ഇലിപ്പക്കുളം
Anonymous, reason: blogger beta login issue!

പാപ്പാന്‍‌/mahout said...

രേഷ്‌മയ്ക്ക്, എനിക്കു വളരെ ഇഷ്ടമായി ഈ കഥ. മനോഹരം, അതിമനോഹരം...
qw_er_ty

reshma said...

പാപ്പാന്, നന്ദി. ഇത് ഇഷ്ടമായെന്നറിഞ്ഞത് എനിക്ക് വല്യ കാര്യമാ.

qw_er_ty

അരവിന്ദ് :: aravind said...

രേഷ്മ കുറച്ചുനാള്‍ മുന്‍പ് നാട്ടില്‍ പോയ ശേഷം ഞാനീ വഴി ആദ്യായിട്ടാ.
വൈകിയതില്‍ എന്നോട് തന്നെ എനിക്ക് ക്ഷമ പറയണം.
വരുന്ന ലോംഗ് വീക്കെന്റില്‍ പിറകിലുള്ളതെല്ലാം വായിച്ചു തീര്‍ക്കട്ടെ.

പണ്ടേ ഞാന്‍ പറയാറുള്ളത് പറയുന്നു.
ഇന്റലിജന്റ് റൈറ്റിംഗ്. കഥ അടുക്കുന്നതും, വാക്കുകള്‍ തിരഞ്ഞെടുക്കുന്നതും, പ്രയോഗിക്കുന്നതും..എല്ലാം.

Anonymous said...

രേഷ്മേ, വായിക്കാന്‍ വൈകി.കഥ ഇഷ്ടമായി.

Shahina said...

'യാത്ര' ഇപ്പോള്‍ വായിച്ചേയുള്ളൂ.
മുന്നോട്ടു പോകുംതോറും കൂടിവരുന്ന ദൂരം തന്നെയാണ' എന്നെയും ഭയപ്പെടുത്തുന്നത്‌.
തൊഴിലിടം/അന്തരീക്ഷം നല്‍കുന്ന വ്യാജ സുരക്ഷിതത്വതില്‍ എന്നെപ്പോലുള്ളവര്‍ ധൈര്യം നടിക്കുന്നുവെന്ന് മാത്രം.

Anonymous said...

നന്നായി ഇഷ്ടപ്പെട്ടു.

വായിച്ചതു് ഞാനിനി കണ്ടില്ലാന്നു നടിക്കട്ടെ, രേഷ്മേ.. സമാധാനിക്കട്ടെ ഞാനും..!

Sanal Kumar Sasidharan said...

വണ്ടി വളരെ ലേറ്റാണ് എന്തായാലും ‘12 നു മുന്‍പ് എത്താന്‍ കഴിഞ്ഞത് ഭാഗ്യം..ഏറുന്ന ദൂരത്തെക്കുറിച്ച് വെറുതെയെങ്കിലും ചിന്തിക്കാന്‍ കഴിഞ്ഞല്ലോ..

കല്യാണി said...

2012 എഴുതാൻ സമയമായി രേഷ്