Monday, March 19, 2007

റ്റീ കേക്ക്

കോഴിക്കോട് നഗരത്തില്‍ വര്‍ത്തമാനത്തിന്റെ തിക്കിലും തിരക്കിലും പെടാതെ ഓരങ്ങളില്‍ ഉറങ്ങികിടക്കുന്ന ചരിത്രമുണ്ട്, വൈകുന്നേരങ്ങളില്‍ ഉപ്പിലിട്ട നെല്ലിക്കയുടെ മണവുമായി വരുന്ന കടല്‍കാറ്റുണ്ട്, പെണ്ണ് മനുഷ്യവര്‍ഗ്ഗത്തില്‍ പെട്ടതല്ലെന്ന് തോന്നിപ്പിക്കുന്ന കൈകളും, കണ്ണുകളുമുള്ള തെരുവുകളുമുണ്ട്. ഇവിടത്തെ ജനത്തിന്റെ തുറിച്ച് നോട്ടം അസഹനീയമാണെന്ന് മിഠായിതെരുവ് കാണാനിറങ്ങിയ കോട്ടയംകാരി പറഞ്ഞപ്പോള്‍ അവളുടെ ഇഷ്ടനായകന്‍ കഷണ്ടിതലയനാണെന്ന് തിരിച്ചടിക്കേണ്ടി വന്ന കോഴിക്കോട്ടുകാരികളും ഉണ്ട്. ഈ കുറിപ്പ് കോഴിക്കോടിനേ കുറിച്ചോ, കോഴിക്കോടന്‍ തെരുവുകളെ കുറിച്ചോ, തുറിച്ച് നോട്ടങ്ങളെകുറിച്ചോ അല്ല. കോഴിക്കോട് നഗരത്തില്‍ വയനാട് റോഡിലാണ് കൊച്ചിന്‍ബേക്കറി. ഈ മൂന്നു സ്ഥലങ്ങളുടെ കൌതുകകരമായ ഒത്തുചേരലിനെ കുറിച്ചുമല്ല എനിക്ക് പറയാനുള്ളത്.

കൊച്ചിന്‍ ബേക്കറി പേരെടുത്തതാണ്. അവിടെ നിന്നാണ് അന്ന് മിസ് മാറ്ഗരറ്റും, മിസ് ഗ്രേസും റ്റീ കേക്ക് വാങ്ങിയിരുന്നത്. സഹോദരിമാരായിരുന്നു അവര്‍. പണ്ടൊരു പ്രൈവറ്റ് സ്കൂള്‍ നടത്തിയിരുന്നത്രെ. എന്റെ കുടുംബത്തിലെ കുട്ടികളെല്ലാം തന്നെ ഒന്നോ രണ്ടോ വര്‍ഷം അവരുടെയടുത്ത് ട്യൂഷനു പോയിട്ടുണ്ട്. ഞാനും. അര്‍ദ്ധവൃത്താകൃതിയിലുള്ള നടുമുറിയുള്ള ഒരു വീട്ടിലായിരുന്നു അവര്‍ താമസിച്ചിരുന്നത്. മുറിയുടെ ഒരു ഭാഗത്ത് ചൂരല്‍ കസേരകള്‍ , മറുഭാഗത്ത് തീന്മേശ. തീന്മേശക്കരികിലായി ചൈനകാബിനറ്റ്, അതിന് മുകളിലായി മദര്‍ മേരിയുടെ ചുമര്‍ചിത്രം. ചൈനാകാബിനറ്റില്‍ തിളങ്ങുന്ന തൂവെള്ള ചായകപ്പുകള്‍ ഉണ്ടായിരുന്നു. ചുറ്റും നേര്‍ത്ത സ്വര്‍ണ്ണ
വരയും , ഒരു വശത്തായി ഇളം നിറങ്ങളിലുള്ള പൂക്കളുമായി തിളങ്ങുന്ന ചൈന ചായകപ്പുകള്‍. ഒരിക്കല്‍ മാത്രമെ അവയെ പുറത്തെടുത്ത് ഞാന്‍ കണ്ടിട്ടുള്ളൂ. മിസ് മാര്‍ഗരറ്റിന്റേയും മിസ് ഗ്രേസിന്റേയും വീട്ടില്‍ നിന്നും ഒന്നും കഴിക്കരുതെന്ന് സീനത്ത് പറയുമായിരുന്നു. എല്ലാത്തിലും പന്നിനെയ്യോ, കള്ളോ ഇടുമത്രേ. വെണ്ണ പോലെ അരച്ചെടുത്ത അരിമാവ് നെയ്യ് പുരട്ടിയ കൈകളില്‍ ഉരുട്ടിയെടുത്ത് ചൂടുള്ള കല്ലില്‍ വട്ടത്തില്‍ പരത്തിയെടുക്കാനറിയാമായിരുന്നു സീനത്തിന്. ഒന്നു പരത്തി, അടുത്തത് മറിച്ചിട്ട്, അതിനപ്പുറത്തേത് ചട്ടുകം കൊണ്ടമര്‍ത്തി പൊള്ളിച്ചെടുത്ത്, ഇടക്ക് അടുപ്പിലേക്ക് വിറക് തള്ളി, സീനത്ത് പത്തിരി ചുടുന്നത് കാണാന്‍ രസമാണ്. പക്ഷെ, ആ വിയര്‍പ്പുനാറ്റം. പഴയ വീടുകളില്‍ അടുക്കളകളില്‍ നിന്നേറെ വിട്ടിട്ട് തീന്മുറികള്‍ ഉണ്ടാക്കിവെക്കുന്നത് സീനത്തുമാരുടെ വിയര്‍പ്പുമണം തീറ്റയുടെ രസം കെടുത്താതിരിക്കാനായിരിക്കണം. അല്ല, ഇനി തീന്മുറിയിലേക്ക് വിയര്‍പ്പുനാറ്റം എത്തിയാലും കുഴപ്പമില്ല, പത്തിരിയുടെ മേല്‍ പുരട്ടിയ തേങ്ങാപ്പാല്‍ ഇറച്ചിമസാലയില്‍ ചേരുമ്പോഴുള്ള മണമേ വിരുന്നുകാരുടെ ഓര്‍മ്മകളിലും നില്‍ക്കൂ. സീനത്തിനെ കുറിച്ചുമല്ലല്ലോ പറയാനുള്ളത്.

സീനത്ത് അങ്ങനെ പറഞ്ഞുവെങ്കിലും ഒരിക്കല്‍ ഞാന്‍ മിസ് മാര്‍ഗരറ്റിന്റേയും മിസ് ഗ്രേസിന്റേയും വീട്ടില്‍ നിന്ന് തിന്നിട്ടുണ്ട്. കൊച്ചിന്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ റ്റീ കേക്ക്. ട്യൂഷന്‍ കുട്ടികളുടെ അമ്മമാരെ ചായ കുടിക്കാന്‍ ക്ഷണിച്ച ദിവസമായിരുന്നു അന്ന്. ട്യൂഷന്‍ കഴിഞ്ഞ് മിസ് ഗ്രേസ് ചായ ഉണ്ടാക്കാന്‍ മറഞ്ഞു. മിസ് മാര്‍ഗരറ്റ് കൊച്ചിന്‍ ബേക്കറിയുടെ കവറില്‍ നിന്ന് റ്റീ കേക്ക് എടുത്ത് രണ്ടു പ്ലേറ്റുകളിലായി ഭംഗിയില്‍ മുറിച്ച് വെച്ചു. കഴുകി തുടച്ച ചായ കപ്പുകള്‍ മേശയില്‍ നിരത്താന്‍ ഞങ്ങളും സഹായിച്ചു. ‘പൂക്കള്‍ വിരുന്നുകാര്‍ക്ക്,’ പൂക്കളുടെ ചിത്രം കസേരകള്‍ക്കഭിമുഖമായി വരത്തക്കവണ്ണം ഒരോ കപ്പും തിരിച്ച് മിസ് മാര്‍ഗരറ്റ് മേശക്ക് ചുറ്റും നടന്നു. ചായ എങ്ങെനെ പകര്‍ന്നു കൊടുക്കണമെന്ന് മിസ് മാര്‍ഗരറ്റും മിസ് ഗ്രേസും ഏറെ നേരം ആലോചിച്ചു, ഒടുവില്‍ എല്ലാവരും ഇരുന്ന് കഴിഞ്ഞാല്‍ മിസ് മാര്‍ഗരറ്റ് റ്റീ പോട്ടുമായി വരണമെന്ന് തീരുമാനിച്ചു. വെള്ള ലേസ് മേശവിരി, തിളങ്ങുന്ന ചായകപ്പുകള്‍, രണ്ടു പ്ലേറ്റുകളിലായി തേന്‍ നിറമുള്ള അരികുകളോടെ ടീകേക്ക്- ഒരുക്കങ്ങള്‍ക്കൊടുവില്‍ രണ്ടുപേരും മേശ നോക്കി നിന്നു. വര്‍ദ്ധിച്ച നെഞ്ചിടിപ്പോടെ ഞങ്ങളും.

വന്നത് മഞ്ചുവിന്റെ അമ്മ മാത്രം. മേശക്കു ചുറ്റുമായി ഞങ്ങളിരുന്നു. മിസ് മാര്‍ഗരറ്റ് റ്റീ പോട്ടുമായി വന്നു, മിസ് ഗ്രേസ് പാലും പഞ്ചസാരയും നീട്ടി. ഉണങ്ങിയ തൊണ്ടയില്‍ റ്റീ കേക്ക് പറ്റിപ്പിടിച്ച് ഞാനന്ന് ചുമയടക്കി ബുദ്ധിമുട്ടിയിരുന്നു.

ഇതായിരുന്നു പറയാനുള്ളത്. അതിന് ഇത്രയും എഴുതണോ? മേലേ എഴുതിയതൊക്കെ വെട്ടിയിട്ട് മൂന്ന് വാചകങ്ങളിലൊതുക്കാം.

മിസ് മാര്‍ഗരറ്റും മിസ് ഗ്രേസും സഹോദരിമാരായിരുന്നു. ഞാന്‍ അവരുടെയടുത്ത് ട്യൂഷന് പോയിരുന്നു. ഒരിക്കല്‍ അവരുടെ വീട്ടില്‍ വെച്ച് റ്റീ കേക്ക് എന്റെ തൊണ്ടയില്‍ കുടുങ്ങി.

ഇത്രയും മതി.
പക്ഷെ, ഒരു കാര്യം കൂടിയുണ്ട്. എന്റെ തൊണ്ട ഇടക്കിടക്ക് ഉണങ്ങാറുണ്ട്.

27 comments:

സ്വാര്‍ത്ഥന്‍ said...

രേഷ്...
ഒരുപാട് നാളുകൂടിയാ ഇങ്ങനെ, അല്ലെ?

മിസ് മാര്‍ഗ്രറ്റും മിസ് ഗ്രേസും! അനിയത്തിയോ അവളുടെ കൂട്ടുകാരികളോ ഇവരേക്കുറിച്ച് പറഞ്ഞിട്ടുള്ളതായി ഓര്‍ക്കുന്നു!

Pradeep said...

കോഴിക്കോട് പൊകുബൊല്‍ കൊച്ചിന്‍ ബെക്കരിയില്‍ പൊകനം. റ്റീ കെയ്ക്ക് കഴിചില്ലെങിലും ആ ബെക്കരി കനുകയെങിലും ചെയ്യം.

Reshma, I just stumbled on your blog, just after I installed a transliteration software on my PC and began experimenting with the tool. As you would have seen, I am not able to get some letters right.

What I downloaded was Tavultesoft Keyman 6.0. How do I get all the Malayalam letters right. Even മലയാലം is turning out wrong!

സ്വാര്‍ത്ഥന്‍ said...

പ്രദീപ്...
ഇളമൊഴിയിലെ ഹെല്പ് കാണൂ...

കൃഷ്‌ | krish said...

വായിച്ചു വായില്‍ വെള്ളം ഊറി.
ഓ.. അപ്പോള്‍ ഇതു കഴിക്കണമെങ്കില്‍ ഒരു കുപ്പി വെള്ളം ആദ്യം കരുതണം അല്ലേ..

-സു‍-|Sunil said...

http://mailaanji.rediffblogs.com/
ഇതിപ്പോ ഇല്ലേ രേഷ്? ഞാന്‍ പഴയത് ചിലത് തപ്പിപോയപ്പോള്‍ അവിടെ വേറെ എന്തൊക്കെയോ കണ്ടു. ഏതാ ശരി? -സു-

ബിന്ദു said...

ഹിഹി.. രേഷ്... ഇതു കൊള്ളാം. ബഹുത്ത് അഛാ‍്..
ഇടയ്ക്കെഴുന്നെറ്റിത്തിരി ചായ കുടിക്കൂ. :)

Inji Pennu said...

വീട്ടില്‍ അമ്മക്ക് രണ്ട് തരം ഗ്ലാസ്സുകള്‍ ഉണ്ട്. ഭംഗിയുള്ള പൂവുള്ള, സ്വര്‍ണ്ണ വരകളുള്ള വിലകൂടിയ ചില്ലലമാരി അലങ്കരിക്കുന്ന ക്രിസ്റ്റ‍റ്റലിന്റെ മറ്റും ഗ്ലാസ്സുകള്‍, ചായക്കറ ഉണങ്ങി പിടിച്ച വേലക്കാരി വിമ്മിട്ട് തേച്ചിട്ടും തേച്ചിട്ടും നിറം കിട്ടാത്ത വിലകുഞ്ഞ നിറം മങ്ങിയ ചില്ലു ഗ്ലാസ്സുകള്‍. നിറം കുറഞ്ഞവ വെയിലേറ്റ് മുഖം കരുവാളിച്ച വരുന്ന പണിക്കാര്‍ക്ക്. ചില്ല് ഗ്ലാസ്സില്‍ അവര്‍ക്ക് ‍ചായയോ മറ്റോ കൊടുക്കുന്നത് തന്നെ വലിയ കാര്യമായി കരുതിയിരുന്നവര്‍. വീട്ടിലെ എല്ലാവരും കുടിക്കുന്ന ഗ്ലാസ്സിലായിരിക്കണം അവര്‍ക്കും ചായയെന്ന് അവര്‍ കരുതിയിരുന്നിരിക്കണം. ചില്ല് ഗ്ലാസ്സില്‍ വേണ്ടമ്മാ എന്ന് അവര്‍ എത്രയോ തവണ പറഞ്ഞിരിക്കുന്നു. ഏയ്, ഞങ്ങള്‍ക്കങ്ങിനെ തരം തിരിവില്ലായെന്ന് ഒട്ടും കൂസാതെ അമ്മയും.

നിറം മങ്ങിയ ചില്ലു ഗ്ലാസ്സുകള്‍ പോലെയാണ് നിറം മങ്ങിയ ആ പണിക്കാരെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എത്ര ഉരച്ച് തേച്ചാലും നിറം കിട്ടാത്തവര്‍. എങ്കിലും വില കൂടിയ ചില്ല് ഗ്ലാസ്സുകളാണവരെന്ന് നമ്മള്‍ എത്ര നന്നായി അവരെ കബളിപ്പിക്കുന്നു.

എപ്പൊഴെങ്കിലും ദൂര യാത്രയില്‍ ആവുമ്പോള്‍ തൊണ്ട വരളുന്നതിന് ഏതെങ്കിലും മാടക്കടക്കരുകില്‍ കാറ് നിറുത്തി ചൂടുള്ള ചായ നിറം മങ്ങിയ ഗ്ലാസ്സില്‍ നിന്ന് മൊത്തി മൊത്തി കുടിക്കുന്ന അമ്മയെ കാണുമ്പോള്‍ എനിക്ക് ചിരി പൊട്ടാറുണ്ട്. പണിക്കാരുടെ നിറം മങ്ങിയ ചില്ല് ഗ്ലാസ്സുകള്‍ അല്ലാതെ ആ മാടക്കടയില്‍ വേറൊന്നും ഇല്ലതാനും.

ഇപ്പൊ ഞാനെന്താ ഇതൊക്കെ ഇവിടെ പറഞ്ഞു വന്നെ? തൊണ്ട വരളുമ്പോള്‍, എവിടുന്നായാലും ചായ കുടിക്കുക!

ഒരുപാട് തിരക്കിലാണ്, എങ്കിലും ഇത് പറയാതെ പോയാല്‍ എന്റെ തൊണ്ട വരളുന്നു.

evuraan said...

ചായക്കറ ഉണങ്ങി പിടിച്ച വേലക്കാരി

വേലക്കാരി ചായപാത്രത്തിലായിരുന്നോ താമസം?

ഒരു നൂറു വട്ടം ഇമ്പോസിഷന്‍ എഴുതണം ഇഞ്ചി. (100 വട്ടം ക്വാപ്പി പേസ്റ്റല്ല ) ☺

കര്‍ത്താവാരാ കര്‍ത്തിരിയേതാ ക്രിയയേതാന്നു എനിക്കു മാത്രമേ സംശയമുണ്ടായുള്ളൂ എന്നാണോ ഇനി?

ഒടുവില്‍ ഇമ്പോസിഷന്‍ ഞാനെഴുതേണ്ടി വരുമോ?

:)

സു | Su said...

എനിക്ക് തൊണ്ട വരളാറില്ല. കേക്ക് തിന്നാത്തതുകൊണ്ടാവും. പക്ഷെ, വരളാത്ത തൊണ്ട കാരണം, മനസ്സെന്ന് പറയുന്നത് നീറുമ്പോള്‍ തൊണ്ട വരളാന്‍, ഒരു കേക്കിന്റെ തുണ്ടിന് വേണ്ടി ഞാനും കൊതിക്കാറുണ്ട്. കേക്ക് തിന്ന്, തൊണ്ട വരണ്ട്, ചായയും കുടിച്ച് ഇരിക്കുന്ന സുഖമോര്‍ക്കുമ്പോള്‍ത്തന്നെ ഒരു സുഖം! വേറൊന്നും അറിയേണ്ടല്ലോ.

വിശ്വപ്രഭ viswaprabha said...

രേഷ്മേ,

നിന്റെ ഈ എഴുത്തും എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നുവല്ലോ!

എന്തൊരു കഥാകഥനസൂത്രമാണിത്! നിശ്ചയമായും ഏതോ നല്ല പുസ്തകങ്ങള്‍ വായിച്ചിട്ടുള്ളതിന്റെ വിയര്‍പ്പും നെയ്യും നീരാവിയുമുണ്ടിതില്‍!


നിനക്കു വേണമെങ്കില്‍ മൂന്നേ മൂന്നു വാചകങ്ങളില്‍ സീനത്ത് പത്തിരിയുണ്ടാക്കുന്നതുപോലെ, ഇറച്ചിമസാലയുടെ മണംകൊണ്ടു മൂടി ഈ കഥ പറയാമായിരുന്നു എന്നെനിക്കു മനസ്സിലായി.

എങ്കിലും പ്രതീക്ഷിച്ചവരെല്ലാം എത്തില്ലെന്നു മനസ്സിലായിട്ടുപോലും,എത്രയോ ശ്രദ്ധിച്ച് ഒരു യൂറോപ്യന്‍ തീന്മേശയില്‍ തിളങ്ങുന്ന സ്വര്‍ണ്ണവരകള്‍ അരികു ചൂടുന്ന താലങ്ങളില്‍ നീ വാക്കുകള്‍ മുറിച്ചുവെച്ചിരിക്കുന്നു!

പൂക്കളെ ഞങ്ങള്‍ക്കഭിമുഖമാക്കി നിര്‍ത്തി തുറിച്ചുനോട്ടക്കാരുടെ കണ്ണുകള്‍ വശം തിരിച്ചുവെച്ച്, പോയ്‌മറഞ്ഞ ഉണ്മയുടെ ചരിത്രങ്ങള്‍, ആതിഥേയത്വത്തിന്റെ ഉത്കണ്ഠകളോടുകൂടി, നിന്റെ കഥയില്‍നിന്നും ഞങ്ങളെ ഉറ്റുനോക്കുന്നു!

എല്ലാ വരികളിലും പാകത്തിന് പാലും പഞ്ചസാരയും ചേര്‍ത്ത്,
പന്നിനെയ്യും കള്ളും എന്നിട്ടുമില്ലാതെ,
ഹലാലായി ഒരു കഥ പറഞ്ഞിരിക്കുന്നു നീ!

വരളുന്ന തൊണ്ടകള്‍ക്ക് ഓരം ചേര്‍ന്ന് കോഴിക്കോടിന്റെ തെരുവുകള്‍ പിന്നിലേക്കു് അതിവേഗം പാഞ്ഞുപോകുന്നു ഇപ്പോള്‍!

നന്ദി രേഷ്മേ!

അരവിന്ദ് :: aravind said...

രേഷ്മ ഉദ്ദേശിച്ചത് മനസ്സിലായോ എന്നെനിക്ക് മനസ്സിലായില്ല..എങ്കിലും ആസ്വദിച്ചു.

എത്രയോ കഥകള്‍ അങ്ങനെ ഞാനാസ്വദിച്ചിരിക്കുന്നു!

ചെറുതായി നൊന്തു.

:-)

കരീം മാഷ്‌ said...

മൂന്നു വട്ടം വായിക്കേണ്ടി വന്നു അര്‍ത്ഥം ഏതാണ്ടു ഗ്രഹിക്കുവാന്‍.
വിശ്വം വിമര്‍ശിച്ചതിനപ്പുറത്തു,
ത്രിമാനത്തിനപ്പുറത്തു പലരും കാണാത്തിടത്തു,
മറ്റൊന്നു മിന്നായം മിന്നിയപ്പോള്‍
അറിയാതെ ഇരിപ്പിടത്തില്‍ നിന്നുയര്‍ന്നു.
മനസ്സു എന്നോടു പറഞ്ഞു പേന കളഞ്ഞിട്ടു പോടാ,
വെടുതെ മനഷ്യന്മ്മാരുടെ സമയം മെനക്കെടുത്താതെ.
തന്റെ മോണയില്‍ ക്യാന്‍സറും വായില്‍ വിഡ്ഡിത്തവുമായി,
ജല്‍പ്പനങ്ങളുമായി,
നടക്കുന്നു.
കേക്കിനായി കാത്തിരിക്കുന്നവര്‍ക്കു കുടിക്കാന്‍ വെള്ളം വെക്കാതെ,
നീ അവരുടെ തൊണ്ട വരളുന്നതു കണ്ടുള്ളിലൂറിച്ചിരിക്കുന്നോ?

ദ്രോഹി, വലിച്ചെറിയുക നിന്റെ എഴുത്താണി.

വക്കാരിമഷ്‌ടാ said...

എന്റേതായ രീതിയില്‍ മനസ്സിലാക്കി എന്റേതായ രീതിയില്‍ ആസ്വദിച്ചു. എനിക്കിഷ്ടപ്പെട്ടു.

ഏവൂരാനേ, വേലക്കാരന്‍ തോമ ഇരിക്കിണ്ടടത്തിരുന്നില്ലെങ്കില്‍ വേലക്കാരി പിന്നെ ചായപ്പാത്രത്തിലിരുന്നല്ലേ പറ്റൂ- ആ സത്യമല്ലേ ഇഞ്ചി പറഞ്ഞത് :)

Siji said...

രേഷ്മ,
കഥക്കുള്ളില്‍ കഥാകൃത്തിന്‌ മാത്രം അറിയാവുന്ന അര്‍ഥതലങ്ങള്‍ ഉണ്ടോ എന്നറിയില്ല.നല്ല ആഖ്യാന ശൈലി. എനിക്കിഷ്ടപ്പെട്ടുട്ടോ.

അപ്പു said...

എഴുത്തിന്റെ ശൈലിയും രീതിയും ഇഷ്ടപ്പെട്ടു. ഇനിയും പ്രതീക്ഷിക്കുന്നു.
കരീം മാഷേ, താങ്കള്‍ മേല്‍പ്പറഞ്ഞ കമന്റില്‍ എന്താണുദ്ദേശിച്ചതെന്ന് മനസ്സിലായില്ല.

വേണു venu said...

കഥ മനോഹരമായി ആസ്വദിച്ചു. വായനയ്ക്കു ശേഷവും മനസ്സില്‍‍ അനുരണനങ്ങള്‍‍ ഉണര്‍ത്തുന്ന കഥ.:)

കണ്ണൂസ്‌ said...

രേഷ്‌ എനിക്ക്‌ വളരെ പ്രിയപ്പെട്ട ഒരു എഴുത്തുകാരിയാണ്‌. ഈ കഥക്ക്‌ തേങ്ങയുടക്കാമായിരുന്നു എനിക്ക്‌. എന്നാലും ആദ്യം തന്നെ ഒരു നെഗറ്റീവ്‌ അഭിപ്രായം ഇടണ്ട എന്ന് വെച്ച്‌ ഒന്നും എഴുതാതെ പോയതാണ്‌. ഇപ്പോ വീണ്ടും വിശ്വേട്ടന്റേയും കരീം മാഷുടേയും കമന്റുകള്‍ വായിച്ചപ്പോള്‍ രണ്ടു വട്ടം കൂടി വായിച്ച്‌ നോക്കി.

എനിക്ക്‌ മനസ്സിലായിടത്തോളം രേഷിന്റെ "യാത്ര"യുടേയോ "തിരുത്തലുകള്‍ കാത്തി"ന്റേയോ അടുത്ത്‌ നില്‍ക്കില്ല ഇതെന്നാണ്‌ ഇപ്പോഴും തോന്നുന്നത്‌.

പ്രിയംവദ said...

ബ്രിട്ടീഷ്‌ അധിനിവേശത്തിന്റെ ബാക്കി പത്രം പോലെ ,നീല കണ്ണുകളുള്ള ആഷിലി..റോസാ ദളം പോലെ ചുണ്ടുകളുള്ള റോസ്‌ മേരി ..അവളെ റോസ്‌ മാറി എന്നു വിളിക്കണമെന്നു നിഷ്കര്‍ഷിക്കുന്ന അവളുടെ മമ്മയായ ഗ്ലാഡിസ്‌ ടീച്ചര്‍ ..
അവരുടെ വീട്ടിലെ സല്‍ക്കാരമുറിയുടെ പ്രതേയ്‌കത അന്നു എന്നെ വിസ്മയിപ്പിച്ചു ..ഉമ്മറം മുതല്‍ പിന്‍ മുറ്റം വരെ നീണ്ടു കിടക്കുന്നു അതു ഡാന്‍സ്‌ ഹാളണത്രെ ഒരു പാടു പാര്‍ട്ടികളുക്കു സാക്ഷ്യം വഹിച്ചു വിളര്‍ത്ത കുറെ ഫ്ലവര്‍ ബാസ്കെറ്റുകളും അവിടെ കണ്ടു

നാട്ടുകാരോടുള്ള ഇടപഴകലില്‍ എന്നും ഒരു confusion അവര്‍ക്കു ഉണ്ടായിരുന്നു ..തുടരാനും കളയാനും വയ്യാത്ത ആഥിത്യ മര്യാദകള്‍..വസ്ത്ര ധാരണ ശീലങ്ങള്‍... അവരുടെ വൈവശ്യം പ്രകടമായിരുന്നു.. പക്ഷെ റോസ്‌ മേരിയുടേയും ആഷ്ലിയുടേയും മമ്മയുടേയും മനസ്സെനിക്കറിയാമായിരുന്നൂ.. അവരുടെ വീട്ടില്‍ ഉണ്ടായിരുന്ന അന്നു നാട്ടില്‍ അത്ര പ്രചാരമില്ലാത ചിക്കൂ അഥവാ സപ്പോട്ട പോലെ മാധുര്യമുള്ളതു ..അവരൊക്കെ എവിടെ ഇപ്പോള്‍? റേഷ്‌ അവരെയൊക്കെ ഓര്‍മിപ്പിച്ചു..

ഇത്തിരിവെട്ടം|Ithiri said...

രേഷ്മ... :)

mariam said...

എല്ലായ്പ്പൊഴും തുറന്നു കിടക്കുന്ന ഒരു മനസ്സ്‌!. ( ക്രാഫ്റ്റ്‌ കൊണ്ടൊരു റ്റീപ്പാര്‍ട്ടി!).

രേഷ്‌, നിങ്ങളെ പ്രണയിക്കാതിരിക്കാന്‍ പലപ്പോഴും മനസ്സും ശരീരവും ഇറുകി പൂട്ടേണ്ടിവരുന്നു.

-മറിയം-

ദേവന്‍ said...

രേഷ്മ വരച്ച ചിത്രം പതിവുപോലെ കടുത്ത ചായങ്ങളില്ലാതെ, സോംബര്‍ ഹ്യൂ അല്‍പ്പം കൂടിയ ചിത്രം. നന്നായി.

ശാലിനി said...

“വന്നത് മഞുവിന്റെ അമ്മ മാത്രം“ എനിക്ക് ഈ വരികളാണ് ഏറ്റവും ഇഷ്ടപെട്ടത്.

ഇന്നലെ വായിച്ചപ്പോള്‍ മുതല്‍ കമന്റിടാന്‍ ശ്രമിക്കുകയാണ്, ഇപ്പോഴാണ് പറ്റിയത്.

Siju | സിജു said...

ഇഷ്ടപെട്ടു, പ്രത്യേകിച്ചും കഥ പറഞ്ഞ രീതി

ചക്കര said...

:)

salim | സാലിം said...

ഞാന്‍ ഈ കൊച്ചിന്‍ ബേക്കറിയുടെ ഒരുപാട് തവണപോയിട്ടുണ്ട്. രേഷ്മ പറഞ്ഞപ്പോഴാണ് അത് ഇത്ര ഫെയ്മസാണെന്നറിഞ്ഞത്.ഇനി അത്വഴി പൊകുമ്പോള്‍ രേഷ്മയെ ഓര്‍ക്കാതിരിക്കില്ല

Reshma said...

കണ്ണൂസ്, കുറച്ചധികം കാലം മറിച്ചിട്ട് തിരിച്ചിട്ട് കളിച്ചതാ ഇതിനെ. റ്റീ കേക്ക് എന്തോണ്ടാ വേവാത്തത് എന്ന് എന്നിട്ടും മനസ്സിലായില്ല. എഴുത്തുകാരും ബ്ലോഗ്ഗര്‍മാരും തമ്മിലുള്ള ഒരു വ്യത്യാസം ഇതായിരിക്കും ല്ലേ.(ഉം അതന്നെ, മുന്‍‌കൂര്‍ ജാമ്യം:D)

നന്ദി:)

Rajeeve Chelanat said...

രേശ്മ,

ചെറിയ ഒരു ആശയം, വളരെ നന്നായി എഴുതിയിരിക്കുന്നു. കരച്ചില്‍ ഉള്ളില്‍ ഒതുക്കും വിധം നിശ്ശബ്ദമായി.
പിന്നെ, കൃഷ്‌ ഈ കഥയെ വായിച്ചതും, അനുഭവിച്ചതും ഏതു കണ്ണും, മനസ്സുംകൊണ്ടാണെന്നു അത്ഭുതവും തോന്നി. ഓരോരുത്തര്‍ക്കും ഓരോ വായന..അല്ലേ..അങ്ങിനെ ആശ്വസിക്കാം.