Saturday, September 01, 2007

പയങ്കഥ

കിട്ടുന്ന മിട്ടായിയെല്ലാം ബീമ ഒരു പിഞ്ഞാണത്തിലിട്ട് ജനല്‍പ്പടിമേല്‍ വെക്കും. അസര്‍ കഴിഞ്ഞ് നിസ്ക്കാരപ്പടം മടക്കുമ്പോളായിരിക്കും ബീവിയേ, ഇനിക്ക് മധുരണ്ടോന്നും ചോദിച്ച് ഉപ്പാപ്പ കേറി വരുക. വാപ്പക്കിങ്ങനെ ഷുഗറ് കേറ്റലീ ഉമ്മാ, പയേ പോലാണോന്ന് മക്കള്‍ പിരുസം കൊണ്ട് ഒച്ചയിടുമ്പം ഉപ്പാപ്പ ചിരിക്കും. ഒക്കെ പടച്ചോന്റെ കൈക്കലല്ലേ.

ബീവി ഉമ്മേം ഉപ്പാപ്പേം. ബീമേം ഉപ്പാപ്പേം. ബീമേപ്പാപ്പേം. ബീമയും ഉപ്പാപ്പയും മരിക്കുമെങ്കില്‍ ലോകത്തുള്ളതെല്ലാം മരിക്കുമെന്ന് പടാപ്പറത്തെ ഉരുണ്ട തൂണില്‍ ഒരു കൈ ചുറ്റി വട്ടം കറങ്ങിയിരുന്ന ട്രൌസറുകാരന് തോന്നി. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മരുഭൂമിയിലെ ഓയല്‍ റിഫൈനറയില്‍ പൈപ്പുകള്‍ക്കിടയില്‍ ഇരുന്ന് കൊണ്ടവന്‍ തന്നെ കാത്തിരിക്കുന്നവള്‍ക്കെഴുതും, ഉപ്പാപ്പ ബീമയെ നീ എന്ന് പോലും വിളിച്ച് കേട്ടിട്ടില്ല. ഞാനും അങ്ങനെയാവാന്‍ ആഗ്രഹിക്കുന്നു.

ചുക്കപ്പത്തിനായി മാവ് കൈകളില്‍ ഉരുട്ടിയുരുട്ടിയെടുക്കുന്ന നേരങ്ങളില്‍ ബീമയുടെ പയങ്കഥകളും അതൃപ്പത്തില്‍ മുറത്തിലേക്ക് വീഴും. മൂപ്പര് പന്ത് കളിക്ക്ണേട്ത്ത് ചെന്നല്ലേ ന്റെ അമ്മോന്‍ കണ്ടുറപ്പിച്ചത്? അന്ന് ഇനിക്ക് ദാ ഇത്ര ഒയരം. മൂപ്പരന്നെ കട്ടിന്മേല്‍ കേറ്റിതരലൈന്നും. ബീമ ചിരിക്കുമ്പോള്‍ കഴുത്തിലെ മടക്കുകള്‍ കൊസറ കളിക്കും. മാപ്ലേം ബീടര്‍ക്കുമിടയില്‍ നിരുമ്പും കള്ളത്തരം പാടില്ലാന്ന് ബീമ ഉരുട്ടിയിട്ടത് അപ്പുറത്ത് ഫസ്റ്റ് ലോ ഓഫ് തെര്‍മോഡൈനാമിക്സിന് മുന്‍പില്‍ വായും പൊളിച്ചിരുന്ന പേരകുട്ടിയുടെ ഉള്ളിലേക്ക് ഉരുണ്ട് വീണ്, അവിടെ അതില്‍ കുറഞ്ഞതൊന്നും നല്‍കാനുമാവില്ല, സ്വീകരിക്കാനുമാവില്ലെന്ന ചിന്തയായി മുളച്ച് വന്നു.

രണ്ടൌസം കിടന്നിട്ട് ബീമ മരിച്ചു. റബ്ബ് സ്വീകരിക്കട്ടെ. വരുന്നവരും പോകുന്നവരും പടാപ്പര്‍ത്ത് കൂ‍നിയിരിക്കുന്ന വയസ്സനെ നോക്കിയുരുകി, പത്തറുപത് കൊല്ലായില്ലേ? അധികം വൈകാതെ ആ വയസ്സന്‍ തകര്‍ന്നടിഞ്ഞു പോകുമെന്ന് അവരുടെ മനസ്സുകള്‍ പിടച്ചു.

ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞ് ലീവില്‍ വന്ന പഴയ ട്രൌസറുകാരന്‍, കൊച്ചുമക്കളോടൊപ്പം ഹരാവരം കൂട്ടികളിക്കുന്ന ഉപ്പാപ്പനെ നോക്കി മറവി ഒരനുഗ്രഹമാണെന്ന് പറഞ്ഞപ്പോഴും, കടപ്പുറത്ത് ഒരടയാളമായി എന്നെന്നും ഉണ്ടാകുമെന്ന് കരുതിയിരുന്ന കടല്‍പ്പാലത്തിന്റെ ജീര്‍ണ്ണിച്ച തൂണുകള്‍ കണ്ടപ്പോഴുണ്ടായ തളര്‍ച്ചയാണവന് തോന്നിയത്. സലാം പറഞ്ഞിറങ്ങുമ്പോള്‍ അവന്റെ കൈ തന്റെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ഉപ്പാപ്പ പറഞ്ഞു എല്ലാ ഓത്തിനും ബീമക്ക് വേണ്ടി ദുആര്ക്കണേ.

33 comments:

വിഷ്ണു പ്രസാദ് said...

എഴുതാതിരിക്കരുത്...

സാരംഗി said...

രേഷ്മ, ഉപ്പാപ്പയും ബീടരും തമ്മിലുള്ള സ്നേഹം വളരെ നന്നായി എഴുതിയിരിക്കുന്നു. വിഷ്ണു മാഷ് പറഞ്ഞതുപോലെ,

"എഴുതാതിരിയ്ക്കരുത്"..
:)

സു | Su said...

ഒന്നും മറക്കാത്ത ഉപ്പാപ്പ. മറവി ഉണ്ടെങ്കില്‍ അല്ലേ, അനുഗ്രഹമാവൂ. ബീമയെ ഓര്‍ക്കുന്നു. അതുമാത്രം മതിയല്ലോ ജീവിക്കാന്‍.

കരീം മാഷ്‌ said...

"മാപ്ലേം ബീടര്‍ക്കുമിടയില്‍ നിരുമ്പും കള്ളത്തരം പാടില്ലാന്ന്....."
ഈ ഒരൊറ്റ വരിക്കിടയില്‍ ഒളിപ്പിച്ച സന്ദേശം നഷ്ടപ്പെടുത്തിയ തലമുറയാണോ ശാന്തികിട്ടാത്ത
ദാമ്പത്യം സഹിക്കുന്നത്?

വല്യമ്മായി said...

വളരെ ഇഷ്ടമായി കഥയും അവതരണവും

തറവാടി said...

മനോഹരം‌ , ഹൃദ്യം‌ ,
അഭിനന്ദനങ്ങള്‍‌

വേണു venu said...

ഓര്‍മ്മകളിലൂടെ ജീവിച്ചേ മതിയാകൂ.ഹൃദ്യമായിരിക്കുന്നു.:)

മുസ്തഫ|musthapha said...

“...ഉപ്പാപ്പ ബീമയെ നീ എന്ന് പോലും വിളിച്ച് കേട്ടിട്ടില്ല. ഞാനും അങ്ങനെയാവാന്‍ ആഗ്രഹിക്കുന്നു...”

വല്ലിമ്മയെ ‘എടോ...’ എന്ന് മാത്രം വിളിച്ചിരുന്ന ഇപ്പയെ (വല്ലിപ്പയെ - ഇപ്പാ എന്നാ വിളിച്ച് ശീലിച്ചത്) ഓര്‍മ്മ വന്നു...

മനോഹരമായിരിക്കുന്നു...

സിദ്ധാര്‍ത്ഥന്‍ said...

dപിരുസം
അതൃപ്പം
നിരുമ്പും
എന്നീ വഹകളുടെ അര്‍ഥം ചോദിച്ചാല്‍ കുഴപ്പമാവുമോ?

നന്നായി കേട്ടോ.

ചില നേരത്ത്.. said...

പിരുസം- ഇഷ്ടം
അതൃപം - ഇതും ഇഷ്ടത്തിന്റെ പര്യായമാണെന്ന് തോന്നും.ഇനി ആകാംഷ എന്നുമുണ്ടോയെന്നും തോന്നും.
ബീവി ഉമ്മേം ഉപ്പാപ്പേനേം ചേര്‍ത്തെഴുതി പിരിച്ചെഴുതി ട്രൌസറുകാരനെ പ്രവാസിയാക്കി തിരിച്ചെത്തിച്ച്,ഉപ്പാപ്പാന്റെ ആരാവാരം, അങ്ങിനെയങ്ങിനെ രേഷ്മ ടച്ചിന്റെ മനോഹാരിത!!

സഹയാത്രികന്‍ said...

നന്നായിരിക്കണു.... ആശംസകള്‍.

Visala Manaskan said...

കഥ സ്‌നേഹത്തെക്കുറിച്ചാവുമ്പോള്‍ എല്ലാ വാക്കുകളുടെയും അര്‍ത്ഥമറിഞ്ഞില്ലേലും സാരല്യ.

രേഷ്മാജി, വിഷ്ണുമാഷ് പറഞ്ഞത് തന്നെ...എഴുതാതിരിക്കരുത്!

reshma said...

അതൃപ്പം -ഇഷ്ടം തോന്നുന്ന പോലെ, ഭംഗിയായി എന്നൊക്കെ.
നിരുമ്പും- അല്പം പോലും.
‘പിരുസ’ത്തിന് ഇബ്രുന് ഫുള്‍ മാര്‍ക്ക്.

വിശാല‍ന്‍സ്, എന്തൊരു പറച്ചിലാ അത്!

സന്തോഷമുണ്ട്:)

കണ്ണൂസ്‌ said...

മറവി അനുഗ്രഹമോ? ആര്‍ക്കാ മറക്കേണ്ടത് അല്ലേ?

നാട്ടീന്ന് ചുക്കപ്പത്തിന്റെ കൂടെ ഒരു ഭാണ്ഡം നിറയെ കഥയും കൊണ്ടു പോന്നിട്ടില്ലേ രേഷേ?

സുല്‍ |Sul said...

നല്ല കഥ.

umbachy said...

വല്ലിമ്മ
ഉണ്ടാക്കുന്നതിന് റെ രുചി പറഞ്ഞനുഭവിപ്പിക്കാന്‍
ഉപ്പാപ്പ
പറയാറുള്ളത്
ഓര്‍ ത്തുപൊയി
ഓളെ പിരിശം കൂട്ടി ചുട്ടതിന്‍ റെ പോരിശ ബേറെയാ...

വല്ലിപ്പ ഇപ്പോഴില്ല
എന്നിട്ടും ഉള്ള പോലെ തോന്നിച്ചു
രേഷ്മത്താ....വണക്കം

Unknown said...

നന്നായിട്ടുണ്ട്. നല്ല ഫീല്‍ ഉണ്ട്. :-)

വിശാഖ് ശങ്കര്‍ said...

സ്നേഹത്തിന്റെ
നൂറുസങ്കല്‍പ്പങ്ങളെ
ഉണ്മയായ് അനുഭവിക്കട്ടെ
ചില ജന്മങ്ങളെങ്കിലും...!

ഞാന്‍ ആ ഉപ്പാപ്പയേയും ബീടരേയും അവര്‍ ചേരുന്ന സങ്കല്‍പ്പത്തെയും വിശ്വസിക്കുന്നു.ആ വിശ്വാസത്തിന് അടിമയാകുന്നു.

പരസ്പരം said...

ഈ വരികള്‍ ക്ലാസ്സ്,

"മാപ്ലേം ബീടര്‍ക്കുമിടയില്‍ നിരുമ്പും കള്ളത്തരം പാടില്ലാന്ന് ബീമ ഉരുട്ടിയിട്ടത് അപ്പുറത്ത് ഫസ്റ്റ് ലോ ഓഫ് തെര്‍മോഡൈനാമിക്സിന് മുന്‍പില്‍ വായും പൊളിച്ചിരുന്ന പേരകുട്ടിയുടെ ഉള്ളിലേക്ക് ഉരുണ്ട് വീണ്, അവിടെ അതില്‍ കുറഞ്ഞതൊന്നും നല്‍കാനുമാവില്ല, സ്വീകരിക്കാനുമാവില്ലെന്ന ചിന്തയായി മുളച്ച് വന്നു"

രേഷിന്റെ കഥ നല്ലതെന്ന് പ്രത്യേകിച്ച് പറയേണ്ട ആവശ്യമുണ്ടോ? ഉടന്‍ മരിക്കുമെന്ന് പ്രതീക്ഷിക്കുന്നവര്‍ മരിക്കാതിരിക്കുകയും പ്രതീക്ഷിക്കാതിരിക്കുന്നവര്‍ മരിക്കുകയും ചെയ്യുന്നത് മരണത്തിന്റെ ഒരു പ്രഹേളികയാവാം.

ഇട്ടിമാളു അഗ്നിമിത്ര said...
This comment has been removed by the author.
Pramod.KM said...

ഈ പയങ്കത നല്ലോണം പിടിച്ച്.:)

Haree said...

വായിച്ചെടുക്കാനിത്തിരി ബുദ്ധിമുട്ടി.
എനിക്കിഷ്ടമായി ഈ കഥ. :)
--

SunilKumar Elamkulam Muthukurussi said...

ഗ്രാമ്യതയുടെ ഭംഗിയുണ്ടെങ്കിലും അല്‍പ്പം പരപ്പ് തോന്നിപ്പിച്ചു, രേഷ്. -സു-

വാണി said...

നന്നായിരിക്കുന്നു..:)

Siji vyloppilly said...

ചിലത്‌ ചിലരെഴുമ്പോള്‍ മാത്രമേ നന്നാവൂ.നിഷ്കളങ്കമായ ഭാഷ.

Inji Pennu said...

ചുക്കപ്പത്തിന്റെ റെസിപ്പീം കൊണ്ടാണാവൊ ബീമാത്ത പോയത്?

ജീവിതത്തിന്റെ എല്ലാ തെര്‍മോഡയനാമിക്സിന്റെ മുന്നിലും വായും പൊളിച്ചിരിക്കുമ്പൊ ചുക്കപ്പങ്ങളാണ് അതിന്റെ ചെറിയ ചൂടാണ്, പിടിച്ച് നിര്‍ത്തണത്..

രാജ് said...

നീ ഇടയില്‍ മറിയത്തിനെ ഓര്‍മ്മിപ്പിച്ചു. സ്ഥലകാലങ്ങളെ വരികള്‍ക്കിടയില്‍ സുന്ദരമായി ഒളിപ്പിച്ചതും എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

SunilKumar Elamkulam Muthukurussi said...

തനിമലയാളത്തിന്റെ വിശുദ്ധരൂപങ്ങള്‍ പുനരാവിഷ്കരിക്കാനുള്ള രേഷ്മയുടെ ശ്രമങ്ങളെ താല്‍പര്യപൂര്‍വ്വം ശ്രദ്ധിക്കുന്ന ഒരാളാണ്‌ ഞാന്‍. ഒരു കാല്‍പനിക മനസ്സിന്റെ ഗൃഹാതുരകഥനം എന്ന നിലയിലല്ല, മലയാളത്തില്‍ അനിവാര്യമായി നടക്കേണ്ട ഒരു കലാപമായിട്ടാണ്‌ ഞാനിതിനെ കാണുന്നത്‌.

'പയങ്കഥ'യിലെ ഉപ്പാപ്പയുടെ കാലത്തെ ഭാഷ നമ്മുടെ കാലത്തേക്ക്‌ വിവര്‍ത്തനം ചെയ്യേണ്ട കാര്യമില്ല. പോയ കാലത്തിന്റെ ശരിയായ ഭാഷാപ്രയോഗങ്ങളെ ഓര്‍മ്മയില്‍നിന്ന്‌ പിടിച്ചെടുത്ത്‌, പരിഷ്കാരമെന്ന ധാരണയില്‍ നാം പണിപ്പെട്ട്‌ പഠിച്ചെടുത്ത അധിനിവേശ ഭാഷക്കുമേല്‍ പ്രതിഷ്ഠിക്കുകയാണ്‌ വേണ്ടത്‌.

യഥാര്‍ത്ഥത്തില്‍ 'ഉപ്പ' പോലെ ഒരു പരിഷ്കരിച്ച പതിപ്പാണ്‌. ഒന്നുകില്‍ 'ഇപ്പ' അല്ലെങ്കില്‍ വെറും 'പ്പ'. അതിപോലെ 'ഉമ്മ'യല്ല 'മ്മ'യാണ്‌. 'രണ്ടൂസം' പോലെ; 'അമ്മോന്‍' പോലെ; ഒരു ശബ്ദവ്യതിയാനം പോലും വാക്കിന്റെ സ്നേഹവും സൌന്ദര്യവും ചോര്‍ത്തിക്കളയും. 'മിട്ടായി'യല്ല, 'മുട്ടായി' തന്നെ വരട്ടെ. 'പിഞ്ഞാണ'വും 'പിരിസ'വും 'കൈകലും' 'പടാപ്പുറ'വും 'അതൃപ്പ'വും 'മൂപ്പരും' 'കൊസറ'യും 'മാപ്ലയും' 'ബീടരും' - ഒന്നും പോയ കാലത്തിന്റെ ജീര്‍ണാവശിഷ്ടങ്ങളല്ല. കാത്തുവെക്കേണ്ടിയിരുന്ന ഒരു സ്നേഹപ്രപഞ്ചം തന്നെയാണ്‌. കേരളത്തിലെ ഓരോ സമൂഹവും ഓരോ കൊച്ചു ദേശങ്ങളും ഇത്തരം സമാന്തര ഭാഷയുടെ മറുലോകങ്ങള്‍ തീര്‍ത്തിട്ടുണ്ട്‌. പക്ഷെ ഇത്തരം ആയിരക്കണക്കിന്‌ മനോഹരപദങ്ങള്‍ ഇപ്പോഴും നമ്മുടെ നിഘണ്ടുക്കള്‍ക്ക്‌ പുറത്താണ്‌.

രേഷ്മയുടെ പടയോട്ടം തുടരട്ടെ. ജനല്‍പ്പടി, 'മത്താര്‍ണ'യിലേക്കും ഒച്ച 'തൌദാര'ത്തിലേക്കും പയങ്കഥ 'കിസ്സ'യിലേക്കും പുരോഗമിക്കട്ടെ. ഓതുന്നവരും ഓതാത്തവരും ഇതിനെ 'ഇബാദത്താ'യി കാണും. രേഷ്മയ്ക്കു പ്രാര്‍ത്ഥനയുടെ ഒരു 'പോങ്ങ' (കുടന്ന തന്നെ വേണമെന്നില്ല) പൂക്കള്‍.

എ.പി.അഹമ്മദ്‌
(ഇതില്‍ ടൈപ്പിങ്ങ് മിസ്റ്റേക്ക് എന്റെ വക മാത്രം. കൈപ്പള്ളി തന്റെ മുന്നൂറാം പോസ്റ്റില്‍ പറഞ പോലെ ഒന്നുമല്ല. ബ്ലോഗാത്തവരും ബ്ലോഗുകള്‍ ധാരാളം വായിക്കുന്നുണ്ട്‌. അതിനൊരു തെളിവാണ് എഴുത്തുകാരനും ആക്റ്റിവിസ്റ്റും പു.കാ.സയുടെ മുന്‍‌‌ സംസ്ഥാന പ്രവര്‍ത്തക കമ്മിറ്റി അംഗവും കൂടിയായ എ.പി. അഹമ്മദിന്റെ ഈ കമന്റ് - സ്നേഹപൂര്‍വ്വം, -സു-

ഗുപ്തന്‍ said...

ithu ippozhaanu sraddhicchath.. valare nannaayi... kurachuvarikaLil oru ithihaasathinte kadalirampam

reshma said...

സുനില്‍, എ.പി. അഹമദിന്റെ പോങ്ങ പൂക്കള്‍ ഇവിടെ എത്തിയതില്‍ സന്തോഷമുണ്ട്. എനിക്കും മുന്നേ, എന്നേക്കാള്‍, ഒരാളിവിടെയിരുന്ന് ‘നാവില്‍ നിന്ന് വടിച്ച് കളഞ്ഞ സൌന്ദര്യത്തെ‘ തിരിച്ചു പിടിക്കുന്നുണ്ട്. http://chattikkari.blogspot.com/
അദ്ദേഹത്തിനും കാണിച്ച് കൊടുക്കുമല്ലോ? :)

ശ്രീ said...

നന്നായിരിക്കുന്നു. ഓര്‍‌മ്മകളില്‍‌ ജീവിക്കുന്ന ഉപ്പാപ്പ!

The Prophet Of Frivolity said...

കവിതയ്ക്കും കഥയ്ക്കും പതം പറച്ചിലിന്നും രോദനത്തിന്നും ഒക്കെ ഇടയിലൂടെ ഒരു വഴിയുണ്ട്...ചിലപ്പോഴൊക്കെ ടാഗൊറും പലപ്പൊഴും ജിബ്രാനും അപൂര്‍വ്വമായി വിജയനുമൊക്കെ നടന്ന വഴി...ഒരുതരത്തില്‍ അതു കവിതയില്‍ പോലും
നിലനില്‍ക്കുന്ന കെട്ടുപാടുകള്‍ തകര്‍ത്തെരിയാനുള്ള വെമ്പലാവാം....അത്യന്താധുനിക-ആധുനികോത്തര-മറ്റെന്തൊക്കെയോ വാദികളുടെ കയ്യില്‍ ഞെരുങിയമരുന്ന എന്റെ ഭാഷയുടെ നഷ്ടപ്പെട്ട ഓര്‍മ്മകള്‍ നീ എനിക്കു തിരികെ നല്‍കുന്നു... ഒരു പാടു നാ‍ളുകള്‍ക്കുമുമ്പു-വീട്ടില്‍ ഞാനും പെങമ്മാരുമൊക്കെ മാറി മാറി- ‘ഇഞ്ഞി കയിഞ്ഞാ ഞാന്‍‘ എന്നു കൈമാറിക്കൈമാറി ‘സ്മാരകശിലകള്‍’ വായിച്ചതോര്‍ത്തുപോയി...ലാളിത്യം..അതാണു സത്യം.ടോള്‍ സ്റ്റോയിയുടെ ലാളിത്യം.

Aisibi said...

Ee computeril malayalam lipi install cheythitilla, athonda mangleeshililoru type'al!
Swathavey, mattullavarude blog vaayichchu vidaaraanu pathivu. Commentadikkaan bayangaram madiyaa.. Manassilangott udakki valichch kayyintey njarambu valiyumbolaa (ithaanaavo njarambu rogam!!) comment adikkunnath.
Nammale adukkalayil keriya athey sugam. Ummammantey kanji pasha mukkiya mundil mugamamarthiya sugavum, chukkappaththintey oru sugamulla kilukkavum. Chukkappaththey njammaley innathey makkals (njaan kelaviyalla, njaanum actually ippaththey makkalsaa :) "buttonappam" enna vilikkuka. Kalyaanathinu virunnukaarey salkaarikkaan oru maasam mumbey indaakki tinnaaya tinnokkey norakkunna chukkappam.