Thursday, November 15, 2007

പാപ്പാത്തിയും തത്തമ്മയും

പാപ്പാത്തിയില്‍ നിന്നാണ് അമ്മ കഥ തുടങ്ങാറ്.

‘ഒരു ദിവസം മുറ്റത്ത് ഒരു പൂവിലിരുന്ന് ഒരു പാപ്പാത്തിയിങ്ങനെ തേന്‍ കുടിക്കുകയായിരുന്നു’.

കഥ പറച്ചലില്‍ ഞങ്ങള്‍ക്കും ഇടം തരാന്‍ അമ്മ മടിച്ചിരുന്നില്ല. ഓരോ നേരത്തെയും ഞങ്ങളുടെ തോന്നലനുസരിച്ച് അരിപ്പൂവിലോ, തെച്ചിയിലോ ഇരുന്ന് പല നിറങ്ങളോടെ പാപ്പാത്തി തേന്‍ കുടിച്ചു.

‘അപ്പോഴുണ്ട് വരുന്നു’.

നൂറു വട്ടം കേട്ട കഥയാണെങ്കിലും ചോദിക്കാതിരിക്കാനവില്ല, ‘ആര്?’

‘ഒരു തത്തമ്മ. ചുവന്ന കൊക്കും, മിനുസമുള്ള തൂവലുകളുമുള്ള തത്തമ്മ. എന്നിട്ട് തത്തമ്മ പാപ്പാത്തിയുടെ അടുത്ത് ചെന്ന് ചോദിക്കും, “പാപ്പാത്തീ, പാപ്പാത്തീ, കുറച്ച് തേന്‍ തരുമോ?”. പാപ്പാത്തി പറയും “തരൂല”. “പ്ലീസ് പാപ്പാത്തീ, കുറച്ച് മതി”. “ഇല്ലയില്ല” പാപ്പാത്തി തലയാട്ടും.’

ഭംഗിയുണ്ടായിട്ടെന്താ? ചീത്ത പാപ്പാത്തി.

എന്റെ മുടി അമര്‍ത്തി ചീകികൊണ്ട് അമ്മ തുടര്‍ന്നു, ‘ അപ്പോള്‍ തത്തമ്മ നിറഞ്ഞ കണ്ണോടെ പറയും “ ദൂരെ ദൂരെ എന്റെ കൂട്ടില്‍ എന്റെ കുഞ്ഞ് ഞാന്‍ വരുന്നതും കാത്തിരിക്കുകയാ. എന്റെ തത്തമ്മകുട്ടിക്ക് കൊടുക്കാനാണ്. ഇത്തിരി മതി”. പാപ്പാത്തിയുടെ മനസ്സലിയും, “ഈ തേനൊന്നും എന്റേതല്ല തത്തമ്മേ. ദാ ഈ വീട്ടില്‍ രണ്ട് കുട്ടികളുണ്ട് വിനിയും, സുമിയും. അവരുടേതാ. അവരോട് ചോദിച്ച് നോക്കൂ.” ’

കണ്ടോ, ഞങ്ങളിപ്പോള്‍ കഥയ്ക്കുള്ളിലായി. ഇനിയാണ് രസം.

‘അങ്ങനെ തത്തമ്മ വീട്ടിലേക്ക് നടന്നു’. ചൂണ്ടു വിരലും, പെരുവിരലും തറയിലൂന്നി ഞങ്ങള്‍ക്കിടയിലൂടെ അമ്മ തത്തമ്മയെ നടത്തിച്ചു, ‘ഡിങ് ഡിങ് ഡിങ്. എന്നിട്ട് ബെല്ലടിച്ചു. അമ്മ വാതില്‍ തുറന്നു ‘അല്ലാ, ആരിത് തത്തമ്മയോ, വാ വാ’. തത്തമ്മ അകത്ത് കയറിചെന്ന് മുറിയുടെ വാതിലില്‍ കൊക്ക് കൊണ്ട് മുട്ടി “ഡും ഡുംഡും”. സുമി വന്നു വാതില്‍ തുറന്നപ്പോള്‍ ഒരു തത്തമ്മ! അപ്പോ നിങ്ങളെന്താ പറയാ?’ പാതി ചിരിയോടെ അമ്മ ചോദിച്ചു.

‘കളിക്കാന്‍ വാ തത്തമ്മേന്ന്’ ഞങ്ങളൊരുമിച്ച് പറഞ്ഞു.

‘അപ്പോ തത്തമ്മ പറയും “ദൂരെ ദൂരെ എന്റെ കൂട്ടില്‍ എന്റെ കുഞ്ഞെന്നെ കാത്തിരിക്കുകയാ. സുമിയും വിനിയും ഒന്ന് പാപ്പാത്തിയോട് പറയോ കുറച്ച് തേന്‍ തരാന്‍?”.“ഓ പറയാലോ”. എന്നിട്ട് തത്തമ്മയുടെ ചിറകും പിടിച്ച് സുമിയും വിനിയും നടന്ന് നടന്ന് മുറ്റത്തെത്തും’.

ഇതാണെനിക്ക് ഏറ്റവും പ്രിയപ്പെട്ട ഭാഗം, തത്തമ്മയുടെ കൂടെ കൈ പിടിച്ച് നടക്കുന്നത്.നിങ്ങളിലാരെങ്കിലും തത്തമ്മയുടെ കൂടെ കൈ പിടിച്ച് നടന്നിട്ടുണ്ടോ? വിരലുകള്‍ക്കിടയില്‍ തത്തമ്മയുടെ ചിറകിനെ കോറ്‌ക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?

‘എന്നിട്ട് സുമിയും വിനിയും കൂടെ പാപ്പാത്തിയോട് പറയും “പാപ്പാത്തീ, പാപ്പാത്തീ, തത്തമ്മക്കൊരു ഗ്ലാസ്സ് നിറച്ചും തേന്‍ കൊടുക്കൂ” .“ഓ അതിനെന്താ?” പാപ്പാത്തി തേന്‍ കൊടുക്കും. “ സന്തോഷായി കുട്ടികളേ. എന്റെ കുഞ്ഞ് വിശന്നിരിക്കുകയായിരിക്കും, ഈ തേന്‍ വേഗം എന്റെ തത്തമ്മകുട്ടിക്ക് കൊണ്ടുകൊടുക്കട്ടേ” . എന്നിട്ട് തത്തമ്മ പാപ്പാത്തീന്റെ ചിത്രമുള്ള കുപ്പിഗ്ലാസ്സ് നിറച്ചും തേനുമായി ദൂരേയ്ക്ക് പറന്നു പറന്നു പോകും.’

‘തത്തമ്മയുടെ കൂട് ഒരു പാട് ദൂരെയാണോ അമ്മേ’ വിനി ചോദിച്ചു.

‘ദൂരെ, ദൂരെ’ തീരെ പതിഞ്ഞ ശബ്ധത്തില്‍ അമ്മ പറഞ്ഞു.

കഥ വിനിക്ക് കൊടുത്തത് എന്താണെന്ന് എനിക്കറിയില്ല. കഥ തീരുമ്പോഴൊക്കെ ഒരു മൌനം എന്നിലേക്ക് ഇറങ്ങി വരാറുണ്ട്. തീരാസങ്കടത്തിന്റെ വക്കോളമെത്തിച്ച് പിന്നെ അതെന്റെ കൈ കരുണയോടെ പിടിക്കാറുണ്ട്. കണ്ണടച്ചാല്‍ അറിയാം.

‘എന്നിട്ട് തത്തമ്മ പാപ്പാത്തീന്റെ ചിത്രമുള്ള ഗ്ലാസ്സ് നിറച്ചും തേനുമായി ദൂരേക്ക് പറന്നു പോകും’. നാലര വയസ്സുകാരിയെ ഒക്കത്ത് വെച്ച് ചോറൂട്ടുകയാണ് വിനി; ഒരല്പം വളവോടെ നില്‍ക്കുന്ന തണ്ടും, അതില്‍ നിന്ന് വിരിഞ്ഞ് വന്ന പൂവും.

‘തത്തമ്മ ഇനി വരില്ല അല്ലേ അമ്മേ?’ നിറഞ്ഞ സങ്കടത്തോടെ കുഞ്ഞ് ചോദിച്ചു. വിനിയുടെ മറുപടിയറിയാന്‍ ആകാംഷയോടെ ഞാന്‍ സോഫയില്‍ നിവര്‍ന്നിരുന്നു.

‘വരില്ലായിരിക്കും. എന്നാലും മോള്‍ക്ക് ഒന്നും തരാതെ തത്തമ്മ പോവില്ല. പോകുന്നവരൊക്കെയും നമുക്ക് ചേര്‍ത്തു പിടിക്കാന്‍ എന്തെങ്കിലും തരാതെ പോവില്ല.’

കഥ വിനിക്ക് കൊടുത്തതും, വിനി കഥക്ക് കൊടുത്തതും എന്ന് തുടങ്ങുന്ന ഒരു വാചകം കൂടി എഴുതാനുണ്ട്.

22 comments:

രാജ് said...

ഒരല്പം വളവോടെ നില്‍ക്കുന്ന തണ്ടും, അതില്‍ നിന്ന് വിരിഞ്ഞ് വന്ന പൂവും.

അമ്മയ്ക്കും കുഞ്ഞിനും ഇതിനേക്കാള്‍ നല്ലൊരു ഉപമ ഇനി ലഭിക്കുവാനില്ലെന്ന് തന്നെ തോന്നുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

തത്തമ്മേ പൂച്ച പൂച്ച!!!

nalan::നളന്‍ said...

:)
സ്മൈലിയിട്ടിട്ടു പോകാന്‍ പറ്റിയ ഒരു പോസ്റ്റ് ഇപ്പൊഴാ കിട്ടീയത്.

ബിന്ദു said...

വളരെ ഇഷ്ടായി ഇത്‌. ആ വളഞ്ഞ തണ്ടും പൂവും, ഭാവന ഉഗ്രന്‍.

സഹയാത്രികന്‍ said...

‘തത്തമ്മയുടെ കൂട് ഒരു പാട് ദൂരെയാണോ അമ്മേ’ വിനി ചോദിച്ചു.

‘ദൂരെ, ദൂരെ’ തീരെ പതിഞ്ഞ ശബ്ധത്തില്‍ അമ്മ പറഞ്ഞു.

ഇതില്‍ സങ്കടപ്പെടാന്‍ എന്തേലും ഉണ്ടോ...
അറിയില്ല...പക്ഷേ എന്റെ കണ്ണ് നിറഞ്ഞു... ഒരുപാട് ദൂരേയുള്ള എന്റെ കൂടിനെക്കുറിച്ചോര്‍ത്തുവോ...

ദിലീപ് വിശ്വനാഥ് said...

വായിച്ചു നോക്കിയപ്പോള്‍ ഒന്നുമില്ലാത്ത ഒരു കഥ. പക്ഷെ ഒന്നുമില്ലേ എന്ന് ഞാന്‍ ഒരിക്കല്‍ കൂടി എന്നോട് തന്നെ ചോദിച്ചപ്പോള്‍ എന്റെ മനസു പറഞ്ഞു, ഇതില്‍ എല്ലാമുണ്ടെന്നു. എന്റെ കുട്ടിക്കാലം, വളര്‍ന്നത്, അമ്മയുടെ സ്നേഹം, ചേച്ചിയുടെ വാല്‍സല്യം, എനിക്ക് ഇപ്പോള്‍ നഷ്ടമാവുന്നതെന്തോ.. അതൊക്കെ. ഇതു എന്റെയും കൂടി കഥയാണ്. നന്ദി.

ഏ.ആര്‍. നജീം said...

:)

കരീം മാഷ്‌ said...

“പോകുന്നവരൊക്കെയും നമുക്ക് ചേര്‍ത്തു പിടിക്കാന്‍ എന്തെങ്കിലും തരാതെ പോവില്ല“

പ്രതീക്ഷയുടെയും ആശയുടെയും നാളം അണയാതെ കാക്കുക എന്നതാവുമോ കഥ വിനിക്കു കൊടുത്തത്?

വളരെ ഇഷ്ടായി ഈ കഥ.

Murali K Menon said...
This comment has been removed by the author.
ശോണിമ said...

രേഷമ എന്തു പറയുമ്പോഴും വല്ലാത്തൊരു മൂഡാണ്‌. വൈകാരികതയുടെ ലോകത്തേക്കങ്ങനെ കൈപിടിച്ചുയര്‍ത്തുന്ന വാക്കുകള്‍,
പെരിങ്ങോടന്റെ കമന്റും കൂടെ ചേര്‍ക്കുന്നു. മലയാളത്തിലെ ആദ്യത്തെ സ്ത്രീ ബ്ലോഗറാണെന്നറിയാന്‍ കഴിഞ്ഞു അതിനു വേറൊരു പൂചെണ്ടും

Murali K Menon said...

നന്നായിരുന്നു, ഇഷ്ടപ്പെട്ടു.

Sherlock said...

ചെറുപ്പത്തില്‍ കഥ കേള്‍ക്കാതെ ഞാന്‍ ഭക്ഷണം കഴിക്കാറില്ലാ‍യിരുന്നു..സ്ഥിരമായി അചഛന്‍ കഥപറയും.ഒരേ കഥ തന്നെ, ചെറിയ മാറ്റങ്ങള്‍ വരുത്തി...അതെല്ലാം ഓര്‍ത്തു പോയി..

The Prophet Of Frivolity said...

Resh.....

In the afternoon they came unto a land
In which it seemed always afternoon.
All round the coast the languid air did swoon,
Breathing like one that hath a weary dream.
Full-faced above the valley stood the moon;
And, like a downward smoke, the slender stream
Along the cliff to fall and pause and fall did seem.

Thanks

Latheef,Abdul

പ്രിയ said...

:)

ധ്വനി | Dhwani said...

പോകുന്നവരൊക്കെയും നമുക്ക് ചേര്‍ത്തു പിടിക്കാന്‍ എന്തെങ്കിലും തരാതെ പോവില്ല :)

G.MANU said...

nalloru katha

സജീവ് കടവനാട് said...

"നാലര വയസ്സുകാരിയെ ഒക്കത്ത് വെച്ച് ചോറൂട്ടുകയാണ് വിനി; ഒരല്പം വളവോടെ നില്‍ക്കുന്ന തണ്ടും, അതില്‍ നിന്ന് വിരിഞ്ഞ് വന്ന പൂവും."
"പോകുന്നവരൊക്കെയും നമുക്ക് ചേര്‍ത്തു പിടിക്കാന്‍ എന്തെങ്കിലും തരാതെ പോവില്ല."

vaah ethra manOharamaayi parannjirikkunnu.

ദേവന്‍ said...

ലവ്‌ലി.
പണ്ട് പണ്ട് ഒരു ദേവന്‍ രാജാവ് കാട്ടില്‍ വേട്ടയ്ക്കു പോയി എന്ന് എനിക്കു കഥ പറഞ്ഞു തന്ന് തുടങ്ങി ..... അപ്പോള്‍ ഒരു പുലി അലറിക്കൊണ്ട് വന്ന് എന്ന ഭാഗം ഉണ്ടാക്കിയപ്പോഴേക്ക് “അമ്മേ ഓടിവാ ദേവന്‍ മാമനെ പുലി പിടിക്കാന്‍ വരുന്നേ” എന്നു പേടിച്ചു നിലവിളിച്ച ഒരന്തിരവളുടെ കഥയെത്ര കേട്ടിരിക്കുന്നു ഞാന്‍.. എത്ര അവള്‍ക്കും പറഞ്ഞു കൊടുത്തിരിക്കുന്നു

നവരുചിയന്‍ said...

മനോഹരം എന്ന് മാത്രം പറയെട്ടെ ..
കൂടെ വന്ന ഉയര്‍ന്ന്‌ വന്ന ഓര്‍മകള്‍
അവക്കിപോഴും ഒരു നഷ്ട സുഗന്ധം

മൂര്‍ത്തി said...

നല്ല എഴുത്ത്...

Sandeep PM said...

ഇഷ്ടപെട്ടു .നന്ദി

സുനീഷ് said...

ഒരല്പം വളവോടെ നില്‍ക്കുന്ന തണ്ടും, അതില്‍ നിന്ന് വിരിഞ്ഞ് വന്ന പൂവും.
എന്റെ കണ്ണ് നിറഞ്ഞു. എന്താന്നറിയില്ല, എന്‍റെ വരവും കാത്തിരിക്കുന്ന അമ്മയെ കാണണം എന്ന് പെട്ടെന്നൊരു തോന്നല്‍.