Thursday, November 09, 2006

നീല സോഫ

നീണ്ട മഞ്ഞുകാലമുള്ള ആ നഗരത്തെ കുറിച്ചുളള അവരുടെ ഓര്‍മകളില്‍ തെളിഞ്ഞു നിന്നിരുന്നത് ആ നീല സോഫയായിരുന്നു. അവരുടെ യൂനിവേഴ്സിറ്റി വര്‍‍ഷം തോറും നടത്തി വന്നിരുന്ന സേലില്‍ നിന്നും തുച്ഛമായ വിലയ്ക്ക് വാങ്ങിയതായിരുന്നു അത്. നിറച്ചും മങ്ങിയ
കറകളുമായി, അങ്ങിങ്ങായി പരുത്തി കവര്‍ കീറിയുമാണ് അതവരുടെ അടുത്തെത്തിയത്. ഓരോ കറയും ഒരു കഥയെ അടക്കിപ്പിടിച്ചിരിക്കുന്നുണ്ടെന്ന് അറിഞ്ഞ് അവര്‍ ഒരു വാരാന്ത്യത്തില്‍ സ്റ്റെയിന്‍ റിമൂവര്‍ ഉപയോഗിച്ച് കഥകളെ മായ്ച്ചുകളയാന്‍ ശ്രമിച്ചിരുന്നു. പകരമായി തെളിച്ചമുള്ള പുതിയ കറകള്‍ നല്‍കികൊണ്ടിരുന്നു. എന്തെങ്കിലും വെച്ചുണ്ടാക്കുന്ന ദിവസങ്ങളില്‍ ആ കൊച്ചു അപാര്‍ട്ട്മെന്റില്‍ കറങ്ങിനടന്നിരുന്ന മസാല മണം സോഫ വന്നതിന് ശേഷം അതില്‍ അള്ളിപ്പിടിച്ചിരുന്നു, ഇനി പിരിയാനാവില്ലെന്ന പോലെ. വൈകുന്നേരങ്ങളില്‍ വെയില്‍ വന്ന് വീണ് തല ഭാഗം നരച്ചു തുടങ്ങിയപ്പോള്‍ അതിന് ജ്ഞാനിയുടെ പരിവേഷവും വന്നു ചേര്‍ന്നു. മുഷിഞ്ഞ, നരച്ച ഒരു പഴഞ്ചന്‍ സോഫയായിരുന്നു അത്.

എടുത്തു മാറ്റാവുന്ന സീറ്റ് കുഷ്യനുകള്‍ക്കുള്ളില്‍ അത് അവരുടെ ചരിത്രത്തെ ശേഖരിച്ചു കൊണ്ടിരുന്നു: ചതഞ്ഞമര്‍ന്ന ഒരു പോപ്കോണ്‍, പഴയ പേന, ഹെയര്‍ പിന്‍, ഫ്രീ പിറ്റ്സാ കൂപ്പണ്‍. തണുപ്പുള്ള സന്ധ്യകളില്‍ അവന്‍ അതിന്മേല്‍ ചുരുണ്ട് കൂടി കിടന്ന് അന്ന് PBSകാണിച്ച വിദൂരരാജ്യങ്ങളിലേക്ക് പറന്നുപോകുമായിരുന്നു. അപ്പോഴെല്ലാം കുഷ്യന്റെ ഇടുക്കുകളില്‍ നിന്നും ഇളം ചൂട് വന്ന് തന്നെ പുണരുന്നതായി അവന് അനുഭവപ്പെട്ടു. വെറും തോന്നലായിരിക്കും എന്ന് പറഞ്ഞ് അവളത് തള്ളിക്കളഞ്ഞു. എത്ര വന്നാലും അത് ഒരു സോഫ മാത്രല്ലേ. അതില്‍ ഇരുന്ന് ഇടക്ക് തുണിയുടെ പരുപരുപ്പിലൂടെ വിരലോടിച്ച് എഴുതുന്നതെല്ലാം പ്രഫസറ്ക്കിഷ്ടമാകുമെന്ന് അവള്‍ വിശ്വസിച്ചു. അന്ധവിശ്വാസം മാത്രമെന്ന് അവന്‍. എത്ര വന്നാലും അത് ഒരു സോഫ മാത്രല്ലേ. അതും കറകള്‍ നിറഞ്ഞ, നരച്ച, അസുഖകരമായ മസാല മണം തങ്ങി നില്‍ക്കുന്ന ഒരു പഴഞ്ചന്‍ സോഫയും.

അതിഥികള്‍ വരുന്നെന്നറിയുമ്പോള്‍ അവര്‍‍ ഡോളര്‍ സ്റ്റോറില്‍ നിന്നും വാങ്ങിയ റൂം സ്പ്രേ എടുത്ത് സോഫയിലാകമാനം അടിക്കുമായിരുന്നു. ചീഞ്ഞുതുടങ്ങിയ പഴത്തിന്റേയും, പുളിച്ച പാലിന്റേയും ഗന്ധം സോഫയിലിരുന്ന് അതിഥികളില്‍ ചിലര്‍ മണത്തെടുത്തു. ആ സോഫയെ കുറിച്ചുള്ള കഥകള്‍- രാത്രിയില്‍ കാറിന്റെ മേലെ കെട്ടി വെച്ച് അത് കൊണ്ടു വന്നതും, അതിന്മേല്‍ വെച്ച ഒറ്റ കുഷ്യനു സോഫയേക്കാള്‍ വില കൊടുക്കേണ്ടി വന്നതും- പറഞ്ഞ് അവര്‍ സുഹൃത്തുക്കളെ രസിപ്പിച്ചു. അതിലെ കറകളെ മായ്ച്ചുകളയാനും, കീറലുകള്‍ തുന്നി കൂട്ടാനുമുള്ള അവരുടെ ശ്രമങ്ങളെ കുറിച്ച് കൂട്ടുകാര്‍ ഒരിക്കലും അറിഞ്ഞിരുന്നില്ല. മുഷിഞ്ഞ്, നരച്ച്, അസഹ്യമായ ഗന്ധം തങ്ങി നിന്നിരുന്ന ഒരു പഴഞ്ചന്‍ സോഫയായിരുന്നു അത്. അത്ര നല്ല സോഫ പിന്നെയവര്‍ക്ക് കിട്ടിയുമില്ല.

15 comments:

വിഷ്ണു പ്രസാദ് said...

നീല സോഫ ഇഷ്ടമായി.ഒരു കവിതയുടെ സാധ്യതകള്‍ ഉണ്ടായിരുന്നു.ഉപയോഗിക്കാഞ്ഞത് കഷ്ടമായി.
എങ്കിലും നല്ല എഴുത്ത്.

Promod P P said...

രേഷ്മ..

ആഖ്യാനം അതിമനോഹരം
ഇതിവൃത്തവുമായി പൂര്‍ണ്ണമായും സംവേദിക്കാന്‍ പറ്റുന്നില്ലെങ്കില്‍ പോലും, നന്നായിരിക്കുന്നു.

അല്‍പം കൂടെ ശ്രമിച്ചിരുന്നെങ്കില്‍ ഇതൊരു വളരെ നല്ല കഥ ആകുമായിരുന്നു

Manjithkaini said...

ഈ സോഫയില്‍ ഒന്നിരുന്നിട്ടു പോയേക്കാം.

രേഷ്മയെന്തിയേ? ഓ റൂം സ്പ്രേ എടുക്കാന്‍ പോയിക്കാണും. എടുത്തിട്ടിനി കാര്യമില്ല ഞാനിരുന്നുകഴിഞ്ഞു.

കൊള്ളാം. നിസാരമായൊരു സോഫയെ കറകള്‍ കളഞ്ഞുമനോഹരമാക്കിയ രീതി ഇഷ്ടപ്പെട്ടു.

സു | Su said...

പഴയ നീല സോഫയിലിരുന്ന് അവര്‍ പുതിയ കഥകള്‍ രചിച്ചുകൊണ്ടിരുന്നു.

:)

സഹൃദയന്‍ said...

കഥയുടെ അവസാനം ഒരു കുമിള പൊട്ടണ അനുഭവം വായനക്കാരനു തോന്നിപ്പിച്ച കുറച്ചു കൂടി നന്നയിരിക്കും

Anonymous said...

പച്ചപ്പുകള്‍ അന്യമായ നരച്ച ഒരു മെക്സികന്‍ തെരുവിലെ അപ്പര്‍ട്മെന്റില്‍ പുലര്‍വെളിച്ചം മുഖത്ത് വീണ് ഒരു സോഫയില്‍ കിടന്നുറങ്ങുന്നതായി ഞാന്‍ സ്വപ്നം കാണാറുണ്ടായിരുന്നു...

നന്ദി മറന്നു തുടങ്ങിയ എന്റെ ഇഷ്ട സ്വപ്നത്തെ തിരികെ കൊണ്ട് തന്നതിന് :)

(രേഷ്മ എഴുതുന്നത് പലതും എനിക്ക് മനസ്സിലാകറില്ല )

Raghavan P K said...

ഇതു പോലൊരെണ്ണം മ്യൂസിയത്തില്‍ നിന്നും തുച്ഛമായ വിലയ്ക്ക് വാങ്ങി അത് റിപ്പേറ് ചെയ്യാന്‍ പോയപ്പോള്‍‌ പുതിയ സോഫായേക്കാള്‍ വില ആയി.
ഇനിയും നന്നയി എഴുതാന്‍ ആശംസകള്‍‌.

umbachy said...

fmivuമൈലാന്ചി
നല്ല ആഖ്യാനം
ഇം ഗ്ലീഷ് അതിലേറെ മനോഹരം
ഇഷ്ടായീട്ടോ
ഇനിയുമിനിയും പ്രതീക്ഷിക്കുന്നു

Areekkodan | അരീക്കോടന്‍ said...

ആ സോഫയുടെ നാറ്റമാണോ ഈ ബൂലോകത്തും ഒരു .....????

അനംഗാരി said...

ഈ നീല സോഫയില്‍ ഞാനെന്റെ ജിവിതത്തിന്റേയും, എന്റെ ലൈംഗികതയുടെ പുളിച്ച ഗന്ധത്തിന്റേയും,കഥകള്‍ ഉറങ്ങി കിടക്കുന്നത് കാണുന്നു.എന്റെ ജീവിതം ഉണര്‍ന്നെണീറ്റതും അതിപ്പോഴും, അതിനേക്കാള്‍ മനോഹരമായി തീരാതെ, പഴഞ്ചനായി തന്നെ തുടരുന്നതും ഞാന്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നു.

Jishnu R said...

സോഫ കൊള്ളാം
പക്ഷെ
സോഫ പൊക്കിക്കൊണ്ടുപോവുന്നതിനിടെ പെട്ടന്ന് നിലത്തിട്ടോ..........ന്നൊരു സംശയം
അല്ലേലും സംശയത്തിന്റെ കാര്യത്തില്‍ ഞാന്‍ പണ്ടേ ഉഷാറാ

the one&only കുRuക്കന്‍

ബിന്ദു said...

ആ സോഫ ഒന്നു മറിച്ചിട്ട് രണ്ട് തട്ടു കൊടുക്കു ചിലപ്പോള്‍ നാണയ തുട്ടുകള്‍ കിട്ടിയേക്കും.;) അനുഭവം ഗുരു.

reshma said...

അഭിപ്രായങ്ങള്‍ക്കും, അനുഭവങ്ങള്‍ക്കും, സ്വപ്നങ്ങള്‍ക്കും നന്ദി.

വിഷ്ണുപ്രസാദ്, കവിത എന്താണെന്ന് അറിഞ്ഞാല്‍ ഞാനും ..:)

മന്‍‌ജിത്, ചീഞ്ഞ പഴത്തിന്റേയും പുളിച്ച പാലിന്റേയും കോമ്പോ മണം മിസ്സായില്ലേ!

തുളസി ക്യാ ബോലുമ്ം പത്താ നഹി. clarityക്ക് ഞാന്‍ ശ്രമിക്കാറുണ്ടെന്ന് പറയട്ടേ?

P Das said...

ഈ നീല സോഫ കൊള്ളാമല്ലോ..:)

ചില നേരത്ത്.. said...

രേഷ്മ ടച്ച് ആസ്വദിച്ചു!!
കുറച്ചധികം എഴുതിയതിലും സന്തോഷം.