Thursday, January 31, 2008

അമ്മയ്ക്കൊരുമ്മ

സുഖപ്രസവം കഴിഞ്ഞ് കുഞ്ഞിനെ മാറോട് ചേര്‍ത്തുപിടിച്ചു ഈറനണിഞ്ഞ കണ്ണുകളുമായി പുഞ്ചിരിക്കുന്ന അമ്മ-നമ്മുടെയൊക്കെ മനസ്സുകളില്‍ പതിഞ്ഞുപോയ ഈ സുന്ദര ദൃശ്യം മറച്ചു വെക്കുന്ന സത്യങ്ങളുണ്ട്, പറയാതെ പോവുന്ന അനുഭവങ്ങളുണ്ട്. പ്രസവവേദനയുടെ മഹത്തായ സംതൃപ്തിയൊന്നും അറിയാതെ ഒന്നു ചത്തു കിട്ടിയാല്‍ മതിയേന്ന് കൂവിപ്പോകുന്ന അനുഭവങ്ങളാണ് ലേബര്‍ റൂമില്‍ വെച്ച് മിക്ക സ്ത്രീകള്‍ക്കും. ശരീരത്തിന്റെ മാത്രമെന്ന് നിസ്സാരമാക്കി കളയാനാവാത്ത വേദനയോടൊപ്പം,വൈകാരികമായ ഒറ്റപ്പെടലും,അരക്ഷിതത്വവുമാണ് അവള്‍ക്കവിടെ കൂട്ട്. അമ്മയാവുന്നതിനെ പറ്റിയുള്ള പ്രതീക്ഷകളും യാഥാര്‍ത്ഥ്യവും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ ലേബര്‍ റൂമില്‍ തുടങ്ങുന്നതേയുള്ളൂ.

എല്ലാം കഴിഞ്ഞ് കാത്തിരുന്ന കണ്മണിയെ കൈയില്‍ കിട്ടുമ്പോള്‍ മാതൃത്വത്തിന്റെ നിര്‍വൃതി പ്രതീക്ഷിച്ചിരിക്കുന്ന അമ്മകുട്ടിയില്‍(ഒരു കുഞ്ഞിനൊപ്പം തന്നെയാണല്ലോ അമ്മയും അച്ഛനും ജന്മം എടുക്കുന്നത്) പേടിയും, കുഞ്ഞിനെ ശരിയായി നോക്കി വളര്‍ത്താനാവില്ല എന്ന പരാജയബോധവും നിറയുന്നു. ലേബര്‍ റൂമിലെ അനുഭവങ്ങളേ പോലെ അമ്മയാവുക എന്നതിലെ പ്രയാസങ്ങളെ പറ്റി തീരെ പതിഞ്ഞ ശബ്ധത്തിലല്ലാതെ നാം പറയാറില്ലല്ലോ. 80% അമ്മമാരിലും പ്രസവത്തിനു മൂന്നു നാലു ദിവസങ്ങള്‍ക്ക് ശേഷം ബേബി ബ്ലൂസ് എന്ന ഓമനപേരിട്ടു വിളിക്കുന്ന ചെറിയ തോതിലുള്ള വിഷാദരോഗം കാണാറുണ്ട്. (കുടുതല്‍ ഗൌരവമര്‍ഹിക്കുന്ന പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനു ആണെന്ന് സംശയം തോന്നിയാല്‍ ദയവായി ഉടനടി പ്രഫഷനല്‍ സഹായം തേടുക).ഗര്‍ഭരക്ഷക്കായുള്ള ഹോര്‍മോണുകളുടെ അളവ് കുത്തനെ താഴുകയും, മുലയൂട്ടലിനും മറ്റുമായുള്ള ഹോര്‍മോണുകള്‍ കൂടുകയും ചെയ്യുന്നതാണ് ഇതിന്റെ ബയോളജിക്കല്‍ കാരണമായി പറയുന്നത്. ക്ലേശകരമായ പ്രസവത്തിനു ശേഷമുള്ള അതിയായ ക്ഷീണം (labour എന്ന വാക്ക് വെറുതെയല്ല എന്നൊരു കൂട്ടുകാരി), സ്റ്റിച്ചുകള്‍, വിണ്ടു കീറിയ മുലകണ്ണുകള്‍- അമ്മയുടെ ശരീരം‍ ഏറ്റവും മോശമായ അവസ്ഥയില്‍ ഇരിക്കുമ്പോഴാണ് കുഞ്ഞിനെ അമ്മ ഏറ്റെടുക്കുന്നത്. കുഞ്ഞിനൊപ്പമുള്ള ഓരോ നിമിഷവും സംതൃപ്തി തരുന്നതാവുമെന്ന് നിനച്ചിരിക്കുന്ന അമ്മക്കും അച്ഛനും നല്ലൊരു ഷോക്കാണ് പൊന്നോമന കൊടുക്കുന്നത്. കുഞ്ഞിന്റെ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കുക എന്നത് പലപ്പോഴും വിരസമാണ്, അങ്ങേയറ്റത്തെ ക്ഷമയും ആവശ്യമാണ്- നനഞ്ഞ ഡയപ്പറോ തുണിയോ മാറ്റി, തുടച്ച് വൃത്തിയാക്കി, ഉടുപ്പിട്ട്, പാലൂട്ടീ , കുഞ്ഞിനെ ഉറക്കി, നടുനിവര്‍ത്തുമ്പോഴേക്കും നനഞ്ഞ് കരയുന്ന കുഞ്ഞ്. വീണ്ടും അതേ വട്ടം. രാവും പകലുമെന്നില്ലാതെ ഓരോ മണിക്കൂര്‍ കൂടുമ്പോഴെങ്കിലും വിശന്നുകരയുന്ന കുഞ്ഞ്. മുലയൂട്ടലും എല്ലാ അമ്മമാര്‍ക്കും സ്വാഭാവികമായി വരുന്ന വിദ്യയൊന്നുമല്ല. ശരിയായി പാല്‍ കുടിച്ച് തുടങ്ങാന്‍ അമ്മ കുഞ്ഞിനെ പഠിപ്പിക്കുകയും വേണം.

അനുഭവസ്ഥരുടെ സഹായമില്ലെങ്കില്‍ തളര്‍ന്നു പോകുന്ന ദിവസങ്ങളാണ് അമ്മയുടേയും അച്ഛന്റെയും ആദ്യത്തെ ആഴ്ചകള്‍. ആവശ്യസാധനങ്ങള്‍ വാങ്ങാന്‍ ഭര്‍ത്താവ് പുറത്ത് പോയപ്പോള്‍, മൂന്നു ദിവസം പ്രായമായ കുഞ്ഞിനേയും വെച്ച് ഭയന്നിരുന്ന ഒരു അമ്മ ആ സമയത്ത് സന്ദര്‍ശിക്കാന്‍ വന്ന കൂട്ടുകാരിയെ കെട്ടിപ്പിടിച്ച് ഇനിയൊരിക്കലും തന്നെ വിട്ടുപോകാന്‍ അനുവദിക്കില്ലെന്നും പറഞ്ഞ് കരഞ്ഞ കഥയറിയാം. ഈ അമ്മയെ എങ്ങെനെയാ ആശ്വസിപ്പിക്കുക? കരയാന്‍ അനുവദിക്കുക. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുക. പറ്റാവുന്നത്ര വിശ്രമം. ഈ പ്രയാസങ്ങളൊക്കെ സര്‍വ്വസാധാരണമായ അനുഭവങ്ങളാണെന്നും, എത്രെയോ അമ്മമാര്‍ ഇതൊക്കെ തരണം ചെയ്തവരാണെന്നും കേള്‍ക്കുന്നത്, അതും മറ്റൊരു അമ്മയില്‍ നിന്ന് തന്നെ കേള്‍ക്കുന്നത്, പിരിമുറക്കം കുറക്കും. ഓരോ ദിവസവും പുതിയ കഴിവുകള്‍ നേടി വളരുന്ന കുഞ്ഞിനെ നിരീക്ഷിക്കുന്നതും അമ്മയുടെ പരാജയബോധത്തിന് നല്ലൊരു മരുന്നാണ്. ഹാജറാബീവിയുടെ കഥയോര്‍മ്മയില്ലേ? കുഞ്ഞിന് കൊടുക്കാന്‍ വെള്ളത്തിനായി ഏഴു പ്രാവശ്യം ആ അമ്മ സഫാമര്‍വാ കുന്നുകള്‍ക്കിടയില്‍‍ ഓടി. വെള്ളമില്ല. നിരാശയായി വന്ന് നോക്കിയപ്പോള്‍ കുഞ്ഞിന്റെ അരികിലായി ഉറവ പൊട്ടി ഒഴുകി വരുന്ന വെള്ളം. സാന്ത്വനം അമ്മയുടെ കൈകളില്‍ തന്നെയുണ്ട്.

എല്ലാം തികഞ്ഞ അമ്മ എന്നത് സുന്ദരമായ ഒരു മിത്താണെന്ന് മനസ്സിലായാല്‍ അനാവശ്യമായ പിരിമുറുക്കങ്ങള്‍ മാറും. രണ്ടു കുഞ്ഞുങ്ങള്‍ക്കും വീടിനും ജോലിക്കുമിടയില്‍ ഓടിനടക്കുന്ന, ഞാനേറെ ബഹുമാനിക്കുന്ന ഒരമ്മ പറയുകയുണ്ടായി, ചില രാത്രികളില്‍ താനേതു കോപ്പിലെ അമ്മയാണെന്നോര്‍ത്ത് തനിച്ചിരുന്ന് കരയാറുണ്ടെന്ന്. ആരോ നാട്ടിയ പെഡസ്റ്റലില്‍ വലിഞ്ഞ് കേറാന്‍ നോക്കേണ്ട അമ്മേ, നിന്ന് തിരിയാന്‍ പോലും സ്ഥലമുണ്ടാവില്ല അതിന്റെ മേലെ. സ്വന്തം കുറവുകള്‍ അറിഞ്ഞ്, തോല്‍‌വികള്‍ അംഗീകരിച്ച് അവയെ മറികടക്കാന്‍ ശ്രമിക്കുന്ന ഒരു അമ്മ കുഞ്ഞിന് പകരുന്ന പാഠം എത്ര ശക്തമായിരിക്കും എന്നാലോചിച്ച് നോക്കിയേ.

17 comments:

Inji Pennu said...

മിടുക്കി! (ഇന്നലെ തന്ന കൈ പിടിച്ച് കുലുക്കത്സ് തിരികെ ഏല്‍പ്പിക്കുന്നു)

simy nazareth said...

അഭിനന്ദനങ്ങള്‍

ശ്രീ said...

നന്നായി.

എല്ലാ അമ്മമാര്‍‌ക്കും നന്ദി, ആശംസകള്‍.

siva // ശിവ said...

good post..thanks..

Sandeep PM said...

നല്ലത്.തീരെ ബോധിച്ചു

Vanaja said...

രേഷ്മാ, നല്ല പോസ്റ്റ്.
അമ്മയാവുന്നതിനു മുന്‍പുള്ള സ്വാതന്ത്രത്തില്‍ നിന്നും ഒരുപാട് ഉത്തരവാദിത്തങ്ങളിലേക്ക് പെട്ടെന്നുള്ള മാറ്റവുമായി പൊരുത്തപ്പെട്ടു പോവാനുള്ള പ്രയാസങ്ങള്‍ ആദ്യ കാലങ്ങളില്‍ അവളുടെ ഉത്കണ്ഠ കൂട്ടുന്നുണ്ടാവും.

നിലാവര്‍ നിസ said...

ഒരു പുതിയ ഉള്‍ക്കാഴ്ച.. എല്ലാ മിത്തുകള്‍ക്കും കാല്പനിക വല്‍ക്കരണങ്ങള്‍ക്കുമപ്പുറം ജീവിതത്തെ ഇപ്രകാരം തുറന്നു കാട്ടിയതു നന്നായി.. എല്ലാ സ്ത്രീകളും പുരുഷന്മാരും വായിച്ചിരിക്കേണ്ട ഒന്ന്..

ബിന്ദു said...

ശരിയാണ്‌ രേഷ്മ, ഈ ഡിപ്രഷന്‍ അമ്മയും അച്ഛനും അടുത്തുണ്ടെങ്കിലും വരും എന്നു തോന്നുന്നു.(അനുഭവസ്ഥ). വല്ലായ്മകളും അറിവില്ലായ്മയും ഒക്കെ ചേര്‍ന്ന് ആകെയൊരു ഇറിറ്റേഷന്‍ ആണ്‌ കുറഞ്ഞതൊരു മാസത്തേക്കെങ്കിലും. കൊച്ചുകുട്ടികളെ കയ്യീന്നു വയ്ക്കാതിരിക്കാറുണ്ടായിരുന്ന എനിക്കെന്ത സ്വന്തം കുഞ്ഞിനെ എടുക്കാന്‍ തോന്നാതിരിക്കുനന്തെന്നു ആലോചിച്ച്‌ വിഷമിച്ചിട്ടുണ്ട്‌ ഞാന്‍. :) നല്ല പോസ്റ്റ്‌.

കുഞ്ഞായി | kunjai said...

നല്ല പോസ്റ്റ്
അഭിനന്ദനങ്ങള്‍

ധ്വനി | Dhwani said...

നല്ല പോസ്റ്റ്.

ഒരൊ അവധിയും കഴിഞ്ഞു യാത്ര പറയുമ്പോള്‍ വിങ്ങിപ്പൊട്ടുന്ന ഒരു മുഖം ഓര്‍മ്മ വന്നു!

ഉം! ഒരുമ്മ!

The Prophet Of Frivolity said...

ഇതിനെക്കുറിച്ച് കമന്റെഴുതുന്നതു തന്നെ വളരെ അപകടം പിടിച്ച ഒന്നാണ്. അമ്മയുടെ മനസ്സുപോയിട്ട് അച്ചന്റെ മനസ്സുപോലും അറീല്ല.
പ്രസവം കഴിഞ്ഞ ഉടനെയാണോ രേഷ് അമ്മ ഉണ്ടാവുന്നത്? അതായത് അമ്മ എന്നത് ഒരു നിമിഷാര്‍ധത്തിലുണ്ടാവുന്നതാണോ? രേഷ് പറയുന്ന ഈ വഴികളിലൂടെയെല്ലാം, ആര്‍ക്കുമറിയാനാവാത്ത വഴികളിലൂടെയെല്ലാം, തനിച്ചു യാത്ര ചെയ്യുമ്പോഴല്ലേ? അമ്മയുടെ യാത്രാവിവരണം. അമ്മയുടെ മുഖത്തെ “I have an ace up my sleeve“ എന്ന അസൂയാവഹമായ ഭാവമില്ലെ...എന്താ അതിന്റെ ഒരു ആര്‍ജ്ജവം!(ചര്‍ച്ചയോ എതിരഭിപ്രായമോ ഒന്നുമല്ല കേട്ടോ, അമ്മ എന്നത് എനിക്ക് ലോകാല്‍ഭുതമല്ല, പ്രപഞ്ചാ‍ല്‍ഭുതമാണ്.)
ഞങ്ങടെ നാട്ടിലൊക്കെ പ്രസവിക്കുന്ന തീയതിയുടെ മൂന്നു മാസം മുമ്പു പെണ്ണുങ്ങളെ സ്വന്തം വീട്ടില്‍ കൊണ്ടാക്കുന്നതിന്ന് ഇതാവും കാരണം. ചിന്ന കുട്ടിയെ നോക്കാന്‍ അമ്മയെക്കാള്‍ നല്ലത് അമ്മമ്മ ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.(നെറയെ പെങ്ങമ്മാരും ഒരു ജാഥക്കു തികയുന്നത്ര പിള്ളേരുമാ മാഷേ വീട്ടില്‍.)
ബിന്ദുവിന്റെ കമന്റില്‍ എന്തോ ഉണ്ടല്ലോ...അറിഞ്ഞിരിക്കേണ്ട കാര്യം. കുറച്ചൂടെ ആലോചിക്കട്ടെ.

സു | Su said...

രേഷുമ്മേ, ഇന്നാ... വെറുതെ ഒരുമ്മ പിടിച്ചോ.

ചീര I Cheera said...

എന്തു പറയേണ്ടൂ..
എന്റെ അമ്മയെ കൂടുതലായി അറിഞ്ഞതും സ്നേഹിച്ചതും അമ്മയുടെ സുരക്ഷിതത്വം അറിഞ്ഞനുഭവിച്ചതും, ഇനിയും എന്തൊക്കെ വേണമെങ്കിലും പറയാം... :) ഒക്കെ എനിയ്ക്ക് കുഞ്ഞുണ്ടായപ്പോഴാ..
അമ്മയെ ഓര്‍ത്ത് ഏറ്റവും കൂടുതല്‍ കരഞ്ഞതും ഒരുപക്ഷേ കയ്യില്‍ കുഞ്ഞിനേം കൊണ്ട് എയര്‍പോര്‍ട്ടില്‍ വന്നപ്പോഴാവും.

reshma said...

ശരിയാണ് ലത്തീഫ്. ഒരു നിമിഷത്തില്‍ പൊട്ടിമുളക്കുന്നതൊന്നുമ്മ അമ്മ-ഹുഡ്. പ്രസവിച്ചാലും അമ്മ ആയികൊള്ളണമെന്നില്ല. അതിലും അതിശയം അമ്മയാകാന്‍ പ്രസവിക്കുകയേ വേണ്ടാ , ചിലര്‍ക്കെങ്കിലും.

പിആര്‍, മനസ്സിലാക്കബള്‍:)

എല്ലാര്‍ക്കും ഒരു കപ്പ് നന്ദി, ഒരു കഷ്ണം സ്നേഹം:)

കരീം മാഷ്‌ said...

ആദ്യപസവത്തോടെ ഒരു കുഞ്ഞു അമ്മയെയാണു പ്രസവിക്കുന്നതെന്നു എന്റുമ്മ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്‌.

sree said...

എന്റെ പ്രസവക്കഥയില്‍ വന്നു കമെന്റിയതുകൊണ്ട് ഈ അമ്മപുരാണത്തില്‍ പറഞ്ഞേക്കാ‍ാമെന്നു കരുതി. ഇന്നാണ് ഈ വഴിക്കു വന്നത്. നല്ല എഴുത്ത്.

ഹജറാബീവിയെപ്പറ്റിപ്പറഞ്ഞതുകൊണ്ട് ഓര്‍ത്തുപോയി. അമ്മയാവുന്നതിന്റെ കല്‍പ്പിക്കപ്പെട്ടിട്ടുള്ള അനുഗ്രഹങ്ങളും ഭാരങ്ങളും കൊണ്ട് ഏറെ തിരസ്കരണങ്ങള്‍ അനുഭവിച്ച ഒരു കഥാപാത്രമാണ് അവര്‍. ഇന്ന്‍ ഏറിവരുന്ന സിങ്കിള്‍ പാരന്റ് അമ്മമാര്‍ക്ക് ഒരു മിത്തിക്കല്‍ ഉദാഹരണം.

Shaf said...

നല്ല പോസ്റ്റ്
അഭിനന്ദനങ്ങള്‍