Tuesday, February 05, 2008

നടത്തം

(ഇഷ്ടം തോന്നുന്നവര്‍ നടന്ന വഴിയേ നടന്നു നോക്കുക എന്നത് മനുഷ്യസഹജമായവാസനയാണ് എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടാവണം. സിദ്ധാര്‍ത്ഥന്‍ നടന്നു. ഡാലിയും നടന്നു. ഞാനും നടന്നു നോക്കി.)ഇന്ന് സുമേഷിന്റെ ബ്ലോഗില്‍ ഇത് മാത്രമായിരുന്നു.
--------------------------------------
Tuesday, February 05, 2008
സൈകോജിയോഗ്രഫി
തിരിഞ്ഞു നോക്കാതെ എത്ര ദൂരം നടക്കാനാവും?
---------------------------------------

ഞാന്‍ രണ്ടു വര്‍ഷത്തിലെറേയായി പതിവായി വായിക്കുന്ന ബ്ലോഗാണ് സുമേഷിന്റേത്. അമേരിക്കയിലെവിടെയോ ഉള്ള വിദ്യാര്‍ത്ഥി. എന്താ കാര്യമെന്നോര്‍ത്ത് ഞാന്‍ കഴിഞ്ഞ പോസ്റ്റ് ഒരിക്കല്‍ കൂടെ വായിച്ചു.
-----------------------------------------
Sunday, February 03, 2008
ഒരുപാടു നാളുകള്‍ക്ക് ശേഷം റിസേര്‍ച്ചിന്റെ തിരക്കൊഴിഞ്ഞ ഞായറാഴ്ച വീണ് കിട്ടി. പതിവ് വഴി വിട്ടൊന്ന് നടക്കാന്‍ തോന്നി . അപ്പാര്‍ട്ട്മെന്റ് ഗേറ്റിന് മുന്‍പില്‍ വെച്ച് പതിവ് പോലെ വലത്തോട്ട് നടക്കാനൊരുങ്ങുകയായിരുന്നു. വെറുതെ മറുവശത്തോട്ട് നോക്കിയപ്പോള്‍ റോഡിന്‍ ഇരുഭാഗത്തുമായി പൈന്മരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു. ഈ ജനുവരി തണുപ്പിലും ഇത്ര പച്ച . ദൂരെ വെയിലടിച്ചിട്ട് മരങ്ങളുടെ പച്ചക്ക് നല്ല തെളിച്ചം. തെളിഞ്ഞ പച്ചയല്ല, green ochre അനിയത്തി കണ്ടിരുന്നെങ്കില്‍ പറയുമായിരുന്നു. ഏതായലും ഗ്രീന്‍ ഓകര്‍ വിളിച്ചിടത്തേക്ക് ഞാന്‍ നടന്നു. മരങ്ങള്‍ക്കിടയിലൂടെ നീലപ്പൊട്ടുകള്‍ കണ്ടപ്പോഴാണ് ശ്രദ്ധിച്ചത്. അത്യാവശ്യം വലിയൊരു കുളം . അപാര്‍ട്ട്മെന്റിന് ഇത്ര അടുത്തായിട്ടും ഈ കുളം ഇതു വരെ ഞങ്ങളാരും കണ്ടിട്ടില്ല. മരങ്ങള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങുമ്പോള്‍ എന്റെ വരവ് കണ്ടിട്ട് ഒരു മുയല്‍ ഭയന്നോടുന്നത് മിന്നായം പോലെ കണ്ടു. തുറസ്സായ സ്ഥലം. ഈ നാട്ടിലെ സംസ്കാരത്തിന്റെ വിശാലത ഇവിടത്തെ ഭൂമിയിലുമുണ്ട്. ഷൂസും സോക്സും അഴിച്ച് തണുത്ത വെള്ളത്തില്‍ കാല്‍ മുക്കിയപ്പോള്‍ പിറകില്‍ ആരെങ്കിലും ഇരിപ്പുണ്ടോ എന്ന് തിരിഞ്ഞ് നോക്കാന്‍ പെട്ടെന്ന് തോന്നി.
-------------------------------------------------------
എന്റെ മന‍സ്സില്‍ എന്തോ ക്ലിക്കി. ആര്‍കൈവ്സ് തിരഞ്ഞപ്പോള്‍ ഓര്‍മ്മകള്‍ എന്ന ലേബലില്‍ കിട്ടി.
-------------------------------------------------------
Thursday, June 22, 2006
ഇന്ന് ക്ലാസ് കഴിഞ്ഞ് പരാഗിന്റെ വണ്ടിയില്‍ ലിഫ്റ്റ് കിട്ടി. പിങ്ക് ഫ്ലോയിഡ് കേട്ടു വരുമ്പോള്‍ സതീഷേട്ടനെ ഓര്‍മ്മ വന്നു. പഴയ ഞായറാഴ്ച വൈകുന്നേരങ്ങളും. ഞായറാഴ്ചകളില്‍ ഞങ്ങള്‍ ബീച്ചില്‍ പോകുമായിരുന്നു. വെള്ളത്തിന്റെ തണുപ്പ് മുഴുവന്‍ അറിയാനായി ഞാന്‍ കാല്‍ വളരെ പതുക്കെയേ വെള്ളത്തില്‍ വെക്കുമായിരുന്നുള്ളൂ. പിന്നെ കുറച്ച് മുന്നോട്ട് ചെന്ന് നിന്ന് കടലിന്റെ അറ്റം ആകാശത്തെ തൊടുന്നത് എവിടെയാണെന്ന് നോക്കിനില്‍ക്കും. പിന്നേയും മുന്നോട്ട്. മുട്ടിന് താഴെ വരെ വെള്ളമായാല്‍ കരയിലെക്ക് തിരിഞ്ഞ് നോക്കും. അച്ഛനും അമ്മയും രണ്ട് പൊട്ടായി കരയിലിരുപ്പുണ്ട്. കുറച്ച് കൂടെ മുന്നോട്ട് പോകും, എന്നിട്ട് സതീഷേട്ടനെ അനുകരിച്ച് കൈകള്‍ വിടര്‍ത്തിനിന്ന് കൊണ്ട് ‘റണ്‍ രാബിറ്റ് റണ്‍‘ എന്നുറക്കെ പാടുമായിരുന്നു. ഉപ്പുവെള്ളം മുഖത്ത് തെറിക്കുമ്പോള്‍ തിരിഞ്ഞ് നോക്കും. ദൂരെയുണ്ട് രണ്ട് പൊട്ടുകള്‍. അതിലൊന്ന് നില്‍ക്കുന്നത് കണ്ടാല്‍ ഞാന്‍ കരയിലേക്ക് തിരിഞ്ഞ് നടക്കും.

------------------------------------------------------

15 comments:

raj neettiyath said...

നന്നായി ക്രാഫ്റ്റ് ചെയ്തിരിക്കുന്നു.

സുല്‍ |Sul said...

ഇഷ്ടമായി.
-സുല്‍

ഉപാസന | Upasana said...

:)

മന്‍സുര്‍ said...

നന്നായിരിക്കുന്നു

നന്‍മകള്‍ നേരുന്നു

അരവിന്ദ് :: aravind said...

:-) എന്നും പുതുമ.
എന്താ സുഖം വായിക്കാന്‍.

സിമി said...

:)നന്നായി

gtqwl

Inji Pennu said...

ooooooh!

Siji said...

ഹാ..രേഷ്മ..നന്നായിരിക്കുന്നു എന്നു പറയാതിരിക്കാന്‍ ആകുന്നില്ല. മനോഹരമായ ക്രാഫ്റ്റ്‌.

Anonymous said...

കൊണ്ടു!
പിന്നേം കഥ: കല്യാണം കഴിഞ്ഞ് ചുരിങ്ങിയ ദിവസം കൊണ്ട് തന്നെ സിന്ധുവിനു ഞങ്ങള്‍ടെ കൂട്ടത്തിനെ വല്യേ ഇഷ്ടായി. ഒരൂസം അടുക്കളയില്‍ പാചകം ചിരി, അടിപിടി, ബഹളങ്ങള്‍ക്കിടയില്‍ പെട്ടെന്നൊരു പ്രസ്താവന. ഈ വീട് എനിക്കെന്തിഷ്ടായെന്നോ പക്ഷേ ഒരു കാര്യം എനിക്ക് തീരെ ഇഷ്ടായില്ല. ഇവിടന്ന് യാത്രയിറങ്ങുന്നവരാരും തിരിഞ്ഞ് നോക്കാറില്ല. ഞങ്ങളെല്ലാം ആര്‍ത്ത് ചിരിച്ചു. ധൃതിപിടിച്ച് യാത്രയാവുമ്പോള്‍ ആര്‍ക്കാണ് തിരിഞ്ഞ് നോക്കാന്‍ നേരം? പക്ഷേ കുറച്ച് നിമിഷത്തിനു ശേഷം അവിടെ മൌനം കനത്തു. ഞങ്ങളൊക്കെ പതുക്കെ തിരിഞ്ഞു നോക്കുകയായിരുന്നു.

ധ്വനി said...

കൊള്ളാം . ഇത്തിരി അത്ഭുതവുമായി!

ധ്വനി said...

കൊള്ളാം . ഇത്തിരി അത്ഭുതവുമായി!

ബിന്ദു said...

wow !
തിരിഞ്ഞു നോക്കാതെ എത്ര ദൂരം നടക്കാനാവും?
ഓര്‍ത്തു നോക്കുമ്പോള്‍ തന്നെ കണ്ണു കഴയ്ക്കുന്നു. :)

ശെഫി said...

മനോഹര്‍മായിരിക്കുന്നു.വേറിട്ട് നില്‍ക്കുന്നുണ്ട്

Reshma said...

കൂടെ നടക്കാന്‍ വന്നവരേ, സലാം.

Siju Krishnan said...

വായിച്ചു..വായിക്കണ്ടായിരുന്നൂന്നു തോന്നുന്നു...വല്ലാത്തൊരു നൊമ്പരം...
നന്നായിട്ടുണ്ട്ടോ...