Monday, February 18, 2008

ചില്ലറ നഷ്ടങ്ങള്‍

പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഞങ്ങളുടെ ഗേറ്റിന് മുന്‍പില്‍ തന്നെയായി ചെറിയ എട്ടുകള്‍ വരച്ചു കൊണ്ടു അവളുടെ ലേഡി ബേഡില്‍ റീനിയുണ്ടായിരുന്നു.
‘ഇന്നെവിടേക്കാ?‘
‘സീക്രറ്റ് ഗാറ്ഡന്‍’
ആ വേനലവധിക്കാലത്ത് ഞങ്ങളുടെ സൈക്കിളുകള്‍ ഞങ്ങളുടെ ശരീരത്തോട് കൂട്ടിചേറ്‌ത്തത് പോലെയായിരുന്നു. തളരുന്നത് വരെ പെഡല്‍ തള്ളാന്‍ കൊതിക്കുന്ന കാലുകളും, തണുത്ത കാറ്റേറ്റ് നീറാന്‍ വെമ്പുന്ന കണ്ണുകളുമായി നീണ്ട സൈക്കിള്‍ യാത്രകള്‍ നിറഞ്ഞ ഉറക്കം വിട്ട് ഞങ്ങള്‍ ഉണര്‍ന്നു. വീട്ടുകാരുടെ അറിവോടെ പരിചയമുള്ള വഴികളിലൂടെയും, അവരുടെ കണ്ണുകള്‍ വെട്ടിക്കാനാകുമ്പോള്‍ പുതിയ വഴികള്‍ തേടിയും ഞങ്ങള്‍ സൈക്കിള്‍ ചവിട്ടി, ആഞ്ഞു വരുന്ന കാറ്റിനെ മുഖത്തടിക്കാന്‍ സമ്മതിച്ചു കൊണ്ട്, ഓരോ കുലുക്കത്തിലും നട്ടെല്ലിലൂടെ കയറുന്ന മുരള്‍ച്ച അറിഞ്ഞു കൊണ്ട്, ഞങ്ങളെ കാത്ത് കിടക്കുന്ന പുതിയ ലോകത്തിലേക്ക് ആവുന്നത്ര വേഗത്തില്‍ ഞങ്ങള്‍ സൈക്കിള്‍ ചവിട്ടി. സൈക്കിളില്‍ നിന്ന് ഇറങ്ങുമ്പോഴെല്ലാം ശരീരത്തിന്റെ ഒരു ഭാഗം അടര്‍ന്നു പോവുന്നതായി തോന്നുന്നത് വരെ ഞങ്ങള്‍ സൈക്കിള്‍ ചവിട്ടി.

കോളനിയുടെ ഗേറ്റും കടന്ന് ചില കുറുക്കുവഴികള്‍ എടുത്ത് ഞങ്ങള്‍ പണി നടന്നുകൊണ്ടിരിക്കുന്ന ഒരു റോഡിലെത്തി. വല്ലപ്പോഴും മാത്രം വണ്ടികള്‍ വരുന്ന വീതിയുള്ള റോഡ്. ഇളം കാറ്റും ഇളം വെയിലും. സൈക്കിള്‍ ഓടിക്കുമ്പോള്‍ ഞങ്ങള്‍ സംസാരിക്കാറില്ല, അല്ലെങ്കില്‍ സൈക്കിള്‍ ഓടിക്കുമ്പോള്‍ ഞങ്ങള്‍ സംസാരം നിര്‍ത്താറില്ല. ചാഞ്ഞ് കൊണ്ട് വലിയ എട്ടുകള്‍ തീര്‍ത്ത്, നെഞ്ച് ചൂടായി പൊള്ളുന്നത് വരെ വേഗത്തില്‍ ഓടിച്ച്, പിന്നെ കൈകള്‍ വിട്ട് പറക്കുന്നതായി ഭാവിച്ചും ഞങ്ങള്‍. എപ്പോഴാണ് അയാള്‍ ഞങ്ങള്‍ക്കൊപ്പം എത്തിയതെന്ന് ഓര്‍മ്മയില്ല. റോഡിന്റെ നടുവിലൂടെ അലസമായി സൈക്കിള്‍ ചവിട്ടുന്ന മഷി നിറമുള്ള റ്റീ ഷര്‍ട്ടുകാരന്‍. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നടന്നുപോകുന്നതിലും വേഗത്തില്‍ എത്താനുള്ള വാഹനമായി മാത്രം സൈക്കിള്‍ ഉപയോഗിക്കുന്നവരായേ മുതിര്‍ന്ന പുരുഷന്മാരെ ഞങ്ങള്‍ കണ്ടിട്ടുള്ളൂ.

‘രണ്ടാളും അസ്സലായി ഓടിക്കുന്നുണ്ടല്ലോ. എന്നും ഈ വഴി വരാറുണ്ടോ?’
‘ചെലപ്പോ’റീനി പറഞ്ഞു.
‘എന്ന് വെച്ചാല്‍ അച്ഛന്റേയും അമ്മയുടേയും കണ്ണ് വെട്ടിക്കാനായാല്‍ അല്ലേ?’ കണ്ണുകള്‍ ചെറുതാക്കി കൊണ്ട് അയാള്‍ ചിരിച്ചു.
ഞങ്ങളുടെ അല്‍ഭുതം ഇരട്ടിച്ചു. മറ്റു പുരുഷന്മാരെ പോലെ ഞങ്ങള്‍ നിസ്സാരറാണെന്ന് ഓര്‍മ്മിപ്പിക്കുന്നത് പോലെയല്ല ഈ മനുഷ്യന്‍ സംസാരിക്കുന്നത്.
‘എന്താ നിങ്ങളുടെ പേര്?’
‘ഞാന്‍ അനു, ഇത് റീനി’ പേര് പറയുമ്പോള്‍ എന്റെ മുടി വല്ലാതെ പാറിപ്പറന്നിട്ടുണ്ടാവുമോ എന്ന് ഞാനോര്‍ത്തു. ഞങ്ങള്‍ക്കൊപ്പമായി തന്നെ അയാളുടെ വലിയ മെറൂണ്‍ നിറത്തിലെ സൈക്കിള്‍.
‘വൃന്ദാവന്‍ കോളണിയില്‍ അല്ലേ?’
‘അതെ’
‘ഏതു ക്ലാസ്സിലാ?’
‘ആറില്‍’
‘ആഹാ. അപ്പോ വലിയ കുട്ടികളാണല്ലോ’

ഞങ്ങള്‍ ചിരിച്ചു. ആ പറഞ്ഞത് കള്ളമാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഇപ്പോഴും അമ്മയാണ് എന്റെ മുടി കെട്ടിവെച്ച് തരാറ്. റീനിയെ അവളുടെ വീട്ടില്‍ വാവ എന്നാണ് വിളിക്കാറ്. കള്ളമായിരുന്നിട്ടും ഞങ്ങള്‍ക്ക് സന്തോഷം തോന്നി.
‘സമ്മര്‍ വെക്കേഷന്‍ അടിച്ചുപൊളിക്കുകയാണല്ലേ? ഈ റോഡിന്റെ അറ്റം വരെ പോകുമോ നിങ്ങള്‍?’ ‘ചിലപ്പോ’
‘ആഹാ. രണ്ടു പേരേയും കണ്ടാല്‍ അറിയാനുണ്ട് അത്. വ്യായാമം അത്യാവശ്യമായ പ്രായമാണിത്. സൈക്ക്ലിങ്ങ് നിര്‍ത്തരുത് കേട്ടോ’. കണ്ണുകള്‍ ഇറുക്കി ചിരിച്ചു കൊണ്ട് തന്നെ അയാള്‍ തുടര്‍ന്നു ‘പെണ്‍കുട്ടികളായാല്‍ ഇങ്ങനെ വേണം.’
എന്തു പറയണമെന്ന് അറിയാത്തത് കൊണ്ട് ഞങ്ങള്‍ ഉറക്കെ ചിരിച്ചു. അത്ര വേഗത്തില്‍ ഒന്നുമല്ലായിരുന്നു ഞങ്ങള്‍ പോയിരുന്നത്, എന്നിട്ടും എന്റെ നെഞ്ചിടിപ്പ് കൂടിയത് എന്തിനാണെന്ന് അറിയില്ല.
‘നിങ്ങളും സമ്മര്‍ വെക്കേഷന്‍ അടിച്ചു പൊളിക്കുകയാണോ?’ റീനി ഉറക്കെ ചോദിച്ചു.
അയാള്‍ ആര്‍ത്തു ചിരിച്ചു.ഇയാള്‍ ശരിക്കും വ്യത്യസ്ഥനാണ്.
‘ഇന്നേതായാലും നിങ്ങളുടെ കൂടെ അടിച്ചുപൊളിക്കാന്‍ ഞാനും കൂടാം.’
‘ഇന്ന് ഞങ്ങള്‍ റോഡിന്റെ അറ്റം വരെ പോണില്ല. ആ ഇടവഴിയിലേക്കിറങ്ങാണ്’. പറഞ്ഞ് നാവെടുത്തപ്പോള്‍ ആ വഴിയെ കുറിച്ച് അയാളോട് പറയേണ്ടായിരുന്നു എന്നെനിക്ക് തോന്നി.
‘ഞാനും ഉണ്ടെന്നെ. ഇടവഴിയെങ്കില്‍ ഇടവഴി’ .

തെങ്ങിന്‍ തോപ്പുകള്‍ക്ക് നടുവിലൂടെ പോകുന്ന ഒരു കൊച്ച് വഴിയാണ് അത്. പണി തുടങ്ങുമ്പോള്‍ തന്നെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു വീടിന്റെ തറ വഴിയരുകില്‍ ഉണ്ട്. ചുറ്റും എത്തിനോക്കുന്ന തെങ്ങിന്‍ തലകള്‍ക്കിടയിലൂടെ കാണുന്ന ആകാശം നോക്കി പൂപ്പലോടിയ ആ പഴയ തറയില്‍ കിടക്കാന്‍ ഞങ്ങള്‍ക്ക് ഇഷ്ടമാണ്. പേരറിയാ കിളികളും, ആകാശ കഷ്ണവും , പച്ചയും, ചാരി വെച്ച സൈക്കിളുകളും ഞങ്ങളും മാത്രം. ഇതായിരുന്നു ഞങ്ങളുടെ സീക്രറ്റ് ഗാര്‍ഡന്‍.

കൈകള്‍ വേദനിച്ചു തുടങ്ങിയപ്പോഴാണ് ഞാന്‍ ഹാന്‍ഡലില്‍ വല്ലാതെ മുറുക്കി പിടിച്ചിരിക്കുകയാണ് എന്നറിഞ്ഞത്.
‘ഇവിടെയെങ്ങും ആള്‍ താമസമില്ലല്ലോ’ ഇടവഴിയിലേക്ക് തിരിയുമ്പോള്‍ അയാള്‍ പറഞ്ഞു.
എനിക്ക് തല വേദനിച്ച് തുടങ്ങിയിരുന്നു.
‘റീനി, മതി. നമുക്ക് പോകാം’ ഞാന്‍ പറഞ്ഞു.
‘ഇത്ര നേരത്തേയോ?’
അയാള്‍ തൊട്ടു പിറകെ തന്നെയുണ്ട്. എനിക്ക് പെട്ടെന്ന് വല്ലാത്ത അരിശം തോന്നി.
‘ഞാനില്ല ഇനി’. ഞാന്‍ വഴിയരുകില്‍ സൈക്കിള്‍ നിര്‍ത്തി.

തിരിഞ്ഞു നോക്കാതെ റീനിയുടെ ലേഡി ബേഡ് പറന്നു. ഇനി അവളോട് കൂട്ട് വേണ്ട എന്ന് തന്നെ ഞാന്‍ തീരുമാനിച്ചു. എന്നേയും കടന്ന് അയാള്‍ പോയി. അയാ‍ളുടെ സൈക്കിള്‍ പുതിയതാണെന്ന് ഞാന്‍ കണ്ടു. ആ ഒതുങ്ങിയ ഇടവഴിയില്‍ ആ വലിയ സൈക്കിള്‍ ചേരുന്നില്ലെന്നും. വേറേയും എന്തോ പൊരുത്തക്കേട് ഉണ്ട് ചിത്രത്തില്‍. റീനി. മുന്നോട്ടാഞ്ഞ് സൈക്കിള്‍ ഓടിക്കുകയാണ് അവള്‍-ഇടയ്ക്കൊന്ന് കൈകള്‍ വിടര്‍ത്താതെ, വഴിയിലെ കരിങ്കല്ലിലൂടെ എടുത്ത് വിറപ്പിക്കാതെ, നേര്‍വരയില്‍, വേഗത്തില്‍. തനിയെ മടങ്ങാന്‍ എനിക്കാവില്ല എന്നും ഞാനറിഞ്ഞു. എന്റെ കാലുകള്‍ പതിവിലും ശക്തമായി തോന്നി. തിളങ്ങുന്ന മെറൂണ്‍ മഡ് ഗാഡിനു നേരെ കാലുയര്‍ത്തുമ്പോള്‍ അയാള്‍ മണ്ണില്‍ വീണ് കിടക്കുന്നത് എനിക്ക് മനസ്സില്‍ കാണാമായിരുന്നു.

‘റീനീ പേടിക്കേണ്ട, ഞാനയാളെ ചവിട്ടിയിട്ടു’ വിളിച്ചു പറഞ്ഞത് അവള്‍ കേട്ടിരുന്നോ എന്നറിയില്ല. റീനിയുടെ വീട്ടിനു മുന്നിലെ അശോക മരം കണ്ടപ്പോഴാണ് ഞങ്ങള്‍ ശ്വാസം വിട്ടത്.

‘സൈക്കിള്‍ റാണിമാര്‍ ഇന്ന് നേരത്തേ വന്നല്ലോ’ എന്ന് അവളുടെ അമ്മ പറഞ്ഞപ്പോഴും എന്ത് പറയണമെന്ന് അറിയാത്തത് കൊണ്ട് ഞങ്ങള്‍ ചിരിച്ചു. ആ അശോകമരം കാണുന്നത് വരെ ഒരു ചുഴലിക്കാറ്റ് പോലെ എന്തോ ഒന്ന് ഞങ്ങളെ വിഴുങ്ങാനാഞ്ഞ് കൊണ്ട് തൊട്ടുപിറകിലായി വരുന്നുണ്ടായിരുന്നു എന്ന് ഞങ്ങള്‍ ഒരിക്കലും ആരോടും പറയുകയില്ല. അതിനു ശേഷവും പഴയതും പുതിയതുമായ വഴികളിലൂടെ ഞങ്ങള്‍ സൈക്കിളോടിച്ചിരുന്നു. അതിന് ശേഷം കാറ്റിനേയും വെയിലിനേയും കാത്തു കിടക്കുന്ന ലോകത്തേയും സ്വാഗതം ചെയ്തു കൊണ്ട് വേഗത്തില്‍ ഓടിച്ചു ചെല്ലാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല എന്ന് മാത്രം.

26 comments:

പാമരന്‍ said...

ശകലം കണ്‍ഫ്യൂഷന്‍ ബാക്കി.. എങ്കിലും നന്നായി..

ഡി .പ്രദീപ് കുമാർ said...

കുറേകാലത്തിനു ശേഷം ഒരു കഥയുള്ള കഥ വായിച്ചു.ഇനിയും എഴുതുക.അഭിനന്ദനങ്ങള്‍

simy nazareth said...

രേഷ്മേ, കഥ നന്നായി. വായനക്കാരനെ ടെന്‍ഷനടിപ്പിക്കുന്ന കഥ

സു | Su said...

രേഷ് :) കഥ ഇഷ്ടമായി. പണ്ടായിരുന്നെങ്കില്‍, ഞാന്‍, അനുവിന്റേയും റീനിയുടേയും ഭാഗത്തുനിന്ന് വായിച്ച് ആരും അറിയാത്ത കൊടുങ്കാറ്റും ഉള്ളില്‍ വച്ച് നടന്നേനെ. ഇന്നിപ്പോ അമ്മമാരുടെ ഭാഗത്ത് നിന്ന് വായിച്ചു. അപ്പോഴും കൊടുങ്കാറ്റ് തന്നെ.

Rasheed Chalil said...

:)

കൊടുങ്കാറ്റ് വാഹകരാണ് ചുറ്റും എന്ന് തിരിച്ചറിയുന്ന നിമിഷം മുതല്‍ വാഹക(ന്‍)ആകേണ്ടി വരുന്നു...

വര്‍ണ്ണവീഥി said...

ഞാന്‍ ആ പാവം സൈക്കിളിന്റെ ഭാഗത്തു നിന്നാ വായിച്ചെ :)
പാവം മഡ്ഗാര്‍ഡു തകര്‍ന്ന സൈക്കിള്‍! :)
കാറ്റിനേയും വെയിലിനേയും കാത്തു കിടക്കുന്ന ലോകത്തേയും സ്വാഗതം ചെയ്തു കൊണ്ട് വേഗത്തില്‍ ഓടിച്ചു ചെല്ലാന്‍ പെണ്‍കുട്ടികളെ പ്രാപ്തരാക്കുന്ന കരാട്ടെ ക്ലാസ്സുകള്‍ ഇപ്പോഴുണ്ട്.

അരവിന്ദ് :: aravind said...

അത്രക്കങ്ങട് എയിം ആയില്ല.

ശെഫി said...

എന്നത്തേയും പോലെ ഇതും നന്നായിട്ടുണ്ട്‌

Sanal Kumar Sasidharan said...

വാങ്മയ ചിത്രം :)

നിലാവര്‍ നിസ said...

നല്ല വായന രേഷ്മാ..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പാവം സൈക്കിള്‍കാരന്‍ അവനെത്ര വയസ്സായിരുന്നു 6ഓ 7ഓ?

Sandeep PM said...

കുറച്ചൊക്കെ പുതുമ ... അവതരണത്തില്‍ ആണെന്ന് തോന്നുന്നു. എന്നെ ഇരുത്തി വായിപ്പിച്ചു

നസീര്‍ കടിക്കാട്‌ said...

ഭാഷയിലും,ക്രാഫ്റ്റിലും
മലയാളത്തിന്റെ ഒഴുക്കുണ്ട്...
നല്ല വായനയൊരുക്കുന്നു.

Anonymous said...

ഹൊ... ഒടുക്കം ഒരു സ്ത്രീ പ്രതികരിച്ചു !

കഥ നന്നായി. പകുതിവരെ റെയ്മണ്ട് കാര്‍വറുടെ ഒരു കഥയുടെ Déjà vu,ഓള്‍മോസ്റ്റ് എക്സാക്റ്റ്.

കഥ (കഥയല്ലാത്തത്) നന്നായി :) വായിക്കാനിഷ്ടമുള്ള ഭാഷയാണ് രേഷ്മയുടേത്.

(ഈ കഥയുമായി ബന്ധമേയില്ല കേട്ടോ കാര്‍വറുടെ തീമിന്. വിവാഹജീവിതം മടുത്തിട്ട് പെണ്ണുപിടിക്കാന്‍ പോണ രണ്ടുചേട്ടന്മാര്‍ വഴിയില്‍ വച്ച് സൈക്കിളില്‍ വരുന്ന രണ്ടുപെണ്‍കുട്ടികളെ കാണുന്ന കഥയാണത്. ചോദ്യവും ഉത്തരവും ഒക്കെ ഇത് തന്നെ. കഥ വേറേയും :))

reshma said...

അരവിന്ദാ അടുത്ത ഏറില്‍ നോക്കാം ട്ടോ.

ഗുപ്തരേ, കാര്‍വറുടെ കഥയുടെ പേരെന്താ?

പലഭാഗങ്ങളില്‍ നിന്നും നില്‍ക്കാതേയും വായിച്ചതിന് നന്ദി ഇഷ്ടരേ.

വല്യമ്മായി said...

കഥ വായിച്ചു,വീട്ടില്‍ നേരത്തെയെത്താന്‍ വേണ്ടി റോഡിലൂടെ വരാതെ പറമ്പുകള്‍ താണ്ടി വരുമ്പോള്‍ ഉമ്മയെന്തിനാ ദേഷ്യപ്പെടുന്നതെന്നറിയാത്ത ടീനേജറായും ഇപ്പോള്‍ പച്ചാന നേരത്തെ വന്നാലും നേരം വൈകിയാലും പതിവില്ലാതെ ചിരിച്ചാലും കരഞ്ഞാലും ഒരോ നിമിഷവും ഒരു കൊടുങ്കാറ്റ് തലയിലേറ്റുന്ന അമ്മയായും.

സജീവ് കടവനാട് said...

മികച്ച അവതരണം.


ടീഷര്‍ട്ടിട്ട, കൂട്ടുകാരില്ലാത്ത, മഷീടെ നിറമുള്ള ആ ചെറുപ്പക്കാരന്റെ കഥ ആരെഴുതും...ശൊ!

കഥമതിയെന്ന ലേബല്‍ ബുദ്ധിമതി, സുമതി എന്നൊക്കെ പറയുമ്പോലെ വെല്ലോം ആണോ?

സജീവ് കടവനാട് said...

:)

reshma said...

കിനാവേ, ആ കഥയറിയില്ലേ? പണ്ട്പണ്ടൊരു രാജാവിന് നാലു മക്കള്‍, ക , ഥ, മ, തി..അതന്നെ.

വല്യമ്മായി:)

Unknown said...

നല്ലൊരു വായനാനുഭവം തന്നെ താങ്കള്‍ തന്നിരിക്കുന്നു രേഷ്മ.. ഇനിയുമെഴുതുക. ആശംസകള്‍.

Anonymous said...

സംഗതി പറയുകയാണെങ്കില് ,അങട്ട് കലക്കി……
http://www.entekalbile.blogspot.com

Siji vyloppilly said...

എന്നിലെ ആരാധികയെ തൃപ്തിപ്പെടുത്താന്‍ ഈ കഥക്കായില്ല.ഒരു വായനക്കാരിയെന്ന നിലയില്‍ :)

Unknown said...

ചില്ലറ നഷ്ടങ്ങള്‍ രേഷമയുടെ പുതിയ കഥ ഉയരങ്ങളിലേക്കു പറക്കാന്‍ കൊതിക്കുന്ന സ്ത്രി മനസിന്റെ വികാരങ്ങളും വിക്ഷണങ്ങളും ഭംഗിയായി ഒപ്പിയെടുത്തിരിക്കുന്നു.നല്ലൊരു അവധിക്കാലം അസ്വദിക്കുവാന്‍ സൈക്കിള്‍ സഫാരി ചെയ്യുന്ന ആറാം ക്ലാസുക്കാരായ രണ്ടു പെണ്‍ക്കുട്ടിക്കള്‍.വിട്ടുക്കാരെ പറ്റിച്ചു പുതിയ ഇടവഴിക്കള്‍ തേടിയുള്ള യാത്ര കഥാകാരിയുടെ വിവരണങ്ങളില്‍ വിട്ടിനുള്ളില്‍ തളയ്ക്കപ്പെട്ട സ്ത്രിത്വത്തില്‍ നിന്നുമുള്ള മോചനമാണു.ഇത്തരം യാത്രക്കളും കാഴ്ച്ചക്കളും പുരുഷനുമാത്രം അവകാശപെടതായിരുന്ന ഒരു കാലം.അന്നു പെണ്‍ക്കുട്ടിക്കള്‍ വീട്ടുമുറ്റത്ത്‌ ഉപ്പുകളിച്ചും അക്കുകളിച്ചും തനഗളുടെ അവധിക്കാലം ചിലവഴിച്ചിരുന്നു.ഈ അവധിക്കാലം എന്നത്‌ ഒരു മാമ്പഴക്കാലം കൂടിയാണു.അന്നു മാവില്‍ എറിയുന്നതും മാവില്‍ കയറുന്നതും ആണ്‍ക്കുട്ടിക്കളാണു.പെണ്ണിനെ രണ്ടാം തരക്കാരിയായി കണ്ടിരുന്ന ഒരു സമൂഹം.അത്തരം നിര്‍ദോഷമായ ചുറ്റുപ്പാടുക്കളില്‍ നിന്നുമാണു പുരുഷ മേധാവിത്വത്തിനെതിയുള്ള സ്ത്രിക്കളുടെ ഉയര്‍ത്തെഴുന്നേല്‍പ്പുണ്ടായത്‌.ഇവിടെ കഥാക്കാരി സുചിപിക്കുന്ന അവധിക്കാലവുംസൈക്കളും വ്യത്യസ്തമായ വഴികള്‍ കണ്ടെത്താനുള്ള യാത്രക്കളും പുതിയ ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സുചനയാണു.ഒരു പെണ്‍ക്കുട്ടി വിട്ടില്‍ നിന്നും പുറത്തിറങ്ങിയാല്‍ വീട്ടുക്കാര്‍ ജാഗുരുകരായിരിക്കും.അവള്‍ പോകുന്ന വഴികള്‍ അവള്‍ എത്തേണ്ട സമയം അങ്ങനെ അവളില്‍ അടിച്ചേല്‍പിച്ച കുറെ നിയമസംഗിതകള്‍.അത്തരം അടിച്ചമര്‍ത്തലുക്കളെയാണു കഥാക്കാരി ചോദ്യം ചെയ്യുന്നത്‌.സ്വതന്ത്ര്യം പുരുഷ്യന്റെ മാത്രം കുത്തകയല്ല സ്ത്രിക്കും സഞ്ചരിക്കാനും പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള സ്വതന്ത്ര്യമ്മുണ്ട്‌.ഒറ്റപെട്ട വഴിയിലൂടെ രണ്ടു പെണ്‍ക്കുട്ടിക്കള്‍ സഞ്ചരിക്കുമ്പോള്‍ അവിടെ യാദ്ര്ഛികമായി കടന്നെത്തുന്ന പുരുഷനായ സൈക്കിള്‍ യാത്രക്കാരന്‍ .പെണ്‍ക്കുട്ടിക്കളെ ആയ്യാള്‍ നന്നായി സോപ്പിടുന്നു.യാത്രയുടെ ഒരവസരത്തില്‍ ആയാളിലെ ദുര്‍ഭൂതത്തെ തിരിച്ചറിയുന്ന ഒരു പെണ്‍ക്കുട്ടി ആയ്യാളെ ചവിട്ടി താഴെ വീഴ്ത്തുന്നുണ്ട്‌.സ്വതന്ത്രമായ പ്രതികരിക്കാനുള്ള സ്ത്രിയുടെ കഴിവിനെയാണു ഇവിടെ കഥാക്കാരി എടുത്തുക്കാട്ടുന്നത്‌.സാധാരണ നാം കാണാറുള്ള നേരം പോക്കു പൈങ്കിളി കഥക്കളില്‍ നിന്നും ഈ കഥ എന്തുകൊണ്ടും ഒരു വേറിട്ട അനുഭവമാകുന്നു.

Abdu said...

കൊടുങ്കാറ്റുകള്‍ എപ്പോഴുമെന്തേ ഒരേ ഭാഗത്തേക്കുതന്നെ വീശുന്നു എന്ന് സന്ദേഹം!

Inji Pennu said...

kooooy
ivide aarum illee?

നിരക്ഷരൻ said...

കൊള്ളാം രസമുണ്ട്.