വെള്ള മതിൽ. ഒത്ത നടുക്കായി വലിയ ക്യാനുവാസ് നിറച്ചും നീല നിറം. കടും നീല നിറം മാത്രം. വേറെ ഒരെണ്ണം കറുപ്പ്. ഇടതു വശത്തു ഒരു ചുവന്ന വെട്ട്.
മനസ്സിനു ഒരു പിടിയും തരാതെ കലപില കൂട്ടി കൂട്ടമായിരിക്കുന്ന നിറങ്ങളും വരകളും ഏറെ. അന്തം വിട്ട്, നിലത്തു തട്ടിയ താടിയെല്ല് തിരിച്ചു വെക്കാനാവുന്നതിനു മുൻപു വേറെ ഒന്ന് – കറുത്ത കുത്തുകൾ കൊണ്ടൊരു ആഫ്രിക്കൻ യുവതിയുടെ ചിത്രം; മതിലിൽ തറച്ചിട്ടില്ല, താഴെ ചാരിവെച്ചതാണു- രണ്ട് കട്ട ആനപിണ്ടത്തിന്മേൽ.
ഒരു മുറിയിൽ തൂക്കിയിട്ടിരിക്കുന്ന ഇളം നീല നിറമുള്ള നേരിയ തുണി. താഴെ കറങ്ങുന്ന ഫാൻ. മുറിയിലാകെ നീല അലകൾ.
മടിച്ചു നിന്ന ദ്രാവിഡപുത്രനേയും വലിച്ചു, വാശി പിടിച്ച് ഒരു മോഡേൺ ആർട്ട് മ്യൂസിയം കാണാൻ പോയതായിരുന്നു. കലയെ പറ്റിയുള്ള മുൻധാരണകൾ എല്ലാം ചുരുട്ടിയെറിയപ്പെടും എന്നുറപ്പിച്ചു തന്നെയാണ് സാഹസത്തിനു മുതിർന്നത്. എന്നിട്ടും, കണ്ണുകൾ ഒപ്പിയെടുക്കുന്ന നിറങ്ങളും വരകളും എന്റെ മനസ്സിന് ഒപ്പിയെടുക്കാനാവുന്നില്ലല്ലോ. ലോകം മുഴുവൻ വാഴ്ത്തപ്പെട്ട സൃഷ്ടികൾ എന്റെ മനസ്സിൽ ‘ഇതെന്തോന്നാപ്പാകൾ‘ അല്ലാതെ ഒന്നും ഉണർത്തുന്നില്ലല്ലോ! പൈസ കൊടുത്തു പിരാന്തൻ നായയെ വാങ്ങിയ പോലെ ആയാ? ദ്ര.പു. നെ പാളിനോക്കി. കലയുടെ നിർവചനങ്ങൾ പൊളിച്ചെഴുതുന്ന വേദനയൊന്നും ആ മുഖത്തില്ല. കിട്ടിയ എയർഫോണിന്റെ പരിപ്പെടുക്കുന്നതിന്റെ ആനന്ദം മാത്രം. ഹൈറൻ! രണ്ടു പേരുടെ പ്രവേശനഫീസ് കൊണ്ട് രണ്ടാഴ്ച്ച വെപ്പും, തീനും, കുടിയും, കുളിയും കഴിക്കാമായിരുന്നു. അപ്പോഴാണു കണ്ടത് – ഒരു മുറിയുടെ ഒത്ത നടുക്കായി മനോഹരമായ സ്റ്റാന്റിൽ, വശ്യമായ വടിവുകളോടെ തിളങ്ങുന്ന തൂവെള്ള യൂറിനൽ. ഡൂ ഷാന്റെ സ്വന്തം യൂറിനൽ. കുറേ കാലമായി കേൾക്കുന്നു, ഒന്നു കാണാനായല്ലോ! ഓടി അടുത്തു ചെന്നു, പാത്തുനടക്കുന്ന മ്യൂസിയം സൂക്ഷിപ്പുകാരെ വെട്ടിച്ചു മെല്ലെ ഒന്നു തൊട്ടു. ഹാവൂ!
ഡൂ ഷാന്റെ യൂറിനൽ പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു , "കലയുടെ പോക്കിൽ നീ ബേജാറാവുന്നതെന്തിനു? ഒരുത്തന്റെ യൂറിനൽ മറ്റൊരുത്തന്റെ കല. ആസ് സിൻപിൾ ആസ് ദാറ്റ്!"
--------
ps : 'urinal' , 'portrait' , 'ear phone' 'snow flake' എന്നിവയുടെ മലയാള പദങ്ങൾ അറിയാമോ? ഈ പോസ്റ്റിലെ കല്ലുകടി തെറ്റുകൾ കാണിച്ചുതരാമെൻകിൽ വല്യ ഉപകാരം ആവുമായിരുന്നു, സമയം ഉണ്ടെൻകിൽ.
9 comments:
മൈലാഞ്ചിക്ക് സ്വാഗതം.
പഴകിയ ടയറും പൊട്ടിയ ബൾബും യൂറിനലും (ക്ഷമിക്കൂ എനിക്കും അറിയില്ല ശരിയായ അർഥം) തുടങ്ങി ഒട്ടനവധി വസ്തുക്കളിൽ നിന്ന് രൂപംകൊള്ളുന്ന ശില്പങ്ങൾ.
Installation എന്ന ഈ പുത്തൻ രീതി ശ്രദ്ധ ആകർഷിച്ചു തുടങ്ങിയിരിക്കുന്നു ഈ കൊച്ചുകേരളത്തിലും.
നട്ടും ബോൾട്ടും ചുള്ളിക്കമ്പും ഇലകളും ഒക്കെ ചേർത്തു വച്ച് വെളിച്ചവും നിഴലും ഒക്കെ ഉണ്ടാക്കി ചിത്രങ്ങൾ എടുത്താൽ അവ കണ്ടിട്ട് ഇത് ഫൊട്ടോഗ്രഫി അല്ലല്ലൊ Installation അല്ലേ എന്നു ചോദിക്കുന്ന ചുരുക്കം ചിലരെങ്കിലും ഗാലറികളിലെ നിശബ്ദതയിൽ ചുറ്റി തിരിയുന്നു.
എന്തായാലും ആദ്യ വിഷയം നന്നായി.ഒരുത്തന്റെ യൂറിനിൽ മറ്റൊരുത്തന്റെ കലയിൽ കൂടി ഒരു പോസ്റ്റ് ജനിച്ചു.
കല്ലുകടിയും തെറ്റും കണ്ടുപിടിക്കാൻ ഉള്ള കഴിവുകളൊന്നും എനിക്കില്ല. അതിനു കഴിവുള്ളവർ പിന്നാലെ വരും. ഉണ്ടെങ്കിൽ അവർ പറയും.
വാഗര്‍ത്ഥ പ്രതിപത്തയേ..
തമിഴ്നാടിനു പോക്കുവരത്തും കാവല്‍ നിലയവുമൊക്കെയുണ്ടെങ്കിലും നമുക്കു ബസ് സ്റ്റേഷനേയും പോലീസിനേയും ഇറക്കുമതി ചെയ്ത ശീലമല്ലേ.മറപ്പുരയുടെ ഓവുചാലല്ലാതെ മറ്റു സംവിധാനങ്ങള്‍ക്കൊന്നും കൃത്യമായ മലയാളം പേരുണ്ടോയെന്നറിവില്ല. (പണം നല്കി ഉപയോഗിക്കാവുന്ന ശൌചഗൃഹം എന്നൊക്കെ കണ്ട് എന്താ കഥയെന്ന് മനുഷ്യര്‍ അന്തം വിട്ടു നില്‍ക്കുന്നത് കണ്ടിട്ടുണ്ട്) മഞ്ഞിന്പാളികള്ക്ക് ഹിമാനി എന്നു പറയുമെന്നാണ് ഓര്‍മ്മ. ദൂരഭാഷിണീയന്ത്രം ഇത്യാദി ഡീപ്പീയീപ്പി സയന്‍സ് പുസ്തകത്തിലല്ലാതെ പ്രയോഗത്തിലില്ലാത്തതുകാരണം എടുത്തു പെരുമാറാന്‍ പറ്റിയ ഉരുപ്പടിയല്ലെന്ന് എനിക്കൊരു വിശ്വാസമുണ്ട്. പോര്റ്റ്രെയിറ്റ് എന്നതിനു ഛായാചിത്രം എന്നു പറയും.
പരിഭാഷക്കളരിക്കാശാന് വാക്ഭടാചാര്യര്‍ മധ്യവയ്സ്സിന്റെ അവനവന് കടമ്പ ചാടി മടുത്ത് തിരിച്ചു വന്നിട്ട് വിദഗ്ദ്ധോപദേശം തരുമെന്ന് പ്രതീക്ഷിക്കുന്നു (മ്മടെ സിംഘാനിയച്ചേട്ടനെ കണ്ടു പടിക്കിന്, മൂപ്പര് 67 വയസ്സില്‍ ബല്ലൂണില് മഴവില്ലിന്റെ മുകളിലൂടെ പറന്നു കളിക്കുന്നു)
ആധുനികന്, ഉത്തരാധുനികന്
, അത്യുത്തരാം ദിശി ദേവന്.
എനിക്കൊരു പിടിയുമില്ലാത്ത കാര്യം. ഓരോന്നു കണ്ടിട്ടു വീട്ടുകാരും കൂട്ടുകാരും നാട്ടുകാരുമൊക്കെ "അന്തരീക്ഷത്തിലെ ചെന്താമരയേയും വെന്തുരുത്തിയിലെ കുന്തിരിക്കത്തേയും
അദൃശ്യ ബന്ധത്തിന്റെ ദൃശ്യാവിഷ്കാരോദ്യമം മനോഹരമായിട്ടുണ്ട് "എന്നൊക്കെ പറയുന്നതു കേട്ട് ഒന്നും മനസ്സിലാവാതെ നില്ക്കാന് നാണമായതുകാരണം ഈ വക പരിപാടികള്‍ നടക്കുന്നെന്നു കേട്ടാല്‍ ഞാനപ്പോഴേ വലിഞ്ഞുകളയുമായിരുന്നു, പണ്ടൊക്കെ.
(പഴയ പാര്ട്ടിത്തമാശ
"ഈ വലിയ വെളുത്ത പ്ലാസ്റ്റിക്ക് ചതുരം പ്രപഞ്ചത്തേയും അതിനുള്ളിലെ ചെറിയ പ്ലാസ്റ്റിക്ക് കട്ട ഭൂമിയേയും പ്രതിനിധീകരിക്കുന്നെന്നാണ് എനിക്ക്കു തോന്നുന്നത്. അതിന്റെ രണ്ടുവശത്തുമുള്ള രണ്ടു കുത്തുകള്‍
ഇരവുപകലുകളാകാം, നന്മ തിന്മകളാകാം, സ്നേഹദ്വേഷങ്ങളാകാം. അതി മനോഹരം. സാറിത്റ്റിനെ എന്തു പേരിട്ടാണ് വിളിക്കുന്നത്? എന്താണ് ഇതുകൊണ്ടുദ്ദേശിച്ചത്?"
"ഞാന്‍ ഇതിനെ പവര്‍ സ്വിച്ച് എന്നു വിളിക്കുന്നു. ഇതില്‍ ഞെക്കിയാല്‍ ഹാളില്‍ വെളിച്ചം കാണുമെന്ന് ഉദ്ദേശിച്ചാണ് ഇലക്റ്റ്രീഷ്യന്‍ ഇതിവിടെ സ്ഥാപിച്ചത്)
സ്വാഗതം..!
ഞാനുമൊരു കുടിയേറ്റക്കാരൻ..!
ചേതനവും അചേതനവുമായ ഓരോന്നിനും അതിന്റേതായ സൌന്ദര്യമുണ്ട്. ഓരോ സൃഷ്ടിയ്ക്കു പുറകിലും ഭാവനയുണ്ട്.. കലയുണ്ട് (സിനിമാ നടിമാരല്ല). പിന്നേ നല്ലതും ചീത്തയും.. അതു ആപേക്ഷികമല്ലേ. ഞ്ഞാന്‍ നല്ലതെന്നു കരുതുന്നതു പക്ഷേ താങ്കള്‍ക്കു ചീത്തയായിരിക്കാം. എന്റെ തെറ്റ് താങ്കള്‍ക്കു ശരിയുമാവാം. സൌന്ദര്യം, അതു കാണുന്നവന്റെ കഴ്ച്ചയില് മത്രമാണ്.
രാഗ ആർദ്ര ദേവനേ, ‘വാഗര്‍ത്ഥ പ്രതിപത്തയേ‘ വായിച്ചു ഒരു നിമിഷം ബേജാറായി- പച്ച മലയാളത്തിൽ ചീത്ത വിളിയാണോന്ന്!
സാക്ഷി, ഉം ഉം, അതു സത്യം!
രേഷ്മ,
കാത്തിരിക്കുകയായിരുന്നു...
തിരിച്ചുവന്നതിൽ സന്തോഷമുണ്ട്.
ഇനി നീ എങ്ങോട്ടും പോണ്ട.
ഇവിടെത്തന്നെയുണ്ടാവണം.
ചോപ്പിന്റെ പട്ടാട മാത്രമല്ല ഈ മൈലാഞ്ചിക്കു്.
മണത്തെടുത്തു മന:പാഠമാക്കാൻ പറ്റാത്ത ഏതൊക്കെയോ വിശിഷ്ടഗന്ധങ്ങളുമുണ്ടിവിടെ.
ചന്ദനവും ഊദും ബൊക്കൂറും പിന്നെ പേരറിയാത്ത ആയിരത്തൊന്നു ഗോപികളും പുകമഞ്ഞുപോലെ തമ്മിൽ പടർന്ന് രാസലീലയാടുന്നുണ്ടിവിടെ....
അതിക്രൂരമായ ഒരു മനസ്സോടെ നാലോ അഞ്ചോ ആവൃത്തി വായിച്ചുനോക്കി.
കല്ലുകടിയൊന്നും തോന്നിയില്ല.പഴയ ഫൌണ്ടൻപേനയുടെ നിബ്ബിലൂടെ മഷി ഊറിവരുന്നപോലെ തോന്നി നിന്റെ ചിന്തയിൽനിന്നും അഴിച്ചുവിട്ട കുതിര എന്നത്തേയും പോലെ ഇന്നും തിരക്കൊന്നുമില്ലാതെ മേടിറങ്ങിവരുന്നതു കണ്ടപ്പോൾ.
രേഷ്മക്കുട്ടി,
എന്റെ വീടിന്റെ പേരിനെക്കുറിച്ചൊരു കമെന്റടിച്ചു പോയതു കണ്ടു.നന്ദി.മൈലാഞ്ജിക്കു നല്ല മൊഞ്ജുണ്ട് ട്ടോ.
“ഹിമാനി” എന്നാല്‍ glacier എന്നാണെന്നാണ് എന്റെ ഓര്‍മ്മ. ഹിമകണം ആവണം snowflake. ബാക്കിയെല്ലാം ദേവന് പറഞ്ഞതുതന്നെ.
Post a Comment