Wednesday, December 14, 2005

വെയിലിലെ ഇത്തിരിവട്ടങ്ങൾ

പഴയ മാളികവീട്ടിലായിരുന്നു അവളുടെ കുട്ടിക്കാലം. ഒന്നാം നിലയിലുള്ള കുത്തനെയുള്ള ഏണി കേറുന്നത് നാലോ അഞ്ചോ വയസ്സുള്ള അവൾക്കൊത്തിരി പ്രയാസമായിരുന്നു, പോരാത്തതിനു ആടുന്ന കൈവരികളും. എങ്ങെനെയെങ്കിലും കേറിച്ചെന്നാൽ‍ നട്ടുച്ചക്കും ഇരുട്ട് നിറയുന്ന വലിയ മുറി; അവളുടെ രാജ്യം. അവിടെ കൂട്ടിയിട്ടിരിക്കുന്ന പൊളിഞ്ഞ ഫർണ്ണിച്ചറുകൾ കൊട്ടാരവും, ഗുഹയുമൊക്കെയായി മാറും; എപ്പോഴെങ്കിലും കേറിവരുന്ന പൂച്ച, ചങ്ങാതിപുലിയും. ‘ഏകാന്തത‘, ‘ബോറടി‘ ഈ വാക്കുകൾ അവൾക്കന്യമായിരുന്നു. ആ രാജ്യത്ത് സമയം വെയിലിന്റെ പതുക്കെയുള്ള നിറവ്യത്യാസം മാത്രമായി ഒതുങ്ങി നിന്നു. വൈകുന്നേരം ജനലിലൂടെ ചെരിഞ്ഞു വീഴുന്ന വെയിലിൽ കാക്കാത്തൊള്ളായിരം ഇത്തിരി വട്ടങ്ങൾ - ഒരു കണ്ണടച്ചു പിടിച്ചിരുന്നാൽ ആ വട്ടങ്ങൾ വലുതായി മാഞ്ഞു പോകുന്നതും, പിന്നെയും ഇത്തിരിവട്ടങ്ങൾ ആയി വരുന്നതും അവൾക്കു കാണാം.

വൈകാതെ എനിക്കവളെ കാണാൻ പോണം. അവൾ എന്നോട് പറയുന്ന പോലെ വെയിലിലെ ഇത്തിരി വട്ടങ്ങൾ വലുതാകുമോന്നു ഒറ്റക്കണ്ണിലൂടെ നോക്കിക്കാണണം. പിന്നെ അവൾക്കന്യമായ വാക്കുകൾ മറക്കാനും പഠിക്കണം.

15 comments:

സു | Su said...

:)

myexperimentsandme said...

വൈകാതെ നാട്ടിലേക്കൊരു യാത്ര........??

എത്രയൊക്കെ ശ്രമിച്ചാലും, കുട്ടിക്കാലും, അതിന്റേതായ നിഷ്കളങ്കതയിലും രസത്തിലും നമുക്ക് തിരിച്ചു കിട്ടുമോ ആവോ....

നന്നായിരിക്കുന്നു....

Anonymous said...

സ്ക്കൂളില്‍ ക്ലാസ്‌ മുറിയിലെ ചുമരില്‍ ഞങ്ങള്‍ സമയം എഴുതി വെയ്ക്കും.ഓടിന്റെ ഇടയില്‍ കൂടിവരുന്ന ഇത്തിരി വെട്ടം നാല്‌ എന്നെഴുതിയില്‍ എത്തിചേരുമ്പോള്‍ വൈക്കുന്നേരത്തെ നീണ്ട ബെല്ലടിക്കും...മൂന്ന്‌ മണി കഴിഞ്ഞ്‌ ചിലപ്പോള്‍ "വെയില്‍ വെള്ളം കുടിക്കാന്‍ പോകും".തിരിച്ചു പ്രത്യക്ഷപ്പെടുക ചിലപ്പോള്‍ നാലിനടുത്തായിരിക്കും അന്നേരത്തെ സന്തോഷം...അതു പറഞ്ഞറിയിക്കാന്‍ പറ്റാത്തതാകുന്നു.

അതുല്യ said...

എല്ലാ മുതിർന്നവരിലും, കുട്ടിക്കാലത്തെയ്യ്കു പോകാനുള്ള മോഹം ബാക്കി നിൽക്കുന്നു. എവിടെ എത്തിപെടുമോ എന്തോ.

Arturo Christhian said...

Que viva el mundo!!
Que haya paz!!
Para siempre!!

Amor y Paz !!

=D

ചില നേരത്ത്.. said...

"ആ രാജ്യത്ത് സമയം വെയിലിന്റെ പതുക്കെയുള്ള നിറവ്യത്യാസം മാത്രമായി ഒതുങ്ങി നിന്നു."
എടുത്തു പറയത്തക്കതായ പ്രയോഗം.

“മൂന്ന്‌ മണി കഴിഞ്ഞ്‌ ചിലപ്പോള്‍ "വെയില്‍ വെള്ളം കുടിക്കാന്‍ പോകും".
തുളസിയുടെ ഈ വാചകങ്ങളും നന്നായിരിക്കുന്നു.
‘അയരാവതത്തെ‘ മുട്ടുകുത്തിച്ച എഴുത്തുകാരീ.പ്ര്തിഭയുടെ മിന്നലാട്ടങ്ങള്‍ പകറ്ന്നെഴുതൂ.

Kalesh Kumar said...

നന്നായിടുണ്ട്!
പെട്ടന്ന് കുട്ടിക്കാലം ഓർമ്മവന്നു !

അഭയാര്‍ത്ഥി said...

യെഹ്‌ ബാത്‌ സബ്‌ രേഷം കാ ലഫസോം സേ ബനാ ഹുവ ഹൈ. രേഷം ബ്ളോഗ്‌ കൊ രോഷന്‍ കറ്‍താ ഹൈ

കെവിൻ & സിജി said...

ഏകാന്തതയിലും, നാശത്തിന്റെ കൂമ്പാരങ്ങള്‍ക്കിടയിലും സ്വന്തം കൊട്ടാരം നിര്‍മ്മിച്ച് അതിനുള്ളിലെ സ്വന്തം രാജാവും രാജ്ഞിയും രാജകുമാരിയും കുമാരനും എല്ലാം ആകുന്ന ആ കുട്ടി ആര്, ഞാന്‍ തന്നെയോ?

reshma said...

വക്കാരി, ‘കുട്ടിക്കാൽ‍ ‘ ഇല്ല, തൽക്കാലം ഒരു കോഴിക്കാൽ‍‍ എടുക്കട്ടേ? :D

ഇബ്രു , ‘അയരാവതതെ’ മുട്ട് കുത്തിച്ചതു ഞാനല്ല, ഒരു നാലു വയസ്സുകാരൻ‍ ആണ് :).പ്രതിഭയുടെ മിന്നലാട്ടം - ചിന്തകൾക്കു മലയാളത്തിൽ രൂപം കൊടുക്കാൻ തന്നെ എനിക്കിത്തിരി പ്രയാസം ആണ്,നല്ല എഴുത്ത് എനിക്കെന്നും ദൂരെ.നിങ്ങളൊക്കെ എഴുതുന്നത് വായിച്ച്, രസിച്ച് അതിൽ നിന്നും പ്രചോദനം കൊണ്ടാണ് ഞാൻ എഴുതുന്നത്. തെറ്റുകളും , കുറവുകളും ചൂണ്ടികാണിക്കുന്ന വിമർ‍ശനങ്ങൾ എനിക്കു വഴികാട്ടി തരും. ഇതു ഭംഗിവാക്കല്ല.

ഗന്ധർവാ , ഹിന്ദിയിൽ ഞാൻ ലാലേട്ടന്റെ ഒപ്പം. മുജേ ഹിന്ദി നഹി മാലൂം ഹൈ. സ്പാനിഷ് ഭീ .

കെവിൻ പൊങ്ങിയതിൽ സന്തോഷം!

സൂ, തുളസി, അതുല്യ,കലേഷ്: വായിച്ച് , ഓർമ്മകൾ പൻകിട്ടതിൽ സന്തോഷമുണ്ട് :)

സു | Su said...
This comment has been removed by a blog administrator.
myexperimentsandme said...

ഛേയ്...........
കുട്ടിക്കാലം, കുട്ടിക്കാലം, കുട്ടിക്കാലം, കുട്ടിക്കാലം, കുട്ടിക്കാലം, കുട്ടിക്കാലം, കുട്ടിക്കാലം, കുട്ടിക്കാലം, കുട്ടിക്കാലം, കുട്ടിക്കാലം.

(കട്ടും പേസ്റ്റുമൊന്നുമല്ല, പത്തുപ്രാവശ്യം ടൈപ്പു ചെയ്തുതന്നെ)

ദേവന്‍ said...

വെയില്‍ വട്ടങ്ങള്‍ എന്റെ ക്ലാസ്സിലെ "മൊട്ട"കള്‍!!

വെയില്‍വട്ടങ്ങള്‍ റ്റീച്ചറുടെ കാലില്‍പ്പതിയുമ്പോള്‍ മണിയടിക്കുമെന്നൊക്കെ പ്രാകൃതമായ കണക്കുകളല്ലാതെ തുളസിയുടെ ക്ലാസ്സ്‌ ചെയ്തപോലെ സണ്‍ ഡയല്‍ ടെക്നോളജി വികസിപ്പിച്ചിട്ടില്ല ഞങ്ങള്‍ . പഠിക്കാത്തവരേ മൊട്ടകാട്ടി നിനക്കതു കിട്ടുമെടാ പരീക്ഷക്കെന്ന് ഭയപ്പെടുത്തിയിട്ടുണ്ട്‌. ഉത്തരായനവും ദക്ഷിണായനവുമെന്തെന്ന് മൊട്ടയുടെ ചാലില്‍ വരുന്ന സ്ഥാനമാറ്റം കാട്ടി സാമുവല്‍ സാറു പറഞ്ഞു തന്നിട്ടുണ്ട്‌.

വീട്ടിലെ ചായ്പ്പില്‍ ആയിരക്കണക്കിനു മൊട്ടകളുണ്ടായിരുന്നു. ആശാനെന്ന നായ അവന്റെ നനഞ്ഞ മൂക്ക്‌ മൊട്ടയില്‍ക്കാട്ടി ഉണക്കിക്കൊണ്ടായിരുന്നു ഉച്ചയുറക്കം.

മഞ്ഞപ്പിത്തം പിടിപെട്ടപ്പോള്‍ ചായ്പ്പിലെ മഞ്ഞ നിറമുള്ള മൊട്ടകള്‍ നോക്കിക്കിടന്നു. അവ പെട്ടെന്നണഞ്ഞ്‌ കണ്ണില്‍ ഇരുട്ടുകയറിയപ്പോള്‍ ഞാന്‍ മരിക്കുകയാണെന്ന് ഭയന്നുപോയി.

സൂര്യഗ്രഹണസമയത്ത്‌ ഇത്തിരിവട്ടങ്ങള്‍ നൂറുകണക്കിനു പിന്‍ഹോള്‍ പ്രൊജക്റ്ററായിമാറി അര്‍ത്ഥസൂര്യന്മാരെയും സൂര്യക്കലകളേയും കാട്ടിത്തന്നു ഞങ്ങളെ അത്ഭുതപ്പെടുത്തി.

ഇട്ടാവട്ടത്തിലെ പ്രപഞ്ചം. ഒരു തുള്ളി ജലത്തിലെ സമുദ്രത്തിന്റെ ഇരമ്പമെന്നു ആരോപറഞ്ഞപോലെ. തകര്‍പ്പന്‍ എഴുത്ത്‌ രേഷ്മ, തുളസി

രാജീവ് സാക്ഷി | Rajeev Sakshi said...

രേഷ്മാ, അവള്‍ക്കന്യമായ ആ വാക്കുകള്‍ ഒന്നുപോലും മറക്കാന്‍ ഇനിയൊരിക്കലും കഴിയില്ല.. അത് മറയ്ക്കാന്‍ ശ്രമിക്കാം.

Anonymous said...

മനസ്സില്‍ കോറിയിട്ട മായാപ്രപഞ്ചങ്ങള്‍ മായാതിരിക്കട്ടെ. (അല്ലെങ്കിലും മായാ-പ്രപഞ്ചങ്ങള്‍ മായുന്നതെങ്ങിനെ ;) )