Monday, February 06, 2006

ഓർമ്മകൾ പലതരം

ചിലത് പതിവായി തുടച്ച് സൂക്ഷിച്ച് വെക്കുന്ന വെള്ളിപാത്രങ്ങളെ പോലെ. വിരസമായ പകലിന്റെ അന്ത്യത്തിലോ മറ്റോ നിങ്ങളവയെ പുറത്തെടുത്ത് ഭംഗിനോക്കിയിരിക്കും. അടുത്തുള്ളവർക്കും വിളമ്പാം, ആദ്യമായിട്ടെന്ന പോലെ…”പണ്ട് സ്കൂൾ പൂട്ടിയാൽ…ഓള് ഭയൻകര പോക്കിരിയായിരുന്നു…’ തിരിച്ചും മറിച്ചും നോക്കി രസിച്ചതിനു ശേഷം തിരികെ വെക്കാം, വിരസമായ മറ്റൊരു ദിവസത്തിനേക്കായി.

വേറേ ചിലത് വിലപ്പെട്ട സ്വപ്നങ്ങൾ വീണുടഞ്ഞുണ്ടായ മൂർച്ചയേറിയ കുപ്പിച്ചില്ലുകളായി വഴിയിൽ ചിതറികിടപ്പാണ്. ചവിട്ടിപ്പോയാൽ…മുറിവ് കഴുകി ഡെറ്റോൾ‍ തേച്ച് കെട്ടുമ്പോൾ വേദന അസഹ്യമാകുമെൻകിലും നിങ്ങൾക്കറിയാം, ഇതും ഉണങ്ങുമെന്ന്. ആദ്യമായിട്ടല്ലല്ലോ.

ഇനിയും ചിലതുണ്ട്, ബോധമനസ്സിനു തൊട്ടുകീഴെയായി പതിയിരിക്കുന്ന ഒരു കൂട്ടം. നിസ്സാരമായ എന്തെൻകിലും- ഒരു വീട്ടുമുറ്റത്ത് അലക്ഷ്യമായി ഉപേക്ഷിക്കപ്പെട്ട രണ്ടു സൈക്കിളുകൾ‍, ചീഞ്ഞ മഴയത്ത് ഇടക്ക് എത്തിനോക്കി പോകുന്ന വെയിൽ-ഒരു പ്രത്യേകതയും അവകാശപ്പെടാനില്ലാത്ത കാര്യങ്ങൾ ചിലനേരത്ത് ആ ആഴങ്ങളിലേക്കിറങ്ങി ചെന്ന്, മാഞ്ഞു തുടങ്ങിയ ഒരു ചിത്രത്തെ പെട്ടെന്ന് മനസ്സിലേക്കെടുത്തെറിയും. ഒരു കനൽകട്ട ജ്വലിക്കുന്ന വർണ്ണങ്ങളായി ആളിക്കത്തി പിന്നെ അടുത്ത നിമിഷം കെട്ടൊടുങ്ങുന്നത് കണ്ട്, ആരോടും പറയാനാവാതെ , കൈയ്യിൽ ഒരു പിടി ചാരവും പിടിച്ച് നിങ്ങളുടെ മനസ്സിന്റെ കോണിൽ ഒരാൾ പകച്ചു നിൽക്കും.

19 comments:

സു | Su said...

എനിക്ക് അല്‍ഷിമേഴ്സാ :( ഒന്നും ഓര്‍മ്മയില്ല. രേഷ് എന്നെ ഓര്‍മ്മിക്കണേ.

rathri said...

.......ചീഞ്ഞ മഴയത്ത് ഇടക്ക് എത്തിനോക്കി പോകുന്ന വെയിൽ.......

manOharam resh:)

Kumar Neelakandan © (Kumar NM) said...

നന്നായി.

SunilKumar Elamkulam Muthukurussi said...

അരണയുടെ ബുദ്ധിയും ഓര്‍മ്മയും അതാ എനിക്ക്‌ -സു-

ചില നേരത്ത്.. said...

ഓര്‍മ്മകളുടെ ഈ ഓര്‍മ്മക്കുറിപ്പുകള്‍ ഇത്രയും കുറഞ്ഞ് പോയതെന്തേ എന്ന് ചോദിക്കാന്‍ കാരണം..നുറുങ്ങുചിന്തയിലൂടെ പരത്തിയ നറുമണം തന്നെ.(ചില മണങ്ങളും എന്നെ ഓര്‍മ്മകളിലേക്ക് നയിക്കാറുണ്ട്.)
ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണല്ലോ, നല്ല എഴുത്ത്.

Kalesh Kumar said...

നന്നായിരിക്കുന്നു രേശ്...

Anonymous said...

ഇബ്രു പറഞ്ഞതു പോലെ പല ഗന്ധങ്ങളും പല ഓര്‌മകളിലേക്കുള്ള തക്കോലാണ്‌ ( എനിക്ക്‌ ഓർമശക്തി കൂടുതലാണ്‌, അതിനു പേരെന്താണാവോ????)

ബിന്ദു

nalan::നളന്‍ said...

ഓര്‍മ്മ കാറ്റുപോലാണു.
എരിയുന്ന കനലുകളെ ആളികത്തിച്ചിട്ട് കടന്നുകളയും
ചിലപ്പോള്‍ ഒരു തഴുകലില്‍ ഇട്ടിട്ട് പോകുന്നതൊരു കുളിരും.
ഒരു കാറ്റു വീശിയോ...

reshma said...

സൂനേയും മറക്കില്ല, സൂ കടം വാങ്ങിയതും മറക്കില്ല, പോരേ;)

രാത്രി, കുമാറ്, വിശാലാ, കലേഷ്, നിങ്ങൾക്കു ഇഷ്ടമായെന്ന് അറിഞ്ഞ് സന്തോഷമുണ്ട്.

-സു- കടിക്കല്ലേ!

ഇബ്രു, ദൈർഘ്യം (ഈ വാക്കൊക്കെ ഞാൻ ആദ്യായാ ഉപയോഗിക്കുന്നേ, ചിരിയാ വരുന്നേ)കുറഞ്ഞത് കാമ്പ് കുറവായത് കൊണ്ടന്നെ.ശരിയാ, മണങ്ങളും ഓറ്മ്മ ഇൻഡ്യൂസിങ്ങാ. ഇബ്രുന്റെ ഓർമ്മ-ചിന്തകൾ പറയുമല്ലോ?

ബിന്ദു, ബ്ലോഗിങ്ങിലേക്കുള്ള താക്കോൽ എടുക്കൂ:)

നളൻ‍ വളരെ ലളിതവും, വ്യക്തവുമായ ഇമേജിലൂടെ ഞാൻ നീട്ടി വലിച്ചതൊക്കെ രണ്ടു വരിയിൽ ഒതുക്കി വെച്ച് തന്നു!വീണ്ടും വരുമല്ലോ?

Anonymous said...

രേഷം, വടക്കത്തിയാ?
കാറ്റു വീശി നെരുപ്പില്‍ തീയാളി, നളന്റെ കമ്മന്റു വായിച്ചപ്പോ

അതുല്യ said...

അകലെ അകലെ ആരൊ.... പാടും
ഒരു നോവു പാട്ടിന്റേ നേർത്ത രാഗങ്ങൾ ഓർത്തു പോകുന്നു ഞാൻ
അകലെ... അകലെ ...എതോ കാറ്റിൽ
ഒരു കുഞ്ഞു പ്രാവിന്റെ തൂവലാൽ തീർത്ത കൂടു തേടുന്നു ഞാൻ..........

ഇബ്രു പറഞ്ഞ പോലെ, ഗന്ധങ്ങളാണു ചിലപ്പോ ഒോർമ്മകളിലേയ്കു കൂട്ട്ടികൊണ്ട്‌ പോവുക. അപ്പുന്റെ പുതിയ ബുക്കിന്റെ ബൈൻഡീങ്ങ്‌ പശ മണം അറിയുമ്പോ, ഞാൻ സ്കൂൾ തുറന്ന ജൂൺ മാസത്തെ മഴയെ കുറൈച്ചോർക്കാറുണ്ട്‌.

രാജീവ് സാക്ഷി | Rajeev Sakshi said...

പോസ്റ്റും കമന്റുകളുമെല്ലാം ഓര്‍മ്മകളുടെ കനലുകളെ ആളിക്കത്തിക്കുന്നു. നന്ദി. ഒരു കാറ്റായി വീശിയതിന്‌.

സു | Su said...

ഈശ്വരാ. കടം വാങ്ങിയത് ഇപ്പോഴും ഓര്‍ത്തുവെക്കുന്നുണ്ടോ? എന്നാലും അതൊന്നും ഈ ബ്ലോഗിലൊന്നും അറിയിക്കരുതെന്ന് ഞാന്‍ പറഞ്ഞിട്ടില്ലേ. വേണമെങ്കില്‍ പലിശ കുറച്ചു തന്നോളാം. ഞാന്‍ ഇ-മെയില്‍ അയച്ചിട്ട് പറഞ്ഞുതന്ന നിര്‍ദ്ദേശങ്ങളൊക്കെ മറന്നോ?

reshma said...

ആ തുളസി,കോഴിക്കോട് ജങ്ഷനിന്നും ഇടത്തോട് പോയിട്ടങ്ങനെയങ്ങനെ . വാക്കത്തിയല്ല ട്ടോ.

പുതിയ ബുക്കിന്റെ പശ നക്കിതിന്നാൻ തോന്നിയ ഒരു ‘പിരാന്തത്തി‘ ചങ്ങായി ഉണ്ടായിരുന്നു എനിക്കു. ഈ പശ ഒരു യൂനിവേഴ്സൽ‍ വീക്ക്നെസ്സാ ല്ലേ അതുല്യേച്ചി?
സാക്ഷി കത്തട്ടങ്ങനെ കത്തട്ടെ, വരകളും വാക്കുകളും മുളക്കട്ടെ:)
സൂ, കൊച്ചുകള്ളീ!കണ്ണൂരിൽ വന്ന് സു ഡോട്ട് ബ്ലോഗിലെ സൂനെ തപ്പികണ്ടു പിടിക്കും ഞാൻ:P

Achinthya said...

നന്നയിട്ടുണ്ട്‌ രേഷ്മാ.
ഓർമ്മകൾ വരുന്നു, ഓർക്കാപ്പുറത്ത്,
കാറ്റിലെരിയുന്ന കനലായി,
കടലിലാളുന്ന തീയായി,
നെഞ്ജിലുറയുന്ന നോവായി,
കണ്ണിലുരുകുന്ന നീരായി...

വര്‍ണ്ണമേഘങ്ങള്‍ said...

അടുത്ത നിമിഷം കെട്ടൊടുങ്ങുന്നത് കണ്ട്, ആരോടും പറയാനാവാതെ , കൈയ്യിൽ ഒരു പിടി ചാരവും പിടിച്ച് നിങ്ങളുടെ മനസ്സിന്റെ കോണിൽ ഒരാൾ പകച്ചു നിൽക്കും.

ശരിയാണ്‌...വളരെ ശരി..!

മര്‍ത്ത്യന്‍ said...

കൊള്ളാം, ഓര്‍മ്മക്കുറിപ്പുകള്‍ തുടരണം

ninetieschild said...

holy shit its a whole different civilization!!

Chathunni said...

വീട്ടുമുറ്റത്തു അലക്ഷ്യമായി ഉപേക്ഷിക്കപെട്ട സൈക്കിളുകള്‍.. a nice one.. :)