Wednesday, November 15, 2006

കണ്ണാടിപ്പുരയിലെ പെണ്‍കുട്ടി

കണ്ണാടിപ്പുരയിലെ പെണ്‍കുട്ടി കിണറ്റില്‍ ചാടി മരിച്ചെന്ന് കേട്ടപ്പോള്‍ എനിക്ക് അല്‍ഭുതമാണ് തോന്നിയത്; മുതിര്‍‍ന്നവര്‍ മാത്രം ചെയ്യുന്ന പ്രവൃത്തിയിലൂടെ അവളും വലുതായല്ലോയെന്ന അല്‍ഭുതം.

മറ്റുമ്മ എന്ന് ഞങ്ങള്‍ വിളിക്കുന്ന വല്ല്യുമ്മന്റെ വീട്ടിന്റെ തൊട്ടുപിറകില്‍ തന്നെ ആണ് വലിയ ജനാലകളുള്ള കണ്ണാടിപ്പുര. പൂപ്പലോടിയ പുറംചുമരുകളുള്ള ഓടിട്ട വീട്. വൃത്തിയുള്ള ചെറിയ മുറ്റം. തൊട്ട് തൊട്ടായി ഒരു പോലെ പഴകിയ വീടുകള്‍. അവക്കിടയിലെ അതിരുകള്‍ അറിയിച്ചുകൊണ്ട് ചെമ്പരത്തിവേലികളും. ആ ചെമ്പരത്തിചെടികള്‍ക്കു മുന്‍പില്‍ മറ്റുമ്മാന്റെ വീട്ടിലെ മതിലിന് വല്ലാത്ത ഉയരം തോന്നുമായിരുന്നു. അപ്പുറവും ഇപ്പുറവുമായി രണ്ടു ലോകങ്ങളായി മുറിക്കാന്‍ പോന്ന ഉയരം.

ഒരേപ്രായമായിട്ടും ഞാനവളെ ഒരിക്കല്‍ മാത്രമാണ് കണ്ടത്. ഒന്നാം നിലയിലെ പൊടിപിടിച്ച ഏതോ ജനലിലൂടെ ഒരു കാഴ്ച. സിമന്റ്പടിയില്‍ ഇരുന്നു വായിക്കുകയായിരുന്നു അവള്‍. നരച്ച കമ്മീസും, കുളിച്ചാന്‍ മുടിയും. എന്നിട്ടും എന്റെ കുട്ടിക്കളികളില്‍ കൂട്ടായി അവളും വന്നിരുന്നു. മരിച്ചെന്നറിഞ്ഞതിന് ശേഷവും. ഈയടുത്ത് മറ്റുമ്മാന്റെ വീട്ടുപറമ്പില്‍‍ ചുറ്റിക്കറങ്ങുന്നതിനിടെ അവളുടെ മുഖം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. അപ്പോളാ ഓടിയത് എനിക്കവളുടെ പേര് പോലും അറിയില്ലായിരുന്നെന്ന്.

15 comments:

ഏറനാടന്‍ said...

എന്തേയ്‌ ചുരുക്കിയത്‌. പെട്ടെന്ന് വിരാമമിടാതെ ഇത്തിരികൂടി പറയാമായിരുന്നു. നന്നായി വായിച്ചു.

സു | Su said...

എനിക്ക് കാലനെ വരെ അറിയാം :|

അറിയില്ലായിരുന്നു, മനസ്സിലാക്കിയില്ലായിരുന്നു, ഇതൊക്കെ ആരെങ്കിലും മരിച്ചതിനുശേഷം ഓര്‍മ്മയില്‍ വന്നിട്ട് ഒരു കാര്യവുമില്ല.

രാജ് said...

പണ്ടു റെഡിഫില്‍ എഴുതിയിരുന്ന അതേ രേഷ്മ തന്നെ, ഒട്ടും മാറിയിട്ടില്ല. വായന പഴയതു പോലെ തന്നെ വ്യത്യസ്തയുള്ള പകര്‍ച്ച.

വേണു venu said...

അവളും വലുതായല്ലോയെന്ന അല്‍ഭുതം.
അവളെ കഥാകാരിക്കു് അറിയാമായിരുന്നു..
നരച്ച കമ്മീസും, കുളിച്ചാന്‍ മുടിയും. എന്നിട്ടും എന്റെ കുട്ടിക്കളികളില്‍ കൂട്ടായി അവളും വന്നിരുന്നു.
എല്ലാ വ്യക്ത്തമായ പരിചയവൂം കഥാകാരിക്കുണ്ടായിരുന്ന നായിക.
കഥ തീരുന്നു.
അപ്പോളാ ഓടിയത് എനിക്കവളുടെ പേര് പോലും അറിയില്ലായിരുന്നെന്ന്.
ഇതെന്താണു് രസതന്ത്രം ബാധിച്ചോ.?
മനസ്സിലാക്കാന്‍ ശ്രമിച്ച എന്‍റെ പിഴവാണെങ്കില്‍ മാപ്പാക്കുക.

reshma said...

ഏറനാടന്‍ ഇത്രേയുണ്ടായിരുന്നുള്ളൂ പറയാന്‍:)

സൂ,കാര്യമുണ്ട്!

പെരിങ്ങോടരേ, രണ്ടു കൊല്ലമായിട്ടും മാറ്റമില്ലെന്ന് പറഞ്ഞാ അതൊരു അധോഗതിയാണല്ലോ:D

വേണു, മാപ്പില്ല! ശിക്ഷയായി ഇത് പിടിച്ചോ:)
അവളും വലുതായല്ലോയെന്ന അല്‍ഭുതം- കുട്ടിക്കാലം അവള്‍ കടന്നല്ലോയെന്ന് മാത്രം.പരിചയമല്ല. അവളെ കണ്ടത് ഒരിക്കല്‍ മാത്രമായിരുന്നെങ്കിലും സങ്കല്പലോകത്ത് അവളെന്റെ കളികൂട്ടുകാരിയായി കടന്നുവന്നിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് പേര് പോലും അറിയാത്ത വെറും കണ്ണാടിപ്പുരയിലെ പെണ്‍കുട്ടി മാത്രായിരുന്നു അവളെന്ന് ബോധം വന്നത്.

എന്നെ രേഷ്മയെന്നോ, മൈലാഞ്ചിയെന്നോ വിളിക്കാം. കഥാകാരീന്ന് കേക്കുമ്പോ നഖം മതിലില്‍ ഉരഞ്ഞപോലെ :D

ലിഡിയ said...

ഇതും തുളസിയുടെ ചിത്രവും ഒത്ത് പോകുന്നു...പറഞ്ഞാലും പറഞ്ഞാലും തീരാത്ത തുടരുന്ന കഥ

-പാര്‍വതി.

nalan::നളന്‍ said...

ചിലപ്പോള്‍ താന്‍ വളര്‍ന്നുവെന്നു രേശ്മയെ അറിയിക്കാന്‍ വേണ്ടിയായിരിക്കുമീ ആത്മഹത്യ, അല്ലേല്‍ പേരറിയില്ലായിരുന്നുവെന്നോര്‍മ്മിപ്പിക്കാന്‍ വേണ്ടിയായിരിക്കും.
ചിലപ്പോള്‍ ജീവനോടുള്ള് പുച്ഛമായിരിക്കാം.

ഓ. ടോ.
ജീവിതം ആത്മഹത്യയില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്നാരെങ്കിലും പറഞ്ഞിട്ടുണ്ടോ ?

വിശ്വപ്രഭ viswaprabha said...

ജനലിനപ്പുറത്തേക്കു നോക്കുമ്പോള്‍ കുഞ്ഞിക്കഥകളും പറഞ്ഞ് മുറ്റത്തെ കോണില്‍ നില്‍ക്കാറുള്ള ഒരു കൂട്ടുകാരി എനിക്കുമുണ്ടായിരുന്നു.

പിന്നെ ഒരുനാള്‍ അവളെ കാണാതായി...

രൂപം മങ്ങിമങ്ങിപ്പോവുകയായിരുന്നു...

ഇല്ല, ദാ അവള്‍ അവിടെത്തന്നെയുണ്ട്. ഇപ്പോള്‍ തെളിഞ്ഞുവരുന്നു...

രേഷ്മേ, നീ എഴുതുമ്പോള്‍ എനിക്കെന്റെ ജനല്‍ക്കാഴ്ച്കകള്‍ തിരിച്ചുകിട്ടുന്നു...

Anonymous said...

രേഷമാ,
ഇതു വായിച്ച് കമന്റായി ആദ്യം ഇവിടെ എഴുതിയതാണ് പിന്നിട് ഞാന്‍ പുതിയ പോസ്റ്റായി ഇട്ടത് :)

Siji vyloppilly said...

Rshma,
Nice 'Mini kadha'..I like ur style of presentations.Iam a new blogger and don't know how to post a malayalam comments.It is the first time iam reading ur creations.'Valare nalla bhasha'...
If you are free you can visit my new blog sijijoy.blogspot.com

Siji vyloppilly said...

Reshma,
Thanks..
Njan ellam padichchu varunnatheyullu...
Elaththinum kuRe samayam edukkunnu...

reshma said...

നന്ദി:)

qw_er_ty

വിഷ്ണു പ്രസാദ് said...

gkഈ കഥ കാണാന്‍ വൈകി.ഒരു ചിത്രകാരന്‍/കാരിയുടെ സൂക്ഷ്മത നിങ്ങളുടെ എഴുത്തിലുണ്ട്.അതെന്നെ ആകര്‍ഷിക്കുന്നു.

reshma said...

വിഷ്ണുമാഷെ, ആ കമന്റെന്നെ ലഘുചിത്തയാക്കുന്നു :)

qw_er_ty

വര്‍ണ്ണമേഘങ്ങള്‍ said...

ഇങ്ങനെ കുഞ്ഞ്‌ ചിന്തുകളില്‍ നിന്നും ഉള്‍ക്കാമ്പുള്ള കഥ എങ്ങനെയാ ഉണ്ടാക്കിയെടുക്കുന്നത്‌.
നന്നായി.