Friday, May 27, 2011

അങ്ങനെയിങ്ങനെ പോകുമ്പോള്‍

മാളിലെ കളിയിടത്തിലേക്ക് പ്രവേശിച്ചതും രൂക്ഷമായൊരു ഗന്ധവും ശബ്ദകോലാഹലവും അവരെ എതിരേറ്റു. ഊദും, സിഗരറ്റും, പലതരം പെര്‍ഫ്യൂമുകളും ഒന്നിച്ചും വഴിമാറിപ്പിരിഞ്ഞും അവിടമാകെ വ്യാപിച്ചിരുന്ന ആ ഭീമാകാരനായ സത്വത്തിനു മുന്നില്‍ കുളി കഴിഞ്ഞ് താന്‍ കക്ഷങ്ങളില്‍ പുരട്ടിയ നിവിയ ഡിയോ വാലും ചുരട്ടിയോടിയേ തീരൂ എന്നു അനഘക്കു തോന്നി. പലതരം ഒന്നിച്ച്; ഒന്നായി; ഒരുമിച്ച്- പ്രയോഗങ്ങളിലെ പൊരുത്തക്കേടു പോലെയെന്തോ തടഞ്ഞതും അര്‍ജ്ജുന്‍ അനഘയുടെ പിടിവിട്ട് ആദ്യത്തെ റൈഡിനുള്ള നിരയില്‍ സ്ഥാനം പിടിച്ചു. പിറകെ ഫര്‍ഹാനും.

'ഇനി രണ്ടീനേയും കിട്ടില്ല, വാ ഇവിടെ നില്‍ക്കാം' സുമി ഒഴിഞ്ഞ ഒരു കോണിലേക്ക് നീങ്ങിനിന്നു. ആനന്ദും ഫൈസലും റ്റിക്കറ്റെടുക്കാന്‍ പോയിരുന്നു. വ്യാഴം രാത്രിയായതിനാല്‍ നല്ല തിരക്കുണ്ട്. ചുളിവു വീഴാത്ത തൂവെള്ള തൊഉബുകള്‍, ഒഴുകുന്ന കറുപ്പ് അബായകള്‍, സ്കിന്‍ റ്റൈറ്റ് ജീന്‍സ്, ട്രെന്‍ഡി റ്റീഷറ്ട്ടുകള്‍- ഇതിനെല്ലാമിടയില്‍ തന്റെ കോട്ടണ്‍ സല്‍‌വാര്‍, സുമിയെ പോലെ കുറ്‌ത്തി-ജീനെങ്കിലും ഇടാമായിരുന്നു എന്നു അനഘക്കു തോന്നി.

'സുമി നല്ല ഡ്രസ്സെല്ലാം കൈ കൊണ്ട് കഴുകിയെടുക്കാറാണോ? മെഷീനിലും ഡ്രയറിലും ഇട്ട് കോട്ടണ്‍ ഡ്രസ്സെല്ലാം വൃത്തികേടാവുന്നു'.
'അനഘ എല്ലാം കൂടെ മെഷീനിലോട്ട് കുത്തികയറ്റുന്നതു കൊണ്ടാവും, പുതിയത് എന്നല്ല എല്ലാ ഡ്രസ്സും ഞാന്‍ പുറം മറിച്ചിട്ടേ മെഷീനില്‍ ഇടൂ, അതും ചെറിയ ലോഡായി'. ചുറ്റുമുയരുന്ന ശബ്ദഘോഷത്തെ മുറിച്ച് കടക്കാനായി സുമി കൈകള്‍ വിടര്‍ത്തി ആഞ്ഞുതള്ളുന്നതായി ആംഗ്യം കാണിച്ചുകൊണ്ടു പറഞ്ഞു. ആ ബഹളത്തില്‍ സുമിയുടെ ശബ്ദം മുങ്ങിപ്പോയിരുന്നുവെങ്കില്‍ താന്‍ എങ്ങെനെയാണ് അവളുടെ ആംഗ്യം വായിച്ചെടുക്കുക എന്നു അനഘയോറ്‌ത്തു. ഉയര്‍ന്നും താണും കറങ്ങുന്ന കുട്ടിഫ്ലൈറ്റുകളില്‍ ഇരുന്നു അര്‍ജ്ജുനും ഫര്‍ഹാനും കൈവീശി ആര്‍ത്തുചിരിച്ചു. 'പ്രിന്റുള്ള റ്റീഷര്‍ട്ടുകള്‍ ഡ്രൈയറില്‍ ഇടുമ്പോള്‍ ഒന്നൂടെ ശ്രദ്ധിക്കണം, റ്റംമ്പിള്‍ ഡ്രൈ ഒന്‍ലി, നോ ഹീറ്റ്. അല്ലെങ്കില്‍ പ്രിന്റ് ചുക്കിച്ചുളുങ്ങി വരും.'

ഉയര്‍ത്തിക്കെട്ടി ക്രിസ്റ്റലുകള്‍ പതിപ്പിച്ച ഹിജാബുകള്‍, കനത്തില്‍ എഴുതിയ നീണ്ട കണ്ണൂകള്‍, റ്റാഗ് പറിച്ചിട്ടില്ലെന്നു തോന്നിപ്പിക്കുന്ന ബാഗുകള്‍, കടഞ്ഞെടുത്ത ഹൈഹീല്‍ ചെരുപ്പുകള്‍ - ഒരു കൂട്ടം കറുത്ത അബായകള്‍ അവര്‍ക്കരികിലൂടെ നടന്നുനീങ്ങി. 'കണ്ണൂകള്‍ മാത്രം കാണിക്കാനാവുന്നതു കൊണ്ടാണോ ഇവര്‍ ഇത്ര കട്ടിയായി ഐലൈനറിടുന്നത്?' അനഘ ചിരിച്ചു. 'ഉമ്മാ, വാ ഇനി ഫ്രോഗി റൈഡ്' ഫര്‍ഹാന്‍ സുമിയുടേ കൈ പിടിച്ചു വലിച്ചു. 'പപ്പയും അങ്കിളും എവിടേ?'. ഫര്‍ഹാന്‍ അടുത്ത റൈഡിനുള്ള ക്യൂവില്‍ നില്‍ക്കുന്ന അര്‍ജ്ജുന്റെ അടുത്തേക്ക് ഓടി.സുമിയും അനഘയും അവനു പിറകെ നടന്നു. കൈയ്യിലൊരു ബലൂണും പിടിച്ച് ആള്‍ക്കൂട്ടത്തിനിടയിലൂടെ ഒരു വാവ ആടിയാടി നടന്നു. ഡയപ്പര്‍ ബാഗ് തൂക്കിയൊരു ഫിലിപ്പിനി മെയ്ഡ് പിറകേയും.
'എന്തു ഭംഗിയാ ഈ അറബിക്കുട്ടികളെ കാണാന്‍' അനഘ പറഞ്ഞു.
'ഉം, ചിലതൊക്കെ മുടീം കെട്ടി മാച്ചിങ്ങ് ക്ലിപ്പും കുത്തി- എന്തു ഭംഗീള്ള മുടിയണിവര്‍ക്ക് , പക്ഷെ' സുമി അനഘയുടെ ചുമലില്‍ തട്ടി ' അടുപ്പിക്കാന്‍ കൊള്ളില്ല. പിള്ളേരും കണക്കാ, വല്ല്യോരും കണക്കാ. ഒരു മാനേറ്സും ഇല്ലാത്ത കൂട്ടരാ'.

പല നിറങ്ങളുള്ള തവളകള്‍ കുട്ടികളെ വട്ടം കറക്കാന്‍ തുടങ്ങി. പതുക്കെ മേലോട്ടുയര്‍ത്തി, കുത്തനെ താഴേക്കിറക്കി, മിന്നല്‍ വേഗത്തില്‍ മുന്നോട്ടാഞ്ഞും തവളകള്‍.
'അര്‍ജ്ജൂന്‍! ഫര്‍ഹാന്‍!' കുട്ടികള്‍ കറങ്ങി തങ്ങള്‍ക്കു നേരെയെത്തുമ്പോള്‍ സുമിയും അനഘയും കൈ വീശി വിളിച്ചുപറഞ്ഞു. അമ്മമാരുടേ ശബ്ദം ഏതു ദിശയില്‍ നിന്നാണ് വരുന്നതു എന്ന് മനസ്സിലാവാതെ കുട്ടികള്‍ അപ്പുറവും ഇപ്പുറവും നോക്കി. ' രണ്ടും അന്തം വിട്ടിരിക്കാ', അനഘക്കും സുമിക്കും രസം പിടിച്ചു, അവര്‍ മക്കളുടെ പേരുകള്‍ ഉറക്കെയുറക്കെ വിളിച്ചുകൊണ്ടിരുന്നു. തവളകള്‍ വേഗം കൂട്ടി. കറങ്ങി കലങ്ങുന്ന നിറങ്ങള്‍ക്കിടയില്‍ നിന്നും തങ്ങളുടെ മക്കളെ തിരിച്ചറിയാനാവാതെ വന്നപ്പോള്‍ സുമിക്കും അനഘക്കും പൊടുന്നനെ ഒരാന്തല്‍ തോന്നി.‍

'ഇവിടെ നില്‍ക്കാണോ? എത്ര നേരായി ഞങ്ങള്‍ തിരയുന്നു!" ആനന്ദ് പോപ്കോണുമായി.
'സുമീ, നീ ഫോണെടുത്തിട്ടില്ലേ? ഞാനെത്ര വിളിച്ചു!' ഫൈസല്‍ ചോദിച്ചു.
'ഓ! ഈ ബഹളത്തില്‍ ഞാന്‍ കേട്ടേയില്ല'.
'പിള്ളെരു തകറ്ക്കുവാണല്ലോ!'.
'ഈ മെയിഡൊക്കെ എന്തിനാ ഇങ്ങനെ യൂനിഫോം ഇട്ടിരിക്കുന്നേ?' അനഘ ചോദിച്ചു.
'മെയിഡ് മാത്രല്ലല്ലോ, മുതലാളിമാരും കറുപ്പിലും വെള്ളയിലുമല്ലേ?' ആനന്ദ് കണ്ണിറുക്കി.
'മലയാളായോണ്ട് കുഴപ്പമില്ല. ഇവര്‍ക്ക് ഇതൊക്കെ മനസ്സിലായാല്‍ പണി കിട്ടും മക്കളേ' ഫൈസല്‍ ശബ്ദം താഴ്ത്തിപറഞ്ഞു. ഉച്ചസ്ഥായിയിലുള്ള പല ശബ്ദങ്ങള്‍ കൂടിക്കുഴഞ്ഞിരിക്കുന്നിടത്ത് പതിഞ്ഞ ശബ്ദം എന്തു കൊണ്ടാണു അരോചകമായി അനുഭവപ്പെട്ടത് എന്നു അനഘയോറ്ത്തു.

ഫര്‍ഹാനും അര്‍ജ്ജുനും ഓടിയെത്തി, 'ഇനി അവിടെ'. അര്‍ജ്ജുന്റെ റ്റീഷര്‍ട്ടിലെ ഫുട്ബോള്‍ ചിത്രം കുഞ്ഞുകുഞ്ഞു കഷ്ണങ്ങളായി പൊടിഞ്ഞു തുടങ്ങിയത് അനഘ അപ്പോഴാണ് കണ്ടത്, റ്റംബിള്‍ ഡ്രൈ, നോ ഹീറ്റ്, അനഘയോറ്ത്തു.
'ഇനി മതി, ഫുഡ് അടിക്കേണ്ടേ?' ഫൈസല്‍.
' പ്ലീസ് അങ്കിള്‍' അര്‍ജ്ജുന്‍ കെഞ്ചി.
'ഒകെ, ലാസ്റ്റ് വണ്‍'.
അടുത്ത റൈഡിനുള്ള ക്യൂവില്‍ കുട്ടികള്‍ സ്ഥാനം പിടിച്ചു.
'ഇവിടെ തന്നെ നില്‍ക്കാം, നമ്മള്‍ മാറിക്കളഞ്ഞാല്‍ അടുത്തതിനും കേറാന്‍ നിക്കും' അനഘ പറഞ്ഞു.
കുട്ടികള്‍ മുന്നോട്ട് കുതിക്കാനുള്ള ത്വരയൊതുക്കി ക്യൂവില്‍ നിന്നു.പിറകില്‍ നിന്നൊരു ചുരുളന്‍ മുടി ക്യൂ മുറിച്ചു തിക്കിതിരക്കി അര്‍ജ്ജുന്റെ മുന്നിലെത്തി.
'അച്ഛാ, ഞാനാ ആദ്യമെത്തിയത്' അര്‍ജ്ജുന്‍ പറഞ്ഞു. തിരിഞ്ഞു നിന്ന ചുരുളന്‍ മുടി ചുണ്ടുകള്‍ കൂര്‍പ്പിച്ച് പറഞ്ഞത് മനസ്സിലാവാതെ അര്‍ജ്ജുന്‍ പകച്ചു.
'യൂ നീഡ് റ്റു ഗോ ബാക്' ആനന്ദ് ചുരുളന്മുടിയോടു പറഞ്ഞു. വലിഞ്ഞു മുറുകിയ സ്വരത്തില്‍ ചുരുളന്‍ മുടി പറഞ്ഞത് ആനന്ദിനും മനസ്സിലായില്ല.
'വിട്ടേക്ക് ആനന്ദ്. ചെക്കന്‍ ചിലപ്പോള്‍ മുഖത്ത് തുപ്പിയെന്നു വരും, നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല,' ഫൈസല്‍ ആനന്ദിന്റെ കൈ പിടിച്ചു. ആനന്ദ് പിറകോട്ടു നിന്നു. കാഴ്ച, ശബ്ദം, ചലനം , ഗന്ധം ഇങ്ങനെ അനേകം കഷ്ണങ്ങളായി മുറിഞ്ഞു തീരുകയാണ് തങ്ങള്‍ ഉള്‍പ്പെടുന്ന ചിത്രമെന്ന തോന്നല്‍ കുടഞ്ഞു മാറ്റി അനഘ പറഞ്ഞു' എന്തൊരു ബഹളമാണ്'.
'രണ്ടൂ മിനിറ്റുള്ള ഈ കറക്കത്തിനു വേണ്ടിയാണല്ലോ കുട്ടികള്‍ പത്തും പതിനഞ്ചും മിനിറ്റ് കാത്തിരിക്കുന്നേ, ഇതു കഴിഞ്ഞാ നേരെ ഫുഡ് കോറ്‌ട്ടിലേക്ക് നീങ്ങാം' സുമി പറഞ്ഞു.

ഫുഡ് കോറ്ട്ടില്‍ ബ്രോസ്റ്റഡ് ചിക്കന്റെ മണവും സിഗരറ്റു മണവും നിറഞ്ഞു നിന്നു.
'ഈ സിഗരറ്റു പുകയെല്ലാം ശ്വസിച്ച് നല്ലൊരു തലവേദന വരുന്നുണ്ട്' മേശക്കു ചുറ്റും കസേര വലിച്ചിട്ടു ഫൈസല്‍ പറഞ്ഞു.
അനഘ റ്റിഷ്യൂയെടുത്ത് അര്‍ജ്ജുന്റെ മൂക്കില്‍ പിടിച്ചു' അര്‍ജ്ജുന്‍ ബ്ലോ യുവര്‍ നോസ്, മൂക്ക് ബ്ലോസ് ചെയ്യ്'. അര്‍ജ്ജുനും ഫര്‍ഹാനും ആഞ്ഞുചിരിച്ചു. 'ഒന്നു മിണ്ടാതിരി, കിഡ്സ് മീല്‍ വേണമെങ്കില്‍ അടങ്ങിയിരി'.
'ഇപ്പോഴാ ചെവിക്കും മൂക്കിനും ശ്വാസം വിടാന്‍ പറ്റിയത്' കഴിച്ച് പുറത്തിറങ്ങിയപ്പോള്‍ ആനന്ദ് പറഞ്ഞു.

ഫ്ലാറ്റെത്തിയപ്പോഴേക്കും അര്‍ജ്ജുന്‍ ഉറങ്ങിയിരുന്നു.ആനന്ദ് അവനെ ബെഡില്‍ കിടത്തി, സിറ്റിങ്ങ് റൂമില്‍ താക്കോല്‍ റ്റീവി സ്റ്റാന്‍ഡില്‍ വെച്ച് ചെന്ന് റിമോട്ട് കൈയ്യിലെടുത്ത് സോഫയില്‍ ചാഞ്ഞിരുന്നു.
'ചായയിടണോ?' അടുക്കളയില്‍ നിന്നും അനഘ വിളിച്ചു ചോദിച്ചു.
'നീ കുടിക്കുന്നെങ്കില്‍ ഒന്നെടുത്തോ' ആനന്ദ് പറഞ്ഞു.
വൈകുന്നേരം ചായ കുടിച്ച പാത്രങ്ങള്‍ സിങ്കില്‍ കൂട്ടിയിട്ടിരുന്നു. ചായ പാത്രം, കപ്പുകള്‍, ബിസ്കറ്റ് വച്ച പ്ലേറ്റ്. കൂമ്പാരത്തിനടിയില്‍ നിന്നും ചായ അരിപ്പ വലിച്ചെടുത്തപ്പോള്‍ പാത്രങ്ങളെല്ലാം ഒന്നിളകി വീണു. എന്തായിരുന്നു അത് എന്ന് അനഘയെ ഒരു നിമിഷത്തേക്ക് തടഞ്ഞുനിര്‍ത്തികൊണ്ട് പാത്രങ്ങളുടെ ആ ചലനത്തില്‍ എന്തോ ഒന്നു തെളിഞ്ഞു മറഞ്ഞു.

ചായ കുടിച്ച് ആനന്ദ് ആശ്വാസത്തോടെ ചാനലുകള്‍ തെരഞ്ഞു. അനഘ മേല്‍കഴുകാനായി റ്റബ്ബിലേക്കിറങ്ങി നിന്ന് ഷവര്‍ കര്‍ട്ടന്‍ വലിച്ചിട്ടു. ചൂടു വെള്ളം വന്നു വീണപ്പോള്‍ ഒന്നു കരഞ്ഞു തെളിയണമെന്നു അനഘക്കു തോന്നി. ഉത്തേജനത്തിനായി അനഘ മനസ്സിലുള്ള ചിത്രങ്ങള്‍ മറിച്ചു നോക്കി, ആള്‍ക്കൂട്ടത്തില്‍ ഒറ്റക്കൊരു കുഞ്ഞ്, നിറങ്ങളില്‍ കലങ്ങിപ്പോയ അര്‍ജ്ജുന്‍, നിറം മങ്ങിയ വസ്ത്രങ്ങള്‍, കനത്തിലെഴുതിയ കണ്ണുകള്‍,വാലും ചുരുട്ടിയോടുന്ന വയസ്സന്‍ നായ, പൊടിഞ്ഞു തുടങ്ങിയ ഫുഡ്ബോള്‍- ചങ്ക് ചുരുങ്ങി വേദനിച്ചു കണ്ണീര്‍ ഒഴുകാനായപ്പോള്‍ ഷവറില്‍ നിന്നു കര്‍ട്ടണിലേക്കു തെറിച്ച വെള്ളതുള്ളികള്‍ കൂടിച്ചേറ്ന്നു ഒന്നായി മനോഹരമായി താഴേക്കു ഒഴുകിയിറങ്ങുന്നതു അനഘ കണ്ടു. ഒന്നു കരഞ്ഞു തീര്‍ക്കാന്‍ പോലും ഒന്നും അവശേഷിപ്പിക്കാതെ കടന്നു കളയുന്ന ദിവസങ്ങളെ പഴിച്ച് അനഘ മേല്‍ കഴുകിയിറങ്ങി.

Wednesday, January 19, 2011

അകന്നകന്നു പോകുന്നവ

ഏതോ ഒരു തണുപ്പ് കാലത്ത് ഒരു കടല്‍ത്തീരത്ത് നിന്നു ആകര്‍ഷണം തോന്നിയ ഒരു ചിപ്പിത്തോട് ജാക്കറ്റിന്റെ കീശയിലിട്ടിരുന്നു. അതിനെ പിന്നെ ഒരിക്കലും പുറത്തെടുത്തിട്ടില്ല എന്നാണു ഓര്‍മ്മ. അരിക് അല്പ്പം പൊടിഞ്ഞ ആ ചിപ്പിത്തൊണ്ട് കാക്കത്തൊള്ളായിരം പ്രാവശ്യം കീശക്കുള്ളില്‍ വച്ചു തന്നെ കൈവിരലുകള്‍ സ്പര്‍ശിച്ചിട്ടുണ്ട്. മിനുസമുള്ള ഉള്‍ഭാഗവും പരുക്കന്‍ മറുഭാഗവും പല തവണ, പല സന്ദര്‍ഭങ്ങളില്‍, പല സ്ഥലങ്ങളിലായി തൊട്ടറിഞ്ഞിട്ടുണ്ട്. സ്വബോധത്തിനു പിടിതരാതെ വഴുതി മറയുന്ന പലതിനും നടുവില്‍ വച്ചു വിരലുകള്‍ ആ ചിപ്പിത്തോടിനെ തേടിച്ചെല്ലുകയും, പ്രത്യേകിച്ച് ഒരു അര്‍ത്ഥമോ യുക്തിയോ ഇല്ലാത്ത - എനിക്ക് കണ്ടെത്താനായിട്ടില്ലാത്ത- ആ തോടിന്റെ നിലനില്പ്പില്‍ ആഹ്ലാദിക്കുകയും ചെയ്തിട്ടുണ്ട്. ജാക്കറ്റ് ഉപേക്ഷിക്കുമ്പോഴും ആ ചിപ്പിത്തോട് എടുത്ത് നോക്കാന്‍ തോന്നിയില്ല. ഓര്‍മ്മയില്‍ ആ തോട് പല നിറങ്ങള്‍ പൂകുന്നു, അകം പുറം മറിയുന്നു, ദ്രവ്യരൂപം എടുക്കുന്നു, വിരലുകള്‍‌ക്കിടയിലൂടെ ഒഴുകുന്നു.

Tuesday, June 08, 2010

ആയിഷ മുഹമ്മദ് വാരാന്ത്യങ്ങളില്‍ വീട്ടില്‍ പോകാതിരിക്കുവാനുള്ള കാരണങ്ങള്‍: from letters i cannot write home

1 ശനിയാഴ്ചകളില്‍ രാവിലെയുള്ള ഷിഫ്റ്റില്‍ ഞാന്‍ കോളേജ് ലൈബ്രറിയില്‍ ജോലിയെടുക്കാറുണ്ട്.പുസ്തകങ്ങള്‍ അടുക്കി വെച്ച് ഇനിയും ഉണര്‍ന്നിട്ടില്ലാത്ത ലൈബ്രറിയിലൂടെ നടക്കുമ്പോഴും, ഡോം റൂമില്‍ ലോറീനുമൊത്ത് മക് ആന്‍ഡ് ചീസ് കഴിക്കുമ്പോഴും i'm home.

2 ബോളിവുഡ് ഡ്രാമ; നിനക്കു വേണ്ടി നാട്ടിലേക്ക് മടങ്ങാതെ ഈ മിഷിഗണില്‍...നിന്നെ ഓര്‍ത്ത്...നിന്റെ ഇഷ്ടം പോലെ...നീ മാത്രം - the endless loop.

3 ലിവിങ്ങ് റൂമില്‍ മാന്റല്‍ പീസിനു മുകളില്‍ ഉള്ള sixteen by sixteen inches ugly gaping wound.

4 അമേരിക്കന്‍സ് വെടക്ക്, കറുത്ത അമേരിക്കന്‍സ് കുറച്ചധികം വെടക്ക്. യൂറോപ്പ്യന്‍സ് റേസിസ്റ്റ്സ്. ജൂതന്മാരെ വിശ്വസിക്കാന്‍ പറ്റില്ല. ആഫ്രിക്കന്‍സ് നന്നാവാത്ത കൂട്ടര്‍- കറുമ്പന്‍ ഭരണത്തില്‍ വന്നപ്പോളെന്തായി? അറബികള്‍ ഒട്ടകപ്പുറത്ത് നിന്ന് bmw യിലേക്ക് വീണ കാടന്മാര്‍. ചീനികള്‍ കുരുട്ടുബുദ്ധികള്‍. വടക്കേ ഇന്ത്യക്കാറ് പൊട്ടന്മാര്‍. തെക്കന്‍ മല്ലൂസ് സ്വാര്‍ത്ഥര്‍. This is how you taught me to be ashamed of yourself.

5 സമുദായഹൃദയത്തിന്റെ കാറ് വാഷ് എന്ന് ഡാഡി വിളിക്കാറുള്ള മസ്ജിദ്- that place has always made me feel stained. and daddy, don't you think that the brother who informed you of my tight jeans had no business scanning the girls' basketball session?

6 America under attackജോമട്രി ക്ലാസ്സിലാണ് ഞങ്ങള്‍ വാര്‍ത്തയറിഞ്ഞത് . Must be those damn muslims റ്റെഡ് വില്ല്യംസ് പൊട്ടിത്തെറിച്ചു. മിസ്. ജൂണ്‍ അവനെ ക്ലാസ്സിനു വെളിയിലേക്ക് വിളിപ്പിക്കുന്നതിനു മുന്‍പ് you are so wrong എന്ന് പറയാന്‍ എനിക്കായിരുന്നു. remember the party at home one of those days to celebrate dad's tenure? മാന്റല്‍ പീസിനു മുകളില്‍ തൂക്കിയിരുന്ന സെറി വര്‍ക്കില്‍ തീര്‍ത്ത ആയത്തുല്‍ കുറ്സി, കോഫി റ്റേബിളില്‍ ഉണ്ടായിരുന്ന സുബ്‌ഹാനള്ളാഹ് ക്രിസ്റ്റല്‍ രൂപം- വേറെ എന്തൊക്കെയാണ് അന്ന് നമ്മള്‍ എടുത്തു മാറ്റിയത് മമ്മീ? That's how you taught me to be ashamed of myself.

7 കിമ്പറ്ലി ലേക് ഷോര്‍ ഹോമില്‍ ലാവന്‍ഡര്‍ ചെടികള്‍ക്കിടയില്‍ ജസ്റ്റിന്റെ വയറില്‍ തല വെച്ച് അവന്റെ ശരീരത്തിലെ ഏതൊക്കെ വഴികളിലൂടേയാണ് അവന്റെ ശബ്ദം എന്നിലേക്ക് എത്തുന്നത് എന്നോര്‍ത്ത് കിടക്കുന്ന വൈകുന്നേരങ്ങളില്‍ i don't want to be someplace else or someone else.

Monday, October 19, 2009

ബെല്ല്

ശാദിയന്റെ ഉമ്മാമ്മാക്ക് എഴുത്തും വായനയും ഹറാമായിരുന്നു. ഒത്ത പുതിയാപ്ല വരുന്നത് വരെ ഉമ്മ കോമേഴ്സ് പഠിച്ചു. അവരവളെ മുന്നോട്ട് ഉയരത്തിലേക്ക് തള്ളികൊണ്ടിരുന്നു, പറന്നു പോകാതിരിക്കാന്‍ അവരവളെ തങ്ങളിലേക്ക് വലിച്ചുകൊണ്ടുമിരുന്നു. ശാദിയ വളര്‍ന്നു, കുടുംബത്തിലെ ആദ്യ എഞ്ചിനീയറായി, വിവാഹിതയായി, മറുനാട്ടിലേക്ക് പറന്നു. പിന്നെ കേള്‍ക്കുന്നത് ശാദിയ ജോലി ഉപേക്ഷിച്ചതാണ്, വീടാണത്രേ ഉത്തമം. ഒരിക്കല്‍ വീട്ടിലേക്ക് വിളിച്ചപ്പോള്‍ സംഗീതം പൊഴിക്കുന്ന പഴയ ഡോറ് ബെല്ല് കേട്ടിട്ട് ശാദിയ ചൂടായി "നിങ്ങളൊന്നും ഒരിക്കലും പഠിക്കില്ലേ? വേറെ എത്ര നല്ല ബെല്ലുണ്ട്?".

Monday, October 12, 2009

സ്ത്രീകള്‍ക്കു മാത്രം

'നിന്റെ കാരുണ്യത്തിന്റെ കവാടങ്ങള്‍ എനിക്കു നീ തുറന്നുതരേണമേ'യെന്നെ പ്രാര്‍ത്ഥനയോടെ പള്ളികളില്‍ പ്രവേശിക്കുമ്പോള്‍ എല്ലാം തെളിഞ്ഞു വരുന്ന ഒരു ചിത്രമുണ്ട്- സുന്ദരമായ വിശാലതയിലേക്ക് ക്ഷണിച്ചു കൊണ്ട് തനിയേ തുറക്കുന്ന കൂറ്റന്‍ വാതിലുകള്‍. മുസ്ലീം പള്ളികളില്‍ പൊതുവെ സ്ത്രീകള്‍ക്കായി അടയാളപ്പെടുത്തിയ ഇടുങ്ങിയ ഇടങ്ങളുടെ മടുപ്പില്ലതാക്കാന്‍ മനസ്സ് ഉണ്ടാക്കിയെടുത്ത ചിത്രമാണതെന്ന് തോന്നിയിട്ടുണ്ട്. അഴകാര്‍ന്ന മിനാരങ്ങളും, വലിയ ജനാലകളും മലര്‍ക്കേ തുറന്നിട്ട വാതിലുകളുമുള്ള 'ആണ്‍പള്ളി'കള്‍ക്കു പിറകില്‍, ഒരു പിന്‍ബുദ്ധിയായി പെട്ടെന്ന് തട്ടിക്കൂട്ടിയെടുത്ത ഇടങ്ങളാണ് കേരളത്തില്‍ ഞാന്‍ കണ്ട പെണ്‍പള്ളികള്‍. ചില പള്ളികളില്‍ ഈ ഇടങ്ങള്‍ പ്രത്യേകം മുറി തന്നെയാണ്. ചിലതില്‍ പ്രധാന മുറിയുടെ പിറകിലെ ഒരു കോണ് സ്ക്രീന്‍ വെച്ച് ഭദ്രമായി മറച്ചുണ്ടാക്കിയതും.പ്രസംഗവും പ്രാര്‍ഥ്തനയും ഈ ഇടങ്ങളിലേക്ക് സ്പീക്കറിലൂടെ ഒഴുകിയെത്തും. സ്പീക്കറുണ്ട്, പക്ഷെ മൈക്കില്ല. ലോകത്തിലേക്ക് മലര്‍ക്കേ തുറന്നിട്ട വലിയ ഗേറ്റ് കടന്ന് നേരെ കേറിച്ചെല്ലാവുന്ന ആണ്‍പള്ളികള്‍. പ്രധാന ഗേറ്റില്‍ നിന്ന് (അതായത് ആണ്‍ഗേറ്റ്) പറ്റാവുന്നത്ര അകലത്തില്‍ പാതി ചാരിയൊരു കൊച്ചു ഗേറ്റ്. അത് കടന്ന്, പലപ്പോഴും ഓടക്കരുകിലൂടെ പോകുന്ന ചെറിയ ഇടവഴിയിലൂടെ ചുറ്റിവളഞ്ഞാണ് ആണ്‍പള്ളിയുടെ പിറകില്‍ ലോകത്തില്‍ നിന്ന് അഭയം കണ്ടെത്തിയ പോലെ പതുങ്ങി നില്‍ക്കുന്ന ഈ പെണ്‍പള്ളികളിലേക്കുള്ള പ്രവേശനം.പാദരക്ഷകള്‍ ഇവിടെ അഴിച്ചു വെക്കുക, സ്ത്രീകള്‍ക്കു മാത്രം തുടങ്ങിയ ബോറ്ഡുകള്‍.

സ്ത്രീകള്‍ക്കു മാത്രമായി ഒരിടം. പുരുഷസാന്നിധ്യം ഉണ്ടാക്കിയേക്കാവുന്ന സങ്കീറ്ണ്ണതകള്‍ ഇല്ലാതെ പ്രാര്‍ത്ഥിക്കാന്‍, സ്വസ്ഥമായിരിക്കാനൊരിടം. സ്ത്രീ-പുരുഷന്മാര്‍ തമ്മിലുള്ള ഇടപഴകലില്‍ നിയന്ത്രണം പാലിച്ചു, സിന( zina) യില്‍ നിന്നു വിട്ടു നില്‍ക്കാനുള്ള മുന്‍‌കരുതല്‍. തോളോടു തോള്‍ ചേറ്‌ത്തു വെച്ച് റബ്ബിനെ സ്തുതിച്ചു പിരിയുമ്പോഴേക്കും ആംഗ്യങ്ങളും വാക്കുകളും ആവശ്യമില്ലാത്ത ഒരു സ്നേഹം ഈ പെണ്ണിടങ്ങളില്‍ നിറയാറുമുണ്ട്. സ്ത്രീകള്‍ക്കു മാത്രമായ ഇടങ്ങളെ എന്തുകൊണ്ടാണ് നമ്മള്‍ ആശ്വാസത്തോടെ സ്വീകരിക്കുന്നത്? ഈയടുത്തൊരു രാത്രിയില്‍ കോഴിക്കോട് ബീച്ചില്‍ കാറ്റുകൊള്ളാന്‍ പോയിരുന്നു. ആളുകളും കുറച്ച് എരുമകളും ഹാജരുണ്ട്. എത്ര വ്യത്യസ്ഥമാണ് അവരുടെയൊക്കെ ശരീരഭാഷകള്‍! ആള്‍ക്കൂട്ടത്തില്‍ നിന്ന്കന്ന് സ്വൈര്യമായി വിശ്രമിക്കുന്ന എരുമക്കൂട്ടം, തിരകളെ തോല്പ്പിച്ചു ഇളകിമറിഞ്ഞോടുന്ന കുട്ടികള്‍, ഭാരങ്ങളെല്ലാം തല്‍ക്കാലത്തേക്ക് കാറ്റിനെ ഏല്പ്പിച്ചെന്ന മട്ടില്‍ ചാഞ്ഞും ചെരിഞ്ഞും മലര്‍ന്നും മണലില്‍ കിടക്കുന്ന പുരുഷന്മാര്‍, ഇരുണ്ട വെളിച്ചം മാത്രമുള്ള ആ പൊതുസ്ഥലത്തു പോലും ഒന്നയയാനാവാതെ മുറുകിവലിഞ്ഞിരിക്കുന്ന സ്ത്രീകള്‍. ഒരു നിമിഷം തോന്നി ബീച്ചിലും സ്ത്രീകള്‍ക്കു മാത്രമായി ഒരിടം ഉണ്ടെങ്കില്‍ ഈ സ്ത്രീകളെല്ലാം മുടിഴിയകളെ കാറ്റില്‍ പറക്കാന്‍ വിട്ട് കൊണ്ട് നക്ഷത്രങ്ങളെ വായിച്ചുകിടപ്പുണ്ടാവുമെന്ന്. ഒരു നിമിഷത്തേക്ക് മാത്രം.

പള്ളികളിലെ ഈ വേര്‍തിരിവ് എവിടെയാണ് മുസ്ലീം സ്ത്രീകളെ കൊണ്ടെത്തിക്കുന്നത്?ഒരേ പള്ളിയില്‍ പ്രാര്‍ത്ഥനക്കായി വേറ്തിരിക്കപ്പെട്ട ഇടങ്ങളുടെ, അതിലെ സഔകര്യങ്ങളുടെ അസമത്വം പള്ളിയില്‍ വരുന്ന സ്ത്രീ-പുരുഷന്മാരുടെ എണ്ണത്തിലെ വ്യത്യാസം മാത്രമാണോ കാണിക്കുന്നത്? ഇത്ര ശക്തമായ വേര്‍തിരിവ് ഉണ്ടായിരിക്കേ എങ്ങെനെയാണ്‍ സ്ത്രീകള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാന്‍, എതിര്‍പ്പ് പ്രകടിപ്പിക്കാന്‍, പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍, കൂട്ടായ്മയുടെ ഭാഗമാകാന്‍ കഴിയുക? എത്ര പള്ളികമ്മിറ്റികളില്‍ സ്ത്രീകള്‍ അധികാരം കൈയ്യാളുന്നുണ്ട്? അല്ലെങ്കില്‍ എത്ര സ്ത്രീകള്‍ അതിനു പ്രാപ്തരാണ്?പൊതുസമൂഹത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താനാവാതെ അരികിലൂടെ ജീവിച്ചുപോകുന്ന കൂട്ടങ്ങളായി മലയാളി മുസ്ലീം സ്ത്രീകള്‍ ഒതുങ്ങാന്‍ പള്ളികളിലെ ഈ വേര്‍തിരിവിനും പങ്കുണ്ട്. കാന്തപുരത്തെ പോലുള്ളവരുടെ തൊലിപൊളിക്കുന്ന പ്രസ്താവനകള്‍, വിചിത്ര ഫത്വകള്‍ കേട്ടില്ല, നമ്മെ ബാധിക്കുന്നില്ല എന്ന് നടിക്കാന്‍ പഠിക്കുന്നത് ഈ ഇടങ്ങളില്‍ നിന്നാണോ?ഖലീഫാ ഉമറിന്റെ കാലത്ത്, പള്ളിയിലെ കൂടിയാലോചനയില്‍ സ്ത്രീകള്‍ക്കായുള്ള വിവാഹമൂല്യത്തെ കുറയ്ക്കാനുള്ള ഖലീഫയുടെ തീരുമാനത്തെ എതിര്‍ത്ത ആ സ്ത്രീ ഒരു വശത്തേക്ക് മാത്രം ശബ്ധം സഞ്ചരിക്കുന്ന മറയിലായിരുന്നൊ?

സിനയില്‍നിന്ന് വിട്ടു നില്‍ക്കാനുള്ള ഖുറ്‌ആനിക നിര്‍ദ്ദേശം പാലിക്കാനായാണ് ഈ വേറ്‌തിരിവെങ്കില്‍ അത് വിവേചനം ആവാതിരിക്കണമെങ്കില്‍ അറിവിലേക്കും, അധികാരത്തിലേക്കുമുള്ള വഴികള്‍ ഇരുഭാഗത്തിനും ഒരു പോലെ എളുപ്പമാവണം.കേരളത്തിലെ പെണ്‍പള്ളികള്‍ മിമ്പറയില്‍ നിന്ന് വരുന്നതെല്ലാം ചോദ്യം കൂടാതെ വിഴുങ്ങാനുള്ള ഇടങ്ങളാണ്,കാഴ്ചക്കും കേള്‍‌വിക്കുമപ്പുറമുള്ളഇടങ്ങള്‍. മതവിജ്ഞാനവും വ്യാഖ്യാനവുമെല്ലാം ഒരു വിഭാഗത്തിന്റെ മാത്രം കുത്തകയായി നിലനിര്‍ത്തി പോരാന്‍ സഹായിക്കുന്ന വേറ്തിരിവാണ് ഇന്നുള്ളത്. മൂന്നാലു മാസങ്ങള്‍ക്കു മുന്‍പ് മുസ്ലീം വ്യക്തി നിയമബോറ്ഡ് കോഴിക്കോട് യോഗം കൂടിയതിന്റെ പത്രവാര്‍ത്ത വായിച്ചിരുന്നു. യോഗത്തില്‍ പങ്കെടുത്ത സമുദായികനേതാക്കളുടെ നീണ്ട ലിസ്റ്റില്‍ സ്ത്രീ സാന്നിധ്യമായി പേരിനൊരു ഖമറുന്നിസാ അന്‍‌വര്‍ പോലുമില്ലായിരുന്നു. ആ പഴേ വിറ്റടിക്കാന്‍ തോന്നുന്നു, ഹൊവ് മെനി കിലോമീറ്റേഴ്സ് ഫ്രം മയാമി ബീച്ച് റ്റു വാഷിങ്ങ്ട്ടണ്‍ ഡിസി? പള്ളികളുടെ ഘടനയോ നിയമങ്ങളോ മാറിയിട്ടും ഒരു കാര്യവുമില്ല, ഒന്നാണ് തുല്യരാണ് എന്ന് മനസ്സുകള്‍ക്ക് ബോധ്യമാകാത്തിടത്തോളം.

Friday, August 21, 2009

മകള്‍

അവളെ ഉറക്കം മണക്കുമായിരുന്നു. ഉറക്കവും, മുത്താറിയും, പ്രൂണും, എണ്ണതേച്ച് കുളിയും, തേനും, മൂലകളില്‍ അടിഞ്ഞുകൂടിയ പൊടിയും, കുഞ്ഞിവിരലുകള്‍ പറിച്ചെടുക്കുന്ന പൊതിനയും, മണ്ണില്‍ കിടന്നുരുളലും, മില്‍ക്കി ബാറും, പിച്ചിചതച്ച മുല്ലപ്പൂവും, കൈകളില്‍ കോരിയെടുത്ത കടലും, ഒളിച്ചു പുരട്ടുന്ന വാസ്‌ലീനും, തോളെല്ലുകള്‍ കുലുക്കിയുള്ള ചിരിയും അവളില്‍ നിന്ന് മണത്തെടുക്കാമായിരുന്നു.

മതി വരാത്ത കളിച്ചു മദിക്കലും, ഒട്ടിപ്പോയ കൂട്ടുകാരേയും, ചിപ്സും, പുസ്തകങ്ങളും, പ്രണയവും, മുള പൊട്ടുന്ന ചിന്തകളും, ബബ്ബിള്‍ ഗമ്മും, ശാഠ്യങ്ങളും, ലിപ് ഗ്ലോസ്സും, ഞാന്‍ നടന്നിട്ടില്ലാത്ത വഴികളും, ഞാന്‍ അറിഞ്ഞിട്ടില്ലാത്ത ആളുകളെയും അവളില്‍ നിന്ന് ഇനി മണത്തെടുക്കാനിരിക്കുന്നു. എന്നാലും, ആദ്യം അവള്‍ക്കെന്റെ മണമായിരുന്നു.

Sunday, April 12, 2009

ഈന്തുമ്പിടി

ഈന്തു പൊടിപ്പിച്ചു കിട്ടിയാല്‍ പിന്നെ ബീഡി വലിച്ചിരിക്കുന്ന മമ്മുക്കാനെ ഓടിച്ചും, ഫോണ്‍ വിളിച്ചും തറവാട്ടിലെ പെണ്ണുങ്ങളെയെല്ലാം വിളിച്ചു വരുത്തുന്നത് വരെ വെപ്രാളമാണ് ആയിസുമ്മാക്ക്. ചൂടുവെള്ളത്തില്‍ മയത്തില്‍ കുഴച്ചെടുത്ത ഈന്ത്മാവ് നടുവിലൊരു തളികയില്‍ വെച്ച് അഞ്ചാറു മുറം അതിനു ചുറ്റുമായി നിരത്തിയിട്ടാല്‍ പെണ്ണുങ്ങളെല്ലാം ഈന്തുമ്പിടി ഉരുട്ടിയിടാന്‍ ഹാജരുണ്ടാവും. നാരങ്ങാ വലുപ്പത്തില്‍ ഈന്ത്മാവ് ഇടത്തേകൈയ്യില്‍ വച്ച്, അതില്‍ നിന്ന് കുറച്ച് നുള്ളിയെടുത്ത് ഉള്ളം കൈയ്യില്‍ വച്ചൊന്ന് ഉരുട്ടി, വലത്തേ കൈവിരലുകള്‍ കൊണ്ട് പതുക്കെയൊന്ന് അമര്‍ത്തി രൂപപ്പെടുത്തി മുറത്തിലേക്ക് അടര്‍ത്തിയിടണം. നുള്ളിയും ഉരുട്ടിയും താളത്തില്‍ നീങ്ങുന്ന കൈകളില്‍ നിന്ന് പിടികള്‍ ഇങ്ങനെ ഉതിര്‍ന്നുകൊണ്ടേയിരിക്കും. എല്ലാം കൂട്ടിയെടുത്ത് ആവിയില്‍ പുഴുങ്ങി തേങ്ങവറുത്തരച്ച കറിയില്‍ ഇട്ട് വറ്റിച്ചെടുക്കുന്ന പൊല്ലാപ്പ് വേറെ. കാല് വേദന വന്നതിനു ശേഷം ആയിസുമ്മ ഈന്തുമ്പിടി ഉണ്ടാക്കാന്‍ ഒരുങ്ങാറില്ല. അതോ ഇനി ഈന്തുമ്പിടിപ്പണി നിര്‍ത്തിയതിനു ശേഷമാണോ ആയിസുമ്മാക്ക് കാല് വേദന വന്നത്?
*
ഉമ്മാക്ക് കൈവേദനയാണെന്ന്. ദേഹമനങ്ങുമ്പോള്‍ വലത്തേ തോളില്‍ നിന്നും കുത്തിക്കീറി വരുന്ന വേദന. മരുന്നുകെട്ടലും ചൂടുപിടിക്കലും മുറക്ക് നടക്കുന്നു, വേദനക്കൊരു കുറവുമില്ല. ഇതിനു മുന്‍പ് വിട്ടുമാറാത്ത കഴുത്ത് വേദനയായിരുന്നു. കുറച്ച് കാലമായിട്ട് ഉമ്മ തന്നിലേക്ക് തന്നെ എത്രെയോ യുഗങ്ങള്‍ ഉള്‍വലിഞ്ഞ് ഏതോ ഇരുട്ടറയില്‍ വേദനകളും മരുന്നുകളും പരാതികളും മാത്രമായി ഒരു ലോകം തീര്‍ക്കുകയാണ്. അരഞ്ഞാണത്തില്‍ കൊളുത്തിയിട്ടിരുന്ന താക്കോല്‍ കൂട്ടങ്ങളുടെ കിലുക്കത്തില്‍ തറവാടിനെ നിശബ്ധമാക്കാന്‍ കഴിഞ്ഞിരുന്ന ഉമ്മയുടെ ഈ വെളിപ്പെടുത്തല്‍ ഞാനേത് അറയിലാണ് പൂട്ടിവെക്കേണ്ടത്?
*
ഞങ്ങള്‍ പുതിയ വീട്ടിലേക്ക് മാറി താമസിക്കുന്നത് വരെ വല്ല്യുമ്മാക്ക് കൂട്ടു കിടന്നിരുന്നത് ഞാനായിരുന്നു. വെള്ള വിരിച്ച കട്ടിലിന്റെ മതിലിനോട് അടുപ്പിച്ചിട്ട ഭാഗം എനിക്കും, മക്കത്തു നിന്നുള്ള തസ്ബീഹും റ്റോര്‍ച്ചും തലയണക്കീഴില്‍ വെച്ച ഭാഗം വല്ല്യുമ്മാക്കും. സിനിമകളിലും പുസ്തകങ്ങളിലും കാണുന്നത് പോലെ പഴംകഥകളും, മടിയില്‍ തലചായ്ക്കലും, തലയില്‍ വിരലോടിക്കലും ഒന്നും ഞങ്ങള്‍ക്കിടയില്‍ ഇല്ലായിരുന്നു. എങ്ങെനെയെന്നോര്‍മ്മയില്ല, തവിട്ടു ചട്ടയുള്ള ഒരു ഡയറി എപ്പോഴോ ഞങ്ങള്‍ക്കിടയില്‍ സ്ഥാനം പിടിച്ചു. ഡയറിയുടെ താളുകളില്‍ ഇംഗ്ലീഷ് അക്ഷരമാല നിറയാന്‍ തുടങ്ങി-മുകളിലെ വരികളില്‍ ഞാന്‍ എഴുതിയത്, താഴെ വല്ല്യുമ്മ പകര്‍ത്തിവെച്ചതും. അക്ഷരമാലയും കുട്ടിക്കവിതകളും കടന്ന് പത്രത്തിലെ വാര്‍ത്തകള്‍ ഡയറിയില്‍ നിറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ചോദിച്ചു,
വല്ല്യുമ്മ പഠിച്ചിട്ടില്ലേ?
ഉം. രണ്ടാം ക്ലാസ്സ് വരെ.
പിന്നെ?
പിന്നെ സ്കൂളില്‍ പോയാല്‍ ഇംഗ്ലീഷ് ശൈത്താന്‍ പിടിച്ചോണ്ടു പോവുംന്ന് ഉമ്മ പറഞ്ഞു.
a host of golden daffodils
a host of golden daffodils
പത്രത്തില്‍ നിന്നും എന്റെ പാഠപുസ്തകങ്ങളില്‍ നിന്നും പകര്‍ത്തിയെടുത്ത അക്ഷരക്കൂട്ടങ്ങള്‍ നിറഞ്ഞ ആ ഡയറി കണ്ടിട്ടില്ലായിരുന്നെങ്കില്‍ ഞാനപ്പോള്‍ പൊട്ടിച്ചിരിക്കുമായിരുന്നു.
*
ഞാനൊരു ഉമ്മാമ്മയാവാന്‍ പോകുന്നു എന്നറിഞ്ഞ നിമിഷം-ജീവിതത്തിന്റെ മുഴുവന്‍ സൌന്ദര്യവും ആ നിമിഷത്തില്‍ അലയടിക്കുന്നത് പോലെയായിരുന്നു, ഭൂമിയിലെ പൂക്കളോരോന്നും ശ്രുതിമധുരമായി പാടുന്നത് പോലെ, എന്റെ മനസ്സിലെ ഏതൊക്കെയോ ശൂന്യതകള്‍ പൂരിപ്പിക്കപ്പെട്ടത് പോലെ. ഫര്‍സാന വന്ന് ഹോം റ്റെസ്റ്റ് റിസല്‍റ്റ് പറയുമ്പോള്‍ വെയിലിന്റെ ഒരു നേര്‍ത്ത പാളി അവളുടെ മൂക്കിന്‍ തുമ്പത്ത് ഉമ്മ വെക്കുന്നുണ്ടായിരുന്നു. എന്റെ കുഞ്ഞ്, അവളുടെ കുഞ്ഞ്- കുഞ്ഞുടുപ്പുകളില്‍ അഞ്ചിതള്‍ പൂക്കള്‍ തുന്നിപ്പിടിപ്പിക്കാന്‍, പച്ചമാങ്ങ ഉപ്പിലിട്ട് വെക്കാന്‍, നല്ലൊരു ഈറ്റുകാരത്തിയെ ഏര്‍പ്പാടാക്കാന്‍, തൊട്ടില്‍ത്തുണികള്‍-പെട്ടെന്ന് ഒരായിരം കൈകള്‍ മുളച്ചത് പോലെയിരുന്നു എനിക്ക്. ശപിക്കപ്പെട്ട ആ രാത്രി കഴിഞ്ഞ് തളര്‍ന്നു കിടന്നുറങ്ങുന്ന ഫര്‍സാനയെ കണ്ടപ്പോള്‍ അവളെ ആശ്വസിപ്പിക്കുന്ന വാക്കുകള്‍ ഒന്ന് പോലും എന്റെ മനസ്സിലില്ലായിരുന്നു.സാന്ത്വനത്തിന്റെ ഓരോ വാക്കും ആ നഷ്ടം അവളുടേത് മാത്രമാക്കി തീര്‍ക്കുകയല്ലേയുള്ളൂ? വാക്കില്ലാത്ത അനേകം രഹസ്യങ്ങളില്‍ ഒന്നായി ആ നഷ്ടവും ഞങ്ങള്‍ക്കിടയില്‍ ശേഷിച്ചു.
*
വല്ല്യകാക്കന്റെ രണ്ടാം ബീടരായി കേറി വരുമ്പോ ആയിസൂന് പത്തോ പന്ത്രണ്ടോ. രണ്ട് മൂന്ന് കൊല്ലം കൊണ്ട് ജെമീലാനെ പെറ്റ്. അങ്ങനെ ആയിസു ആയിസുമ്മയായി. പിന്നങ്ങോട്ട് നെല്ലിക്കാവണ്ടി മറിഞ്ഞു വീണത് പോലെ പന്ത്രണ്ടെണ്ണം. എളേതിനെ പെറ്റെണീച്ച് വരുമ്പ്ലേക്കും രണ്ടാമത്തോളെ പിയ്യാപ്ലാ തക്കാരം. അന്ന് പരീക്ഷക്ക് പടിക്കൈന്നും ലൈല. അടുക്കളേല്‍ അമ്പാടും പണിയുണ്ടായിറ്റും ഓള് വരാന്‍ കൂട്ടാക്കീല, കിത്താബിന്റെ മുന്നിലിരുന്നിരുന്ന് അനക്ക് വേരൊറച്ച് പോയോ പഹച്ചീന്ന് ആയിസു ഓളോട് തൊള്ളയിടുന്നതും കേട്ടാ വല്ല്യകാക്ക കേറിവന്നത്. ഓള് കുട്ടിയല്ലേ ആയിസൂ, ഓള് പടിച്ചോട്ടേന്നും പറിഞ്ഞ് മേത്തലെ മുറീല്‍ക്ക് കേറിപ്പോയതാ ന്റെ ഇക്കാക്ക. മയ്യത്തെടുക്കം വരെ ആയിസു ഒറ്റക്കെടപ്പൈനും. പിന്നെന്താ, ലൈലാക്ക് ഓരോ പിയ്യാപ്ലനേം പറഞ്ഞു വരുന്നോരൊക്കെ ഓളെ പടിപ്പ് കഴിയട്ടേന്നും പറഞ്ഞ് ആയിസു മടക്കാന്‍ തുടങ്ങി. ഓളെ ദൂരെങ്ങാനുള്ള കോളേജില് അയ്ക്കാന്‍ പോണത് കേട്ടപ്പോ കുടുമ്മത്തെ കാരണോന്മാര്‍ക്ക് ഹാലിളകി. ഈ കുടുമ്മത്തിലെ പെണ്ണുങ്ങള് അഴിഞ്ഞാടൂലാന്ന് ഓര്. ആയിസു ഒറ്റ പറച്ചില്‍, ഓളെ ഉപ്പ മരിക്കാന്നേരം ഒസ്യത്ത് പറഞ്ഞതാ ഓളെ പടിപ്പിക്കണന്ന്. വല്ല്യക്കാക്ക അപ്പറഞ്ഞത് ഞാനും കേട്ടതാന്ന് ഞാനും കൂടി. ആയിസൂന്റെ മാഞ്ഞാലക്കളികള്‍ക്ക് ഒറ്റപ്പൈസ തരൂലാന്നായി അപ്പോ ഓര്. ആയിസു കുലുങ്ങീല. കുട്ട്യോളെ പേരില്‍ എയ്തിവെച്ച മൊതലിന്റെ വാടക മുയ്മനും കയ്യിമ്മെ തന്നെ കിട്ടണംന്ന് പറഞ്ഞ് മമ്മുദൂനെ വെച്ച്, അഞ്ചെട്ട് പൈക്കളെ വാങ്ങീട്ട് പാലും വിക്കാന്‍ തൊടങ്ങി. എന്നിട്ടെന്തായി, അബ്ദാജീന്റെ ബീടരതാ പൈയ്യിനെ കറക്കണേന്ന് കളിയാക്കിയ കൂട്ടരന്നെ മക്കളോരോന്നും പടിച്ച് നെലേം വെലേം ആയപ്പോ പറയാന്‍ തൊടങ്ങീലേ, ഇദ് നമ്മളെ അബ്ദുര്‍ റഹിമാന്‍ ഹാജിയുടെ മക്കളാണെന്ന്.
*
മൈലാഞ്ചിക്കല്ല്യാണത്തിന് ഉമ്മാന്റെ സുറുമ നിറത്തിലുള്ള മാത്താവും തട്ടവുമിട്ട് ഫര്‍സാന ഒരുങ്ങിയപ്പോള്‍ അവളെ എന്റെ ദേഹത്തോട് ചേര്‍ത്ത് പിടിച്ച് എന്റെ ചിറകിന്‍ കീഴില്‍ ഒളിപ്പിക്കാനാണ് തോന്നിയത്. അവളെ അരികിലിരുത്തി കൈയില്‍ മൈലാഞ്ചിയിട്ടു കൊണ്ട് ഉമ്മ. എന്റെ ഉമ്മയും, എന്റെ മോളും.

ഫിറോസും കുടുംബവുമായിരിക്കണം ഇനി മോളെ ലോകം. അന്റെ കൈക്കലാണ് ഇനി നിങ്ങള് രണ്ടാളെം സന്തോഷോം സമാധാനോം.
അത് മാത്രായിരിക്കണം എന്റെ ലോകമെന്ന് പറയല്ലേന്റെ കറവക്കാരത്തി ആയിസൂ.

ഒരു കൊട്ട പൊന്നുണ്ടല്ലോ, മിന്നുണ്ടല്ലോ മേനി നിറയേ
കരയല്ലേ ഖല്‍ബിന്‍ മണിയേ, കല്‍ക്കണ്ട കനിയല്ലേ.

കേക്ക്, ഭര്‍ത്താവിനെ അനുസരിച്ച് നല്ല നെലേല്‍ കുടുമ്മത്തെ നോക്കിനടത്തല്‍ അന്റെ ഉത്തരവാദിത്വമാണ്. അറിയാലോ, ഭര്‍ത്താവിനോട് അനുസരണക്കേട് കാണിക്കുന്നോളെ മലക്കുകള്‍ ശപിച്ചോണ്ടിരിക്കും.

കനകത്തിന്‍ നിറമുള്ള കാതിലണിയാന്‍ കാതിലോല പൊന്നോലാ
കരയല്ലീ ഖല്‍ബിന്‍ മണിയേ, കല്‍ക്കണ്ട കനിയല്ലേ.

കാരണണ്ട്, പെണ്ണുങ്ങളേക്കാള്‍ ഒരു പടി മോളിലാണ് ആണുങ്ങള്‍.
പൊന്നുമ്മാ, നമ്മള്‍ ഈ ലോകത്തിനോടുള്ള ഉത്തരവാദിത്വങ്ങള്‍ മറന്ന് ഒതുങ്ങിക്കൂടിയതു കൊണ്ടല്ലാതെ എന്ത് ശ്രേഷ്ഠതയാണ് ആണുങ്ങള്‍ക്ക് മാത്രമായുള്ളത്?
അന്റെ മാഞ്ഞാലവര്‍ത്താനം നിര്‍ത്ത് കുട്ടീ. പടച്ചോന്റെ പക്കല്‍ നിന്നുള്ള ഫദ്ദലയുണ്ട് ആണുങ്ങള്‍ക്ക്, അതോണ്ട് തന്നെ പെണ്ണുങ്ങളുടെ കൈകാര്യകര്‍ത്താക്കളും ഓരന്നെ.
വാള്‍ത്തലയുടെ മൂര്‍ച്ചയുള്ള ഉമ്മയുടെ വാക്കുകള്‍ തട്ടി എന്റെ മോള്‍ക്ക് എവിടെയാണ് ചോര പൊടിഞ്ഞിരിക്കുക?
*
സാധാരണയിലും അധികം വികൃതികള്‍ ഒപ്പിച്ച് ഫര്‍സാന എന്നെ വലച്ച ഒരു ദിവസം അവസാനമില്ല എന്ന് തോന്നിയ ഒരു വഴക്കിനൊടുവില്‍ മതിലില്‍ തൂക്കിയിട്ടിരുന്ന കലണ്ടര്‍ ചുരുട്ടിപ്പിടിച്ച് ഞാനവളെ പൊതിരെ തല്ലി. കലണ്ടറിന്റെ മുകളിലെ തകിട് തട്ടി അവളുടെ വലത്തേ കവിള്‍ ചെറുതായി മുറിഞ്ഞ് ചോര പൊടിഞ്ഞു. ഈന്തുമ്പിടിയുടെ ആകൃതിയില്‍ ഒരു കൊച്ചു കല അവളുടെ കവിളില്‍ ബാക്കിവെച്ചിട്ട് പിന്നെ ആ മുറിവ് ഉണങ്ങിവീണു.
*
വേദനയുടെ ശക്തി കൂടിയപ്പോള്‍ ഞാന്‍ കട്ടിലില്‍ നിന്നെഴുന്നേറ്റ് നടക്കാന്‍ തുടങ്ങി.ഏതോ ആദിമമായ പ്രേരണയാല്‍ എന്നവണ്ണം എന്റെ അരക്കെട്ട് ഒരു താരാട്ടിന്റെ ഈണത്തില്‍ ആടുകയായിരുന്നു. അടിവയറ്റില്‍ നിന്ന് ഊറ്റത്തോടെ ത്രസിക്കുന്ന വേദന. ഞാന്‍ കുളിമുറിയിലേക്കോടി. റബ്ബേ, വേദനയുടെ കടലില്‍ ഒറ്റക്ക് ഞാന്‍, നിന്റെ കാരുണ്യം. ചോര, പിന്നെ ഇടത് കൈവെള്ളയില്‍ ചോരപുരണ്ട പച്ചക്കരള്‍ പോലെ ഒരു ഈന്തുമ്പിടിയുടെ അത്ര വലുപ്പതില്‍ അത്. ഇനി? ഞാന്‍ ഡ്രെയിനേജ് ഹോളിന്റെ മൂടി കാല് കൊണ്ടു തട്ടിമാറ്റി. ഉള്ളംകൈ അറിയുന്ന ഇളം ചൂടിനെ ഓര്‍മ്മയിലെവിടെയോ അടര്‍ത്തിയിടാന്‍ ഒരു നിമിഷമെടുത്തിട്ട് ഇടത്തേ കൈയ്യില്‍ നിന്ന് അതിനെ ഡ്രെയിനേജ് ഹോളിലിട്ടു, ഒരു ബക്കറ്റ് വെള്ളവും ഒഴിച്ചു. ഇന്ന് നിനക്കൊരു കൂടാവാനേ എനിക്കാവൂ, എന്നില്‍ നിന്നും അടര്‍ന്നു പോയിക്കോ. നിനക്ക് പറന്നുകളിക്കാന്‍ ഒരാകാശം ഒരുക്കാനാവുന്ന നാളിനേക്കായി ഞാനും കാത്തിരിക്കും. പിന്നെ, ഒരു പ്രപഞ്ചത്തിന്റെ ഭാരമത്രയും എന്നില്‍ നിന്ന് എടുത്ത് മാറ്റപ്പെട്ടതിന്റെ ആശ്വാസത്തോടെ ഞാന്‍ കിടക്കയിലേക്ക് വീണു.
*
എന്നാലും പെണ്ണുങ്ങളെക്കാള്‍ വലിയോര് ആണുങ്ങളാ.
കുളൂസ് പറയല്ലേ ഇക്കാക്കാ.
സത്യാടീ. പെണ്ണുങ്ങളെക്കാള്‍ ഒരു പടി മുകളിലാ ആണുങ്ങളെന്ന് ഖുറ്‌ആനിലുണ്ട്.
കള്ളം. പച്ചക്കള്ളം.
നീ വേണെങ്കില്‍ ഉസ്താദിനോട് ചോയ്ച്ചോക്ക്.
ഇക്കാക്കാന്റെ കൈത്തണ്ടയില്‍ ഒറ്റക്കടിയായിരുന്നു ഞാന്‍. പിന്നെ അങ്ങോട്ടുമിങ്ങോട്ടും കുത്തും മാന്തലും. ആ തല്ലിന്റെ അരിശമത്രയും ഒതുക്കിപ്പിടിച്ച് കൊണ്ട് ഒരു കുഞ്ഞ് ഈന്തുമ്പിടിയുടെ ആകൃതിയില്‍ എന്റെ വലത്തേ കവിളില്‍ ഒരു കലയുണ്ട്.


ഫദ്ദല- മുന്‍‌ഗണന, അനുഗ്രഹം.

Monday, July 21, 2008

ജീവനുണ്ട്

മതമില്ലാത്ത ജീവന്‍ എന്ന പാഠഭാഗം വായിച്ച കേരളത്തിലെ ഒരു യാഥാസ്ഥിക കുടുംബത്തിലെ ഏഴാംക്ലാസ്സുകാരിയുടെ ഉത്തരങ്ങള്‍.

1.വിവിധമതങ്ങളില്‍ വിശ്വസിക്കുന്നവര്‍ തമ്മിലുള്ള കലഹങ്ങളും ഒരേ മതത്തില്‍ പെട്ട വിഭാഗങ്ങള്‍ തമ്മിലുള്ള കലഹങ്ങളും ഇല്ലാതാക്കാന്‍ ന്നമുക്ക് എന്തു ചെയ്യാന്‍ കഴിയും?
a.. Do not discriminate people because of their religion and advise your friends also to stop discriminating people.
b.Learn about other religions and cultures.
c. Treat everyone equally.


2.താഴെ പറയുന്ന വിവിധപ്രശ്നങ്ങള്‍ എതു മതത്തില്‍പ്പെട്ടവരെയാണ് കൂടുതല്‍ ബാധിക്കുക?
വിലകയറ്റം, കുടിവെള്ളക്ഷാമം, പകര്‍ച്ചവ്യാധികള്‍, ഭൂകമ്പം.
Tribal people and others living in forests are most affected by these problems. (രോഗങ്ങളെ കുറിച്ച് അവറ്‌ക്ക് അറിവുണ്ടാവില്ല, ഭൂകമ്പമോ മറ്റോ വന്നാല്‍ അവരെ രക്ഷിക്കാന്‍ പ്രയാസമാണ് എന്നാണ് വിശദീകരണം)

പുസ്തകത്തിലെ ആദ്യഭാഗങ്ങള്‍ ഇപ്പോള്‍ പഠിക്കേണ്ട എന്ന് പറഞ്ഞ് ക്ലാസ്സില്‍ അധ്യാപിക അവസാനപാഠങ്ങള്‍ പഠിപ്പിക്കുകയാണ്. ഈ പാഠത്തെ ചൊല്ലി ഇത്ര സമരങ്ങള്‍ എന്തിനാണെന്ന് അവള്‍ക്ക് മനസ്സിലാ‍യിട്ടില്ല. പാഠഭാഗം കുറച്ച് ബോറിങ്ങ് ആയെന്നും പറഞ്ഞ് അവള്‍ കര്‍‌ഷകതൊഴിലാളികള്‍ക്ക് എച്ചില്‍ ഇലകളില്‍ ഭക്ഷണം വിളമ്പികൊടുക്കുന്നത് വിവരിക്കുന്ന ഭാഗം താല്‍പ്പര്യത്തോടെ വായിച്ചുകേള്‍പ്പിച്ചു.

Wednesday, July 16, 2008

ഇന്നാളൊരു ദിവസം

ഇന്നാളൊരു ദിവസം ഹോട്ടലിലെ കുളത്തില്‍ നീന്തിത്തുടിക്കുന്ന ഒരു സ്ത്രീയെ ഉറ്റുനോക്കി നില്‍ക്കുന്ന രണ്ടു സ്ത്രീകളെ ഞാന്‍ കണ്ടു, കണ്ണും പൂട്ടി ഉയര്‍ന്നും താണും പറക്കുന്ന പാട്ടിനെ കാണുന്നതു പോലെയായിരുന്നു അത്.

ചുണ്ടിലേക്കുള്ള വഴിമധ്യേ ഉറഞ്ഞുപോയ കപ്പും പിടിച്ചു നാലാം നിലയിലെ ജനാലക്കരികില്‍ നിന്നവള്‍ നോക്കുമ്പോള്‍ താഴെ കുളത്തില്‍ ജലത്തിലേക്ക് ഒഴിക്കപ്പെട്ടതു പോലെ നീന്തുന്നവള്‍. ഏഴാം നിലയിലെ ജനാലയില്‍ നിന്നാഞ്ഞു നോക്കിയവള്‍ കണ്ടതു ജീവിതം മുഴുവന്‍ ഒരു നിമിഷത്തിലേക്ക് ആവാഹിക്കാനെന്നവണ്ണം നീന്തുന്നവളെയായിരുന്നു. ശ്വാസം കിട്ടാതെ പിടയുന്ന ഏതെങ്കിലും നേരം ഞങ്ങള്‍ മൂവരും ഈ കാഴ്ച തപ്പിയെടുത്ത് ആ ദിവസത്തെയെങ്ങ് നീന്തികടക്കും, അതു കൊണ്ടു എന്റെ ജനാലയില്‍ നിന്നും നീന്തുന്നവളെയോ നോക്കിനിന്നവരേയോ കാണാന്‍ ഒരു സാധ്യതയുമില്ലെന്നു പറഞ്ഞിട്ടു കാര്യമില്ല എന്റെ ചങ്ങായി.

Sunday, June 08, 2008

Black Week

Joining hands with injipennu
Image credits: FreeFoto.com

Friday, May 30, 2008

Content theft by Kerals.com

Kerals.com runs a Malayalam literature section with most posts copied from Malayalam blogs, without any consent from or attribution to the bloggers. To top it all, when contacted by bloggers about this matter Kerals.com replies arrogantly and has even stooped to abusing and threatening some bloggers. Disgusting.

Though none of my posts have been copied, I join the bloggers in their protest against content theft by kerals.com

More on content theft:
Link 1
Link 2
Link 3
Link 4
Link 5
and their terror tactics.

Monday, February 18, 2008

ചില്ലറ നഷ്ടങ്ങള്‍

പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഞങ്ങളുടെ ഗേറ്റിന് മുന്‍പില്‍ തന്നെയായി ചെറിയ എട്ടുകള്‍ വരച്ചു കൊണ്ടു അവളുടെ ലേഡി ബേഡില്‍ റീനിയുണ്ടായിരുന്നു.
‘ഇന്നെവിടേക്കാ?‘
‘സീക്രറ്റ് ഗാറ്ഡന്‍’
ആ വേനലവധിക്കാലത്ത് ഞങ്ങളുടെ സൈക്കിളുകള്‍ ഞങ്ങളുടെ ശരീരത്തോട് കൂട്ടിചേറ്‌ത്തത് പോലെയായിരുന്നു. തളരുന്നത് വരെ പെഡല്‍ തള്ളാന്‍ കൊതിക്കുന്ന കാലുകളും, തണുത്ത കാറ്റേറ്റ് നീറാന്‍ വെമ്പുന്ന കണ്ണുകളുമായി നീണ്ട സൈക്കിള്‍ യാത്രകള്‍ നിറഞ്ഞ ഉറക്കം വിട്ട് ഞങ്ങള്‍ ഉണര്‍ന്നു. വീട്ടുകാരുടെ അറിവോടെ പരിചയമുള്ള വഴികളിലൂടെയും, അവരുടെ കണ്ണുകള്‍ വെട്ടിക്കാനാകുമ്പോള്‍ പുതിയ വഴികള്‍ തേടിയും ഞങ്ങള്‍ സൈക്കിള്‍ ചവിട്ടി, ആഞ്ഞു വരുന്ന കാറ്റിനെ മുഖത്തടിക്കാന്‍ സമ്മതിച്ചു കൊണ്ട്, ഓരോ കുലുക്കത്തിലും നട്ടെല്ലിലൂടെ കയറുന്ന മുരള്‍ച്ച അറിഞ്ഞു കൊണ്ട്, ഞങ്ങളെ കാത്ത് കിടക്കുന്ന പുതിയ ലോകത്തിലേക്ക് ആവുന്നത്ര വേഗത്തില്‍ ഞങ്ങള്‍ സൈക്കിള്‍ ചവിട്ടി. സൈക്കിളില്‍ നിന്ന് ഇറങ്ങുമ്പോഴെല്ലാം ശരീരത്തിന്റെ ഒരു ഭാഗം അടര്‍ന്നു പോവുന്നതായി തോന്നുന്നത് വരെ ഞങ്ങള്‍ സൈക്കിള്‍ ചവിട്ടി.

കോളനിയുടെ ഗേറ്റും കടന്ന് ചില കുറുക്കുവഴികള്‍ എടുത്ത് ഞങ്ങള്‍ പണി നടന്നുകൊണ്ടിരിക്കുന്ന ഒരു റോഡിലെത്തി. വല്ലപ്പോഴും മാത്രം വണ്ടികള്‍ വരുന്ന വീതിയുള്ള റോഡ്. ഇളം കാറ്റും ഇളം വെയിലും. സൈക്കിള്‍ ഓടിക്കുമ്പോള്‍ ഞങ്ങള്‍ സംസാരിക്കാറില്ല, അല്ലെങ്കില്‍ സൈക്കിള്‍ ഓടിക്കുമ്പോള്‍ ഞങ്ങള്‍ സംസാരം നിര്‍ത്താറില്ല. ചാഞ്ഞ് കൊണ്ട് വലിയ എട്ടുകള്‍ തീര്‍ത്ത്, നെഞ്ച് ചൂടായി പൊള്ളുന്നത് വരെ വേഗത്തില്‍ ഓടിച്ച്, പിന്നെ കൈകള്‍ വിട്ട് പറക്കുന്നതായി ഭാവിച്ചും ഞങ്ങള്‍. എപ്പോഴാണ് അയാള്‍ ഞങ്ങള്‍ക്കൊപ്പം എത്തിയതെന്ന് ഓര്‍മ്മയില്ല. റോഡിന്റെ നടുവിലൂടെ അലസമായി സൈക്കിള്‍ ചവിട്ടുന്ന മഷി നിറമുള്ള റ്റീ ഷര്‍ട്ടുകാരന്‍. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നടന്നുപോകുന്നതിലും വേഗത്തില്‍ എത്താനുള്ള വാഹനമായി മാത്രം സൈക്കിള്‍ ഉപയോഗിക്കുന്നവരായേ മുതിര്‍ന്ന പുരുഷന്മാരെ ഞങ്ങള്‍ കണ്ടിട്ടുള്ളൂ.

‘രണ്ടാളും അസ്സലായി ഓടിക്കുന്നുണ്ടല്ലോ. എന്നും ഈ വഴി വരാറുണ്ടോ?’
‘ചെലപ്പോ’റീനി പറഞ്ഞു.
‘എന്ന് വെച്ചാല്‍ അച്ഛന്റേയും അമ്മയുടേയും കണ്ണ് വെട്ടിക്കാനായാല്‍ അല്ലേ?’ കണ്ണുകള്‍ ചെറുതാക്കി കൊണ്ട് അയാള്‍ ചിരിച്ചു.
ഞങ്ങളുടെ അല്‍ഭുതം ഇരട്ടിച്ചു. മറ്റു പുരുഷന്മാരെ പോലെ ഞങ്ങള്‍ നിസ്സാരറാണെന്ന് ഓര്‍മ്മിപ്പിക്കുന്നത് പോലെയല്ല ഈ മനുഷ്യന്‍ സംസാരിക്കുന്നത്.
‘എന്താ നിങ്ങളുടെ പേര്?’
‘ഞാന്‍ അനു, ഇത് റീനി’ പേര് പറയുമ്പോള്‍ എന്റെ മുടി വല്ലാതെ പാറിപ്പറന്നിട്ടുണ്ടാവുമോ എന്ന് ഞാനോര്‍ത്തു. ഞങ്ങള്‍ക്കൊപ്പമായി തന്നെ അയാളുടെ വലിയ മെറൂണ്‍ നിറത്തിലെ സൈക്കിള്‍.
‘വൃന്ദാവന്‍ കോളണിയില്‍ അല്ലേ?’
‘അതെ’
‘ഏതു ക്ലാസ്സിലാ?’
‘ആറില്‍’
‘ആഹാ. അപ്പോ വലിയ കുട്ടികളാണല്ലോ’

ഞങ്ങള്‍ ചിരിച്ചു. ആ പറഞ്ഞത് കള്ളമാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഇപ്പോഴും അമ്മയാണ് എന്റെ മുടി കെട്ടിവെച്ച് തരാറ്. റീനിയെ അവളുടെ വീട്ടില്‍ വാവ എന്നാണ് വിളിക്കാറ്. കള്ളമായിരുന്നിട്ടും ഞങ്ങള്‍ക്ക് സന്തോഷം തോന്നി.
‘സമ്മര്‍ വെക്കേഷന്‍ അടിച്ചുപൊളിക്കുകയാണല്ലേ? ഈ റോഡിന്റെ അറ്റം വരെ പോകുമോ നിങ്ങള്‍?’ ‘ചിലപ്പോ’
‘ആഹാ. രണ്ടു പേരേയും കണ്ടാല്‍ അറിയാനുണ്ട് അത്. വ്യായാമം അത്യാവശ്യമായ പ്രായമാണിത്. സൈക്ക്ലിങ്ങ് നിര്‍ത്തരുത് കേട്ടോ’. കണ്ണുകള്‍ ഇറുക്കി ചിരിച്ചു കൊണ്ട് തന്നെ അയാള്‍ തുടര്‍ന്നു ‘പെണ്‍കുട്ടികളായാല്‍ ഇങ്ങനെ വേണം.’
എന്തു പറയണമെന്ന് അറിയാത്തത് കൊണ്ട് ഞങ്ങള്‍ ഉറക്കെ ചിരിച്ചു. അത്ര വേഗത്തില്‍ ഒന്നുമല്ലായിരുന്നു ഞങ്ങള്‍ പോയിരുന്നത്, എന്നിട്ടും എന്റെ നെഞ്ചിടിപ്പ് കൂടിയത് എന്തിനാണെന്ന് അറിയില്ല.
‘നിങ്ങളും സമ്മര്‍ വെക്കേഷന്‍ അടിച്ചു പൊളിക്കുകയാണോ?’ റീനി ഉറക്കെ ചോദിച്ചു.
അയാള്‍ ആര്‍ത്തു ചിരിച്ചു.ഇയാള്‍ ശരിക്കും വ്യത്യസ്ഥനാണ്.
‘ഇന്നേതായാലും നിങ്ങളുടെ കൂടെ അടിച്ചുപൊളിക്കാന്‍ ഞാനും കൂടാം.’
‘ഇന്ന് ഞങ്ങള്‍ റോഡിന്റെ അറ്റം വരെ പോണില്ല. ആ ഇടവഴിയിലേക്കിറങ്ങാണ്’. പറഞ്ഞ് നാവെടുത്തപ്പോള്‍ ആ വഴിയെ കുറിച്ച് അയാളോട് പറയേണ്ടായിരുന്നു എന്നെനിക്ക് തോന്നി.
‘ഞാനും ഉണ്ടെന്നെ. ഇടവഴിയെങ്കില്‍ ഇടവഴി’ .

തെങ്ങിന്‍ തോപ്പുകള്‍ക്ക് നടുവിലൂടെ പോകുന്ന ഒരു കൊച്ച് വഴിയാണ് അത്. പണി തുടങ്ങുമ്പോള്‍ തന്നെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു വീടിന്റെ തറ വഴിയരുകില്‍ ഉണ്ട്. ചുറ്റും എത്തിനോക്കുന്ന തെങ്ങിന്‍ തലകള്‍ക്കിടയിലൂടെ കാണുന്ന ആകാശം നോക്കി പൂപ്പലോടിയ ആ പഴയ തറയില്‍ കിടക്കാന്‍ ഞങ്ങള്‍ക്ക് ഇഷ്ടമാണ്. പേരറിയാ കിളികളും, ആകാശ കഷ്ണവും , പച്ചയും, ചാരി വെച്ച സൈക്കിളുകളും ഞങ്ങളും മാത്രം. ഇതായിരുന്നു ഞങ്ങളുടെ സീക്രറ്റ് ഗാര്‍ഡന്‍.

കൈകള്‍ വേദനിച്ചു തുടങ്ങിയപ്പോഴാണ് ഞാന്‍ ഹാന്‍ഡലില്‍ വല്ലാതെ മുറുക്കി പിടിച്ചിരിക്കുകയാണ് എന്നറിഞ്ഞത്.
‘ഇവിടെയെങ്ങും ആള്‍ താമസമില്ലല്ലോ’ ഇടവഴിയിലേക്ക് തിരിയുമ്പോള്‍ അയാള്‍ പറഞ്ഞു.
എനിക്ക് തല വേദനിച്ച് തുടങ്ങിയിരുന്നു.
‘റീനി, മതി. നമുക്ക് പോകാം’ ഞാന്‍ പറഞ്ഞു.
‘ഇത്ര നേരത്തേയോ?’
അയാള്‍ തൊട്ടു പിറകെ തന്നെയുണ്ട്. എനിക്ക് പെട്ടെന്ന് വല്ലാത്ത അരിശം തോന്നി.
‘ഞാനില്ല ഇനി’. ഞാന്‍ വഴിയരുകില്‍ സൈക്കിള്‍ നിര്‍ത്തി.

തിരിഞ്ഞു നോക്കാതെ റീനിയുടെ ലേഡി ബേഡ് പറന്നു. ഇനി അവളോട് കൂട്ട് വേണ്ട എന്ന് തന്നെ ഞാന്‍ തീരുമാനിച്ചു. എന്നേയും കടന്ന് അയാള്‍ പോയി. അയാ‍ളുടെ സൈക്കിള്‍ പുതിയതാണെന്ന് ഞാന്‍ കണ്ടു. ആ ഒതുങ്ങിയ ഇടവഴിയില്‍ ആ വലിയ സൈക്കിള്‍ ചേരുന്നില്ലെന്നും. വേറേയും എന്തോ പൊരുത്തക്കേട് ഉണ്ട് ചിത്രത്തില്‍. റീനി. മുന്നോട്ടാഞ്ഞ് സൈക്കിള്‍ ഓടിക്കുകയാണ് അവള്‍-ഇടയ്ക്കൊന്ന് കൈകള്‍ വിടര്‍ത്താതെ, വഴിയിലെ കരിങ്കല്ലിലൂടെ എടുത്ത് വിറപ്പിക്കാതെ, നേര്‍വരയില്‍, വേഗത്തില്‍. തനിയെ മടങ്ങാന്‍ എനിക്കാവില്ല എന്നും ഞാനറിഞ്ഞു. എന്റെ കാലുകള്‍ പതിവിലും ശക്തമായി തോന്നി. തിളങ്ങുന്ന മെറൂണ്‍ മഡ് ഗാഡിനു നേരെ കാലുയര്‍ത്തുമ്പോള്‍ അയാള്‍ മണ്ണില്‍ വീണ് കിടക്കുന്നത് എനിക്ക് മനസ്സില്‍ കാണാമായിരുന്നു.

‘റീനീ പേടിക്കേണ്ട, ഞാനയാളെ ചവിട്ടിയിട്ടു’ വിളിച്ചു പറഞ്ഞത് അവള്‍ കേട്ടിരുന്നോ എന്നറിയില്ല. റീനിയുടെ വീട്ടിനു മുന്നിലെ അശോക മരം കണ്ടപ്പോഴാണ് ഞങ്ങള്‍ ശ്വാസം വിട്ടത്.

‘സൈക്കിള്‍ റാണിമാര്‍ ഇന്ന് നേരത്തേ വന്നല്ലോ’ എന്ന് അവളുടെ അമ്മ പറഞ്ഞപ്പോഴും എന്ത് പറയണമെന്ന് അറിയാത്തത് കൊണ്ട് ഞങ്ങള്‍ ചിരിച്ചു. ആ അശോകമരം കാണുന്നത് വരെ ഒരു ചുഴലിക്കാറ്റ് പോലെ എന്തോ ഒന്ന് ഞങ്ങളെ വിഴുങ്ങാനാഞ്ഞ് കൊണ്ട് തൊട്ടുപിറകിലായി വരുന്നുണ്ടായിരുന്നു എന്ന് ഞങ്ങള്‍ ഒരിക്കലും ആരോടും പറയുകയില്ല. അതിനു ശേഷവും പഴയതും പുതിയതുമായ വഴികളിലൂടെ ഞങ്ങള്‍ സൈക്കിളോടിച്ചിരുന്നു. അതിന് ശേഷം കാറ്റിനേയും വെയിലിനേയും കാത്തു കിടക്കുന്ന ലോകത്തേയും സ്വാഗതം ചെയ്തു കൊണ്ട് വേഗത്തില്‍ ഓടിച്ചു ചെല്ലാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല എന്ന് മാത്രം.

Tuesday, February 05, 2008

നടത്തം

(ഇഷ്ടം തോന്നുന്നവര്‍ നടന്ന വഴിയേ നടന്നു നോക്കുക എന്നത് മനുഷ്യസഹജമായവാസനയാണ് എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടാവണം. സിദ്ധാര്‍ത്ഥന്‍ നടന്നു. ഡാലിയും നടന്നു. ഞാനും നടന്നു നോക്കി.)



ഇന്ന് സുമേഷിന്റെ ബ്ലോഗില്‍ ഇത് മാത്രമായിരുന്നു.
--------------------------------------
Tuesday, February 05, 2008
സൈകോജിയോഗ്രഫി
തിരിഞ്ഞു നോക്കാതെ എത്ര ദൂരം നടക്കാനാവും?
---------------------------------------

ഞാന്‍ രണ്ടു വര്‍ഷത്തിലെറേയായി പതിവായി വായിക്കുന്ന ബ്ലോഗാണ് സുമേഷിന്റേത്. അമേരിക്കയിലെവിടെയോ ഉള്ള വിദ്യാര്‍ത്ഥി. എന്താ കാര്യമെന്നോര്‍ത്ത് ഞാന്‍ കഴിഞ്ഞ പോസ്റ്റ് ഒരിക്കല്‍ കൂടെ വായിച്ചു.
-----------------------------------------
Sunday, February 03, 2008
ഒരുപാടു നാളുകള്‍ക്ക് ശേഷം റിസേര്‍ച്ചിന്റെ തിരക്കൊഴിഞ്ഞ ഞായറാഴ്ച വീണ് കിട്ടി. പതിവ് വഴി വിട്ടൊന്ന് നടക്കാന്‍ തോന്നി . അപ്പാര്‍ട്ട്മെന്റ് ഗേറ്റിന് മുന്‍പില്‍ വെച്ച് പതിവ് പോലെ വലത്തോട്ട് നടക്കാനൊരുങ്ങുകയായിരുന്നു. വെറുതെ മറുവശത്തോട്ട് നോക്കിയപ്പോള്‍ റോഡിന്‍ ഇരുഭാഗത്തുമായി പൈന്മരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു. ഈ ജനുവരി തണുപ്പിലും ഇത്ര പച്ച . ദൂരെ വെയിലടിച്ചിട്ട് മരങ്ങളുടെ പച്ചക്ക് നല്ല തെളിച്ചം. തെളിഞ്ഞ പച്ചയല്ല, green ochre അനിയത്തി കണ്ടിരുന്നെങ്കില്‍ പറയുമായിരുന്നു. ഏതായലും ഗ്രീന്‍ ഓകര്‍ വിളിച്ചിടത്തേക്ക് ഞാന്‍ നടന്നു. മരങ്ങള്‍ക്കിടയിലൂടെ നീലപ്പൊട്ടുകള്‍ കണ്ടപ്പോഴാണ് ശ്രദ്ധിച്ചത്. അത്യാവശ്യം വലിയൊരു കുളം . അപാര്‍ട്ട്മെന്റിന് ഇത്ര അടുത്തായിട്ടും ഈ കുളം ഇതു വരെ ഞങ്ങളാരും കണ്ടിട്ടില്ല. മരങ്ങള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങുമ്പോള്‍ എന്റെ വരവ് കണ്ടിട്ട് ഒരു മുയല്‍ ഭയന്നോടുന്നത് മിന്നായം പോലെ കണ്ടു. തുറസ്സായ സ്ഥലം. ഈ നാട്ടിലെ സംസ്കാരത്തിന്റെ വിശാലത ഇവിടത്തെ ഭൂമിയിലുമുണ്ട്. ഷൂസും സോക്സും അഴിച്ച് തണുത്ത വെള്ളത്തില്‍ കാല്‍ മുക്കിയപ്പോള്‍ പിറകില്‍ ആരെങ്കിലും ഇരിപ്പുണ്ടോ എന്ന് തിരിഞ്ഞ് നോക്കാന്‍ പെട്ടെന്ന് തോന്നി.
-------------------------------------------------------
എന്റെ മന‍സ്സില്‍ എന്തോ ക്ലിക്കി. ആര്‍കൈവ്സ് തിരഞ്ഞപ്പോള്‍ ഓര്‍മ്മകള്‍ എന്ന ലേബലില്‍ കിട്ടി.
-------------------------------------------------------
Thursday, June 22, 2006
ഇന്ന് ക്ലാസ് കഴിഞ്ഞ് പരാഗിന്റെ വണ്ടിയില്‍ ലിഫ്റ്റ് കിട്ടി. പിങ്ക് ഫ്ലോയിഡ് കേട്ടു വരുമ്പോള്‍ സതീഷേട്ടനെ ഓര്‍മ്മ വന്നു. പഴയ ഞായറാഴ്ച വൈകുന്നേരങ്ങളും. ഞായറാഴ്ചകളില്‍ ഞങ്ങള്‍ ബീച്ചില്‍ പോകുമായിരുന്നു. വെള്ളത്തിന്റെ തണുപ്പ് മുഴുവന്‍ അറിയാനായി ഞാന്‍ കാല്‍ വളരെ പതുക്കെയേ വെള്ളത്തില്‍ വെക്കുമായിരുന്നുള്ളൂ. പിന്നെ കുറച്ച് മുന്നോട്ട് ചെന്ന് നിന്ന് കടലിന്റെ അറ്റം ആകാശത്തെ തൊടുന്നത് എവിടെയാണെന്ന് നോക്കിനില്‍ക്കും. പിന്നേയും മുന്നോട്ട്. മുട്ടിന് താഴെ വരെ വെള്ളമായാല്‍ കരയിലെക്ക് തിരിഞ്ഞ് നോക്കും. അച്ഛനും അമ്മയും രണ്ട് പൊട്ടായി കരയിലിരുപ്പുണ്ട്. കുറച്ച് കൂടെ മുന്നോട്ട് പോകും, എന്നിട്ട് സതീഷേട്ടനെ അനുകരിച്ച് കൈകള്‍ വിടര്‍ത്തിനിന്ന് കൊണ്ട് ‘റണ്‍ രാബിറ്റ് റണ്‍‘ എന്നുറക്കെ പാടുമായിരുന്നു. ഉപ്പുവെള്ളം മുഖത്ത് തെറിക്കുമ്പോള്‍ തിരിഞ്ഞ് നോക്കും. ദൂരെയുണ്ട് രണ്ട് പൊട്ടുകള്‍. അതിലൊന്ന് നില്‍ക്കുന്നത് കണ്ടാല്‍ ഞാന്‍ കരയിലേക്ക് തിരിഞ്ഞ് നടക്കും.

------------------------------------------------------

Thursday, January 31, 2008

അമ്മയ്ക്കൊരുമ്മ

സുഖപ്രസവം കഴിഞ്ഞ് കുഞ്ഞിനെ മാറോട് ചേര്‍ത്തുപിടിച്ചു ഈറനണിഞ്ഞ കണ്ണുകളുമായി പുഞ്ചിരിക്കുന്ന അമ്മ-നമ്മുടെയൊക്കെ മനസ്സുകളില്‍ പതിഞ്ഞുപോയ ഈ സുന്ദര ദൃശ്യം മറച്ചു വെക്കുന്ന സത്യങ്ങളുണ്ട്, പറയാതെ പോവുന്ന അനുഭവങ്ങളുണ്ട്. പ്രസവവേദനയുടെ മഹത്തായ സംതൃപ്തിയൊന്നും അറിയാതെ ഒന്നു ചത്തു കിട്ടിയാല്‍ മതിയേന്ന് കൂവിപ്പോകുന്ന അനുഭവങ്ങളാണ് ലേബര്‍ റൂമില്‍ വെച്ച് മിക്ക സ്ത്രീകള്‍ക്കും. ശരീരത്തിന്റെ മാത്രമെന്ന് നിസ്സാരമാക്കി കളയാനാവാത്ത വേദനയോടൊപ്പം,വൈകാരികമായ ഒറ്റപ്പെടലും,അരക്ഷിതത്വവുമാണ് അവള്‍ക്കവിടെ കൂട്ട്. അമ്മയാവുന്നതിനെ പറ്റിയുള്ള പ്രതീക്ഷകളും യാഥാര്‍ത്ഥ്യവും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ ലേബര്‍ റൂമില്‍ തുടങ്ങുന്നതേയുള്ളൂ.

എല്ലാം കഴിഞ്ഞ് കാത്തിരുന്ന കണ്മണിയെ കൈയില്‍ കിട്ടുമ്പോള്‍ മാതൃത്വത്തിന്റെ നിര്‍വൃതി പ്രതീക്ഷിച്ചിരിക്കുന്ന അമ്മകുട്ടിയില്‍(ഒരു കുഞ്ഞിനൊപ്പം തന്നെയാണല്ലോ അമ്മയും അച്ഛനും ജന്മം എടുക്കുന്നത്) പേടിയും, കുഞ്ഞിനെ ശരിയായി നോക്കി വളര്‍ത്താനാവില്ല എന്ന പരാജയബോധവും നിറയുന്നു. ലേബര്‍ റൂമിലെ അനുഭവങ്ങളേ പോലെ അമ്മയാവുക എന്നതിലെ പ്രയാസങ്ങളെ പറ്റി തീരെ പതിഞ്ഞ ശബ്ധത്തിലല്ലാതെ നാം പറയാറില്ലല്ലോ. 80% അമ്മമാരിലും പ്രസവത്തിനു മൂന്നു നാലു ദിവസങ്ങള്‍ക്ക് ശേഷം ബേബി ബ്ലൂസ് എന്ന ഓമനപേരിട്ടു വിളിക്കുന്ന ചെറിയ തോതിലുള്ള വിഷാദരോഗം കാണാറുണ്ട്. (കുടുതല്‍ ഗൌരവമര്‍ഹിക്കുന്ന പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനു ആണെന്ന് സംശയം തോന്നിയാല്‍ ദയവായി ഉടനടി പ്രഫഷനല്‍ സഹായം തേടുക).ഗര്‍ഭരക്ഷക്കായുള്ള ഹോര്‍മോണുകളുടെ അളവ് കുത്തനെ താഴുകയും, മുലയൂട്ടലിനും മറ്റുമായുള്ള ഹോര്‍മോണുകള്‍ കൂടുകയും ചെയ്യുന്നതാണ് ഇതിന്റെ ബയോളജിക്കല്‍ കാരണമായി പറയുന്നത്. ക്ലേശകരമായ പ്രസവത്തിനു ശേഷമുള്ള അതിയായ ക്ഷീണം (labour എന്ന വാക്ക് വെറുതെയല്ല എന്നൊരു കൂട്ടുകാരി), സ്റ്റിച്ചുകള്‍, വിണ്ടു കീറിയ മുലകണ്ണുകള്‍- അമ്മയുടെ ശരീരം‍ ഏറ്റവും മോശമായ അവസ്ഥയില്‍ ഇരിക്കുമ്പോഴാണ് കുഞ്ഞിനെ അമ്മ ഏറ്റെടുക്കുന്നത്. കുഞ്ഞിനൊപ്പമുള്ള ഓരോ നിമിഷവും സംതൃപ്തി തരുന്നതാവുമെന്ന് നിനച്ചിരിക്കുന്ന അമ്മക്കും അച്ഛനും നല്ലൊരു ഷോക്കാണ് പൊന്നോമന കൊടുക്കുന്നത്. കുഞ്ഞിന്റെ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കുക എന്നത് പലപ്പോഴും വിരസമാണ്, അങ്ങേയറ്റത്തെ ക്ഷമയും ആവശ്യമാണ്- നനഞ്ഞ ഡയപ്പറോ തുണിയോ മാറ്റി, തുടച്ച് വൃത്തിയാക്കി, ഉടുപ്പിട്ട്, പാലൂട്ടീ , കുഞ്ഞിനെ ഉറക്കി, നടുനിവര്‍ത്തുമ്പോഴേക്കും നനഞ്ഞ് കരയുന്ന കുഞ്ഞ്. വീണ്ടും അതേ വട്ടം. രാവും പകലുമെന്നില്ലാതെ ഓരോ മണിക്കൂര്‍ കൂടുമ്പോഴെങ്കിലും വിശന്നുകരയുന്ന കുഞ്ഞ്. മുലയൂട്ടലും എല്ലാ അമ്മമാര്‍ക്കും സ്വാഭാവികമായി വരുന്ന വിദ്യയൊന്നുമല്ല. ശരിയായി പാല്‍ കുടിച്ച് തുടങ്ങാന്‍ അമ്മ കുഞ്ഞിനെ പഠിപ്പിക്കുകയും വേണം.

അനുഭവസ്ഥരുടെ സഹായമില്ലെങ്കില്‍ തളര്‍ന്നു പോകുന്ന ദിവസങ്ങളാണ് അമ്മയുടേയും അച്ഛന്റെയും ആദ്യത്തെ ആഴ്ചകള്‍. ആവശ്യസാധനങ്ങള്‍ വാങ്ങാന്‍ ഭര്‍ത്താവ് പുറത്ത് പോയപ്പോള്‍, മൂന്നു ദിവസം പ്രായമായ കുഞ്ഞിനേയും വെച്ച് ഭയന്നിരുന്ന ഒരു അമ്മ ആ സമയത്ത് സന്ദര്‍ശിക്കാന്‍ വന്ന കൂട്ടുകാരിയെ കെട്ടിപ്പിടിച്ച് ഇനിയൊരിക്കലും തന്നെ വിട്ടുപോകാന്‍ അനുവദിക്കില്ലെന്നും പറഞ്ഞ് കരഞ്ഞ കഥയറിയാം. ഈ അമ്മയെ എങ്ങെനെയാ ആശ്വസിപ്പിക്കുക? കരയാന്‍ അനുവദിക്കുക. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുക. പറ്റാവുന്നത്ര വിശ്രമം. ഈ പ്രയാസങ്ങളൊക്കെ സര്‍വ്വസാധാരണമായ അനുഭവങ്ങളാണെന്നും, എത്രെയോ അമ്മമാര്‍ ഇതൊക്കെ തരണം ചെയ്തവരാണെന്നും കേള്‍ക്കുന്നത്, അതും മറ്റൊരു അമ്മയില്‍ നിന്ന് തന്നെ കേള്‍ക്കുന്നത്, പിരിമുറക്കം കുറക്കും. ഓരോ ദിവസവും പുതിയ കഴിവുകള്‍ നേടി വളരുന്ന കുഞ്ഞിനെ നിരീക്ഷിക്കുന്നതും അമ്മയുടെ പരാജയബോധത്തിന് നല്ലൊരു മരുന്നാണ്. ഹാജറാബീവിയുടെ കഥയോര്‍മ്മയില്ലേ? കുഞ്ഞിന് കൊടുക്കാന്‍ വെള്ളത്തിനായി ഏഴു പ്രാവശ്യം ആ അമ്മ സഫാമര്‍വാ കുന്നുകള്‍ക്കിടയില്‍‍ ഓടി. വെള്ളമില്ല. നിരാശയായി വന്ന് നോക്കിയപ്പോള്‍ കുഞ്ഞിന്റെ അരികിലായി ഉറവ പൊട്ടി ഒഴുകി വരുന്ന വെള്ളം. സാന്ത്വനം അമ്മയുടെ കൈകളില്‍ തന്നെയുണ്ട്.

എല്ലാം തികഞ്ഞ അമ്മ എന്നത് സുന്ദരമായ ഒരു മിത്താണെന്ന് മനസ്സിലായാല്‍ അനാവശ്യമായ പിരിമുറുക്കങ്ങള്‍ മാറും. രണ്ടു കുഞ്ഞുങ്ങള്‍ക്കും വീടിനും ജോലിക്കുമിടയില്‍ ഓടിനടക്കുന്ന, ഞാനേറെ ബഹുമാനിക്കുന്ന ഒരമ്മ പറയുകയുണ്ടായി, ചില രാത്രികളില്‍ താനേതു കോപ്പിലെ അമ്മയാണെന്നോര്‍ത്ത് തനിച്ചിരുന്ന് കരയാറുണ്ടെന്ന്. ആരോ നാട്ടിയ പെഡസ്റ്റലില്‍ വലിഞ്ഞ് കേറാന്‍ നോക്കേണ്ട അമ്മേ, നിന്ന് തിരിയാന്‍ പോലും സ്ഥലമുണ്ടാവില്ല അതിന്റെ മേലെ. സ്വന്തം കുറവുകള്‍ അറിഞ്ഞ്, തോല്‍‌വികള്‍ അംഗീകരിച്ച് അവയെ മറികടക്കാന്‍ ശ്രമിക്കുന്ന ഒരു അമ്മ കുഞ്ഞിന് പകരുന്ന പാഠം എത്ര ശക്തമായിരിക്കും എന്നാലോചിച്ച് നോക്കിയേ.

Friday, January 11, 2008

സാഗരം പോലെ

കിടക്ക വിരിയിലെ ജ്യോമട്രിക് പാറ്റേണുകളില്‍ വിരലോടിച്ച് ഇരിക്കുന്ന അവളെ നോക്കി നില്‍ക്കേ അവളില്‍ നിന്ന് ഒന്നിനു പിറകേ ഒന്നായി തിരകള്‍ ഉയറ്ന്ന് വന്ന് തങ്ങള്‍ക്കിടയില്‍ ഒരു സാഗരം തീര്‍ക്കുന്നത് അവന്‍ കണ്ടു. നിഗൂഡം. എങ്ങെനെയാണ് അവളിലേക്കെത്തുക, അവന്‍ കുഴങ്ങി.

നല്ല ബെഡ് ഷീറ്റ്. അതും പാതി വിലക്ക്. അടുത്ത തവണ രണ്ടെണ്ണം വാങ്ങി വെക്കണം, അവളോര്‍ത്തു.

അല്ല പിന്നേ.

Thursday, November 15, 2007

പാപ്പാത്തിയും തത്തമ്മയും

പാപ്പാത്തിയില്‍ നിന്നാണ് അമ്മ കഥ തുടങ്ങാറ്.

‘ഒരു ദിവസം മുറ്റത്ത് ഒരു പൂവിലിരുന്ന് ഒരു പാപ്പാത്തിയിങ്ങനെ തേന്‍ കുടിക്കുകയായിരുന്നു’.

കഥ പറച്ചലില്‍ ഞങ്ങള്‍ക്കും ഇടം തരാന്‍ അമ്മ മടിച്ചിരുന്നില്ല. ഓരോ നേരത്തെയും ഞങ്ങളുടെ തോന്നലനുസരിച്ച് അരിപ്പൂവിലോ, തെച്ചിയിലോ ഇരുന്ന് പല നിറങ്ങളോടെ പാപ്പാത്തി തേന്‍ കുടിച്ചു.

‘അപ്പോഴുണ്ട് വരുന്നു’.

നൂറു വട്ടം കേട്ട കഥയാണെങ്കിലും ചോദിക്കാതിരിക്കാനവില്ല, ‘ആര്?’

‘ഒരു തത്തമ്മ. ചുവന്ന കൊക്കും, മിനുസമുള്ള തൂവലുകളുമുള്ള തത്തമ്മ. എന്നിട്ട് തത്തമ്മ പാപ്പാത്തിയുടെ അടുത്ത് ചെന്ന് ചോദിക്കും, “പാപ്പാത്തീ, പാപ്പാത്തീ, കുറച്ച് തേന്‍ തരുമോ?”. പാപ്പാത്തി പറയും “തരൂല”. “പ്ലീസ് പാപ്പാത്തീ, കുറച്ച് മതി”. “ഇല്ലയില്ല” പാപ്പാത്തി തലയാട്ടും.’

ഭംഗിയുണ്ടായിട്ടെന്താ? ചീത്ത പാപ്പാത്തി.

എന്റെ മുടി അമര്‍ത്തി ചീകികൊണ്ട് അമ്മ തുടര്‍ന്നു, ‘ അപ്പോള്‍ തത്തമ്മ നിറഞ്ഞ കണ്ണോടെ പറയും “ ദൂരെ ദൂരെ എന്റെ കൂട്ടില്‍ എന്റെ കുഞ്ഞ് ഞാന്‍ വരുന്നതും കാത്തിരിക്കുകയാ. എന്റെ തത്തമ്മകുട്ടിക്ക് കൊടുക്കാനാണ്. ഇത്തിരി മതി”. പാപ്പാത്തിയുടെ മനസ്സലിയും, “ഈ തേനൊന്നും എന്റേതല്ല തത്തമ്മേ. ദാ ഈ വീട്ടില്‍ രണ്ട് കുട്ടികളുണ്ട് വിനിയും, സുമിയും. അവരുടേതാ. അവരോട് ചോദിച്ച് നോക്കൂ.” ’

കണ്ടോ, ഞങ്ങളിപ്പോള്‍ കഥയ്ക്കുള്ളിലായി. ഇനിയാണ് രസം.

‘അങ്ങനെ തത്തമ്മ വീട്ടിലേക്ക് നടന്നു’. ചൂണ്ടു വിരലും, പെരുവിരലും തറയിലൂന്നി ഞങ്ങള്‍ക്കിടയിലൂടെ അമ്മ തത്തമ്മയെ നടത്തിച്ചു, ‘ഡിങ് ഡിങ് ഡിങ്. എന്നിട്ട് ബെല്ലടിച്ചു. അമ്മ വാതില്‍ തുറന്നു ‘അല്ലാ, ആരിത് തത്തമ്മയോ, വാ വാ’. തത്തമ്മ അകത്ത് കയറിചെന്ന് മുറിയുടെ വാതിലില്‍ കൊക്ക് കൊണ്ട് മുട്ടി “ഡും ഡുംഡും”. സുമി വന്നു വാതില്‍ തുറന്നപ്പോള്‍ ഒരു തത്തമ്മ! അപ്പോ നിങ്ങളെന്താ പറയാ?’ പാതി ചിരിയോടെ അമ്മ ചോദിച്ചു.

‘കളിക്കാന്‍ വാ തത്തമ്മേന്ന്’ ഞങ്ങളൊരുമിച്ച് പറഞ്ഞു.

‘അപ്പോ തത്തമ്മ പറയും “ദൂരെ ദൂരെ എന്റെ കൂട്ടില്‍ എന്റെ കുഞ്ഞെന്നെ കാത്തിരിക്കുകയാ. സുമിയും വിനിയും ഒന്ന് പാപ്പാത്തിയോട് പറയോ കുറച്ച് തേന്‍ തരാന്‍?”.“ഓ പറയാലോ”. എന്നിട്ട് തത്തമ്മയുടെ ചിറകും പിടിച്ച് സുമിയും വിനിയും നടന്ന് നടന്ന് മുറ്റത്തെത്തും’.

ഇതാണെനിക്ക് ഏറ്റവും പ്രിയപ്പെട്ട ഭാഗം, തത്തമ്മയുടെ കൂടെ കൈ പിടിച്ച് നടക്കുന്നത്.നിങ്ങളിലാരെങ്കിലും തത്തമ്മയുടെ കൂടെ കൈ പിടിച്ച് നടന്നിട്ടുണ്ടോ? വിരലുകള്‍ക്കിടയില്‍ തത്തമ്മയുടെ ചിറകിനെ കോറ്‌ക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?

‘എന്നിട്ട് സുമിയും വിനിയും കൂടെ പാപ്പാത്തിയോട് പറയും “പാപ്പാത്തീ, പാപ്പാത്തീ, തത്തമ്മക്കൊരു ഗ്ലാസ്സ് നിറച്ചും തേന്‍ കൊടുക്കൂ” .“ഓ അതിനെന്താ?” പാപ്പാത്തി തേന്‍ കൊടുക്കും. “ സന്തോഷായി കുട്ടികളേ. എന്റെ കുഞ്ഞ് വിശന്നിരിക്കുകയായിരിക്കും, ഈ തേന്‍ വേഗം എന്റെ തത്തമ്മകുട്ടിക്ക് കൊണ്ടുകൊടുക്കട്ടേ” . എന്നിട്ട് തത്തമ്മ പാപ്പാത്തീന്റെ ചിത്രമുള്ള കുപ്പിഗ്ലാസ്സ് നിറച്ചും തേനുമായി ദൂരേയ്ക്ക് പറന്നു പറന്നു പോകും.’

‘തത്തമ്മയുടെ കൂട് ഒരു പാട് ദൂരെയാണോ അമ്മേ’ വിനി ചോദിച്ചു.

‘ദൂരെ, ദൂരെ’ തീരെ പതിഞ്ഞ ശബ്ധത്തില്‍ അമ്മ പറഞ്ഞു.

കഥ വിനിക്ക് കൊടുത്തത് എന്താണെന്ന് എനിക്കറിയില്ല. കഥ തീരുമ്പോഴൊക്കെ ഒരു മൌനം എന്നിലേക്ക് ഇറങ്ങി വരാറുണ്ട്. തീരാസങ്കടത്തിന്റെ വക്കോളമെത്തിച്ച് പിന്നെ അതെന്റെ കൈ കരുണയോടെ പിടിക്കാറുണ്ട്. കണ്ണടച്ചാല്‍ അറിയാം.

‘എന്നിട്ട് തത്തമ്മ പാപ്പാത്തീന്റെ ചിത്രമുള്ള ഗ്ലാസ്സ് നിറച്ചും തേനുമായി ദൂരേക്ക് പറന്നു പോകും’. നാലര വയസ്സുകാരിയെ ഒക്കത്ത് വെച്ച് ചോറൂട്ടുകയാണ് വിനി; ഒരല്പം വളവോടെ നില്‍ക്കുന്ന തണ്ടും, അതില്‍ നിന്ന് വിരിഞ്ഞ് വന്ന പൂവും.

‘തത്തമ്മ ഇനി വരില്ല അല്ലേ അമ്മേ?’ നിറഞ്ഞ സങ്കടത്തോടെ കുഞ്ഞ് ചോദിച്ചു. വിനിയുടെ മറുപടിയറിയാന്‍ ആകാംഷയോടെ ഞാന്‍ സോഫയില്‍ നിവര്‍ന്നിരുന്നു.

‘വരില്ലായിരിക്കും. എന്നാലും മോള്‍ക്ക് ഒന്നും തരാതെ തത്തമ്മ പോവില്ല. പോകുന്നവരൊക്കെയും നമുക്ക് ചേര്‍ത്തു പിടിക്കാന്‍ എന്തെങ്കിലും തരാതെ പോവില്ല.’

കഥ വിനിക്ക് കൊടുത്തതും, വിനി കഥക്ക് കൊടുത്തതും എന്ന് തുടങ്ങുന്ന ഒരു വാചകം കൂടി എഴുതാനുണ്ട്.

Saturday, September 01, 2007

പയങ്കഥ

കിട്ടുന്ന മിട്ടായിയെല്ലാം ബീമ ഒരു പിഞ്ഞാണത്തിലിട്ട് ജനല്‍പ്പടിമേല്‍ വെക്കും. അസര്‍ കഴിഞ്ഞ് നിസ്ക്കാരപ്പടം മടക്കുമ്പോളായിരിക്കും ബീവിയേ, ഇനിക്ക് മധുരണ്ടോന്നും ചോദിച്ച് ഉപ്പാപ്പ കേറി വരുക. വാപ്പക്കിങ്ങനെ ഷുഗറ് കേറ്റലീ ഉമ്മാ, പയേ പോലാണോന്ന് മക്കള്‍ പിരുസം കൊണ്ട് ഒച്ചയിടുമ്പം ഉപ്പാപ്പ ചിരിക്കും. ഒക്കെ പടച്ചോന്റെ കൈക്കലല്ലേ.

ബീവി ഉമ്മേം ഉപ്പാപ്പേം. ബീമേം ഉപ്പാപ്പേം. ബീമേപ്പാപ്പേം. ബീമയും ഉപ്പാപ്പയും മരിക്കുമെങ്കില്‍ ലോകത്തുള്ളതെല്ലാം മരിക്കുമെന്ന് പടാപ്പറത്തെ ഉരുണ്ട തൂണില്‍ ഒരു കൈ ചുറ്റി വട്ടം കറങ്ങിയിരുന്ന ട്രൌസറുകാരന് തോന്നി. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മരുഭൂമിയിലെ ഓയല്‍ റിഫൈനറയില്‍ പൈപ്പുകള്‍ക്കിടയില്‍ ഇരുന്ന് കൊണ്ടവന്‍ തന്നെ കാത്തിരിക്കുന്നവള്‍ക്കെഴുതും, ഉപ്പാപ്പ ബീമയെ നീ എന്ന് പോലും വിളിച്ച് കേട്ടിട്ടില്ല. ഞാനും അങ്ങനെയാവാന്‍ ആഗ്രഹിക്കുന്നു.

ചുക്കപ്പത്തിനായി മാവ് കൈകളില്‍ ഉരുട്ടിയുരുട്ടിയെടുക്കുന്ന നേരങ്ങളില്‍ ബീമയുടെ പയങ്കഥകളും അതൃപ്പത്തില്‍ മുറത്തിലേക്ക് വീഴും. മൂപ്പര് പന്ത് കളിക്ക്ണേട്ത്ത് ചെന്നല്ലേ ന്റെ അമ്മോന്‍ കണ്ടുറപ്പിച്ചത്? അന്ന് ഇനിക്ക് ദാ ഇത്ര ഒയരം. മൂപ്പരന്നെ കട്ടിന്മേല്‍ കേറ്റിതരലൈന്നും. ബീമ ചിരിക്കുമ്പോള്‍ കഴുത്തിലെ മടക്കുകള്‍ കൊസറ കളിക്കും. മാപ്ലേം ബീടര്‍ക്കുമിടയില്‍ നിരുമ്പും കള്ളത്തരം പാടില്ലാന്ന് ബീമ ഉരുട്ടിയിട്ടത് അപ്പുറത്ത് ഫസ്റ്റ് ലോ ഓഫ് തെര്‍മോഡൈനാമിക്സിന് മുന്‍പില്‍ വായും പൊളിച്ചിരുന്ന പേരകുട്ടിയുടെ ഉള്ളിലേക്ക് ഉരുണ്ട് വീണ്, അവിടെ അതില്‍ കുറഞ്ഞതൊന്നും നല്‍കാനുമാവില്ല, സ്വീകരിക്കാനുമാവില്ലെന്ന ചിന്തയായി മുളച്ച് വന്നു.

രണ്ടൌസം കിടന്നിട്ട് ബീമ മരിച്ചു. റബ്ബ് സ്വീകരിക്കട്ടെ. വരുന്നവരും പോകുന്നവരും പടാപ്പര്‍ത്ത് കൂ‍നിയിരിക്കുന്ന വയസ്സനെ നോക്കിയുരുകി, പത്തറുപത് കൊല്ലായില്ലേ? അധികം വൈകാതെ ആ വയസ്സന്‍ തകര്‍ന്നടിഞ്ഞു പോകുമെന്ന് അവരുടെ മനസ്സുകള്‍ പിടച്ചു.

ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞ് ലീവില്‍ വന്ന പഴയ ട്രൌസറുകാരന്‍, കൊച്ചുമക്കളോടൊപ്പം ഹരാവരം കൂട്ടികളിക്കുന്ന ഉപ്പാപ്പനെ നോക്കി മറവി ഒരനുഗ്രഹമാണെന്ന് പറഞ്ഞപ്പോഴും, കടപ്പുറത്ത് ഒരടയാളമായി എന്നെന്നും ഉണ്ടാകുമെന്ന് കരുതിയിരുന്ന കടല്‍പ്പാലത്തിന്റെ ജീര്‍ണ്ണിച്ച തൂണുകള്‍ കണ്ടപ്പോഴുണ്ടായ തളര്‍ച്ചയാണവന് തോന്നിയത്. സലാം പറഞ്ഞിറങ്ങുമ്പോള്‍ അവന്റെ കൈ തന്റെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ഉപ്പാപ്പ പറഞ്ഞു എല്ലാ ഓത്തിനും ബീമക്ക് വേണ്ടി ദുആര്ക്കണേ.

Tuesday, July 03, 2007

ഒരു തെരുവ്

അന്നും തെരുവ് തുടങ്ങുന്നയിടത്ത് തന്നെ ഓട്ടോ നിര്‍ത്തിച്ച് സുധ ഇറങ്ങിനടന്നു. ഈ തെരുവ് അവള്‍ക്കൊരു ലഹരിയാണെന്നാണ് ഉണ്ണിയേട്ടന്‍ പറയാറ്. ശരിയാണ്. കുഴഞ്ഞ്മറിഞ്ഞ് നില്‍ക്കുന്ന നിറങ്ങള്‍, ഗന്ധങ്ങള്‍ , ശബ്ദങ്ങള്‍, തലങ്ങും വിലങ്ങും നടക്കുന്ന ജനം, ഇടയിലൂടെ തിരക്കിനെ പ്രാകിപ്രാകി കടന്നു പോകുന്ന വാഹനങ്ങള്‍, പിന്നെയുമെന്തൊക്കെയോ ചേര്‍ന്ന് ഒന്നായി ഒഴുകുന്ന തെരുവ്- ആ ഒഴുക്കില്‍ അലിഞ്ഞ് ചേരുന്നത് ഒരു ലഹരി തന്നെയാണ്.

കുടകളും ബാഗുകളും തൂക്കിയിട്ട സുഹറ ഫൂട്ട് വേര്‍സിനോട് ഒട്ടി കൊണ്ട് കുട്ടിയുടുപ്പുകളുമായി കിഡ്ഡീസ് കോര്‍ണര്‍. അതിനപ്പുറത്തെ മലബാര്‍ സ്വീറ്റ്സിലെ കണ്ണാടിക്കൂടുകളിലെ ഹല്‍വകള്‍ക്കിടയില്‍ മത്ത് പിടിച്ച് വട്ടം കറങ്ങുന്ന ഈച്ച- ഉയര്‍ത്തിവെച്ച കാറ് ഗ്ലാസ്സിനുള്ളിലൂടെ ഈ തെരുവ് കടന്നുപോകുന്നത് നോക്കിയിരുന്ന കാലത്ത് ഇതിന് ഹലുവയുടെ രുചിയായിരിക്കുമെന്നാണ് കരുതിയിരുന്നത്. മടുപ്പിക്കുന്ന കട്ടിമധുരം.മധുരമേയല്ല! അറപ്പ് തോന്നും വിധം വലിയുന്ന പ്ലാസ്റ്റിക് തവളകളെ വില്‍ക്കുന്ന തെരുവ്കച്ചവടക്കാരന്റെ വാചക കസര്‍ത്തില്‍, കൌണ്ടറില്‍ ഷിഫോണ്‍ സാരികള്‍ മയില്‍പ്പീലികളെ പോലെ വിരിച്ചു വെക്കുന്ന സെയിത്സ്മാന്മാരുടെ ചലനങ്ങളില്‍, ഈ തെരുവിലൂടെ നടന്നു പോകുന്നവരുടെ താളത്തിന്- മധുരമേയല്ല. മടുപ്പിക്കാത്ത മറ്റെന്തോ ആണ്.

തൊട്ടു പിറകില്‍ സ്കൂട്ടറിന്റെ ഹോണടി. സുധ ജാള്യതയോടെ ഒതുങ്ങി നിന്നു. ഒരുപക്ഷെ ജ്യോതിക്ക് അറിയാനായേക്കും. ജ്യോതി. ഇരുപതിലേറെ വര്‍ഷങ്ങളായി. എവിടെയായിരിക്കും അവളിപ്പോള്‍? ദേഷ്യം വരുമ്പോള്‍ ഇപ്പോഴും അവളുടെ കണ്ണുകള്‍ ചെറുതാകുമോ? ചെറുതാകുന്ന കണ്ണുകളും, വിറക്കുന്ന മൂക്കും, ഇതൊന്നും കാണാനാവാത്തവര്‍ ജ്യോതിയുടെ സൌമ്യപ്രകൃതത്തെ അഭിനന്ദിച്ചിരുന്നു. അതുകൊണ്ട് തന്നെയാവണം സ്കൂളിന്റെ സ്വാതന്ത്ര്യദിന റ്റാബ്ലോകളില്‍ മദര്‍ ഇന്‍ഡ്യയാവാന്‍ തുടര്‍ച്ചയായി അവളെ തെരഞ്ഞെടുത്തിരുന്നത്. ചുവന്ന തുണി വിരിച്ച സ്റ്റൂളി‍ന്മേല്‍ വെള്ള പട്ട് സാരിയും, ഗില്‍റ്റ് അരപ്പട്ടയുമൊക്കെയായി വെളിച്ചതില്‍ മുങ്ങി ജ്യോതി. ഒന്‍പതാം ക്ലാസ്സില്‍ വെച്ച് ഇനി മദര്‍ ഇന്‍ഡ്യയാവാന്‍ തനിക്ക് പറ്റില്ലെന്ന് അറിയിച്ചപ്പോള്‍ അവള്‍ സുധയോട് മാത്രമായി പറഞ്ഞ കാരണം സ്റ്റൂളില്‍ നിന്നിറങ്ങിയാലും ആളുകളുടെ കണ്ണുകള്‍ തന്നെ കെട്ടിയിടുന്നു എന്നായിരുന്നു. റ്റാബ്ലോയിലെ മരവും പാറയും അനങ്ങിയാലും കാണികള്‍ പൊറുത്തേക്കും, സുധ ഓര്‍ത്തു.

അനാര്‍ക്കലി ഫാന്‍സി. ഇതായിരിക്കും ജയ പറഞ്ഞ പുതിയ കട. “എന്താ വേണ്ടത് ചേച്ചി?”, പയ്യന്‍ ഓടി വന്നു. “ഞാനൊന്നു നടന്നു നോക്കട്ടെ”. വളകള്‍, മാലകള്‍, കമ്മലുകള്‍. “ഈ രണ്ടു ഷേഡിനും ഇടയിലുള്ള പച്ച തന്നെ വേണം” രണ്ടു കൈകളിലും പച്ച കുപ്പിവളകള്‍ ഉയര്‍ത്തി കാണിച്ച് ഒരു കൌമാരക്കാരി. അവളുടെ കണ്ണുകളിലുണ്ട്, ശബ്ദത്തിലുണ്ട്, ഇടിയാത്ത ചുമലുകളിലുണ്ട്, തനിക്കെന്താണ് വേണ്ടതെന്ന ബോധം, അത് നേടുമെന്ന ഉറപ്പ്. സുധ കടയില്‍ നിന്നിറങ്ങി നടന്നു. മോളൂന്റെ ചുമ മാറിയിട്ടുണ്ടാവുമോ? ഈ വീക്കെന്‍ഡ് ഒന്ന് വന്നു പോകാന്‍ പറയണം. മോളൂന് മനസ്സിലാവില്ല ഈ തെരുവിന്റെ ലഹരി. തിക്കും തിരക്കും ബഹളവുമാണ് അവളിവിടെ കാണാറ്. തങ്ങള്‍ തമ്മിലുള്ള അന്തരം തുടങ്ങുന്നത് അവിടെ നിന്നാണോ? നുഴഞ്ഞ് പോകുന്ന ഓട്ടോയുടെ പിറകില്‍ കിച്ചു & മിച്ചു. അയാളുടെ കുട്ടികളായിരിക്കും. സുധക്ക് പെട്ടെന്ന് ജയയെ കാണണമെന്ന് തോന്നി. ഒരിക്കല്‍ കൂടി പാലൊലിപ്പിച്ചിരിക്കുന്ന അവളെ വാരിയെടുത്ത് പിന്‍ കഴുത്തില്‍ അവളുടെ തുപ്പല്‍ തരുന്ന നനഞ്ഞ ചൂടറിയണമെന്നും.

തെരുവിലെ തിരക്ക് കൂടുന്നുണ്ട്. ഈ പി. കെ ബ്രദേര്‍സ് ബുക് സ്റ്റാളില്‍ നിന്നാണ് ചെട്ടന്റെ കൈ പിടിച്ച് എല്ലാ വര്‍ഷവും നോട്ട് ബുക്കുകള്‍ വാങ്ങിയിരുന്നത്. ആദ്യത്തെ ഡിക്ഷണറിയും. അന്ന് ഈ കടക്കുള്ളിലെ ഇരുട്ടിന് പ്രൌഡഭാവമായിരുന്നു. ഇന്നതിന് മുഷിപ്പ് മാത്രം. പഴകിയ ഫോട്ടോയിലെന്ന പോലെ ഈ സ്റ്റോറിന് മേലെയും സെപിയ നിറം ഒരു പാടയായി വന്നു തുടങ്ങിയിരിക്കുന്നു. സുധക്ക് സാരിത്തലപ്പ് കൊണ്ട് ആ പാടയൊന്നു തുടച്ച് മാറ്റാന്‍ തോന്നി.“കോട്ടണ്‍ മാക്സി, ചുരിദാര്‍, കേറി നോക്കീന്‍, കേറി നോക്കിന്‍” അടുപ്പിച്ചുള്ള കൊച്ചുകൊച്ചു തുണിക്കടകളില്‍ നിന്നും മല്‍സരിച്ചുള്ള വിളികള്‍. മുഖം കൊടുക്കാതെ നടന്നുപോകണം. “മന്‍മദ രാസാ, മന്‍മദ രാസാ” തിരക്കിനിടയില്‍ നിന്നൊരു പരുക്കന്‍ ശബ്ദം. പാത്തുവാണ്. ഒരു നിമിഷം സ്തംഭിച്ചു നിന്ന ആള്‍ക്കുട്ടത്തിനിടയിലൂടെ പാത്തുവിന്റെ സീക്വിന്‍സ് പിടിപ്പിച്ച മജന്താ പാവാട ഉയര്‍ന്ന് താഴുന്നത് കണ്ടു. ഈ തെരുവിന്റെ പതിവ് കാഴ്ചയാണ് പാത്തുവും, പാത്തുവിന്റെ പാവാടയും. ചെറുതായി വെട്ടിയിട്ട മുടി, മുഷിഞ്ഞ ബ്ലൌസ്, തിളങ്ങുന്ന പാവാട. എന്നും ഒരേ വേഷമാണ് പാത്തുവിന്, എന്നും പുതിയ ചുവടുകളും. ഉയര്‍ന്ന് താഴുന്ന മജന്താ പാവാടയുടെ ചുറ്റുമായി തോളില്‍ കൈയിട്ട് പരസ്പരം ചാരിനില്‍ക്കുന്ന ചെക്കന്മാരുടെ മുഖത്തെ ചിരി- സുധ നടന്നു നീങ്ങി.

ബാറ്റ കണ്ടപ്പോഴാണ് ഉണ്ണിയേട്ടന്റെ ബ്രൌണ്‍ സോക്സില്‍ തുള വീണതോര്‍മ്മ വന്നത്. “മെന്‍സ് സോക്സ്, ബ്രൌണ്‍”. കവറും പിടിച്ചിറങ്ങുമ്പോള്‍ അവളോര്‍ത്തു പുതിയ സോക്സ്, എണ്ണയില്ലാതെ ചുട്ടെടുത്ത ചപ്പാത്തി, ഒരു മുഴം മുല്ല- ഇതാണോ താന്‍? പാറികളിക്കുന്ന മുടിയിഴയെ ഒതുക്കുന്ന വേഗതയില്‍ ആ ചിന്തയെ ഒതുക്കി വെച്ച് എതിര്‍വശത്തുള്ള കാപ്പികടയില്‍ നിന്നും വരുന്ന മണം ആവോളം വലിച്ചെടുത്ത് സുധ നടന്നു. എന്നും പുതിയ ചുവടുകളുമായി പൊട്ടിമുളക്കുന്ന പാത്തുവില്ലാതെ ആ തെരുവ് പൂര്‍ണ്ണമാവുകയില്ലെന്ന് തോന്നി സുധക്ക്. പാത്തുവിന് തന്റേതായ നൃത്തം ചെയ്യാന്‍ ആ തെരുവ് വേണ്ടെന്നും. കൊടുംകാട്ടിലും, കടലിലും മരുഭൂമിയിലുമൊക്കെ ഭ്രാന്തമായ ചുവടുകള്‍ക്കൊത്ത് പാവാട വീശി നൃത്തം ചെയ്യുന്ന പാത്തുവിനെ സുധ കണ്ടു.

ഇനിയങ്ങോട്ട് തിരക്ക് കുറയും. റ്റോപ് ഫോം ഹോട്ടലിലെ പൊറോട്ടയടി ബഹളം കൂടികഴിഞ്ഞാല്‍ പിന്നെ അനക്കമില്ലാതെ കിടക്കുന്ന തെരുവ് കെ. ശങ്കരന്‍ ബേക്കറിയില്‍ നിരത്തിവെച്ച ഹല്‍വകള്‍ക്ക് മുന്‍പില്‍ പ്രത്യേകിച്ചൊരു ഭാവമാറ്റവുമില്ലാതെ രണ്ടു വഴിക്ക് പിരിഞ്ഞു പോകും. മധുരമേയല്ലയിതിന്! സുധയ്ക്ക് കൈ നീട്ടി ആരെയെങ്കിലും സ്പര്‍ശിക്കണമെന്ന് തോന്നി- ഇപ്പോള്‍, ഈ തെരുവില്‍ തങ്ങള്‍ പങ്കിട്ടതിനെ തൊട്ടറിയാനായി.

Thursday, June 14, 2007

Deja vu

ഇന്ന് വൈകുന്നേരം ആടിപ്പാടിനിന്ന ഇലകളില്‍ തട്ടി വെയില്‍ മറിഞ്ഞ് വീണത് കണ്ട് ദൂരേന്നൊരു വിന്‍ഡ് ചൈം പൊട്ടിചിരിച്ചു. ഒന്നുമറിയാതെ നീയുറങ്ങി. ഇലകളുടെ തിളക്കം കോരിയെടുത്ത്, പൈന്മരങ്ങളുടെ മണം പിഴിഞ്ഞെടുത്ത്, വിന്‍ഡ് ചൈമിന്റെ ചിരി പറിച്ചെടുത്ത് ഞാന്‍ ഫോണ്‍ ബുക്കിനുള്ളില്‍ ഉണങ്ങാന്‍ വെക്കാം, നാളെ നീയും ഞാനും ഇന്നത്തെ ആകാശം നോക്കി കിടക്കുമ്പോള്‍ നാവിലിട്ട് അലിയിക്കാന്‍. നീല മനസ്സിലടങ്ങുന്നത് വരെ, കണ്ണുകളടങ്ങുന്നത് വരെ. പിന്നെ, തല ചെരിച്ച് കാലു വീശി നീയൊരു ചവിട്ട്. അത് കണ്ട് ഞാനും. നമ്മെ നോക്കി നിന്ന മരങ്ങള്‍ കുലുങ്ങിചിരിച്ചൊരു ചിത്രം പൊഴിക്കും. നോക്ക് മമ്മാ, ഇതില്‍ നമ്മളാ നീ അതിശയിക്കും. ചിത്രത്തില്‍ ആടിപ്പാടുന്ന ഇലകളില്‍ തട്ടി വെയില്‍ വീഴുന്നത് കണ്ട് ദൂരേന്നൊരു വിന്‍ഡ് ചൈം പൊട്ടിചിരിച്ചോടി വരുന്നതും നോക്കി ആകാശത്തിന് കീഴെ നമ്മള്‍. എനിക്കും അതിശയം തോന്നും.

Sunday, May 13, 2007

എഴുതാന്‍ കൊതിച്ച കവിത

നൂല്‍ പാലത്തിലൂടെ നടന്ന് തുടങ്ങിയപ്പോള്‍ എഴുതാന്‍ കൊതിച്ച കവിത അപ്പുറത്ത് നിന്ന് ചിരിച്ചുകാണിക്കുന്നുണ്ടായിരുന്നു. മുറുകെ പിടിച്ചതെല്ലാം വലിച്ചെറിഞ്ഞ് ഇറച്ചികഷ്ണമായി പിടയുമ്പോള്‍ എഴുതിതുടങ്ങിയെന്നാണ് കരുതിയിരുന്നത്.
എഴുതാന്‍ കൊതിച്ച കവിതയില്‍ രണ്ടക്ഷരമേയുള്ളൂ.
ചുണ്ടുകള്‍ വട്ടത്തിലാക്കി പതിയെ തൊടുകയേ വേണ്ടൂ. ശബ്ദമായി.
അര്‍ത്ഥം ഉച്ചരിക്കാനാണ് എനിക്കാവാത്തത്.