Wednesday, January 11, 2006

മായുന്ന മൈലാഞ്ചിയും മായാത്ത ഓർമ്മകളും

രണ്ടു ദിവസം കഴിഞ്ഞാൽ‍ ഇതും മാഞ്ഞുപോകും, അതു വരെ കണ്ണുകളെ ഇടക്കിടക്ക് ഈ ചുവപ്പ് പിടിച്ച് നിർത്തും. നൊടിയിടയിൽ‍, നേർത്ത തുണിയിലൂടെ മൈലാഞ്ചി അരിച്ച് നീരെടുക്കുന്ന ഉമ്മാന്റെ അടുത്ത് ഒരു പലക വലിച്ചിട്ടിരുന്ന് രണ്ടു കൈയും നീട്ടികാണിക്കാം. കൂർപ്പിച്ച ഈർക്കിൽ‍ കൊണ്ട് ഉമ്മ കൈനിറയെ കുഞ്ഞിപ്പൂക്കളും വള്ളികളും വരക്കുമ്പോൾ അടക്കിപിടിക്കുന്ന ഇക്കിളിയും, സന്തോഷവും പിറ്റേന്ന് രാവിലെ ചുവപ്പായി വിരിഞ്ഞിരിക്കും.‘എന്റേതോ നിന്റേതോ നല്ല ചോപ്പെന്ന്’ കൂട്ടുകാരികളുടെ കൈകളുമായി ചേർത്തുപിടിച്ച് നോക്കി… തരം കിട്ടിയാൽ ഇന്നലെകളെ നോക്കിയിരിക്കുന്ന മനസ്സിനെ പിടിച്ച് വലിച്ച് നാളെക്കുള്ള ഒരുക്കങ്ങളിലേക്ക് കൊണ്ടുവരാൻ പ്രയാസാ, ഈ ചുവപ്പ് മായുന്നത് വരെ.

ഞാൻ കാണാതെ കാണുന്ന, കേൾക്കാതെ കേൾക്കുന്ന ബ്ലോഗ് സഹോദരീസഹോദരന്മാർക്ക് ഞങ്ങളുടെ പെരുന്നാൾ ആശംസകൾ.

7 comments:

വര്‍ണ്ണമേഘങ്ങള്‍ said...

:)

Anonymous said...

പെരുന്നാള്‍ ആശംസകള്‍ രേശ്മ. മൈലാഞ്ജിയിട്ട പടം എന്തിയേ?

Adithyan said...

I am a fan of ur writing style...

"...അടക്കിപിടിക്കുന്ന ഇക്കിളിയും, സന്തോഷവും പിറ്റേന്ന് രാവിലെ ചുവപ്പായി വിരിഞ്ഞിരിക്കും.‘എന്റേതോ നിന്റേതോ നല്ല ചോപ്പെന്ന്’ കൂട്ടുകാരികളുടെ കൈകളുമായി ചേർത്തുപിടിച്ച് നോക്കി..."

too good...
give us more, plz...

Anonymous said...

കൂര്‍പ്പിച്ച ഈര്‍ക്കിലിയുടെ ഇക്കിളിയും എന്റെ ചോപ്പോ നിന്റെ ചോപ്പോ നല്ല ചോപ്പെന്ന ചൊദ്യത്തിലെ കുറുമ്പും മാത്രമായിരുന്നില്ല. മെഴുകുതിരി കത്തിച്ച്‌ കൈകളില്‍ ഉറ്റിച്ച്‌ പൂക്കള്‍ വിരിയിക്കുമ്പോള്‍ വെദന കടിച്ചു പിടിച്ചിരുന്നത്‌ നാളെ കൂട്ടുകാരികളുടെ കൈചേര്‍ത്തു വെച്ച്‌ നോക്കുമ്പോ അവരുടെ കണ്ണിലെ തിളക്കത്തിനു വേണ്ടിയായിരുന്നു.

myexperimentsandme said...

പെരുന്നാളു കഴിഞ്ഞെങ്കിലും പെരുന്നാളാശംസകൾ, രേഷ്മേ. ബിരിയാണിയൊക്കെ ഇഷ്ടം പോലെ അടിച്ചുകാണുമല്ലോ. മൈലാഞ്ചിനുറുങ്ങ് പെരുത്തിഷ്ടപ്പെട്ടു.. ഞാനൊന്ന് ദീർഘശ്വാസിക്കട്ടേ..

‘ഹെങ്ങിനെയിങ്ങിനെയൊക്കെയെഴുതാങ്കഴിയുന്നെന്റിഷ്ടേ....”

സ്വാര്‍ത്ഥന്‍ said...

കൂടുതല്‍ ചോപ്പുള്ള മൈലാഞ്ചി!

ബേപ്പൂരിലെ കളിക്കൂട്ടുകാരികള്‍ എന്റെ കൈകളും പൂക്കളേയും പാപ്പാത്തികളേയും കൊണ്ട്‌ നിറയ്ക്കുമായിരുന്നു! വിരല്‍ത്തിമ്പുകളില്‍ അവരവരുടെ മൈലാഞ്ചിയും താഴെ 'ഇനീഷ്യലും', അടുത്ത ദിവസം ഒത്ത്‌ നോക്കാന്‍, കൂടുതല്‍ ചോപ്പ്‌ ആരുടേതാണെന്ന്!

reshma said...

നന്ദി കൂട്ടരെ. പെരുന്നാൾ ആശംസകൾ വൈകിയില്ല, ഈദ്ന് നാല് ദിവസം കൂട്ടുകാരെ സന്ദർ‍ശിക്കുന്നതായിരുന്നു പ്രവാചകചര്യ.
ആദിത്യാ, ഡോണ്ട് ഡൂ, ഡോണ്ട് ഡൂ.ഇങ്ങനെ നിർലോഭം വളമിട്ടാൽ ഞാൻ ചീയും.
തുളസി- കൈ പൊള്ളിച്ചുള്ള തിളക്കം നമ്മക്ക് വേണ്ടാ!
സ്വാര്‍ത്ഥ-ചോപ്പ് കൊള്ളാലോ:)