Tuesday, February 21, 2006

നോ തലേക്കെട്ട്

പറഞ്ഞുപഴകിയ പ്രയോഗങ്ങൾ നിരത്തി വെച്ച ഒരു കഥ പോലെ പുതുതായി ഒന്നും നൽ‍കാതെ കടന്നു പോകുന്ന ദിവസങ്ങളെ കുപ്പിക്കഷ്ണം പോലെ കൂർത്ത രണ്ടുവരി കവിതയായി കാച്ചിക്കുറുക്കിയെടുക്കണമെന്ന മോഹത്തിന്റെ ഫലമായി ഈ കരിഞ്ഞ പാത്രം.

Tuesday, February 14, 2006

അപ്പം


ബുക്കും വായിച്ചിട്ടപ്പം ചുട്ടപ്പം
ബുക്കാണെൻകിൽ തീർന്നും പോയി
അപ്പാണെൻകിൽ കരിഞ്ഞും പോയി
ഇനിയിപ്പോ തിന്നാൻ വരുന്നവന് എന്ത് കൊടുക്കും?

Monday, February 06, 2006

ഓർമ്മകൾ പലതരം

ചിലത് പതിവായി തുടച്ച് സൂക്ഷിച്ച് വെക്കുന്ന വെള്ളിപാത്രങ്ങളെ പോലെ. വിരസമായ പകലിന്റെ അന്ത്യത്തിലോ മറ്റോ നിങ്ങളവയെ പുറത്തെടുത്ത് ഭംഗിനോക്കിയിരിക്കും. അടുത്തുള്ളവർക്കും വിളമ്പാം, ആദ്യമായിട്ടെന്ന പോലെ…”പണ്ട് സ്കൂൾ പൂട്ടിയാൽ…ഓള് ഭയൻകര പോക്കിരിയായിരുന്നു…’ തിരിച്ചും മറിച്ചും നോക്കി രസിച്ചതിനു ശേഷം തിരികെ വെക്കാം, വിരസമായ മറ്റൊരു ദിവസത്തിനേക്കായി.

വേറേ ചിലത് വിലപ്പെട്ട സ്വപ്നങ്ങൾ വീണുടഞ്ഞുണ്ടായ മൂർച്ചയേറിയ കുപ്പിച്ചില്ലുകളായി വഴിയിൽ ചിതറികിടപ്പാണ്. ചവിട്ടിപ്പോയാൽ…മുറിവ് കഴുകി ഡെറ്റോൾ‍ തേച്ച് കെട്ടുമ്പോൾ വേദന അസഹ്യമാകുമെൻകിലും നിങ്ങൾക്കറിയാം, ഇതും ഉണങ്ങുമെന്ന്. ആദ്യമായിട്ടല്ലല്ലോ.

ഇനിയും ചിലതുണ്ട്, ബോധമനസ്സിനു തൊട്ടുകീഴെയായി പതിയിരിക്കുന്ന ഒരു കൂട്ടം. നിസ്സാരമായ എന്തെൻകിലും- ഒരു വീട്ടുമുറ്റത്ത് അലക്ഷ്യമായി ഉപേക്ഷിക്കപ്പെട്ട രണ്ടു സൈക്കിളുകൾ‍, ചീഞ്ഞ മഴയത്ത് ഇടക്ക് എത്തിനോക്കി പോകുന്ന വെയിൽ-ഒരു പ്രത്യേകതയും അവകാശപ്പെടാനില്ലാത്ത കാര്യങ്ങൾ ചിലനേരത്ത് ആ ആഴങ്ങളിലേക്കിറങ്ങി ചെന്ന്, മാഞ്ഞു തുടങ്ങിയ ഒരു ചിത്രത്തെ പെട്ടെന്ന് മനസ്സിലേക്കെടുത്തെറിയും. ഒരു കനൽകട്ട ജ്വലിക്കുന്ന വർണ്ണങ്ങളായി ആളിക്കത്തി പിന്നെ അടുത്ത നിമിഷം കെട്ടൊടുങ്ങുന്നത് കണ്ട്, ആരോടും പറയാനാവാതെ , കൈയ്യിൽ ഒരു പിടി ചാരവും പിടിച്ച് നിങ്ങളുടെ മനസ്സിന്റെ കോണിൽ ഒരാൾ പകച്ചു നിൽക്കും.