Wednesday, November 15, 2006

കണ്ണാടിപ്പുരയിലെ പെണ്‍കുട്ടി

കണ്ണാടിപ്പുരയിലെ പെണ്‍കുട്ടി കിണറ്റില്‍ ചാടി മരിച്ചെന്ന് കേട്ടപ്പോള്‍ എനിക്ക് അല്‍ഭുതമാണ് തോന്നിയത്; മുതിര്‍‍ന്നവര്‍ മാത്രം ചെയ്യുന്ന പ്രവൃത്തിയിലൂടെ അവളും വലുതായല്ലോയെന്ന അല്‍ഭുതം.

മറ്റുമ്മ എന്ന് ഞങ്ങള്‍ വിളിക്കുന്ന വല്ല്യുമ്മന്റെ വീട്ടിന്റെ തൊട്ടുപിറകില്‍ തന്നെ ആണ് വലിയ ജനാലകളുള്ള കണ്ണാടിപ്പുര. പൂപ്പലോടിയ പുറംചുമരുകളുള്ള ഓടിട്ട വീട്. വൃത്തിയുള്ള ചെറിയ മുറ്റം. തൊട്ട് തൊട്ടായി ഒരു പോലെ പഴകിയ വീടുകള്‍. അവക്കിടയിലെ അതിരുകള്‍ അറിയിച്ചുകൊണ്ട് ചെമ്പരത്തിവേലികളും. ആ ചെമ്പരത്തിചെടികള്‍ക്കു മുന്‍പില്‍ മറ്റുമ്മാന്റെ വീട്ടിലെ മതിലിന് വല്ലാത്ത ഉയരം തോന്നുമായിരുന്നു. അപ്പുറവും ഇപ്പുറവുമായി രണ്ടു ലോകങ്ങളായി മുറിക്കാന്‍ പോന്ന ഉയരം.

ഒരേപ്രായമായിട്ടും ഞാനവളെ ഒരിക്കല്‍ മാത്രമാണ് കണ്ടത്. ഒന്നാം നിലയിലെ പൊടിപിടിച്ച ഏതോ ജനലിലൂടെ ഒരു കാഴ്ച. സിമന്റ്പടിയില്‍ ഇരുന്നു വായിക്കുകയായിരുന്നു അവള്‍. നരച്ച കമ്മീസും, കുളിച്ചാന്‍ മുടിയും. എന്നിട്ടും എന്റെ കുട്ടിക്കളികളില്‍ കൂട്ടായി അവളും വന്നിരുന്നു. മരിച്ചെന്നറിഞ്ഞതിന് ശേഷവും. ഈയടുത്ത് മറ്റുമ്മാന്റെ വീട്ടുപറമ്പില്‍‍ ചുറ്റിക്കറങ്ങുന്നതിനിടെ അവളുടെ മുഖം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. അപ്പോളാ ഓടിയത് എനിക്കവളുടെ പേര് പോലും അറിയില്ലായിരുന്നെന്ന്.

Thursday, November 09, 2006

നീല സോഫ

നീണ്ട മഞ്ഞുകാലമുള്ള ആ നഗരത്തെ കുറിച്ചുളള അവരുടെ ഓര്‍മകളില്‍ തെളിഞ്ഞു നിന്നിരുന്നത് ആ നീല സോഫയായിരുന്നു. അവരുടെ യൂനിവേഴ്സിറ്റി വര്‍‍ഷം തോറും നടത്തി വന്നിരുന്ന സേലില്‍ നിന്നും തുച്ഛമായ വിലയ്ക്ക് വാങ്ങിയതായിരുന്നു അത്. നിറച്ചും മങ്ങിയ
കറകളുമായി, അങ്ങിങ്ങായി പരുത്തി കവര്‍ കീറിയുമാണ് അതവരുടെ അടുത്തെത്തിയത്. ഓരോ കറയും ഒരു കഥയെ അടക്കിപ്പിടിച്ചിരിക്കുന്നുണ്ടെന്ന് അറിഞ്ഞ് അവര്‍ ഒരു വാരാന്ത്യത്തില്‍ സ്റ്റെയിന്‍ റിമൂവര്‍ ഉപയോഗിച്ച് കഥകളെ മായ്ച്ചുകളയാന്‍ ശ്രമിച്ചിരുന്നു. പകരമായി തെളിച്ചമുള്ള പുതിയ കറകള്‍ നല്‍കികൊണ്ടിരുന്നു. എന്തെങ്കിലും വെച്ചുണ്ടാക്കുന്ന ദിവസങ്ങളില്‍ ആ കൊച്ചു അപാര്‍ട്ട്മെന്റില്‍ കറങ്ങിനടന്നിരുന്ന മസാല മണം സോഫ വന്നതിന് ശേഷം അതില്‍ അള്ളിപ്പിടിച്ചിരുന്നു, ഇനി പിരിയാനാവില്ലെന്ന പോലെ. വൈകുന്നേരങ്ങളില്‍ വെയില്‍ വന്ന് വീണ് തല ഭാഗം നരച്ചു തുടങ്ങിയപ്പോള്‍ അതിന് ജ്ഞാനിയുടെ പരിവേഷവും വന്നു ചേര്‍ന്നു. മുഷിഞ്ഞ, നരച്ച ഒരു പഴഞ്ചന്‍ സോഫയായിരുന്നു അത്.

എടുത്തു മാറ്റാവുന്ന സീറ്റ് കുഷ്യനുകള്‍ക്കുള്ളില്‍ അത് അവരുടെ ചരിത്രത്തെ ശേഖരിച്ചു കൊണ്ടിരുന്നു: ചതഞ്ഞമര്‍ന്ന ഒരു പോപ്കോണ്‍, പഴയ പേന, ഹെയര്‍ പിന്‍, ഫ്രീ പിറ്റ്സാ കൂപ്പണ്‍. തണുപ്പുള്ള സന്ധ്യകളില്‍ അവന്‍ അതിന്മേല്‍ ചുരുണ്ട് കൂടി കിടന്ന് അന്ന് PBSകാണിച്ച വിദൂരരാജ്യങ്ങളിലേക്ക് പറന്നുപോകുമായിരുന്നു. അപ്പോഴെല്ലാം കുഷ്യന്റെ ഇടുക്കുകളില്‍ നിന്നും ഇളം ചൂട് വന്ന് തന്നെ പുണരുന്നതായി അവന് അനുഭവപ്പെട്ടു. വെറും തോന്നലായിരിക്കും എന്ന് പറഞ്ഞ് അവളത് തള്ളിക്കളഞ്ഞു. എത്ര വന്നാലും അത് ഒരു സോഫ മാത്രല്ലേ. അതില്‍ ഇരുന്ന് ഇടക്ക് തുണിയുടെ പരുപരുപ്പിലൂടെ വിരലോടിച്ച് എഴുതുന്നതെല്ലാം പ്രഫസറ്ക്കിഷ്ടമാകുമെന്ന് അവള്‍ വിശ്വസിച്ചു. അന്ധവിശ്വാസം മാത്രമെന്ന് അവന്‍. എത്ര വന്നാലും അത് ഒരു സോഫ മാത്രല്ലേ. അതും കറകള്‍ നിറഞ്ഞ, നരച്ച, അസുഖകരമായ മസാല മണം തങ്ങി നില്‍ക്കുന്ന ഒരു പഴഞ്ചന്‍ സോഫയും.

അതിഥികള്‍ വരുന്നെന്നറിയുമ്പോള്‍ അവര്‍‍ ഡോളര്‍ സ്റ്റോറില്‍ നിന്നും വാങ്ങിയ റൂം സ്പ്രേ എടുത്ത് സോഫയിലാകമാനം അടിക്കുമായിരുന്നു. ചീഞ്ഞുതുടങ്ങിയ പഴത്തിന്റേയും, പുളിച്ച പാലിന്റേയും ഗന്ധം സോഫയിലിരുന്ന് അതിഥികളില്‍ ചിലര്‍ മണത്തെടുത്തു. ആ സോഫയെ കുറിച്ചുള്ള കഥകള്‍- രാത്രിയില്‍ കാറിന്റെ മേലെ കെട്ടി വെച്ച് അത് കൊണ്ടു വന്നതും, അതിന്മേല്‍ വെച്ച ഒറ്റ കുഷ്യനു സോഫയേക്കാള്‍ വില കൊടുക്കേണ്ടി വന്നതും- പറഞ്ഞ് അവര്‍ സുഹൃത്തുക്കളെ രസിപ്പിച്ചു. അതിലെ കറകളെ മായ്ച്ചുകളയാനും, കീറലുകള്‍ തുന്നി കൂട്ടാനുമുള്ള അവരുടെ ശ്രമങ്ങളെ കുറിച്ച് കൂട്ടുകാര്‍ ഒരിക്കലും അറിഞ്ഞിരുന്നില്ല. മുഷിഞ്ഞ്, നരച്ച്, അസഹ്യമായ ഗന്ധം തങ്ങി നിന്നിരുന്ന ഒരു പഴഞ്ചന്‍ സോഫയായിരുന്നു അത്. അത്ര നല്ല സോഫ പിന്നെയവര്‍ക്ക് കിട്ടിയുമില്ല.

Thursday, November 02, 2006

ബ്ലോക്ക് നീക്കല്‍

വീട്ടില്‍ നിന്നിറങ്ങുമ്പോഴെല്ലാം ചുരുട്ടി പിടിച്ച ഒരു മുഷ്ടിയാവാന്‍ ശീലിച്ച ശരീരത്തിന് മണലിന്റെ ചൂടറിഞ്ഞ് തെളിഞ്ഞ ആകാശം നോക്കി നീണ്ടു നിവര്‍ന്നു കിടക്കുന്നതാവണം സ്വാതന്ത്ര്യം; ആ അറിവിലേക്ക് കുറ്റബോധം കലരാതെ സൂക്ഷിക്കുന്നത് മനസ്സിന്റേയും.

അനുഭവിച്ചിട്ടില്ലാത്ത അറിവുകള്‍ക്കായുള്ള നൊമ്പരത്തെ എന്ത് വിളിക്കണം?