Sunday, April 12, 2009

ഈന്തുമ്പിടി

ഈന്തു പൊടിപ്പിച്ചു കിട്ടിയാല്‍ പിന്നെ ബീഡി വലിച്ചിരിക്കുന്ന മമ്മുക്കാനെ ഓടിച്ചും, ഫോണ്‍ വിളിച്ചും തറവാട്ടിലെ പെണ്ണുങ്ങളെയെല്ലാം വിളിച്ചു വരുത്തുന്നത് വരെ വെപ്രാളമാണ് ആയിസുമ്മാക്ക്. ചൂടുവെള്ളത്തില്‍ മയത്തില്‍ കുഴച്ചെടുത്ത ഈന്ത്മാവ് നടുവിലൊരു തളികയില്‍ വെച്ച് അഞ്ചാറു മുറം അതിനു ചുറ്റുമായി നിരത്തിയിട്ടാല്‍ പെണ്ണുങ്ങളെല്ലാം ഈന്തുമ്പിടി ഉരുട്ടിയിടാന്‍ ഹാജരുണ്ടാവും. നാരങ്ങാ വലുപ്പത്തില്‍ ഈന്ത്മാവ് ഇടത്തേകൈയ്യില്‍ വച്ച്, അതില്‍ നിന്ന് കുറച്ച് നുള്ളിയെടുത്ത് ഉള്ളം കൈയ്യില്‍ വച്ചൊന്ന് ഉരുട്ടി, വലത്തേ കൈവിരലുകള്‍ കൊണ്ട് പതുക്കെയൊന്ന് അമര്‍ത്തി രൂപപ്പെടുത്തി മുറത്തിലേക്ക് അടര്‍ത്തിയിടണം. നുള്ളിയും ഉരുട്ടിയും താളത്തില്‍ നീങ്ങുന്ന കൈകളില്‍ നിന്ന് പിടികള്‍ ഇങ്ങനെ ഉതിര്‍ന്നുകൊണ്ടേയിരിക്കും. എല്ലാം കൂട്ടിയെടുത്ത് ആവിയില്‍ പുഴുങ്ങി തേങ്ങവറുത്തരച്ച കറിയില്‍ ഇട്ട് വറ്റിച്ചെടുക്കുന്ന പൊല്ലാപ്പ് വേറെ. കാല് വേദന വന്നതിനു ശേഷം ആയിസുമ്മ ഈന്തുമ്പിടി ഉണ്ടാക്കാന്‍ ഒരുങ്ങാറില്ല. അതോ ഇനി ഈന്തുമ്പിടിപ്പണി നിര്‍ത്തിയതിനു ശേഷമാണോ ആയിസുമ്മാക്ക് കാല് വേദന വന്നത്?
*
ഉമ്മാക്ക് കൈവേദനയാണെന്ന്. ദേഹമനങ്ങുമ്പോള്‍ വലത്തേ തോളില്‍ നിന്നും കുത്തിക്കീറി വരുന്ന വേദന. മരുന്നുകെട്ടലും ചൂടുപിടിക്കലും മുറക്ക് നടക്കുന്നു, വേദനക്കൊരു കുറവുമില്ല. ഇതിനു മുന്‍പ് വിട്ടുമാറാത്ത കഴുത്ത് വേദനയായിരുന്നു. കുറച്ച് കാലമായിട്ട് ഉമ്മ തന്നിലേക്ക് തന്നെ എത്രെയോ യുഗങ്ങള്‍ ഉള്‍വലിഞ്ഞ് ഏതോ ഇരുട്ടറയില്‍ വേദനകളും മരുന്നുകളും പരാതികളും മാത്രമായി ഒരു ലോകം തീര്‍ക്കുകയാണ്. അരഞ്ഞാണത്തില്‍ കൊളുത്തിയിട്ടിരുന്ന താക്കോല്‍ കൂട്ടങ്ങളുടെ കിലുക്കത്തില്‍ തറവാടിനെ നിശബ്ധമാക്കാന്‍ കഴിഞ്ഞിരുന്ന ഉമ്മയുടെ ഈ വെളിപ്പെടുത്തല്‍ ഞാനേത് അറയിലാണ് പൂട്ടിവെക്കേണ്ടത്?
*
ഞങ്ങള്‍ പുതിയ വീട്ടിലേക്ക് മാറി താമസിക്കുന്നത് വരെ വല്ല്യുമ്മാക്ക് കൂട്ടു കിടന്നിരുന്നത് ഞാനായിരുന്നു. വെള്ള വിരിച്ച കട്ടിലിന്റെ മതിലിനോട് അടുപ്പിച്ചിട്ട ഭാഗം എനിക്കും, മക്കത്തു നിന്നുള്ള തസ്ബീഹും റ്റോര്‍ച്ചും തലയണക്കീഴില്‍ വെച്ച ഭാഗം വല്ല്യുമ്മാക്കും. സിനിമകളിലും പുസ്തകങ്ങളിലും കാണുന്നത് പോലെ പഴംകഥകളും, മടിയില്‍ തലചായ്ക്കലും, തലയില്‍ വിരലോടിക്കലും ഒന്നും ഞങ്ങള്‍ക്കിടയില്‍ ഇല്ലായിരുന്നു. എങ്ങെനെയെന്നോര്‍മ്മയില്ല, തവിട്ടു ചട്ടയുള്ള ഒരു ഡയറി എപ്പോഴോ ഞങ്ങള്‍ക്കിടയില്‍ സ്ഥാനം പിടിച്ചു. ഡയറിയുടെ താളുകളില്‍ ഇംഗ്ലീഷ് അക്ഷരമാല നിറയാന്‍ തുടങ്ങി-മുകളിലെ വരികളില്‍ ഞാന്‍ എഴുതിയത്, താഴെ വല്ല്യുമ്മ പകര്‍ത്തിവെച്ചതും. അക്ഷരമാലയും കുട്ടിക്കവിതകളും കടന്ന് പത്രത്തിലെ വാര്‍ത്തകള്‍ ഡയറിയില്‍ നിറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ചോദിച്ചു,
വല്ല്യുമ്മ പഠിച്ചിട്ടില്ലേ?
ഉം. രണ്ടാം ക്ലാസ്സ് വരെ.
പിന്നെ?
പിന്നെ സ്കൂളില്‍ പോയാല്‍ ഇംഗ്ലീഷ് ശൈത്താന്‍ പിടിച്ചോണ്ടു പോവുംന്ന് ഉമ്മ പറഞ്ഞു.
a host of golden daffodils
a host of golden daffodils
പത്രത്തില്‍ നിന്നും എന്റെ പാഠപുസ്തകങ്ങളില്‍ നിന്നും പകര്‍ത്തിയെടുത്ത അക്ഷരക്കൂട്ടങ്ങള്‍ നിറഞ്ഞ ആ ഡയറി കണ്ടിട്ടില്ലായിരുന്നെങ്കില്‍ ഞാനപ്പോള്‍ പൊട്ടിച്ചിരിക്കുമായിരുന്നു.
*
ഞാനൊരു ഉമ്മാമ്മയാവാന്‍ പോകുന്നു എന്നറിഞ്ഞ നിമിഷം-ജീവിതത്തിന്റെ മുഴുവന്‍ സൌന്ദര്യവും ആ നിമിഷത്തില്‍ അലയടിക്കുന്നത് പോലെയായിരുന്നു, ഭൂമിയിലെ പൂക്കളോരോന്നും ശ്രുതിമധുരമായി പാടുന്നത് പോലെ, എന്റെ മനസ്സിലെ ഏതൊക്കെയോ ശൂന്യതകള്‍ പൂരിപ്പിക്കപ്പെട്ടത് പോലെ. ഫര്‍സാന വന്ന് ഹോം റ്റെസ്റ്റ് റിസല്‍റ്റ് പറയുമ്പോള്‍ വെയിലിന്റെ ഒരു നേര്‍ത്ത പാളി അവളുടെ മൂക്കിന്‍ തുമ്പത്ത് ഉമ്മ വെക്കുന്നുണ്ടായിരുന്നു. എന്റെ കുഞ്ഞ്, അവളുടെ കുഞ്ഞ്- കുഞ്ഞുടുപ്പുകളില്‍ അഞ്ചിതള്‍ പൂക്കള്‍ തുന്നിപ്പിടിപ്പിക്കാന്‍, പച്ചമാങ്ങ ഉപ്പിലിട്ട് വെക്കാന്‍, നല്ലൊരു ഈറ്റുകാരത്തിയെ ഏര്‍പ്പാടാക്കാന്‍, തൊട്ടില്‍ത്തുണികള്‍-പെട്ടെന്ന് ഒരായിരം കൈകള്‍ മുളച്ചത് പോലെയിരുന്നു എനിക്ക്. ശപിക്കപ്പെട്ട ആ രാത്രി കഴിഞ്ഞ് തളര്‍ന്നു കിടന്നുറങ്ങുന്ന ഫര്‍സാനയെ കണ്ടപ്പോള്‍ അവളെ ആശ്വസിപ്പിക്കുന്ന വാക്കുകള്‍ ഒന്ന് പോലും എന്റെ മനസ്സിലില്ലായിരുന്നു.സാന്ത്വനത്തിന്റെ ഓരോ വാക്കും ആ നഷ്ടം അവളുടേത് മാത്രമാക്കി തീര്‍ക്കുകയല്ലേയുള്ളൂ? വാക്കില്ലാത്ത അനേകം രഹസ്യങ്ങളില്‍ ഒന്നായി ആ നഷ്ടവും ഞങ്ങള്‍ക്കിടയില്‍ ശേഷിച്ചു.
*
വല്ല്യകാക്കന്റെ രണ്ടാം ബീടരായി കേറി വരുമ്പോ ആയിസൂന് പത്തോ പന്ത്രണ്ടോ. രണ്ട് മൂന്ന് കൊല്ലം കൊണ്ട് ജെമീലാനെ പെറ്റ്. അങ്ങനെ ആയിസു ആയിസുമ്മയായി. പിന്നങ്ങോട്ട് നെല്ലിക്കാവണ്ടി മറിഞ്ഞു വീണത് പോലെ പന്ത്രണ്ടെണ്ണം. എളേതിനെ പെറ്റെണീച്ച് വരുമ്പ്ലേക്കും രണ്ടാമത്തോളെ പിയ്യാപ്ലാ തക്കാരം. അന്ന് പരീക്ഷക്ക് പടിക്കൈന്നും ലൈല. അടുക്കളേല്‍ അമ്പാടും പണിയുണ്ടായിറ്റും ഓള് വരാന്‍ കൂട്ടാക്കീല, കിത്താബിന്റെ മുന്നിലിരുന്നിരുന്ന് അനക്ക് വേരൊറച്ച് പോയോ പഹച്ചീന്ന് ആയിസു ഓളോട് തൊള്ളയിടുന്നതും കേട്ടാ വല്ല്യകാക്ക കേറിവന്നത്. ഓള് കുട്ടിയല്ലേ ആയിസൂ, ഓള് പടിച്ചോട്ടേന്നും പറിഞ്ഞ് മേത്തലെ മുറീല്‍ക്ക് കേറിപ്പോയതാ ന്റെ ഇക്കാക്ക. മയ്യത്തെടുക്കം വരെ ആയിസു ഒറ്റക്കെടപ്പൈനും. പിന്നെന്താ, ലൈലാക്ക് ഓരോ പിയ്യാപ്ലനേം പറഞ്ഞു വരുന്നോരൊക്കെ ഓളെ പടിപ്പ് കഴിയട്ടേന്നും പറഞ്ഞ് ആയിസു മടക്കാന്‍ തുടങ്ങി. ഓളെ ദൂരെങ്ങാനുള്ള കോളേജില് അയ്ക്കാന്‍ പോണത് കേട്ടപ്പോ കുടുമ്മത്തെ കാരണോന്മാര്‍ക്ക് ഹാലിളകി. ഈ കുടുമ്മത്തിലെ പെണ്ണുങ്ങള് അഴിഞ്ഞാടൂലാന്ന് ഓര്. ആയിസു ഒറ്റ പറച്ചില്‍, ഓളെ ഉപ്പ മരിക്കാന്നേരം ഒസ്യത്ത് പറഞ്ഞതാ ഓളെ പടിപ്പിക്കണന്ന്. വല്ല്യക്കാക്ക അപ്പറഞ്ഞത് ഞാനും കേട്ടതാന്ന് ഞാനും കൂടി. ആയിസൂന്റെ മാഞ്ഞാലക്കളികള്‍ക്ക് ഒറ്റപ്പൈസ തരൂലാന്നായി അപ്പോ ഓര്. ആയിസു കുലുങ്ങീല. കുട്ട്യോളെ പേരില്‍ എയ്തിവെച്ച മൊതലിന്റെ വാടക മുയ്മനും കയ്യിമ്മെ തന്നെ കിട്ടണംന്ന് പറഞ്ഞ് മമ്മുദൂനെ വെച്ച്, അഞ്ചെട്ട് പൈക്കളെ വാങ്ങീട്ട് പാലും വിക്കാന്‍ തൊടങ്ങി. എന്നിട്ടെന്തായി, അബ്ദാജീന്റെ ബീടരതാ പൈയ്യിനെ കറക്കണേന്ന് കളിയാക്കിയ കൂട്ടരന്നെ മക്കളോരോന്നും പടിച്ച് നെലേം വെലേം ആയപ്പോ പറയാന്‍ തൊടങ്ങീലേ, ഇദ് നമ്മളെ അബ്ദുര്‍ റഹിമാന്‍ ഹാജിയുടെ മക്കളാണെന്ന്.
*
മൈലാഞ്ചിക്കല്ല്യാണത്തിന് ഉമ്മാന്റെ സുറുമ നിറത്തിലുള്ള മാത്താവും തട്ടവുമിട്ട് ഫര്‍സാന ഒരുങ്ങിയപ്പോള്‍ അവളെ എന്റെ ദേഹത്തോട് ചേര്‍ത്ത് പിടിച്ച് എന്റെ ചിറകിന്‍ കീഴില്‍ ഒളിപ്പിക്കാനാണ് തോന്നിയത്. അവളെ അരികിലിരുത്തി കൈയില്‍ മൈലാഞ്ചിയിട്ടു കൊണ്ട് ഉമ്മ. എന്റെ ഉമ്മയും, എന്റെ മോളും.

ഫിറോസും കുടുംബവുമായിരിക്കണം ഇനി മോളെ ലോകം. അന്റെ കൈക്കലാണ് ഇനി നിങ്ങള് രണ്ടാളെം സന്തോഷോം സമാധാനോം.
അത് മാത്രായിരിക്കണം എന്റെ ലോകമെന്ന് പറയല്ലേന്റെ കറവക്കാരത്തി ആയിസൂ.

ഒരു കൊട്ട പൊന്നുണ്ടല്ലോ, മിന്നുണ്ടല്ലോ മേനി നിറയേ
കരയല്ലേ ഖല്‍ബിന്‍ മണിയേ, കല്‍ക്കണ്ട കനിയല്ലേ.

കേക്ക്, ഭര്‍ത്താവിനെ അനുസരിച്ച് നല്ല നെലേല്‍ കുടുമ്മത്തെ നോക്കിനടത്തല്‍ അന്റെ ഉത്തരവാദിത്വമാണ്. അറിയാലോ, ഭര്‍ത്താവിനോട് അനുസരണക്കേട് കാണിക്കുന്നോളെ മലക്കുകള്‍ ശപിച്ചോണ്ടിരിക്കും.

കനകത്തിന്‍ നിറമുള്ള കാതിലണിയാന്‍ കാതിലോല പൊന്നോലാ
കരയല്ലീ ഖല്‍ബിന്‍ മണിയേ, കല്‍ക്കണ്ട കനിയല്ലേ.

കാരണണ്ട്, പെണ്ണുങ്ങളേക്കാള്‍ ഒരു പടി മോളിലാണ് ആണുങ്ങള്‍.
പൊന്നുമ്മാ, നമ്മള്‍ ഈ ലോകത്തിനോടുള്ള ഉത്തരവാദിത്വങ്ങള്‍ മറന്ന് ഒതുങ്ങിക്കൂടിയതു കൊണ്ടല്ലാതെ എന്ത് ശ്രേഷ്ഠതയാണ് ആണുങ്ങള്‍ക്ക് മാത്രമായുള്ളത്?
അന്റെ മാഞ്ഞാലവര്‍ത്താനം നിര്‍ത്ത് കുട്ടീ. പടച്ചോന്റെ പക്കല്‍ നിന്നുള്ള ഫദ്ദലയുണ്ട് ആണുങ്ങള്‍ക്ക്, അതോണ്ട് തന്നെ പെണ്ണുങ്ങളുടെ കൈകാര്യകര്‍ത്താക്കളും ഓരന്നെ.
വാള്‍ത്തലയുടെ മൂര്‍ച്ചയുള്ള ഉമ്മയുടെ വാക്കുകള്‍ തട്ടി എന്റെ മോള്‍ക്ക് എവിടെയാണ് ചോര പൊടിഞ്ഞിരിക്കുക?
*
സാധാരണയിലും അധികം വികൃതികള്‍ ഒപ്പിച്ച് ഫര്‍സാന എന്നെ വലച്ച ഒരു ദിവസം അവസാനമില്ല എന്ന് തോന്നിയ ഒരു വഴക്കിനൊടുവില്‍ മതിലില്‍ തൂക്കിയിട്ടിരുന്ന കലണ്ടര്‍ ചുരുട്ടിപ്പിടിച്ച് ഞാനവളെ പൊതിരെ തല്ലി. കലണ്ടറിന്റെ മുകളിലെ തകിട് തട്ടി അവളുടെ വലത്തേ കവിള്‍ ചെറുതായി മുറിഞ്ഞ് ചോര പൊടിഞ്ഞു. ഈന്തുമ്പിടിയുടെ ആകൃതിയില്‍ ഒരു കൊച്ചു കല അവളുടെ കവിളില്‍ ബാക്കിവെച്ചിട്ട് പിന്നെ ആ മുറിവ് ഉണങ്ങിവീണു.
*
വേദനയുടെ ശക്തി കൂടിയപ്പോള്‍ ഞാന്‍ കട്ടിലില്‍ നിന്നെഴുന്നേറ്റ് നടക്കാന്‍ തുടങ്ങി.ഏതോ ആദിമമായ പ്രേരണയാല്‍ എന്നവണ്ണം എന്റെ അരക്കെട്ട് ഒരു താരാട്ടിന്റെ ഈണത്തില്‍ ആടുകയായിരുന്നു. അടിവയറ്റില്‍ നിന്ന് ഊറ്റത്തോടെ ത്രസിക്കുന്ന വേദന. ഞാന്‍ കുളിമുറിയിലേക്കോടി. റബ്ബേ, വേദനയുടെ കടലില്‍ ഒറ്റക്ക് ഞാന്‍, നിന്റെ കാരുണ്യം. ചോര, പിന്നെ ഇടത് കൈവെള്ളയില്‍ ചോരപുരണ്ട പച്ചക്കരള്‍ പോലെ ഒരു ഈന്തുമ്പിടിയുടെ അത്ര വലുപ്പതില്‍ അത്. ഇനി? ഞാന്‍ ഡ്രെയിനേജ് ഹോളിന്റെ മൂടി കാല് കൊണ്ടു തട്ടിമാറ്റി. ഉള്ളംകൈ അറിയുന്ന ഇളം ചൂടിനെ ഓര്‍മ്മയിലെവിടെയോ അടര്‍ത്തിയിടാന്‍ ഒരു നിമിഷമെടുത്തിട്ട് ഇടത്തേ കൈയ്യില്‍ നിന്ന് അതിനെ ഡ്രെയിനേജ് ഹോളിലിട്ടു, ഒരു ബക്കറ്റ് വെള്ളവും ഒഴിച്ചു. ഇന്ന് നിനക്കൊരു കൂടാവാനേ എനിക്കാവൂ, എന്നില്‍ നിന്നും അടര്‍ന്നു പോയിക്കോ. നിനക്ക് പറന്നുകളിക്കാന്‍ ഒരാകാശം ഒരുക്കാനാവുന്ന നാളിനേക്കായി ഞാനും കാത്തിരിക്കും. പിന്നെ, ഒരു പ്രപഞ്ചത്തിന്റെ ഭാരമത്രയും എന്നില്‍ നിന്ന് എടുത്ത് മാറ്റപ്പെട്ടതിന്റെ ആശ്വാസത്തോടെ ഞാന്‍ കിടക്കയിലേക്ക് വീണു.
*
എന്നാലും പെണ്ണുങ്ങളെക്കാള്‍ വലിയോര് ആണുങ്ങളാ.
കുളൂസ് പറയല്ലേ ഇക്കാക്കാ.
സത്യാടീ. പെണ്ണുങ്ങളെക്കാള്‍ ഒരു പടി മുകളിലാ ആണുങ്ങളെന്ന് ഖുറ്‌ആനിലുണ്ട്.
കള്ളം. പച്ചക്കള്ളം.
നീ വേണെങ്കില്‍ ഉസ്താദിനോട് ചോയ്ച്ചോക്ക്.
ഇക്കാക്കാന്റെ കൈത്തണ്ടയില്‍ ഒറ്റക്കടിയായിരുന്നു ഞാന്‍. പിന്നെ അങ്ങോട്ടുമിങ്ങോട്ടും കുത്തും മാന്തലും. ആ തല്ലിന്റെ അരിശമത്രയും ഒതുക്കിപ്പിടിച്ച് കൊണ്ട് ഒരു കുഞ്ഞ് ഈന്തുമ്പിടിയുടെ ആകൃതിയില്‍ എന്റെ വലത്തേ കവിളില്‍ ഒരു കലയുണ്ട്.


ഫദ്ദല- മുന്‍‌ഗണന, അനുഗ്രഹം.