ഗൂഗിള്‍ ഇമേജ് സേര്‍ച്ചിനോടു പറഞ്ഞു കാറ്റ്, ഇമവെട്ടുന്ന വേഗത്തില്‍ 26,400,000 പടങ്ങള്‍ കൊണ്ടിട്ടു. കാറ്റാടി യന്ത്രങ്ങള്‍ നിരന്നുനിരന്നുനിരന്നു നിന്നാലും കാറ്റാവില്ലല്ലോ?
ഒരു വാക്ക്, ഉദാഹരണത്തിനു നിരാശ, ഞാന്‍ പറയുന്നു, എനിക്ക് നിരാശ തോന്നുന്നു. വെറുതെ, പണ്ടെപ്പോഴോ വായിച്ച വരികളില്‍ നിന്ന് ഇറങ്ങി വന്നൊരു ആന എല്ലാം കുട്ടിച്ചോറാക്കിയ അനുഭവം പോലെ നിരാശ.
നീ കേള്‍ക്കുന്നതല്ല ഞാന്‍ അഴിച്ചുവിട്ട വാക്ക്. അഴിച്ചുവിടുമ്പോള്‍ അതിന് നിന്നെ പോറലേല്പ്പിക്കാനുള്ള കൊക്കും നഖങ്ങളും വളര്‍ന്നിട്ടില്ലായിരുന്നു.
ഞാന്‍ ഒന്നൂടെ പറഞ്ഞു നോക്കട്ടേ, ഒരു തൂവലിനെ ഊതിവിടുന്ന പോലെ? നിരാശ.