Sunday, November 11, 2012

കൂടെയുള്ളവര്‍


കഫറ്റേരിയയിലെ വലിയ ജനാലക്കരികിലെ മേശയില്‍ റ്റ്രേകള്‍ വെച്ച് ഞങ്ങള്‍ ഇരുന്നു. റ്റെസ്, വരണ്ട സംഭാഷണങ്ങള്‍ക്കിടയിലും ദൂരെയെങ്ങോ മറന്നു വെച്ചതെന്തോ ഓര്‍മ്മിപ്പിക്കുന്നവള്‍. . ഫോര്‍ക്കില്‍ ഒലീവ് കുത്തി അവള്‍ കണ്ണുകളെ നരച്ച ആകാശത്തേക്ക് പായിച്ചു. ആ നോട്ടം പോയ വഴിയേ പോവാന്‍ എന്റെ കണ്ണുകള്‍ പിടഞ്ഞു, അലക്ഷ്യമായ ചലനങ്ങളിലൂടെ ആ കണ്ണുകള്‍ അളന്നെടുക്കുന്നതെന്ത് എന്നറിയാന്‍....

അവള്‍ മേശപ്പുറത്ത് വെച്ച ആ വെള്ള സെറാമിക് പൂപാത്രത്തെ കുറിച്ച് എനിക്ക് അറിയണമെന്നുണ്ടായിരുന്നു. ഒരു കൂട്ടം ചില്ലകളും അവക്കിടയിലെ വിടവുകളും  കൂടി രൂപം  കൊണ്ട അതിമനോഹരമായ പൂപാത്രം. ഒരൊറ്റ പൂവോ ഇലയോ അതില്‍ ഇടാതെ എന്തിനാണവള്‍ ആ പാത്രം ഒഴിച്ചിട്ടിരിക്കുന്നത്?

റ്റെസ്, പണ്ടെങ്ങോ ഒരു ഡോക്ടറുടെ റിസപ്ഷനില്‍ വെച്ച് കണ്ട സ്ത്രീയെ കുറിച്ച് എനിക്ക് നിന്നോട് പറയണം.

പച്ച


അര്ദ്ധവൃത്തം കറങ്ങി ഫാന്‍ ഞങ്ങള്ക്കു നേരെ തിരിയുമ്പോളൊക്കെ കാറ്റ് അവരുടെ മുടിയെ പലവഴിക്ക് പരത്തിയിടുന്നത് അറിയാതെ ചെയ്തു കൊണ്ടിരുന്ന കൈതുന്നലില്‍ മുഴുകി ഒരല്പ്പം മുന്നോട്ടാഞ്ഞു ഇരിക്കുകയാണവര്‍. ഓരോ തവണയും സൂചിയും നൂലും തുണിയെ തുളച്ച് ഉയര്ന്നു താഴുമ്പോള്‍ വളരെ ചെറിയ പച്ച വര വെള്ള തുണിയില്‍ ഒരു തലോടല്‍ പോലെ വീണുകൊണ്ടിരുന്നുഎത്രയും ലോലമായ വരകള്‍, ചൈതന്യമാര്ന്ന ഒരു പച്ച ഇല പതിയെ തുണിയില്‍ ചുരുള്‍ നിവര്ത്തുന്നുവേദനയുളവാക്കുന്നത്ര സുന്ദരമായ കാഴ്ചഓരോ തവണയും  പച്ച വര വന്ന് വീഴുമ്പോഴും ഉള്ളിലെവിടേയോ ഒരു അവ്യക്തവികാരം ചുരുള്‍ നിവര്ത്തുന്നത് ഞാനറിഞ്ഞുപലതവണ കൈയ്യില്‍ വന്നു ചേര്ന്നുപലതവണ കളഞ്ഞു പോയ ഒരു താക്കോല്‍‍, ഏതിലേക്ക് എന്നറിയാത്ത ഒരു താക്കോല്‍  കൈയ്യില്‍ വന്നു പെട്ടതു പോലെഎനിക്കവരെ കുലുക്കി വിളിച്ച്ചോദിക്കാന്‍ തോന്നി ഇത്ര അര്പ്പണത്തോടെഇത്ര സൂക്ഷമതയോടെഇത്രയും ചെറിയ ചെറിയ വരകള്‍-  എതാനും വര്ഷങ്ങള്‍ കൊണ്ട് വലിച്ചെറിയപ്പെടാവുന്ന  തുണിയില്?

 മഞ്ഞള്ക്കറയുള്ള അവരുടെ വിരലുകള്‍ പിടിച്ച് ഞാന്‍  മുന്പ് താമസിച്ചിരുന്ന ഫ്ലാറ്റിന്റെ സ്വീകരണമുറിയിലെ ജനലിലൂടെ നോക്കിയാല്‍ കാണാവുന്ന  മരങ്ങളുടെ കാഴ്ച അവരോടൊപ്പം നിന്ന് നോക്കി കാണണം.

രണ്ടു മരങ്ങള്‍നഗരത്തിലെ ആ ഫ്ലാറ്റില്‍ നിന്ന് കാണാവുന്ന അനവധി കാഴ്ചകളില്‍ നിന്ന് ആ മരങ്ങളുടെ ഘടന അറിയാന്‍ ഒരു മഞ്ഞുകാലത്ത് തൊട്ടടുത്ത് താമസിച്ചിരുന്ന വൃദ്ധ ദമ്പതികളുടെ ഇഞ്ചി ചേര്‍ത്ത ചായയുടെ സുഗന്ധം തങ്ങിനില്‍ക്കുന്ന ഫ്ലാറ്റില്‍ പോകേണ്ടി വന്നു. നഗ്നമായ ശിഖരങ്ങള്‍ നീട്ടി അന്യോനം തേടുന്ന, അടുത്തടുത്തായി വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന രണ്ടു മരങ്ങള്‍.....-; ലോകത്തേയും തങ്ങളെതന്നേയും പുണരാനുള്ള പുതുവഴികള്‍ തേടി അവയുടെ കൊമ്പുകള്‍ കൂടിക്കലര്‍ന്ന് ഭ്രമിപ്പിക്കുന്ന ഒരു രൂപം നെയ്തെടുത്തിരുന്നു.

കടും നീലയില തവിട്ട്  വരകളുള്ള സ്വെറ്റര്‍ ധരിച്ച്, ഇടത്തെ കൈയ്യില്‍ ഗ്ലൂസ്റ്റിക് പിടിച്ച്  കോഫിറ്റേബിള്‍ സോഫയോടു അടുപ്പിച്ചിട്ട് ഇരിക്കുകയാണ് മുഹ്സിനങ്കിള്‍..... 'തൂ ഭീ ഹമേ ബൂല്‍ ഗയാ ക്യാ' എന്ന് ചോദിച്ച് കൗസറാന്റി ഇഞ്ചി ചേര്‍ത്ത ചായയുമായി കടന്നു വന്നു. പത്രത്തോടൊപ്പം കിട്ടുന്ന ലഘുലേഖകളില്‍ നിന്ന് വെട്ടിയെടുത്ത പല നിറങ്ങളാര്‍ന്ന കടലാസു കഷ്ണങ്ങള്‍ മേശമേല്‍ നിരത്തിയിട്ടിട്ടുണ്ട്. തണുപ്പ് കാലത്ത് കൂടിവരുന്ന ആര്‍ത്രൈറ്റസിനും മങ്ങലേല്പ്പിക്കാനാവാത്തത്ര ആവേശത്തില്‍ മുഹ്സിനങ്കിള്‍ കുഞ്ഞുമോളുടെ കുസൃതികള്‍ വിവരിക്കുമ്പോള്‍ കാര്‍ഡ്ബോഡില്‍ ഒരു പെണ്‍കുട്ടി പട്ടം പറത്താന്‍ തുടങ്ങിയിരുന്നു. രണ്ട് ചുവന്നപൊട്ടുകള്‍ കൊണ്ട് കൗസറാന്റി പെണ്‍കുട്ടിയുടെ മുടി ഒതുക്കി വെക്കുന്നത് കണ്ടപ്പോള്‍ എന്റെ പഴയ സഹപ്രവര്‍ത്തകന്‍ റാമിയുടെ ആ ഫോട്ടോ അവര്‍ക്കു കാണിച്ചുകൊടുക്കണമെന്ന് എനിക്ക് തോന്നി.

നോട്ടം


ലബ്നാനിലെ സ്കീ റിസോര്ട്ടില്‍ അവധി ആഘോഷിച്ചതിന്റെ പടങ്ങള്‍ റാമി അന്നു ഓഫീസില്‍ എല്ലാവര്ക്കും അയച്ചുസീഡാര്‍ മരങ്ങളുടെ വശ്യത അടയാളപ്പെടുത്തി വീണു കിടക്കുന്ന മഞ്ഞിലെ ആഹ്ലാദത്തിമിര്പ്പിന്റെ നിരവധി പടങ്ങള്‍. ഇടയില്‍ ഒരെണ്ണം കണ്ണിലുടക്കിഷീഷാ വലിച്ചും സംസാരിച്ചും കൂട്ടം കൂടിയിരിക്കുന്ന ഒരുപറ്റം ആളുകള്ക്കിടയില്‍ ഉയര്ന്ന ബാര്സ്റ്റൂളില്‍ കാലുകള്‍ തൂക്കിയിട്ടിരുന്ന്, പുറത്തെ ഇരുട്ടിലേക്ക് ഉറ്റുനോക്കുന്ന റാമിയുടേ മുഖത്തെ ഭാവംഎന്റേതെന്നെ പോലെ എനിക്ക് പരിചിതമായ  നോട്ടംപുറത്തേക്ക്കടിഞ്ഞാണില്ലാതെ പാഞ്ഞു അകത്തേക്ക് കറങ്ങിവീഴുന്ന നോട്ടം.

ഏതൊക്കെ വഴികളിലൂടെയാണ് നമ്മുടെയൊക്കെ ജീവിതങ്ങള്‍ കൂടിച്ചേരുന്നതും ഇഴപിരിയുന്നതും എന്ന്ആലോചിച്ചിട്ടുണ്ടോനിമിഷനേരത്തേക്ക് മാത്രം ജീവിതത്തിലേക്ക് വന്ന് ചില മിന്നൊളികള്‍ ഒരുമിച്ചറിഞ്ഞ് വഴിപിരിഞ്ഞു പോകുന്നവരെ കുറിച്ച് റാമി ഓര്ക്കാറുണ്ടോവര്ഷങ്ങള്ക്കു മുന്പ് ഓഫീസിലേക്കുള്ളവഴിയില്‍ ഞാനൊരു മുഖം കണ്ടിരുന്നുമുഖമല്ലഅയാളുടെ കണ്ണുകള്‍ മാത്രം- എന്നായിരുന്നു റാമിയുടെ മെയിലിനു മറുപടി അയക്കാന്‍ തോന്നിയത്.

കൂടെയുള്ളവര്‍കുരുക്കില്‍ പെട്ട് റ്റ്രാഫിക് ഒന്ന് നിന്നിരുന്നു. കാറിന്റെ ഇടതു ഭാഗത്ത് തൊഴിലാളികളെ നിറച്ച ഒരു തുറന്ന റ്റ്രക്ക് വന്നു നിന്നു. അയാള്‍ അതില്‍ കുന്തിച്ചിരിക്കുകയാണ്. വൃദ്ധനോ യുവാവോ എന്ന് പറയാനാവില്ല - കണ്ണുകള്‍മാത്രം തുറന്നിട്ട് മുഖവും തലയും ചാരനിറ്മുള്ള തുണികൊണ്ട് മൂടിക്കെട്ടിയിരുന്നു. ഞങ്ങള്‍ പരസ്പരം നോക്കി- നിമിഷനേരത്തേക്ക് മാത്രം. റ്റ്രാഫിക് നീങ്ങിതുടങ്ങി. ഞങ്ങള്‍ വഴിപിരിഞ്ഞു.  ആ മനുഷ്യനെ ഒരിക്കല്‍കൂടി കണ്ടുമുട്ടുവാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു.

മനസ്സിന്റെ ഒരു കോണില്‍ അയാളും ഞാനും ഇപ്പോഴും പരസ്പരം നോക്കിനില്‍ക്കുന്നുണ്ട്. എനിക്കു തീര്‍ത്തും അപരിചിതമല്ലാത്ത ഒരു മരുഭൂവില്‍ വെച്ച് കണ്ണുകള്‍ ദൂരേക്ക് പായിച്ചു അയാള്‍ പറയും ഇത് ഒന്നുമല്ല,മരുഭൂവിന്റെ അകം ഇനിയും കാണാനിരിക്കുന്നതേയുള്ളൂ. ജീവിതം കവിതയുടെ നേരറിയുന്ന നിമിഷം. അറിയാം, എനിക്കകവും ഉണ്ട് അനേകം മരുഭൂമികള്‍.. . എനിക്കയാളോട് റ്റെസ് മേശപ്പുറത്ത് വെക്കാറുള്ള ആ വെള്ള പാത്രത്തെ കുറിച്ച് പറയണം, മരുക്കാറ്റ് ഞങ്ങളുടെ കാലടികളെയും വാക്കുകളെയും തൂത്തുകളയും മുന്‍പ് പറഞ്ഞേതീരൂ.

Sunday, October 09, 2011

നിരാശ

ഗൂഗിള്‍ ഇമേജ് സേര്‍ച്ചിനോടു പറഞ്ഞു കാറ്റ്, ഇമവെട്ടുന്ന വേഗത്തില്‍ 26,400,000 പടങ്ങള്‍ കൊണ്ടിട്ടു. കാറ്റാടി യന്ത്രങ്ങള്‍ നിരന്നുനിരന്നുനിരന്നു നിന്നാലും കാറ്റാവില്ലല്ലോ?

ഒരു വാക്ക്, ഉദാഹരണത്തിനു നിരാശ, ഞാന്‍ പറയുന്നു, എനിക്ക് നിരാശ തോന്നുന്നു. വെറുതെ, പണ്ടെപ്പോഴോ വായിച്ച വരികളില്‍ നിന്ന് ഇറങ്ങി വന്നൊരു ആന എല്ലാം കുട്ടിച്ചോറാക്കിയ അനുഭവം പോലെ നിരാശ.

നീ കേള്‍ക്കുന്നതല്ല ഞാന്‍ അഴിച്ചുവിട്ട വാക്ക്. അഴിച്ചുവിടുമ്പോള്‍ അതിന് നിന്നെ പോറലേല്പ്പിക്കാനുള്ള കൊക്കും നഖങ്ങളും വളര്‍ന്നിട്ടില്ലായിരുന്നു.

ഞാന്‍ ഒന്നൂടെ പറഞ്ഞു നോക്കട്ടേ, ഒരു തൂവലിനെ ഊതിവിടുന്ന പോലെ? നിരാശ.

Monday, June 20, 2011

കുതിപ്പ്

'ഇതാ ഒരു അസ്സല്‍ അലങ്കാരം' എന്നു വിളിച്ചു പറഞ്ഞുകൊണ്ടു പൊളിച്ചു മാറ്റാനായി ഒഴിക്കപ്പെട്ട ഒരു കെട്ടിടം ഞങ്ങളുടെ ഫ്ലാറ്റിനു പിറകില്‍ നില്പ്പുണ്ട്. ഉപേക്ഷിക്കപ്പെട്ട പലതരം സാധനങ്ങള്‍ - പൊളിഞ്ഞ കസേരക്കാലുകള്‍, കീറിയ കുഷ്യനുകള്‍ അങ്ങനെ പേരെടുത്ത് പറയാന്‍ മാത്രമായി ഒന്നുമല്ലാത്ത പലതും- അതിന്റെ ബാല്‍ക്കണികളില്‍ കൂടിക്കുഴഞ്ഞ് കിടപ്പുണ്ട്. കെട്ടിടം പൊളിക്കാനുള്ള കരാറുകാരായിരിക്കണം, വാതിലുകളും ജനലുകളും പറിച്ചെടുത്തിട്ടുണ്ട്. വാതിലുകളും ജനാലകളും നിന്നിടത്ത് ഇപ്പോള്‍ കെട്ടിടത്തിനകത്തെ ഇരുട്ടിലേക്ക് തുറക്കുന്ന വിള്ളലുകള്‍ പതുങ്ങിയിരിപ്പുണ്ട്. ഉണ്ട്, ഉണ്ട്, ഉണ്ട് എന്നാവര്‍ത്തിച്ച് ഉറപ്പിക്കേണ്ടി വരുന്നതിനെയെല്ലാം കൊഞ്ഞാനം കാട്ടി കൊണ്ട് അതിനകത്തെ ഇരുട്ടില്‍ എന്തോ പിടയുന്നുമുണ്ട്. കര്‍ട്ടന്‍ വകഞ്ഞു എത്ര തന്നെ ആഞ്ഞു നോക്കിയാലും ഇരുട്ടിനെ തുരന്നു കടക്കാന്‍ എന്റെ കാഴ്ചക്കാവാത്തതുകൊണ്ട് ഞാന്‍ ഇരുട്ടിലേക്ക് വാക്കുകളെ അഴിച്ചുവിട്ടിട്ടുണ്ട്. 'ദാ പിടിച്ചെ'ന്നും പറഞ്ഞ് അവയെന്റെ കൈകളിലേക്കെന്തോ വെച്ച് തന്നതും ഒറ്റക്കുതിപ്പിലത് ഇരുട്ടിലേക്ക് മറഞ്ഞിട്ടുണ്ട്.

Thursday, June 02, 2011

അമ്മത്തം

വിഴുങ്ങിയിട്ടുണ്ട്. ഞങ്ങള്‍ അതിനെയാണോ അത് ഞങ്ങളെയാണോ എന്ന ചോദ്യം ബാക്കി വെച്ച് അത് ഞങ്ങളെയോ ഞങ്ങള്‍ അതിനെയോ വിഴുങ്ങിയിട്ടുണ്ട്.

അടിച്ചുതകര്‍ത്തു കൊണ്ട് അത് ഞങ്ങള്‍ക്കുള്ളില്‍ ഉടനീളം കുതിക്കുന്നുണ്ട്, മുന്നോട്ട് മുന്നോട്ട് എന്ന് ഞങ്ങളുടെ അതിരുകളെ തള്ളുന്നുണ്ട്, (ഉം, എഴുത്, എഴുത്) തുപ്പിക്കളയാനും ഇറക്കാനുമാകാതെ ഞങ്ങളെ ശ്വാസം മുട്ടിച്ച് സ്തംഭിപ്പിക്കാറുണ്ട്. ശൂന്യതകളെ ഒഴിപ്പിക്കുന്ന ഏതോ അര്‍ത്ഥം തേടി ഞങ്ങള്‍ അതിനകത്ത് പുറത്തേക്കുള്ള വഴി മറന്നു അലയാറുമുണ്ട്. ഞങ്ങള്‍ അതിനെയാണോ അത് ഞങ്ങളെയാണോ എന്ന ചോദ്യം ബാക്കി വെച്ച് അത് ഞങ്ങളെയോ ഞങ്ങള്‍ അതിനെയോ വിഴുങ്ങിയിട്ടുണ്ട്.

Friday, May 27, 2011

അങ്ങനെയിങ്ങനെ പോകുമ്പോള്‍

മാളിലെ കളിയിടത്തിലേക്ക് പ്രവേശിച്ചതും രൂക്ഷമായൊരു ഗന്ധവും ശബ്ദകോലാഹലവും അവരെ എതിരേറ്റു. ഊദും, സിഗരറ്റും, പലതരം പെര്‍ഫ്യൂമുകളും ഒന്നിച്ചും വഴിമാറിപ്പിരിഞ്ഞും അവിടമാകെ വ്യാപിച്ചിരുന്ന ആ ഭീമാകാരനായ സത്വത്തിനു മുന്നില്‍ കുളി കഴിഞ്ഞ് താന്‍ കക്ഷങ്ങളില്‍ പുരട്ടിയ നിവിയ ഡിയോ വാലും ചുരട്ടിയോടിയേ തീരൂ എന്നു അനഘക്കു തോന്നി. പലതരം ഒന്നിച്ച്; ഒന്നായി; ഒരുമിച്ച്- പ്രയോഗങ്ങളിലെ പൊരുത്തക്കേടു പോലെയെന്തോ തടഞ്ഞതും അര്‍ജ്ജുന്‍ അനഘയുടെ പിടിവിട്ട് ആദ്യത്തെ റൈഡിനുള്ള നിരയില്‍ സ്ഥാനം പിടിച്ചു. പിറകെ ഫര്‍ഹാനും.

'ഇനി രണ്ടീനേയും കിട്ടില്ല, വാ ഇവിടെ നില്‍ക്കാം' സുമി ഒഴിഞ്ഞ ഒരു കോണിലേക്ക് നീങ്ങിനിന്നു. ആനന്ദും ഫൈസലും റ്റിക്കറ്റെടുക്കാന്‍ പോയിരുന്നു. വ്യാഴം രാത്രിയായതിനാല്‍ നല്ല തിരക്കുണ്ട്. ചുളിവു വീഴാത്ത തൂവെള്ള തൊഉബുകള്‍, ഒഴുകുന്ന കറുപ്പ് അബായകള്‍, സ്കിന്‍ റ്റൈറ്റ് ജീന്‍സ്, ട്രെന്‍ഡി റ്റീഷറ്ട്ടുകള്‍- ഇതിനെല്ലാമിടയില്‍ തന്റെ കോട്ടണ്‍ സല്‍‌വാര്‍, സുമിയെ പോലെ കുറ്‌ത്തി-ജീനെങ്കിലും ഇടാമായിരുന്നു എന്നു അനഘക്കു തോന്നി.

'സുമി നല്ല ഡ്രസ്സെല്ലാം കൈ കൊണ്ട് കഴുകിയെടുക്കാറാണോ? മെഷീനിലും ഡ്രയറിലും ഇട്ട് കോട്ടണ്‍ ഡ്രസ്സെല്ലാം വൃത്തികേടാവുന്നു'.
'അനഘ എല്ലാം കൂടെ മെഷീനിലോട്ട് കുത്തികയറ്റുന്നതു കൊണ്ടാവും, പുതിയത് എന്നല്ല എല്ലാ ഡ്രസ്സും ഞാന്‍ പുറം മറിച്ചിട്ടേ മെഷീനില്‍ ഇടൂ, അതും ചെറിയ ലോഡായി'. ചുറ്റുമുയരുന്ന ശബ്ദഘോഷത്തെ മുറിച്ച് കടക്കാനായി സുമി കൈകള്‍ വിടര്‍ത്തി ആഞ്ഞുതള്ളുന്നതായി ആംഗ്യം കാണിച്ചുകൊണ്ടു പറഞ്ഞു. ആ ബഹളത്തില്‍ സുമിയുടെ ശബ്ദം മുങ്ങിപ്പോയിരുന്നുവെങ്കില്‍ താന്‍ എങ്ങെനെയാണ് അവളുടെ ആംഗ്യം വായിച്ചെടുക്കുക എന്നു അനഘയോറ്‌ത്തു. ഉയര്‍ന്നും താണും കറങ്ങുന്ന കുട്ടിഫ്ലൈറ്റുകളില്‍ ഇരുന്നു അര്‍ജ്ജുനും ഫര്‍ഹാനും കൈവീശി ആര്‍ത്തുചിരിച്ചു. 'പ്രിന്റുള്ള റ്റീഷര്‍ട്ടുകള്‍ ഡ്രൈയറില്‍ ഇടുമ്പോള്‍ ഒന്നൂടെ ശ്രദ്ധിക്കണം, റ്റംമ്പിള്‍ ഡ്രൈ ഒന്‍ലി, നോ ഹീറ്റ്. അല്ലെങ്കില്‍ പ്രിന്റ് ചുക്കിച്ചുളുങ്ങി വരും.'

ഉയര്‍ത്തിക്കെട്ടി ക്രിസ്റ്റലുകള്‍ പതിപ്പിച്ച ഹിജാബുകള്‍, കനത്തില്‍ എഴുതിയ നീണ്ട കണ്ണൂകള്‍, റ്റാഗ് പറിച്ചിട്ടില്ലെന്നു തോന്നിപ്പിക്കുന്ന ബാഗുകള്‍, കടഞ്ഞെടുത്ത ഹൈഹീല്‍ ചെരുപ്പുകള്‍ - ഒരു കൂട്ടം കറുത്ത അബായകള്‍ അവര്‍ക്കരികിലൂടെ നടന്നുനീങ്ങി. 'കണ്ണൂകള്‍ മാത്രം കാണിക്കാനാവുന്നതു കൊണ്ടാണോ ഇവര്‍ ഇത്ര കട്ടിയായി ഐലൈനറിടുന്നത്?' അനഘ ചിരിച്ചു. 'ഉമ്മാ, വാ ഇനി ഫ്രോഗി റൈഡ്' ഫര്‍ഹാന്‍ സുമിയുടേ കൈ പിടിച്ചു വലിച്ചു. 'പപ്പയും അങ്കിളും എവിടേ?'. ഫര്‍ഹാന്‍ അടുത്ത റൈഡിനുള്ള ക്യൂവില്‍ നില്‍ക്കുന്ന അര്‍ജ്ജുന്റെ അടുത്തേക്ക് ഓടി.സുമിയും അനഘയും അവനു പിറകെ നടന്നു. കൈയ്യിലൊരു ബലൂണും പിടിച്ച് ആള്‍ക്കൂട്ടത്തിനിടയിലൂടെ ഒരു വാവ ആടിയാടി നടന്നു. ഡയപ്പര്‍ ബാഗ് തൂക്കിയൊരു ഫിലിപ്പിനി മെയ്ഡ് പിറകേയും.
'എന്തു ഭംഗിയാ ഈ അറബിക്കുട്ടികളെ കാണാന്‍' അനഘ പറഞ്ഞു.
'ഉം, ചിലതൊക്കെ മുടീം കെട്ടി മാച്ചിങ്ങ് ക്ലിപ്പും കുത്തി- എന്തു ഭംഗീള്ള മുടിയണിവര്‍ക്ക് , പക്ഷെ' സുമി അനഘയുടെ ചുമലില്‍ തട്ടി ' അടുപ്പിക്കാന്‍ കൊള്ളില്ല. പിള്ളേരും കണക്കാ, വല്ല്യോരും കണക്കാ. ഒരു മാനേറ്സും ഇല്ലാത്ത കൂട്ടരാ'.

പല നിറങ്ങളുള്ള തവളകള്‍ കുട്ടികളെ വട്ടം കറക്കാന്‍ തുടങ്ങി. പതുക്കെ മേലോട്ടുയര്‍ത്തി, കുത്തനെ താഴേക്കിറക്കി, മിന്നല്‍ വേഗത്തില്‍ മുന്നോട്ടാഞ്ഞും തവളകള്‍.
'അര്‍ജ്ജൂന്‍! ഫര്‍ഹാന്‍!' കുട്ടികള്‍ കറങ്ങി തങ്ങള്‍ക്കു നേരെയെത്തുമ്പോള്‍ സുമിയും അനഘയും കൈ വീശി വിളിച്ചുപറഞ്ഞു. അമ്മമാരുടേ ശബ്ദം ഏതു ദിശയില്‍ നിന്നാണ് വരുന്നതു എന്ന് മനസ്സിലാവാതെ കുട്ടികള്‍ അപ്പുറവും ഇപ്പുറവും നോക്കി. ' രണ്ടും അന്തം വിട്ടിരിക്കാ', അനഘക്കും സുമിക്കും രസം പിടിച്ചു, അവര്‍ മക്കളുടെ പേരുകള്‍ ഉറക്കെയുറക്കെ വിളിച്ചുകൊണ്ടിരുന്നു. തവളകള്‍ വേഗം കൂട്ടി. കറങ്ങി കലങ്ങുന്ന നിറങ്ങള്‍ക്കിടയില്‍ നിന്നും തങ്ങളുടെ മക്കളെ തിരിച്ചറിയാനാവാതെ വന്നപ്പോള്‍ സുമിക്കും അനഘക്കും പൊടുന്നനെ ഒരാന്തല്‍ തോന്നി.‍

'ഇവിടെ നില്‍ക്കാണോ? എത്ര നേരായി ഞങ്ങള്‍ തിരയുന്നു!" ആനന്ദ് പോപ്കോണുമായി.
'സുമീ, നീ ഫോണെടുത്തിട്ടില്ലേ? ഞാനെത്ര വിളിച്ചു!' ഫൈസല്‍ ചോദിച്ചു.
'ഓ! ഈ ബഹളത്തില്‍ ഞാന്‍ കേട്ടേയില്ല'.
'പിള്ളെരു തകറ്ക്കുവാണല്ലോ!'.
'ഈ മെയിഡൊക്കെ എന്തിനാ ഇങ്ങനെ യൂനിഫോം ഇട്ടിരിക്കുന്നേ?' അനഘ ചോദിച്ചു.
'മെയിഡ് മാത്രല്ലല്ലോ, മുതലാളിമാരും കറുപ്പിലും വെള്ളയിലുമല്ലേ?' ആനന്ദ് കണ്ണിറുക്കി.
'മലയാളായോണ്ട് കുഴപ്പമില്ല. ഇവര്‍ക്ക് ഇതൊക്കെ മനസ്സിലായാല്‍ പണി കിട്ടും മക്കളേ' ഫൈസല്‍ ശബ്ദം താഴ്ത്തിപറഞ്ഞു. ഉച്ചസ്ഥായിയിലുള്ള പല ശബ്ദങ്ങള്‍ കൂടിക്കുഴഞ്ഞിരിക്കുന്നിടത്ത് പതിഞ്ഞ ശബ്ദം എന്തു കൊണ്ടാണു അരോചകമായി അനുഭവപ്പെട്ടത് എന്നു അനഘയോറ്ത്തു.

ഫര്‍ഹാനും അര്‍ജ്ജുനും ഓടിയെത്തി, 'ഇനി അവിടെ'. അര്‍ജ്ജുന്റെ റ്റീഷര്‍ട്ടിലെ ഫുട്ബോള്‍ ചിത്രം കുഞ്ഞുകുഞ്ഞു കഷ്ണങ്ങളായി പൊടിഞ്ഞു തുടങ്ങിയത് അനഘ അപ്പോഴാണ് കണ്ടത്, റ്റംബിള്‍ ഡ്രൈ, നോ ഹീറ്റ്, അനഘയോറ്ത്തു.
'ഇനി മതി, ഫുഡ് അടിക്കേണ്ടേ?' ഫൈസല്‍.
' പ്ലീസ് അങ്കിള്‍' അര്‍ജ്ജുന്‍ കെഞ്ചി.
'ഒകെ, ലാസ്റ്റ് വണ്‍'.
അടുത്ത റൈഡിനുള്ള ക്യൂവില്‍ കുട്ടികള്‍ സ്ഥാനം പിടിച്ചു.
'ഇവിടെ തന്നെ നില്‍ക്കാം, നമ്മള്‍ മാറിക്കളഞ്ഞാല്‍ അടുത്തതിനും കേറാന്‍ നിക്കും' അനഘ പറഞ്ഞു.
കുട്ടികള്‍ മുന്നോട്ട് കുതിക്കാനുള്ള ത്വരയൊതുക്കി ക്യൂവില്‍ നിന്നു.പിറകില്‍ നിന്നൊരു ചുരുളന്‍ മുടി ക്യൂ മുറിച്ചു തിക്കിതിരക്കി അര്‍ജ്ജുന്റെ മുന്നിലെത്തി.
'അച്ഛാ, ഞാനാ ആദ്യമെത്തിയത്' അര്‍ജ്ജുന്‍ പറഞ്ഞു. തിരിഞ്ഞു നിന്ന ചുരുളന്‍ മുടി ചുണ്ടുകള്‍ കൂര്‍പ്പിച്ച് പറഞ്ഞത് മനസ്സിലാവാതെ അര്‍ജ്ജുന്‍ പകച്ചു.
'യൂ നീഡ് റ്റു ഗോ ബാക്' ആനന്ദ് ചുരുളന്മുടിയോടു പറഞ്ഞു. വലിഞ്ഞു മുറുകിയ സ്വരത്തില്‍ ചുരുളന്‍ മുടി പറഞ്ഞത് ആനന്ദിനും മനസ്സിലായില്ല.
'വിട്ടേക്ക് ആനന്ദ്. ചെക്കന്‍ ചിലപ്പോള്‍ മുഖത്ത് തുപ്പിയെന്നു വരും, നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല,' ഫൈസല്‍ ആനന്ദിന്റെ കൈ പിടിച്ചു. ആനന്ദ് പിറകോട്ടു നിന്നു. കാഴ്ച, ശബ്ദം, ചലനം , ഗന്ധം ഇങ്ങനെ അനേകം കഷ്ണങ്ങളായി മുറിഞ്ഞു തീരുകയാണ് തങ്ങള്‍ ഉള്‍പ്പെടുന്ന ചിത്രമെന്ന തോന്നല്‍ കുടഞ്ഞു മാറ്റി അനഘ പറഞ്ഞു' എന്തൊരു ബഹളമാണ്'.
'രണ്ടൂ മിനിറ്റുള്ള ഈ കറക്കത്തിനു വേണ്ടിയാണല്ലോ കുട്ടികള്‍ പത്തും പതിനഞ്ചും മിനിറ്റ് കാത്തിരിക്കുന്നേ, ഇതു കഴിഞ്ഞാ നേരെ ഫുഡ് കോറ്‌ട്ടിലേക്ക് നീങ്ങാം' സുമി പറഞ്ഞു.

ഫുഡ് കോറ്ട്ടില്‍ ബ്രോസ്റ്റഡ് ചിക്കന്റെ മണവും സിഗരറ്റു മണവും നിറഞ്ഞു നിന്നു.
'ഈ സിഗരറ്റു പുകയെല്ലാം ശ്വസിച്ച് നല്ലൊരു തലവേദന വരുന്നുണ്ട്' മേശക്കു ചുറ്റും കസേര വലിച്ചിട്ടു ഫൈസല്‍ പറഞ്ഞു.
അനഘ റ്റിഷ്യൂയെടുത്ത് അര്‍ജ്ജുന്റെ മൂക്കില്‍ പിടിച്ചു' അര്‍ജ്ജുന്‍ ബ്ലോ യുവര്‍ നോസ്, മൂക്ക് ബ്ലോസ് ചെയ്യ്'. അര്‍ജ്ജുനും ഫര്‍ഹാനും ആഞ്ഞുചിരിച്ചു. 'ഒന്നു മിണ്ടാതിരി, കിഡ്സ് മീല്‍ വേണമെങ്കില്‍ അടങ്ങിയിരി'.
'ഇപ്പോഴാ ചെവിക്കും മൂക്കിനും ശ്വാസം വിടാന്‍ പറ്റിയത്' കഴിച്ച് പുറത്തിറങ്ങിയപ്പോള്‍ ആനന്ദ് പറഞ്ഞു.

ഫ്ലാറ്റെത്തിയപ്പോഴേക്കും അര്‍ജ്ജുന്‍ ഉറങ്ങിയിരുന്നു.ആനന്ദ് അവനെ ബെഡില്‍ കിടത്തി, സിറ്റിങ്ങ് റൂമില്‍ താക്കോല്‍ റ്റീവി സ്റ്റാന്‍ഡില്‍ വെച്ച് ചെന്ന് റിമോട്ട് കൈയ്യിലെടുത്ത് സോഫയില്‍ ചാഞ്ഞിരുന്നു.
'ചായയിടണോ?' അടുക്കളയില്‍ നിന്നും അനഘ വിളിച്ചു ചോദിച്ചു.
'നീ കുടിക്കുന്നെങ്കില്‍ ഒന്നെടുത്തോ' ആനന്ദ് പറഞ്ഞു.
വൈകുന്നേരം ചായ കുടിച്ച പാത്രങ്ങള്‍ സിങ്കില്‍ കൂട്ടിയിട്ടിരുന്നു. ചായ പാത്രം, കപ്പുകള്‍, ബിസ്കറ്റ് വച്ച പ്ലേറ്റ്. കൂമ്പാരത്തിനടിയില്‍ നിന്നും ചായ അരിപ്പ വലിച്ചെടുത്തപ്പോള്‍ പാത്രങ്ങളെല്ലാം ഒന്നിളകി വീണു. എന്തായിരുന്നു അത് എന്ന് അനഘയെ ഒരു നിമിഷത്തേക്ക് തടഞ്ഞുനിര്‍ത്തികൊണ്ട് പാത്രങ്ങളുടെ ആ ചലനത്തില്‍ എന്തോ ഒന്നു തെളിഞ്ഞു മറഞ്ഞു.

ചായ കുടിച്ച് ആനന്ദ് ആശ്വാസത്തോടെ ചാനലുകള്‍ തെരഞ്ഞു. അനഘ മേല്‍കഴുകാനായി റ്റബ്ബിലേക്കിറങ്ങി നിന്ന് ഷവര്‍ കര്‍ട്ടന്‍ വലിച്ചിട്ടു. ചൂടു വെള്ളം വന്നു വീണപ്പോള്‍ ഒന്നു കരഞ്ഞു തെളിയണമെന്നു അനഘക്കു തോന്നി. ഉത്തേജനത്തിനായി അനഘ മനസ്സിലുള്ള ചിത്രങ്ങള്‍ മറിച്ചു നോക്കി, ആള്‍ക്കൂട്ടത്തില്‍ ഒറ്റക്കൊരു കുഞ്ഞ്, നിറങ്ങളില്‍ കലങ്ങിപ്പോയ അര്‍ജ്ജുന്‍, നിറം മങ്ങിയ വസ്ത്രങ്ങള്‍, കനത്തിലെഴുതിയ കണ്ണുകള്‍,വാലും ചുരുട്ടിയോടുന്ന വയസ്സന്‍ നായ, പൊടിഞ്ഞു തുടങ്ങിയ ഫുഡ്ബോള്‍- ചങ്ക് ചുരുങ്ങി വേദനിച്ചു കണ്ണീര്‍ ഒഴുകാനായപ്പോള്‍ ഷവറില്‍ നിന്നു കര്‍ട്ടണിലേക്കു തെറിച്ച വെള്ളതുള്ളികള്‍ കൂടിച്ചേറ്ന്നു ഒന്നായി മനോഹരമായി താഴേക്കു ഒഴുകിയിറങ്ങുന്നതു അനഘ കണ്ടു. ഒന്നു കരഞ്ഞു തീര്‍ക്കാന്‍ പോലും ഒന്നും അവശേഷിപ്പിക്കാതെ കടന്നു കളയുന്ന ദിവസങ്ങളെ പഴിച്ച് അനഘ മേല്‍ കഴുകിയിറങ്ങി.

Wednesday, January 19, 2011

അകന്നകന്നു പോകുന്നവ

ഏതോ ഒരു തണുപ്പ് കാലത്ത് ഒരു കടല്‍ത്തീരത്ത് നിന്നു ആകര്‍ഷണം തോന്നിയ ഒരു ചിപ്പിത്തോട് ജാക്കറ്റിന്റെ കീശയിലിട്ടിരുന്നു. അതിനെ പിന്നെ ഒരിക്കലും പുറത്തെടുത്തിട്ടില്ല എന്നാണു ഓര്‍മ്മ. അരിക് അല്പ്പം പൊടിഞ്ഞ ആ ചിപ്പിത്തൊണ്ട് കാക്കത്തൊള്ളായിരം പ്രാവശ്യം കീശക്കുള്ളില്‍ വച്ചു തന്നെ കൈവിരലുകള്‍ സ്പര്‍ശിച്ചിട്ടുണ്ട്. മിനുസമുള്ള ഉള്‍ഭാഗവും പരുക്കന്‍ മറുഭാഗവും പല തവണ, പല സന്ദര്‍ഭങ്ങളില്‍, പല സ്ഥലങ്ങളിലായി തൊട്ടറിഞ്ഞിട്ടുണ്ട്. സ്വബോധത്തിനു പിടിതരാതെ വഴുതി മറയുന്ന പലതിനും നടുവില്‍ വച്ചു വിരലുകള്‍ ആ ചിപ്പിത്തോടിനെ തേടിച്ചെല്ലുകയും, പ്രത്യേകിച്ച് ഒരു അര്‍ത്ഥമോ യുക്തിയോ ഇല്ലാത്ത - എനിക്ക് കണ്ടെത്താനായിട്ടില്ലാത്ത- ആ തോടിന്റെ നിലനില്പ്പില്‍ ആഹ്ലാദിക്കുകയും ചെയ്തിട്ടുണ്ട്. ജാക്കറ്റ് ഉപേക്ഷിക്കുമ്പോഴും ആ ചിപ്പിത്തോട് എടുത്ത് നോക്കാന്‍ തോന്നിയില്ല. ഓര്‍മ്മയില്‍ ആ തോട് പല നിറങ്ങള്‍ പൂകുന്നു, അകം പുറം മറിയുന്നു, ദ്രവ്യരൂപം എടുക്കുന്നു, വിരലുകള്‍‌ക്കിടയിലൂടെ ഒഴുകുന്നു.

Tuesday, June 08, 2010

ആയിഷ മുഹമ്മദ് വാരാന്ത്യങ്ങളില്‍ വീട്ടില്‍ പോകാതിരിക്കുവാനുള്ള കാരണങ്ങള്‍: from letters i cannot write home

1 ശനിയാഴ്ചകളില്‍ രാവിലെയുള്ള ഷിഫ്റ്റില്‍ ഞാന്‍ കോളേജ് ലൈബ്രറിയില്‍ ജോലിയെടുക്കാറുണ്ട്.പുസ്തകങ്ങള്‍ അടുക്കി വെച്ച് ഇനിയും ഉണര്‍ന്നിട്ടില്ലാത്ത ലൈബ്രറിയിലൂടെ നടക്കുമ്പോഴും, ഡോം റൂമില്‍ ലോറീനുമൊത്ത് മക് ആന്‍ഡ് ചീസ് കഴിക്കുമ്പോഴും i'm home.

2 ബോളിവുഡ് ഡ്രാമ; നിനക്കു വേണ്ടി നാട്ടിലേക്ക് മടങ്ങാതെ ഈ മിഷിഗണില്‍...നിന്നെ ഓര്‍ത്ത്...നിന്റെ ഇഷ്ടം പോലെ...നീ മാത്രം - the endless loop.

3 ലിവിങ്ങ് റൂമില്‍ മാന്റല്‍ പീസിനു മുകളില്‍ ഉള്ള sixteen by sixteen inches ugly gaping wound.

4 അമേരിക്കന്‍സ് വെടക്ക്, കറുത്ത അമേരിക്കന്‍സ് കുറച്ചധികം വെടക്ക്. യൂറോപ്പ്യന്‍സ് റേസിസ്റ്റ്സ്. ജൂതന്മാരെ വിശ്വസിക്കാന്‍ പറ്റില്ല. ആഫ്രിക്കന്‍സ് നന്നാവാത്ത കൂട്ടര്‍- കറുമ്പന്‍ ഭരണത്തില്‍ വന്നപ്പോളെന്തായി? അറബികള്‍ ഒട്ടകപ്പുറത്ത് നിന്ന് bmw യിലേക്ക് വീണ കാടന്മാര്‍. ചീനികള്‍ കുരുട്ടുബുദ്ധികള്‍. വടക്കേ ഇന്ത്യക്കാറ് പൊട്ടന്മാര്‍. തെക്കന്‍ മല്ലൂസ് സ്വാര്‍ത്ഥര്‍. This is how you taught me to be ashamed of yourself.

5 സമുദായഹൃദയത്തിന്റെ കാറ് വാഷ് എന്ന് ഡാഡി വിളിക്കാറുള്ള മസ്ജിദ്- that place has always made me feel stained. and daddy, don't you think that the brother who informed you of my tight jeans had no business scanning the girls' basketball session?

6 America under attackജോമട്രി ക്ലാസ്സിലാണ് ഞങ്ങള്‍ വാര്‍ത്തയറിഞ്ഞത് . Must be those damn muslims റ്റെഡ് വില്ല്യംസ് പൊട്ടിത്തെറിച്ചു. മിസ്. ജൂണ്‍ അവനെ ക്ലാസ്സിനു വെളിയിലേക്ക് വിളിപ്പിക്കുന്നതിനു മുന്‍പ് you are so wrong എന്ന് പറയാന്‍ എനിക്കായിരുന്നു. remember the party at home one of those days to celebrate dad's tenure? മാന്റല്‍ പീസിനു മുകളില്‍ തൂക്കിയിരുന്ന സെറി വര്‍ക്കില്‍ തീര്‍ത്ത ആയത്തുല്‍ കുറ്സി, കോഫി റ്റേബിളില്‍ ഉണ്ടായിരുന്ന സുബ്‌ഹാനള്ളാഹ് ക്രിസ്റ്റല്‍ രൂപം- വേറെ എന്തൊക്കെയാണ് അന്ന് നമ്മള്‍ എടുത്തു മാറ്റിയത് മമ്മീ? That's how you taught me to be ashamed of myself.

7 കിമ്പറ്ലി ലേക് ഷോര്‍ ഹോമില്‍ ലാവന്‍ഡര്‍ ചെടികള്‍ക്കിടയില്‍ ജസ്റ്റിന്റെ വയറില്‍ തല വെച്ച് അവന്റെ ശരീരത്തിലെ ഏതൊക്കെ വഴികളിലൂടേയാണ് അവന്റെ ശബ്ദം എന്നിലേക്ക് എത്തുന്നത് എന്നോര്‍ത്ത് കിടക്കുന്ന വൈകുന്നേരങ്ങളില്‍ i don't want to be someplace else or someone else.