Monday, December 25, 2006

ശാന്തമായി

മുറിയില്‍ കുടുങ്ങിയ ഈച്ച ജനല്‍ചില്ലിന്മേല്‍ തലയിടിച്ചുകൊണ്ടിരുന്നു. മണ്ടനീച്ചേന്റെ മണ്ടക്കിടി കിട്ടി. നേര്‍വരയില്‍ പറന്ന്, ചില്ലില്‍ മുട്ടി തെറിച്ച്, പിന്നേയും തിരിച്ചു വന്നു സര്‍വ്വശക്തിയുമുപയോഗിച്ച് അത് ചില്ലിന്മേല്‍ തലയിടിച്ച് കൊണ്ടിരുന്നു. ഒരു പാട് നേരം.

ഞാന്‍ നോക്കിയിരുന്നു,
ശാന്തമായി.
അതാണെന്നെ പേടിപ്പിക്കുന്നതും.

Friday, December 22, 2006

ഓര്‍കുട്ടിനാവുന്നത്

ചെത്തി മിനുക്കിയ ഒരു പെന്‍സില്‍ ഓര്‍കുട്ട് കയ്യില്‍ വെച്ച് തരുമ്പോള്‍ അത് വാങ്ങി പഴയ പോലെ തറയില്‍ മുട്ടും കുത്തിയിരിക്കാതെ പറ്റില്ല, ലഞ്ച് ബ്രേക്കില്‍ ക്ലാസ്സിലെ തറയില്‍ കൂട്ടമായി മുട്ടും കുത്തിയിരുന്ന് മരപ്പലകക്കല്‍ക്കിടയിലെ നേരിയ വിടവുകളില്‍ കാലം കൊണ്ടിട്ട മണ്ണ് ഇളക്കിയിളക്കി മണ്ണിനിടയില്‍ നിന്നും ഒടിഞ്ഞ പെന്‍സില്‍ മുനകളും, കൊട്ടിന് അടികിട്ടിയിരുന്ന തുന്നല്‍ ക്ലാസ്സില്‍ നിന്നും ചാടി രക്ഷപ്പെട്ട തുരുമ്പിച്ച സൂചികളും, ദ്രവിച്ച റബ്ബര്‍ ബാന്‍ഡുകളും പെറുക്കിയെടുക്കാം. ഒരു വിലയുമില്ലാത്ത വസ്തുക്കള്‍, അത് കൊണ്ടു തന്നെ വിലപിടിച്ചവ.

ഓര്‍ക്കാപ്പുറത്തൊരു ബാസ്കറ്റ്ബോള്‍ എറിഞ്ഞു തരും ഓര്‍കുട്ട്. കോര്‍ട്ടിനരികിലെ മാവുകള്‍ ചെറിയ പച്ചമാങ്ങകള്‍ നീട്ടി കൊതിപ്പിക്കുന്ന മാസങ്ങളില്‍ ജഡ്-ജഡ്-ജഡ് കോര്‍ട്ടിലിറങ്ങി ജഡ്-ജഡ്-ജഡ് മാവിലെറിയുന്ന അതേ ബോള്‍; ഇരുണ്ട കോണ്വന്റ് മുറികളില്‍ നിന്നൊരു കന്യാസ്ത്രീ മരവിച്ച മുഖവുമായി വരാന്തയിലേക്കിറങ്ങി നില്‍ക്കുന്ന വരെ ജഡ്-ജഡ്-ജഡ്.

നീല
പിനോഫരുകളുടേയും
വെള്ള
ഷര്‍ട്ടുകളുടേയും
തിളങ്ങുന്ന
ഷൂസുകളുടേയും,
അസ്സംബ്ലി
ബെല്ലിന്
തൊട്ട്
മുന്‍പായി
കൂട്ടുകാരിയുടെ
ഭംഗിയുള്ള
കെട്ടില്‍
നിന്ന്
മുറിച്ചെടുത്ത്
ധൃതിയില്‍
മുടിയില്‍
കെട്ടിയ
റിബ്ബണുകളുടേയും
ഒറ്റ
വരിയായി
വെയിലത്ത്
നീണ്ട
ദിവസത്തിന്റെ
തുടക്കത്തില്‍
നിര്‍ത്താനും
ഓര്‍ക്കുട്ടിനാവും.
ഒരു
കഷ്ണം
രിബ്ബണ്‍.
പ്ലീസുമില്ല
താങ്ക്യൂമില്ല
സൌഹൃദം
ഇന്ന്
കാണാനില്ലാത്ത
രൂപത്തില്‍.

തെറ്റായ ഇംഗ്ലീഷ് വ്യാകരണമുള്ള ഹിന്ദി ടീച്ചറെ ചൂണ്ടികാണിച്ച് ചിരിപ്പിക്കും ഓര്‍കുട്ട്, പുതിയ വാക്കുകള്‍ ബോറ്ഡിലെഴുതാന്‍ ടീച്ചര്‍ തിരിഞ്ഞതും വായ പൊത്തി, ഷൂസുകള്‍ നിലത്തുരച്ച് അന്ന് ക്ലാസ്സ് മുഴുവന്‍ ചിരിച്ച പോലെ. ചുവന്ന മുഖവും, തിളങ്ങുന്ന കണ്ണുകളുമായി തിരിഞ്ഞ് നിന്ന് ടീച്ചര്‍ I turn the board you laugh why, ചോദിച്ചതോര്‍ക്കുമ്പോള്‍ അന്നത്തെ പോലെ പിടിച്ചാല്‍ കിട്ടാത്ത ചിരി തൊണ്ടയിലൂടെ ഇറങ്ങിയോടും. ആ മുഖമന്ന് ചുവന്നത് ദേഷ്യം കൊണ്ടായിരുന്നില്ലെന്ന് അറിഞ്ഞ നിമിഷം തൊണ്ടയില്‍ സാന്‍ഡ് പേപ്പറിട്ട് ഉരക്കുന്നതും ഓര്‍കുട്ട് തരുന്ന ചിരി തന്നെ.

തട്ടിപ്പറിക്കാനുമറിയാം ഓര്‍കുട്ടിന്. നഴ്സറിക്ക് പിന്നിലെ ആ വലിയ ആല്‍മരം, ചുറ്റും കൊച്ച് സിമന്റ് ബെഞ്ചുകളുള്ള ആ വലിയ മരത്തെ പോലും തട്ടിപ്പറിക്കാനാവും ഓര്‍കുട്ടിന്. ഒരു ബെഞ്ചില്‍ നിന്ന് അടുത്തതിലേക്ക്
ചാടി ചാടി
ചുവന്ന കള്ളിയൂണിഫോം ദിവസങ്ങളുടെ മങ്ങിയ ഓര്‍മ്മയില്‍
ചാടി ചാടി
മരത്തിന് ചുറ്റും വട്ടത്തില്‍
ചാടി ചാടി
ഓര്‍കുട്ട് കണ്ടുപിടിച്ച് തന്ന പഴയ കൂട്ടുകാരികളൊന്നും ആ മരം ഓര്‍ക്കുന്നില്ലെന്നറിയുമ്പോള്‍, ഇനി ചാടി പിടിക്കാനുള്ള അടുത്ത ബെഞ്ച് ഓര്‍കുട്ട് തട്ടിപ്പറിച്ചിരിക്കുന്നെന്ന്...

Tuesday, December 05, 2006

യാത്ര

‘82


ഓടി വന്നിട്ടും ജനല്‍ സീറ്റ് കിട്ടാത്തതുകൊണ്ട് മുഖം വീര്‍പ്പിച്ചിരിക്കുകയാണ് അനിയന്‍. അവനെ ദേഷ്യം പിടിപ്പിക്കാനായി ഞാന്‍ ജനലഴികളില്‍ മുഖമമര്‍ത്തിയിരുന്നു.

ഡ്രിങ് ഡ്രിങ്
നിരത്തി വെച്ച കുപ്പികളില്‍ ഓപ്പ്ണര്‍ ഓടിച്ച് കൊണ്ട് വണ്ടിക്കാരന്‍ വന്നു.

“ഉമ്മാ, ഗോള്‍ഡ് സ്പോട്ട്.”
“അടങ്ങിയിരി. വണ്ടീ കേറീല്ല, അപ്പോളെക്കും തൊടങ്ങി.”
“കുട്ടികള്‍ അങ്ങനെയാ. വീട്ടിന്നും ഇറങ്ങിയാ വഴിയില്‍ കാണുന്നതൊക്കെ വേണം.” മുന്നിലെ സീറ്റിലെ നീല സാരിയുടുത്ത ആന്റി പറഞ്ഞു.

ചട്ക്കു പട്ക്കു ചട്ക്കു പട്ക്കു
വണ്ടി നീങ്ങി തുടങ്ങി.

“ഇങ്ങക്ക് കുട്ട്യോളുണ്ടോ” ഉമ്മ ചോദിച്ചു.
“മൂന്നാളുണ്ട്, വെക്കേഷനു എന്റെ അമ്മേടെ വീട്ടില്‍ താമസിക്കാന്‍ പോയിരിക്കാ, ഞങ്ങള്‍ അവിടേക്കാ.”

ചട്ക്കുപട്ക്കു ചട്ക്കുപട്ക്കു ചട്ക്കുപട്ക്കു
തെങ്ങുകളും വീടുകളും പിറകോട്ട് പാഞ്ഞു കൊണ്ടിരുന്നു.
കമ്പികളുടെ തുരുമ്പ് മണം മടുത്ത് തുടങ്ങിയപ്പോ ഞാന്‍ അനിയനെ നോക്കി. തല കുനിച്ച് നിലം നോക്കിയിരിക്കാണ്.

“മക്കള്‍ക്ക് കടലമിട്ടായി ഇഷ്ടമാണോ?” ആന്റി പ്ലാസ്റ്റിക് കവര്‍ കീറി ഞങ്ങള്‍ക്ക് നേരെ നീട്ടി.
മിട്ടായി വായിലിട്ടപ്പോ അവന്റെ കവിള്‍ പിന്നേം വീര്‍ത്തു.

“കൊറച്ച് വറ്ത്തായാണ്” ഉമ്മ ബാഗില്‍ നിന്ന് പൊതിയെടുത്ത് തിരിച്ചും നീട്ടി.

“ഈരണ്ടു കൊല്ലം കൂടമ്പോഴല്ലെ ഇപ്പോ ഇലക്ഷന്‍” ആന്റിയുടെ അടുത്തിരുന്ന അങ്കിള്‍ പേപ്പര്‍ മടക്കി വെച്ചു.

“ കോഴിക്കോടന്‍ ചിപ്സിനെ പറ്റി അച്ഛന്‍ എപ്പോഴും പറയും.”
ആന്റി പൊതി അങ്കിളിനും കൊടുത്തു. തിരിച്ച് ഉമ്മാക്ക് കൊടുത്തപ്പോ ഉമ്മ വാങ്ങിയില്ല.
“അത് വെച്ചോളീ, അച്ഛന് ഇഷ്ടല്ലേ.” ഇനി ഉപ്പുമ്മാക്ക് കൊടുക്കാന്‍ വറുത്തായി ഇല്ല.

എനിക്ക് ബോറടിച്ച് തുടങ്ങി. ഉപ്പയും അങ്കിളും പേപ്പറിലെ കാര്യങ്ങള്‍ പറയാണ്. അങ്കിളിന്റെ അടുത്തായി ഒരു വയസ്സന്‍ ഉറക്കം തൂങ്ങിയിരിക്കുന്നു. അയാളുടെ പുരികങ്ങള്‍ക്കിടയില്‍ നിന്നും രണ്ട് നരച്ച മുടി നീളത്തില്‍ താഴോട്ട്.
എനിക്ക് ചിരി വന്നു.
“നോക്ക് നോക്ക്” ഞാന്‍ അനിയനെ തോണ്ടി.
വാ പൊത്തിപിടിച്ച് അവനും ചിരിക്കാന്‍ തുടങ്ങി.




’92.

നല്ല തിരക്കുണ്ട് ഇന്ന് ട്രെയിനില്‍. ജനല്‍ സീറ്റിന് വേണ്ടി ഓടാതെ ഞാന്‍ അനിയന്റേയും ഉമ്മാന്റേയും ഇടയിലിരുന്നു. എനിക്കായുള്ള അതിരുകള്‍ തിരിച്ചറിയാറായിരിക്കുന്നു. ഞങ്ങളെ എത്തിനോക്കി ഉപ്പയും ഒരറ്റത്തായി ഒതുങ്ങി. ചൂടും വിയര്‍പ്പ് മണവും കട്ടപിടിച്ച ഓരോ ശ്വാസവും മടുപ്പിച്ച്കൊണ്ടിരുന്നു. വണ്ടി ഒന്ന് നീങ്ങിതുടങ്ങിയിരുന്നെങ്കില്‍. മുന്നിലിരുന്ന മധ്യവയസ്ക വായിച്ചുകൊണ്ടിരുന്ന മാസിക താഴെ വെച്ചു. എനിക്ക് സിഗ്നല്‍ മനസ്സിലായി. ഇനി വിസ്താരം തുടങ്ങും. ഉപ്പാന്റെ അടുത്ത് നിന്നും സണ്ഡേ സപ്പ്ലിമന്റ് വാങ്ങി ഞാന്‍ അതിന് പിന്നില്‍ ഒളിച്ചു.

“ഏതു ക്ലാസിലാ മോള്‍ പഠിക്കുന്നത്?”
“പത്തിലേക്കാ.” ഉമ്മ പറഞ്ഞു.
“ആഹാ. ഏതു ഗ്രൂപ്പെടുക്കാനാ മോള്‍ക്കിഷ്ടം.” ഇത്തവണ ചോദ്യം നേരിട്ടാണ്.
“കണക്ക്”
“ഓ ഇഞ്ചിനിയറിങ്ങ് അല്ലേ.”
ഒരു നിമിഷം കഴിഞ്ഞില്ല. “മെഡിസന്‍ അല്ലേ പെണ്‍കുട്ടികള്‍ക്ക് ഒന്നൂടെ നല്ലത്?”

അവര്‍ പറഞ്ഞ് നിര്‍ത്തുന്നതിന് മുന്‍പേ ഉമ്മയും തുടങ്ങി, “അതന്നെ. ഞാനെപ്പോളും പറഞ്ഞു കൊട്ക്കും ഓള്‍ക്ക്, പെണ്ണുങ്ങക്ക് പറ്റിയ പണി ഡോക്ടര്‍ ഭാഗം തന്നാന്ന്.”

പേപ്പറിന് പിറകിലിരുന്നു ഞാന്‍ വെന്തു.

പുറത്തുള്ളവരുമായി സംസാരിക്കുമ്പോഴെങ്കിലും വീട്ടിലെ ഭാഷ മാറ്റികൂടെ ഉമ്മാക്ക്? വിദ്യാഭ്യാസവും സംസ്കാരവും ഇല്ലാത്തവരെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണോ? ഒരു പരിചയവുമില്ലാത്ത ആ സ്ത്രീയുടെ മുന്നില്‍ ചെറുതായപോലെ. ഞാന്‍ ബാഗില്‍ നിന്നൊരു ഇംഗ്ലീഷ് നോവല്‍ വലിച്ചെടുത്ത് അവര്‍ക്ക് കാണാവുന്ന തരത്തില്‍ തുറന്ന് പിടിച്ചിരുന്നു.

അനിയന്‍ തട്ടുപൊളിപ്പന്‍ ഹിന്ദിപാട്ട് പാടാന്‍ തുടങ്ങി.
“ഒന്നു മിണ്ടാണ്ടിരുന്നൂടെ.”
“നിനക്കെന്താ ഞാന്‍ പാടിയാല്‍.”
അച്ചടിച്ച് വാക്കുകള്‍ എന്നോടൊന്നും മിണ്ടാതെയിരിക്കുന്നു.

ഉപ്പയും കൂടെയിരിക്കുന്നവരും കാര്യമായ ചര്‍ച്ചയിലാണ്. മന്ദിര്‍-മസ്ജിദ്.
“എല്ലാം ഈ രാഷ്ട്രീയക്കാരുടെ കളികളല്ലെ?”
“ഉം. ഇനിയെങ്ങോട്ടാ നമ്മുടെ രാജ്യം പൊവ്വാ”
“ഇതൊക്കെ അങ്ങ് വടക്കേന്ത്യയിലേ നടക്കൂ. നമ്മുടെ കേരളത്തില്‍ അഴിമതിയും സമരങ്ങളുമൊക്കെ തഴച്ച് വളര്‍ന്നാലും, വര്‍ഗ്ഗീയത ഇവിടെ പിടിക്കില്ല”.

വര്‍ഗ്ഗീയ വികാരം വേര് പിടിക്കാത്ത് മണ്ണ്: രാഷ്ട്രീയ പ്രബുദ്ധതയുടെ നാട്: മതസൌഹാര്‍ദ്ദത്തിന്റെ ഉത്തമ മാതൃക: വായിച്ചും , കേട്ടും മനസ്സില്‍ പതിഞ്ഞ ക്ലീഷേകള്‍ പകരുന്ന അഹങ്കാരം രഹസ്യമായി നുകര്‍ന്ന് ഞാനുമിരുന്നു.

വണ്ടി ഒരു സ്റ്റേഷനില്‍ നിന്നു.
“ഉമ്മാ ഞാനൊന്ന് നടന്നിട്ട് വരാം” അനിയന്‍ പുറത്തേക്കിറങ്ങി.
എന്നെ കാത്തുനില്ക്കേണ്ടതില്ല എന്ന് അവനുമറിയാം. ഡോക്ടറായാല്‍ എനിക്ക് വിലക്കപ്പെട്ട ഇടങ്ങളിലും പ്രവേശനം കിട്ടോ? നിര്‍ത്തിയിട്ട വണ്ടിയില്‍ വായു പിന്നേയും കട്ടപിടിച്ചു. വിക്റ്റോറിയന്‍ ഇംഗ്ലണ്ടിന്റെ തണുപ്പ് തേടി ഞാന്‍ കൈയിലിരുന്ന നോവലിലേക്കിറങ്ങി ചെന്നു.




‘02

തൊട്ടുരുമ്മി ഇരിക്കേണ്ടി വരുമ്പോഴും നമുക്കിടയിലെ ദൂരങ്ങള്‍ എത്ര സൂക്ഷ്മമായാണ് നമ്മള്‍ നിലനിര്‍ത്തുന്നത്? വണ്ടി നീങ്ങി തുടങ്ങിയപ്പോള്‍ ചാരിയിരുന്ന് മുന്നിലെ മുഖങ്ങള്‍ വായിച്ചെടുക്കാന്‍ ശ്രമിച്ചു. മുഖങ്ങള്‍ക്കെല്ലാം ഒരേ ഭാവം. തൊട്ടുതൊട്ടു നില്‍ക്കുന്ന മുഖങ്ങളെ നനഞ്ഞ കൊമ്പില്‍ പറ്റിപിടിച്ചിരിക്കുന്ന ഇതളുകളായി കവിക്ക് തോന്നിയത് ഇങ്ങനെയൊരു വിരസമായ യാത്രയിലായിരിക്കുമോ?


ഉമ്മ പുതിയ വനിത അരച്ചുകലക്കുന്ന തിരക്കിലാണ്. ഉപ്പയിരുന്ന് ഉറക്കം തൂങ്ങുന്നു. കണ്ടു മടുത്ത വഴിയിലൂടെയുള്ള രണ്ടു മണിക്കൂ‍ൂര്‍ യാത്ര അറ്റമില്ലാതെ നീണ്ടു കിടക്കുകയാണ്. ആരെങ്കിലും എന്തെങ്കിലും സംസാരിച്ചിരുന്നെങ്കില്‍. അല്ലെങ്കിലും പൊതുസ്ഥലങ്ങളില്‍ സംസാരിക്കണമെങ്കില്‍ നമുക്കിപ്പോള്‍ മൊബൈല്‍ വെണമല്ലോ.


ബോറടി മാറ്റാന്‍ ഞാന്‍ പഴയ കളിയിലേക്ക് തിരിഞ്ഞു.

ചട്ക്കു പട്ക്കു ചട്ക്കുപട്ക്കുചക്കുപക്കു

“ഒരു ചോദ്യണ്ട്’” അനിയന്‍ സ്പോര്‍റ്റ്സ്റ്റാര്‍ മാറ്റിവെച്ചു.
അവനും ബോറടിച്ച് തുടങ്ങിയിട്ടുണ്ടാവും. കേട്ടും പറഞ്ഞും മടുത്ത ആനയും ഉറുമ്പും കഥകള്‍ മത്സരിച്ചിറക്കി ഞങ്ങള്‍. അറിയാവുന്ന ചളിയെല്ലാം വാരിയെറിഞ്ഞിട്ടും ഇനിയും ഒരു പാട് ദൂരം.
അപ്പുറത്ത് നിന്ന് സംഭാഷണശകലങ്ങള്‍ കാറ്റ് കൊണ്ടു വരുന്നുണ്ട്: സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍, ജനാധിപത്യ രീതികള്‍- വണ്ടിയുടെ ശബ്ദത്തില്‍ പെട്ട് മുങ്ങിയും മുറിഞ്ഞും. എനിക്കവിടെ ചെന്നിരുന്ന് മുഴുവന്‍ കേട്ടാല്‍ കൊള്ളാമെന്നുണ്ട്. ചില ദൂരങ്ങള്‍ കടക്കാന്‍ ഇപ്പോഴും എനിക്കാവില്ലെന്ന തിരിച്ചറിവോടെയിരുന്നു.

“പോയിട്ടും പോയിട്ടും എത്തുന്നില്ലല്ലോ” അനിയന്‍ പറഞ്ഞു.
“ഉം. പോക്ക് കണ്ടാ തോന്നും ഇപ്പോ പാകിസ്ഥാന്‍ ബോര്‍ഡര്‍ എത്തുംന്ന്.”
“ഹ ഹ. സ്റ്റോപ്. പാക്കിസ്ഥാന്‍. ആളിറങ്ങാനുണ്ടേ.” അവനും വളിപ്പടി മൂഡില്‍ തന്നെ.

പെട്ടന്ന് ഉപ്പ തലയുയര്‍ത്തി നോക്കി, അരുതെന്ന് കണ്ണുകള്‍ കൊണ്ട്.

ഓ.
ഓ മാറാട്.

പാക്കിസ്ഥാന്‍ ഇനി മുതല്‍ ഇന്ത്യന്‍ ടീമുമായി പൊരിഞ്ഞ ക്രിക്കറ്റ് കളിക്കുന്ന ഒരു രാജ്യം മാത്രല്ല. ജനലഴികളുടെ തുരുമ്പ് രുചി നാവില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പോലെ. പരസ്പരം കണ്ണുകളില്‍ നോക്കാതിരിക്കാന്‍ ശ്രദ്ധിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു.

മുന്നോട്ട് പോകും തോറും ഈ നശിച്ച ദൂരം കൂടി വരാണാല്ലോ.

Friday, December 01, 2006

കാരുണ്യവതിയായ അപരിചിത

(സന്തോഷിന്റെ കാരുണ്യവാനായ അപരിചിതന്‍ ഉണര്‍ത്തിയ ഒരോര്‍മ്മ)

സെപ്റ്റംബര്‍ 11 കഴിഞ്ഞ് ഒരാഴ്ചയേ ആയുള്ളൂ. ഞങ്ങള്‍ യു. എസില്‍ കാല് കുത്തിയിട്ട് ഒരു മാസവും. ട്വിന്‍ ടവേര്‍സ് തകര്‍ന്നു വീണപ്പോള്‍ പുതിയ ആശങ്കകള്‍ ഞങ്ങളുടെ മനസ്സില്‍ ഉയരുകയായിരുന്നു. കുറച്ച് ദിവസത്തേക്കെങ്കിലും പൊതുസ്ഥലങ്ങളില്‍ നിന്നും കഴിയുന്നത്ര വിട്ട് നില്‍ക്കണമെന്നും, ആന്റി-മുസ്ലിം ക്രൈം തരംഗം സൂക്ഷിക്കണമെന്നും പള്ളിയില്‍ നിന്നും നോട്ടീസ്. മുസ്ലിം പള്ളികളുടേയും, ഭവനങ്ങളുടേയും നേരെ നടക്കുന്ന അക്രമങ്ങളുടെ കഥകള്‍. എല്ലാം അടങ്ങുന്നത് വരേക്കെങ്കിലും എന്റെ വേഷം മാറ്റാന്‍ വീട്ടില്‍ നിന്നുള്ള വിളികള്‍. സംശയത്തോടേയും, ഭയത്തോടേയുമല്ലാതെ ലോകത്തെ നോക്കാനാവാത്ത മാനസികാവസ്ഥ.

നാല്പത് മിനിറ്റ് ദൂരേയുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്ന വഴിയില്‍, തിരക്കേറിയ റോഡില്‍ വെച്ച് ഞങ്ങളുടെ കാറിന് ഫ്ലാറ്റ് ടയര്‍. പതിയെ തിരക്കു കുറഞ്ഞ ഇടവഴിയിലേക്ക് കാറൊതുക്കി വെച്ച് ഇനിയെന്തെന്ന് ഞങ്ങള്‍. ഒക്കുന്ന വിലക്ക് വാങ്ങിയ പഴഞ്ചന്‍ കാറില്‍ സ്പേര്‍ ടയര്‍ ഇല്ല, മെക്കാനിക് എവിടെയെന്നറിയില്ല, എന്തിന് കൈയില്‍ ഒരു സെല്‍ഫോണ്‍ പോലുമില്ല. ആ വഴി പോകുന്നവരില്‍ ചിലര്‍ ഞങ്ങളെ എത്തിനോക്കുന്നുണ്ട്. ആര്‍ക്കും ആരേയും തിരിഞ്ഞു നോക്കാന്‍ നേരമില്ലാത്ത നാട്.

എവിടെ നിന്നെന്നില്ലാതെ ഒരു സ്ത്രീ ഞങ്ങള്‍ക്കരികില്‍ കാര്‍ പാര്‍ക്ക് ചെയ്ത് അടുത്തുള്ള മെക്കാനിക്കിന്റെ നമ്പര്‍ തന്ന് പോയി. ആശ്വാസത്തോടെ ഫോണ്‍ ബൂത്ത് കണ്ട് പിടിക്കാനൊരുങ്ങുമ്പോള്‍ അവര്‍ യൂ റ്റേണ്‍ എടുത്ത് വീണ്ടും വന്ന് ഞങ്ങളുടെ കൈയില്‍ ഫോണ്‍ ഉണ്ടോയെന്ന് അന്വേഷിച്ചു. (ഇവിടെ ഒരഞ്ച് ! ചിഹ്നം അധികാവില്ലല്ലോ?) മെക്കാനിക്കിനെയും, ഞങ്ങളുടെ സുഹൃത്തിനെയും വിളിച്ച് വിവരമറിയിക്കാന്‍ ഫോണ്‍ തന്നിട്ട് ആ സ്ത്രീ പോയി, ഏതോ അക്രമത്തിന് ഇരയാകാനെന്ന പോലെ ഒരുങ്ങി നിന്ന എന്റെ മനസ്സിന് ഒരു കുത്തും തന്നിട്ട്. അന്ന് മുതല്‍ അമേരിക്കക്കാരെ സ്വന്തം കാര്യം മാത്രം നോക്കുന്നവര്‍ എന്ന ലേബലൊട്ടിക്കുന്നിടത്തെല്ലാം ഞങ്ങള്‍ ആ സ്ത്രീക്ക് വേണ്ടി വാദിക്കാനും തുടങ്ങി.