Showing posts with label ക ഥ മ തി. Show all posts
Showing posts with label ക ഥ മ തി. Show all posts

Monday, February 18, 2008

ചില്ലറ നഷ്ടങ്ങള്‍

പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഞങ്ങളുടെ ഗേറ്റിന് മുന്‍പില്‍ തന്നെയായി ചെറിയ എട്ടുകള്‍ വരച്ചു കൊണ്ടു അവളുടെ ലേഡി ബേഡില്‍ റീനിയുണ്ടായിരുന്നു.
‘ഇന്നെവിടേക്കാ?‘
‘സീക്രറ്റ് ഗാറ്ഡന്‍’
ആ വേനലവധിക്കാലത്ത് ഞങ്ങളുടെ സൈക്കിളുകള്‍ ഞങ്ങളുടെ ശരീരത്തോട് കൂട്ടിചേറ്‌ത്തത് പോലെയായിരുന്നു. തളരുന്നത് വരെ പെഡല്‍ തള്ളാന്‍ കൊതിക്കുന്ന കാലുകളും, തണുത്ത കാറ്റേറ്റ് നീറാന്‍ വെമ്പുന്ന കണ്ണുകളുമായി നീണ്ട സൈക്കിള്‍ യാത്രകള്‍ നിറഞ്ഞ ഉറക്കം വിട്ട് ഞങ്ങള്‍ ഉണര്‍ന്നു. വീട്ടുകാരുടെ അറിവോടെ പരിചയമുള്ള വഴികളിലൂടെയും, അവരുടെ കണ്ണുകള്‍ വെട്ടിക്കാനാകുമ്പോള്‍ പുതിയ വഴികള്‍ തേടിയും ഞങ്ങള്‍ സൈക്കിള്‍ ചവിട്ടി, ആഞ്ഞു വരുന്ന കാറ്റിനെ മുഖത്തടിക്കാന്‍ സമ്മതിച്ചു കൊണ്ട്, ഓരോ കുലുക്കത്തിലും നട്ടെല്ലിലൂടെ കയറുന്ന മുരള്‍ച്ച അറിഞ്ഞു കൊണ്ട്, ഞങ്ങളെ കാത്ത് കിടക്കുന്ന പുതിയ ലോകത്തിലേക്ക് ആവുന്നത്ര വേഗത്തില്‍ ഞങ്ങള്‍ സൈക്കിള്‍ ചവിട്ടി. സൈക്കിളില്‍ നിന്ന് ഇറങ്ങുമ്പോഴെല്ലാം ശരീരത്തിന്റെ ഒരു ഭാഗം അടര്‍ന്നു പോവുന്നതായി തോന്നുന്നത് വരെ ഞങ്ങള്‍ സൈക്കിള്‍ ചവിട്ടി.

കോളനിയുടെ ഗേറ്റും കടന്ന് ചില കുറുക്കുവഴികള്‍ എടുത്ത് ഞങ്ങള്‍ പണി നടന്നുകൊണ്ടിരിക്കുന്ന ഒരു റോഡിലെത്തി. വല്ലപ്പോഴും മാത്രം വണ്ടികള്‍ വരുന്ന വീതിയുള്ള റോഡ്. ഇളം കാറ്റും ഇളം വെയിലും. സൈക്കിള്‍ ഓടിക്കുമ്പോള്‍ ഞങ്ങള്‍ സംസാരിക്കാറില്ല, അല്ലെങ്കില്‍ സൈക്കിള്‍ ഓടിക്കുമ്പോള്‍ ഞങ്ങള്‍ സംസാരം നിര്‍ത്താറില്ല. ചാഞ്ഞ് കൊണ്ട് വലിയ എട്ടുകള്‍ തീര്‍ത്ത്, നെഞ്ച് ചൂടായി പൊള്ളുന്നത് വരെ വേഗത്തില്‍ ഓടിച്ച്, പിന്നെ കൈകള്‍ വിട്ട് പറക്കുന്നതായി ഭാവിച്ചും ഞങ്ങള്‍. എപ്പോഴാണ് അയാള്‍ ഞങ്ങള്‍ക്കൊപ്പം എത്തിയതെന്ന് ഓര്‍മ്മയില്ല. റോഡിന്റെ നടുവിലൂടെ അലസമായി സൈക്കിള്‍ ചവിട്ടുന്ന മഷി നിറമുള്ള റ്റീ ഷര്‍ട്ടുകാരന്‍. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നടന്നുപോകുന്നതിലും വേഗത്തില്‍ എത്താനുള്ള വാഹനമായി മാത്രം സൈക്കിള്‍ ഉപയോഗിക്കുന്നവരായേ മുതിര്‍ന്ന പുരുഷന്മാരെ ഞങ്ങള്‍ കണ്ടിട്ടുള്ളൂ.

‘രണ്ടാളും അസ്സലായി ഓടിക്കുന്നുണ്ടല്ലോ. എന്നും ഈ വഴി വരാറുണ്ടോ?’
‘ചെലപ്പോ’റീനി പറഞ്ഞു.
‘എന്ന് വെച്ചാല്‍ അച്ഛന്റേയും അമ്മയുടേയും കണ്ണ് വെട്ടിക്കാനായാല്‍ അല്ലേ?’ കണ്ണുകള്‍ ചെറുതാക്കി കൊണ്ട് അയാള്‍ ചിരിച്ചു.
ഞങ്ങളുടെ അല്‍ഭുതം ഇരട്ടിച്ചു. മറ്റു പുരുഷന്മാരെ പോലെ ഞങ്ങള്‍ നിസ്സാരറാണെന്ന് ഓര്‍മ്മിപ്പിക്കുന്നത് പോലെയല്ല ഈ മനുഷ്യന്‍ സംസാരിക്കുന്നത്.
‘എന്താ നിങ്ങളുടെ പേര്?’
‘ഞാന്‍ അനു, ഇത് റീനി’ പേര് പറയുമ്പോള്‍ എന്റെ മുടി വല്ലാതെ പാറിപ്പറന്നിട്ടുണ്ടാവുമോ എന്ന് ഞാനോര്‍ത്തു. ഞങ്ങള്‍ക്കൊപ്പമായി തന്നെ അയാളുടെ വലിയ മെറൂണ്‍ നിറത്തിലെ സൈക്കിള്‍.
‘വൃന്ദാവന്‍ കോളണിയില്‍ അല്ലേ?’
‘അതെ’
‘ഏതു ക്ലാസ്സിലാ?’
‘ആറില്‍’
‘ആഹാ. അപ്പോ വലിയ കുട്ടികളാണല്ലോ’

ഞങ്ങള്‍ ചിരിച്ചു. ആ പറഞ്ഞത് കള്ളമാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഇപ്പോഴും അമ്മയാണ് എന്റെ മുടി കെട്ടിവെച്ച് തരാറ്. റീനിയെ അവളുടെ വീട്ടില്‍ വാവ എന്നാണ് വിളിക്കാറ്. കള്ളമായിരുന്നിട്ടും ഞങ്ങള്‍ക്ക് സന്തോഷം തോന്നി.
‘സമ്മര്‍ വെക്കേഷന്‍ അടിച്ചുപൊളിക്കുകയാണല്ലേ? ഈ റോഡിന്റെ അറ്റം വരെ പോകുമോ നിങ്ങള്‍?’ ‘ചിലപ്പോ’
‘ആഹാ. രണ്ടു പേരേയും കണ്ടാല്‍ അറിയാനുണ്ട് അത്. വ്യായാമം അത്യാവശ്യമായ പ്രായമാണിത്. സൈക്ക്ലിങ്ങ് നിര്‍ത്തരുത് കേട്ടോ’. കണ്ണുകള്‍ ഇറുക്കി ചിരിച്ചു കൊണ്ട് തന്നെ അയാള്‍ തുടര്‍ന്നു ‘പെണ്‍കുട്ടികളായാല്‍ ഇങ്ങനെ വേണം.’
എന്തു പറയണമെന്ന് അറിയാത്തത് കൊണ്ട് ഞങ്ങള്‍ ഉറക്കെ ചിരിച്ചു. അത്ര വേഗത്തില്‍ ഒന്നുമല്ലായിരുന്നു ഞങ്ങള്‍ പോയിരുന്നത്, എന്നിട്ടും എന്റെ നെഞ്ചിടിപ്പ് കൂടിയത് എന്തിനാണെന്ന് അറിയില്ല.
‘നിങ്ങളും സമ്മര്‍ വെക്കേഷന്‍ അടിച്ചു പൊളിക്കുകയാണോ?’ റീനി ഉറക്കെ ചോദിച്ചു.
അയാള്‍ ആര്‍ത്തു ചിരിച്ചു.ഇയാള്‍ ശരിക്കും വ്യത്യസ്ഥനാണ്.
‘ഇന്നേതായാലും നിങ്ങളുടെ കൂടെ അടിച്ചുപൊളിക്കാന്‍ ഞാനും കൂടാം.’
‘ഇന്ന് ഞങ്ങള്‍ റോഡിന്റെ അറ്റം വരെ പോണില്ല. ആ ഇടവഴിയിലേക്കിറങ്ങാണ്’. പറഞ്ഞ് നാവെടുത്തപ്പോള്‍ ആ വഴിയെ കുറിച്ച് അയാളോട് പറയേണ്ടായിരുന്നു എന്നെനിക്ക് തോന്നി.
‘ഞാനും ഉണ്ടെന്നെ. ഇടവഴിയെങ്കില്‍ ഇടവഴി’ .

തെങ്ങിന്‍ തോപ്പുകള്‍ക്ക് നടുവിലൂടെ പോകുന്ന ഒരു കൊച്ച് വഴിയാണ് അത്. പണി തുടങ്ങുമ്പോള്‍ തന്നെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു വീടിന്റെ തറ വഴിയരുകില്‍ ഉണ്ട്. ചുറ്റും എത്തിനോക്കുന്ന തെങ്ങിന്‍ തലകള്‍ക്കിടയിലൂടെ കാണുന്ന ആകാശം നോക്കി പൂപ്പലോടിയ ആ പഴയ തറയില്‍ കിടക്കാന്‍ ഞങ്ങള്‍ക്ക് ഇഷ്ടമാണ്. പേരറിയാ കിളികളും, ആകാശ കഷ്ണവും , പച്ചയും, ചാരി വെച്ച സൈക്കിളുകളും ഞങ്ങളും മാത്രം. ഇതായിരുന്നു ഞങ്ങളുടെ സീക്രറ്റ് ഗാര്‍ഡന്‍.

കൈകള്‍ വേദനിച്ചു തുടങ്ങിയപ്പോഴാണ് ഞാന്‍ ഹാന്‍ഡലില്‍ വല്ലാതെ മുറുക്കി പിടിച്ചിരിക്കുകയാണ് എന്നറിഞ്ഞത്.
‘ഇവിടെയെങ്ങും ആള്‍ താമസമില്ലല്ലോ’ ഇടവഴിയിലേക്ക് തിരിയുമ്പോള്‍ അയാള്‍ പറഞ്ഞു.
എനിക്ക് തല വേദനിച്ച് തുടങ്ങിയിരുന്നു.
‘റീനി, മതി. നമുക്ക് പോകാം’ ഞാന്‍ പറഞ്ഞു.
‘ഇത്ര നേരത്തേയോ?’
അയാള്‍ തൊട്ടു പിറകെ തന്നെയുണ്ട്. എനിക്ക് പെട്ടെന്ന് വല്ലാത്ത അരിശം തോന്നി.
‘ഞാനില്ല ഇനി’. ഞാന്‍ വഴിയരുകില്‍ സൈക്കിള്‍ നിര്‍ത്തി.

തിരിഞ്ഞു നോക്കാതെ റീനിയുടെ ലേഡി ബേഡ് പറന്നു. ഇനി അവളോട് കൂട്ട് വേണ്ട എന്ന് തന്നെ ഞാന്‍ തീരുമാനിച്ചു. എന്നേയും കടന്ന് അയാള്‍ പോയി. അയാ‍ളുടെ സൈക്കിള്‍ പുതിയതാണെന്ന് ഞാന്‍ കണ്ടു. ആ ഒതുങ്ങിയ ഇടവഴിയില്‍ ആ വലിയ സൈക്കിള്‍ ചേരുന്നില്ലെന്നും. വേറേയും എന്തോ പൊരുത്തക്കേട് ഉണ്ട് ചിത്രത്തില്‍. റീനി. മുന്നോട്ടാഞ്ഞ് സൈക്കിള്‍ ഓടിക്കുകയാണ് അവള്‍-ഇടയ്ക്കൊന്ന് കൈകള്‍ വിടര്‍ത്താതെ, വഴിയിലെ കരിങ്കല്ലിലൂടെ എടുത്ത് വിറപ്പിക്കാതെ, നേര്‍വരയില്‍, വേഗത്തില്‍. തനിയെ മടങ്ങാന്‍ എനിക്കാവില്ല എന്നും ഞാനറിഞ്ഞു. എന്റെ കാലുകള്‍ പതിവിലും ശക്തമായി തോന്നി. തിളങ്ങുന്ന മെറൂണ്‍ മഡ് ഗാഡിനു നേരെ കാലുയര്‍ത്തുമ്പോള്‍ അയാള്‍ മണ്ണില്‍ വീണ് കിടക്കുന്നത് എനിക്ക് മനസ്സില്‍ കാണാമായിരുന്നു.

‘റീനീ പേടിക്കേണ്ട, ഞാനയാളെ ചവിട്ടിയിട്ടു’ വിളിച്ചു പറഞ്ഞത് അവള്‍ കേട്ടിരുന്നോ എന്നറിയില്ല. റീനിയുടെ വീട്ടിനു മുന്നിലെ അശോക മരം കണ്ടപ്പോഴാണ് ഞങ്ങള്‍ ശ്വാസം വിട്ടത്.

‘സൈക്കിള്‍ റാണിമാര്‍ ഇന്ന് നേരത്തേ വന്നല്ലോ’ എന്ന് അവളുടെ അമ്മ പറഞ്ഞപ്പോഴും എന്ത് പറയണമെന്ന് അറിയാത്തത് കൊണ്ട് ഞങ്ങള്‍ ചിരിച്ചു. ആ അശോകമരം കാണുന്നത് വരെ ഒരു ചുഴലിക്കാറ്റ് പോലെ എന്തോ ഒന്ന് ഞങ്ങളെ വിഴുങ്ങാനാഞ്ഞ് കൊണ്ട് തൊട്ടുപിറകിലായി വരുന്നുണ്ടായിരുന്നു എന്ന് ഞങ്ങള്‍ ഒരിക്കലും ആരോടും പറയുകയില്ല. അതിനു ശേഷവും പഴയതും പുതിയതുമായ വഴികളിലൂടെ ഞങ്ങള്‍ സൈക്കിളോടിച്ചിരുന്നു. അതിന് ശേഷം കാറ്റിനേയും വെയിലിനേയും കാത്തു കിടക്കുന്ന ലോകത്തേയും സ്വാഗതം ചെയ്തു കൊണ്ട് വേഗത്തില്‍ ഓടിച്ചു ചെല്ലാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല എന്ന് മാത്രം.

Tuesday, February 05, 2008

നടത്തം

(ഇഷ്ടം തോന്നുന്നവര്‍ നടന്ന വഴിയേ നടന്നു നോക്കുക എന്നത് മനുഷ്യസഹജമായവാസനയാണ് എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടാവണം. സിദ്ധാര്‍ത്ഥന്‍ നടന്നു. ഡാലിയും നടന്നു. ഞാനും നടന്നു നോക്കി.)



ഇന്ന് സുമേഷിന്റെ ബ്ലോഗില്‍ ഇത് മാത്രമായിരുന്നു.
--------------------------------------
Tuesday, February 05, 2008
സൈകോജിയോഗ്രഫി
തിരിഞ്ഞു നോക്കാതെ എത്ര ദൂരം നടക്കാനാവും?
---------------------------------------

ഞാന്‍ രണ്ടു വര്‍ഷത്തിലെറേയായി പതിവായി വായിക്കുന്ന ബ്ലോഗാണ് സുമേഷിന്റേത്. അമേരിക്കയിലെവിടെയോ ഉള്ള വിദ്യാര്‍ത്ഥി. എന്താ കാര്യമെന്നോര്‍ത്ത് ഞാന്‍ കഴിഞ്ഞ പോസ്റ്റ് ഒരിക്കല്‍ കൂടെ വായിച്ചു.
-----------------------------------------
Sunday, February 03, 2008
ഒരുപാടു നാളുകള്‍ക്ക് ശേഷം റിസേര്‍ച്ചിന്റെ തിരക്കൊഴിഞ്ഞ ഞായറാഴ്ച വീണ് കിട്ടി. പതിവ് വഴി വിട്ടൊന്ന് നടക്കാന്‍ തോന്നി . അപ്പാര്‍ട്ട്മെന്റ് ഗേറ്റിന് മുന്‍പില്‍ വെച്ച് പതിവ് പോലെ വലത്തോട്ട് നടക്കാനൊരുങ്ങുകയായിരുന്നു. വെറുതെ മറുവശത്തോട്ട് നോക്കിയപ്പോള്‍ റോഡിന്‍ ഇരുഭാഗത്തുമായി പൈന്മരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു. ഈ ജനുവരി തണുപ്പിലും ഇത്ര പച്ച . ദൂരെ വെയിലടിച്ചിട്ട് മരങ്ങളുടെ പച്ചക്ക് നല്ല തെളിച്ചം. തെളിഞ്ഞ പച്ചയല്ല, green ochre അനിയത്തി കണ്ടിരുന്നെങ്കില്‍ പറയുമായിരുന്നു. ഏതായലും ഗ്രീന്‍ ഓകര്‍ വിളിച്ചിടത്തേക്ക് ഞാന്‍ നടന്നു. മരങ്ങള്‍ക്കിടയിലൂടെ നീലപ്പൊട്ടുകള്‍ കണ്ടപ്പോഴാണ് ശ്രദ്ധിച്ചത്. അത്യാവശ്യം വലിയൊരു കുളം . അപാര്‍ട്ട്മെന്റിന് ഇത്ര അടുത്തായിട്ടും ഈ കുളം ഇതു വരെ ഞങ്ങളാരും കണ്ടിട്ടില്ല. മരങ്ങള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങുമ്പോള്‍ എന്റെ വരവ് കണ്ടിട്ട് ഒരു മുയല്‍ ഭയന്നോടുന്നത് മിന്നായം പോലെ കണ്ടു. തുറസ്സായ സ്ഥലം. ഈ നാട്ടിലെ സംസ്കാരത്തിന്റെ വിശാലത ഇവിടത്തെ ഭൂമിയിലുമുണ്ട്. ഷൂസും സോക്സും അഴിച്ച് തണുത്ത വെള്ളത്തില്‍ കാല്‍ മുക്കിയപ്പോള്‍ പിറകില്‍ ആരെങ്കിലും ഇരിപ്പുണ്ടോ എന്ന് തിരിഞ്ഞ് നോക്കാന്‍ പെട്ടെന്ന് തോന്നി.
-------------------------------------------------------
എന്റെ മന‍സ്സില്‍ എന്തോ ക്ലിക്കി. ആര്‍കൈവ്സ് തിരഞ്ഞപ്പോള്‍ ഓര്‍മ്മകള്‍ എന്ന ലേബലില്‍ കിട്ടി.
-------------------------------------------------------
Thursday, June 22, 2006
ഇന്ന് ക്ലാസ് കഴിഞ്ഞ് പരാഗിന്റെ വണ്ടിയില്‍ ലിഫ്റ്റ് കിട്ടി. പിങ്ക് ഫ്ലോയിഡ് കേട്ടു വരുമ്പോള്‍ സതീഷേട്ടനെ ഓര്‍മ്മ വന്നു. പഴയ ഞായറാഴ്ച വൈകുന്നേരങ്ങളും. ഞായറാഴ്ചകളില്‍ ഞങ്ങള്‍ ബീച്ചില്‍ പോകുമായിരുന്നു. വെള്ളത്തിന്റെ തണുപ്പ് മുഴുവന്‍ അറിയാനായി ഞാന്‍ കാല്‍ വളരെ പതുക്കെയേ വെള്ളത്തില്‍ വെക്കുമായിരുന്നുള്ളൂ. പിന്നെ കുറച്ച് മുന്നോട്ട് ചെന്ന് നിന്ന് കടലിന്റെ അറ്റം ആകാശത്തെ തൊടുന്നത് എവിടെയാണെന്ന് നോക്കിനില്‍ക്കും. പിന്നേയും മുന്നോട്ട്. മുട്ടിന് താഴെ വരെ വെള്ളമായാല്‍ കരയിലെക്ക് തിരിഞ്ഞ് നോക്കും. അച്ഛനും അമ്മയും രണ്ട് പൊട്ടായി കരയിലിരുപ്പുണ്ട്. കുറച്ച് കൂടെ മുന്നോട്ട് പോകും, എന്നിട്ട് സതീഷേട്ടനെ അനുകരിച്ച് കൈകള്‍ വിടര്‍ത്തിനിന്ന് കൊണ്ട് ‘റണ്‍ രാബിറ്റ് റണ്‍‘ എന്നുറക്കെ പാടുമായിരുന്നു. ഉപ്പുവെള്ളം മുഖത്ത് തെറിക്കുമ്പോള്‍ തിരിഞ്ഞ് നോക്കും. ദൂരെയുണ്ട് രണ്ട് പൊട്ടുകള്‍. അതിലൊന്ന് നില്‍ക്കുന്നത് കണ്ടാല്‍ ഞാന്‍ കരയിലേക്ക് തിരിഞ്ഞ് നടക്കും.

------------------------------------------------------

Thursday, November 15, 2007

പാപ്പാത്തിയും തത്തമ്മയും

പാപ്പാത്തിയില്‍ നിന്നാണ് അമ്മ കഥ തുടങ്ങാറ്.

‘ഒരു ദിവസം മുറ്റത്ത് ഒരു പൂവിലിരുന്ന് ഒരു പാപ്പാത്തിയിങ്ങനെ തേന്‍ കുടിക്കുകയായിരുന്നു’.

കഥ പറച്ചലില്‍ ഞങ്ങള്‍ക്കും ഇടം തരാന്‍ അമ്മ മടിച്ചിരുന്നില്ല. ഓരോ നേരത്തെയും ഞങ്ങളുടെ തോന്നലനുസരിച്ച് അരിപ്പൂവിലോ, തെച്ചിയിലോ ഇരുന്ന് പല നിറങ്ങളോടെ പാപ്പാത്തി തേന്‍ കുടിച്ചു.

‘അപ്പോഴുണ്ട് വരുന്നു’.

നൂറു വട്ടം കേട്ട കഥയാണെങ്കിലും ചോദിക്കാതിരിക്കാനവില്ല, ‘ആര്?’

‘ഒരു തത്തമ്മ. ചുവന്ന കൊക്കും, മിനുസമുള്ള തൂവലുകളുമുള്ള തത്തമ്മ. എന്നിട്ട് തത്തമ്മ പാപ്പാത്തിയുടെ അടുത്ത് ചെന്ന് ചോദിക്കും, “പാപ്പാത്തീ, പാപ്പാത്തീ, കുറച്ച് തേന്‍ തരുമോ?”. പാപ്പാത്തി പറയും “തരൂല”. “പ്ലീസ് പാപ്പാത്തീ, കുറച്ച് മതി”. “ഇല്ലയില്ല” പാപ്പാത്തി തലയാട്ടും.’

ഭംഗിയുണ്ടായിട്ടെന്താ? ചീത്ത പാപ്പാത്തി.

എന്റെ മുടി അമര്‍ത്തി ചീകികൊണ്ട് അമ്മ തുടര്‍ന്നു, ‘ അപ്പോള്‍ തത്തമ്മ നിറഞ്ഞ കണ്ണോടെ പറയും “ ദൂരെ ദൂരെ എന്റെ കൂട്ടില്‍ എന്റെ കുഞ്ഞ് ഞാന്‍ വരുന്നതും കാത്തിരിക്കുകയാ. എന്റെ തത്തമ്മകുട്ടിക്ക് കൊടുക്കാനാണ്. ഇത്തിരി മതി”. പാപ്പാത്തിയുടെ മനസ്സലിയും, “ഈ തേനൊന്നും എന്റേതല്ല തത്തമ്മേ. ദാ ഈ വീട്ടില്‍ രണ്ട് കുട്ടികളുണ്ട് വിനിയും, സുമിയും. അവരുടേതാ. അവരോട് ചോദിച്ച് നോക്കൂ.” ’

കണ്ടോ, ഞങ്ങളിപ്പോള്‍ കഥയ്ക്കുള്ളിലായി. ഇനിയാണ് രസം.

‘അങ്ങനെ തത്തമ്മ വീട്ടിലേക്ക് നടന്നു’. ചൂണ്ടു വിരലും, പെരുവിരലും തറയിലൂന്നി ഞങ്ങള്‍ക്കിടയിലൂടെ അമ്മ തത്തമ്മയെ നടത്തിച്ചു, ‘ഡിങ് ഡിങ് ഡിങ്. എന്നിട്ട് ബെല്ലടിച്ചു. അമ്മ വാതില്‍ തുറന്നു ‘അല്ലാ, ആരിത് തത്തമ്മയോ, വാ വാ’. തത്തമ്മ അകത്ത് കയറിചെന്ന് മുറിയുടെ വാതിലില്‍ കൊക്ക് കൊണ്ട് മുട്ടി “ഡും ഡുംഡും”. സുമി വന്നു വാതില്‍ തുറന്നപ്പോള്‍ ഒരു തത്തമ്മ! അപ്പോ നിങ്ങളെന്താ പറയാ?’ പാതി ചിരിയോടെ അമ്മ ചോദിച്ചു.

‘കളിക്കാന്‍ വാ തത്തമ്മേന്ന്’ ഞങ്ങളൊരുമിച്ച് പറഞ്ഞു.

‘അപ്പോ തത്തമ്മ പറയും “ദൂരെ ദൂരെ എന്റെ കൂട്ടില്‍ എന്റെ കുഞ്ഞെന്നെ കാത്തിരിക്കുകയാ. സുമിയും വിനിയും ഒന്ന് പാപ്പാത്തിയോട് പറയോ കുറച്ച് തേന്‍ തരാന്‍?”.“ഓ പറയാലോ”. എന്നിട്ട് തത്തമ്മയുടെ ചിറകും പിടിച്ച് സുമിയും വിനിയും നടന്ന് നടന്ന് മുറ്റത്തെത്തും’.

ഇതാണെനിക്ക് ഏറ്റവും പ്രിയപ്പെട്ട ഭാഗം, തത്തമ്മയുടെ കൂടെ കൈ പിടിച്ച് നടക്കുന്നത്.നിങ്ങളിലാരെങ്കിലും തത്തമ്മയുടെ കൂടെ കൈ പിടിച്ച് നടന്നിട്ടുണ്ടോ? വിരലുകള്‍ക്കിടയില്‍ തത്തമ്മയുടെ ചിറകിനെ കോറ്‌ക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?

‘എന്നിട്ട് സുമിയും വിനിയും കൂടെ പാപ്പാത്തിയോട് പറയും “പാപ്പാത്തീ, പാപ്പാത്തീ, തത്തമ്മക്കൊരു ഗ്ലാസ്സ് നിറച്ചും തേന്‍ കൊടുക്കൂ” .“ഓ അതിനെന്താ?” പാപ്പാത്തി തേന്‍ കൊടുക്കും. “ സന്തോഷായി കുട്ടികളേ. എന്റെ കുഞ്ഞ് വിശന്നിരിക്കുകയായിരിക്കും, ഈ തേന്‍ വേഗം എന്റെ തത്തമ്മകുട്ടിക്ക് കൊണ്ടുകൊടുക്കട്ടേ” . എന്നിട്ട് തത്തമ്മ പാപ്പാത്തീന്റെ ചിത്രമുള്ള കുപ്പിഗ്ലാസ്സ് നിറച്ചും തേനുമായി ദൂരേയ്ക്ക് പറന്നു പറന്നു പോകും.’

‘തത്തമ്മയുടെ കൂട് ഒരു പാട് ദൂരെയാണോ അമ്മേ’ വിനി ചോദിച്ചു.

‘ദൂരെ, ദൂരെ’ തീരെ പതിഞ്ഞ ശബ്ധത്തില്‍ അമ്മ പറഞ്ഞു.

കഥ വിനിക്ക് കൊടുത്തത് എന്താണെന്ന് എനിക്കറിയില്ല. കഥ തീരുമ്പോഴൊക്കെ ഒരു മൌനം എന്നിലേക്ക് ഇറങ്ങി വരാറുണ്ട്. തീരാസങ്കടത്തിന്റെ വക്കോളമെത്തിച്ച് പിന്നെ അതെന്റെ കൈ കരുണയോടെ പിടിക്കാറുണ്ട്. കണ്ണടച്ചാല്‍ അറിയാം.

‘എന്നിട്ട് തത്തമ്മ പാപ്പാത്തീന്റെ ചിത്രമുള്ള ഗ്ലാസ്സ് നിറച്ചും തേനുമായി ദൂരേക്ക് പറന്നു പോകും’. നാലര വയസ്സുകാരിയെ ഒക്കത്ത് വെച്ച് ചോറൂട്ടുകയാണ് വിനി; ഒരല്പം വളവോടെ നില്‍ക്കുന്ന തണ്ടും, അതില്‍ നിന്ന് വിരിഞ്ഞ് വന്ന പൂവും.

‘തത്തമ്മ ഇനി വരില്ല അല്ലേ അമ്മേ?’ നിറഞ്ഞ സങ്കടത്തോടെ കുഞ്ഞ് ചോദിച്ചു. വിനിയുടെ മറുപടിയറിയാന്‍ ആകാംഷയോടെ ഞാന്‍ സോഫയില്‍ നിവര്‍ന്നിരുന്നു.

‘വരില്ലായിരിക്കും. എന്നാലും മോള്‍ക്ക് ഒന്നും തരാതെ തത്തമ്മ പോവില്ല. പോകുന്നവരൊക്കെയും നമുക്ക് ചേര്‍ത്തു പിടിക്കാന്‍ എന്തെങ്കിലും തരാതെ പോവില്ല.’

കഥ വിനിക്ക് കൊടുത്തതും, വിനി കഥക്ക് കൊടുത്തതും എന്ന് തുടങ്ങുന്ന ഒരു വാചകം കൂടി എഴുതാനുണ്ട്.

Saturday, September 01, 2007

പയങ്കഥ

കിട്ടുന്ന മിട്ടായിയെല്ലാം ബീമ ഒരു പിഞ്ഞാണത്തിലിട്ട് ജനല്‍പ്പടിമേല്‍ വെക്കും. അസര്‍ കഴിഞ്ഞ് നിസ്ക്കാരപ്പടം മടക്കുമ്പോളായിരിക്കും ബീവിയേ, ഇനിക്ക് മധുരണ്ടോന്നും ചോദിച്ച് ഉപ്പാപ്പ കേറി വരുക. വാപ്പക്കിങ്ങനെ ഷുഗറ് കേറ്റലീ ഉമ്മാ, പയേ പോലാണോന്ന് മക്കള്‍ പിരുസം കൊണ്ട് ഒച്ചയിടുമ്പം ഉപ്പാപ്പ ചിരിക്കും. ഒക്കെ പടച്ചോന്റെ കൈക്കലല്ലേ.

ബീവി ഉമ്മേം ഉപ്പാപ്പേം. ബീമേം ഉപ്പാപ്പേം. ബീമേപ്പാപ്പേം. ബീമയും ഉപ്പാപ്പയും മരിക്കുമെങ്കില്‍ ലോകത്തുള്ളതെല്ലാം മരിക്കുമെന്ന് പടാപ്പറത്തെ ഉരുണ്ട തൂണില്‍ ഒരു കൈ ചുറ്റി വട്ടം കറങ്ങിയിരുന്ന ട്രൌസറുകാരന് തോന്നി. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മരുഭൂമിയിലെ ഓയല്‍ റിഫൈനറയില്‍ പൈപ്പുകള്‍ക്കിടയില്‍ ഇരുന്ന് കൊണ്ടവന്‍ തന്നെ കാത്തിരിക്കുന്നവള്‍ക്കെഴുതും, ഉപ്പാപ്പ ബീമയെ നീ എന്ന് പോലും വിളിച്ച് കേട്ടിട്ടില്ല. ഞാനും അങ്ങനെയാവാന്‍ ആഗ്രഹിക്കുന്നു.

ചുക്കപ്പത്തിനായി മാവ് കൈകളില്‍ ഉരുട്ടിയുരുട്ടിയെടുക്കുന്ന നേരങ്ങളില്‍ ബീമയുടെ പയങ്കഥകളും അതൃപ്പത്തില്‍ മുറത്തിലേക്ക് വീഴും. മൂപ്പര് പന്ത് കളിക്ക്ണേട്ത്ത് ചെന്നല്ലേ ന്റെ അമ്മോന്‍ കണ്ടുറപ്പിച്ചത്? അന്ന് ഇനിക്ക് ദാ ഇത്ര ഒയരം. മൂപ്പരന്നെ കട്ടിന്മേല്‍ കേറ്റിതരലൈന്നും. ബീമ ചിരിക്കുമ്പോള്‍ കഴുത്തിലെ മടക്കുകള്‍ കൊസറ കളിക്കും. മാപ്ലേം ബീടര്‍ക്കുമിടയില്‍ നിരുമ്പും കള്ളത്തരം പാടില്ലാന്ന് ബീമ ഉരുട്ടിയിട്ടത് അപ്പുറത്ത് ഫസ്റ്റ് ലോ ഓഫ് തെര്‍മോഡൈനാമിക്സിന് മുന്‍പില്‍ വായും പൊളിച്ചിരുന്ന പേരകുട്ടിയുടെ ഉള്ളിലേക്ക് ഉരുണ്ട് വീണ്, അവിടെ അതില്‍ കുറഞ്ഞതൊന്നും നല്‍കാനുമാവില്ല, സ്വീകരിക്കാനുമാവില്ലെന്ന ചിന്തയായി മുളച്ച് വന്നു.

രണ്ടൌസം കിടന്നിട്ട് ബീമ മരിച്ചു. റബ്ബ് സ്വീകരിക്കട്ടെ. വരുന്നവരും പോകുന്നവരും പടാപ്പര്‍ത്ത് കൂ‍നിയിരിക്കുന്ന വയസ്സനെ നോക്കിയുരുകി, പത്തറുപത് കൊല്ലായില്ലേ? അധികം വൈകാതെ ആ വയസ്സന്‍ തകര്‍ന്നടിഞ്ഞു പോകുമെന്ന് അവരുടെ മനസ്സുകള്‍ പിടച്ചു.

ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞ് ലീവില്‍ വന്ന പഴയ ട്രൌസറുകാരന്‍, കൊച്ചുമക്കളോടൊപ്പം ഹരാവരം കൂട്ടികളിക്കുന്ന ഉപ്പാപ്പനെ നോക്കി മറവി ഒരനുഗ്രഹമാണെന്ന് പറഞ്ഞപ്പോഴും, കടപ്പുറത്ത് ഒരടയാളമായി എന്നെന്നും ഉണ്ടാകുമെന്ന് കരുതിയിരുന്ന കടല്‍പ്പാലത്തിന്റെ ജീര്‍ണ്ണിച്ച തൂണുകള്‍ കണ്ടപ്പോഴുണ്ടായ തളര്‍ച്ചയാണവന് തോന്നിയത്. സലാം പറഞ്ഞിറങ്ങുമ്പോള്‍ അവന്റെ കൈ തന്റെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ഉപ്പാപ്പ പറഞ്ഞു എല്ലാ ഓത്തിനും ബീമക്ക് വേണ്ടി ദുആര്ക്കണേ.

Tuesday, July 03, 2007

ഒരു തെരുവ്

അന്നും തെരുവ് തുടങ്ങുന്നയിടത്ത് തന്നെ ഓട്ടോ നിര്‍ത്തിച്ച് സുധ ഇറങ്ങിനടന്നു. ഈ തെരുവ് അവള്‍ക്കൊരു ലഹരിയാണെന്നാണ് ഉണ്ണിയേട്ടന്‍ പറയാറ്. ശരിയാണ്. കുഴഞ്ഞ്മറിഞ്ഞ് നില്‍ക്കുന്ന നിറങ്ങള്‍, ഗന്ധങ്ങള്‍ , ശബ്ദങ്ങള്‍, തലങ്ങും വിലങ്ങും നടക്കുന്ന ജനം, ഇടയിലൂടെ തിരക്കിനെ പ്രാകിപ്രാകി കടന്നു പോകുന്ന വാഹനങ്ങള്‍, പിന്നെയുമെന്തൊക്കെയോ ചേര്‍ന്ന് ഒന്നായി ഒഴുകുന്ന തെരുവ്- ആ ഒഴുക്കില്‍ അലിഞ്ഞ് ചേരുന്നത് ഒരു ലഹരി തന്നെയാണ്.

കുടകളും ബാഗുകളും തൂക്കിയിട്ട സുഹറ ഫൂട്ട് വേര്‍സിനോട് ഒട്ടി കൊണ്ട് കുട്ടിയുടുപ്പുകളുമായി കിഡ്ഡീസ് കോര്‍ണര്‍. അതിനപ്പുറത്തെ മലബാര്‍ സ്വീറ്റ്സിലെ കണ്ണാടിക്കൂടുകളിലെ ഹല്‍വകള്‍ക്കിടയില്‍ മത്ത് പിടിച്ച് വട്ടം കറങ്ങുന്ന ഈച്ച- ഉയര്‍ത്തിവെച്ച കാറ് ഗ്ലാസ്സിനുള്ളിലൂടെ ഈ തെരുവ് കടന്നുപോകുന്നത് നോക്കിയിരുന്ന കാലത്ത് ഇതിന് ഹലുവയുടെ രുചിയായിരിക്കുമെന്നാണ് കരുതിയിരുന്നത്. മടുപ്പിക്കുന്ന കട്ടിമധുരം.മധുരമേയല്ല! അറപ്പ് തോന്നും വിധം വലിയുന്ന പ്ലാസ്റ്റിക് തവളകളെ വില്‍ക്കുന്ന തെരുവ്കച്ചവടക്കാരന്റെ വാചക കസര്‍ത്തില്‍, കൌണ്ടറില്‍ ഷിഫോണ്‍ സാരികള്‍ മയില്‍പ്പീലികളെ പോലെ വിരിച്ചു വെക്കുന്ന സെയിത്സ്മാന്മാരുടെ ചലനങ്ങളില്‍, ഈ തെരുവിലൂടെ നടന്നു പോകുന്നവരുടെ താളത്തിന്- മധുരമേയല്ല. മടുപ്പിക്കാത്ത മറ്റെന്തോ ആണ്.

തൊട്ടു പിറകില്‍ സ്കൂട്ടറിന്റെ ഹോണടി. സുധ ജാള്യതയോടെ ഒതുങ്ങി നിന്നു. ഒരുപക്ഷെ ജ്യോതിക്ക് അറിയാനായേക്കും. ജ്യോതി. ഇരുപതിലേറെ വര്‍ഷങ്ങളായി. എവിടെയായിരിക്കും അവളിപ്പോള്‍? ദേഷ്യം വരുമ്പോള്‍ ഇപ്പോഴും അവളുടെ കണ്ണുകള്‍ ചെറുതാകുമോ? ചെറുതാകുന്ന കണ്ണുകളും, വിറക്കുന്ന മൂക്കും, ഇതൊന്നും കാണാനാവാത്തവര്‍ ജ്യോതിയുടെ സൌമ്യപ്രകൃതത്തെ അഭിനന്ദിച്ചിരുന്നു. അതുകൊണ്ട് തന്നെയാവണം സ്കൂളിന്റെ സ്വാതന്ത്ര്യദിന റ്റാബ്ലോകളില്‍ മദര്‍ ഇന്‍ഡ്യയാവാന്‍ തുടര്‍ച്ചയായി അവളെ തെരഞ്ഞെടുത്തിരുന്നത്. ചുവന്ന തുണി വിരിച്ച സ്റ്റൂളി‍ന്മേല്‍ വെള്ള പട്ട് സാരിയും, ഗില്‍റ്റ് അരപ്പട്ടയുമൊക്കെയായി വെളിച്ചതില്‍ മുങ്ങി ജ്യോതി. ഒന്‍പതാം ക്ലാസ്സില്‍ വെച്ച് ഇനി മദര്‍ ഇന്‍ഡ്യയാവാന്‍ തനിക്ക് പറ്റില്ലെന്ന് അറിയിച്ചപ്പോള്‍ അവള്‍ സുധയോട് മാത്രമായി പറഞ്ഞ കാരണം സ്റ്റൂളില്‍ നിന്നിറങ്ങിയാലും ആളുകളുടെ കണ്ണുകള്‍ തന്നെ കെട്ടിയിടുന്നു എന്നായിരുന്നു. റ്റാബ്ലോയിലെ മരവും പാറയും അനങ്ങിയാലും കാണികള്‍ പൊറുത്തേക്കും, സുധ ഓര്‍ത്തു.

അനാര്‍ക്കലി ഫാന്‍സി. ഇതായിരിക്കും ജയ പറഞ്ഞ പുതിയ കട. “എന്താ വേണ്ടത് ചേച്ചി?”, പയ്യന്‍ ഓടി വന്നു. “ഞാനൊന്നു നടന്നു നോക്കട്ടെ”. വളകള്‍, മാലകള്‍, കമ്മലുകള്‍. “ഈ രണ്ടു ഷേഡിനും ഇടയിലുള്ള പച്ച തന്നെ വേണം” രണ്ടു കൈകളിലും പച്ച കുപ്പിവളകള്‍ ഉയര്‍ത്തി കാണിച്ച് ഒരു കൌമാരക്കാരി. അവളുടെ കണ്ണുകളിലുണ്ട്, ശബ്ദത്തിലുണ്ട്, ഇടിയാത്ത ചുമലുകളിലുണ്ട്, തനിക്കെന്താണ് വേണ്ടതെന്ന ബോധം, അത് നേടുമെന്ന ഉറപ്പ്. സുധ കടയില്‍ നിന്നിറങ്ങി നടന്നു. മോളൂന്റെ ചുമ മാറിയിട്ടുണ്ടാവുമോ? ഈ വീക്കെന്‍ഡ് ഒന്ന് വന്നു പോകാന്‍ പറയണം. മോളൂന് മനസ്സിലാവില്ല ഈ തെരുവിന്റെ ലഹരി. തിക്കും തിരക്കും ബഹളവുമാണ് അവളിവിടെ കാണാറ്. തങ്ങള്‍ തമ്മിലുള്ള അന്തരം തുടങ്ങുന്നത് അവിടെ നിന്നാണോ? നുഴഞ്ഞ് പോകുന്ന ഓട്ടോയുടെ പിറകില്‍ കിച്ചു & മിച്ചു. അയാളുടെ കുട്ടികളായിരിക്കും. സുധക്ക് പെട്ടെന്ന് ജയയെ കാണണമെന്ന് തോന്നി. ഒരിക്കല്‍ കൂടി പാലൊലിപ്പിച്ചിരിക്കുന്ന അവളെ വാരിയെടുത്ത് പിന്‍ കഴുത്തില്‍ അവളുടെ തുപ്പല്‍ തരുന്ന നനഞ്ഞ ചൂടറിയണമെന്നും.

തെരുവിലെ തിരക്ക് കൂടുന്നുണ്ട്. ഈ പി. കെ ബ്രദേര്‍സ് ബുക് സ്റ്റാളില്‍ നിന്നാണ് ചെട്ടന്റെ കൈ പിടിച്ച് എല്ലാ വര്‍ഷവും നോട്ട് ബുക്കുകള്‍ വാങ്ങിയിരുന്നത്. ആദ്യത്തെ ഡിക്ഷണറിയും. അന്ന് ഈ കടക്കുള്ളിലെ ഇരുട്ടിന് പ്രൌഡഭാവമായിരുന്നു. ഇന്നതിന് മുഷിപ്പ് മാത്രം. പഴകിയ ഫോട്ടോയിലെന്ന പോലെ ഈ സ്റ്റോറിന് മേലെയും സെപിയ നിറം ഒരു പാടയായി വന്നു തുടങ്ങിയിരിക്കുന്നു. സുധക്ക് സാരിത്തലപ്പ് കൊണ്ട് ആ പാടയൊന്നു തുടച്ച് മാറ്റാന്‍ തോന്നി.“കോട്ടണ്‍ മാക്സി, ചുരിദാര്‍, കേറി നോക്കീന്‍, കേറി നോക്കിന്‍” അടുപ്പിച്ചുള്ള കൊച്ചുകൊച്ചു തുണിക്കടകളില്‍ നിന്നും മല്‍സരിച്ചുള്ള വിളികള്‍. മുഖം കൊടുക്കാതെ നടന്നുപോകണം. “മന്‍മദ രാസാ, മന്‍മദ രാസാ” തിരക്കിനിടയില്‍ നിന്നൊരു പരുക്കന്‍ ശബ്ദം. പാത്തുവാണ്. ഒരു നിമിഷം സ്തംഭിച്ചു നിന്ന ആള്‍ക്കുട്ടത്തിനിടയിലൂടെ പാത്തുവിന്റെ സീക്വിന്‍സ് പിടിപ്പിച്ച മജന്താ പാവാട ഉയര്‍ന്ന് താഴുന്നത് കണ്ടു. ഈ തെരുവിന്റെ പതിവ് കാഴ്ചയാണ് പാത്തുവും, പാത്തുവിന്റെ പാവാടയും. ചെറുതായി വെട്ടിയിട്ട മുടി, മുഷിഞ്ഞ ബ്ലൌസ്, തിളങ്ങുന്ന പാവാട. എന്നും ഒരേ വേഷമാണ് പാത്തുവിന്, എന്നും പുതിയ ചുവടുകളും. ഉയര്‍ന്ന് താഴുന്ന മജന്താ പാവാടയുടെ ചുറ്റുമായി തോളില്‍ കൈയിട്ട് പരസ്പരം ചാരിനില്‍ക്കുന്ന ചെക്കന്മാരുടെ മുഖത്തെ ചിരി- സുധ നടന്നു നീങ്ങി.

ബാറ്റ കണ്ടപ്പോഴാണ് ഉണ്ണിയേട്ടന്റെ ബ്രൌണ്‍ സോക്സില്‍ തുള വീണതോര്‍മ്മ വന്നത്. “മെന്‍സ് സോക്സ്, ബ്രൌണ്‍”. കവറും പിടിച്ചിറങ്ങുമ്പോള്‍ അവളോര്‍ത്തു പുതിയ സോക്സ്, എണ്ണയില്ലാതെ ചുട്ടെടുത്ത ചപ്പാത്തി, ഒരു മുഴം മുല്ല- ഇതാണോ താന്‍? പാറികളിക്കുന്ന മുടിയിഴയെ ഒതുക്കുന്ന വേഗതയില്‍ ആ ചിന്തയെ ഒതുക്കി വെച്ച് എതിര്‍വശത്തുള്ള കാപ്പികടയില്‍ നിന്നും വരുന്ന മണം ആവോളം വലിച്ചെടുത്ത് സുധ നടന്നു. എന്നും പുതിയ ചുവടുകളുമായി പൊട്ടിമുളക്കുന്ന പാത്തുവില്ലാതെ ആ തെരുവ് പൂര്‍ണ്ണമാവുകയില്ലെന്ന് തോന്നി സുധക്ക്. പാത്തുവിന് തന്റേതായ നൃത്തം ചെയ്യാന്‍ ആ തെരുവ് വേണ്ടെന്നും. കൊടുംകാട്ടിലും, കടലിലും മരുഭൂമിയിലുമൊക്കെ ഭ്രാന്തമായ ചുവടുകള്‍ക്കൊത്ത് പാവാട വീശി നൃത്തം ചെയ്യുന്ന പാത്തുവിനെ സുധ കണ്ടു.

ഇനിയങ്ങോട്ട് തിരക്ക് കുറയും. റ്റോപ് ഫോം ഹോട്ടലിലെ പൊറോട്ടയടി ബഹളം കൂടികഴിഞ്ഞാല്‍ പിന്നെ അനക്കമില്ലാതെ കിടക്കുന്ന തെരുവ് കെ. ശങ്കരന്‍ ബേക്കറിയില്‍ നിരത്തിവെച്ച ഹല്‍വകള്‍ക്ക് മുന്‍പില്‍ പ്രത്യേകിച്ചൊരു ഭാവമാറ്റവുമില്ലാതെ രണ്ടു വഴിക്ക് പിരിഞ്ഞു പോകും. മധുരമേയല്ലയിതിന്! സുധയ്ക്ക് കൈ നീട്ടി ആരെയെങ്കിലും സ്പര്‍ശിക്കണമെന്ന് തോന്നി- ഇപ്പോള്‍, ഈ തെരുവില്‍ തങ്ങള്‍ പങ്കിട്ടതിനെ തൊട്ടറിയാനായി.

Monday, March 19, 2007

റ്റീ കേക്ക്

കോഴിക്കോട് നഗരത്തില്‍ വര്‍ത്തമാനത്തിന്റെ തിക്കിലും തിരക്കിലും പെടാതെ ഓരങ്ങളില്‍ ഉറങ്ങികിടക്കുന്ന ചരിത്രമുണ്ട്, വൈകുന്നേരങ്ങളില്‍ ഉപ്പിലിട്ട നെല്ലിക്കയുടെ മണവുമായി വരുന്ന കടല്‍കാറ്റുണ്ട്, പെണ്ണ് മനുഷ്യവര്‍ഗ്ഗത്തില്‍ പെട്ടതല്ലെന്ന് തോന്നിപ്പിക്കുന്ന കൈകളും, കണ്ണുകളുമുള്ള തെരുവുകളുമുണ്ട്. ഇവിടത്തെ ജനത്തിന്റെ തുറിച്ച് നോട്ടം അസഹനീയമാണെന്ന് മിഠായിതെരുവ് കാണാനിറങ്ങിയ കോട്ടയംകാരി പറഞ്ഞപ്പോള്‍ അവളുടെ ഇഷ്ടനായകന്‍ കഷണ്ടിതലയനാണെന്ന് തിരിച്ചടിക്കേണ്ടി വന്ന കോഴിക്കോട്ടുകാരികളും ഉണ്ട്. ഈ കുറിപ്പ് കോഴിക്കോടിനേ കുറിച്ചോ, കോഴിക്കോടന്‍ തെരുവുകളെ കുറിച്ചോ, തുറിച്ച് നോട്ടങ്ങളെകുറിച്ചോ അല്ല. കോഴിക്കോട് നഗരത്തില്‍ വയനാട് റോഡിലാണ് കൊച്ചിന്‍ബേക്കറി. ഈ മൂന്നു സ്ഥലങ്ങളുടെ കൌതുകകരമായ ഒത്തുചേരലിനെ കുറിച്ചുമല്ല എനിക്ക് പറയാനുള്ളത്.

കൊച്ചിന്‍ ബേക്കറി പേരെടുത്തതാണ്. അവിടെ നിന്നാണ് അന്ന് മിസ് മാറ്ഗരറ്റും, മിസ് ഗ്രേസും റ്റീ കേക്ക് വാങ്ങിയിരുന്നത്. സഹോദരിമാരായിരുന്നു അവര്‍. പണ്ടൊരു പ്രൈവറ്റ് സ്കൂള്‍ നടത്തിയിരുന്നത്രെ. എന്റെ കുടുംബത്തിലെ കുട്ടികളെല്ലാം തന്നെ ഒന്നോ രണ്ടോ വര്‍ഷം അവരുടെയടുത്ത് ട്യൂഷനു പോയിട്ടുണ്ട്. ഞാനും. അര്‍ദ്ധവൃത്താകൃതിയിലുള്ള നടുമുറിയുള്ള ഒരു വീട്ടിലായിരുന്നു അവര്‍ താമസിച്ചിരുന്നത്. മുറിയുടെ ഒരു ഭാഗത്ത് ചൂരല്‍ കസേരകള്‍ , മറുഭാഗത്ത് തീന്മേശ. തീന്മേശക്കരികിലായി ചൈനകാബിനറ്റ്, അതിന് മുകളിലായി മദര്‍ മേരിയുടെ ചുമര്‍ചിത്രം. ചൈനാകാബിനറ്റില്‍ തിളങ്ങുന്ന തൂവെള്ള ചായകപ്പുകള്‍ ഉണ്ടായിരുന്നു. ചുറ്റും നേര്‍ത്ത സ്വര്‍ണ്ണ
വരയും , ഒരു വശത്തായി ഇളം നിറങ്ങളിലുള്ള പൂക്കളുമായി തിളങ്ങുന്ന ചൈന ചായകപ്പുകള്‍. ഒരിക്കല്‍ മാത്രമെ അവയെ പുറത്തെടുത്ത് ഞാന്‍ കണ്ടിട്ടുള്ളൂ. മിസ് മാര്‍ഗരറ്റിന്റേയും മിസ് ഗ്രേസിന്റേയും വീട്ടില്‍ നിന്നും ഒന്നും കഴിക്കരുതെന്ന് സീനത്ത് പറയുമായിരുന്നു. എല്ലാത്തിലും പന്നിനെയ്യോ, കള്ളോ ഇടുമത്രേ. വെണ്ണ പോലെ അരച്ചെടുത്ത അരിമാവ് നെയ്യ് പുരട്ടിയ കൈകളില്‍ ഉരുട്ടിയെടുത്ത് ചൂടുള്ള കല്ലില്‍ വട്ടത്തില്‍ പരത്തിയെടുക്കാനറിയാമായിരുന്നു സീനത്തിന്. ഒന്നു പരത്തി, അടുത്തത് മറിച്ചിട്ട്, അതിനപ്പുറത്തേത് ചട്ടുകം കൊണ്ടമര്‍ത്തി പൊള്ളിച്ചെടുത്ത്, ഇടക്ക് അടുപ്പിലേക്ക് വിറക് തള്ളി, സീനത്ത് പത്തിരി ചുടുന്നത് കാണാന്‍ രസമാണ്. പക്ഷെ, ആ വിയര്‍പ്പുനാറ്റം. പഴയ വീടുകളില്‍ അടുക്കളകളില്‍ നിന്നേറെ വിട്ടിട്ട് തീന്മുറികള്‍ ഉണ്ടാക്കിവെക്കുന്നത് സീനത്തുമാരുടെ വിയര്‍പ്പുമണം തീറ്റയുടെ രസം കെടുത്താതിരിക്കാനായിരിക്കണം. അല്ല, ഇനി തീന്മുറിയിലേക്ക് വിയര്‍പ്പുനാറ്റം എത്തിയാലും കുഴപ്പമില്ല, പത്തിരിയുടെ മേല്‍ പുരട്ടിയ തേങ്ങാപ്പാല്‍ ഇറച്ചിമസാലയില്‍ ചേരുമ്പോഴുള്ള മണമേ വിരുന്നുകാരുടെ ഓര്‍മ്മകളിലും നില്‍ക്കൂ. സീനത്തിനെ കുറിച്ചുമല്ലല്ലോ പറയാനുള്ളത്.

സീനത്ത് അങ്ങനെ പറഞ്ഞുവെങ്കിലും ഒരിക്കല്‍ ഞാന്‍ മിസ് മാര്‍ഗരറ്റിന്റേയും മിസ് ഗ്രേസിന്റേയും വീട്ടില്‍ നിന്ന് തിന്നിട്ടുണ്ട്. കൊച്ചിന്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ റ്റീ കേക്ക്. ട്യൂഷന്‍ കുട്ടികളുടെ അമ്മമാരെ ചായ കുടിക്കാന്‍ ക്ഷണിച്ച ദിവസമായിരുന്നു അന്ന്. ട്യൂഷന്‍ കഴിഞ്ഞ് മിസ് ഗ്രേസ് ചായ ഉണ്ടാക്കാന്‍ മറഞ്ഞു. മിസ് മാര്‍ഗരറ്റ് കൊച്ചിന്‍ ബേക്കറിയുടെ കവറില്‍ നിന്ന് റ്റീ കേക്ക് എടുത്ത് രണ്ടു പ്ലേറ്റുകളിലായി ഭംഗിയില്‍ മുറിച്ച് വെച്ചു. കഴുകി തുടച്ച ചായ കപ്പുകള്‍ മേശയില്‍ നിരത്താന്‍ ഞങ്ങളും സഹായിച്ചു. ‘പൂക്കള്‍ വിരുന്നുകാര്‍ക്ക്,’ പൂക്കളുടെ ചിത്രം കസേരകള്‍ക്കഭിമുഖമായി വരത്തക്കവണ്ണം ഒരോ കപ്പും തിരിച്ച് മിസ് മാര്‍ഗരറ്റ് മേശക്ക് ചുറ്റും നടന്നു. ചായ എങ്ങെനെ പകര്‍ന്നു കൊടുക്കണമെന്ന് മിസ് മാര്‍ഗരറ്റും മിസ് ഗ്രേസും ഏറെ നേരം ആലോചിച്ചു, ഒടുവില്‍ എല്ലാവരും ഇരുന്ന് കഴിഞ്ഞാല്‍ മിസ് മാര്‍ഗരറ്റ് റ്റീ പോട്ടുമായി വരണമെന്ന് തീരുമാനിച്ചു. വെള്ള ലേസ് മേശവിരി, തിളങ്ങുന്ന ചായകപ്പുകള്‍, രണ്ടു പ്ലേറ്റുകളിലായി തേന്‍ നിറമുള്ള അരികുകളോടെ ടീകേക്ക്- ഒരുക്കങ്ങള്‍ക്കൊടുവില്‍ രണ്ടുപേരും മേശ നോക്കി നിന്നു. വര്‍ദ്ധിച്ച നെഞ്ചിടിപ്പോടെ ഞങ്ങളും.

വന്നത് മഞ്ചുവിന്റെ അമ്മ മാത്രം. മേശക്കു ചുറ്റുമായി ഞങ്ങളിരുന്നു. മിസ് മാര്‍ഗരറ്റ് റ്റീ പോട്ടുമായി വന്നു, മിസ് ഗ്രേസ് പാലും പഞ്ചസാരയും നീട്ടി. ഉണങ്ങിയ തൊണ്ടയില്‍ റ്റീ കേക്ക് പറ്റിപ്പിടിച്ച് ഞാനന്ന് ചുമയടക്കി ബുദ്ധിമുട്ടിയിരുന്നു.

ഇതായിരുന്നു പറയാനുള്ളത്. അതിന് ഇത്രയും എഴുതണോ? മേലേ എഴുതിയതൊക്കെ വെട്ടിയിട്ട് മൂന്ന് വാചകങ്ങളിലൊതുക്കാം.

മിസ് മാര്‍ഗരറ്റും മിസ് ഗ്രേസും സഹോദരിമാരായിരുന്നു. ഞാന്‍ അവരുടെയടുത്ത് ട്യൂഷന് പോയിരുന്നു. ഒരിക്കല്‍ അവരുടെ വീട്ടില്‍ വെച്ച് റ്റീ കേക്ക് എന്റെ തൊണ്ടയില്‍ കുടുങ്ങി.

ഇത്രയും മതി.
പക്ഷെ, ഒരു കാര്യം കൂടിയുണ്ട്. എന്റെ തൊണ്ട ഇടക്കിടക്ക് ഉണങ്ങാറുണ്ട്.

Monday, December 25, 2006

ശാന്തമായി

മുറിയില്‍ കുടുങ്ങിയ ഈച്ച ജനല്‍ചില്ലിന്മേല്‍ തലയിടിച്ചുകൊണ്ടിരുന്നു. മണ്ടനീച്ചേന്റെ മണ്ടക്കിടി കിട്ടി. നേര്‍വരയില്‍ പറന്ന്, ചില്ലില്‍ മുട്ടി തെറിച്ച്, പിന്നേയും തിരിച്ചു വന്നു സര്‍വ്വശക്തിയുമുപയോഗിച്ച് അത് ചില്ലിന്മേല്‍ തലയിടിച്ച് കൊണ്ടിരുന്നു. ഒരു പാട് നേരം.

ഞാന്‍ നോക്കിയിരുന്നു,
ശാന്തമായി.
അതാണെന്നെ പേടിപ്പിക്കുന്നതും.

Tuesday, December 05, 2006

യാത്ര

‘82


ഓടി വന്നിട്ടും ജനല്‍ സീറ്റ് കിട്ടാത്തതുകൊണ്ട് മുഖം വീര്‍പ്പിച്ചിരിക്കുകയാണ് അനിയന്‍. അവനെ ദേഷ്യം പിടിപ്പിക്കാനായി ഞാന്‍ ജനലഴികളില്‍ മുഖമമര്‍ത്തിയിരുന്നു.

ഡ്രിങ് ഡ്രിങ്
നിരത്തി വെച്ച കുപ്പികളില്‍ ഓപ്പ്ണര്‍ ഓടിച്ച് കൊണ്ട് വണ്ടിക്കാരന്‍ വന്നു.

“ഉമ്മാ, ഗോള്‍ഡ് സ്പോട്ട്.”
“അടങ്ങിയിരി. വണ്ടീ കേറീല്ല, അപ്പോളെക്കും തൊടങ്ങി.”
“കുട്ടികള്‍ അങ്ങനെയാ. വീട്ടിന്നും ഇറങ്ങിയാ വഴിയില്‍ കാണുന്നതൊക്കെ വേണം.” മുന്നിലെ സീറ്റിലെ നീല സാരിയുടുത്ത ആന്റി പറഞ്ഞു.

ചട്ക്കു പട്ക്കു ചട്ക്കു പട്ക്കു
വണ്ടി നീങ്ങി തുടങ്ങി.

“ഇങ്ങക്ക് കുട്ട്യോളുണ്ടോ” ഉമ്മ ചോദിച്ചു.
“മൂന്നാളുണ്ട്, വെക്കേഷനു എന്റെ അമ്മേടെ വീട്ടില്‍ താമസിക്കാന്‍ പോയിരിക്കാ, ഞങ്ങള്‍ അവിടേക്കാ.”

ചട്ക്കുപട്ക്കു ചട്ക്കുപട്ക്കു ചട്ക്കുപട്ക്കു
തെങ്ങുകളും വീടുകളും പിറകോട്ട് പാഞ്ഞു കൊണ്ടിരുന്നു.
കമ്പികളുടെ തുരുമ്പ് മണം മടുത്ത് തുടങ്ങിയപ്പോ ഞാന്‍ അനിയനെ നോക്കി. തല കുനിച്ച് നിലം നോക്കിയിരിക്കാണ്.

“മക്കള്‍ക്ക് കടലമിട്ടായി ഇഷ്ടമാണോ?” ആന്റി പ്ലാസ്റ്റിക് കവര്‍ കീറി ഞങ്ങള്‍ക്ക് നേരെ നീട്ടി.
മിട്ടായി വായിലിട്ടപ്പോ അവന്റെ കവിള്‍ പിന്നേം വീര്‍ത്തു.

“കൊറച്ച് വറ്ത്തായാണ്” ഉമ്മ ബാഗില്‍ നിന്ന് പൊതിയെടുത്ത് തിരിച്ചും നീട്ടി.

“ഈരണ്ടു കൊല്ലം കൂടമ്പോഴല്ലെ ഇപ്പോ ഇലക്ഷന്‍” ആന്റിയുടെ അടുത്തിരുന്ന അങ്കിള്‍ പേപ്പര്‍ മടക്കി വെച്ചു.

“ കോഴിക്കോടന്‍ ചിപ്സിനെ പറ്റി അച്ഛന്‍ എപ്പോഴും പറയും.”
ആന്റി പൊതി അങ്കിളിനും കൊടുത്തു. തിരിച്ച് ഉമ്മാക്ക് കൊടുത്തപ്പോ ഉമ്മ വാങ്ങിയില്ല.
“അത് വെച്ചോളീ, അച്ഛന് ഇഷ്ടല്ലേ.” ഇനി ഉപ്പുമ്മാക്ക് കൊടുക്കാന്‍ വറുത്തായി ഇല്ല.

എനിക്ക് ബോറടിച്ച് തുടങ്ങി. ഉപ്പയും അങ്കിളും പേപ്പറിലെ കാര്യങ്ങള്‍ പറയാണ്. അങ്കിളിന്റെ അടുത്തായി ഒരു വയസ്സന്‍ ഉറക്കം തൂങ്ങിയിരിക്കുന്നു. അയാളുടെ പുരികങ്ങള്‍ക്കിടയില്‍ നിന്നും രണ്ട് നരച്ച മുടി നീളത്തില്‍ താഴോട്ട്.
എനിക്ക് ചിരി വന്നു.
“നോക്ക് നോക്ക്” ഞാന്‍ അനിയനെ തോണ്ടി.
വാ പൊത്തിപിടിച്ച് അവനും ചിരിക്കാന്‍ തുടങ്ങി.




’92.

നല്ല തിരക്കുണ്ട് ഇന്ന് ട്രെയിനില്‍. ജനല്‍ സീറ്റിന് വേണ്ടി ഓടാതെ ഞാന്‍ അനിയന്റേയും ഉമ്മാന്റേയും ഇടയിലിരുന്നു. എനിക്കായുള്ള അതിരുകള്‍ തിരിച്ചറിയാറായിരിക്കുന്നു. ഞങ്ങളെ എത്തിനോക്കി ഉപ്പയും ഒരറ്റത്തായി ഒതുങ്ങി. ചൂടും വിയര്‍പ്പ് മണവും കട്ടപിടിച്ച ഓരോ ശ്വാസവും മടുപ്പിച്ച്കൊണ്ടിരുന്നു. വണ്ടി ഒന്ന് നീങ്ങിതുടങ്ങിയിരുന്നെങ്കില്‍. മുന്നിലിരുന്ന മധ്യവയസ്ക വായിച്ചുകൊണ്ടിരുന്ന മാസിക താഴെ വെച്ചു. എനിക്ക് സിഗ്നല്‍ മനസ്സിലായി. ഇനി വിസ്താരം തുടങ്ങും. ഉപ്പാന്റെ അടുത്ത് നിന്നും സണ്ഡേ സപ്പ്ലിമന്റ് വാങ്ങി ഞാന്‍ അതിന് പിന്നില്‍ ഒളിച്ചു.

“ഏതു ക്ലാസിലാ മോള്‍ പഠിക്കുന്നത്?”
“പത്തിലേക്കാ.” ഉമ്മ പറഞ്ഞു.
“ആഹാ. ഏതു ഗ്രൂപ്പെടുക്കാനാ മോള്‍ക്കിഷ്ടം.” ഇത്തവണ ചോദ്യം നേരിട്ടാണ്.
“കണക്ക്”
“ഓ ഇഞ്ചിനിയറിങ്ങ് അല്ലേ.”
ഒരു നിമിഷം കഴിഞ്ഞില്ല. “മെഡിസന്‍ അല്ലേ പെണ്‍കുട്ടികള്‍ക്ക് ഒന്നൂടെ നല്ലത്?”

അവര്‍ പറഞ്ഞ് നിര്‍ത്തുന്നതിന് മുന്‍പേ ഉമ്മയും തുടങ്ങി, “അതന്നെ. ഞാനെപ്പോളും പറഞ്ഞു കൊട്ക്കും ഓള്‍ക്ക്, പെണ്ണുങ്ങക്ക് പറ്റിയ പണി ഡോക്ടര്‍ ഭാഗം തന്നാന്ന്.”

പേപ്പറിന് പിറകിലിരുന്നു ഞാന്‍ വെന്തു.

പുറത്തുള്ളവരുമായി സംസാരിക്കുമ്പോഴെങ്കിലും വീട്ടിലെ ഭാഷ മാറ്റികൂടെ ഉമ്മാക്ക്? വിദ്യാഭ്യാസവും സംസ്കാരവും ഇല്ലാത്തവരെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണോ? ഒരു പരിചയവുമില്ലാത്ത ആ സ്ത്രീയുടെ മുന്നില്‍ ചെറുതായപോലെ. ഞാന്‍ ബാഗില്‍ നിന്നൊരു ഇംഗ്ലീഷ് നോവല്‍ വലിച്ചെടുത്ത് അവര്‍ക്ക് കാണാവുന്ന തരത്തില്‍ തുറന്ന് പിടിച്ചിരുന്നു.

അനിയന്‍ തട്ടുപൊളിപ്പന്‍ ഹിന്ദിപാട്ട് പാടാന്‍ തുടങ്ങി.
“ഒന്നു മിണ്ടാണ്ടിരുന്നൂടെ.”
“നിനക്കെന്താ ഞാന്‍ പാടിയാല്‍.”
അച്ചടിച്ച് വാക്കുകള്‍ എന്നോടൊന്നും മിണ്ടാതെയിരിക്കുന്നു.

ഉപ്പയും കൂടെയിരിക്കുന്നവരും കാര്യമായ ചര്‍ച്ചയിലാണ്. മന്ദിര്‍-മസ്ജിദ്.
“എല്ലാം ഈ രാഷ്ട്രീയക്കാരുടെ കളികളല്ലെ?”
“ഉം. ഇനിയെങ്ങോട്ടാ നമ്മുടെ രാജ്യം പൊവ്വാ”
“ഇതൊക്കെ അങ്ങ് വടക്കേന്ത്യയിലേ നടക്കൂ. നമ്മുടെ കേരളത്തില്‍ അഴിമതിയും സമരങ്ങളുമൊക്കെ തഴച്ച് വളര്‍ന്നാലും, വര്‍ഗ്ഗീയത ഇവിടെ പിടിക്കില്ല”.

വര്‍ഗ്ഗീയ വികാരം വേര് പിടിക്കാത്ത് മണ്ണ്: രാഷ്ട്രീയ പ്രബുദ്ധതയുടെ നാട്: മതസൌഹാര്‍ദ്ദത്തിന്റെ ഉത്തമ മാതൃക: വായിച്ചും , കേട്ടും മനസ്സില്‍ പതിഞ്ഞ ക്ലീഷേകള്‍ പകരുന്ന അഹങ്കാരം രഹസ്യമായി നുകര്‍ന്ന് ഞാനുമിരുന്നു.

വണ്ടി ഒരു സ്റ്റേഷനില്‍ നിന്നു.
“ഉമ്മാ ഞാനൊന്ന് നടന്നിട്ട് വരാം” അനിയന്‍ പുറത്തേക്കിറങ്ങി.
എന്നെ കാത്തുനില്ക്കേണ്ടതില്ല എന്ന് അവനുമറിയാം. ഡോക്ടറായാല്‍ എനിക്ക് വിലക്കപ്പെട്ട ഇടങ്ങളിലും പ്രവേശനം കിട്ടോ? നിര്‍ത്തിയിട്ട വണ്ടിയില്‍ വായു പിന്നേയും കട്ടപിടിച്ചു. വിക്റ്റോറിയന്‍ ഇംഗ്ലണ്ടിന്റെ തണുപ്പ് തേടി ഞാന്‍ കൈയിലിരുന്ന നോവലിലേക്കിറങ്ങി ചെന്നു.




‘02

തൊട്ടുരുമ്മി ഇരിക്കേണ്ടി വരുമ്പോഴും നമുക്കിടയിലെ ദൂരങ്ങള്‍ എത്ര സൂക്ഷ്മമായാണ് നമ്മള്‍ നിലനിര്‍ത്തുന്നത്? വണ്ടി നീങ്ങി തുടങ്ങിയപ്പോള്‍ ചാരിയിരുന്ന് മുന്നിലെ മുഖങ്ങള്‍ വായിച്ചെടുക്കാന്‍ ശ്രമിച്ചു. മുഖങ്ങള്‍ക്കെല്ലാം ഒരേ ഭാവം. തൊട്ടുതൊട്ടു നില്‍ക്കുന്ന മുഖങ്ങളെ നനഞ്ഞ കൊമ്പില്‍ പറ്റിപിടിച്ചിരിക്കുന്ന ഇതളുകളായി കവിക്ക് തോന്നിയത് ഇങ്ങനെയൊരു വിരസമായ യാത്രയിലായിരിക്കുമോ?


ഉമ്മ പുതിയ വനിത അരച്ചുകലക്കുന്ന തിരക്കിലാണ്. ഉപ്പയിരുന്ന് ഉറക്കം തൂങ്ങുന്നു. കണ്ടു മടുത്ത വഴിയിലൂടെയുള്ള രണ്ടു മണിക്കൂ‍ൂര്‍ യാത്ര അറ്റമില്ലാതെ നീണ്ടു കിടക്കുകയാണ്. ആരെങ്കിലും എന്തെങ്കിലും സംസാരിച്ചിരുന്നെങ്കില്‍. അല്ലെങ്കിലും പൊതുസ്ഥലങ്ങളില്‍ സംസാരിക്കണമെങ്കില്‍ നമുക്കിപ്പോള്‍ മൊബൈല്‍ വെണമല്ലോ.


ബോറടി മാറ്റാന്‍ ഞാന്‍ പഴയ കളിയിലേക്ക് തിരിഞ്ഞു.

ചട്ക്കു പട്ക്കു ചട്ക്കുപട്ക്കുചക്കുപക്കു

“ഒരു ചോദ്യണ്ട്’” അനിയന്‍ സ്പോര്‍റ്റ്സ്റ്റാര്‍ മാറ്റിവെച്ചു.
അവനും ബോറടിച്ച് തുടങ്ങിയിട്ടുണ്ടാവും. കേട്ടും പറഞ്ഞും മടുത്ത ആനയും ഉറുമ്പും കഥകള്‍ മത്സരിച്ചിറക്കി ഞങ്ങള്‍. അറിയാവുന്ന ചളിയെല്ലാം വാരിയെറിഞ്ഞിട്ടും ഇനിയും ഒരു പാട് ദൂരം.
അപ്പുറത്ത് നിന്ന് സംഭാഷണശകലങ്ങള്‍ കാറ്റ് കൊണ്ടു വരുന്നുണ്ട്: സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍, ജനാധിപത്യ രീതികള്‍- വണ്ടിയുടെ ശബ്ദത്തില്‍ പെട്ട് മുങ്ങിയും മുറിഞ്ഞും. എനിക്കവിടെ ചെന്നിരുന്ന് മുഴുവന്‍ കേട്ടാല്‍ കൊള്ളാമെന്നുണ്ട്. ചില ദൂരങ്ങള്‍ കടക്കാന്‍ ഇപ്പോഴും എനിക്കാവില്ലെന്ന തിരിച്ചറിവോടെയിരുന്നു.

“പോയിട്ടും പോയിട്ടും എത്തുന്നില്ലല്ലോ” അനിയന്‍ പറഞ്ഞു.
“ഉം. പോക്ക് കണ്ടാ തോന്നും ഇപ്പോ പാകിസ്ഥാന്‍ ബോര്‍ഡര്‍ എത്തുംന്ന്.”
“ഹ ഹ. സ്റ്റോപ്. പാക്കിസ്ഥാന്‍. ആളിറങ്ങാനുണ്ടേ.” അവനും വളിപ്പടി മൂഡില്‍ തന്നെ.

പെട്ടന്ന് ഉപ്പ തലയുയര്‍ത്തി നോക്കി, അരുതെന്ന് കണ്ണുകള്‍ കൊണ്ട്.

ഓ.
ഓ മാറാട്.

പാക്കിസ്ഥാന്‍ ഇനി മുതല്‍ ഇന്ത്യന്‍ ടീമുമായി പൊരിഞ്ഞ ക്രിക്കറ്റ് കളിക്കുന്ന ഒരു രാജ്യം മാത്രല്ല. ജനലഴികളുടെ തുരുമ്പ് രുചി നാവില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പോലെ. പരസ്പരം കണ്ണുകളില്‍ നോക്കാതിരിക്കാന്‍ ശ്രദ്ധിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു.

മുന്നോട്ട് പോകും തോറും ഈ നശിച്ച ദൂരം കൂടി വരാണാല്ലോ.

Monday, May 29, 2006

തിരുത്തലുകള്‍ കാത്ത്

ശവപ്പെട്ടിയെ ഓര്‍മ്മിപ്പിക്കാറുള്ള ചാര നിറത്തിലുള്ള ക്യുബിക്കല്‍ അവള്‍ക്കന്നാദ്യമായി സുരക്ഷിതത്വം നല്‍കി. തിരുത്തലുകള്‍ കാത്ത് മേശപ്പുറത്ത് കിടന്ന പേപ്പറുകളില്‍ മുഖം പൂഴ്ത്തി അവള്‍ മനസ്സിലൂടെ ചുവന്ന പേനയോടിച്ചു.

ഇങ്ങനെയൊന്നും സംഭവിക്കരുതായിരുന്നു. ഒരു പക്ഷെ ഒരഞ്ചു മിനിറ്റ് മുന്‍പ് ഇറങ്ങിയിരുന്നെങ്കില്‍. ഇനി എഴുതപ്പെട്ടതായിരുന്നെങ്കില്‍ തന്നെ ഇങ്ങനെയല്ലായിരുന്നു നടക്കേണ്ടിയിരുന്നത്. സ്വന്തത്തെ പറ്റിയുള്ള ധാരണകള്‍ ഇളക്കാതെ കഴിഞ്ഞുപോകുന്ന മറ്റൊരു കൂട്ടം സംഭവങ്ങള്‍.
*താന്‍ മറ്റവനെക്കാള്‍ കേമനാണെന്നു സ്ഥാപിക്കേണ്ടതു് ജീനുകളുടെ ആവശ്യമാകുന്നു. ബോധപൂര്‍വ്വം മാത്രമേ അതിനെ മറികടക്കാന്‍ കഴിയൂ. എവിടെയാണ് വായിച്ചത്? പാട്ടിന്റെ വരികള്‍ പോലെ, സ്വപ്നങ്ങള്‍ പോലെ എവിടെ നിന്നെന്നോ മനസ്സിലേക്കൊഴുകി വന്ന വാക്കുകള്‍.

എട്ട് മണിക്കാണ് ക്ലാസ്സ്. വൈകി. ട്രാഫിക് സിഗ്നലുകള്‍ നിറഞ്ഞ മെയിന്‍ റോഡുപേക്ഷിച്ച് അവള്‍ കുറുക്ക് വഴികള്‍ തേടുകയായിരുന്നു. ട്രാഫിക് തീരേയില്ല. അവള്‍ക്കെന്തന്നില്ലാത്ത ആഹ്ലാദം തോന്നി. കാര്‍ നിരത്തിലൂടെ ഒഴുകുന്നതാസ്വദിച്ച് ഒറ്റക്ക് യാത്ര ചെയ്യുമ്പോളെല്ലാം തോന്നുന്ന ആവേശം.

ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങള്‍ നിറഞ്ഞ ഈ റോഡ് ചെന്നവസാനിക്കുന്നത് യൂനിവേയ്സിറ്റിയിലേക്കുള്ള മെയിന്‍ റോഡില്‍. ഗതി മുട്ടിയാലല്ലാതെ അവള്‍ ഈ വഴി പോകാറില്ല. ആരും തന്നെ. പെയിന്റടര്‍ന്ന് വികൃതമായ മതിലുകളും ഇരുട്ടിലേക്കുള്ള ക്ഷണവുമായി തൂങ്ങിയാടുന്ന വാതിലുകളും ഉള്ള ഈ കെട്ടിടങ്ങള്‍ക്ക് ഒരേ ഭാവമാണ്; പൊരുതി തോറ്റ ഭാവം. മേല്‍ക്കൂരകള്‍ തള്ളിനില്‍ക്കുന്ന ഈ കെട്ടിടങ്ങളെ അനുകരിച്ച് ഇവിടങ്ങളിലെ മനുഷ്യര്‍ തല താഴ്ത്തി, ചുമലുകള്‍ മുന്നോട്ടാഞ്ഞ് നടക്കുന്നത് ഏറ്റവും ലോലമായിടം സംരക്ഷിക്കാനാണോ?

ചുവപ്പ് ലൈറ്റിനായി നിര്‍ ത്തുമ്പോള്‍ ജങ്ങ്ഷനില്‍ കൂട്ടം കൂടി നിന്നവരെ അവള്‍ കണ്ടിരുന്നു. ഒരു പക്ഷെ മറുഭാഗത്തെ കെട്ടിടത്തിന്മേല്‍ കണ്ട ഗ്രാഫിറ്റി ഒപ്പിയെടുക്കാന്‍ ശ്രമിക്കാതെ കരുതലോടെ ഇരുന്നിരുന്നെങ്കില്‍…

A graffiti artist is out there to prove something to the world. The apparently meaningless images say I was here and I am ******* alive. എന്നോ വായിച്ച് തള്ളിയ വാക്കുകള്‍.

അയാളുടെ തടിച്ച വിരലുകളാണ് അവള്‍‌ ആദ്യം കണ്ടത്. നഖങ്ങള്‍ക്കുള്ളിലെ കറുത്ത ചളിയും. മുഷിഞ്ഞ തുണി കൊണ്ട് അവളുടെ കാറിന്റെ വിന്ഡ്ഷീല്‍ഡ് തുടക്കുകയാണയാള്‍. തുണിയില്‍ നിന്നുള്ള എണ്ണക്കറ ഗ്ലാസ്സില്‍. അനുവാദം ചോദിക്കാതെ, മുഖത്ത് നോക്കാതെ.
എന്തതിക്രമമാണിത്!
Hey hey stop it! പാസഞ്ചര്‍ ‌ സൈഡിലെ വിന്‍ഡോ താഴ്ത്തി അവള്‍ വാക്കുകള്‍ എറിഞ്ഞു.
കേള്‍ക്കാത്ത ഭാവത്തില്‍ അയാള്‍ തുടച്ച്കൊണ്ടിരുന്നു.
ആ കറുത്ത കൈകള്‍!വൃത്തികെട്ട ആ തുണി!തികഞ്ഞ ധാറ്ഷ്ട്യം!
I said stop it! I’ll get the police. Stop. I’m not going to pay you anything! സിമന്റ് തറയിലേക്കെറിഞ്ഞ കരിങ്കല്ലുകള്.അയാള്‍ മുഖമുയര്‍ത്തി . അവളെ നോക്കി വികൃതമായി പല്ലിളിച്ച് പിന്നെ പിറകോട്ടൊന്നാഞ്ഞ് കാര്‍ക്കിച്ച് തുപ്പി. വിന്‍ഡ്ഷീല്‍ഡില്‍.

കുട്ടിക്കാലത്ത് കൂട്ടുകാരെ കാണിക്കാനായി മരക്കൊമ്പുകളില്‍ നിന്ന് ചാടി താഴെ പതിക്കുമ്പോള്‍ കാല്പാദങ്ങളില്‍ നിന്ന് മുകളിലേക്ക് കുതിക്കുന്ന ഷോക്ക്, നിമിഷ നേരത്തേക്ക് ബോധം ഇല്ലാതാക്കുന്ന അലകള്‍.കാല്‍ ആക്സിലേറ്ററില്‍ അമര്‍ന്നതും, റെഡ് ലൈറ്റ് വകവെക്കാതെ ചെവി തുളക്കുന്ന കരച്ചിലോടെ കാര്‍ ചീറിപാഞ്ഞതും , വൈപ്പറും വിന്‍ഡ്ഷീല്‍‌ഡ് സോപ്പും വാശിയില്‍ തിരിച്ച് കട്ടിയില്‍ ഒലിച്ചിറങ്ങുന്ന കഫം കലര്‍ന്ന തുപ്പല്‍ മായ്ച്ചതും സ്വപ്നത്തില്‍ എന്ന പോലെ.

എന്റെ വിന്ഡ്ഷീല്‍ഡ്. എന്റെ കാര്‍. എന്റെ ലോകം. മേലെ ഒലിച്ചിറങ്ങുന്ന കഫം കലര്‍ന്ന തുപ്പല്‍.
എന്തൊരതിക്രമമാണിത്!

താന്‍ മറ്റവനെക്കാള്‍ കേമനാണെന്നു സ്ഥാപിക്കേണ്ടത് ജീനുകളുടെ ആവശ്യമാകുന്നു. ബോധപൂര്‍വ്വം മാത്രമേ അതിനെ മറികടക്കാന്‍ കഴിയൂ. എവിടെയാണ് വായിച്ചത്?

ശവപ്പെട്ടിയെ ഓര്‍‌മ്മിപ്പിക്കാറുള്ള ചതുര ക്യൂബിക്കല്‍ അവള്‍ക്കന്നാദ്യമായി സുരക്ഷിതത്വം നല്‍കി. തിരുത്തലുകള്‍ കാത്ത് മേശപ്പുറത്ത് കിടന്ന പേപ്പറുകളില്‍ മുഖം പൂഴ്ത്തി അവള്‍ മനസ്സിലൂടെ ചുവന്ന പേനയോടിച്ചു.
---
* ബെന്നിയുടെ പോസ്റ്റില്‍ നളന്റെ കമന്റ്.

Wednesday, March 01, 2006

പഠനം

ഞങ്ങള്‍ മീരാന്റിയെ കാണാന്‍ വന്നതാണ്. കവിളില്‍ നുള്ളിയിട്ട് ‘ചബ്ബി ചീക്ക്സ്’ എന്ന് വിളിക്കാത്തത് കൊണ്ട് എനിക്ക് മീരാന്റിയെ ഇഷ്ടമാണ്.മമ്മക്കും. മമ്മയും മീരാന്റിയും കുഷ്യന്‍ വലിച്ചിട്ട് നിലത്ത് കിടക്കുകയാണ്.
‘ശനിയാഴ്ചകള്‍ എത്ര സുന്ദരം. ശാന്തം. തിങ്കള്‍ ഒരു യുഗം അകലേയും’ മമ്മ വെറുതെ പുഞ്ചിരിച്ചു.

മീരാന്റി മമ്മയുടെ ആത്മമിത്രമാണെന്നാ മമ്മ പണ്ടൊരിക്കല്‍ പറഞ്ഞത്. ആത്മമിത്രം എന്നാല്‍ ഏറ്റവും അടുത്ത സുഹൃത്ത്. ആത്മമിത്രത്തിന്റെ മുന്‍പില്‍ നമ്മുക്ക് നാമായി തന്നെ നില്‍ക്കാമത്രെ. ഒരാള്‍ക്ക് മറ്റൊരാളാകാന്‍ പറ്റുന്നതെങ്ങെനെയെന്ന് എനിക്ക് മനസ്സിലായില്ല. ‘നീ പഠിച്ചോളും’ മമ്മ പറഞ്ഞു.

കണ്ണുകള്‍ വിടര്‍ത്തി മീരാന്റി പറഞ്ഞു “ എന്നിട്ട് അവര്‍ പറയാ ‘മീരാ, യുവര്‍ ഹൌസ് ഡസന്റ് സ്മെല്ല് ഓഫ് സ്പൈസസ്’'. സ്റ്റീരിയോറ്റൈപ്പ്സിനും അപ്പുറം ലോകമുണ്ടെന്ന് ഈ മനുഷ്യര്‍ എന്നാ മനസ്സിലാക്കുക?”

“ഉം. അവര്‍ നമ്മെ നോക്കുമ്പോള്‍ കാണുന്നത് കറികളും, ആനകളും, പാമ്പുകളും അര്‍ദ്ധനഗ്നരായ ഫക്കീരുകളും’. മമ്മ ചിരിച്ചു. ചിരിക്കുമ്പോള്‍ മമ്മ സുന്ദരിയാണ്.

‘ഞാന്‍ കളിക്കാന്‍ പോട്ടെ?” ആകാശ് ചോദിച്ചു.
‘ഇന്ന് വേണ്ട മോനെ , നീതയേയും കൂട്ടി കാറ്ട്ടൂണ്‍ കണ്ടോളൂ’

ആകാശ് വലുതാണ്, അവന് ഒമ്പത് വയസ്സായി. കാര്‍ട്ടൂണ്‍ കാണുമ്പോഴും മമ്മയുടെ ചിരി എനിക്ക് കേള്‍ക്കാമായിരുന്നു. ആകാശിനോട് പറയണമെന്നുണ്ടായിരുന്നു, അവന്റെ മമ്മി എന്റെ മമ്മയുടെ ആത്മമിത്രമാണെന്നും, പിന്നെ ഒരാള്‍ക്ക് തന്നെ മറ്റൊരാളാകാന്‍ പറ്റുമെന്നും.പറഞ്ഞില്ല. പെണ്‍ക്കുട്ടികള്‍ ഇള്ളക്കുട്ടികള്‍ ആണെന്നാ അവന്‍ പറയാറുള്ളത്. മാത്രല്ല, അവന്‍ ഒമ്പത് വയസ്സായി.

ഞാന്‍ കളറിംഗ് ബുക്കെടുത്ത് മമ്മയെ ചാരിയിരുന്നു. ‘നിനക്ക് കാറ്ട്ടൂണ്‍ കാണണ്ടേ?” മമ്മ ചോദിച്ചു. തലയിളക്കി കൊണ്ട് ഞാന്‍ ചിത്രങ്ങളില്‍ ശ്രദ്ധിച്ച് നിറങ്ങള്‍ ചേര്‍ക്കാന്‍ തുടങ്ങി. വരക്കുമ്പോള്‍ അവര്‍ പറയുന്നത് എനിക്ക് കേള്‍ക്കാനാവില്ലെന്നാ വലിയവര്‍ വിചാരിക്കുന്നത്. അവരറിയാതെ അവരുടെ ലോകത്തെത്തുന്നത് എനിക്കും ഇഷ്ടമാണ് .

ഒരു കുട്ടി വന്ന്. കൈയ്യില്‍ ബാസ്കറ്റ്ബോള്‍.
‘മിസ്സിസ് സുരേഷ്, കാന്‍ ആകാശ് പ്ലേ വിത്ത് മീ?”
“നോ ഡിയര്‍. വീ ആര്‍ ഹാവിങ്ങ് കമ്പനി റ്റുഡേ. താങ്ക്സ് ഫോ ആസ്ക്കിങ്ങ്”
‘ഐ വോണ്ട് റ്റു പ്ലേ വിത്ത് ബെന്നി’ ആകാശ് ഓടി വന്നു.
“ലിസന്‍ റ്റ് മീ ആകാശ്, ഇറ്റ്സ് റൂഡ് റ്റു ലീവ് വെന്‍ യൂ ഹാവ് ഗസ്റ്റ്സ്’. മീരാന്റിയുടെ ശബ്ദത്തിന് അപ്പോള്‍ പര്‍പ്പിള്‍ നിറമായിരുന്നു.
ബെന്നി ആകാശിനെ നോക്കി, പിന്നെ പുറത്തേക്ക് പോയി.

‘അടുത്ത വീട്ടിലേ കൊച്ചാ’ മീരാന്റി പറഞ്ഞു. ‘ആകാശിനെ ഞാന്‍ കഴിയുന്നത്ര അവിടേക്ക് വിടാറില്ല. കറുമ്പന്മാരല്ലേ, കുട്ടി എന്തോക്കെയാ അവിടെന്നും കാണാ‍ന്ന്’ മീരാന്റിയുടെ ശബ്ദം ഇളം വയലറ്റ് നിറമായി.
“ഉം. കുട്ടികള്‍ അല്ലേ. വേണ്ടാത്തത് എന്തെന്ന് അറിയില്ലല്ലോ?” മമ്മ പറഞ്ഞു.

മീരാന്റി ആകാശിനെ കളിക്കാന്‍ വിട്ടാല്‍ മതിയെന്നായി എനിക്ക്. ഇനിയവന്‍ പെണ്‍കുട്ടികള്‍ ഇള്ളകുട്ടികളും മണ്ടികളുമാണെന്ന് പറയോ?

Tuesday, January 17, 2006

പ്ലാസ്റ്റിക് പൂക്കൾ: ഒരു കഥയില്ലാ കഥ

തുടച്ച് മിനുക്കിയ ജനൽചില്ലിലൂടെ സൂര്യപ്രകാശം കോഫി ടേബിളിലെ പ്ലാസ്റ്റിക് പൂക്കളിൽ
പ്ലാസ്റ്റിക് പൂക്കൾ-ഒരിക്കൽ ഞാനവയെ വെറുത്തിരുന്നു
മഞ്ഞുതുള്ളിയുടെ തലോടൽ അറിയാതെ, വിരിയാതെ, കൊഴിയാനാവാതെ വിറങ്ങലിച്ച് നിൽക്കുന്ന,

ജീവിതം എന്തെന്നറിയാതെ തന്നെ മരിച്ച മരവിപ്പിന്റെ
പൂക്കളിൽ ചെരിഞ്ഞു വീണ്, എന്റെ കൈകൾക്ക് പകരുന്ന താളത്തിനൊത്ത് സൂചി തുണിയുടെ നെയ്ത്തിലൂടെ
നെയ്തിരിക്കുക്കയാണ്- ആരൊക്കെയോ ചേർന്ന് എന്നേയും
ഭാര്യ-മകൾ- അമ്മ-ഭാര്യ-സഹോദരി
അഴിച്ചെടുക്കാനാവാത്ത വിധം
തുണിയുടെ നെയ്ത്തിൽ പറന്നിറങ്ങുമ്പോൾ ഇളം തവിട്ട് തുണിയിൽ ചുവന്ന പൂക്കൾ കൊണ്ടൊരു ബാനർ തെളിയുന്നു, ‘Home Sweet Home’ . ഫ്രെയിം ചെയ്ത് തൂക്കാൻ. ഈ പൂക്കളുടെ ചോരചുവപ്പും, കുഷ്യന്റേയും, പ്ലാസ്റ്റിക് പൂക്കളുടേയും ചുവപ്പും എല്ലാം ഈ മുറിയുടെ തവിട്ട് ബാക്ഗ്രൌണ്ടിൽ ഭംഗിയായിരിക്കും. ഇതെത്രയും പെട്ടെന്ന് തീർത്തിട്ട് വേണം ആ തക്കാളികൾ കൊണ്ട് സോസുണ്ടാക്കി വെക്കാൻ- ക്ലാസ്സ് കഴിഞ്ഞ് കുട്ടികൾ മടങ്ങിയെത്തുന്നതിനും മുൻപേ. എന്നും രാവിലെ നനച്ച് വളർത്തിയ ചുവന്ന്, തുടുത്ത തക്കാളികൾ
വീഴ്ച കൂടാതെ എല്ലാ ദിവസവും എല്ലാ വർഷവും
മഞ്ഞു കാലം കഴിഞ്ഞ് മണ്ണിനെ കിളച്ച് വിത്തുകൾ പാകി, നനച്ച്, പരിപാലിച്ച്
ആ കൊച്ചുവട്ടത്തിൽ നിറുത്താതെ
അല്ലെൻകിൽ
വെള്ളത്തിനായുള്ള നിലവിളികൾ എന്നോ നിലച്ച
വിറങ്ങലിച്ച ഉള്ളിനെ കിളക്കാനാവാതെ
ചുവന്ന് തുടുത്ത തക്കാളികൾ.തൊലി കളഞ്ഞ്, ഉടച്ച് സോസുണ്ടാക്കി വെക്കണം. കുട്ടികൾ വരുന്നതിനു മുൻപേ-തലങ്ങും, വിലങ്ങും ഷൂവും, ബാഗും എറിഞ്ഞവരെത്തിയാൽ പിന്നെ വെറേ ഒന്നും ചെയ്യാനാവില്ല. ഇന്നാണെൻകിൽ വലിയ കുട്ടിക്ക് ഇത്തിരി മധുരം വേണ്ടി വരും, രാവിലത്തെ ആ കയ്പ്പ് മറക്കാൻ-
“പാന്റ്സ് തേക്കാൻ നീ ഒരിക്കലും പഠിക്കില്ലേ?”
ശബ്ദ്ധത്തിലെ കയ്പ്പ്- സമയമില്ല
ചീഞ്ഞളിഞ്ഞ മുറിവിനെ ഉണക്കാൻ സമയമില്ല
എന്നും വലുതാകുന്ന വെട്ടിനെ തുന്നിചേർക്കാന്ന് സമയമില്ല

ഓരോ കാലിനും നീളത്തിൽ ഒറ്റ വര, അളന്ന് വരച്ച ഒറ്റ വര.അങ്ങനെയാണ് തേക്കേണ്ടിയിരുന്നത്. ഇന്നത് രണ്ടായി. ചില ദിവസങ്ങളിൽ ഇങ്ങനെയാ- വാച്ചിലെ സൂചികൾ എനിക്കോടി എത്താവുന്നതിലും വേഗത്തിൽ കറങ്ങുന്ന ദിവസങ്ങൾ. കുട്ടികളെ എണീപ്പിച്ച്, പല്ല് തേപ്പിച്ച്, കുളിപ്പിച്ച്, ഭക്ഷണം കൊടുത്ത്- സ്ക്കുൾ ബസ്സ് മിസ്സായാൽ പിന്നെ പുകിലാവും. ഇതിനിടയിൽ പാന്റ്സ് തേച്ചതും, ചായ കാച്ചിയതും ഇഷ്ടം പോലെയായില്ല
‘അദ്ദേഹത്തിന്റെ ഇഷ്ടം പോലെ’ പരസ്യത്തിലെ സുന്ദരി മൊഴിയുന്നു
‘എന്റെ ഇഷ്ടം നോക്കുന്ന ഭാര്യ’യെന്ന മുദ്ര കുത്തപ്പെട്ട നാൾ മുതൽ ഇഷ്ടങ്ങൾ നോക്കി

ചായ അദ്ദേഹത്തിന്റെ ഇഷ്ടം പോലെയായില്ല. ജാക്കറ്റുമെടുത്ത് വാതിൽ വലിച്ചടച്ച് ഒന്നും പറയാതെ ഇറങ്ങിപ്പോയി. തൊടാത്ത ഉപ്പുമാവും, തൊട്ടറിയാവുന്ന ദേഷ്യവും, കുട്ടികളുടെ പിറകേ ഓടുന്ന എനിക്ക് ബാക്കിവെച്ചിട്ട്. എന്തായാലും ഇന്ന് അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഗുലാബ് ജാമുൻ ഉണ്ടാക്കണം. ബാത്ത് റൂം വൃത്തിയാക്കാനുമുണ്ട്.പൊടി പിടിച്ച ഒരിത്തിരി സ്ഥലം പാടില്ല എന്റെയീ വീട്ടിൽ .പാടില്ല.എല്ലാം അതിന്റെ സ്ഥലത്ത് വൃത്തിയായി, വെടിപ്പായി -ചുറ്റുമുള്ളതെല്ലാം തിളങ്ങി
എനിക്കുള്ളിലുളളതെല്ലാം ഭ്രാന്തമായ വേഗതയിൽ കലങ്ങി മറിഞ്ഞ് ഇരുണ്ട്
എല്ലാം വലിച്ചെടുക്കുന്ന ഇരുട്ടിൽ നിന്ന് കണ്ണുകൾ പറിച്ചെടുത്ത്
കാർപെറ്റിൽ നിന്നാ നൂൽകഷ്ണം പെറുക്കിയെടുക്കാം. അദ്ദേഹത്തിന്റെ കൂട്ടുകാരും അവരുടെ ഭാര്യമാരും വരുമ്പോൾ ചുറ്റും നോക്കി അഭിമാനത്തോടെ അദ്ദേഹത്തിന്റെ കണ്ണുകൾ തിളങ്ങാനായി എല്ലാം മിനുക്കി- ചൂടു സമൂസയും, ചായയും, പുഞ്ചിരിയും വിളമ്പി ഞാനും.‘എന്തു തണുപ്പാ ഈ പ്രാവശ്യം…കഴിഞ്ഞ കൊല്ലത്തേക്കാൾ…അറിഞ്ഞില്ലേ കാലഫോൺ പാത്രങ്ങൾ സേലിൽ…’ പുതിയ കാർപെറ്റിൽ കണ്ണോടിച്ച് അവളും, അവളുടെ പേൾ മോതിരത്തിൽ നോക്കി ഞാനും ഇടമുറിയാതെ
ഒരിക്കൽ-ഒരിക്കൽ മാത്രം ചോദിക്കാനാഞ്ഞതാ
എന്നെ പോലെ തന്നെയാണോ നീയും
പുറത്തൊരു ജീവിതവും അകത്ത് വേറെയൊന്നുമായി
എന്നെ പോലെ തന്നെയാണോ നീയും
അല്ലെൻകിൽ എനിക്കെന്തോ…ആണെൻകിൽ ഞങ്ങൾക്കെന്തൊ…
ഉത്തരം കേൾക്കാനാവില്ലെന്നറിഞ്ഞ നിമിഷം വീണ്ടും

‘ലീനയുടെ അമ്മായി ഒത്തിരി കടുപ്പാ…നാട്ടിലിപ്പോൾ സ്വർണ്ണത്തിന്…’
ഓരോന്നാലോചിച്ച് സമയം പോയതറിഞ്ഞില്ല. ഈ സോസ് ഉണ്ടാക്കിയിട്ട് വേണം-
പതുക്കെ തിളക്കുന്ന കൊഴുത്ത ചുവന്ന നിറം
അതിലലിഞ്ഞു തീരാനായുള്ള ക്ഷണവുമായി
ഇത് കഴിഞ്ഞ് വേണം ഗുലാബ് ജാമുൻ - കുട്ടികൾ വരുന്നതിനു മുൻപേ.ഫോൺ. അദ്ദേഹമാണ്’ വരുന്ന വഴി എന്തെൻകിലും വാങ്ങണോ?ഇല്ല. ഒന്നുമില്ല.ഒകെ. നീ പറഞ്ഞ ചന്ദനത്തിരി കൊണ്ട്വരാ’
മേശപ്പുറത്ത് വെച്ച പ്ലാസ്റ്റിക് പൂക്കളിൽ ഒന്നായി ഞാൻ തല ഉയർത്തി നിന്നാൽ
നിങ്ങൾ എന്നെ തിരിച്ചറിയുമോ?

ഉം. ഗുലാബ് ജാമുനും, ചന്ദനത്തിരിയും-നന്നായി. Home, Sweet Home ബാനറ് തൂക്കി കോണ്ട് ഞാൻ.
ഒരിക്കൽ നിന്റെ ജീവിതത്തിലേക്ക് ആർത്തുവന്ന സൂര്യപ്രകാശം ഇന്ന്
ജനൽചില്ലിനു മേലെ തന്നെ പറ്റിപിടിക്കുന്ന,
ചൂട് നഷ്ടപ്പെട്ട, നേർത്ത രശ്മിയായി തീരുന്നത് കാണുന്നുണ്ടോ നീ?