Thursday, November 15, 2007

പാപ്പാത്തിയും തത്തമ്മയും

പാപ്പാത്തിയില്‍ നിന്നാണ് അമ്മ കഥ തുടങ്ങാറ്.

‘ഒരു ദിവസം മുറ്റത്ത് ഒരു പൂവിലിരുന്ന് ഒരു പാപ്പാത്തിയിങ്ങനെ തേന്‍ കുടിക്കുകയായിരുന്നു’.

കഥ പറച്ചലില്‍ ഞങ്ങള്‍ക്കും ഇടം തരാന്‍ അമ്മ മടിച്ചിരുന്നില്ല. ഓരോ നേരത്തെയും ഞങ്ങളുടെ തോന്നലനുസരിച്ച് അരിപ്പൂവിലോ, തെച്ചിയിലോ ഇരുന്ന് പല നിറങ്ങളോടെ പാപ്പാത്തി തേന്‍ കുടിച്ചു.

‘അപ്പോഴുണ്ട് വരുന്നു’.

നൂറു വട്ടം കേട്ട കഥയാണെങ്കിലും ചോദിക്കാതിരിക്കാനവില്ല, ‘ആര്?’

‘ഒരു തത്തമ്മ. ചുവന്ന കൊക്കും, മിനുസമുള്ള തൂവലുകളുമുള്ള തത്തമ്മ. എന്നിട്ട് തത്തമ്മ പാപ്പാത്തിയുടെ അടുത്ത് ചെന്ന് ചോദിക്കും, “പാപ്പാത്തീ, പാപ്പാത്തീ, കുറച്ച് തേന്‍ തരുമോ?”. പാപ്പാത്തി പറയും “തരൂല”. “പ്ലീസ് പാപ്പാത്തീ, കുറച്ച് മതി”. “ഇല്ലയില്ല” പാപ്പാത്തി തലയാട്ടും.’

ഭംഗിയുണ്ടായിട്ടെന്താ? ചീത്ത പാപ്പാത്തി.

എന്റെ മുടി അമര്‍ത്തി ചീകികൊണ്ട് അമ്മ തുടര്‍ന്നു, ‘ അപ്പോള്‍ തത്തമ്മ നിറഞ്ഞ കണ്ണോടെ പറയും “ ദൂരെ ദൂരെ എന്റെ കൂട്ടില്‍ എന്റെ കുഞ്ഞ് ഞാന്‍ വരുന്നതും കാത്തിരിക്കുകയാ. എന്റെ തത്തമ്മകുട്ടിക്ക് കൊടുക്കാനാണ്. ഇത്തിരി മതി”. പാപ്പാത്തിയുടെ മനസ്സലിയും, “ഈ തേനൊന്നും എന്റേതല്ല തത്തമ്മേ. ദാ ഈ വീട്ടില്‍ രണ്ട് കുട്ടികളുണ്ട് വിനിയും, സുമിയും. അവരുടേതാ. അവരോട് ചോദിച്ച് നോക്കൂ.” ’

കണ്ടോ, ഞങ്ങളിപ്പോള്‍ കഥയ്ക്കുള്ളിലായി. ഇനിയാണ് രസം.

‘അങ്ങനെ തത്തമ്മ വീട്ടിലേക്ക് നടന്നു’. ചൂണ്ടു വിരലും, പെരുവിരലും തറയിലൂന്നി ഞങ്ങള്‍ക്കിടയിലൂടെ അമ്മ തത്തമ്മയെ നടത്തിച്ചു, ‘ഡിങ് ഡിങ് ഡിങ്. എന്നിട്ട് ബെല്ലടിച്ചു. അമ്മ വാതില്‍ തുറന്നു ‘അല്ലാ, ആരിത് തത്തമ്മയോ, വാ വാ’. തത്തമ്മ അകത്ത് കയറിചെന്ന് മുറിയുടെ വാതിലില്‍ കൊക്ക് കൊണ്ട് മുട്ടി “ഡും ഡുംഡും”. സുമി വന്നു വാതില്‍ തുറന്നപ്പോള്‍ ഒരു തത്തമ്മ! അപ്പോ നിങ്ങളെന്താ പറയാ?’ പാതി ചിരിയോടെ അമ്മ ചോദിച്ചു.

‘കളിക്കാന്‍ വാ തത്തമ്മേന്ന്’ ഞങ്ങളൊരുമിച്ച് പറഞ്ഞു.

‘അപ്പോ തത്തമ്മ പറയും “ദൂരെ ദൂരെ എന്റെ കൂട്ടില്‍ എന്റെ കുഞ്ഞെന്നെ കാത്തിരിക്കുകയാ. സുമിയും വിനിയും ഒന്ന് പാപ്പാത്തിയോട് പറയോ കുറച്ച് തേന്‍ തരാന്‍?”.“ഓ പറയാലോ”. എന്നിട്ട് തത്തമ്മയുടെ ചിറകും പിടിച്ച് സുമിയും വിനിയും നടന്ന് നടന്ന് മുറ്റത്തെത്തും’.

ഇതാണെനിക്ക് ഏറ്റവും പ്രിയപ്പെട്ട ഭാഗം, തത്തമ്മയുടെ കൂടെ കൈ പിടിച്ച് നടക്കുന്നത്.നിങ്ങളിലാരെങ്കിലും തത്തമ്മയുടെ കൂടെ കൈ പിടിച്ച് നടന്നിട്ടുണ്ടോ? വിരലുകള്‍ക്കിടയില്‍ തത്തമ്മയുടെ ചിറകിനെ കോറ്‌ക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?

‘എന്നിട്ട് സുമിയും വിനിയും കൂടെ പാപ്പാത്തിയോട് പറയും “പാപ്പാത്തീ, പാപ്പാത്തീ, തത്തമ്മക്കൊരു ഗ്ലാസ്സ് നിറച്ചും തേന്‍ കൊടുക്കൂ” .“ഓ അതിനെന്താ?” പാപ്പാത്തി തേന്‍ കൊടുക്കും. “ സന്തോഷായി കുട്ടികളേ. എന്റെ കുഞ്ഞ് വിശന്നിരിക്കുകയായിരിക്കും, ഈ തേന്‍ വേഗം എന്റെ തത്തമ്മകുട്ടിക്ക് കൊണ്ടുകൊടുക്കട്ടേ” . എന്നിട്ട് തത്തമ്മ പാപ്പാത്തീന്റെ ചിത്രമുള്ള കുപ്പിഗ്ലാസ്സ് നിറച്ചും തേനുമായി ദൂരേയ്ക്ക് പറന്നു പറന്നു പോകും.’

‘തത്തമ്മയുടെ കൂട് ഒരു പാട് ദൂരെയാണോ അമ്മേ’ വിനി ചോദിച്ചു.

‘ദൂരെ, ദൂരെ’ തീരെ പതിഞ്ഞ ശബ്ധത്തില്‍ അമ്മ പറഞ്ഞു.

കഥ വിനിക്ക് കൊടുത്തത് എന്താണെന്ന് എനിക്കറിയില്ല. കഥ തീരുമ്പോഴൊക്കെ ഒരു മൌനം എന്നിലേക്ക് ഇറങ്ങി വരാറുണ്ട്. തീരാസങ്കടത്തിന്റെ വക്കോളമെത്തിച്ച് പിന്നെ അതെന്റെ കൈ കരുണയോടെ പിടിക്കാറുണ്ട്. കണ്ണടച്ചാല്‍ അറിയാം.

‘എന്നിട്ട് തത്തമ്മ പാപ്പാത്തീന്റെ ചിത്രമുള്ള ഗ്ലാസ്സ് നിറച്ചും തേനുമായി ദൂരേക്ക് പറന്നു പോകും’. നാലര വയസ്സുകാരിയെ ഒക്കത്ത് വെച്ച് ചോറൂട്ടുകയാണ് വിനി; ഒരല്പം വളവോടെ നില്‍ക്കുന്ന തണ്ടും, അതില്‍ നിന്ന് വിരിഞ്ഞ് വന്ന പൂവും.

‘തത്തമ്മ ഇനി വരില്ല അല്ലേ അമ്മേ?’ നിറഞ്ഞ സങ്കടത്തോടെ കുഞ്ഞ് ചോദിച്ചു. വിനിയുടെ മറുപടിയറിയാന്‍ ആകാംഷയോടെ ഞാന്‍ സോഫയില്‍ നിവര്‍ന്നിരുന്നു.

‘വരില്ലായിരിക്കും. എന്നാലും മോള്‍ക്ക് ഒന്നും തരാതെ തത്തമ്മ പോവില്ല. പോകുന്നവരൊക്കെയും നമുക്ക് ചേര്‍ത്തു പിടിക്കാന്‍ എന്തെങ്കിലും തരാതെ പോവില്ല.’

കഥ വിനിക്ക് കൊടുത്തതും, വിനി കഥക്ക് കൊടുത്തതും എന്ന് തുടങ്ങുന്ന ഒരു വാചകം കൂടി എഴുതാനുണ്ട്.

Saturday, September 01, 2007

പയങ്കഥ

കിട്ടുന്ന മിട്ടായിയെല്ലാം ബീമ ഒരു പിഞ്ഞാണത്തിലിട്ട് ജനല്‍പ്പടിമേല്‍ വെക്കും. അസര്‍ കഴിഞ്ഞ് നിസ്ക്കാരപ്പടം മടക്കുമ്പോളായിരിക്കും ബീവിയേ, ഇനിക്ക് മധുരണ്ടോന്നും ചോദിച്ച് ഉപ്പാപ്പ കേറി വരുക. വാപ്പക്കിങ്ങനെ ഷുഗറ് കേറ്റലീ ഉമ്മാ, പയേ പോലാണോന്ന് മക്കള്‍ പിരുസം കൊണ്ട് ഒച്ചയിടുമ്പം ഉപ്പാപ്പ ചിരിക്കും. ഒക്കെ പടച്ചോന്റെ കൈക്കലല്ലേ.

ബീവി ഉമ്മേം ഉപ്പാപ്പേം. ബീമേം ഉപ്പാപ്പേം. ബീമേപ്പാപ്പേം. ബീമയും ഉപ്പാപ്പയും മരിക്കുമെങ്കില്‍ ലോകത്തുള്ളതെല്ലാം മരിക്കുമെന്ന് പടാപ്പറത്തെ ഉരുണ്ട തൂണില്‍ ഒരു കൈ ചുറ്റി വട്ടം കറങ്ങിയിരുന്ന ട്രൌസറുകാരന് തോന്നി. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മരുഭൂമിയിലെ ഓയല്‍ റിഫൈനറയില്‍ പൈപ്പുകള്‍ക്കിടയില്‍ ഇരുന്ന് കൊണ്ടവന്‍ തന്നെ കാത്തിരിക്കുന്നവള്‍ക്കെഴുതും, ഉപ്പാപ്പ ബീമയെ നീ എന്ന് പോലും വിളിച്ച് കേട്ടിട്ടില്ല. ഞാനും അങ്ങനെയാവാന്‍ ആഗ്രഹിക്കുന്നു.

ചുക്കപ്പത്തിനായി മാവ് കൈകളില്‍ ഉരുട്ടിയുരുട്ടിയെടുക്കുന്ന നേരങ്ങളില്‍ ബീമയുടെ പയങ്കഥകളും അതൃപ്പത്തില്‍ മുറത്തിലേക്ക് വീഴും. മൂപ്പര് പന്ത് കളിക്ക്ണേട്ത്ത് ചെന്നല്ലേ ന്റെ അമ്മോന്‍ കണ്ടുറപ്പിച്ചത്? അന്ന് ഇനിക്ക് ദാ ഇത്ര ഒയരം. മൂപ്പരന്നെ കട്ടിന്മേല്‍ കേറ്റിതരലൈന്നും. ബീമ ചിരിക്കുമ്പോള്‍ കഴുത്തിലെ മടക്കുകള്‍ കൊസറ കളിക്കും. മാപ്ലേം ബീടര്‍ക്കുമിടയില്‍ നിരുമ്പും കള്ളത്തരം പാടില്ലാന്ന് ബീമ ഉരുട്ടിയിട്ടത് അപ്പുറത്ത് ഫസ്റ്റ് ലോ ഓഫ് തെര്‍മോഡൈനാമിക്സിന് മുന്‍പില്‍ വായും പൊളിച്ചിരുന്ന പേരകുട്ടിയുടെ ഉള്ളിലേക്ക് ഉരുണ്ട് വീണ്, അവിടെ അതില്‍ കുറഞ്ഞതൊന്നും നല്‍കാനുമാവില്ല, സ്വീകരിക്കാനുമാവില്ലെന്ന ചിന്തയായി മുളച്ച് വന്നു.

രണ്ടൌസം കിടന്നിട്ട് ബീമ മരിച്ചു. റബ്ബ് സ്വീകരിക്കട്ടെ. വരുന്നവരും പോകുന്നവരും പടാപ്പര്‍ത്ത് കൂ‍നിയിരിക്കുന്ന വയസ്സനെ നോക്കിയുരുകി, പത്തറുപത് കൊല്ലായില്ലേ? അധികം വൈകാതെ ആ വയസ്സന്‍ തകര്‍ന്നടിഞ്ഞു പോകുമെന്ന് അവരുടെ മനസ്സുകള്‍ പിടച്ചു.

ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞ് ലീവില്‍ വന്ന പഴയ ട്രൌസറുകാരന്‍, കൊച്ചുമക്കളോടൊപ്പം ഹരാവരം കൂട്ടികളിക്കുന്ന ഉപ്പാപ്പനെ നോക്കി മറവി ഒരനുഗ്രഹമാണെന്ന് പറഞ്ഞപ്പോഴും, കടപ്പുറത്ത് ഒരടയാളമായി എന്നെന്നും ഉണ്ടാകുമെന്ന് കരുതിയിരുന്ന കടല്‍പ്പാലത്തിന്റെ ജീര്‍ണ്ണിച്ച തൂണുകള്‍ കണ്ടപ്പോഴുണ്ടായ തളര്‍ച്ചയാണവന് തോന്നിയത്. സലാം പറഞ്ഞിറങ്ങുമ്പോള്‍ അവന്റെ കൈ തന്റെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ഉപ്പാപ്പ പറഞ്ഞു എല്ലാ ഓത്തിനും ബീമക്ക് വേണ്ടി ദുആര്ക്കണേ.

Tuesday, July 03, 2007

ഒരു തെരുവ്

അന്നും തെരുവ് തുടങ്ങുന്നയിടത്ത് തന്നെ ഓട്ടോ നിര്‍ത്തിച്ച് സുധ ഇറങ്ങിനടന്നു. ഈ തെരുവ് അവള്‍ക്കൊരു ലഹരിയാണെന്നാണ് ഉണ്ണിയേട്ടന്‍ പറയാറ്. ശരിയാണ്. കുഴഞ്ഞ്മറിഞ്ഞ് നില്‍ക്കുന്ന നിറങ്ങള്‍, ഗന്ധങ്ങള്‍ , ശബ്ദങ്ങള്‍, തലങ്ങും വിലങ്ങും നടക്കുന്ന ജനം, ഇടയിലൂടെ തിരക്കിനെ പ്രാകിപ്രാകി കടന്നു പോകുന്ന വാഹനങ്ങള്‍, പിന്നെയുമെന്തൊക്കെയോ ചേര്‍ന്ന് ഒന്നായി ഒഴുകുന്ന തെരുവ്- ആ ഒഴുക്കില്‍ അലിഞ്ഞ് ചേരുന്നത് ഒരു ലഹരി തന്നെയാണ്.

കുടകളും ബാഗുകളും തൂക്കിയിട്ട സുഹറ ഫൂട്ട് വേര്‍സിനോട് ഒട്ടി കൊണ്ട് കുട്ടിയുടുപ്പുകളുമായി കിഡ്ഡീസ് കോര്‍ണര്‍. അതിനപ്പുറത്തെ മലബാര്‍ സ്വീറ്റ്സിലെ കണ്ണാടിക്കൂടുകളിലെ ഹല്‍വകള്‍ക്കിടയില്‍ മത്ത് പിടിച്ച് വട്ടം കറങ്ങുന്ന ഈച്ച- ഉയര്‍ത്തിവെച്ച കാറ് ഗ്ലാസ്സിനുള്ളിലൂടെ ഈ തെരുവ് കടന്നുപോകുന്നത് നോക്കിയിരുന്ന കാലത്ത് ഇതിന് ഹലുവയുടെ രുചിയായിരിക്കുമെന്നാണ് കരുതിയിരുന്നത്. മടുപ്പിക്കുന്ന കട്ടിമധുരം.മധുരമേയല്ല! അറപ്പ് തോന്നും വിധം വലിയുന്ന പ്ലാസ്റ്റിക് തവളകളെ വില്‍ക്കുന്ന തെരുവ്കച്ചവടക്കാരന്റെ വാചക കസര്‍ത്തില്‍, കൌണ്ടറില്‍ ഷിഫോണ്‍ സാരികള്‍ മയില്‍പ്പീലികളെ പോലെ വിരിച്ചു വെക്കുന്ന സെയിത്സ്മാന്മാരുടെ ചലനങ്ങളില്‍, ഈ തെരുവിലൂടെ നടന്നു പോകുന്നവരുടെ താളത്തിന്- മധുരമേയല്ല. മടുപ്പിക്കാത്ത മറ്റെന്തോ ആണ്.

തൊട്ടു പിറകില്‍ സ്കൂട്ടറിന്റെ ഹോണടി. സുധ ജാള്യതയോടെ ഒതുങ്ങി നിന്നു. ഒരുപക്ഷെ ജ്യോതിക്ക് അറിയാനായേക്കും. ജ്യോതി. ഇരുപതിലേറെ വര്‍ഷങ്ങളായി. എവിടെയായിരിക്കും അവളിപ്പോള്‍? ദേഷ്യം വരുമ്പോള്‍ ഇപ്പോഴും അവളുടെ കണ്ണുകള്‍ ചെറുതാകുമോ? ചെറുതാകുന്ന കണ്ണുകളും, വിറക്കുന്ന മൂക്കും, ഇതൊന്നും കാണാനാവാത്തവര്‍ ജ്യോതിയുടെ സൌമ്യപ്രകൃതത്തെ അഭിനന്ദിച്ചിരുന്നു. അതുകൊണ്ട് തന്നെയാവണം സ്കൂളിന്റെ സ്വാതന്ത്ര്യദിന റ്റാബ്ലോകളില്‍ മദര്‍ ഇന്‍ഡ്യയാവാന്‍ തുടര്‍ച്ചയായി അവളെ തെരഞ്ഞെടുത്തിരുന്നത്. ചുവന്ന തുണി വിരിച്ച സ്റ്റൂളി‍ന്മേല്‍ വെള്ള പട്ട് സാരിയും, ഗില്‍റ്റ് അരപ്പട്ടയുമൊക്കെയായി വെളിച്ചതില്‍ മുങ്ങി ജ്യോതി. ഒന്‍പതാം ക്ലാസ്സില്‍ വെച്ച് ഇനി മദര്‍ ഇന്‍ഡ്യയാവാന്‍ തനിക്ക് പറ്റില്ലെന്ന് അറിയിച്ചപ്പോള്‍ അവള്‍ സുധയോട് മാത്രമായി പറഞ്ഞ കാരണം സ്റ്റൂളില്‍ നിന്നിറങ്ങിയാലും ആളുകളുടെ കണ്ണുകള്‍ തന്നെ കെട്ടിയിടുന്നു എന്നായിരുന്നു. റ്റാബ്ലോയിലെ മരവും പാറയും അനങ്ങിയാലും കാണികള്‍ പൊറുത്തേക്കും, സുധ ഓര്‍ത്തു.

അനാര്‍ക്കലി ഫാന്‍സി. ഇതായിരിക്കും ജയ പറഞ്ഞ പുതിയ കട. “എന്താ വേണ്ടത് ചേച്ചി?”, പയ്യന്‍ ഓടി വന്നു. “ഞാനൊന്നു നടന്നു നോക്കട്ടെ”. വളകള്‍, മാലകള്‍, കമ്മലുകള്‍. “ഈ രണ്ടു ഷേഡിനും ഇടയിലുള്ള പച്ച തന്നെ വേണം” രണ്ടു കൈകളിലും പച്ച കുപ്പിവളകള്‍ ഉയര്‍ത്തി കാണിച്ച് ഒരു കൌമാരക്കാരി. അവളുടെ കണ്ണുകളിലുണ്ട്, ശബ്ദത്തിലുണ്ട്, ഇടിയാത്ത ചുമലുകളിലുണ്ട്, തനിക്കെന്താണ് വേണ്ടതെന്ന ബോധം, അത് നേടുമെന്ന ഉറപ്പ്. സുധ കടയില്‍ നിന്നിറങ്ങി നടന്നു. മോളൂന്റെ ചുമ മാറിയിട്ടുണ്ടാവുമോ? ഈ വീക്കെന്‍ഡ് ഒന്ന് വന്നു പോകാന്‍ പറയണം. മോളൂന് മനസ്സിലാവില്ല ഈ തെരുവിന്റെ ലഹരി. തിക്കും തിരക്കും ബഹളവുമാണ് അവളിവിടെ കാണാറ്. തങ്ങള്‍ തമ്മിലുള്ള അന്തരം തുടങ്ങുന്നത് അവിടെ നിന്നാണോ? നുഴഞ്ഞ് പോകുന്ന ഓട്ടോയുടെ പിറകില്‍ കിച്ചു & മിച്ചു. അയാളുടെ കുട്ടികളായിരിക്കും. സുധക്ക് പെട്ടെന്ന് ജയയെ കാണണമെന്ന് തോന്നി. ഒരിക്കല്‍ കൂടി പാലൊലിപ്പിച്ചിരിക്കുന്ന അവളെ വാരിയെടുത്ത് പിന്‍ കഴുത്തില്‍ അവളുടെ തുപ്പല്‍ തരുന്ന നനഞ്ഞ ചൂടറിയണമെന്നും.

തെരുവിലെ തിരക്ക് കൂടുന്നുണ്ട്. ഈ പി. കെ ബ്രദേര്‍സ് ബുക് സ്റ്റാളില്‍ നിന്നാണ് ചെട്ടന്റെ കൈ പിടിച്ച് എല്ലാ വര്‍ഷവും നോട്ട് ബുക്കുകള്‍ വാങ്ങിയിരുന്നത്. ആദ്യത്തെ ഡിക്ഷണറിയും. അന്ന് ഈ കടക്കുള്ളിലെ ഇരുട്ടിന് പ്രൌഡഭാവമായിരുന്നു. ഇന്നതിന് മുഷിപ്പ് മാത്രം. പഴകിയ ഫോട്ടോയിലെന്ന പോലെ ഈ സ്റ്റോറിന് മേലെയും സെപിയ നിറം ഒരു പാടയായി വന്നു തുടങ്ങിയിരിക്കുന്നു. സുധക്ക് സാരിത്തലപ്പ് കൊണ്ട് ആ പാടയൊന്നു തുടച്ച് മാറ്റാന്‍ തോന്നി.“കോട്ടണ്‍ മാക്സി, ചുരിദാര്‍, കേറി നോക്കീന്‍, കേറി നോക്കിന്‍” അടുപ്പിച്ചുള്ള കൊച്ചുകൊച്ചു തുണിക്കടകളില്‍ നിന്നും മല്‍സരിച്ചുള്ള വിളികള്‍. മുഖം കൊടുക്കാതെ നടന്നുപോകണം. “മന്‍മദ രാസാ, മന്‍മദ രാസാ” തിരക്കിനിടയില്‍ നിന്നൊരു പരുക്കന്‍ ശബ്ദം. പാത്തുവാണ്. ഒരു നിമിഷം സ്തംഭിച്ചു നിന്ന ആള്‍ക്കുട്ടത്തിനിടയിലൂടെ പാത്തുവിന്റെ സീക്വിന്‍സ് പിടിപ്പിച്ച മജന്താ പാവാട ഉയര്‍ന്ന് താഴുന്നത് കണ്ടു. ഈ തെരുവിന്റെ പതിവ് കാഴ്ചയാണ് പാത്തുവും, പാത്തുവിന്റെ പാവാടയും. ചെറുതായി വെട്ടിയിട്ട മുടി, മുഷിഞ്ഞ ബ്ലൌസ്, തിളങ്ങുന്ന പാവാട. എന്നും ഒരേ വേഷമാണ് പാത്തുവിന്, എന്നും പുതിയ ചുവടുകളും. ഉയര്‍ന്ന് താഴുന്ന മജന്താ പാവാടയുടെ ചുറ്റുമായി തോളില്‍ കൈയിട്ട് പരസ്പരം ചാരിനില്‍ക്കുന്ന ചെക്കന്മാരുടെ മുഖത്തെ ചിരി- സുധ നടന്നു നീങ്ങി.

ബാറ്റ കണ്ടപ്പോഴാണ് ഉണ്ണിയേട്ടന്റെ ബ്രൌണ്‍ സോക്സില്‍ തുള വീണതോര്‍മ്മ വന്നത്. “മെന്‍സ് സോക്സ്, ബ്രൌണ്‍”. കവറും പിടിച്ചിറങ്ങുമ്പോള്‍ അവളോര്‍ത്തു പുതിയ സോക്സ്, എണ്ണയില്ലാതെ ചുട്ടെടുത്ത ചപ്പാത്തി, ഒരു മുഴം മുല്ല- ഇതാണോ താന്‍? പാറികളിക്കുന്ന മുടിയിഴയെ ഒതുക്കുന്ന വേഗതയില്‍ ആ ചിന്തയെ ഒതുക്കി വെച്ച് എതിര്‍വശത്തുള്ള കാപ്പികടയില്‍ നിന്നും വരുന്ന മണം ആവോളം വലിച്ചെടുത്ത് സുധ നടന്നു. എന്നും പുതിയ ചുവടുകളുമായി പൊട്ടിമുളക്കുന്ന പാത്തുവില്ലാതെ ആ തെരുവ് പൂര്‍ണ്ണമാവുകയില്ലെന്ന് തോന്നി സുധക്ക്. പാത്തുവിന് തന്റേതായ നൃത്തം ചെയ്യാന്‍ ആ തെരുവ് വേണ്ടെന്നും. കൊടുംകാട്ടിലും, കടലിലും മരുഭൂമിയിലുമൊക്കെ ഭ്രാന്തമായ ചുവടുകള്‍ക്കൊത്ത് പാവാട വീശി നൃത്തം ചെയ്യുന്ന പാത്തുവിനെ സുധ കണ്ടു.

ഇനിയങ്ങോട്ട് തിരക്ക് കുറയും. റ്റോപ് ഫോം ഹോട്ടലിലെ പൊറോട്ടയടി ബഹളം കൂടികഴിഞ്ഞാല്‍ പിന്നെ അനക്കമില്ലാതെ കിടക്കുന്ന തെരുവ് കെ. ശങ്കരന്‍ ബേക്കറിയില്‍ നിരത്തിവെച്ച ഹല്‍വകള്‍ക്ക് മുന്‍പില്‍ പ്രത്യേകിച്ചൊരു ഭാവമാറ്റവുമില്ലാതെ രണ്ടു വഴിക്ക് പിരിഞ്ഞു പോകും. മധുരമേയല്ലയിതിന്! സുധയ്ക്ക് കൈ നീട്ടി ആരെയെങ്കിലും സ്പര്‍ശിക്കണമെന്ന് തോന്നി- ഇപ്പോള്‍, ഈ തെരുവില്‍ തങ്ങള്‍ പങ്കിട്ടതിനെ തൊട്ടറിയാനായി.

Thursday, June 14, 2007

Deja vu

ഇന്ന് വൈകുന്നേരം ആടിപ്പാടിനിന്ന ഇലകളില്‍ തട്ടി വെയില്‍ മറിഞ്ഞ് വീണത് കണ്ട് ദൂരേന്നൊരു വിന്‍ഡ് ചൈം പൊട്ടിചിരിച്ചു. ഒന്നുമറിയാതെ നീയുറങ്ങി. ഇലകളുടെ തിളക്കം കോരിയെടുത്ത്, പൈന്മരങ്ങളുടെ മണം പിഴിഞ്ഞെടുത്ത്, വിന്‍ഡ് ചൈമിന്റെ ചിരി പറിച്ചെടുത്ത് ഞാന്‍ ഫോണ്‍ ബുക്കിനുള്ളില്‍ ഉണങ്ങാന്‍ വെക്കാം, നാളെ നീയും ഞാനും ഇന്നത്തെ ആകാശം നോക്കി കിടക്കുമ്പോള്‍ നാവിലിട്ട് അലിയിക്കാന്‍. നീല മനസ്സിലടങ്ങുന്നത് വരെ, കണ്ണുകളടങ്ങുന്നത് വരെ. പിന്നെ, തല ചെരിച്ച് കാലു വീശി നീയൊരു ചവിട്ട്. അത് കണ്ട് ഞാനും. നമ്മെ നോക്കി നിന്ന മരങ്ങള്‍ കുലുങ്ങിചിരിച്ചൊരു ചിത്രം പൊഴിക്കും. നോക്ക് മമ്മാ, ഇതില്‍ നമ്മളാ നീ അതിശയിക്കും. ചിത്രത്തില്‍ ആടിപ്പാടുന്ന ഇലകളില്‍ തട്ടി വെയില്‍ വീഴുന്നത് കണ്ട് ദൂരേന്നൊരു വിന്‍ഡ് ചൈം പൊട്ടിചിരിച്ചോടി വരുന്നതും നോക്കി ആകാശത്തിന് കീഴെ നമ്മള്‍. എനിക്കും അതിശയം തോന്നും.

Sunday, May 13, 2007

എഴുതാന്‍ കൊതിച്ച കവിത

നൂല്‍ പാലത്തിലൂടെ നടന്ന് തുടങ്ങിയപ്പോള്‍ എഴുതാന്‍ കൊതിച്ച കവിത അപ്പുറത്ത് നിന്ന് ചിരിച്ചുകാണിക്കുന്നുണ്ടായിരുന്നു. മുറുകെ പിടിച്ചതെല്ലാം വലിച്ചെറിഞ്ഞ് ഇറച്ചികഷ്ണമായി പിടയുമ്പോള്‍ എഴുതിതുടങ്ങിയെന്നാണ് കരുതിയിരുന്നത്.
എഴുതാന്‍ കൊതിച്ച കവിതയില്‍ രണ്ടക്ഷരമേയുള്ളൂ.
ചുണ്ടുകള്‍ വട്ടത്തിലാക്കി പതിയെ തൊടുകയേ വേണ്ടൂ. ശബ്ദമായി.
അര്‍ത്ഥം ഉച്ചരിക്കാനാണ് എനിക്കാവാത്തത്.

Wednesday, April 18, 2007

പ്രതികരണങ്ങള്‍ എങ്ങനെയായിരിക്കും?

അയ്യേ! പച്ച വെള്ളമെന്നോ
മണ്ണിന്റെ നിറമുള്ള എഴുത്തെന്നോ
നൈമിഷിക സന്തോഷങ്ങളുടെ എത്തിനോട്ടമെന്നോ
പൊള്ളയായ ആശയങ്ങളില്‍ നിന്നൂറി കൂടിയ കുമിളകളെന്നോ
തീക്ഷ്ണവികാരങ്ങള്‍ തിളച്ച് പൊങ്ങുന്നത് സൂക്ഷ്മമായി പകര്‍ത്തിയെന്നോ

ചായ തിളച്ച് മറിഞ്ഞു.
ഇനി അടുപ്പ് വൃത്തിയാക്കേണ്ടവന്റെ പ്രതികരണത്തിന് കാതോര്‍ക്കാം.

Monday, March 19, 2007

റ്റീ കേക്ക്

കോഴിക്കോട് നഗരത്തില്‍ വര്‍ത്തമാനത്തിന്റെ തിക്കിലും തിരക്കിലും പെടാതെ ഓരങ്ങളില്‍ ഉറങ്ങികിടക്കുന്ന ചരിത്രമുണ്ട്, വൈകുന്നേരങ്ങളില്‍ ഉപ്പിലിട്ട നെല്ലിക്കയുടെ മണവുമായി വരുന്ന കടല്‍കാറ്റുണ്ട്, പെണ്ണ് മനുഷ്യവര്‍ഗ്ഗത്തില്‍ പെട്ടതല്ലെന്ന് തോന്നിപ്പിക്കുന്ന കൈകളും, കണ്ണുകളുമുള്ള തെരുവുകളുമുണ്ട്. ഇവിടത്തെ ജനത്തിന്റെ തുറിച്ച് നോട്ടം അസഹനീയമാണെന്ന് മിഠായിതെരുവ് കാണാനിറങ്ങിയ കോട്ടയംകാരി പറഞ്ഞപ്പോള്‍ അവളുടെ ഇഷ്ടനായകന്‍ കഷണ്ടിതലയനാണെന്ന് തിരിച്ചടിക്കേണ്ടി വന്ന കോഴിക്കോട്ടുകാരികളും ഉണ്ട്. ഈ കുറിപ്പ് കോഴിക്കോടിനേ കുറിച്ചോ, കോഴിക്കോടന്‍ തെരുവുകളെ കുറിച്ചോ, തുറിച്ച് നോട്ടങ്ങളെകുറിച്ചോ അല്ല. കോഴിക്കോട് നഗരത്തില്‍ വയനാട് റോഡിലാണ് കൊച്ചിന്‍ബേക്കറി. ഈ മൂന്നു സ്ഥലങ്ങളുടെ കൌതുകകരമായ ഒത്തുചേരലിനെ കുറിച്ചുമല്ല എനിക്ക് പറയാനുള്ളത്.

കൊച്ചിന്‍ ബേക്കറി പേരെടുത്തതാണ്. അവിടെ നിന്നാണ് അന്ന് മിസ് മാറ്ഗരറ്റും, മിസ് ഗ്രേസും റ്റീ കേക്ക് വാങ്ങിയിരുന്നത്. സഹോദരിമാരായിരുന്നു അവര്‍. പണ്ടൊരു പ്രൈവറ്റ് സ്കൂള്‍ നടത്തിയിരുന്നത്രെ. എന്റെ കുടുംബത്തിലെ കുട്ടികളെല്ലാം തന്നെ ഒന്നോ രണ്ടോ വര്‍ഷം അവരുടെയടുത്ത് ട്യൂഷനു പോയിട്ടുണ്ട്. ഞാനും. അര്‍ദ്ധവൃത്താകൃതിയിലുള്ള നടുമുറിയുള്ള ഒരു വീട്ടിലായിരുന്നു അവര്‍ താമസിച്ചിരുന്നത്. മുറിയുടെ ഒരു ഭാഗത്ത് ചൂരല്‍ കസേരകള്‍ , മറുഭാഗത്ത് തീന്മേശ. തീന്മേശക്കരികിലായി ചൈനകാബിനറ്റ്, അതിന് മുകളിലായി മദര്‍ മേരിയുടെ ചുമര്‍ചിത്രം. ചൈനാകാബിനറ്റില്‍ തിളങ്ങുന്ന തൂവെള്ള ചായകപ്പുകള്‍ ഉണ്ടായിരുന്നു. ചുറ്റും നേര്‍ത്ത സ്വര്‍ണ്ണ
വരയും , ഒരു വശത്തായി ഇളം നിറങ്ങളിലുള്ള പൂക്കളുമായി തിളങ്ങുന്ന ചൈന ചായകപ്പുകള്‍. ഒരിക്കല്‍ മാത്രമെ അവയെ പുറത്തെടുത്ത് ഞാന്‍ കണ്ടിട്ടുള്ളൂ. മിസ് മാര്‍ഗരറ്റിന്റേയും മിസ് ഗ്രേസിന്റേയും വീട്ടില്‍ നിന്നും ഒന്നും കഴിക്കരുതെന്ന് സീനത്ത് പറയുമായിരുന്നു. എല്ലാത്തിലും പന്നിനെയ്യോ, കള്ളോ ഇടുമത്രേ. വെണ്ണ പോലെ അരച്ചെടുത്ത അരിമാവ് നെയ്യ് പുരട്ടിയ കൈകളില്‍ ഉരുട്ടിയെടുത്ത് ചൂടുള്ള കല്ലില്‍ വട്ടത്തില്‍ പരത്തിയെടുക്കാനറിയാമായിരുന്നു സീനത്തിന്. ഒന്നു പരത്തി, അടുത്തത് മറിച്ചിട്ട്, അതിനപ്പുറത്തേത് ചട്ടുകം കൊണ്ടമര്‍ത്തി പൊള്ളിച്ചെടുത്ത്, ഇടക്ക് അടുപ്പിലേക്ക് വിറക് തള്ളി, സീനത്ത് പത്തിരി ചുടുന്നത് കാണാന്‍ രസമാണ്. പക്ഷെ, ആ വിയര്‍പ്പുനാറ്റം. പഴയ വീടുകളില്‍ അടുക്കളകളില്‍ നിന്നേറെ വിട്ടിട്ട് തീന്മുറികള്‍ ഉണ്ടാക്കിവെക്കുന്നത് സീനത്തുമാരുടെ വിയര്‍പ്പുമണം തീറ്റയുടെ രസം കെടുത്താതിരിക്കാനായിരിക്കണം. അല്ല, ഇനി തീന്മുറിയിലേക്ക് വിയര്‍പ്പുനാറ്റം എത്തിയാലും കുഴപ്പമില്ല, പത്തിരിയുടെ മേല്‍ പുരട്ടിയ തേങ്ങാപ്പാല്‍ ഇറച്ചിമസാലയില്‍ ചേരുമ്പോഴുള്ള മണമേ വിരുന്നുകാരുടെ ഓര്‍മ്മകളിലും നില്‍ക്കൂ. സീനത്തിനെ കുറിച്ചുമല്ലല്ലോ പറയാനുള്ളത്.

സീനത്ത് അങ്ങനെ പറഞ്ഞുവെങ്കിലും ഒരിക്കല്‍ ഞാന്‍ മിസ് മാര്‍ഗരറ്റിന്റേയും മിസ് ഗ്രേസിന്റേയും വീട്ടില്‍ നിന്ന് തിന്നിട്ടുണ്ട്. കൊച്ചിന്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ റ്റീ കേക്ക്. ട്യൂഷന്‍ കുട്ടികളുടെ അമ്മമാരെ ചായ കുടിക്കാന്‍ ക്ഷണിച്ച ദിവസമായിരുന്നു അന്ന്. ട്യൂഷന്‍ കഴിഞ്ഞ് മിസ് ഗ്രേസ് ചായ ഉണ്ടാക്കാന്‍ മറഞ്ഞു. മിസ് മാര്‍ഗരറ്റ് കൊച്ചിന്‍ ബേക്കറിയുടെ കവറില്‍ നിന്ന് റ്റീ കേക്ക് എടുത്ത് രണ്ടു പ്ലേറ്റുകളിലായി ഭംഗിയില്‍ മുറിച്ച് വെച്ചു. കഴുകി തുടച്ച ചായ കപ്പുകള്‍ മേശയില്‍ നിരത്താന്‍ ഞങ്ങളും സഹായിച്ചു. ‘പൂക്കള്‍ വിരുന്നുകാര്‍ക്ക്,’ പൂക്കളുടെ ചിത്രം കസേരകള്‍ക്കഭിമുഖമായി വരത്തക്കവണ്ണം ഒരോ കപ്പും തിരിച്ച് മിസ് മാര്‍ഗരറ്റ് മേശക്ക് ചുറ്റും നടന്നു. ചായ എങ്ങെനെ പകര്‍ന്നു കൊടുക്കണമെന്ന് മിസ് മാര്‍ഗരറ്റും മിസ് ഗ്രേസും ഏറെ നേരം ആലോചിച്ചു, ഒടുവില്‍ എല്ലാവരും ഇരുന്ന് കഴിഞ്ഞാല്‍ മിസ് മാര്‍ഗരറ്റ് റ്റീ പോട്ടുമായി വരണമെന്ന് തീരുമാനിച്ചു. വെള്ള ലേസ് മേശവിരി, തിളങ്ങുന്ന ചായകപ്പുകള്‍, രണ്ടു പ്ലേറ്റുകളിലായി തേന്‍ നിറമുള്ള അരികുകളോടെ ടീകേക്ക്- ഒരുക്കങ്ങള്‍ക്കൊടുവില്‍ രണ്ടുപേരും മേശ നോക്കി നിന്നു. വര്‍ദ്ധിച്ച നെഞ്ചിടിപ്പോടെ ഞങ്ങളും.

വന്നത് മഞ്ചുവിന്റെ അമ്മ മാത്രം. മേശക്കു ചുറ്റുമായി ഞങ്ങളിരുന്നു. മിസ് മാര്‍ഗരറ്റ് റ്റീ പോട്ടുമായി വന്നു, മിസ് ഗ്രേസ് പാലും പഞ്ചസാരയും നീട്ടി. ഉണങ്ങിയ തൊണ്ടയില്‍ റ്റീ കേക്ക് പറ്റിപ്പിടിച്ച് ഞാനന്ന് ചുമയടക്കി ബുദ്ധിമുട്ടിയിരുന്നു.

ഇതായിരുന്നു പറയാനുള്ളത്. അതിന് ഇത്രയും എഴുതണോ? മേലേ എഴുതിയതൊക്കെ വെട്ടിയിട്ട് മൂന്ന് വാചകങ്ങളിലൊതുക്കാം.

മിസ് മാര്‍ഗരറ്റും മിസ് ഗ്രേസും സഹോദരിമാരായിരുന്നു. ഞാന്‍ അവരുടെയടുത്ത് ട്യൂഷന് പോയിരുന്നു. ഒരിക്കല്‍ അവരുടെ വീട്ടില്‍ വെച്ച് റ്റീ കേക്ക് എന്റെ തൊണ്ടയില്‍ കുടുങ്ങി.

ഇത്രയും മതി.
പക്ഷെ, ഒരു കാര്യം കൂടിയുണ്ട്. എന്റെ തൊണ്ട ഇടക്കിടക്ക് ഉണങ്ങാറുണ്ട്.

Tuesday, March 13, 2007

കൊടകരപുരാണം പ്രകാശനം ഇങ്ങ് കരോലീനായിലും

ഇന്ന്, ഇപ്പോ നാട്ടില്‍ നിന്നും ഒരു കെട്ട് സ്നേഹം പാര്‍സല്‍ എത്തി. കൂടെ ആറു പുഴുങ്ങിയ മുട്ടയും, സില്‍ക്കും.

(അവിടെയിരുന്ന് നാട്ടില്‍ ഇറങ്ങുന്ന പുതിയ പുസ്തകത്തെ കുറിച്ച് നീയെങ്ങെനെ അറിയുന്നെന്ന് ഉമ്മാക്ക് അല്‍ഭുതം. ഞാന്‍ വിട്വോ? ‘ഇതെഴുതിയാള് ന്റെ ഫ്രണ്ടാ’.)