സുഖപ്രസവം കഴിഞ്ഞ് കുഞ്ഞിനെ മാറോട് ചേര്‍ത്തുപിടിച്ചു ഈറനണിഞ്ഞ കണ്ണുകളുമായി പുഞ്ചിരിക്കുന്ന അമ്മ-നമ്മുടെയൊക്കെ മനസ്സുകളില്‍ പതിഞ്ഞുപോയ ഈ സുന്ദര ദൃശ്യം മറച്ചു വെക്കുന്ന സത്യങ്ങളുണ്ട്, പറയാതെ പോവുന്ന അനുഭവങ്ങളുണ്ട്. പ്രസവവേദനയുടെ മഹത്തായ സംതൃപ്തിയൊന്നും അറിയാതെ ഒന്നു ചത്തു കിട്ടിയാല്‍ മതിയേന്ന് കൂവിപ്പോകുന്ന അനുഭവങ്ങളാണ് ലേബര്‍ റൂമില്‍ വെച്ച് മിക്ക സ്ത്രീകള്‍ക്കും. ശരീരത്തിന്റെ മാത്രമെന്ന് നിസ്സാരമാക്കി കളയാനാവാത്ത വേദനയോടൊപ്പം,വൈകാരികമായ ഒറ്റപ്പെടലും,അരക്ഷിതത്വവുമാണ് അവള്‍ക്കവിടെ കൂട്ട്. അമ്മയാവുന്നതിനെ പറ്റിയുള്ള പ്രതീക്ഷകളും യാഥാര്‍ത്ഥ്യവും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ ലേബര്‍ റൂമില്‍ തുടങ്ങുന്നതേയുള്ളൂ.
എല്ലാം കഴിഞ്ഞ് കാത്തിരുന്ന കണ്മണിയെ കൈയില്‍ കിട്ടുമ്പോള്‍ മാതൃത്വത്തിന്റെ നിര്‍വൃതി പ്രതീക്ഷിച്ചിരിക്കുന്ന അമ്മകുട്ടിയില്‍(ഒരു കുഞ്ഞിനൊപ്പം തന്നെയാണല്ലോ അമ്മയും അച്ഛനും ജന്മം എടുക്കുന്നത്) പേടിയും, കുഞ്ഞിനെ ശരിയായി നോക്കി വളര്‍ത്താനാവില്ല എന്ന പരാജയബോധവും നിറയുന്നു. ലേബര്‍ റൂമിലെ അനുഭവങ്ങളേ പോലെ അമ്മയാവുക എന്നതിലെ പ്രയാസങ്ങളെ പറ്റി തീരെ പതിഞ്ഞ ശബ്ധത്തിലല്ലാതെ നാം പറയാറില്ലല്ലോ. 80% അമ്മമാരിലും പ്രസവത്തിനു മൂന്നു നാലു ദിവസങ്ങള്‍ക്ക് ശേഷം ബേബി ബ്ലൂസ് എന്ന ഓമനപേരിട്ടു വിളിക്കുന്ന ചെറിയ തോതിലുള്ള വിഷാദരോഗം കാണാറുണ്ട്. (കുടുതല്‍ ഗൌരവമര്‍ഹിക്കുന്ന പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനു ആണെന്ന് സംശയം തോന്നിയാല്‍ ദയവായി ഉടനടി പ്രഫഷനല്‍ സഹായം തേടുക).ഗര്‍ഭരക്ഷക്കായുള്ള ഹോര്‍മോണുകളുടെ അളവ് കുത്തനെ താഴുകയും, മുലയൂട്ടലിനും മറ്റുമായുള്ള ഹോര്‍മോണുകള്‍ കൂടുകയും ചെയ്യുന്നതാണ് ഇതിന്റെ ബയോളജിക്കല്‍ കാരണമായി പറയുന്നത്. ക്ലേശകരമായ പ്രസവത്തിനു ശേഷമുള്ള അതിയായ ക്ഷീണം (labour എന്ന വാക്ക് വെറുതെയല്ല എന്നൊരു കൂട്ടുകാരി), സ്റ്റിച്ചുകള്‍, വിണ്ടു കീറിയ മുലകണ്ണുകള്‍- അമ്മയുടെ ശരീരം ഏറ്റവും മോശമായ അവസ്ഥയില്‍ ഇരിക്കുമ്പോഴാണ് കുഞ്ഞിനെ അമ്മ ഏറ്റെടുക്കുന്നത്. കുഞ്ഞിനൊപ്പമുള്ള ഓരോ നിമിഷവും സംതൃപ്തി തരുന്നതാവുമെന്ന് നിനച്ചിരിക്കുന്ന അമ്മക്കും അച്ഛനും നല്ലൊരു ഷോക്കാണ് പൊന്നോമന കൊടുക്കുന്നത്. കുഞ്ഞിന്റെ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കുക എന്നത് പലപ്പോഴും വിരസമാണ്, അങ്ങേയറ്റത്തെ ക്ഷമയും ആവശ്യമാണ്- നനഞ്ഞ ഡയപ്പറോ തുണിയോ മാറ്റി, തുടച്ച് വൃത്തിയാക്കി, ഉടുപ്പിട്ട്, പാലൂട്ടീ , കുഞ്ഞിനെ ഉറക്കി, നടുനിവര്‍ത്തുമ്പോഴേക്കും നനഞ്ഞ് കരയുന്ന കുഞ്ഞ്. വീണ്ടും അതേ വട്ടം. രാവും പകലുമെന്നില്ലാതെ ഓരോ മണിക്കൂര്‍ കൂടുമ്പോഴെങ്കിലും വിശന്നുകരയുന്ന കുഞ്ഞ്. മുലയൂട്ടലും എല്ലാ അമ്മമാര്‍ക്കും സ്വാഭാവികമായി വരുന്ന വിദ്യയൊന്നുമല്ല. ശരിയായി പാല്‍ കുടിച്ച് തുടങ്ങാന്‍ അമ്മ കുഞ്ഞിനെ പഠിപ്പിക്കുകയും വേണം.
അനുഭവസ്ഥരുടെ സഹായമില്ലെങ്കില്‍ തളര്‍ന്നു പോകുന്ന ദിവസങ്ങളാണ് അമ്മയുടേയും അച്ഛന്റെയും ആദ്യത്തെ ആഴ്ചകള്‍. ആവശ്യസാധനങ്ങള്‍ വാങ്ങാന്‍ ഭര്‍ത്താവ് പുറത്ത് പോയപ്പോള്‍, മൂന്നു ദിവസം പ്രായമായ കുഞ്ഞിനേയും വെച്ച് ഭയന്നിരുന്ന ഒരു അമ്മ ആ സമയത്ത് സന്ദര്‍ശിക്കാന്‍ വന്ന കൂട്ടുകാരിയെ കെട്ടിപ്പിടിച്ച് ഇനിയൊരിക്കലും തന്നെ വിട്ടുപോകാന്‍ അനുവദിക്കില്ലെന്നും പറഞ്ഞ് കരഞ്ഞ കഥയറിയാം. ഈ അമ്മയെ എങ്ങെനെയാ ആശ്വസിപ്പിക്കുക? കരയാന്‍ അനുവദിക്കുക. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുക. പറ്റാവുന്നത്ര വിശ്രമം. ഈ പ്രയാസങ്ങളൊക്കെ സര്‍വ്വസാധാരണമായ അനുഭവങ്ങളാണെന്നും, എത്രെയോ അമ്മമാര്‍ ഇതൊക്കെ തരണം ചെയ്തവരാണെന്നും കേള്‍ക്കുന്നത്, അതും മറ്റൊരു അമ്മയില്‍ നിന്ന് തന്നെ കേള്‍ക്കുന്നത്, പിരിമുറക്കം കുറക്കും. ഓരോ ദിവസവും പുതിയ കഴിവുകള്‍ നേടി വളരുന്ന കുഞ്ഞിനെ നിരീക്ഷിക്കുന്നതും അമ്മയുടെ പരാജയബോധത്തിന് നല്ലൊരു മരുന്നാണ്. ഹാജറാബീവിയുടെ കഥയോര്‍മ്മയില്ലേ? കുഞ്ഞിന് കൊടുക്കാന്‍ വെള്ളത്തിനായി ഏഴു പ്രാവശ്യം ആ അമ്മ സഫാമര്‍വാ കുന്നുകള്‍ക്കിടയില്‍ ഓടി. വെള്ളമില്ല. നിരാശയായി വന്ന് നോക്കിയപ്പോള്‍ കുഞ്ഞിന്റെ അരികിലായി ഉറവ പൊട്ടി ഒഴുകി വരുന്ന വെള്ളം. സാന്ത്വനം അമ്മയുടെ കൈകളില്‍ തന്നെയുണ്ട്.
എല്ലാം തികഞ്ഞ അമ്മ എന്നത് സുന്ദരമായ ഒരു മിത്താണെന്ന് മനസ്സിലായാല്‍ അനാവശ്യമായ പിരിമുറുക്കങ്ങള്‍ മാറും. രണ്ടു കുഞ്ഞുങ്ങള്‍ക്കും വീടിനും ജോലിക്കുമിടയില്‍ ഓടിനടക്കുന്ന, ഞാനേറെ ബഹുമാനിക്കുന്ന ഒരമ്മ പറയുകയുണ്ടായി, ചില രാത്രികളില്‍ താനേതു കോപ്പിലെ അമ്മയാണെന്നോര്‍ത്ത് തനിച്ചിരുന്ന് കരയാറുണ്ടെന്ന്. ആരോ നാട്ടിയ പെഡസ്റ്റലില്‍ വലിഞ്ഞ് കേറാന്‍ നോക്കേണ്ട അമ്മേ, നിന്ന് തിരിയാന്‍ പോലും സ്ഥലമുണ്ടാവില്ല അതിന്റെ മേലെ. സ്വന്തം കുറവുകള്‍ അറിഞ്ഞ്, തോല്‍വികള്‍ അംഗീകരിച്ച് അവയെ മറികടക്കാന്‍ ശ്രമിക്കുന്ന ഒരു അമ്മ കുഞ്ഞിന് പകരുന്ന പാഠം എത്ര ശക്തമായിരിക്കും എന്നാലോചിച്ച് നോക്കിയേ.