Sunday, November 11, 2012
കൂടെയുള്ളവര്‍
കഫറ്റേരിയയിലെ വലിയ ജനാലക്കരികിലെ മേശയില്‍ റ്റ്രേകള്‍ വെച്ച് ഞങ്ങള്‍ ഇരുന്നു. റ്റെസ്, വരണ്ട സംഭാഷണങ്ങള്‍ക്കിടയിലും ദൂരെയെങ്ങോ മറന്നു വെച്ചതെന്തോ ഓര്‍മ്മിപ്പിക്കുന്നവള്‍. . ഫോര്‍ക്കില്‍ ഒലീവ് കുത്തി അവള്‍ കണ്ണുകളെ നരച്ച ആകാശത്തേക്ക് പായിച്ചു. ആ നോട്ടം പോയ വഴിയേ പോവാന്‍ എന്റെ കണ്ണുകള്‍ പിടഞ്ഞു, അലക്ഷ്യമായ ചലനങ്ങളിലൂടെ ആ കണ്ണുകള്‍ അളന്നെടുക്കുന്നതെന്ത് എന്നറിയാന്‍....
അവള്‍ മേശപ്പുറത്ത് വെച്ച ആ വെള്ള സെറാമിക് പൂപാത്രത്തെ കുറിച്ച് എനിക്ക് അറിയണമെന്നുണ്ടായിരുന്നു. ഒരു കൂട്ടം ചില്ലകളും അവക്കിടയിലെ വിടവുകളും കൂടി രൂപം കൊണ്ട അതിമനോഹരമായ പൂപാത്രം. ഒരൊറ്റ പൂവോ ഇലയോ അതില്‍ ഇടാതെ എന്തിനാണവള്‍ ആ പാത്രം ഒഴിച്ചിട്ടിരിക്കുന്നത്?
റ്റെസ്, പണ്ടെങ്ങോ ഒരു ഡോക്ടറുടെ റിസപ്ഷനില്‍ വെച്ച് കണ്ട സ്ത്രീയെ കുറിച്ച് എനിക്ക് നിന്നോട് പറയണം.
പച്ച
അര്ദ്ധവൃത്തം കറങ്ങി ഫാന്‍ ഞങ്ങള്ക്കു നേരെ തിരിയുമ്പോളൊക്കെ കാറ്റ് അവരുടെ മുടിയെ പലവഴിക്ക് പരത്തിയിടുന്നത് അറിയാതെ ചെയ്തു കൊണ്ടിരുന്ന കൈതുന്നലില്‍ മുഴുകി ഒരല്പ്പം മുന്നോട്ടാഞ്ഞു ഇരിക്കുകയാണവര്‍. ഓരോ തവണയും സൂചിയും നൂലും തുണിയെ തുളച്ച് ഉയര്ന്നു താഴുമ്പോള്‍ വളരെ ചെറിയ പച്ച വര വെള്ള തുണിയില്‍ ഒരു തലോടല്‍ പോലെ വീണുകൊണ്ടിരുന്നു. എത്രയും ലോലമായ വരകള്‍, ചൈതന്യമാര്ന്ന ഒരു പച്ച ഇല പതിയെ തുണിയില്‍ ചുരുള്‍ നിവര്‍ത്തുന്നു; വേദനയുളവാക്കുന്നത്ര സുന്ദരമായ കാഴ്ച. ഓരോ തവണയും ആ പച്ച വര വന്ന് വീഴുമ്പോഴും ഉള്ളിലെവിടേയോ ഒരു അവ്യക്തവികാരം ചുരുള്‍ നിവര്ത്തുന്നത് ഞാനറിഞ്ഞു. പലതവണ കൈയ്യില്‍ വന്നു ചേര്‍ന്നു, പലതവണ കളഞ്ഞു പോയ ഒരു താക്കോല്‍, ഏതിലേക്ക് എന്നറിയാത്ത ഒരു താക്കോല്‍ കൈയ്യില്‍ വന്നു പെട്ടതു പോലെ. എനിക്കവരെ കുലുക്കി വിളിച്ച്ചോദിക്കാന്‍ തോന്നി ഇത്ര അര്‍പ്പണത്തോടെ, ഇത്ര സൂക്ഷമതയോടെ, ഇത്രയും ചെറിയ ചെറിയ വരകള്‍- എതാനും വര്ഷങ്ങള്‍ കൊണ്ട് വലിച്ചെറിയപ്പെടാവുന്ന ഈ തുണിയില്?
മഞ്ഞള്ക്കറയുള്ള അവരുടെ വിരലുകള്‍ പിടിച്ച് ഞാന്‍ മുന്പ് താമസിച്ചിരുന്ന ഫ്ലാറ്റിന്റെ സ്വീകരണമുറിയിലെ ജനലിലൂടെ നോക്കിയാല്‍ കാണാവുന്ന ആ മരങ്ങളുടെ കാഴ്ച അവരോടൊപ്പം നിന്ന് നോക്കി കാണണം.
രണ്ടു മരങ്ങള്‍
നഗരത്തിലെ ആ ഫ്ലാറ്റില്‍ നിന്ന് കാണാവുന്ന അനവധി കാഴ്ചകളില്‍ നിന്ന് ആ മരങ്ങളുടെ ഘടന അറിയാന്‍ ഒരു മഞ്ഞുകാലത്ത് തൊട്ടടുത്ത് താമസിച്ചിരുന്ന വൃദ്ധ ദമ്പതികളുടെ ഇഞ്ചി ചേര്‍ത്ത ചായയുടെ സുഗന്ധം തങ്ങിനില്‍ക്കുന്ന ഫ്ലാറ്റില്‍ പോകേണ്ടി വന്നു. നഗ്നമായ ശിഖരങ്ങള്‍ നീട്ടി അന്യോനം തേടുന്ന, അടുത്തടുത്തായി വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന രണ്ടു മരങ്ങള്‍.....-; ലോകത്തേയും തങ്ങളെതന്നേയും പുണരാനുള്ള പുതുവഴികള്‍ തേടി അവയുടെ കൊമ്പുകള്‍ കൂടിക്കലര്‍ന്ന് ഭ്രമിപ്പിക്കുന്ന ഒരു രൂപം നെയ്തെടുത്തിരുന്നു.
കടും നീലയില തവിട്ട് വരകളുള്ള സ്വെറ്റര്‍ ധരിച്ച്, ഇടത്തെ കൈയ്യില്‍ ഗ്ലൂസ്റ്റിക് പിടിച്ച് കോഫിറ്റേബിള്‍ സോഫയോടു അടുപ്പിച്ചിട്ട് ഇരിക്കുകയാണ് മുഹ്സിനങ്കിള്‍..... 'തൂ ഭീ ഹമേ ബൂല്‍ ഗയാ ക്യാ' എന്ന് ചോദിച്ച് കൗസറാന്റി ഇഞ്ചി ചേര്‍ത്ത ചായയുമായി കടന്നു വന്നു. പത്രത്തോടൊപ്പം കിട്ടുന്ന ലഘുലേഖകളില്‍ നിന്ന് വെട്ടിയെടുത്ത പല നിറങ്ങളാര്‍ന്ന കടലാസു കഷ്ണങ്ങള്‍ മേശമേല്‍ നിരത്തിയിട്ടിട്ടുണ്ട്. തണുപ്പ് കാലത്ത് കൂടിവരുന്ന ആര്‍ത്രൈറ്റസിനും മങ്ങലേല്പ്പിക്കാനാവാത്തത്ര ആവേശത്തില്‍ മുഹ്സിനങ്കിള്‍ കുഞ്ഞുമോളുടെ കുസൃതികള്‍ വിവരിക്കുമ്പോള്‍ കാര്‍ഡ്ബോഡില്‍ ഒരു പെണ്‍കുട്ടി പട്ടം പറത്താന്‍ തുടങ്ങിയിരുന്നു. രണ്ട് ചുവന്നപൊട്ടുകള്‍ കൊണ്ട് കൗസറാന്റി പെണ്‍കുട്ടിയുടെ മുടി ഒതുക്കി വെക്കുന്നത് കണ്ടപ്പോള്‍ എന്റെ പഴയ സഹപ്രവര്‍ത്തകന്‍ റാമിയുടെ ആ ഫോട്ടോ അവര്‍ക്കു കാണിച്ചുകൊടുക്കണമെന്ന് എനിക്ക് തോന്നി.
നോട്ടം
ലബ്നാനിലെ സ്കീ റിസോര്ട്ടില്‍ അവധി ആഘോഷിച്ചതിന്റെ പടങ്ങള്‍ റാമി അന്നു ഓഫീസില്‍ എല്ലാവര്ക്കും അയച്ചു. സീഡാര്‍ മരങ്ങളുടെ വശ്യത അടയാളപ്പെടുത്തി വീണു കിടക്കുന്ന മഞ്ഞിലെ ആഹ്ലാദത്തിമിര്പ്പിന്റെ നിരവധി പടങ്ങള്‍. ഇടയില്‍ ഒരെണ്ണം കണ്ണിലുടക്കി. ഷീഷാ വലിച്ചും സംസാരിച്ചും കൂട്ടം കൂടിയിരിക്കുന്ന ഒരുപറ്റം ആളുകള്ക്കിടയില്‍ ഉയര്ന്ന ബാര്സ്റ്റൂളില്‍ കാലുകള്‍ തൂക്കിയിട്ടിരുന്ന്, പുറത്തെ ഇരുട്ടിലേക്ക് ഉറ്റുനോക്കുന്ന റാമിയുടേ മുഖത്തെ ഭാവം, എന്റേതെന്നെ പോലെ എനിക്ക് പരിചിതമായ ആ നോട്ടം. പുറത്തേക്ക്, കടിഞ്ഞാണില്ലാതെ പാഞ്ഞു അകത്തേക്ക് കറങ്ങിവീഴുന്ന നോട്ടം.
ഏതൊക്കെ വഴികളിലൂടെയാണ് നമ്മുടെയൊക്കെ ജീവിതങ്ങള്‍ കൂടിച്ചേരുന്നതും ഇഴപിരിയുന്നതും എന്ന്ആലോചിച്ചിട്ടുണ്ടോ? നിമിഷനേരത്തേക്ക് മാത്രം ജീവിതത്തിലേക്ക് വന്ന് ചില മിന്നൊളികള്‍ ഒരുമിച്ചറിഞ്ഞ് വഴിപിരിഞ്ഞു പോകുന്നവരെ കുറിച്ച് റാമി ഓര്‍ക്കാറുണ്ടോ? വര്‍ഷങ്ങള്‍ക്കു മുന്പ് ഓഫീസിലേക്കുള്ളവഴിയില്‍ ഞാനൊരു മുഖം കണ്ടിരുന്നു- മുഖമല്ല, അയാളുടെ കണ്ണുകള്‍ മാത്രം- എന്നായിരുന്നു റാമിയുടെ മെയിലിനു മറുപടി അയക്കാന്‍ തോന്നിയത്.
കൂടെയുള്ളവര്‍
കുരുക്കില്‍ പെട്ട് റ്റ്രാഫിക് ഒന്ന് നിന്നിരുന്നു. കാറിന്റെ ഇടതു ഭാഗത്ത് തൊഴിലാളികളെ നിറച്ച ഒരു തുറന്ന റ്റ്രക്ക് വന്നു നിന്നു. അയാള്‍ അതില്‍ കുന്തിച്ചിരിക്കുകയാണ്. വൃദ്ധനോ യുവാവോ എന്ന് പറയാനാവില്ല - കണ്ണുകള്‍മാത്രം തുറന്നിട്ട് മുഖവും തലയും ചാരനിറ്മുള്ള തുണികൊണ്ട് മൂടിക്കെട്ടിയിരുന്നു. ഞങ്ങള്‍ പരസ്പരം നോക്കി- നിമിഷനേരത്തേക്ക് മാത്രം. റ്റ്രാഫിക് നീങ്ങിതുടങ്ങി. ഞങ്ങള്‍ വഴിപിരിഞ്ഞു. ആ മനുഷ്യനെ ഒരിക്കല്‍കൂടി കണ്ടുമുട്ടുവാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു.
മനസ്സിന്റെ ഒരു കോണില്‍ അയാളും ഞാനും ഇപ്പോഴും പരസ്പരം നോക്കിനില്‍ക്കുന്നുണ്ട്. എനിക്കു തീര്‍ത്തും അപരിചിതമല്ലാത്ത ഒരു മരുഭൂവില്‍ വെച്ച് കണ്ണുകള്‍ ദൂരേക്ക് പായിച്ചു അയാള്‍ പറയും ഇത് ഒന്നുമല്ല,മരുഭൂവിന്റെ അകം ഇനിയും കാണാനിരിക്കുന്നതേയുള്ളൂ. ജീവിതം കവിതയുടെ നേരറിയുന്ന നിമിഷം. അറിയാം, എനിക്കകവും ഉണ്ട് അനേകം മരുഭൂമികള്‍.. . എനിക്കയാളോട് റ്റെസ് മേശപ്പുറത്ത് വെക്കാറുള്ള ആ വെള്ള പാത്രത്തെ കുറിച്ച് പറയണം, മരുക്കാറ്റ് ഞങ്ങളുടെ കാലടികളെയും വാക്കുകളെയും തൂത്തുകളയും മുന്‍പ് പറഞ്ഞേതീരൂ.
Subscribe to:
Posts (Atom)