Sunday, November 11, 2012

രണ്ടു മരങ്ങള്‍



നഗരത്തിലെ ആ ഫ്ലാറ്റില്‍ നിന്ന് കാണാവുന്ന അനവധി കാഴ്ചകളില്‍ നിന്ന് ആ മരങ്ങളുടെ ഘടന അറിയാന്‍ ഒരു മഞ്ഞുകാലത്ത് തൊട്ടടുത്ത് താമസിച്ചിരുന്ന വൃദ്ധ ദമ്പതികളുടെ ഇഞ്ചി ചേര്‍ത്ത ചായയുടെ സുഗന്ധം തങ്ങിനില്‍ക്കുന്ന ഫ്ലാറ്റില്‍ പോകേണ്ടി വന്നു. നഗ്നമായ ശിഖരങ്ങള്‍ നീട്ടി അന്യോനം തേടുന്ന, അടുത്തടുത്തായി വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന രണ്ടു മരങ്ങള്‍.....-; ലോകത്തേയും തങ്ങളെതന്നേയും പുണരാനുള്ള പുതുവഴികള്‍ തേടി അവയുടെ കൊമ്പുകള്‍ കൂടിക്കലര്‍ന്ന് ഭ്രമിപ്പിക്കുന്ന ഒരു രൂപം നെയ്തെടുത്തിരുന്നു.

കടും നീലയില തവിട്ട്  വരകളുള്ള സ്വെറ്റര്‍ ധരിച്ച്, ഇടത്തെ കൈയ്യില്‍ ഗ്ലൂസ്റ്റിക് പിടിച്ച്  കോഫിറ്റേബിള്‍ സോഫയോടു അടുപ്പിച്ചിട്ട് ഇരിക്കുകയാണ് മുഹ്സിനങ്കിള്‍..... 'തൂ ഭീ ഹമേ ബൂല്‍ ഗയാ ക്യാ' എന്ന് ചോദിച്ച് കൗസറാന്റി ഇഞ്ചി ചേര്‍ത്ത ചായയുമായി കടന്നു വന്നു. പത്രത്തോടൊപ്പം കിട്ടുന്ന ലഘുലേഖകളില്‍ നിന്ന് വെട്ടിയെടുത്ത പല നിറങ്ങളാര്‍ന്ന കടലാസു കഷ്ണങ്ങള്‍ മേശമേല്‍ നിരത്തിയിട്ടിട്ടുണ്ട്. തണുപ്പ് കാലത്ത് കൂടിവരുന്ന ആര്‍ത്രൈറ്റസിനും മങ്ങലേല്പ്പിക്കാനാവാത്തത്ര ആവേശത്തില്‍ മുഹ്സിനങ്കിള്‍ കുഞ്ഞുമോളുടെ കുസൃതികള്‍ വിവരിക്കുമ്പോള്‍ കാര്‍ഡ്ബോഡില്‍ ഒരു പെണ്‍കുട്ടി പട്ടം പറത്താന്‍ തുടങ്ങിയിരുന്നു. രണ്ട് ചുവന്നപൊട്ടുകള്‍ കൊണ്ട് കൗസറാന്റി പെണ്‍കുട്ടിയുടെ മുടി ഒതുക്കി വെക്കുന്നത് കണ്ടപ്പോള്‍ എന്റെ പഴയ സഹപ്രവര്‍ത്തകന്‍ റാമിയുടെ ആ ഫോട്ടോ അവര്‍ക്കു കാണിച്ചുകൊടുക്കണമെന്ന് എനിക്ക് തോന്നി.