കോഴിക്കോട് നഗരത്തില്‍ വര്‍ത്തമാനത്തിന്റെ തിക്കിലും തിരക്കിലും പെടാതെ ഓരങ്ങളില്‍ ഉറങ്ങികിടക്കുന്ന ചരിത്രമുണ്ട്, വൈകുന്നേരങ്ങളില്‍ ഉപ്പിലിട്ട നെല്ലിക്കയുടെ മണവുമായി വരുന്ന കടല്‍കാറ്റുണ്ട്, പെണ്ണ് മനുഷ്യവര്‍ഗ്ഗത്തില്‍ പെട്ടതല്ലെന്ന് തോന്നിപ്പിക്കുന്ന കൈകളും, കണ്ണുകളുമുള്ള തെരുവുകളുമുണ്ട്. ഇവിടത്തെ ജനത്തിന്റെ തുറിച്ച് നോട്ടം അസഹനീയമാണെന്ന് മിഠായിതെരുവ് കാണാനിറങ്ങിയ കോട്ടയംകാരി പറഞ്ഞപ്പോള്‍ അവളുടെ ഇഷ്ടനായകന് കഷണ്ടിതലയനാണെന്ന് തിരിച്ചടിക്കേണ്ടി വന്ന കോഴിക്കോട്ടുകാരികളും ഉണ്ട്. ഈ കുറിപ്പ് കോഴിക്കോടിനേ കുറിച്ചോ, കോഴിക്കോടന്‍ തെരുവുകളെ കുറിച്ചോ, തുറിച്ച് നോട്ടങ്ങളെകുറിച്ചോ അല്ല. കോഴിക്കോട് നഗരത്തില്‍ വയനാട് റോഡിലാണ് കൊച്ചിന്‍ബേക്കറി. ഈ മൂന്നു സ്ഥലങ്ങളുടെ കൌതുകകരമായ ഒത്തുചേരലിനെ കുറിച്ചുമല്ല എനിക്ക് പറയാനുള്ളത്.
കൊച്ചിന് ബേക്കറി പേരെടുത്തതാണ്. അവിടെ നിന്നാണ് അന്ന് മിസ് മാറ്ഗരറ്റും, മിസ് ഗ്രേസും റ്റീ കേക്ക് വാങ്ങിയിരുന്നത്. സഹോദരിമാരായിരുന്നു അവര്‍. പണ്ടൊരു പ്രൈവറ്റ് സ്കൂള്‍ നടത്തിയിരുന്നത്രെ. എന്റെ കുടുംബത്തിലെ കുട്ടികളെല്ലാം തന്നെ ഒന്നോ രണ്ടോ വര്‍ഷം അവരുടെയടുത്ത് ട്യൂഷനു പോയിട്ടുണ്ട്. ഞാനും. അര്‍ദ്ധവൃത്താകൃതിയിലുള്ള നടുമുറിയുള്ള ഒരു വീട്ടിലായിരുന്നു അവര്‍ താമസിച്ചിരുന്നത്. മുറിയുടെ ഒരു ഭാഗത്ത് ചൂരല്‍ കസേരകള്‍ , മറുഭാഗത്ത് തീന്മേശ. തീന്മേശക്കരികിലായി ചൈനകാബിനറ്റ്, അതിന് മുകളിലായി മദര്‍ മേരിയുടെ ചുമര്‍ചിത്രം. ചൈനാകാബിനറ്റില്‍ തിളങ്ങുന്ന തൂവെള്ള ചായകപ്പുകള്‍ ഉണ്ടായിരുന്നു. ചുറ്റും നേര്‍ത്ത സ്വര്‍ണ്ണ
വരയും , ഒരു വശത്തായി ഇളം നിറങ്ങളിലുള്ള പൂക്കളുമായി തിളങ്ങുന്ന ചൈന ചായകപ്പുകള്‍. ഒരിക്കല്‍ മാത്രമെ അവയെ പുറത്തെടുത്ത് ഞാന്‍ കണ്ടിട്ടുള്ളൂ. മിസ് മാര്‍ഗരറ്റിന്റേയും മിസ് ഗ്രേസിന്റേയും വീട്ടില്‍ നിന്നും ഒന്നും കഴിക്കരുതെന്ന് സീനത്ത് പറയുമായിരുന്നു. എല്ലാത്തിലും പന്നിനെയ്യോ, കള്ളോ ഇടുമത്രേ. വെണ്ണ പോലെ അരച്ചെടുത്ത അരിമാവ് നെയ്യ് പുരട്ടിയ കൈകളില്‍ ഉരുട്ടിയെടുത്ത് ചൂടുള്ള കല്ലില്‍ വട്ടത്തില്‍ പരത്തിയെടുക്കാനറിയാമായിരുന്നു സീനത്തിന്. ഒന്നു പരത്തി, അടുത്തത് മറിച്ചിട്ട്, അതിനപ്പുറത്തേത് ചട്ടുകം കൊണ്ടമര്‍ത്തി പൊള്ളിച്ചെടുത്ത്, ഇടക്ക് അടുപ്പിലേക്ക് വിറക് തള്ളി, സീനത്ത് പത്തിരി ചുടുന്നത് കാണാന്‍ രസമാണ്. പക്ഷെ, ആ വിയര്‍പ്പുനാറ്റം. പഴയ വീടുകളില്‍ അടുക്കളകളില്‍ നിന്നേറെ വിട്ടിട്ട് തീന്മുറികള് ഉണ്ടാക്കിവെക്കുന്നത് സീനത്തുമാരുടെ വിയര്‍പ്പുമണം തീറ്റയുടെ രസം കെടുത്താതിരിക്കാനായിരിക്കണം. അല്ല, ഇനി തീന്മുറിയിലേക്ക് വിയര്‍പ്പുനാറ്റം എത്തിയാലും കുഴപ്പമില്ല, പത്തിരിയുടെ മേല്‍ പുരട്ടിയ തേങ്ങാപ്പാല്‍ ഇറച്ചിമസാലയില്‍ ചേരുമ്പോഴുള്ള മണമേ വിരുന്നുകാരുടെ ഓര്‍മ്മകളിലും നില്ക്കൂ. സീനത്തിനെ കുറിച്ചുമല്ലല്ലോ പറയാനുള്ളത്.
സീനത്ത് അങ്ങനെ പറഞ്ഞുവെങ്കിലും ഒരിക്കല്‍ ഞാന്‍ മിസ് മാര്‍ഗരറ്റിന്റേയും മിസ് ഗ്രേസിന്റേയും വീട്ടില്‍ നിന്ന് തിന്നിട്ടുണ്ട്. കൊച്ചിന് ബേക്കറിയില്‍ നിന്ന് വാങ്ങിയ റ്റീ കേക്ക്. ട്യൂഷന് കുട്ടികളുടെ അമ്മമാരെ ചായ കുടിക്കാന്‍ ക്ഷണിച്ച ദിവസമായിരുന്നു അന്ന്. ട്യൂഷന് കഴിഞ്ഞ് മിസ് ഗ്രേസ് ചായ ഉണ്ടാക്കാന്‍ മറഞ്ഞു. മിസ് മാര്‍ഗരറ്റ് കൊച്ചിന് ബേക്കറിയുടെ കവറില്‍ നിന്ന് റ്റീ കേക്ക് എടുത്ത് രണ്ടു പ്ലേറ്റുകളിലായി ഭംഗിയില്‍ മുറിച്ച് വെച്ചു. കഴുകി തുടച്ച ചായ കപ്പുകള്‍ മേശയില്‍ നിരത്താന്‍ ഞങ്ങളും സഹായിച്ചു. ‘പൂക്കള്‍ വിരുന്നുകാര്‍ക്ക്,’ പൂക്കളുടെ ചിത്രം കസേരകള്‍ക്കഭിമുഖമായി വരത്തക്കവണ്ണം ഒരോ കപ്പും തിരിച്ച് മിസ് മാര്‍ഗരറ്റ് മേശക്ക് ചുറ്റും നടന്നു. ചായ എങ്ങെനെ പകര്‍ന്നു കൊടുക്കണമെന്ന് മിസ് മാര്‍ഗരറ്റും മിസ് ഗ്രേസും ഏറെ നേരം ആലോചിച്ചു, ഒടുവില്‍ എല്ലാവരും ഇരുന്ന് കഴിഞ്ഞാല്‍ മിസ് മാര്‍ഗരറ്റ് റ്റീ പോട്ടുമായി വരണമെന്ന് തീരുമാനിച്ചു. വെള്ള ലേസ് മേശവിരി, തിളങ്ങുന്ന ചായകപ്പുകള്‍, രണ്ടു പ്ലേറ്റുകളിലായി തേന്‍ നിറമുള്ള അരികുകളോടെ ടീകേക്ക്- ഒരുക്കങ്ങള്‍ക്കൊടുവില്‍ രണ്ടുപേരും മേശ നോക്കി നിന്നു. വര്‍ദ്ധിച്ച നെഞ്ചിടിപ്പോടെ ഞങ്ങളും.
വന്നത് മഞ്ചുവിന്റെ അമ്മ മാത്രം. മേശക്കു ചുറ്റുമായി ഞങ്ങളിരുന്നു. മിസ് മാര്‍ഗരറ്റ് റ്റീ പോട്ടുമായി വന്നു, മിസ് ഗ്രേസ് പാലും പഞ്ചസാരയും നീട്ടി. ഉണങ്ങിയ തൊണ്ടയില്‍ റ്റീ കേക്ക് പറ്റിപ്പിടിച്ച് ഞാനന്ന് ചുമയടക്കി ബുദ്ധിമുട്ടിയിരുന്നു.
ഇതായിരുന്നു പറയാനുള്ളത്. അതിന് ഇത്രയും എഴുതണോ? മേലേ എഴുതിയതൊക്കെ വെട്ടിയിട്ട് മൂന്ന് വാചകങ്ങളിലൊതുക്കാം.
മിസ് മാര്‍ഗരറ്റും മിസ് ഗ്രേസും സഹോദരിമാരായിരുന്നു. ഞാന്‍ അവരുടെയടുത്ത് ട്യൂഷന് പോയിരുന്നു. ഒരിക്കല്‍ അവരുടെ വീട്ടില്‍ വെച്ച് റ്റീ കേക്ക് എന്റെ തൊണ്ടയില്‍ കുടുങ്ങി.
ഇത്രയും മതി.
പക്ഷെ, ഒരു കാര്യം കൂടിയുണ്ട്. എന്റെ തൊണ്ട ഇടക്കിടക്ക് ഉണങ്ങാറുണ്ട്.
Monday, March 19, 2007
Tuesday, March 13, 2007
കൊടകരപുരാണം പ്രകാശനം ഇങ്ങ് കരോലീനായിലും
Sunday, March 04, 2007
Subscribe to:
Posts (Atom)