Monday, June 20, 2011
കുതിപ്പ്
'ഇതാ ഒരു അസ്സല്‍ അലങ്കാരം' എന്നു വിളിച്ചു പറഞ്ഞുകൊണ്ടു പൊളിച്ചു മാറ്റാനായി ഒഴിക്കപ്പെട്ട ഒരു കെട്ടിടം ഞങ്ങളുടെ ഫ്ലാറ്റിനു പിറകില്‍ നില്പ്പുണ്ട്. ഉപേക്ഷിക്കപ്പെട്ട പലതരം സാധനങ്ങള്‍ - പൊളിഞ്ഞ കസേരക്കാലുകള്‍, കീറിയ കുഷ്യനുകള്‍ അങ്ങനെ പേരെടുത്ത് പറയാന്‍ മാത്രമായി ഒന്നുമല്ലാത്ത പലതും- അതിന്റെ ബാല്‍ക്കണികളില്‍ കൂടിക്കുഴഞ്ഞ് കിടപ്പുണ്ട്. കെട്ടിടം പൊളിക്കാനുള്ള കരാറുകാരായിരിക്കണം, വാതിലുകളും ജനലുകളും പറിച്ചെടുത്തിട്ടുണ്ട്. വാതിലുകളും ജനാലകളും നിന്നിടത്ത് ഇപ്പോള്‍ കെട്ടിടത്തിനകത്തെ ഇരുട്ടിലേക്ക് തുറക്കുന്ന വിള്ളലുകള്‍ പതുങ്ങിയിരിപ്പുണ്ട്. ഉണ്ട്, ഉണ്ട്, ഉണ്ട് എന്നാവര്‍ത്തിച്ച് ഉറപ്പിക്കേണ്ടി വരുന്നതിനെയെല്ലാം കൊഞ്ഞാനം കാട്ടി കൊണ്ട് അതിനകത്തെ ഇരുട്ടില്‍ എന്തോ പിടയുന്നുമുണ്ട്. കര്‍ട്ടന്‍ വകഞ്ഞു എത്ര തന്നെ ആഞ്ഞു നോക്കിയാലും ഇരുട്ടിനെ തുരന്നു കടക്കാന്‍ എന്റെ കാഴ്ചക്കാവാത്തതുകൊണ്ട് ഞാന്‍ ഇരുട്ടിലേക്ക് വാക്കുകളെ അഴിച്ചുവിട്ടിട്ടുണ്ട്. 'ദാ പിടിച്ചെ'ന്നും പറഞ്ഞ് അവയെന്റെ കൈകളിലേക്കെന്തോ വെച്ച് തന്നതും ഒറ്റക്കുതിപ്പിലത് ഇരുട്ടിലേക്ക് മറഞ്ഞിട്ടുണ്ട്.
Subscribe to:
Post Comments (Atom)
1 comment:
ഈ പോസ്റ്റില്‍ എന്തൊക്കെയോ ഒളിഞ്ഞിരിപ്പുണ്ട്. അല്ലേ രേഷ്മാ :)
Post a Comment