Tuesday, March 28, 2006

വായന

മുന്തിരിയെ നീ വര്‍ണ്ണിച്ചത് വായിച്ച് ഞാന്‍‌ ആ വാക്കുകളിലെ മുന്തിരിനീര് രുചിച്ചിട്ടുണ്ട്. ചെറി പൂക്കള്‍ കൊഴിയുന്നതെങ്ങെനെയെന്ന് നീ കാണിച്ചതിനു ശേഷമാണ് ഞാനവയുടെ സംഗീതം കേള്‍ക്കുന്നത്.
എന്നാല്‍ ‍പെണ്‍മനസ്സിന് നീ ചാര്‍ത്തികൊടുക്കുന്ന നിഗൂഡതക്ക് മുന്‍പില്‍ ഞാനൊന്ന് മടിച്ച് നില്‍ക്കും. പിന്നെ, യുട്ടോപ്പിയന്‍ തെരുവുകളില്‍ പറക്കുന്ന പച്ച ആനകളെ കുറിച്ച് വായിക്കുന്ന കൌതുകത്തോടെ വായന തുടരും.

Thursday, March 23, 2006

ഞാനും

ഇന്നലെ രാത്രിയും, ടിവിയിലെ പതിവ് ദൃശ്യങ്ങള്‍ കണ്ടിരിക്കുമ്പോള്‍, ചോരയൊലിച്ച് കിടക്കുന്ന ഇറാഖി യുവാവിനെ ചുമന്ന് കൊണ്ടോടുന്നവരുടെ അരോചകമായ നിലവിളികള്‍‍ക്കു മീതെ, മതിലിനപ്പുറത്ത് നിന്ന് ആക്രോശങ്ങളും ആരൊക്കെയോ എന്തൊക്കെയോ തള്ളിയിടുന്ന ശബ്ദവും. അയല്‍ക്കാരാണ്. പരസ്പരം കുത്തിമുറിവേല്‍പ്പിക്കാന്‍ അവര്‍ തെരഞ്ഞെടുത്ത വാക്കുകള്‍ കേട്ട് സ്തബ്ദരായി ഇപ്പുറം ഞങ്ങള്‍, മിണ്ടാതെ അനങ്ങാതെ, ആരുടെയോ സ്വകാര്യതയിലേക്ക് എത്തിനോക്കിയ പരിഭ്രമത്തോടെ. ഒടുവില്‍ അകത്തെ മുറിയിലേക്ക് പിന്‍‌വലിയുമ്പോള്‍ അപ്പുറത്ത് നിന്ന് നേര്‍ത്ത തേങ്ങല്‍ മാത്രമായിരുന്നു. അവളുടേത്.

ഇന്ന് വസന്തമറിയിച്ച് വിരിഞ്ഞ് കൊഴിഞ്ഞ പൂക്കള്‍ക്ക് വേണ്ടി മനസ്സിനെ വേദനിക്കാന്‍ വിട്ട്കൊണ്ട് ഞാന്‍ നടക്കുമ്പോള്‍ എതിരെ അവന്‍. കയ്യുയര്‍ത്തി കൊണ്ടവന്‍ ചിരിച്ചു.

Wednesday, March 01, 2006

പഠനം

ഞങ്ങള്‍ മീരാന്റിയെ കാണാന്‍ വന്നതാണ്. കവിളില്‍ നുള്ളിയിട്ട് ‘ചബ്ബി ചീക്ക്സ്’ എന്ന് വിളിക്കാത്തത് കൊണ്ട് എനിക്ക് മീരാന്റിയെ ഇഷ്ടമാണ്.മമ്മക്കും. മമ്മയും മീരാന്റിയും കുഷ്യന്‍ വലിച്ചിട്ട് നിലത്ത് കിടക്കുകയാണ്.
‘ശനിയാഴ്ചകള്‍ എത്ര സുന്ദരം. ശാന്തം. തിങ്കള്‍ ഒരു യുഗം അകലേയും’ മമ്മ വെറുതെ പുഞ്ചിരിച്ചു.

മീരാന്റി മമ്മയുടെ ആത്മമിത്രമാണെന്നാ മമ്മ പണ്ടൊരിക്കല്‍ പറഞ്ഞത്. ആത്മമിത്രം എന്നാല്‍ ഏറ്റവും അടുത്ത സുഹൃത്ത്. ആത്മമിത്രത്തിന്റെ മുന്‍പില്‍ നമ്മുക്ക് നാമായി തന്നെ നില്‍ക്കാമത്രെ. ഒരാള്‍ക്ക് മറ്റൊരാളാകാന്‍ പറ്റുന്നതെങ്ങെനെയെന്ന് എനിക്ക് മനസ്സിലായില്ല. ‘നീ പഠിച്ചോളും’ മമ്മ പറഞ്ഞു.

കണ്ണുകള്‍ വിടര്‍ത്തി മീരാന്റി പറഞ്ഞു “ എന്നിട്ട് അവര്‍ പറയാ ‘മീരാ, യുവര്‍ ഹൌസ് ഡസന്റ് സ്മെല്ല് ഓഫ് സ്പൈസസ്’'. സ്റ്റീരിയോറ്റൈപ്പ്സിനും അപ്പുറം ലോകമുണ്ടെന്ന് ഈ മനുഷ്യര്‍ എന്നാ മനസ്സിലാക്കുക?”

“ഉം. അവര്‍ നമ്മെ നോക്കുമ്പോള്‍ കാണുന്നത് കറികളും, ആനകളും, പാമ്പുകളും അര്‍ദ്ധനഗ്നരായ ഫക്കീരുകളും’. മമ്മ ചിരിച്ചു. ചിരിക്കുമ്പോള്‍ മമ്മ സുന്ദരിയാണ്.

‘ഞാന്‍ കളിക്കാന്‍ പോട്ടെ?” ആകാശ് ചോദിച്ചു.
‘ഇന്ന് വേണ്ട മോനെ , നീതയേയും കൂട്ടി കാറ്ട്ടൂണ്‍ കണ്ടോളൂ’

ആകാശ് വലുതാണ്, അവന് ഒമ്പത് വയസ്സായി. കാര്‍ട്ടൂണ്‍ കാണുമ്പോഴും മമ്മയുടെ ചിരി എനിക്ക് കേള്‍ക്കാമായിരുന്നു. ആകാശിനോട് പറയണമെന്നുണ്ടായിരുന്നു, അവന്റെ മമ്മി എന്റെ മമ്മയുടെ ആത്മമിത്രമാണെന്നും, പിന്നെ ഒരാള്‍ക്ക് തന്നെ മറ്റൊരാളാകാന്‍ പറ്റുമെന്നും.പറഞ്ഞില്ല. പെണ്‍ക്കുട്ടികള്‍ ഇള്ളക്കുട്ടികള്‍ ആണെന്നാ അവന്‍ പറയാറുള്ളത്. മാത്രല്ല, അവന്‍ ഒമ്പത് വയസ്സായി.

ഞാന്‍ കളറിംഗ് ബുക്കെടുത്ത് മമ്മയെ ചാരിയിരുന്നു. ‘നിനക്ക് കാറ്ട്ടൂണ്‍ കാണണ്ടേ?” മമ്മ ചോദിച്ചു. തലയിളക്കി കൊണ്ട് ഞാന്‍ ചിത്രങ്ങളില്‍ ശ്രദ്ധിച്ച് നിറങ്ങള്‍ ചേര്‍ക്കാന്‍ തുടങ്ങി. വരക്കുമ്പോള്‍ അവര്‍ പറയുന്നത് എനിക്ക് കേള്‍ക്കാനാവില്ലെന്നാ വലിയവര്‍ വിചാരിക്കുന്നത്. അവരറിയാതെ അവരുടെ ലോകത്തെത്തുന്നത് എനിക്കും ഇഷ്ടമാണ് .

ഒരു കുട്ടി വന്ന്. കൈയ്യില്‍ ബാസ്കറ്റ്ബോള്‍.
‘മിസ്സിസ് സുരേഷ്, കാന്‍ ആകാശ് പ്ലേ വിത്ത് മീ?”
“നോ ഡിയര്‍. വീ ആര്‍ ഹാവിങ്ങ് കമ്പനി റ്റുഡേ. താങ്ക്സ് ഫോ ആസ്ക്കിങ്ങ്”
‘ഐ വോണ്ട് റ്റു പ്ലേ വിത്ത് ബെന്നി’ ആകാശ് ഓടി വന്നു.
“ലിസന്‍ റ്റ് മീ ആകാശ്, ഇറ്റ്സ് റൂഡ് റ്റു ലീവ് വെന്‍ യൂ ഹാവ് ഗസ്റ്റ്സ്’. മീരാന്റിയുടെ ശബ്ദത്തിന് അപ്പോള്‍ പര്‍പ്പിള്‍ നിറമായിരുന്നു.
ബെന്നി ആകാശിനെ നോക്കി, പിന്നെ പുറത്തേക്ക് പോയി.

‘അടുത്ത വീട്ടിലേ കൊച്ചാ’ മീരാന്റി പറഞ്ഞു. ‘ആകാശിനെ ഞാന്‍ കഴിയുന്നത്ര അവിടേക്ക് വിടാറില്ല. കറുമ്പന്മാരല്ലേ, കുട്ടി എന്തോക്കെയാ അവിടെന്നും കാണാ‍ന്ന്’ മീരാന്റിയുടെ ശബ്ദം ഇളം വയലറ്റ് നിറമായി.
“ഉം. കുട്ടികള്‍ അല്ലേ. വേണ്ടാത്തത് എന്തെന്ന് അറിയില്ലല്ലോ?” മമ്മ പറഞ്ഞു.

മീരാന്റി ആകാശിനെ കളിക്കാന്‍ വിട്ടാല്‍ മതിയെന്നായി എനിക്ക്. ഇനിയവന്‍ പെണ്‍കുട്ടികള്‍ ഇള്ളകുട്ടികളും മണ്ടികളുമാണെന്ന് പറയോ?