Friday, May 27, 2011

അങ്ങനെയിങ്ങനെ പോകുമ്പോള്‍

മാളിലെ കളിയിടത്തിലേക്ക് പ്രവേശിച്ചതും രൂക്ഷമായൊരു ഗന്ധവും ശബ്ദകോലാഹലവും അവരെ എതിരേറ്റു. ഊദും, സിഗരറ്റും, പലതരം പെര്‍ഫ്യൂമുകളും ഒന്നിച്ചും വഴിമാറിപ്പിരിഞ്ഞും അവിടമാകെ വ്യാപിച്ചിരുന്ന ആ ഭീമാകാരനായ സത്വത്തിനു മുന്നില്‍ കുളി കഴിഞ്ഞ് താന്‍ കക്ഷങ്ങളില്‍ പുരട്ടിയ നിവിയ ഡിയോ വാലും ചുരട്ടിയോടിയേ തീരൂ എന്നു അനഘക്കു തോന്നി. പലതരം ഒന്നിച്ച്; ഒന്നായി; ഒരുമിച്ച്- പ്രയോഗങ്ങളിലെ പൊരുത്തക്കേടു പോലെയെന്തോ തടഞ്ഞതും അര്‍ജ്ജുന്‍ അനഘയുടെ പിടിവിട്ട് ആദ്യത്തെ റൈഡിനുള്ള നിരയില്‍ സ്ഥാനം പിടിച്ചു. പിറകെ ഫര്‍ഹാനും.

'ഇനി രണ്ടീനേയും കിട്ടില്ല, വാ ഇവിടെ നില്‍ക്കാം' സുമി ഒഴിഞ്ഞ ഒരു കോണിലേക്ക് നീങ്ങിനിന്നു. ആനന്ദും ഫൈസലും റ്റിക്കറ്റെടുക്കാന്‍ പോയിരുന്നു. വ്യാഴം രാത്രിയായതിനാല്‍ നല്ല തിരക്കുണ്ട്. ചുളിവു വീഴാത്ത തൂവെള്ള തൊഉബുകള്‍, ഒഴുകുന്ന കറുപ്പ് അബായകള്‍, സ്കിന്‍ റ്റൈറ്റ് ജീന്‍സ്, ട്രെന്‍ഡി റ്റീഷറ്ട്ടുകള്‍- ഇതിനെല്ലാമിടയില്‍ തന്റെ കോട്ടണ്‍ സല്‍‌വാര്‍, സുമിയെ പോലെ കുറ്‌ത്തി-ജീനെങ്കിലും ഇടാമായിരുന്നു എന്നു അനഘക്കു തോന്നി.

'സുമി നല്ല ഡ്രസ്സെല്ലാം കൈ കൊണ്ട് കഴുകിയെടുക്കാറാണോ? മെഷീനിലും ഡ്രയറിലും ഇട്ട് കോട്ടണ്‍ ഡ്രസ്സെല്ലാം വൃത്തികേടാവുന്നു'.
'അനഘ എല്ലാം കൂടെ മെഷീനിലോട്ട് കുത്തികയറ്റുന്നതു കൊണ്ടാവും, പുതിയത് എന്നല്ല എല്ലാ ഡ്രസ്സും ഞാന്‍ പുറം മറിച്ചിട്ടേ മെഷീനില്‍ ഇടൂ, അതും ചെറിയ ലോഡായി'. ചുറ്റുമുയരുന്ന ശബ്ദഘോഷത്തെ മുറിച്ച് കടക്കാനായി സുമി കൈകള്‍ വിടര്‍ത്തി ആഞ്ഞുതള്ളുന്നതായി ആംഗ്യം കാണിച്ചുകൊണ്ടു പറഞ്ഞു. ആ ബഹളത്തില്‍ സുമിയുടെ ശബ്ദം മുങ്ങിപ്പോയിരുന്നുവെങ്കില്‍ താന്‍ എങ്ങെനെയാണ് അവളുടെ ആംഗ്യം വായിച്ചെടുക്കുക എന്നു അനഘയോറ്‌ത്തു. ഉയര്‍ന്നും താണും കറങ്ങുന്ന കുട്ടിഫ്ലൈറ്റുകളില്‍ ഇരുന്നു അര്‍ജ്ജുനും ഫര്‍ഹാനും കൈവീശി ആര്‍ത്തുചിരിച്ചു. 'പ്രിന്റുള്ള റ്റീഷര്‍ട്ടുകള്‍ ഡ്രൈയറില്‍ ഇടുമ്പോള്‍ ഒന്നൂടെ ശ്രദ്ധിക്കണം, റ്റംമ്പിള്‍ ഡ്രൈ ഒന്‍ലി, നോ ഹീറ്റ്. അല്ലെങ്കില്‍ പ്രിന്റ് ചുക്കിച്ചുളുങ്ങി വരും.'

ഉയര്‍ത്തിക്കെട്ടി ക്രിസ്റ്റലുകള്‍ പതിപ്പിച്ച ഹിജാബുകള്‍, കനത്തില്‍ എഴുതിയ നീണ്ട കണ്ണൂകള്‍, റ്റാഗ് പറിച്ചിട്ടില്ലെന്നു തോന്നിപ്പിക്കുന്ന ബാഗുകള്‍, കടഞ്ഞെടുത്ത ഹൈഹീല്‍ ചെരുപ്പുകള്‍ - ഒരു കൂട്ടം കറുത്ത അബായകള്‍ അവര്‍ക്കരികിലൂടെ നടന്നുനീങ്ങി. 'കണ്ണൂകള്‍ മാത്രം കാണിക്കാനാവുന്നതു കൊണ്ടാണോ ഇവര്‍ ഇത്ര കട്ടിയായി ഐലൈനറിടുന്നത്?' അനഘ ചിരിച്ചു. 'ഉമ്മാ, വാ ഇനി ഫ്രോഗി റൈഡ്' ഫര്‍ഹാന്‍ സുമിയുടേ കൈ പിടിച്ചു വലിച്ചു. 'പപ്പയും അങ്കിളും എവിടേ?'. ഫര്‍ഹാന്‍ അടുത്ത റൈഡിനുള്ള ക്യൂവില്‍ നില്‍ക്കുന്ന അര്‍ജ്ജുന്റെ അടുത്തേക്ക് ഓടി.സുമിയും അനഘയും അവനു പിറകെ നടന്നു. കൈയ്യിലൊരു ബലൂണും പിടിച്ച് ആള്‍ക്കൂട്ടത്തിനിടയിലൂടെ ഒരു വാവ ആടിയാടി നടന്നു. ഡയപ്പര്‍ ബാഗ് തൂക്കിയൊരു ഫിലിപ്പിനി മെയ്ഡ് പിറകേയും.
'എന്തു ഭംഗിയാ ഈ അറബിക്കുട്ടികളെ കാണാന്‍' അനഘ പറഞ്ഞു.
'ഉം, ചിലതൊക്കെ മുടീം കെട്ടി മാച്ചിങ്ങ് ക്ലിപ്പും കുത്തി- എന്തു ഭംഗീള്ള മുടിയണിവര്‍ക്ക് , പക്ഷെ' സുമി അനഘയുടെ ചുമലില്‍ തട്ടി ' അടുപ്പിക്കാന്‍ കൊള്ളില്ല. പിള്ളേരും കണക്കാ, വല്ല്യോരും കണക്കാ. ഒരു മാനേറ്സും ഇല്ലാത്ത കൂട്ടരാ'.

പല നിറങ്ങളുള്ള തവളകള്‍ കുട്ടികളെ വട്ടം കറക്കാന്‍ തുടങ്ങി. പതുക്കെ മേലോട്ടുയര്‍ത്തി, കുത്തനെ താഴേക്കിറക്കി, മിന്നല്‍ വേഗത്തില്‍ മുന്നോട്ടാഞ്ഞും തവളകള്‍.
'അര്‍ജ്ജൂന്‍! ഫര്‍ഹാന്‍!' കുട്ടികള്‍ കറങ്ങി തങ്ങള്‍ക്കു നേരെയെത്തുമ്പോള്‍ സുമിയും അനഘയും കൈ വീശി വിളിച്ചുപറഞ്ഞു. അമ്മമാരുടേ ശബ്ദം ഏതു ദിശയില്‍ നിന്നാണ് വരുന്നതു എന്ന് മനസ്സിലാവാതെ കുട്ടികള്‍ അപ്പുറവും ഇപ്പുറവും നോക്കി. ' രണ്ടും അന്തം വിട്ടിരിക്കാ', അനഘക്കും സുമിക്കും രസം പിടിച്ചു, അവര്‍ മക്കളുടെ പേരുകള്‍ ഉറക്കെയുറക്കെ വിളിച്ചുകൊണ്ടിരുന്നു. തവളകള്‍ വേഗം കൂട്ടി. കറങ്ങി കലങ്ങുന്ന നിറങ്ങള്‍ക്കിടയില്‍ നിന്നും തങ്ങളുടെ മക്കളെ തിരിച്ചറിയാനാവാതെ വന്നപ്പോള്‍ സുമിക്കും അനഘക്കും പൊടുന്നനെ ഒരാന്തല്‍ തോന്നി.‍

'ഇവിടെ നില്‍ക്കാണോ? എത്ര നേരായി ഞങ്ങള്‍ തിരയുന്നു!" ആനന്ദ് പോപ്കോണുമായി.
'സുമീ, നീ ഫോണെടുത്തിട്ടില്ലേ? ഞാനെത്ര വിളിച്ചു!' ഫൈസല്‍ ചോദിച്ചു.
'ഓ! ഈ ബഹളത്തില്‍ ഞാന്‍ കേട്ടേയില്ല'.
'പിള്ളെരു തകറ്ക്കുവാണല്ലോ!'.
'ഈ മെയിഡൊക്കെ എന്തിനാ ഇങ്ങനെ യൂനിഫോം ഇട്ടിരിക്കുന്നേ?' അനഘ ചോദിച്ചു.
'മെയിഡ് മാത്രല്ലല്ലോ, മുതലാളിമാരും കറുപ്പിലും വെള്ളയിലുമല്ലേ?' ആനന്ദ് കണ്ണിറുക്കി.
'മലയാളായോണ്ട് കുഴപ്പമില്ല. ഇവര്‍ക്ക് ഇതൊക്കെ മനസ്സിലായാല്‍ പണി കിട്ടും മക്കളേ' ഫൈസല്‍ ശബ്ദം താഴ്ത്തിപറഞ്ഞു. ഉച്ചസ്ഥായിയിലുള്ള പല ശബ്ദങ്ങള്‍ കൂടിക്കുഴഞ്ഞിരിക്കുന്നിടത്ത് പതിഞ്ഞ ശബ്ദം എന്തു കൊണ്ടാണു അരോചകമായി അനുഭവപ്പെട്ടത് എന്നു അനഘയോറ്ത്തു.

ഫര്‍ഹാനും അര്‍ജ്ജുനും ഓടിയെത്തി, 'ഇനി അവിടെ'. അര്‍ജ്ജുന്റെ റ്റീഷര്‍ട്ടിലെ ഫുട്ബോള്‍ ചിത്രം കുഞ്ഞുകുഞ്ഞു കഷ്ണങ്ങളായി പൊടിഞ്ഞു തുടങ്ങിയത് അനഘ അപ്പോഴാണ് കണ്ടത്, റ്റംബിള്‍ ഡ്രൈ, നോ ഹീറ്റ്, അനഘയോറ്ത്തു.
'ഇനി മതി, ഫുഡ് അടിക്കേണ്ടേ?' ഫൈസല്‍.
' പ്ലീസ് അങ്കിള്‍' അര്‍ജ്ജുന്‍ കെഞ്ചി.
'ഒകെ, ലാസ്റ്റ് വണ്‍'.
അടുത്ത റൈഡിനുള്ള ക്യൂവില്‍ കുട്ടികള്‍ സ്ഥാനം പിടിച്ചു.
'ഇവിടെ തന്നെ നില്‍ക്കാം, നമ്മള്‍ മാറിക്കളഞ്ഞാല്‍ അടുത്തതിനും കേറാന്‍ നിക്കും' അനഘ പറഞ്ഞു.
കുട്ടികള്‍ മുന്നോട്ട് കുതിക്കാനുള്ള ത്വരയൊതുക്കി ക്യൂവില്‍ നിന്നു.പിറകില്‍ നിന്നൊരു ചുരുളന്‍ മുടി ക്യൂ മുറിച്ചു തിക്കിതിരക്കി അര്‍ജ്ജുന്റെ മുന്നിലെത്തി.
'അച്ഛാ, ഞാനാ ആദ്യമെത്തിയത്' അര്‍ജ്ജുന്‍ പറഞ്ഞു. തിരിഞ്ഞു നിന്ന ചുരുളന്‍ മുടി ചുണ്ടുകള്‍ കൂര്‍പ്പിച്ച് പറഞ്ഞത് മനസ്സിലാവാതെ അര്‍ജ്ജുന്‍ പകച്ചു.
'യൂ നീഡ് റ്റു ഗോ ബാക്' ആനന്ദ് ചുരുളന്മുടിയോടു പറഞ്ഞു. വലിഞ്ഞു മുറുകിയ സ്വരത്തില്‍ ചുരുളന്‍ മുടി പറഞ്ഞത് ആനന്ദിനും മനസ്സിലായില്ല.
'വിട്ടേക്ക് ആനന്ദ്. ചെക്കന്‍ ചിലപ്പോള്‍ മുഖത്ത് തുപ്പിയെന്നു വരും, നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല,' ഫൈസല്‍ ആനന്ദിന്റെ കൈ പിടിച്ചു. ആനന്ദ് പിറകോട്ടു നിന്നു. കാഴ്ച, ശബ്ദം, ചലനം , ഗന്ധം ഇങ്ങനെ അനേകം കഷ്ണങ്ങളായി മുറിഞ്ഞു തീരുകയാണ് തങ്ങള്‍ ഉള്‍പ്പെടുന്ന ചിത്രമെന്ന തോന്നല്‍ കുടഞ്ഞു മാറ്റി അനഘ പറഞ്ഞു' എന്തൊരു ബഹളമാണ്'.
'രണ്ടൂ മിനിറ്റുള്ള ഈ കറക്കത്തിനു വേണ്ടിയാണല്ലോ കുട്ടികള്‍ പത്തും പതിനഞ്ചും മിനിറ്റ് കാത്തിരിക്കുന്നേ, ഇതു കഴിഞ്ഞാ നേരെ ഫുഡ് കോറ്‌ട്ടിലേക്ക് നീങ്ങാം' സുമി പറഞ്ഞു.

ഫുഡ് കോറ്ട്ടില്‍ ബ്രോസ്റ്റഡ് ചിക്കന്റെ മണവും സിഗരറ്റു മണവും നിറഞ്ഞു നിന്നു.
'ഈ സിഗരറ്റു പുകയെല്ലാം ശ്വസിച്ച് നല്ലൊരു തലവേദന വരുന്നുണ്ട്' മേശക്കു ചുറ്റും കസേര വലിച്ചിട്ടു ഫൈസല്‍ പറഞ്ഞു.
അനഘ റ്റിഷ്യൂയെടുത്ത് അര്‍ജ്ജുന്റെ മൂക്കില്‍ പിടിച്ചു' അര്‍ജ്ജുന്‍ ബ്ലോ യുവര്‍ നോസ്, മൂക്ക് ബ്ലോസ് ചെയ്യ്'. അര്‍ജ്ജുനും ഫര്‍ഹാനും ആഞ്ഞുചിരിച്ചു. 'ഒന്നു മിണ്ടാതിരി, കിഡ്സ് മീല്‍ വേണമെങ്കില്‍ അടങ്ങിയിരി'.
'ഇപ്പോഴാ ചെവിക്കും മൂക്കിനും ശ്വാസം വിടാന്‍ പറ്റിയത്' കഴിച്ച് പുറത്തിറങ്ങിയപ്പോള്‍ ആനന്ദ് പറഞ്ഞു.

ഫ്ലാറ്റെത്തിയപ്പോഴേക്കും അര്‍ജ്ജുന്‍ ഉറങ്ങിയിരുന്നു.ആനന്ദ് അവനെ ബെഡില്‍ കിടത്തി, സിറ്റിങ്ങ് റൂമില്‍ താക്കോല്‍ റ്റീവി സ്റ്റാന്‍ഡില്‍ വെച്ച് ചെന്ന് റിമോട്ട് കൈയ്യിലെടുത്ത് സോഫയില്‍ ചാഞ്ഞിരുന്നു.
'ചായയിടണോ?' അടുക്കളയില്‍ നിന്നും അനഘ വിളിച്ചു ചോദിച്ചു.
'നീ കുടിക്കുന്നെങ്കില്‍ ഒന്നെടുത്തോ' ആനന്ദ് പറഞ്ഞു.
വൈകുന്നേരം ചായ കുടിച്ച പാത്രങ്ങള്‍ സിങ്കില്‍ കൂട്ടിയിട്ടിരുന്നു. ചായ പാത്രം, കപ്പുകള്‍, ബിസ്കറ്റ് വച്ച പ്ലേറ്റ്. കൂമ്പാരത്തിനടിയില്‍ നിന്നും ചായ അരിപ്പ വലിച്ചെടുത്തപ്പോള്‍ പാത്രങ്ങളെല്ലാം ഒന്നിളകി വീണു. എന്തായിരുന്നു അത് എന്ന് അനഘയെ ഒരു നിമിഷത്തേക്ക് തടഞ്ഞുനിര്‍ത്തികൊണ്ട് പാത്രങ്ങളുടെ ആ ചലനത്തില്‍ എന്തോ ഒന്നു തെളിഞ്ഞു മറഞ്ഞു.

ചായ കുടിച്ച് ആനന്ദ് ആശ്വാസത്തോടെ ചാനലുകള്‍ തെരഞ്ഞു. അനഘ മേല്‍കഴുകാനായി റ്റബ്ബിലേക്കിറങ്ങി നിന്ന് ഷവര്‍ കര്‍ട്ടന്‍ വലിച്ചിട്ടു. ചൂടു വെള്ളം വന്നു വീണപ്പോള്‍ ഒന്നു കരഞ്ഞു തെളിയണമെന്നു അനഘക്കു തോന്നി. ഉത്തേജനത്തിനായി അനഘ മനസ്സിലുള്ള ചിത്രങ്ങള്‍ മറിച്ചു നോക്കി, ആള്‍ക്കൂട്ടത്തില്‍ ഒറ്റക്കൊരു കുഞ്ഞ്, നിറങ്ങളില്‍ കലങ്ങിപ്പോയ അര്‍ജ്ജുന്‍, നിറം മങ്ങിയ വസ്ത്രങ്ങള്‍, കനത്തിലെഴുതിയ കണ്ണുകള്‍,വാലും ചുരുട്ടിയോടുന്ന വയസ്സന്‍ നായ, പൊടിഞ്ഞു തുടങ്ങിയ ഫുഡ്ബോള്‍- ചങ്ക് ചുരുങ്ങി വേദനിച്ചു കണ്ണീര്‍ ഒഴുകാനായപ്പോള്‍ ഷവറില്‍ നിന്നു കര്‍ട്ടണിലേക്കു തെറിച്ച വെള്ളതുള്ളികള്‍ കൂടിച്ചേറ്ന്നു ഒന്നായി മനോഹരമായി താഴേക്കു ഒഴുകിയിറങ്ങുന്നതു അനഘ കണ്ടു. ഒന്നു കരഞ്ഞു തീര്‍ക്കാന്‍ പോലും ഒന്നും അവശേഷിപ്പിക്കാതെ കടന്നു കളയുന്ന ദിവസങ്ങളെ പഴിച്ച് അനഘ മേല്‍ കഴുകിയിറങ്ങി.

5 comments:

വല്യമ്മായി said...

എവിടെയോ തടഞ്ഞ് നിര്‍ത്തപ്പെടും വരെ അങ്ങനെയങ്ങനെ പോവുക തന്നെ :(

ഹരീഷ് തൊടുപുഴ said...

:):)

ഋതുസഞ്ജന said...

ഇഷ്ടമായി

ജന്മസുകൃതം said...

നന്നായി ട്ടോ ഇഷ്ടപ്പെട്ടു.
ആദ്യായിട്ടാ ഇവിടെ ഇനിയും വരാം.

Manoraj said...

നല്ല ഒഴുക്കുണ്ട് എഴുത്തിന്. മുന്‍പ് ബ്ലോഗ് സുവനീറിന്റെ വര്‍ക്ക് സമയത്ത് അപ്പുമാഷോ വിശ്വപ്രഭമാഷോ മറ്റോ വഴി ഇവിടെ വന്നിരുന്നു. ഇനിയും വരാം. ആദ്യകാല ബ്ലോഗര്‍മാരൊക്കെ എഴുതുന്നത് കാണുന്നത് തന്നെ സന്തോഷമാണ്..